നിങ്ങൾ തെരഞ്ഞെടുക്കുന്ന സംഗീതവും നൃത്തവും
അധ്യായം 17
നിങ്ങൾ തെരഞ്ഞെടുക്കുന്ന സംഗീതവും നൃത്തവും
1-3. (എ) സ്രഷ്ടാവ് നമ്മുടെ ചുററുപാടും സംഗീതം ഏർപ്പെടുത്തിയിരിക്കുന്നു എന്നത് സത്യമായിരിക്കുന്നതെപ്രകാരമാണ്? (ബി) നൃത്തത്തെ സംബന്ധിച്ച് ബൈബിൾ അംഗീകാരത്തോടെ സംസാരിക്കുന്നു എന്നതിന് ഉദാഹരണങ്ങൾ നൽകുക.
മനുഷ്യന്റെ സ്രഷ്ടാവ് മനുഷ്യന്റെ ചുററുപാടും സംഗീതവും സൃഷ്ടിച്ചിരിക്കുന്നു. പക്ഷികളുടെ കണ്ഠങ്ങളിൽ നിന്ന് നിർഗ്ഗളിക്കുന്ന സ്വച്ഛമായ സ്വരങ്ങൾ മാത്രമല്ല അരുവികളുടെ കളകളാരവവും കാററിലുലയുന്ന മരങ്ങളുടെ മർമ്മര ശബ്ദവും ചീവീടുകളുടെയും മാക്രികളുടെയും കരച്ചിലും ഭൂമിയിലെ മററനേകം ജന്തുക്കളുടെ സ്വരങ്ങളും സംഗീതാത്മകമാണ്. അപ്പോൾ സംഗീതോപകരണങ്ങളുടെ വികസിപ്പിച്ചെടുക്കൽ മാനുഷ ചരിത്രത്തിന്റെ ആരംഭത്തോളംതന്നെ പുരാതനമാണ് എന്നതിൽ അതിശയമില്ല.
2 നൃത്തത്തിനും പുരാതനമായ ഒരു ചരിത്രമാണുളളത്. ഇസ്രായേലിൽ മോശെയുടെ സഹോദരിയായ മിര്യാം “തപ്പുകളോടുകൂടിയ നൃത്തത്തിൽ” സ്ത്രീകളെ നയിച്ചു. കൂടാതെ ദുഷ്ടരായ ശത്രുക്കളെ കീഴ്പ്പെടുത്താൻ ദൈവം ദാവീദിനെ സഹായിച്ചശേഷം “യിസ്രായേല്യ പട്ടണങ്ങളിൽ നിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തും കൊണ്ട് എതിരേററു ചെന്നു.” ധൂർത്ത പുത്രനെ സംബന്ധിച്ചുളള തന്റെ ഉപമയിൽ ഉചിതമായ ആഘോഷത്തിന്റെ ഭാഗമായി നൃത്തത്തെ പരാമർശിച്ചതിനാൽ യേശു അതിനെ അംഗീകരിച്ചിരുന്നു എന്നത് വ്യക്തമാണ്. ധൂർത്തപുത്രൻ മടങ്ങിയെത്തിയപ്പോൾ “വാദ്യവും നൃത്തഘോഷവും” ഏർപ്പെടുത്തിയതായി യേശു പറഞ്ഞു. ചില നൃത്തങ്ങൾ വ്യക്തികളും മററു ചിലത് പുരുഷൻമാരുടെയോ സ്ത്രീകളുടെയോ സംഘങ്ങളും നടത്തിയിരുന്നതായി ബൈബിൾ വ്യക്തമാക്കുന്നു.—പുറപ്പാട് 15:20; 1 ശമുവേൽ 18:6; ലൂക്കോസ് 15:25.
3 എല്ലാ സംഗീതവും നൃത്തവും അവശ്യം നല്ലതാണ് എന്നാണോ അതിന്റെ അർത്ഥം? അതോ നിങ്ങൾ കേൾക്കുന്ന സംഗീതവും നിങ്ങൾ പങ്കുചേരുന്ന നൃത്തവും സംബന്ധിച്ച് നിങ്ങൾ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ? ഇതു തീരുമാനിക്കാൻ എന്തിന് നമ്മെ സഹായിക്കാൻ കഴിയും? അതു എത്രമാത്രം പ്രധാനമാണ്?
നൃത്തം സംബന്ധിച്ച തെരഞ്ഞെടുപ്പ്
4-6. (എ) ചിലതരം നൃത്തങ്ങളെ ക്രിസ്ത്യാനികൾക്ക് അസ്വീകാര്യമാക്കിയേക്കാവുന്നതെന്ത്? (കൊലോസ്യർ 3:5, 6) (ബി) ചില ആധുനിക നൃത്തങ്ങളെ പുരാതന ഉർവര നൃത്തങ്ങളോട് സാമ്യപ്പെടുത്തിയിട്ടുളളതെന്തുകൊണ്ട്?
4 സുഭഗമായ വാൾട്ട്സ് മുതൽ സജീവമായ പോൾക്കാവരെ നൃത്തങ്ങൾ അനേകം വ്യത്യസ്ത ഇനങ്ങളുണ്ട്. ലാററിൻ അമേരിക്കക്കാരുടേതായ കൊൺഗാസ്, റംബാസ്, സംബാസ്, കൂടാതെ മെരെൻഗ്വെസ്, ബെഗ്വീനെസ്, ബോസാ നോവാസ് ഇങ്ങനെ പലതും. ഇവയിൽ പലതിനും ഒരു ആഫ്രിക്കൻ പശ്ചാത്തലമാണുളളത്. കൂടാതെ റോക്ൻറോളും അതുപോലുളള ആധുനിക നൃത്തങ്ങളുമുണ്ട്. ഇവയിൽ ചിലതിനോട് നിങ്ങൾക്ക് എതിർപ്പ് തോന്നാൻ മതിയായ കാരണങ്ങളുണ്ടോ?
5 ഇത്തരം നൃത്തങ്ങൾ ലൈംഗികമായി നിങ്ങളെ ഉണർത്തുകയും ലൈംഗിക ദുഷ്പ്രവൃത്തിയിൽ ഏർപ്പെടാൻ പ്രലോഭിപ്പിക്കുകയുമാണെങ്കിൽ അതു മതിയായ കാരണമാണ്. അതു നിങ്ങൾക്ക് അനേകം പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
6 പുരാതന കാലത്തെ ഉർവ്വരതാ നൃത്തങ്ങൾ ആളുകളെ ലൈംഗികമായി ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുളളവയായിരുന്നു. ചില ആധുനിക നൃത്തങ്ങൾ അവയെ അനുസ്മരിപ്പിക്കുന്നവയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ടൈം മാസിക ഇപ്രകാരം പ്രസ്താവിച്ചു:
“ററ്വിസ്ററ് ആദ്യമൊക്കെ നിർദ്ദോഷകരമായ ഒരു നൃത്തമായിരുന്നു . . . എന്നാൽ [ഒരു ന്യൂയോർക്ക് നിശാ ക്ലബ്ബിലെ] യുവജനങ്ങൾ ഏതോ പുരാതന കാട്ടുജാതിക്കാരുടെ താരുണ്യാരംഭ ചടങ്ങുകളെ അനുകരിച്ച് അതിന്റെ ഒരു പകർപ്പായി ററ്വിസ്ററിനെ പുനർജീവിപ്പിച്ചിരിക്കുന്നു.”
7-10. (എ) ഒരു വ്യക്തി അത്തരം നൃത്തങ്ങളിൽ പങ്കുപററുന്നെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും മററുളളവർ ആ വ്യക്തിയിലേക്ക് ആകർഷിക്കപ്പെടുന്നത്? ആ അടിസ്ഥാനത്തിൽ എതിർലിംഗവർഗ്ഗത്തിൽപ്പെട്ടവരെ ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? (ബി) സംഘനൃത്തങ്ങളിൽപോലും ജാഗ്രത ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
7 ഈ അടുത്ത കാലത്തെ പല നൃത്തങ്ങളും ററ്വിസ്ററ് നൃത്തത്തിന്റെ രൂപഭേദങ്ങളാണ്. നൃത്തം ചെയ്യുന്നവർ തമ്മിൽ കൂട്ടിമുട്ടുന്നില്ല, എന്നാൽ അരക്കെട്ടും തോളുകളും ലൈംഗിക സൂചനയോടെ ചുഴലം ചെയ്യുന്നു. ഇപ്രകാരം ശരീരം ചുഴററുന്നത് വീക്ഷിക്കുന്ന യുവപ്രായക്കാരുടെ വികാരങ്ങൾ എളുപ്പത്തിൽ ഉണർത്തപ്പെടുന്നു. നൃത്ത ചലനങ്ങളിൽ ലയിക്കുന്ന ഒരു പെൺകുട്ടി അതേപ്പററി ചിന്തിക്കുന്നതേയില്ലായിരിക്കാം. എന്നാൽ അതിന് കാഴ്ചക്കാരുടെ മേലുളള ഫലത്തെയോ തന്നെപ്പററി അവർ എന്തുവിചാരിക്കും എന്നുളളതിനെയോ അവൾ അവഗണിക്കരുത്. ന്യൂയോർക്ക് ടൈംസ് മാസികയുടെ എഡിററർക്കുളള ഈ കത്തു അഭിപ്രായപ്പെടുന്നപ്രകാരംതന്നെ: “ററ്വിസ്ററ് നടത്തുന്ന ചെറുപ്പക്കാരുടെ ശരീരങ്ങൾ (അത്ര ചെറുപ്പക്കാരുടേതല്ല) തെററിദ്ധരിപ്പിക്കുകയാണെന്ന്, പുറമെ അവരുടെ അരക്കെട്ടും മാറിടവും പെരുമാറുന്നതുപോലെ അവരുടെ മനസ്സ് പെരുമാറുന്നില്ലെന്ന്, നമുക്കു പ്രത്യാശിക്കാം.”
8 നിങ്ങൾക്ക് തെററായ ആന്തരമൊന്നുമില്ലായിരിക്കാമെങ്കിലും അത്തരം നൃത്തങ്ങളിൽ പങ്കെടുക്കുന്നുവെങ്കിൽ മററു യുവജനങ്ങൾക്ക് നിങ്ങൾ ഏതുതരത്തിൽ ആകർഷരായിരിക്കുന്നു എന്ന് പരിഗണിക്കുന്നത് ബുദ്ധിപൂർവ്വകമായിരിക്കും. ഉദാഹരണത്തിന് ഇറുകിയ വസ്ത്രം ധരിക്കുകയും ഇടുപ്പ് ചുഴററുകയും മററുതരത്തിലുളള കാമചേഷ്ടകൾ കാട്ടുകയും ചെയ്യുന്നവരിൽ നിന്ന് ലഭിക്കുന്നതരം ലൈംഗികമായ ഉത്തേജനം നിങ്ങളിൽനിന്ന് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ അവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്? ആ അടിസ്ഥാനത്തിൽ ആരെയെങ്കിലും ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അതോ നിങ്ങൾ ഏതുതരം വ്യക്തിയായിരിക്കുന്നുവോ അതിന്റെ പേരിൽ നിങ്ങളെ ഇഷ്ടപ്പെടുന്നവരെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ ജീവിതത്തിൽ പ്രധാനമെന്ന് കരുതുന്ന കാര്യങ്ങളുടെ പേരിൽ, നിങ്ങളുടെ സംസാരത്തിന്റെ പേരിൽ? നിങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയാണോ അതോ നിങ്ങളിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവരെയാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?
9 ചുവടുവയ്പ്പിനും സുന്ദരമായ ശരീരചലനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന സംഘനൃത്തങ്ങൾപോലും പങ്കാളികൾ മുട്ടിയുരുമ്മാൻ തക്കവണ്ണം പരസ്പരം കൈകോർത്തു പിടിക്കുന്നതിനാൽ ലൈംഗികമായി ഉണർത്തുന്നവയാകാം. അത്തരം നൃത്തങ്ങളിൽ പങ്കുപററുന്നെങ്കിൽ ഏതെങ്കിലും ശാരീരികാനുഭൂതി ഉണ്ടാകാൻ തക്ക അടുപ്പമുളളതായി നിങ്ങൾക്കനുഭവപ്പെടുന്നില്ലെങ്കിൽ കൂടി നിങ്ങളുടെ പങ്കാളി അനുചിതമായി ഉത്തേജിപ്പിക്കപ്പെട്ടേക്കാം എന്നുളള സാദ്ധ്യതയെ പരിഗണനാപൂർവ്വം തിരിച്ചറിയുക.
10 മിക്ക നൃത്തങ്ങളും ഉചിതമെന്നോ അനുചിതമെന്നോ തരംതിരിക്കാൻ സാദ്ധ്യമല്ല എന്നത് സത്യംതന്നെ. ഇവയിൽ അനേകവും ഉചിതവും മാന്യവുമായ രീതിയിലോ ശുദ്ധവും ആരോഗ്യാവഹവുമായി പെരുമാറാനുളള ദൈവവചനത്തിലെ ബുദ്ധിയുപദേശത്തിന് വിപരീതമായോ നിർവ്വഹിക്കപ്പെട്ടേക്കാം.
സംഗീതത്തിന്റെ തെരഞ്ഞെടുപ്പ്
11, 12. സംഗീതം അതിന്റെ ശക്തി പ്രയോഗിക്കുന്നതെങ്ങനെ? ഉദാഹരണങ്ങൾ നൽകുക.
11 നൃത്തത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ നിങ്ങൾ ശ്രവിക്കുന്ന സംഗീതം തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധയും ചിന്തയും ആവശ്യമാണ്. എന്തുകൊണ്ട്? കാരണം സംഗീതത്തിന് ശക്തിയുണ്ട്. മറേറതൊരു ശക്തിയെയുംപോലെ അതു ഗുണത്തിനോ ദോഷത്തിനോ ഉപകരിച്ചേക്കാം.
12 സംഗീതത്തിന്റെ ശക്തി എവിടെ നിന്ന് വരുന്നു? ആളുകളിൽ ഒരു പ്രത്യേക വികാരമോ മാനസികാവസ്ഥയോ ആവേശമോ ജനിപ്പിക്കുന്നതിനുളള അതിന്റെ പ്രാപ്തിയിൽനിന്ന്. സംഗീതത്തിന് അയവുവരുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും അല്ലെങ്കിൽ ഉൻമേഷം പകരുന്നതിനും ഉത്തേജിപ്പിക്കുന്നതിനും കഴിയും. ഊർജ്ജസ്വലമായ ഒരു പ്രയാണ ഗീതവും മൃദുലവികാരങ്ങളുണർത്തുന്ന ഒരു പ്രേമഗീതവും തമ്മിലുളള വ്യത്യാസം നിങ്ങൾക്ക് “അനുഭവിച്ചറിയാൻ” കഴിയും. സ്നേഹം, സഹതാപം, ബഹുമാനം, സങ്കടം, ദേഷ്യം, വൈരാഗ്യം, കാമം എന്നിങ്ങനെ എല്ലാ മാനുഷ വികാരങ്ങളെയുംതന്നെ ഉണർത്താൻ സംഗീതത്തിനു കഴിയും. ചരിത്രത്തിലുടനീളം സംഗീതത്തിന്റെ ഈ പ്രാപ്തി മനുഷ്യർ തിരിച്ചറിഞ്ഞ് ചില വിധങ്ങളിൽ ആളുകളെ സ്വാധീനിക്കാൻ അതുപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഫ്രഞ്ച് വിപ്ലവത്തിന്റെ വിജയം ഭാഗികമായിട്ടെങ്കിലും “ആയുധമെടുക്കാനുളള രക്തം ഉറയ്ക്കുന്ന വിളി” എന്ന് ഒരു എഴുത്തുകാരൻ വിശേഷിപ്പിച്ച ലാ മാർസെൽസ് എന്ന ഗീതത്തെ ആശ്രയിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്കൂളുകളിൽ പലപ്പോഴും കായിക മത്സരങ്ങൾക്കു മുമ്പായി അവരുടെ “പോർഗീതങ്ങൾ” ഉപയോഗിക്കപ്പെടുന്നു.
13-16. (എ) സദൃശവാക്യങ്ങൾ 4:23-ലെ ബുദ്ധിയുപദേശം ഒരുവൻ സംഗീതം തെരഞ്ഞെടുക്കുന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) സംഗീതം ചിലപ്പോൾ നീണ്ടുനിൽക്കുന്ന ദുഷ്ഫലങ്ങളോടെ ഒരു “രാസത്വരക”മായിരിക്കാവുന്നതെങ്ങനെ?
13 ബൈബിളിൽ ഹൃദയത്തെ വികാരങ്ങളോടും പ്രേരണയോടും അടുത്തു ബന്ധപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ദൈവവചനം ബുദ്ധിയുപദേശിക്കുന്നു: “സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്.” (സദൃശവാക്യങ്ങൾ 4:23) സംഗീതത്തിന് വികാരങ്ങളുടെ മേലുളള ശക്തി ഒരു വസ്തുതയാകയാൽ ഹൃദയത്തെ സൂക്ഷിക്കുന്നതിൽ സംഗീതം തെരഞ്ഞെടുക്കുന്നതിന് വിവേചന ഉപയോഗിക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു.
14 ഉത്തേജിപ്പിക്കാനുളള സംഗീതത്തിന്റെ ശക്തി താൽക്കാലികമാണെന്നതു സത്യംതന്നെ. എന്നാൽ നമ്മെ ഒരു പ്രത്യേക ദിശയിലേക്കു തളളിവിടുന്നതിനോ ഏതെങ്കിലും ആകർഷണത്തിനോ പ്രലോഭനത്തിനോ എതിരെയുളള ചെറുത്തുനിൽപ്പ് കുറയ്ക്കുന്നതിനോ ആവശ്യമായത്ര സമയത്തേക്ക് അതു നീണ്ടു നിൽക്കുന്നു. നിങ്ങൾ സ്കൂളിൽ രസതന്ത്രം പഠിച്ചുവെങ്കിൽ നിങ്ങൾ “രാസത്വരക”ത്തെപ്പററി പഠിച്ചിട്ടുണ്ട്. രണ്ടോ അതിലധികമോ രാസവസ്തുക്കളുടെ സംയോജനം സാധിക്കുന്നതിന് ഫലത്തിൽ അവയെ കൂട്ടിവരുത്തുന്ന മറേറതെങ്കിലും ഒരു ഘടകം ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ട്. ആ ഘടകം ഒരു “രാസത്വരക”മാണ്. നമുക്കെല്ലാം ചില ബലഹീനതകളും തെററായ ചായ്വുകളുമുണ്ട്. അതുകൊണ്ട് തെററായ ചില കാര്യങ്ങൾ ചെയ്യാനുളള പ്രലോഭനം നമുക്കനുഭവപ്പെടുന്നു. തെററായ ഒരു സംഗതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു എന്നു വിചാരിക്കുക. പിന്നീട് നിങ്ങൾക്ക് കഠിനമായ ഖേദം ഉണ്ടാകത്തക്ക ഫലം ഉളവാക്കാൻ തക്കവണ്ണം സാഹചര്യത്തെയും ആഗ്രഹത്തെയും സംയോജിപ്പിക്കുന്ന ഒരു “രാസത്വരക”മായിരിക്കാൻ സംഗീതത്തിനു കഴിയും. അശ്ളീല സാഹിത്യം സംബന്ധിച്ച് ഗവേഷണം നടത്തിയ ഒരു ഗവൺമെൻറ് കമ്മീഷനിലെ ഒരംഗം തന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ പറഞ്ഞു:
15 “സംഗീതം സ്നേഹവും താൽപര്യവും ഉണർത്താൻ തക്കവണ്ണം ഒരു പെൺകുട്ടിയുടെ വികാരങ്ങളെ ബാധിക്കുന്നു. പലപ്പോഴും അതു പ്രേമത്തിന്റെ രാസത്വരകമായി പ്രവർത്തിക്കുകയും അതുവഴി ഒരു തരുണിയിൽ ലൈംഗിക ഉദ്ദീപനത്തിന് പ്രേരകമായിത്തീരുകയും ചെയ്യുന്നു. . . . സംഗീതം ഈ വികാരത്തെ പുറത്തുകൊണ്ടുവരുന്നു.”
16 അതെ, സംഗീതം നൽകുന്ന ഉത്തേജനം താല്ക്കാലികമാണെങ്കിലും നീണ്ടുനിൽക്കുന്ന ഒരു ഗതിയിലേക്കു അല്ലെങ്കിൽ ജീവിതമാർഗ്ഗത്തിലേക്കു നിങ്ങളെ തളളിവിടുന്നതിന് അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന ഫലങ്ങൾ ഉല്പാദിപ്പിക്കുന്നതിന് മതിയായതായിരിക്കാം. അതുകൊണ്ട് സംഗീതം ഉൾപ്പെട്ടിരിക്കുന്നിടത്ത് വിവേചന ഉപയോഗിക്കുന്നത് വിലപ്പെട്ട സംഗതിയായിരിക്കില്ലേ?
തീരുമാനമെടുക്കൽ
17, 18. സംഗീതം ശ്രവിക്കുന്നതിനാൽ അതു നല്ലതാണോ ചീത്തയാണോ എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതെങ്ങനെ?
17 ഏതുതരം സംഗീതമാണ് നല്ലത്, ഏതാണ് ചീത്ത എന്ന് പെട്ടെന്ന് തിരിച്ചറിയിക്കുന്ന ഒരു ലിസ്ററ് നൽകാൻ വാസ്തവത്തിൽ ആർക്കുംതന്നെ കഴിയുകയില്ല. കാരണം പ്രായോഗികമായി വിവിധയിനം സംഗീതത്തിലും “മുഴുവനായും നല്ലത്” അല്ലെങ്കിൽ “മുഴുവനായും ചീത്ത” എന്ന് മുദ്രയടിക്കാവുന്നതായി ഒരിനവുമില്ല. വ്യക്തിഗതമായി സംഗീതത്തിന്റെ മൂല്യനിർണ്ണയം ചെയ്യാൻ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ നാം ഇതുവരെ പരിചിന്തിച്ചതുപോലുളള തത്വങ്ങളാൽ നിങ്ങൾ നയിക്കപ്പെടുകയും വേണം. നിങ്ങളുടെ തെരഞ്ഞെടുപ്പ് നിങ്ങൾ ഏതുതരം വ്യക്തിയാണ് എന്നത് സംബന്ധിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
18 “അണ്ണാക്കു ഭക്ഷണത്തിന്റെ രുചി നോക്കുന്നതുപോലെ ചെവിതന്നെ വാക്കുകളെ പരിശോധിക്കുന്നില്ലയോ” എന്ന് ദീർഘനാൾ മുൻപ് ഇയ്യോബ് ചോദിച്ചു. (ഇയ്യോബ് 12:11) അപ്രകാരംതന്നെ നിങ്ങളുടെ ചെവിക്ക് സംഗീതത്തെ പരിശോധിക്കാൻ കഴിയും. വാക്കുകൾ കൂടാതെ തന്നെ സംഗീതം കേൾക്കുമ്പോൾ അതു ഏതുതരം മാനസികാവസ്ഥയോ ഉത്തേജനമോ ഉളവാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുളളതാണ്, ഏതുതരം പെരുമാററത്തിന് പ്രോത്സാഹനം കൊടുക്കുന്നതാണ് എന്ന് നിങ്ങൾക്കു തിരിച്ചറിയാൻ കഴിയും. മോശെ സീനായ് പർവ്വതത്തിൽ നിന്നിറങ്ങി യിസ്രായേല്യ പാളയത്തെ സമീപിച്ചപ്പോൾ കേട്ട സംഗീതത്തിന്റെ കാര്യത്തിൽ ഇതു വാസ്തവമായിരുന്നു. അദ്ദേഹം യോശുവായോട് പറഞ്ഞപ്രകാരം: “ജയിച്ചാർക്കുന്നവരുടെ ഘോഷമല്ല [വിജയാഘോഷം] തോററു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല [വിലാപം] മററുതരത്തിലുളള ഗാനമാണു ഞാൻ കേൾക്കുന്നത്.” ആ ഗാനം വാസ്തവത്തിൽ അനിയന്ത്രിതമായ, വിഗ്രഹാരാധനാപരമായ അധാർമ്മിക പ്രവൃത്തിയെ പ്രതിഫലിപ്പിച്ചു.—പുറപ്പാട് 32:15-19, 25.
19-22. (എ) ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവർ എന്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്? (ബി) ചിലയിനം ജാസ്സ്, റോക്ക് സംഗീതത്തിന്റെ ഫലങ്ങളെ സംബന്ധിച്ച എന്തു വസ്തുതകൾ ചിന്താപൂർവ്വകമായ പരിഗണന അർഹിക്കുന്നു?
19 കുറച്ചുകൂടി ആധുനികമായ ഉദാഹരണങ്ങൾ പരിചിന്തിക്കുക. ശാസ്ത്രീയ സംഗീതത്തിന് അന്തസ്സുററ, ഗാംഭീര്യമുളള സ്വരമാണുളളത്. അതിൽ മിക്കവയ്ക്കും മനുഷ്യന്റെ ചിന്തമേൽ ഒരു ഉൽകൃഷ്ടമായ ഫലമാണുളളതെങ്കിലും ചിലത് ജീവിതത്തിന്റെ അധമവും സ്വാർത്ഥപരവുമായ വശങ്ങളെ മഹത്വീകരിക്കുന്നു. പല ശാസ്ത്രീയ സംഗീതജ്ഞൻമാരും അധാർമ്മികവും യാതൊരു നിയന്ത്രണവുമില്ലാത്തതുമായ ജീവിതം നയിച്ചവരാണ് എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. അവർ മിക്കപ്പോഴും “ജീവിതത്തിലെ നല്ല കാര്യങ്ങൾ” വിലമതിച്ച ശ്രോതാക്കൾക്കുവേണ്ടി സംഗീത രചന നടത്തിയെങ്കിലും വാക്കുകളിലൂടെയോ അല്ലാതെ തന്നെയോ അവരുടെ വികലമായ ചിന്തയും വികാരങ്ങളും അവരുടെ സംഗീതത്തിൽ കടന്നു കൂടുന്നത് ഒഴിവാക്കാൻ അവർക്ക് മിക്കവാറും കഴിയുമായിരുന്നില്ല. അതുകൊണ്ട് നാം നമ്മുടെ മനസ്സുകളുടെയും ഹൃദയങ്ങളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ “ശാസ്ത്രീയ സംഗീതം” എന്നു വിളിക്കപ്പെടുന്നതുപോലും പൂർണ്ണമായി സ്വീകരിക്കാൻ വയ്യ.
20 സംഗീതനിരയിൽ ശാസ്ത്രീയ സംഗീതത്തിൽ നിന്ന് അങ്ങേയററം അകന്നു നാം കാണുന്നത് ഗതിവേഗം കൂടിയ ജാസ്സും റോക്കും സംഗീതങ്ങളാണ്. അവയിൽപോലും ചിലതു ശ്രുതിമധുരവും മിതത്വമുളളതുമാണെന്ന് നാം കണ്ടേക്കാം. എന്നാൽ ചിലത് അനിയന്ത്രിതവും അരോചകവുമാണ്. അതുകൊണ്ടാണ് സംഗീതജ്ഞർ ജാസ്സ്, റോക്ക് സംഗീതങ്ങളെ “മൃദുവായത്” “ചൂടുളളത്” “കഠിനമായത്” “പുളിച്ചത്” എന്നൊക്കൊ തരം തിരിച്ചിരിക്കുന്നത്. ഒരു പ്രത്യേകതരം സംഗീതം ഏതുതരം പെരുമാററത്തിനാണ് പ്രോത്സാഹനം കൊടുക്കുന്നത് എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയണം. നിങ്ങളുടെ കാതും മനസ്സും ഹൃദയവും അതു നിങ്ങളോട് പറയും. ചിലതരം സംഗീതത്തിന്റെ വാക്കുകളും രാഗവും ചില പ്രത്യേകതരം പെരുമാററവുമായും ചില പ്രത്യേകതരം ആളുകളുമായും അവയെ ബന്ധപ്പെടുത്തിക്കാണാൻ ആളുകൾക്ക് കഴിയത്തക്കവണ്ണം അത്ര വ്യക്തമാണ്. ഉദാഹരണമായി ബൈബിൾ “മദ്യപൻമാരുടെ പാട്ടിനെ”പ്പററിയും “വേശ്യയുടെ പാട്ടിനെ”പ്പററിയും സംസാരിക്കുന്നു. (സങ്കീർത്തനം 69:12; യെശയ്യാവ് 23:15, 16) എന്നാൽ ഈ കാലത്തെ സംബന്ധിച്ചെന്ത്?
21 ഉദാഹരണമായി ഒരു സംഗീത കച്ചേരിയേയോ ആഘോഷത്തെയോ സംബന്ധിച്ച് നിങ്ങൾ പത്രത്തിൽ വായിക്കുമ്പോൾ അത് ആളുകൾ നിലവിളിക്കുന്നതിനെപ്പററിയും പെൺകുട്ടികൾക്ക് ബോധക്ഷയം ഉണ്ടാകുന്നതിനെപ്പററിയും മയക്കുമരുന്നുകളുടെ ഉപയോഗത്തെപ്പററിയും സദസ്യർ കെട്ടിടം തകർക്കാതിരിക്കാൻ വേണ്ടി പോലീസിനെ വിളിക്കേണ്ടിവന്നതിനെപ്പററിയും സംസാരിക്കുന്നുവെങ്കിൽ ആ പരിപാടിയിൽ ഏതുതരം സംഗീതം ഉൾപ്പെട്ടിരുന്നതായി നിങ്ങൾ വിചാരിക്കും? പ്രശസ്തനായ ഒരു യുവഗായകനോ സംഗീതജ്ഞനോ മയക്കുമരുന്നിന്റെ അമിതോപയോഗത്താൽ മരിച്ചതായി നിങ്ങൾ കേൾക്കുമ്പോൾ ഏതുതരം സംഗീതത്തിൽ അവർ പ്രാവീണ്യം നേടിയിരുന്നു എന്നു വേണം നിങ്ങൾ കരുതാൻ?
22 അനേകം യുവജനങ്ങളും റോക്ക് സംഗീതത്തിലേക്ക് ആകർഷിക്കപ്പെടുന്നത് അതിലെ ഗാനങ്ങൾ അവർക്കു ചുററുമുളള ലോകത്തിലെ യാഥാർത്ഥ്യങ്ങളും പ്രശ്നങ്ങളും വർണ്ണിക്കുന്നതുകൊണ്ടാണ് എന്ന് നിങ്ങൾക്കറിയാം. ഒരുപക്ഷേ ജനസമ്മതി നേടിയിട്ടുളള മറേറതുതരം സംഗീതത്തേക്കാളും അധികമായി റോക്ക് സംഗീതത്തിന് വളരുന്ന തലമുറയുടെ പ്രശ്നങ്ങൾ, തലമുറവിടവ്, മയക്കുമരുന്നുകൾ, ലൈംഗികത, പൗരാവകാശങ്ങൾ, പ്രതിഷേധം, ദാരിദ്ര്യം, യുദ്ധം എന്നിത്യാദി വിഷയങ്ങൾ സംബന്ധിച്ച് ഒരു സന്ദേശം നൽകാനുണ്ട്. സാമൂഹ്യ അനീതിക്കെതിരെ അനേകം യുവജനങ്ങൾക്കും ഉളള പ്രതിഷേധവും ഒരു മെച്ചപ്പെട്ട ലോകത്തെപ്പററിയുളള അവരുടെ ആശയങ്ങളും പ്രതിഫലിപ്പിക്കാൻ അതു ശ്രമിക്കുന്നു. എന്നാൽ മൊത്തത്തിൽ ഫലമെന്താണ്? മിക്ക യുവജനങ്ങൾക്കുംവേണ്ടി അത് എന്താണ് ചെയ്തിട്ടുളളത്? അതിന്റെ തത്വശാസ്ത്രം എന്തു പ്രശ്നപരിഹാരമാണ് കൈവരുത്തിയിട്ടുളളത്? അത്തരം സംഗീതം യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്താനുദ്ദേശിച്ചുളളതാണെങ്കിൽ എന്തുകൊണ്ടാണ് അവയിൽ മിക്കതും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്? പലതും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർക്കുമാത്രം മനസ്സിലാക്കാവുന്നതായിരിക്കുന്നത്? ഇവ പരിഗണന അർഹിക്കുന്ന ചോദ്യങ്ങളാണ്.
23-25. (എ) സംഗീതത്തോടുളള ബന്ധത്തിൽ സഭാപ്രസംഗി 7:5-ലെ ബുദ്ധിയുപദേശത്തിന്റെ ആശയമെന്താണ്? (ബി) സംഗീതവും നൃത്തവും തെരഞ്ഞെടുക്കുമ്പോൾ നാം ആരെ കണക്കിലെടുക്കേണ്ടതുണ്ട്? എന്തുകൊണ്ട്? (1 കൊരിന്ത്യർ 10:31-33; ഫിലിപ്യർ 1:9, 10) (സി) സംഗീതവും നൃത്തവും സംബന്ധിച്ച നമ്മുടെ തെരഞ്ഞെടുപ്പ് ഒരു നിസ്സാര സംഗതിയല്ലാത്തതെന്തുകൊണ്ട്?
23 അതുകൊണ്ട് നിങ്ങൾ ഏതുതരം സംഗീതം തെരഞ്ഞെടുക്കുന്നു എന്നത് ഒരു നിസ്സാരമായ സംഗതിയല്ല. വെറുതെ മററുളളവരോടൊത്ത് നീങ്ങുന്നതിനാൽ, ജനസമ്മതിയുളളതും ഭൂരിപക്ഷം ആളുകൾക്കും ആകർഷകമായതും തെരഞ്ഞെടുക്കുന്നതിനാൽ നിങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നത് മററുളളവർക്കായി വിടാൻ കഴിയും. നേരെമറിച്ച്, നിങ്ങൾക്ക് ദൈവവചനത്തിൽ കാണപ്പെടുന്ന നിലനിൽക്കുന്നതും ശ്രേഷ്ഠവുമായ ജ്ഞാനത്താൽ നയിക്കപ്പെട്ട്, സ്വയം ചിന്തിച്ച് നിങ്ങൾക്കുവേണ്ടി ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ശ്രദ്ധ കൊടുക്കാൻ കഴിയും. സഭാപ്രസംഗി 7:5 പറയുന്നു: “മൂഢന്റെ ഗീതം കേൾക്കുന്നതിനേക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.” ഇവിടെ ബൈബിൾ പ്രതിപാദിക്കുന്ന “മൗഢ്യം” ബുദ്ധിപരമായ പ്രാപ്തിക്കുറവല്ല മറിച്ച് ഒരുവന്റെ ഭാവി അപകടത്തിലാക്കുന്ന ധാർമ്മികമായ മൗഢ്യമാണ്.
24 ശരിയും സത്യവുമായതിന് വിരുദ്ധമായ വാക്കുകൾ ഉൾപ്പെട്ടതോ വന്യമായ ഭോഗസുഖസംബന്ധിയായ സ്വരങ്ങൾ ഉളളതോ ആയ സംഗീതം ശ്രവിച്ചാലും നിങ്ങൾക്ക് അതിനാൽ ബാധിക്കപ്പെടാതിരിക്കാൻ കഴിയുമെന്നു നിങ്ങൾ വിചാരിച്ചേക്കാം. നിങ്ങൾ ഉൾപ്പെടുന്ന നൃത്തങ്ങൾ സംബന്ധിച്ചും നിങ്ങൾ അങ്ങനെതന്നെ വിചാരിച്ചേക്കാം. എന്നാൽ മററുളളവരുടെമേൽ നിങ്ങൾ ഏതുതരത്തിലുളള ഒരു സ്വാധീനമാണ് ചെലുത്തുന്നത്? മററുളളവർക്ക് ഇടർച്ചവരുത്തുന്നതിനെ ഒഴിവാക്കാൻവേണ്ടി മാംസം ഭക്ഷിക്കുന്നതുപോലെയുളള ഉചിതമായ സംഗതികൾ കൂടി ഉപേക്ഷിക്കാൻ തയ്യാറായിരുന്ന പൗലോസ് അപ്പോസ്തലനെപ്പോലെയാണോ നിങ്ങൾ ചിന്തിക്കുന്നത്? നിങ്ങൾ തെരഞ്ഞെടുക്കുന്ന സംഗീതം ഏതു തരത്തിലുളള ഒരാളായിട്ടാണ് നിങ്ങളെ തിരിച്ചറിയിക്കുന്നത്?
25 അപ്പോൾ, നിങ്ങൾ ശ്രവിക്കുന്ന സംഗീതത്തിന്റെയും നിങ്ങൾ പങ്കുപററിയേക്കാവുന്ന നൃത്തത്തിന്റെയും തെരഞ്ഞെടുപ്പ്, നിങ്ങൾ വെറും “ഉല്ലാസവേള”കളിലാണോ ദൈവാംഗീകാരത്തിൽ എന്നേക്കും ഒരു നല്ല ജീവിതം നയിക്കുന്നതിലാണോ തൽപരനായിരിക്കുന്നത് എന്നു പ്രകടമാക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
[124-ാം പേജിലെ ചിത്രം]
നൃത്തത്തിനൊരു നീണ്ട ചരിത്രമുണ്ട്