നിങ്ങൾക്ക് ഭാവിയിലേക്ക് ആത്മധൈര്യത്തോടെ നോക്കാൻ കഴിയുന്നതെന്തുകൊണ്ട്
അധ്യായം 2
നിങ്ങൾക്ക് ഭാവിയിലേക്ക് ആത്മധൈര്യത്തോടെ നോക്കാൻ കഴിയുന്നതെന്തുകൊണ്ട്
1-4. ഒരുവൻ വിജയിക്കുമോ ഇല്ലയോ എന്ന സംഗതിയിൽ ആത്മവിശ്വാസത്തിന് എന്തു പങ്കാണുളളത്? എന്തുകൊണ്ടാണ് അനേകം ആളുകൾക്കും ഭാവിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ ഇല്ലാത്തത്?
ഹൈജംപിൽ ഒരു ബാറിനു മുകളിലൂടെയോ അല്ലെങ്കിൽ ഒരു വേലിയ്ക്കോ മതിലിനോ മുകളിലൂടെയോ ചാടാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഉയരം വളരെ കൂടുതലല്ലാതിരിക്കുകയും നിങ്ങൾക്കതു സാധിക്കും എന്ന് ബോധ്യമുണ്ടായിരിക്കുകയും ചെയ്തപ്പോൾ നിങ്ങൾ വിജയകരമായി ആ ചാട്ടം നിർവഹിച്ചു. എന്നാൽ അത് സാദ്ധ്യമല്ല എന്നു വിചാരിച്ച് നിങ്ങൾ ഭയപ്പെട്ടപ്പോൾ ഒരുപക്ഷേ നിങ്ങൾ ചാട്ടത്തിൽ പരാജയപ്പെട്ടു, അസുഖകരമായ അനന്തരഫലങ്ങളോടെ തന്നെ.
2 അനേക കാര്യങ്ങളെ സംബന്ധിച്ചും ഇതാണ് വസ്തുത. ഉദാഹരണത്തിന് വെളളത്തിലിറങ്ങാൻ നിങ്ങൾക്ക് ഭയമാണെങ്കിൽ നിങ്ങൾ ഒരിക്കലും നീന്തു പഠിക്കയില്ല.
3 നിങ്ങളുടെ യൗവനത്തെ പരമാവധി ആസ്വദിക്കുന്നതു സംബന്ധിച്ചും അങ്ങനെ തന്നെ. ആത്മധൈര്യത്തിന് അതിൽ ഒരു വലിയ പങ്കു വഹിക്കാൻ കഴിയും. ഭാവി കൈവരുത്താനിരിക്കുന്നതു സംബന്ധിച്ച് ആത്മവിശ്വാസമില്ലാതെ നിങ്ങൾക്ക് യഥാർത്ഥത്തിൽ സന്തുഷ്ടരായിരിക്കാനോ ജീവിതപന്ഥാവിൽ നല്ല പുരോഗതി നേടാനോ കഴിയുകയില്ല. എന്നാൽ ഇന്ന് നമ്മേ ആത്മവിശ്വാസമുളളവരാക്കാൻ തക്ക എന്താണുളളത്?
4 ആത്മവിശ്വാസമില്ലാതിരിക്കാനുളള കാരണങ്ങളെപ്പററി ഏറെനേരം സംസാരിക്കാൻ നമുക്കു കഴിഞ്ഞേക്കാം. നമ്മുടെ ഈ ഗ്രഹം, ഭൂമി, ഇന്ന് കൂടുതൽ കൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, മൃഗസമ്പത്തു നശിപ്പിക്കപ്പെടുന്നു, ഭക്ഷ്യദൗർല്ലഭ്യവും മററു ഗുരുതരമായ പ്രശ്നങ്ങളുമുണ്ട്. ഭാവിയിലേക്കു നോക്കിപ്പാർത്തിരിക്കാൻ വിലപ്പെട്ടതായി എന്തെങ്കിലുമുണ്ടോ എന്ന് ഇത്തരം കാര്യങ്ങൾ നിങ്ങളെ ചിന്തിപ്പിച്ചേക്കാം. ഭൂമിയുടെ വിഭവശേഷി നശിപ്പിക്കപ്പെടുന്നതിനാൽ തങ്ങൾക്ക് ഇനി വലിയ ഭാവിയൊന്നും ഇല്ല എന്നാണ് ചില യുവജനങ്ങൾക്ക് തോന്നുന്നത്. പ്രത്യക്ഷത്തിൽ ഏതാണ്ട് അങ്ങനെതന്നെയാണ്. എന്നാൽ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കാൻ കാരണം നൽകുന്നതും ആളുകൾ സാധാരണമായി പരിഗണിക്കാതെ വിട്ടുകളയുന്നതുമായ ധാരാളം വസ്തുതകളുണ്ട്. അവയിൽ ചിലത് പരിഗണിക്കുക.
നിങ്ങളുടെ ഭൂഗോള ഭവനം
5-8. ഭൂമിയിൽ ജീവിതം സാദ്ധ്യമാക്കിത്തീർക്കുന്ന ചില ഘടകങ്ങൾ ഏതെല്ലാം? ഈ അത്ഭുതകരമായ സംവിധാനം എങ്ങനെയുണ്ടായി?
5 നമ്മുടെ ഭൂമിയെ സംബന്ധിച്ച് പലപ്പോഴും നാം ഏറെയൊന്നും ചിന്തിക്കാറില്ല. എന്നാൽ നാം ജനിച്ചു, നാം ജീവിക്കുന്ന ഈ ഭൂമി വാസ്തവത്തിൽ അത്ഭുതകരമായ ഒരു നിർമ്മിതി തന്നെയാണ്. തൊണ്ണൂററിമൂന്നു ദശലക്ഷം മൈൽ (ഏതാണ്ട് 15,00,00,000 കി. മീ.) അകലത്തിലൂടെ, കറങ്ങുന്ന ഒരു പന്തുപോലെ സൂര്യനെ ഭ്രമണം ചെയ്യുകയിൽ ഭൂമി അനേകകോടി മൈൽ ബാഹ്യാകാശത്തുകൂടി സഞ്ചരിക്കുന്നു. ഭൂമി ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായ ഒരു സ്ഥാനത്തായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? കൊളളാം, അതു സൂര്യനിൽനിന്ന് പ്ലൂട്ടോയെയോ നെപ്ററ്യൂണിനെയോ പോലുളള അകലത്തിലായിരുന്നെങ്കിൽ ജീവിതം അസാദ്ധ്യമാകുമാറ് അത് ഒരു വലിയ മഞ്ഞുകട്ടയായിരുന്നേനെ. മറിച്ച് ശുക്രനെപ്പോലെ ഇപ്പോഴത്തേതിൽ ഒരു മൂന്നിലൊന്നു ദൂരം കൂടി സൂര്യനോട് അടുത്തായിരുന്നെങ്കിൽ അതു അടുപ്പുപോലെ ചൂടുളളതായിരുന്നേനെ. നദികളും തടാകങ്ങളും തിളച്ചു മറിയുമായിരുന്നു.
6 അല്ലെങ്കിൽ ഭൂമിക്ക് സൂര്യനിൽ നിന്നുളള അകലം അനുയോജ്യമായിരുന്നാലും ഇപ്പോഴത്തെപ്പോലെ ഇരുപത്തിനാലു മണിക്കൂറിൽ ഒരു പ്രാവശ്യം അതിന്റെ അച്ചുതണ്ടിൻമേൽ കറങ്ങുന്നില്ലായിരുന്നെങ്കിലെന്ത്? ബുധനെപ്പോലെ ഒരു വർഷംകൊണ്ടുമാത്രം ഒരു കറക്കം പൂർത്തിയാക്കിയിരുന്നെങ്കിലോ? എങ്കിൽ ഭൂമിയുടെ നേർ പകുതി ഉറഞ്ഞ മഞ്ഞിനാൽ മൂടിയും മറേറ പകുതി കത്തുന്ന ചൂളപോലെയും ആയിരുന്നേനെ.
7 എന്നാൽ അതു മാത്രമല്ല. എന്തുകൊണ്ടാണ് ഭൂമിയുടെ ഭൂരിഭാഗത്തും നമുക്ക് വസന്തത്തിന്റെ ചൈതന്യവും പുഷ്പങ്ങളും വേനലിന്റെ ഊഷ്മളമായ ചൂടും വെയിലും ശരത്കാലത്തിന്റെ വരൾച്ചയും നിറക്കൊഴുപ്പും ശീതകാലത്തെ മഞ്ഞിന്റെ മനോഹാരിതയും ആസ്വദിക്കാൻ കഴിയുന്നത്? ഈ കാലാവസ്ഥാമാററം ഭൂമിയുടെ ഭ്രമണപഥത്തോടുളള ബന്ധത്തിൽ അതിന്റെ അച്ചുതണ്ട് ചെരിഞ്ഞിരിക്കുന്നതിനാലാണ് ഉണ്ടാകുന്നത്. ഭൗമോപരിതലത്തിന്റെ ഏറിയപങ്കും മമനുഷ്യന്റെ സുഖപ്രദമായ ജീവിതത്തിന് പററിയതാക്കാൻ ഈ കാലാവസ്ഥാമാററം സഹായിക്കുന്നു. കൂടാതെ ഏറിയ ഒരു പ്രദേശം മനുഷ്യനും മൃഗങ്ങൾക്കും ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതും അത് സാദ്ധ്യമാക്കിത്തീർക്കുന്നു.
8 ഈ ഗ്രഹത്തിൽ ജീവിതം സാദ്ധ്യമാക്കിത്തീർക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കുന്ന നൂറു കണക്കിന് ഘടകങ്ങൾ വേറെയുമുണ്ട്. ഇതൊക്കെയും നമ്മോട് എന്തു പറയുന്നു? നിങ്ങളോടുതന്നെ ചോദിക്കുക: ഈ അത്ഭുതകരമായ രീതിയിൽ കാര്യങ്ങൾ സംയോജിച്ച് ഉളവായത് എങ്ങനെ? തീർച്ചയായും നമ്മുടെ ഗ്രഹമായ ഭൂമിയ്ക്ക് ഒരു രൂപസംവിധായകൻ ഉണ്ടായിരുന്നുവെന്ന് നാം സമ്മതിച്ചേ മതിയാവു. അതെ, ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മനുഷ്യൻ ആസൂത്രണം ചെയ്തു നിർമ്മിച്ച ഏതൊരു ശൂന്യാകാശപേടകത്തിലേതിനേക്കാളും സങ്കീർണ്ണമാണ്. ഈ സംവിധാനങ്ങൾക്ക് പിന്നിലുളള ചിന്തയും പ്രവർത്തനവും മറെറാന്നുംകൂടി നമ്മോടു പറയുന്നു. ഭൂമിയുടെ സംവിധായകന് അതിലെ നിവാസികളുടെ ജീവിതം ഉല്ലാസകരവും ആനന്ദപ്രദവുമാക്കിത്തീർക്കുന്നതിൽ തീർച്ചയായും താൽപര്യമുണ്ടായിരുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു.
9-12. ഭൂമിക്ക് വളരെയധികം നാശം വരുത്തപ്പെട്ടിട്ടുണ്ടെങ്കിലും, പൂർവ്വസ്ഥിതിയെ പ്രാപിക്കാനുളള അതിന്റെ പ്രാപ്തിക്ക് എന്തു ദൃഷ്ടാന്തമുണ്ട്?
9 വാസ്തവത്തിൽ ഇന്ന് വളരെയധികം ആളുകൾ ഗൗരവാവഹമായ രീതിയിൽ മലിനീകരണത്താലും ദുർവിനിയോഗത്താലും ഭൂമിയെ നശിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ ആ സ്ഥിതിക്ക് മാററം വരുത്താൻ കഴിയും. വരുത്തിയ നാശം നീക്കം ചെയ്യാനും സാധിക്കും.
10 ഉദാഹരണത്തിന് ക്രാക്കറേറാവ എന്ന പസഫിക് ദ്വീപിൽ സംഭവിച്ചത് പരിചിന്തിക്കുക. ഭീമമായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിൽ അതു നിശ്ശേഷം നശിച്ചു. ആ സംഭവത്തിന് തൊട്ടു പിന്നാലെ നിങ്ങൾ അവിടം സന്ദർശിച്ചിരുന്നെങ്കിൽ ദ്വീപു മുഴുവൻ വെന്തു വെണ്ണീറായിക്കിടക്കുന്നതു കാണുമായിരുന്നു. മനുഷ്യരും മൃഗങ്ങളും ചെടികളും ഒന്നും ജീവനോടെ ശേഷിച്ചില്ല. എന്നാൽ പിന്നീട് എന്തു സംഭവിച്ചു?
11 ആരുടെയും സഹായം കൂടാതെതന്നെ ആ ദ്വീപ് പൂർവ്വസ്ഥിതി വീണ്ടെടുക്കാനാരംഭിച്ചു. മൂന്നു വർഷത്തിനകം ഇരുപത്തിയാറ് ഇനം ചെടികൾ അവിടെ വീണ്ടും തഴച്ചു വളരാൻ തുടങ്ങി. താമസിയാതെ തെങ്ങും കാട്ടുകരിമ്പും മരവാഴയും ചുവടുപിടിച്ചു. സ്ഫോടനത്തിന് ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം കഴിഞ്ഞപ്പോൾ 263 വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട മൃഗങ്ങൾ അവിടെ കാണപ്പെട്ടു. സ്ഫോടനത്താലുണ്ടായ നാശം അപ്രത്യക്ഷമായി. ദ്വീപിന്റെ പൂന്തോട്ടസമാനമായ അവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു.
12 ക്രാക്കറേറാവ പൂർവ്വസ്ഥിതിയെ പ്രാപിച്ച അത്ഭുതകരമായ ആ രീതി ഭൂവ്യാപകമായി ആവർത്തിക്കപ്പെടാവുന്നതാണ്. ഈ പുസ്തകത്തിൽ നാം പിന്നാലെ കാണാനിരിക്കുന്നതുപോലെ അങ്ങനെ സംഭവിക്കുമെന്നു വിശ്വസിക്കാൻ നല്ല കാരണവുമുണ്ട്.
വിസ്മയാവഹമായ ഭക്ഷ്യോല്പാദനശാല
13-17. ഭൂമിയിൽ നിന്ന് എങ്ങനെയാണ് ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്നത്? (സങ്കീർത്തനം 104:14) ഭൂമി ഉല്പാദിപ്പിക്കുന്ന വിവിധതരം ഭക്ഷണസാധനങ്ങൾ എപ്രകാരമാണ് ഒരുവന്റെ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്നത്? അതുകൊണ്ട് ഇതിന്റെയെല്ലാം രൂപസംവിധായകൻ നമുക്കു വേണ്ടി ഏതുതരം ജീവിതമാണ് ഉദ്ദേശിച്ചിരിക്കുന്നത്? (യെശയ്യാവ് 25:6; സങ്കീർത്തനം 67:6)
13 അടുത്തതായി നിങ്ങൾ ഭക്ഷണത്തിനിരിക്കുമ്പോൾ അല്പനേരം ഇതേപ്പററി ചിന്തിക്കുക; നിങ്ങൾ കഴിക്കുന്നത് വെളുത്ത ചോറോ ഉരുളക്കിഴങ്ങോ ആയാലും തവിട്ടുനിറമുളള ഗോതമ്പോ പയറോ ആയാലും മഞ്ഞനിറമുളള ധാന്യമോ വെളളരിക്കയോ ആയാലും കറുപ്പോ ചുവപ്പോ നിറത്തിലുളള പഴവർഗ്ഗങ്ങളായാലും അവയെല്ലാം പച്ച ഇലകളുളള ചെടികളിൽ നിന്നാണ് ലഭിക്കുന്നത്. എന്തുകൊണ്ട്? ഫോട്ടോസിന്തസിസ് അഥവാ പ്രഭാകലനം എന്നറിയപ്പെടുന്ന വിസ്മയാവഹമായ പ്രക്രിയയാൽ തന്നെ. a
14 അത്തരം ചെടികൾക്കെല്ലാം അവയുടെ ഇലകളിൽ ഹരിതകം എന്നു വിളിക്കപ്പെടുന്ന പച്ചനിറമുളള ഒരു പദാർത്ഥം ഉണ്ട്. സൂര്യപ്രകാശം ഇലകളിൽ പതിക്കുമ്പോൾ ഹരിതകം സങ്കീർണ്ണമായ രാസപരിണാമങ്ങൾക്ക് ഇടയാക്കുന്ന പ്രവർത്തനം ആരംഭിക്കുന്നു. ചെടിയിലെ കോശങ്ങളിൽ വെളളവും (ചെടികൾ വായുവിൽ നിന്നു സ്വീകരിക്കുന്ന) കാർബൺഡൈഓക്സൈഡും സംയോജിപ്പിച്ച് എല്ലാ ഭക്ത്യ പദാർത്ഥങ്ങളുടെയും അടിസ്ഥാന ഘടകമായ പഞ്ചസാര ഉല്പാദിപ്പിക്കപ്പെടുന്നു. ഈ പഞ്ചസാര ഉപയോഗിച്ച് പച്ച സസ്യങ്ങൾ കൂടുതൽ സങ്കീർണ്ണങ്ങളായ ധാന്യകം, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ എന്നിവ നിർമ്മിക്കുന്നു. പ്രഭാകലനത്തിന്റെ ഫലമായി ഉണ്ടാകുന്ന അത്യത്ഭുതകരമായ ഭക്ഷ്യനിർമ്മാണത്തെക്കുറിച്ച് സസ്യ ശാസ്ത്രജ്ഞനായ ഫ്രിററ്സ് ഡബ്ളിയു. വെൻറ് പറയുന്നു:
“നിർമ്മാണത്തിന്റെ അളവ് കണക്കിലെടുത്താൽ അതു മമനുഷ്യന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തീർത്തും നിസ്സാരമായി തോന്നാനിടയാക്കുന്നു. ആണ്ടുതോറും, ലോകത്തൊട്ടാകെയുളള ഉരുക്കുനിർമ്മാണശാലകൾ 350 ദശലക്ഷം ടൺ ഉരുക്കും സിമൻറ് ഫാക്ടറികൾ 325 ദശലക്ഷം ടൺ സിമൻറും ഉല്പാദിപ്പിക്കുന്നു. ലോകത്തെമ്പാടുമുളള പച്ചസസ്യങ്ങളാകട്ടെ ഓരോ വർഷവും 1,50,000 ദശലക്ഷം ടൺ പഞ്ചസാര ഉല്പാദിപ്പിക്കുന്നു.”
15 പ്രഭാകലനത്താൽ എന്തു സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞൻമാർക്കറിയാം. എന്നാൽ അത് എങ്ങനെ സംഭവിക്കുന്നു എന്ന് അവർക്ക് ഇന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ശാസ്ത്രലേഖകൻ പറയുംപ്രകാരം ഗവേഷകർ പലപ്പോഴും ഈ പ്രക്രിയയെ “ഇരുണ്ടപേടകം” എന്ന് വിളിക്കാറുണ്ട്. എന്തുകൊണ്ട്? “കാരണം അതിനുളളിലേക്കു എന്തു പോകുന്നു എന്നും പുറത്തേക്കു എന്തുവരുന്നു എന്നും അവർക്കറിയാം, എന്നാൽ അകത്ത് എന്തു നടക്കുന്നു എന്നു നിശ്ചയമില്ല. മനുഷ്യർക്ക് ഇത്രയേറെ രാസപരീക്ഷണശാലകൾ ഉണ്ടായിട്ടും ഈ അത്ഭുതകരമായ പ്രക്രിയ പകർത്താൻ കഴിയുന്നില്ല.
16 ഭൂമി ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വമ്പിച്ച വൈവിദ്ധ്യം ഏതാണ്ടതുപോലെതന്നെ അത്ഭുതാവഹമാണ്. നിങ്ങൾക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനം, ഉദാഹരണത്തിന് ഞാവൽപഴം, ഇഷ്ടമാണെന്നിരിക്കട്ടെ. എന്നാൽ എല്ലാററിനും—ഉരുളക്കിഴങ്ങിനും ചോറിനും റൊട്ടിക്കും ആപ്പിളിനും ഓറഞ്ചിനും—ഞാവൽപഴത്തിന്റെ രുചിയാണെങ്കിലോ? അതിന്റെ രുചി പെട്ടെന്നു തന്നെ നിങ്ങളെ മടുപ്പിക്കും, അല്ലേ? എന്നാൽ ഭൂമിയിലെ ഭക്ഷ്യോല്പാദനശാല നിർമ്മിക്കുന്ന വ്യത്യസ്തതരം പഴങ്ങൾക്കും പച്ചക്കറികൾക്കും ധാന്യങ്ങൾക്കും അണ്ടിപ്പരിപ്പുകൾക്കും കായ്കൾക്കും നമ്മുടെ രസമുകുളങ്ങൾക്ക് ആസ്വാദ്യകരമായ ആയിരക്കണക്കിന് വ്യത്യസ്തതരം സ്വാദാണുളളത്.
17 വീണ്ടും ഇതൊക്കെ എന്താണ് നമ്മോടു പറയുന്നത്? ഈ അത്ഭുതകരമായ ഭക്ഷ്യനിർമ്മാണശാല സ്ഥാപിച്ചവൻ തീർച്ചയായും ഭൂമിയിലെ നമ്മുടെ ജീവിതം ഉല്ലാസകരമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ സന്തുഷ്ടഭാവിയെ സംബന്ധിച്ചും തല്പരനാണവൻ. ഭൂമിയെ ഒരു മാതൃകാ വാസസ്ഥലമായി രൂപകല്പന ചെയ്തവൻ അതിൽ വസിക്കുന്നവർ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതിനാവശ്യമായതെല്ലാം അതിൽ കരുതിവച്ചിരിക്കുന്നു. ആ സദ്യയിൽ പങ്കു പററാനാഗ്രഹിക്കുന്നവർക്കെല്ലാം അവൻ അത് എങ്ങനെ ലഭ്യമാക്കും എന്ന് ഈ പുസ്തകത്തിൽ പിന്നാലെ നാം കാണാൻ പോവുകയാണ്.
നിങ്ങളെത്തന്നെ നിരീക്ഷിക്കുക!
18-23. നാം മൃഗങ്ങളെക്കാൾ വളരെ ശ്രേഷ്ഠരായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു എന്നതിന് എന്തു തെളിവാണു നമ്മുടെ ശരീരത്തിലുളളത്?
18 ഒടുവിൽ നിങ്ങളെപ്പററിത്തന്നെ അല്പമായി ചിന്തിക്കുക. ചിന്തിക്കുന്നതിന് തീർച്ചയായും നിങ്ങളുടെ തലച്ചോറ് ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ ചിന്ത ആരംഭിക്കുന്നത് അതേപ്പററിത്തന്നെ ആയാലെന്താ? സ്വാഭാവികമായും നിങ്ങൾക്ക് നിങ്ങളുടെ തലച്ചോറ് കാണാൻ കഴിയുകയില്ല. എന്നാൽ അത് എന്തുപോലിരിക്കുന്നു എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? പൂർണ്ണവളർച്ചയെത്തുമ്പോൾ മമനുഷ്യന്റെ തലച്ചോറ് ഇളം ചുവപ്പും ചാരനിറവും ചേർന്ന വലിപ്പമേറിയ ഒരു കപ്പലണ്ടി പോലിരിക്കും. അതിന് 3 റാത്തലിലും (1.3 കി.ഗ്രാം) കുറഞ്ഞ ഭാരമേയുളളു. എന്നാൽ എത്ര അപാരമായ കഴിവുകളാണ് അതിൽ നിറച്ചിരിക്കുന്നത്! ന്യൂയോർക്ക് ടൈംസിലെ ഒരു ശാസ്ത്രറിപ്പോർട്ട് പറയുന്നു:
“മസ്തിഷ്കത്തിന്റെ ഘടന . . . അത്രമേൽ സങ്കീർണ്ണമായിരിക്കുന്നതിനാൽ അതിനോടുളള താരതമ്യത്തിൽ ഭീമാകാരങ്ങളായ ഇലക്ട്രോണിക് കംപ്യൂട്ടറുകൾ വെറും കുട്ടികളുടെ കളിപ്പാട്ടങ്ങളത്രെ.”
19 അതെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്നതും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതുമായ തലച്ചോറ് “പ്രപഞ്ചത്തിലെ ഏററം സങ്കീർണ്ണമായ പദാർത്ഥം” എന്നാണ് വർണ്ണിക്കപ്പെട്ടിരിക്കുന്നത്. ആകട്ടെ, ആരെങ്കിലും നിങ്ങൾക്ക് നല്ലയിനം ഒരു വാച്ചോ വിലപിടിപ്പുളള ഒരു ക്യാമറയോ ഒരു ഇലക്ട്രോണിക് കണക്കുകൂട്ടൽയന്ത്രമോ സമ്മാനിക്കുന്നു എന്നിരിക്കട്ടെ. നിങ്ങൾ തീർച്ചയായും അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അതിൽ നിന്ന് പരമാവധി പ്രയോജനം നേടാൻ ശ്രമിക്കുകയും ചെയ്യും അല്ലേ? എന്നാൽ നിങ്ങളുടെ തലച്ചോറിനെക്കുറിച്ച് അതിലും വളരെയേറെ വിലമതിപ്പ് തോന്നേണ്ടതാണ്.
20 നിങ്ങളുടെ ശരീരത്തെപ്പററിയും ചിന്തിക്കുക. വാസ്തവത്തിൽ ഒരു സിംഹത്തിന് നിങ്ങളേക്കാൾ ബലമുണ്ട്; ആന തീർച്ചയായും നിങ്ങളേക്കാൾ വലുതാണ്; ഒരു കടൽപ്പന്നിക്ക് നിങ്ങളേക്കാൾ വേഗത്തിൽ നീന്താൻ കഴിയും; ഒരു കുരങ്ങിന് കൂടുതൽ വേഗത്തിൽ പിടിച്ചുകയറാൻ കഴിയും; ഒരു കഴുകന് സ്വന്തം ചിറകുപയോഗിച്ച് പറന്നുയരാൻ കഴിയും. നിങ്ങൾക്കത് കഴിയുകയില്ല. എന്നാൽ ഈ ജന്തുക്കളിലൊന്നിലും മനുഷ്യർക്കുളള എല്ലാകഴിവുകളും സമ്മേളിക്കുന്നില്ല. സിംഹങ്ങൾക്കും ആനകൾക്കും പറക്കാൻ കഴിവില്ല; കടൽപ്പന്നിക്ക് ഒരു മരത്തിലോ പർവ്വതത്തിലോ പിടിച്ചുകയറാൻ കഴിവില്ല; കഴുകന് നീന്താനും സാദ്ധ്യമല്ല. എന്നാൽ മനുഷ്യർക്ക് അവരുടെ കണ്ടുപിടുത്തങ്ങളുടെ സഹായത്താലോ അല്ലാതെയോ ഇവയെല്ലാം ചെയ്യാൻ കഴിയും. അതെ, അതിലെല്ലാമുപരിയായി എണ്ണമററ വ്യത്യസ്ത തരം വസ്തുക്കൾ നിർമ്മിക്കാനുളള പ്രാപ്തിയിൽ മനുഷ്യർ അതുല്യർ തന്നെ!
21 ഇതിനുളള ഒരു കാരണം നിങ്ങളുടെ കരങ്ങളാണ്. ഇന്നോളം കണ്ടുപിടിക്കപ്പെട്ടിട്ടുളള യാതൊരു ഉപകരണം കൊണ്ടും, നിങ്ങൾക്ക് കൈകൊണ്ട് ചെയ്യാവുന്ന എല്ലാവേലയും ചെയ്യുക സാദ്ധ്യമല്ല. യന്ത്രനിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും ആവശ്യമായ ഭാരപ്പെട്ട ജോലികൾ മുതൽ സംഗീതോപകരണവായന, ചിത്രരചന, കെട്ടിടങ്ങളുടെ പ്ലാൻവരയ്ക്കൽ എന്നിവപോലെയുളള അതിസൂക്ഷ്മ വേലകൾ വരെ കൈകൊണ്ടു ചെയ്യാൻ കഴിയുന്നു.
22 വാസ്തവത്തിൽ നിങ്ങളുടെ ശരീരത്തെ ഇത്രമാത്രം അത്ഭുതകരമാക്കിത്തീർക്കുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണ് നിങ്ങളുടെ കരങ്ങൾ. ഡോക്ടർമാരോടൊത്തു പ്രവർത്തിക്കുന്ന ഒരു എഞ്ചിനിയറായ ഡോ. ഡബ്ളിയു. ഡബ്ളിയു. ഏക്കേർസ് മാനുഷ ശരീരത്തെപ്പററി ഇപ്രകാരം പറഞ്ഞതിൽ അതിശയമില്ല:
“മാനുഷ ശരീരം സാങ്കേതിക വിദ്യയിൽ പൂർണ്ണതയുടെ പരമോന്നത ഭാവമാണ്. നിങ്ങൾക്ക് വിഭാവന ചെയ്യാൻ കഴിയുന്ന ഏതൊരു യന്ത്രത്തേക്കാളും—അത് എത്രതന്നെ പരിഷ്കൃതമായിക്കൊളളട്ടെ—മെച്ചമായ ഒന്ന് നിങ്ങളുടെ ശരീരത്തിൽ കണ്ടെത്താൻ കഴിയും.”
23 വ്യക്തമായും ഒരു വിദഗ്ദ്ധ ശില്പി മനുഷ്യർ മററു മൃഗങ്ങളെക്കാളും വളരെ ശ്രേഷ്ഠരായിരിക്കണമെന്നും ഭൂമിയിലെ ജീവിതം അവനാലാവോളം ആസ്വദിക്കണമെന്നും ആഗ്രഹിച്ചു. ഇത് നാം പ്രതിഫലദായകമായ ഒരു ഭാവി ആസ്വദിക്കുന്നതിൽ അവൻ തല്പരനാണ് എന്ന് വിശ്വസിക്കാൻ മതിയായ കാരണമാണ്.
നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുൻപോട്ടു പോകാം
24-28. ഭൂമിക്ക് ഒരു രൂപസംവിധായകനും നിർമ്മാതാവും ഉണ്ടെന്ന് വിശ്വസിക്കുന്നത് ന്യായയുക്തമായിരിക്കുന്നതെന്തുകൊണ്ട്? (റോമർ 1:20) ജീവിതത്തെ സംബന്ധിച്ച നമ്മുടെ ചോദ്യങ്ങൾക്കുളള മറുപടി അവൻ നൽകിയിരിക്കുന്നതെവിടെയാണ്? (2 തിമൊഥെയോസ് 3:16) ആത്മധൈര്യത്തോടെ ഭാവിയെ നേരിടുന്നതിന് ബൈബിൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നത്, നമ്മെ യഥാർത്ഥത്തിൽ സഹായിക്കുമോ എന്ന് നമുക്ക് എങ്ങനെ കണ്ടുപിടിക്കാം? (2 പത്രോസ് 3:13; വെളിപ്പാട് 21:1-4)
24 നാം കണ്ടിട്ടുളള ഏതൊരു ഭവനത്തിന്റെയോ കെട്ടിടത്തിന്റെയോ നിർമ്മാണത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നതിലും വളരെ കൂടുതലായ ബുദ്ധിശക്തിയുടെയും ആസൂത്രണത്തിന്റെയും തെളിവുകൾ ഭൂമിയും അതിലുളളവയും നൽകുന്നു എന്ന് നാം കണ്ടുകഴിഞ്ഞു. നിങ്ങൾക്ക് നിസ്സംശയമായും ബൈബിളിൽ കാണപ്പെടുന്ന ഈ ലളിതമായ പ്രസ്താവനയോട് യോജിക്കാൻ കഴിയും: “തീർച്ചയായും ഓരോ ഭവനവും ആരാലെങ്കിലും നിർമ്മിക്കപ്പെട്ടതാണ്.” (എബ്രായർ 3:4) നിങ്ങൾ വിശാലമായ ഒരു മരുഭൂമിയിൽ ഒരു വീടു കാണുന്നു എന്നിരിക്കട്ടെ. അതിനടുത്തെങ്ങും ആരെയും കാണുന്നുമില്ല. ആ വീടു തനിയെ ഉണ്ടായി എന്നു നിങ്ങൾ നിഗമനം ചെയ്കയില്ല, ഉവ്വോ? അതുപോലെ തന്നെ നമുക്ക് അദൃശ്യനെങ്കിലും, ഈ ഭൂമിക്കും ഒരു ആസൂത്രകനും നിർമ്മാതാവും ഉണ്ട്. നോബൽ സമ്മാനം നേടിയ മാക്സ് പ്ലാങ്ക് പറഞ്ഞു:
“പരമോന്നതമായ ബുദ്ധിശക്തിയുളള ഒരു സ്രഷ്ടാവ് ഉണ്ട് എന്നനുമാനിക്കാതെ ഈ പ്രപഞ്ചത്തിന് ഒരു വിശദീകരണവുമില്ല.”
25 നമ്മുടെ ഭവനമായ ഭൂമിയെ നിർമ്മിച്ച ആ പരമോന്നത സൃഷ്ടികർത്താവ് ആരെന്ന് ബൈബിൾ നമ്മോട് പറയുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയായ ദൈവമാണ് ആ സ്രഷ്ടാവ് എന്ന് അത് നമ്മോട് പറയുന്നു.
26 ഈ വലിയ ശില്പി തീർച്ചയായും വളരെ ശക്തനും ബുദ്ധിമാനുമാണ്. അതുപോലെതന്നെ നിങ്ങൾ ഉൾപ്പെടെ—എല്ലാവരുടെയും അത്യുത്തമ താല്പര്യങ്ങളാണ് അവന്റെ ഉളളിലുളളത് എന്നതും വ്യക്തമാണ്. മററുളളവരുടെ അറിവിൽ നിന്ന് നിങ്ങൾക്ക് പഠിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ യൗവനത്തെ പരമാവധി ആസ്വദിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് അവനിൽ നിന്ന് അതിലും വളരെയേറെ നിങ്ങൾക്ക് പഠിക്കാൻ കഴിയും.
27 അവിടെയാണ് ബൈബിൾ പ്രയോജനപ്പെടുന്നത്. ഭൂമിയേയും മുഴു മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ച സ്രഷ്ടാവിന്റെ ഉദ്ദേശ്യം അതു പ്രസ്താവിക്കുന്നു. അതു മനുഷ്യരുടെ അനേകം ചോദ്യങ്ങൾക്കുളള അവന്റെ മറുപടി നല്കുന്നു. അവരുടെ പ്രശ്നങ്ങൾ എവിടെ ഉത്ഭവിച്ചുവെന്നും എങ്ങനെ പരിഹരിക്കപ്പെടുമെന്നും അതു കാണിച്ചു തരുന്നു. ഈ ഭൂമിയെ ഇത്രയേറെ കുഴപ്പങ്ങളും അപകടങ്ങളും കൊണ്ട് നിറച്ച, ഇന്നത്തെ പരാജയമടഞ്ഞ വ്യവസ്ഥിതിയിലേക്കു ബൈബിൾ നിങ്ങളുടെ പ്രത്യാശയെ നയിക്കുന്നില്ല. മറിച്ച്, ഇതിലും ഏറെ മെച്ചപ്പെട്ട അവസ്ഥകൾ നല്കാൻ കഴിയുന്ന പുതിയ വ്യവസ്ഥിതികളിലേക്ക് അതു വിരൽ ചൂണ്ടുന്നു.
28 നിങ്ങൾ ബൈബിൾ കുറെയൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അതിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ നിങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാനും നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്കാനും കഴിയുമോ എന്ന് നിങ്ങൾ സംശയിച്ചേക്കാം. നിങ്ങൾ അതു ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നില്ലെങ്കിൽ നിങ്ങൾക്കൊരിക്കലും അതു തീർച്ചപ്പെടുത്താനാവില്ല. നിങ്ങൾ ഇപ്പോൾ വായിക്കുന്ന ഈ പുസ്തകത്തിലൂടെ ബൈബിളിന് എന്തു പറയാനുണ്ടെന്നും അതു നല്കുന്ന മറുപടികളും മാർഗ്ഗനിർദ്ദേശങ്ങളും എന്താണെന്നും നമുക്കു കാണാം. ബൈബിൾ എത്രമാത്രം ന്യായയുക്തവും വസ്തുനിഷ്ഠവുമാണെന്ന് നിങ്ങൾതന്നെ പരിശോധിച്ചറിയുക. അതെ, യഹോവയാം ദൈവത്തിന്റെ വചനത്തിന്, ബൈബിളിന്, നിങ്ങളുടെ മുമ്പിലുളള വെല്ലുവിളികളെ നേരിടാൻ നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു കാണുക. അനന്തരം ആത്മവിശ്വാസത്തോടെ സന്തുഷ്ടമായ, വിലപ്പെട്ട, ഒരു ഭാവിയെ ലക്ഷ്യമാക്കി നീങ്ങുക.
[അടിക്കുറിപ്പുകൾ]
a ഫോട്ടോ എന്നുവച്ചാൽ “പ്രകാശം” എന്നും സിന്തസിസ് എന്നുവച്ചാൽ “ലളിതമായ ഘടകങ്ങളിൽ നിന്ന് സംയുക്തങ്ങൾ നിർമ്മിക്കുക” എന്നുമാണ് അർത്ഥം.
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
ഭൂമിയുടെ സ്രഷ്ടാവിനെക്കുറിച്ചുളള അറിവ് ഭാവിയെ സംബന്ധിച്ച് ആത്മവിശ്വാസത്തിന് അടിസ്ഥാനം നൽകുന്നു