മയക്കുമരുന്നുകൾ—ജീവിതാസ്വാദനത്തിന്റെ താക്കോലോ?
അധ്യായം 15
മയക്കുമരുന്നുകൾ—ജീവിതാസ്വാദനത്തിന്റെ താക്കോലോ?
1, 2. (എ) നിങ്ങൾക്കറിയാവുന്ന ആളുകൾക്കിടയിൽ മയക്കുമരുന്നുകൾ എത്രമാത്രം ഉപയോഗിക്കപ്പെടുന്നുണ്ട്? (ബി) എന്തുകൊണ്ടാണ് യുവജനങ്ങൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്?
വേദന ശമിപ്പിക്കുന്നതോ “ഉൻമേഷം നൽകുന്നതോ” ആയ ഏതെങ്കിലും മരുന്നുകൾ നിങ്ങളുടെ വീട്ടിലുണ്ടായിരിക്കാം. കാരണം ഇന്നു നമ്മിലനേകരും ഒരു മരുന്നു ബാധിത സമൂഹത്തിലാണ് ജീവിക്കുന്നത്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മരുന്നുകളുടെ വില്പന മുപ്പതു മടങ്ങിലധികം വർദ്ധിച്ചിരിക്കുന്നു. ഡോക്ടർ മിററ്ച്ചൽ എസ്സ്. റോസെൻതാൾ പറഞ്ഞത് ഐക്യനാടുകളിൽ ഈ അടുത്ത കാലത്ത് അവിടത്തെ “ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും അവരുടെ മാനസികാവസ്ഥ ഒരു മാസക്കാലത്തേക്ക് മാററാനാവശ്യമായത്ര മരുന്നുകൾ” ഒരു വർഷം കുറിച്ചു കൊടുക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അതായത് “അവരെ ‘ഉത്തേജിപ്പിക്കുന്നതോ’ ‘ശാന്തമാക്കുന്നതോ’ ഏതെങ്കിലും ‘മാനസിക പ്രശ്നത്തിൽ നിന്ന് ഒഴിച്ചു നിറുത്തുന്നതിനാവശ്യമായതോ’ ആയ മരുന്നുകൾ.”
2 ഇന്നു മിക്ക മരുന്നുകളും മുതിർന്നവരുടെ ഉപയോഗത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുളളവയാണ്. എന്നാൽ അതിൽ വലിയൊരംശം യുവജനങ്ങൾ ‘ജീവിതം ആസ്വദിക്കാൻവേണ്ടി’ ഉപയോഗിക്കുന്നു. സാധാരണ ചികിത്സയ്ക്കുപയോഗിക്കാത്ത ഹെറോയിൻ, LSD., കഞ്ചാവ് മുതലായ മയക്കുമരുന്നുകളും അവർ ഉപയോഗിക്കുന്നു. ചില യുവജനങ്ങൾ ഇപ്രകാരം ന്യായവാദം ചെയ്യാൻ ചായ്വുളളവരാണ്: “മുതിർന്നവർക്ക് ഗുളികകൾ കഴിക്കുകയും പുകയില ഉപയോഗിക്കുകയും കുടിച്ചു മത്തരാവുകയും ചെയ്യാമെങ്കിൽ ഞാൻ എന്തുകൊണ്ട് കഞ്ചാവു വലിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും ജീവിതം ആസ്വദിച്ചുകൂടാ?” നിങ്ങൾ എന്തു വിചാരിക്കുന്നു? ജീവിതം പൂർണ്ണമായ അളവിൽ ആസ്വദിക്കുന്നതിനുളള താക്കോലാണ് മയക്കുമരുന്നുകൾ എന്ന് നിങ്ങൾക്ക് തോന്നുന്നുവോ?
അനേകർ ആശ്രയിക്കുന്ന മയക്കുമരുന്നുകൾ
3-9. (എ) “അനുഭൂതികൾ”ക്കൊ രസത്തിനോ വേണ്ടി ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകൾ ഏവയാണ്? അവ ഉപയോഗിക്കുന്നവരുടെമേൽ അവയ്ക്ക് എന്തുഫലമുണ്ട്? (ബി) ഈ ഫലങ്ങൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ ആളുകൾക്കുണ്ടായിട്ടുളളതായി നിങ്ങൾക്കറിയാമോ?
3 “അനുഭൂതികൾക്കു”വേണ്ടി അല്ലെങ്കിൽ ആസ്വാദനത്തിനുവേണ്ടി ആളുകൾ ആശ്രയിക്കുന്ന മയക്കുമരുന്നുകൾ നിരവധിയാണ്. അവയെപ്പററി ഇപ്പോൾത്തന്നെ നിങ്ങൾ വളരെയധികം കേട്ടിട്ടുണ്ടായിരിക്കാം. അവയെന്തൊക്കെയാണെന്ന് പുനരവലോകനം ചെയ്യുന്നതിന് ഏതാനും നിമിഷങ്ങൾ എടുക്കുക.
4 നമ്മുടെ ഇന്ദ്രിയങ്ങളെ “മന്ദീഭവിപ്പിക്കാനുതകുന്ന” ചില മരുന്നുകളുണ്ട്. ഉറക്കം വരുത്തുന്നതിന് അത്തരം മരുന്നുകളാണ് ഉപയോഗിക്കാറ്. അവതന്നെ ഏതാണ്ട് രണ്ടുഡസൻ വ്യത്യസ്ത ഇനങ്ങളുണ്ട്. അവ അമേരിക്കൻ ഐക്യനാടുകളിൽത്തന്നെ ആണ്ടുതോറും ഏതാണ്ട് 525 ടണ്ണിലധികം (476 മെട്രിക്ടൺ) ഉല്പാദിപ്പിക്കപ്പെടുന്നു. ഇതിൽ വലിയ ഒരു പങ്ക് നിയമവിരുദ്ധമായ ഉപയോഗങ്ങളിലേക്കു തിരിച്ചുവിടപ്പെടുന്നു.
5 കൂടാതെ ഒരുവനെ ഉത്തേജിപ്പിക്കാൻ ഉതകുന്നതരം മരുന്നുകളുമുണ്ട്. അതിൽ മുഖ്യമായത് അംഫെററാമയിൻസ് ആണ്. വിശപ്പ് അടക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും മ്ലാനത മാററുന്നതിനും ചില ഡോക്ടർമാർ അവ നിർദ്ദേശിക്കുന്നു. നിയമാനുസൃതം നിർമ്മിക്കുന്ന അംഫെററാമയിൻസിൽ പകുതിയെങ്കിലും നിയമവിരുദ്ധമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നു.
6 മതിഭ്രമം വരുത്തുന്ന ഡസൻ കണക്കിന് മയക്കുമരുന്നുകളിൽ ഏററവും പ്രധാനമായത് LSD aയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അനേകം “രഹസ്യ” ലബോറട്ടറികളിൽ അതിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു. അതു ഉപയോഗിക്കുന്നവരിൽ അതു വിചിത്രമായ ചില അനുഭൂതികളുളവാക്കുന്നു. ഒരുവന്റെ കാഴ്ചക്ക് പ്രത്യേകിച്ചും മാററം വരുത്തുന്നു. LSD ഉപയോഗിച്ചു കഴിഞ്ഞാൽ മാസങ്ങൾക്കുശേഷംപോലും അത് മിഥ്യാ ദർശനമോ മതിഭ്രമമോ ഉളവാക്കിയേക്കാം. അത്തരം ചില സന്ദർഭങ്ങളിൽ ആളുകൾ ദർശനത്തിൽ കാണുന്ന കാര്യങ്ങൾ ഭീതിജനകങ്ങളായിരിക്കാം.
7 കഞ്ചാവുചെടിയിൽ നിന്ന് നിർമ്മിക്കുന്ന മരിജ്വാന ഏററവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളിലൊന്നാണ്. അതിന്റെ പുക വലിച്ചിട്ടുളള ആരെയെങ്കിലും നിങ്ങൾക്കറിയാമോ? അതു ഇന്ദ്രിയാനുഭൂതികളെ വികലമാക്കുന്നുവെങ്കിലും അതിന്റെ ഫലം LSD-യുടേതിനോളം രൂക്ഷമല്ല. മരിജ്വാന വലിക്കുമ്പോൾ ഒരുവന് അഞ്ചുമിനിററുകൾ ഒരു മണിക്കൂറായി തോന്നിയേക്കാം. ശബ്ദങ്ങളും നിറങ്ങളും കൂടുതൽ തീവ്രതരമായി അനുഭവപ്പെട്ടേക്കാം.
8 കറുപ്പുചെടിയുടെ സത്തായ മോർഫീനിൽ നിന്നാണ് ഹെറോയിൻ നിർമ്മിക്കുന്നത്. ഇതു വളരെ അപകടകാരിയായ ഒരു മയക്കുമരുന്നാണ്. ഏതാനും പ്രാവശ്യം കുത്തിവച്ചുകഴിഞ്ഞാൽ അതിനോട് ആസക്തിയുണ്ടാകുന്നു. കൂടുതലായി അതു ലഭിക്കാതെ വന്നാൽ വളരെ വിഷമം അനുഭവിക്കേണ്ടതായും വരുന്നു. ഹെറോയിനുളള ആസക്തിയുണ്ടായാൽ അത് ഒരുവന്റെ മനഃശക്തിയും പഠിക്കാനുളള പ്രാപ്തിയും നശിപ്പിക്കുന്നു. അത്തരക്കാർ തങ്ങളെത്തന്നെ സാവകാശം നശിപ്പിക്കുന്ന ഒരു സ്വഭാവത്തിന്റെ അടിമകളായിത്തീരുന്നു. ന്യൂയോർക്കിൽ നിന്നുളള ഒരു കോൺഗ്രസംഗം എഴുതി: “ഹെറോയിൻ നമ്മുടെ വിദ്യാലയ വ്യവസ്ഥിതിയുടെ പ്രവർത്തനംതന്നെ തകർത്തിരിക്കുന്നു.”
9 ജീവിതം ആസ്വദിക്കാൻ സഹായകമെന്ന് അനേകർ വിശ്വസിക്കുന്ന മററ് മയക്കുമരുന്നുകളും തീർച്ചയായും ഉണ്ട്. കൊക്കേയിൻ അതിലൊന്നാണ്. പുകയിലയിലുളള നിക്കോട്ടിൻ മറെറാന്നാണ്. നിങ്ങൾ ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കണമോ? കഴിഞ്ഞ അദ്ധ്യായത്തിൽ നാം കണ്ടുകഴിഞ്ഞതുപോലെ ഉൻമേഷദായകവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുമായ ലഹരി പാനീയങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുന്നതിനെ ബൈബിൾ കുററംവിധിക്കുന്നില്ല. എന്നാൽ ജീവിതം കൂടുതൽ സംതൃപ്തികരമാക്കിത്തീർക്കാനുളള ശ്രമത്തിൽ ഇത്തരത്തിലുളള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് ഉചിതമോ ബുദ്ധിപൂർവ്വകമോ ആണോ?
അവയ്ക്കുളള സ്ഥാനം?
10-12. (എ) ഒരുവനെ സഹായിക്കാൻവേണ്ടി ഒരു ഡോക്ടർ ഒരു മയക്കുമരുന്ന് ഉപയോഗിച്ചേക്കാവുന്നതെങ്ങനെ? (ബി) എന്നാൽ മയക്കുമരുന്നുകളുടെ ദുരുപയോഗം ആളുകൾക്ക് ഭയാനകമായ ഉപദ്രവം വരുത്തിവയ്ക്കുന്നതെങ്ങനെ?
10 മയക്കുമരുന്നുകൾക്കും അവയുടേതായ സ്ഥാനമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ അതിൽ ചിലതുപയോഗിക്കാൻ ഒരു ഡോക്ടർ നിർദ്ദേശിച്ചേക്കാം. നിങ്ങൾ അസഹനീയമായ വേദന അനുഭവിക്കുകയാണെങ്കിൽ ആശ്വാസത്തിനായി ഡോക്ടർ മോർഫിൻ കുത്തിവച്ചേക്കാം. ബാർബിററുറേയിററ്സും അംഫെററാമയിൻസും നിസ്സംശയമായും രോഗികളെ സഹായിച്ചിട്ടുണ്ട്. അതുപോലെ ഹെറോയിൻ മരണാസന്നരായ ക്യാൻസർ രോഗികളുടെ വേദന ശമിപ്പിക്കുന്നതിന് ചിലേടങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
11 എന്നാൽ, നേരേ മറിച്ച് ഈ മയക്കുമരുന്നുകൾ ദശലക്ഷക്കണക്കിനാളുകൾക്ക് ഭയങ്കരമായ ഉപദ്രവം വരുത്തിവച്ചുകൊണ്ടാണിരിക്കുന്നത്. ഐക്യനാടുകളിൽ 10 ലക്ഷത്തിലധികം ആളുകൾ ബാർബിററുറെയിററ്സിൽ ആസക്തിയുളളവരാണ് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണ്ടുതോറും 3,000-ത്തിലേറെ ആളുകൾ ഇതിന്റെ അമിതമായ ഉപയോഗത്താൽ മരണമടയുന്നു. ഹെറോയിനിലുളള ആസക്തി ദിവസേന അനേകരുടെ മരണത്തിനിടയാക്കുന്നതു കൂടാതെ അതിന്റെ അതിരുകടന്ന ഉപയോഗം പതിനായിരക്കണക്കിനാളുകളെ അപകടകരമാംവിധം അക്രമവാസനയുളളവരാക്കിത്തീർക്കുന്നു. അവരുടെ ഈ ചെലവേറിയ ശീലം നിലനിർത്താൻ ന്യൂയോർക്ക് സിററിയിൽതന്നെ ദിവസവും 30,00,000 ഡോളർ വില വരുന്ന വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നു!
12 ഇതിന്റെ അർത്ഥമെന്താണ്? മയക്കുമരുന്നുകൾ മുഴുവനായും നിരോധിക്കപ്പെടണമോ? ഇവയിൽ പലതും പ്രയോജനകരമായി ഉപയോഗിക്കാൻ കഴിയും എന്നതുകൊണ്ട് അതിന്റെ ആവശ്യമില്ല. എന്നാൽ വ്യാപകമായ തോതിലുളള അതിന്റെ ദുരുപയോഗമാണ് പ്രശ്നമായിരിക്കുന്നത്. ദശലക്ഷക്കണക്കിനാളുകൾ ചികിത്സക്കായിട്ടല്ലാതെ അവ ഉപയോഗിക്കുന്നു; പലപ്പോഴും ചികിത്സക്കായി ഉപയോഗിക്കാവുന്നതിനേക്കാൾ കൂടിയ അളവിൽതന്നെ. മിക്കപ്പോഴും ഒരു സ്വപ്നാവസ്ഥയിലായിരിക്കുന്നതിനോ ഒരുപക്ഷേ ഒരു മായാലോകത്തിൽ ചരിക്കുന്നതിനോ വേണ്ടി മാത്രം ആളുകൾ ഉപയോഗിക്കുന്നു. അത്തരം ഉപയോഗം ന്യായീകരിക്കത്തക്കതാണോ?
ശരീരത്തിൻമേലുളള ഫലം
13-17. (എ) വൈദ്യശാസ്ത്രസംബന്ധമായ കൃതികളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നപ്രകാരം എല്ലാമരുന്നുകളും വാസ്തവത്തിൽ എന്താണ്? (ബി) ചികിത്സയ്ക്കുപോലുമുളള അവയുടെ ഉപയോഗത്തിൽ അപകടസാദ്ധ്യത കണക്കിലെടുക്കേണ്ടതെന്തുകൊണ്ട്? (സി) പിൻവരുന്ന തിരുവെഴുത്തുകൾ, രസത്തിനോ “ഉത്തേജന”ത്തിനോവേണ്ടി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനോടുളള ദൈവികവീക്ഷണം പ്രകടമാക്കുന്നതെങ്ങനെയെന്ന് അപഗ്രഥിക്കുക: 2 കൊരിന്ത്യർ 7:1; റോമർ 13:13; 12:1.
13 അനേകം മരുന്നുകളും ഒരു ഡോക്ടറുടെ കുറിപ്പുംകൊണ്ട് ചെന്നാലേ കിട്ടുകയുളളുവെന്നും ചില മരുന്നുകൾ പലേരാജ്യങ്ങളിലും നിരോധിച്ചിട്ടുപോലും ഉണ്ടെന്നും നിങ്ങൾക്കറിയാമായിരിക്കും. എന്തുകൊണ്ട് എന്ന് നിങ്ങളോടുതന്നെ ചോദിക്കുക. അതു നമ്മുടെയെല്ലാം സംരക്ഷണത്തിനുവേണ്ടിയാണ്. അതെ, മയക്കുമരുന്നുകൾ അപകടമുളളവയാണ്. മരണത്തിനിടയാക്കുകപോലും ചെയ്തേക്കാം. അവ ഫലത്തിൽ രണ്ടു വശത്തും മൂർച്ചയുളള വാളുപോലെയാണ്. അവയ്ക്ക് ചിലപ്പോൾ സുഖപ്പെടുത്തുന്നതിനും ചിലപ്പോൾ ഉപദ്രവിക്കുന്നതിനും കൊല്ലുന്നതിനുപോലുമുളള കഴിവുണ്ട്. ഒരു ഫാർമക്കോളജി പ്രൊഫസ്സറും കൂടി ചേർന്നു തയ്യാറാക്കിയ “മരുന്നുകൾ” എന്ന പുസ്തകം വിശദീകരിക്കുന്നു:
14 “എല്ലാ മരുന്നും വിഷമാണ്, എല്ലാ വിഷവും മരുന്നുമാണ്. ‘പോയിസൺ’ (വിഷം) എന്നും ‘പോഷൻ’ (ഒരു നേരത്തെ മരുന്ന്) എന്നും ഉളള വാക്കുകൾ ഒരേ മൂല പദത്തിൽനിന്നായിരിക്കുന്നത് യാദൃച്ഛികമല്ല. അതുപോലെ ‘ഫാർമസി’ എന്നും ‘ഫാർമക്കോളജി’ എന്നും ഉളള ഇംഗ്ലീഷ് വാക്കുകളിലെ മൂലപദം ഗ്രീക്കിലെ ഫാർമക്കോൺ ആണ്. അത് മരുന്നിനേയും വിഷത്തേയും അർത്ഥമാക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നു.”
15 അതുകൊണ്ട് നിങ്ങൾക്ക് രോഗം വരുമ്പോൾ മരുന്നു സേവിക്കുന്നതിൽ കണക്കിലെടുക്കേണ്ട അപകടം ഉൾപ്പെടുന്നു. എന്നാൽ നിങ്ങൾ ജീവനെ വിലമതിക്കുന്നതുകൊണ്ട് വേദന ശമിപ്പിക്കുന്നതിനോ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ആ അപകടം നേരിടാൻ നിങ്ങൾ തയ്യാറാകുന്നു. എന്നാൽ ഒരു “ഉത്തേജന”ത്തിനോ യാഥാർത്ഥ്യങ്ങൾ മറക്കുന്നതിനോ ഒരു സ്വപ്നലോകത്തിലായിരിക്കുന്നതിനോ വേണ്ടി ഇത്തരത്തിലൊരു മരുന്ന് കഴിക്കുകയോ കുത്തിവയ്ക്കുകയോ വലിക്കുകയോ മണക്കുകയോ ചെയ്യുന്നത് ശരിയായിരിക്കുമോ? ദൈവദത്തവും അത്ഭുതകരവുമായ നിങ്ങളുടെ ശരീരത്തിന്റെ ഈ ഉപയോഗം സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങളോടു യോജിപ്പിലാണോ?
16 ഇതേപ്പററി ചിന്തിക്കുക. ആർക്കെങ്കിലും വളരെ വിലപ്പെട്ട ഒരു സമ്മാനം നൽകാൻ നിങ്ങൾക്കു കഴിഞ്ഞുവെന്നിരിക്കട്ടെ, ഒരു തനി പുത്തൻ മോട്ടോർകാർ തന്നെ ആയിക്കൊളളട്ടെ, അയാൾ മനഃപൂർവ്വം അതു നശിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കെന്തു തോന്നും? എഞ്ചിനിൽ എണ്ണ ഒഴിക്കാതെയും തക്ക സമയത്ത് എണ്ണ മാററാതെയും അതു ഓടിക്കുകയും ചാണകം കയററിയിറക്കാൻ അതുപയോഗിക്കുകയും ചെയ്യുന്നുവെങ്കിലോ? നിങ്ങൾ കൊടുത്ത സമ്മാനം അത്ര ബുദ്ധിശൂന്യമായി ഉപയോഗിക്കുന്നതിൽ നിങ്ങൾക്കയാളോട് ദേഷ്യവും വെറുപ്പും തോന്നും, അല്ലേ? എങ്കിൽ നാം “ഉത്തേജന”ത്തിനും “രസ”ത്തിനും വേണ്ടി അനാവശ്യമായി നമ്മുടെ അത്ഭുതകരമായ ശരീരത്തെ വിഷം കൊണ്ടു നിറച്ചാൽ യഹോവയാം ദൈവത്തിന് എന്തു തോന്നും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? നമ്മേ ഇപ്രകാരം പ്രോത്സാഹിപ്പിച്ചുകൊണ്ട് അവന്റെ വചനം അതു നമ്മെ അറിയിക്കുന്നു: “നമുക്ക് ജഡത്തിന്റെയും ആത്മാവിന്റെയും സകല മാലിന്യവും നീക്കി നമ്മേത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കാം.” (2 കൊരിന്ത്യർ 7:1) അതുകൊണ്ട് “ഉത്തേജന”ത്തിനും “രസ”ത്തിനും വേണ്ടി നമ്മുടെ ശരീരത്തെ അശുദ്ധമാക്കുന്ന മരുന്നുകൾ നാം സ്വീകരിക്കുന്നുവെങ്കിൽ നാം ദൈവോദ്ദേശ്യത്തോടുളള യോജിപ്പിൽ ജീവിക്കയായിരിക്കില്ല.
17 ഇതുംകൂടി പരിഗണിക്കുക. കുടിച്ചുമത്തരാകുന്നതിനെ സംബന്ധിച്ച് സ്രഷ്ടാവ് എന്തു ബുദ്ധിയുപദേശം നൽകിയിരിക്കുന്നുവെന്ന് നാം നേരത്തെ ചർച്ച ചെയ്തതാണ്. അമിതമായി കുടിച്ചു മത്തരാകുന്നവർ ചുററുമുളളവരെകൂടെ സംഭ്രമിപ്പിക്കുമാറ് മ്ലേച്ഛരും മൂഢരുമായി തങ്ങളെത്തന്നെ തരം താഴ്ത്തുന്നു എന്ന് അവന്റെ വചനം വ്യക്തമാക്കി കാണിക്കുന്നു. നമ്മുടെ സ്രഷ്ടാവ്, കുടിച്ചുമത്തുപിടിക്കുന്നതിനെ കുററംവിധിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് ഒരുവൻ ഹെറൊയിനോ മരിജ്വാനയോ മറെറന്തെങ്കിലും മയക്കുമരുന്നോ ഉപയോഗിച്ച് സുബോധം നഷ്ടപ്പെടുത്തുന്നുവെങ്കിൽ ദൈവത്തിന്റെ വീക്ഷണം അതിൽനിന്ന് വ്യത്യസ്തമായിരിക്കുമോ? അവയിൽനിന്നുണ്ടാകുന്ന പ്രതിപ്രവർത്തനം ലഹരിപാനീയങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നേക്കാമെങ്കിലും ലഹരി പാനീയങ്ങളാലെന്നപോലെയോ അതിൽ കൂടുതലായോ സുബോധം നഷ്ടമാകാൻ അവയും ഇടയാക്കുന്നു. അതുകൊണ്ട് ബൈബിളിൽ കാണപ്പെടുന്ന ബുദ്ധിപൂർവ്വകവും ന്യായയുക്തവുമായ ബുദ്ധിയുപദേശത്തിൽനിന്ന് രസത്തിനുവേണ്ടി അത്തരം മയക്കുമരുന്നുകളിലേക്കു തിരിയാതിരിക്കുന്നതിന്റെ മൂല്യം നമുക്ക് തിരിച്ചറിയാൻ കഴിയും.
പുകയിലയുടെ ഉപയോഗം സംബന്ധിച്ചെന്ത്?
18-21. പുകവലിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് പരക്കെ അറിയപ്പെടുന്നതാണെങ്കിലും എന്തുകൊണ്ടാണ് അനേകർ അങ്ങനെ ചെയ്യുന്നത്? (ബി) ഒരു ക്രിസ്ത്യാനി പുകവലിക്കുന്നത് തെററാണെന്നുളളതിന് രണ്ടു കാരണങ്ങളെങ്കിലും നൽകുക.
18 “എങ്കിൽ പിന്നെ, അപകടകാരിയായ നിക്കോട്ടിൻ അടങ്ങിയിരിക്കുന്ന പുകയിലയുടെ ഉപയോഗം സംബന്ധിച്ചെന്ത്,” എന്ന് നിങ്ങൾ ചോദിച്ചേക്കാം. “കോടിക്കണക്കിന്, പ്രായപൂർത്തിയായവർ അവർ പറയും പോലെ ‘രസത്തിനുവേണ്ടി’ പുകവലിക്കുന്നു. അത് ഉചിതമാണോ? ഐക്യനാടുകളിൽ വിൽക്കപ്പെടുന്ന സിഗറററ് പാക്കററുകളിൻമേൽ കാണുന്ന പുകവലിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ് എന്ന മുന്നറിയിപ്പ് വ്യക്തമാക്കുന്നതുപോലെ അതു തീർച്ചയായും ഉചിതമല്ല. നിങ്ങൾ ഏതു രാജ്യത്തുതന്നെ ആയിരുന്നാലും ഈ വസ്തുത സത്യമാണ്. എങ്കിൽ പിന്നെ ഇത്രമാത്രം മുതിർന്നവർ പുകവലിയിലൂടെ മനഃപൂർവ്വം യുവജനങ്ങൾക്ക് മോശമായ മാതൃക വയ്ക്കുകയും അതേസമയംതന്നെ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? അത് മുഖ്യമായും അവർക്ക് അതിനുളള ആസക്തിയുളളതുകൊണ്ടാണ്. സയൻസ് വേൾഡ് എന്ന പ്രസിദ്ധീകരണത്തിലെ ഒരു റിപ്പോർട്ട് വിശദീകരിക്കുന്നു:
19 “ആസക്തിയുളവാക്കുന്ന വസ്തു നിക്കോട്ടിൻ ആണ് . . . നിക്കോട്ടിൻ ലഭിക്കാത്തപ്പോൾ അതിനായിട്ടുളള ഒരു ‘വിശപ്പ്’ അനുഭവപ്പെടുന്നു. തൽഫലമായി അതുലഭിക്കാത്തപ്പോൾ ‘അസുഖമായി.’ അതിന്റെ ലക്ഷണം ഒരുതരം അസ്വാസ്ഥ്യമാണ്. ചിലപ്പോൾ മയക്കവും തലവേദനയും ഉദരസംബന്ധമായ ക്രമക്കേടുകളും വിയർപ്പും നാടിയിടിപ്പിൽ വ്യതിയാനവും അനുഭവപ്പെട്ടേക്കാം.”
20 വ്യക്തമായും പുകവലി നമ്മുടെ ശരീരത്തെ ദുരുപയോഗപ്പെടുത്തലാണ്. ക്രിസ്ത്യാനികൾ തങ്ങളെത്തന്നെ കൻമഷങ്ങളിൽ നിന്ന് വെടിപ്പാക്കാൻ നമ്മുടെ സ്രഷ്ടാവ് ആവശ്യപ്പെട്ടിരിക്കുന്ന ‘ജഡത്തിലെ കൻമഷ’ങ്ങളിലൊന്ന് അതാണ്. അതുകൊണ്ട് പുകവലിക്കുന്ന മുതിർന്നയാളുകൾക്ക് മയക്കുമരുന്നുകൾ ദുരുപയോഗിക്കുന്ന യുവജനങ്ങളെ വിമർശിക്കാൻ അവകാശമില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അതു വാസ്തവമാണ്. മാതാപിതാക്കൾ നിക്കോട്ടിൻ വലിച്ചുകൊണ്ട് മോശമായി പെരുമാറുന്നെങ്കിൽ തങ്ങളുടെ കുട്ടികൾ മയക്കുമരുന്നുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പററി അവർ പറയുമ്പോൾ അതിനെ കുട്ടികൾ ഗൗരവമായി എടുക്കാൻ അവർക്കെങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? എന്നാൽ മററുളളവർ ചെയ്യുന്നതോ പറയുന്നതോ പരിഗണിക്കാതെ നാം ഓരോരുത്തരും വ്യക്തിപരമായി നമ്മുടെ പ്രവൃത്തികൾക്ക് ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും. ഒരു ക്രിസ്ത്യാനി പുകവലിക്കുന്നത് തെററാക്കിത്തീർക്കുന്ന മറെറാരു കാരണവും കൂടി ദൈവവചനമായ ബൈബിളിന് പറയാനുണ്ട്.
21 “നിങ്ങൾ നിങ്ങളുടെ അയൽക്കാരെ നിങ്ങളെപ്പോലെ സ്നേഹിക്കണം,” എന്ന് ബൈബിൾ കല്പിക്കുന്നു. (മത്തായി 22:39) എന്നാൽ മററുളളവരുടെ സാന്നിദ്ധ്യത്തിൽ പുകവലിക്കുകയും അയൽക്കാരെ സ്നേഹിക്കാൻ കഴിയുകയും ചെയ്യുന്നതെങ്ങനെ? മെഡിക്കൽ ട്രിബ്യൂൺ വിശദീകരിക്കുന്നതിന്റെ വീക്ഷണത്തിൽ ഞങ്ങളിതു ചോദിക്കുന്നു: “പുകവലി പുകവലിക്കുന്ന ആളിന്റെ മാത്രമല്ല അടുത്തുനിൽക്കുന്ന നിരപരാധിയുടെ കൂടെ ആരോഗ്യത്തിന് ഹാനികരമാകാം.” മറെറാരു സുപ്രധാന വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നപ്രകാരം: “വായു സഞ്ചാരം കുറവായിരിക്കുന്ന സ്ഥലങ്ങളിൽ പുകവലിക്കാത്തയാളിനും പുകവലിക്കുന്നവരിൽ നിന്ന് ആരോഗ്യത്തിന് അപകടമുണ്ടാകാനുളള കൂടുതലായ സാദ്ധ്യതയാണുളളത്.” പുകവലി ചുററുപാടുമുളളവരെകൂടി ഉപദ്രവിക്കുന്നു എന്നതിനാൽ നിങ്ങൾക്ക് പുകവലിക്കുകയും അയൽക്കാരെ യഥാർത്ഥമായി സ്നേഹിക്കുകയും ചെയ്യുക അസാദ്ധ്യമാണെന്നുളളത് വ്യക്തമല്ലേ?
മാരിഹ്വാന വ്യത്യസ്തമാണോ?
22-25. (എ) മാരിഹ്വാനയുടെ മിതമായിപ്പോലുമുളള ഉപയോഗത്തിന്റെ ഫലം മദ്യത്തിന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ? (ബി) ദോഷകരമായ ശീലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകവഴി ജീവിതം പരമാവധി ആസ്വദിക്കുന്നതിനു ദൈവം എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്? (യെശയ്യാവ് 48:17; സങ്കീർത്തനം 16:11; സദൃശവാക്യങ്ങൾ 3:1-7)
22 ചില യുവജനങ്ങൾ മാരിഹ്വാന വലിക്കുന്നതിനെ ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിനോട് താരതമ്യപ്പെടുത്താൻ ചായ്വുളളവരാണ്. അവരുടെ മാതാപിതാക്കളോ മററുളളവരോ “കുടിച്ചുമത്തരാ”കുന്നതു കണ്ടിട്ട് മാരിഹ്വാനാ വലിച്ചുമത്തരാകുന്നത് അതിൽനിന്ന് വ്യത്യസ്തമല്ലെന്ന് അവർ നിഗമനം ചെയ്യുന്നു. എന്നാൽ അങ്ങനെയാണോ?
23 ലഹരിപാനീയങ്ങളുടെ മിതമായ ഉപയോഗത്തെ അംഗീകരിക്കുന്നുവെങ്കിലും അതിന്റെ അമിതമായ ഉപയോഗത്തെ ബൈബിൾ കുററംവിധിക്കുന്നു എന്ന് ഓർമ്മിക്കുക. മദ്യപൻമാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) എന്നാൽ തങ്ങൾ മാരിഹ്വാന മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നു, മത്തുപിടിക്കാൻ തക്കവണ്ണം ഉപയോഗിക്കുന്നില്ല എന്ന് ചില യുവജനങ്ങൾ പറഞ്ഞേക്കാം. പക്ഷേ മാരിഹ്വാന മദ്യത്തിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങളുടെ ശരീരത്തിന് മദ്യത്തെ “ഇന്ധന”മായി മാററുന്നതിനും അതു നിങ്ങളുടെ ശരീരകോശങ്ങളിൽ “ഉപയോഗിക്കുന്ന”തിനും കഴിയും. അതൊരു ഭക്ഷ്യവസ്തുവാണ്. എന്നാൽ നിങ്ങളുടെ ശരീരത്തിന് മാരിഹ്വാന അത്തരത്തിൽ ഉപയോഗിക്കാൻ കഴിയുകയില്ല. കൂടാതെ മദ്യം ദീർഘനേരത്തേക്ക് ശരീരത്തിലോ മസ്തിഷ്ക കോശങ്ങളിലോ തങ്ങിനിൽക്കുന്നില്ല. ഏതാനും മണിക്കൂറുകൾക്കുളളിൽ മദ്യം ശരീരം വിട്ട് പുറത്തുപോകുന്നു. എന്നാൽ മാരിഹ്വാനയിലെ വിഷാംശം അത്രവേഗം വിട്ടുപോകാതെ ശരീരത്തിന് ഹാനികരമായിത്തീരുന്നു. കൊളംബിയാ യൂണിവേഴ്സിററിയുടെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽപ്പെട്ട ആറു ഡോക്ടർമാർ ന്യൂയോർക്ക് ടൈംസിന്റെ പത്രാധിപർക്കുളള ഒരു കത്തിൽ ഇപ്രകാരം വിശദീകരിച്ചു:
“മാരിഹ്വാനയിൽ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. അവ കൊഴുപ്പിൽ ലയിച്ചു ചേരുകയും മസ്തിഷ്ക്കം ഉൾപ്പെടെയുളള ശരീര കലകളിൽ DDT എന്നപോലെ ആഴ്ചകളോ മാസങ്ങളോ പോലും ശേഖരിച്ചു വയ്ക്കപ്പെടുകയും ചെയ്യുന്നു. ശരീരകലകൾക്ക് ഇത്തരം വസ്തുക്കൾ ശേഖരിച്ചു വയ്ക്കാനുളള പ്രാപ്തി വളരെയേറെയാണ്. പതിവായി മാരിഹ്വാന വലിക്കുന്നവരുടെ മേൽ അതിനുളള സാവധാനമെങ്കിലും ദോഷകരമായ ഫലത്തിന്റെ കാരണമതാണ്. ഇത്തരം വസ്തുക്കൾ ആഴ്ചയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും അതിന്റെ ദോഷഫലങ്ങളിൽനിന്ന് വിമുക്തരായിരിക്കാൻ സാദ്ധ്യമല്ല.”
24 അപ്രകാരം ററുലെയിൻ സർവ്വകലാശാലയിലെ ഡോക്ടർ റോബർട്ട് ഹീത്തിന്റെ അഭിപ്രായത്തിൽ മാരിഹ്വാനയെ മദ്യത്തോടു സാമ്യപ്പെടുത്തുന്നത് “അർത്ഥശൂന്യ”മാണ്. മദ്യത്തിന് “ഒരു താൽക്കാലിക ഫലമാണുളളത്” എന്ന് അദ്ദേഹം പറയുന്നു. “മാരിഹ്വാനയ്ക്കാകട്ടെ വളരെ സങ്കീർണ്ണവും നീണ്ടുനിൽക്കുന്നതുമായ ഫലമാണുളളത്.” പ്രകടമായും മാരിഹ്വാനയുടെ ക്രമമായ, മിതമായ ഉപയോഗംപോലും ദൂഷ്യഫലങ്ങൾ ഉളവാക്കുന്നു എന്ന് ഡെററ്റോയിററ് ഫ്രീ പ്രസ്സ് ചൂണ്ടിക്കാട്ടുന്നു: “ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ എന്ന കണക്കിൽ ക്രമമായി മാരിഹ്വാനയോ—അതിന്റെ ചേട്ടനായ [ഹഷീഷോ] ഉപയോഗിച്ചാൽ അതു യഥാർത്ഥത്തിൽ ശാരീരികമായും മാനസികമായും അപകടകരമാണെന്ന് സൂചിപ്പിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങൾ വൈദ്യശാസ്ത്രഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു.”
25 യഥാർത്ഥത്തിൽ, നമ്മുടെ സ്രഷ്ടാവ് നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശക തത്വങ്ങൾ സംബന്ധിച്ച് നമുക്ക് നന്ദിയുളളവരായിരിക്കാൻ കഴിയും. അവൻ നമ്മേ സ്നേഹിക്കുന്നു. അതിനാൽ നമ്മുടെ നിലനിൽക്കുന്ന സന്തോഷത്തിനും ക്ഷേമത്തിനും സംഭാവന ചെയ്യാതെ നമ്മുടെ ശരീരങ്ങളെ മലിനമാക്കുകയും അതുവഴി നമ്മെ ഉപദ്രവിക്കുകയും ചെയ്യുന്നതിനെ ഒഴിവാക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. ചില മരുന്നുകൾ രോഗിയായ ഒരാൾക്ക് ഗുണകരമായിരുന്നേക്കാം. എന്നാൽ ആസ്വാദനത്തിനുവേണ്ടി അവയിലേക്കു തിരിയുന്നവരെ അവ ഉപദ്രവിക്കുക മാത്രമേ ചെയ്യുകയുളളു. അവ ജീവിതാസ്വാദനത്തിനുളള താക്കോലല്ല.
[അടിക്കുറിപ്പുകൾ]
a ലിസെർജിക്ക് ആസിഡ് ഡയത്തിലാമയിഡ്
[അധ്യയന ചോദ്യങ്ങൾ]
[108-ാം പേജ് നിറയെയുള്ള ചിത്രം]
[113-ാം പേജിലെ ചിത്രം]
പ്രായപൂർത്തിയായ ദശലക്ഷക്കണക്കിനാളുകൾ പുകവലിക്കുന്നു എന്നത് നിങ്ങൾ അതു ചെയ്യാൻ മതിയായ കാരണമാണോ?