നിങ്ങൾക്ക് വീട്ടിൽ വിരസത അനുഭവപ്പെടുന്നുവോ?
അധ്യായം 9
നിങ്ങൾക്ക് വീട്ടിൽ വിരസത അനുഭവപ്പെടുന്നുവോ?
1-3. (എ) ഇന്ന് അനേകം ഭവനങ്ങളിലെയും വിരസതക്കുളള കാരണം എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? (ബി) കുടുംബവൃത്തത്തിനു വെളിയിലേക്കു നിങ്ങളുടെ താല്പര്യങ്ങൾ വളരുന്നത് അവശ്യം തെററാണോ?
രണ്ടു ഭവനങ്ങൾ കൃത്യമായി ഒരുപോലെ ആയിരിക്കുന്നില്ല. എങ്കിലും വിരസത അനുഭവപ്പെടുക എന്നത് യുവജനങ്ങൾക്കിടയിൽ ഇന്ന് സാധാരണമാണ്. കഴിഞ്ഞകാലങ്ങളിൽ അത് അത്രത്തോളം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വർഷങ്ങൾക്കുമുമ്പ്, കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കൂടുതൽ കാര്യങ്ങൾ ചെയ്തിരുന്നു. അതുകൊണ്ട് അവർ തമ്മിൽ കുറച്ചുകൂടി അടുത്തബന്ധമുണ്ടായിരുന്നു. എന്നാൽ ഇന്ന് അനേക യുവജനങ്ങളേയും സംബന്ധിച്ചിടത്തോളം “ഭവനം” ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമുളള ഒരു വീടു മാത്രമാണ്.
2 വിരസത നിങ്ങൾക്ക് എപ്പോഴെങ്കിലും ഒരു പ്രശ്നമാണോ? ആണെങ്കിൽ അതിന് നിങ്ങൾ നിങ്ങളുടെ ഭവനത്തിൽ ജീവിതം ആസ്വദിക്കുന്നതിനെ വളരെയേറെ തടസ്സപ്പെടുത്താൻ കഴിയും. ഒരുപക്ഷേ, ചിലപ്പോൾ വീടു വിട്ടുപോയി നിങ്ങളുടേതായ, രസകരമായ ഒരു ജീവിതം കണ്ടെത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
3 ഒരർത്ഥത്തിൽ യൗവനത്തിലെ ഒരു സ്വാഭാവിക വികാസമാണിത്. നിങ്ങൾ വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ കാഴ്ചപ്പാടും വികസിക്കുന്നു. നിങ്ങളുടെ ജിജ്ഞാസ വർദ്ധിക്കുന്നു. പുതിയ കാര്യങ്ങൾ പരിശോധിക്കുന്നതിന് പരീക്ഷണങ്ങൾ നടത്തുന്നതിന് നിങ്ങൾ തല്പരരാണ്. എന്നാൽ ചോദ്യമിതാണ്, നിങ്ങളുടെ വികസിത വീക്ഷണങ്ങൾ നിങ്ങൾ എപ്രകാരമാണ് പ്രകടിപ്പിക്കുക? അതു നിങ്ങൾക്ക് ഭവനത്തിലെ ജീവിതം വിരസമാക്കുകയും മാതാപിതാക്കളുടെ നിർദ്ദേശങ്ങളും നിയന്ത്രണവും നിങ്ങളെ മടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടോ? മിക്കപ്പോഴും വിരസതയുടെ യഥാർത്ഥ കാരണമെന്താണ്? അതിനുളള പരിഹാരമെന്താണ്?
മനോഭാവത്തിന് വ്യത്യാസമുളവാക്കാൻ കഴിയും
4-6. (എ) ഒരുവന് വിരസത അനുഭവപ്പെടുന്നോ ഇല്ലയോ എന്ന കാര്യത്തിൽ അവന്റെ മനോഭാവം എങ്ങനെയാണ് വലിയ ഒരളവുവരെ ഒരു നിർണ്ണായക ഘടകമായിരിക്കുന്നത്? (ബി) നിങ്ങളുടെ കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ വ്യക്തിപരമായി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? (ഫിലിപ്യർ 2:3, 4)
4 വാസ്തവമായും, സമാധാനവും സംതൃപ്തിയും ലഭിക്കുന്നത് പ്രയാസമാക്കിത്തീർക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ചില ഭവനങ്ങളിലുണ്ട്. എന്നാൽ മിക്കപ്പോഴും നിങ്ങളുടെ ഭവനത്തിലെ ജീവിതം ആസ്വാദ്യകരമോ വിരസമോ ആയി നിങ്ങൾക്ക് അനുഭവപ്പെടാനിടയാക്കുന്നത് നിങ്ങളുടെതന്നെ മനോഭാവമാണ്. അതെന്തുകൊണ്ടാണ്? കാരണം ചില യുവജനങ്ങൾക്ക് ജീവിതം ആസ്വദിക്കാൻ കഴിയുന്ന അതേ സാഹചര്യത്തിൽ തന്നെ മററു ചിലർക്ക് വിരസത അനുഭവപ്പെടുന്നു. ചിലർക്ക് തങ്ങളുടെ ഭവന ജീവിതത്തെ സംബന്ധിച്ച് മെച്ചപ്പെട്ട മനോഭാവം ഉണ്ടെന്നുളളതാണ് വ്യത്യാസം. അതുകൊണ്ട് വിരസതയെയും മററ് അനേക പ്രശ്നങ്ങളെയും നേരിടുന്നത് അത്തരം കാര്യങ്ങളോടുളള നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്ന ഒരു സംഗതിയാണ്.
5 എന്തുകൊണ്ട് ഈ തരത്തിൽ അതിനെ വീക്ഷിച്ചുകൂടാ: ഓരോ കുടുംബത്തിനും അതതിന്റേതായ ഒരു വ്യക്തിത്വം ഉണ്ട്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവർത്തനഫലമായുണ്ടാകുന്നതല്ല. മറിച്ച്, കുടുംബത്തിന്റെ സംയുക്ത വ്യക്തിത്വത്തിന് ഓരോരുത്തരും സംഭാവന ചെയ്യുന്നു. നിങ്ങളുടെ കുടുംബം ഏതുതരത്തിലുളളതാണ്? നിങ്ങളുടെ ഭവനം ഊഷ്മളമായ, ഉൻമേഷപ്രദമായ ഒരു സ്ഥലമാണോ? നിങ്ങൾ കുടുംബത്തിലെ മററംഗങ്ങളോടുളള സഹവാസം ആസ്വദിക്കാറുണ്ടോ? ഭക്ഷണ സമയങ്ങളിൽ രസകരമായ സംഭാഷണമുണ്ടോ? ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതിലും അന്യോന്യം സേവനം ചെയ്യുന്നതിലും നിങ്ങൾ സന്തോഷം കണ്ടെത്താറുണ്ടോ? അതോ മററുളളവരിൽ ഒട്ടും തന്നെ താല്പര്യമില്ലാതെ ഓരോരുത്തർ അവരവരുടെ വഴിക്കുപോകുന്നുവോ? ഇതിൽ എങ്ങനെയായിരിക്കുന്നതാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്?
6 കാര്യങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ ആയിരിക്കാത്തപ്പോൾ മററുളളവരെ കുററപ്പെടുത്തുക എളുപ്പമാണ്. എന്നാൽ പരാതിപ്പെടുന്നതിനു മുമ്പ്, ആദ്യം തന്നെ എന്തുകൊണ്ട് ഇങ്ങനെ ചോദിച്ചുകൂടാ: “കുടുംബത്തിന്റെ വ്യക്തിത്വത്തിനും അതിലെ അന്തരീക്ഷത്തിനും ഞാൻ എന്തു സംഭാവന ചെയ്യുന്നുണ്ട്? കാര്യങ്ങളെ മെച്ചപ്പെടുത്താൻ ഞാൻ എത്രമാത്രം ശ്രമം ചെലുത്തുന്നുണ്ട്?” ഒരു കപ്പൽ കൊടുങ്കാററിൽപ്പെട്ട് അപകടാവസ്ഥയിലായിരിക്കുമ്പോൾ നാവികരിലൊരുവൻ പരാതി പറഞ്ഞുകൊണ്ട് ഒരു മൂലയിൽ ഇരുന്നാൽ അത് കാര്യമായ ഒരു സഹായമായിരിക്കയില്ല. എല്ലാവരും കപ്പലിന്റെ “മേൽത്തട്ടിൽ ഒന്നിച്ചുകൂടി” ആർത്തിരമ്പുന്ന കടലിലൂടെ കപ്പലിനെ അതിന്റെ ലക്ഷ്യസ്ഥാനത്തേയ്ക്കു തന്നെ നയിക്കാൻ കഠിനശ്രമം ചെയ്യേണ്ട ഘട്ടമാണത്.
7-9. നാം ചെയ്യേണ്ടതായ ഏതെങ്കിലും ജോലിയിൽ തോന്നിയേക്കാവുന്ന വിരസതയെ നേരിടാൻ എന്തിന് നമ്മെ സഹായിക്കാൻ കഴിയും?
7 വിരസതയെപ്പററി പരാതിപ്പെടുന്ന യുവജനങ്ങൾ മിക്കപ്പോഴും അവർക്ക് നിർവ്വഹിക്കാൻ നൽകപ്പെടുന്ന കാര്യങ്ങളുടെ മൂല്യം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. ഭവനത്തിലോ സ്കൂളിലോ ജോലിസ്ഥലത്തോ നിങ്ങൾക്ക് എന്തു നിയമനങ്ങൾ ലഭിച്ചാലും അതു നിങ്ങളുടെയും മററുളളവരുടെയും ജീവിതത്തെ ഇപ്പോഴും ഭാവിയിലും എങ്ങനെ ബാധിക്കുന്നു എന്നു കാണാൻ ശ്രമിക്കുക. നിങ്ങൾക്കങ്ങനെ ചെയ്യാമെങ്കിൽ ആ ജോലികൾ ഒരു ലക്ഷ്യബോധത്തോടെ ചെയ്യാൻ കഴിയും. ജീവിതം ആസ്വദിക്കുന്നതും വിരസത അനുഭവപ്പെടുന്നതും തമ്മിലുളള വ്യത്യാസം അതിലാണടങ്ങിയിരിക്കുന്നത്.
8 വിരസമായി നിങ്ങൾക്കനുഭവപ്പെടുന്ന ജോലികൾ തന്നെ യഥാർത്ഥത്തിൽ നിങ്ങളുടെ ഭാവിവിജയത്തിൽ ഏററം വലിയ പങ്കുവഹിക്കുന്ന ഗുണങ്ങളും ശീലങ്ങളും നിങ്ങളിൽ വളർത്തിയേക്കാം. ഉദാഹരണത്തിന്: നിങ്ങൾ ഒരു യുവാവാണെങ്കിൽ നിങ്ങൾ എന്നെങ്കിലും ഒരു വിമാനത്തിന്റെ മാതൃക നിർമ്മിച്ചിട്ടുണ്ടോ? ആദ്യം നിങ്ങൾ അനേകം ഭാഗങ്ങൾ ചേർത്ത് അതിന്റെ ചട്ടക്കൂട് നിർമ്മിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം ആ ചട്ടം പൊതിയുന്നു. പണി പൂർത്തിയായിക്കഴിയുമ്പോൾ ആ ചട്ടക്കൂട് കാണപ്പെടുകപോലുമില്ല. എന്നാൽ അതു നൽകിയ ശക്തിയും രൂപവും ഇല്ലാഞ്ഞാൽ വിമാനം ഉപയോഗശൂന്യമായിരിക്കും. അല്ല, നിങ്ങൾ ഒരു യുവതിയാണെങ്കിൽ നിങ്ങൾ എന്നെങ്കിലും ഒരു വസ്ത്രം നിർമ്മിച്ചിട്ടുണ്ടോ? അതു പൂർത്തിയായപ്പോൾ അതിലെ തുന്നലുകൾ പുറമേ കാണാനില്ലായിരുന്നിരിക്കാം. എന്നാൽ ഒളിഞ്ഞിരിക്കുന്ന ആ തുന്നലുകളില്ലാതെ വസ്ത്രമുണ്ടായിരിക്കുമായിരുന്നില്ല.
9 സ്കൂളിൽവച്ചോ വീട്ടിൽ ചെയ്യുന്നതായ കാര്യങ്ങളിൽ നിന്നോ പഠിക്കുന്ന അനേകം കാര്യങ്ങളും അങ്ങനെതന്നെയാണ്. അവയെല്ലാം നിങ്ങളുടെ ഭാവി വിജയത്തിന് അടിത്തറപാകാൻ സഹായിക്കുന്ന വിപുലമായ ഒരു പദ്ധതിയുടെ ഭാഗമാണ്. ലളിതവും വിരസവുമായ ജോലികൾ അല്ലെങ്കിൽ അനുദിനചര്യകൾ ആവർത്തിച്ചുപോലും ചെയ്യുന്നതിനാൽ നിങ്ങൾക്ക് സഹിഷ്ണുതയും നിശ്ചയദാർഢ്യവും ആത്മബലവും സമ്പാദിക്കാൻ കഴിയും.
അന്തഃശക്തിയും വിശാല താല്പര്യങ്ങളും
10-12. (എ) “ചെയ്യാൻ ഒന്നും ഇല്ല” എന്ന് ഒരു വ്യക്തി പറയുമ്പോൾ അയാളുടെ സംഗതിയിൽ സാധാരണയായി എന്തിന്റെ അഭാവമാണുളളത്? (ബി) ആ അഭാവത്തിനു കാരണമാക്കുന്നത് ഏതുതരം വിനോദങ്ങളാണ്?
10 ഒഴിവു സമയങ്ങളിൽ മിക്കപ്പോഴും കേൾക്കാറുളള പരാതിയാണ്, “ഓ ഒന്നും ചെയ്യാനില്ല.” മിക്കപ്പോഴും വിലപ്പെട്ടതും രസാവഹവുമായ കാര്യങ്ങൾ ചെയ്യാനില്ലാത്തതല്ല മറിച്ച് അതിനുളള ഉൾപ്രേരണയുടെയും ഭാവനയുടെയും ചിന്തയുടെയും അഭാവമാണ് പ്രശ്നം. അല്ലെങ്കിൽ നമുക്കു താല്പര്യമുളള കാര്യങ്ങളുടെ മണ്ഡലം വളരെ ഇടുങ്ങിയതാണ് എന്നാണ് ഈ പരാതി തെളിയിക്കുന്നത്.
11 ഇന്നത്തെ വ്യവസ്ഥിതി അന്തഃശക്തിയെ പ്രോത്സാഹിപ്പിക്കാൻ ഏറെയൊന്നും ചെയ്യുന്നില്ല, പ്രത്യേകിച്ചും സ്വന്തം ഭവനത്തിൽ. ഇന്ന് യുവജനങ്ങൾപോലും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്നതിനുപകരം വെറും കാഴ്ചക്കാരായിരിക്കാനാണ് പരിചയിച്ചിരിക്കുന്നത്. സിനിമകളും ടെലിവിഷൻ പരിപാടികളും വീക്ഷിച്ചും റിക്കാർഡു ചെയ്ത സംഗീതം ശ്രവിച്ചും അല്ലെങ്കിൽ മററാരെങ്കിലും മത്സരക്കളികളിൽ ഏർപ്പെടുന്നതു നോക്കിയിരുന്നും ആണോ നിങ്ങൾ ഭവനത്തിൽ അധിക സമയവും ചെലവഴിക്കുന്നത്?
12 നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യുന്നതിനേക്കാളും ചെയ്യാൻ പഠിക്കുന്നതിനേക്കാളും വളരെ എളുപ്പമാണിത്. എന്നാൽ കാലക്രമത്തിൽ അതും വിരസതയ്ക്ക് ഇടയാക്കുന്നു. വിനോദത്തിനുവേണ്ടി നിങ്ങൾ മററുളളവരെ വളരെയേറെ ആശ്രയിക്കേണ്ടിവരുന്നു. ജീവിതം രസകരമാക്കാൻ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിവില്ലാതാകുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാൽ പക്വത പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷൻമാർക്ക് അതു മതിയാകുന്നില്ല.
13, 14. നിങ്ങളുടെ ഭാഗത്ത് അന്തഃശക്തിയോ പങ്കുപററലോ ആവശ്യമായിരിക്കുന്നതും നിങ്ങൾ ആസ്വദിക്കുന്നതുമായ ചില പ്രവർത്തനങ്ങൾ ഏവ?
13 നിങ്ങളുടെ താല്പര്യങ്ങളുടെ മണ്ഡലം എത്ര വിശാലമാണ്? നമുക്കു ചെയ്യാവുന്ന വിലപ്പെട്ട കാര്യങ്ങളുടെയും നമുക്കു ഗവേഷണം നടത്താവുന്ന വിജ്ഞാനമണ്ഡലങ്ങളുടെയും പട്ടിക ഏതാണ്ട് അപരിമിതമാണ്. വായനയ്ക്ക് ടെലിവിഷൻ വീക്ഷിക്കുന്നതിനുവേണ്ടതിനേക്കാൾ കൂടുതൽ ശ്രമം ആവശ്യമാണ്. എന്നാൽ അതുകൊണ്ട് വളരെ കൂടിയ പ്രയോജനവും ലഭിക്കുന്നു. ഇന്ന് പുസ്തകങ്ങളിൽ പ്രതിപാദിക്കപ്പെടാത്തതായി യാതൊരു പ്രവർത്തന മണ്ഡലവും വൈദഗ്ദ്ധ്യവും തൊഴിലും സ്ഥലവും ജനതയും മൃഗവും ഒന്നും തന്നെയില്ല. നിങ്ങൾ എത്ര കൂടുതലായി വായിക്കുന്നുവോ അത്രകണ്ട് വായന നിങ്ങൾക്ക് കൂടുതൽ ആസ്വാദ്യകരമായിത്തീരുന്നു; അറിവ് ഉൾക്കൊളളാനുളള നിങ്ങളുടെ പ്രാപ്തി വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ വെറുതെ ‘സമയം കൊല്ലാൻ’ വേണ്ടിയുളള വായന മതിയായിരിക്കുന്നില്ല. നിങ്ങൾക്ക് വിലപ്പെട്ടതായിരിക്കാവുന്നത് എന്ത് എന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. അപ്പോൾ നിങ്ങൾക്ക് ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വായിക്കാൻ കഴിയും. അതിന് കാര്യങ്ങൾ നിർവ്വഹിക്കാൻ നിങ്ങളെ സജ്ജരാക്കിക്കൊണ്ട് ഇപ്പോൾ തന്നെയും ഭാവിയിലും നിങ്ങളുടെ ജീവിതത്തെ ധന്യമാക്കാൻ കഴിയും.
14 തീർച്ചയായും ചിലർ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളായിരിക്കയില്ല മററു ചിലർ ഇഷ്ടപ്പെടുന്നത്. ചിലർക്ക് തടികൊണ്ടും ലോഹങ്ങൾകൊണ്ടും സാധനങ്ങൾ നിർമ്മിക്കുന്നത് ഇഷ്ടമാണെങ്കിൽ മററുചിലർക്ക് ഒരു ക്യാമറകൊണ്ട് നല്ലനല്ല ചിത്രങ്ങൾ എടുക്കുന്നതോ ഒരു തോട്ടം വച്ചുപിടിപ്പിക്കുന്നതോ ആയിരിക്കാം കൂടുതൽ ഇഷ്ടം. ചില പെൺകുട്ടികൾക്ക് പാചകമോ പലഹാരങ്ങളുണ്ടാക്കുന്നതോ ഇഷ്ടമാണെങ്കിൽ മററു ചിലർക്ക് തയ്യലോ കേശാലങ്കാരമോ ആയിരിക്കാം താല്പര്യം. സ്വന്തം ഭവനത്തിലോ മററുളളിടത്തോ പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതും മെച്ചപ്പെട്ട നിലയിൽ അതു ചെയ്യാനുളള വൈദഗ്ദ്ധ്യം സമ്പാദിക്കുന്നതും സംതൃപ്തി കൈവരുത്തുകയും ജീവിതം രസകരമാക്കിത്തീർക്കുകയും ചെയ്യും.
15-18. (എ) ഒരുവൻ മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നത് ഒരു പതിവാക്കുന്നുവെങ്കിൽ അതു അയാളുടെ തന്നെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്? (പ്രവൃത്തികൾ 20:35) (ബി) ഒരു ക്രിസ്തീയ യുവാവിനോ യുവതിയ്ക്കോ മററുളളവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏററവും വിലപ്പെട്ട കാര്യങ്ങളിൽ ഒന്ന് എന്താണ്? (മത്തായി 24:14; 1 തിമൊഥെയോസ് 4:16) (സി) വിലപ്പെട്ട ഏതു പരിശ്രമത്തിലും തുടർന്നു നിലനിൽക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
15 നിങ്ങളുടെ സ്വന്തം താല്പര്യപ്രകാരം എന്തെങ്കിലും ചെയ്യാനുളള ആവേശം തോന്നാത്തപ്പോൾ മററാർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യരുതോ? ഇതു സ്വന്തം ഭവനത്തിൽതന്നെ ആരംഭിക്കാവുന്നതാണ്. നിങ്ങൾക്കു വേണ്ടിത്തന്നെയാണെങ്കിൽ ചെയ്യാൻ നിങ്ങൾക്കു താല്പര്യം തോന്നാത്ത ചില ജോലികൾ മറെറാരാൾക്ക്—ഒരു കുടുംബാംഗത്തിനോ ഒരു സുഹൃത്തിനോ പ്രത്യേകിച്ചു സഹായമാവശ്യമായിരിക്കുന്ന ഒരാൾക്കോ—വേണ്ടി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ രസകരമായിരിക്കാൻ കഴിയും. അതു അങ്ങേയററം സംതൃപ്തിദായകമാണ്. അതിനുളള അവസരങ്ങൾക്കോ അവസാനമില്ല. നിങ്ങളോട് മററുളളവർ എന്തെങ്കിലും ആവശ്യപ്പെടാൻ വേണ്ടി കാത്തിരിക്കാതെ മററുളളവർ പ്രതീക്ഷിക്കാത്ത സേവനങ്ങൾ നിങ്ങൾ ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന ആശ്ചര്യംതന്നെ നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും. അതൊന്നു പരീക്ഷിച്ചു നോക്കുക.
16 മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്കു പ്രയോജനം അനുഭവിക്കാവുന്ന മറെറാരു മാർഗ്ഗം ഇതാണ്. ഒരു നൂതനക്രമത്തെ സംബന്ധിച്ചുളള ദൈവത്തിന്റെ വാഗ്ദാനത്തിൽ യഥാർത്ഥമായും പുളകം കൊളളുന്ന യുവജനങ്ങൾ ആ സുവാർത്ത മററുളളവരുമായി പങ്കുവയ്ക്കുന്നത് അവരുടെ ജീവിതത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കുന്നു എന്ന് കണ്ടെത്തുന്നു. സത്യത്തിനുവേണ്ടി വിശപ്പനുഭവിക്കുന്നവരെ കണ്ടെത്തുന്നതും അവരെ സഹായിക്കാൻ കഴിയുന്നതും വളരെ പ്രതിഫലദായകമാണ്. ബഹുഭൂരിപക്ഷം ആളുകളും സത്യം തളളിക്കളയുന്നവരാണ് എന്ന വസ്തുത ഈ പ്രവർത്തനത്തിന്റെ ഉത്തേജകമായ ഫലത്തെ മന്ദീഭവിപ്പിക്കുന്നില്ല. മറിച്ച്, അത് ഈ പ്രവർത്തനത്തെ കൂടുതലായ ഒരു വെല്ലുവിളിയാക്കിത്തീർക്കുന്നു. എന്നാൽ അതിനും സഹിഷ്ണുതയും വിശ്വാസവും ആവശ്യമാണ്. ഇവ വിരസതയെ കീഴടക്കുന്നതിനുളള മുഖ്യ ഘടകങ്ങളാണ്.
17 ദൈവത്തെ സേവിക്കുന്നവരോട് ദൈവസേവനത്തെപ്പററി അപ്പോസ്തലനായ പൗലോസ് പറയുന്നു: “നൻമ ചെയ്കയിൽ നാം മടുത്തു പോകരുത്: തളർന്നു പോകാഞ്ഞാൽ തക്കസമയത്ത് നാം കൊയ്യും.” (ഗലാത്യർ 6:9) അപ്രകാരം തന്നെ ഏതെങ്കിലും ഉദ്ദേശ്യത്തിന് ഉതകുന്നതോ മൂല്യമുളളതോ ആയ പ്രാപ്തികൾ വളർത്തിയെടുക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ നിങ്ങളുടെ പ്രയത്നത്തിന്റെ ഫലം നിങ്ങൾക്കു കൊയ്യാൻ കഴിയുന്നതുവരെ ആ പരിശ്രമം തുടരേണ്ടതുണ്ട്.
18 ക്രമേണ നിങ്ങൾക്കു വളർത്തിയെടുക്കാവുന്ന മററു പ്രാപ്തികളിലേക്കും കൂടി നിങ്ങളുടെ അന്വേഷണം വിശാലമാക്കാൻ കഴിയും. തല്ഫലമായി നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട, മററുളളവർക്കു കൂടുതൽ താല്പര്യം തോന്നുന്ന, വിലപ്പെട്ട, ഒരു വ്യക്തിയായിത്തീരുന്നു. നിങ്ങളുടെ മാതാപിതാക്കളും മററു കുടുംബാംഗങ്ങളും നിങ്ങൾ അവരോടൊപ്പം ഉണ്ടായിരിക്കുന്നതിൽ സന്തുഷ്ടരായിരിക്കും. വീട്ടിൽ വിരസത അനുഭവപ്പെടുന്നതിൽനിന്ന് നിങ്ങൾ വിമുക്തരുമായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[68-ാം പേജിലെ ചിത്രം]
കടലിൽ കൊടുങ്കാററുളളപ്പോൾ അതു പൂർണ്ണമായ സഹകരണം ആവശ്യമാക്കിത്തീർക്കുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾ ഉളളപ്പോൾ ശാന്തമായ വഴിക്ക് അതിനെ തിരിച്ചു വിടാൻ നിങ്ങൾ സഹായിക്കുന്നുണ്ടോ?