വിവാഹജീവിതത്തിൽ നിങ്ങൾക്ക് വിജയിക്കാനാവുമോ?
അധ്യായം 20
വിവാഹജീവിതത്തിൽ നിങ്ങൾക്ക് വിജയിക്കാനാവുമോ?
1-4. (എ) വിജയകരമായ വിവാഹജീവിതത്തിന്റെ ഭാവിപ്രതീക്ഷ സംബന്ധിച്ച് താൽപര്യമുണ്ടായിരിക്കാൻ മതിയായ കാരണമുളളതെന്തുകൊണ്ട്? (ബി) വിവാഹ ജീവിതത്തിൽ വിജയിക്കുന്നതിന് അതിന്റെ ഉത്ഭവം സംബന്ധിച്ച് എന്തു തിരിച്ചറിയേണ്ടതുണ്ട്? എന്തുകൊണ്ട്? (ഉൽപത്തി 2:21-24; മത്തായി 19:4-6)
നിങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സമയം വന്നെത്തുന്നുവെങ്കിൽ നിങ്ങളുടെ വിവാഹജീവിതം വിജയകരമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണ്. വിവാഹമോചനങ്ങളുടെ നിരക്ക് കുതിച്ചുയരുന്നതു വച്ചു നോക്കുകയാണെങ്കിൽ നിങ്ങളുടെ ഭാവി പ്രതീക്ഷ അത്ര ശോഭനമല്ല. ചില സ്ഥലങ്ങളിൽ വിവാഹമോചനത്തിന്റെ എണ്ണം വിവാഹത്തിന്റെ എണ്ണത്തോടടുക്കുകയാണ്! നിങ്ങൾ വിവാഹിതരാകുന്നുവെങ്കിൽ, പ്രശ്നങ്ങൾ നിങ്ങളുടെ വൈവാഹിക സന്തുഷ്ടിയെ തകർക്കുന്നത് തടയാൻ നിങ്ങൾക്കെങ്ങനെ കഴിയും?
2 വിവാഹത്തിന്റെ ഉത്ഭവത്തെപ്പററി പരിചിന്തിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങളുടെ മേലും പ്രശ്നപരിഹാരത്തിൻമേലും വളരെയേറെ വെളിച്ചം വീശും. വിവാഹം മനുഷ്യർ ആരംഭിച്ച ഒരേർപ്പാടാണ്; വളരെ മുമ്പേ എങ്ങനെയോ മനുഷ്യൻതന്നെ അത്തരമൊരു ക്രമീകരണം ചെയ്തു എന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ ഇന്നത്തെ അപായകരമായ കുടുംബ തകർച്ചയുടെ മൂല കാരണവും ആ ആശയം തന്നെയാണ്. എന്തുകൊണ്ട്? കാരണം അതു വിവാഹ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ഏററവും നല്ല ഉപദേശം അപ്രധാനമെന്ന് പറഞ്ഞ് തളളിക്കളയുന്നു.
3 വിവാഹം വാസ്തവത്തിൽ കൂടുതൽ ഉന്നതമായ ഒരുറവിൽ നിന്നുളളതാണ്. സർവ്വശക്തനായ ദൈവം തന്നെ ആദ്യപുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു. അവർക്ക് സന്താനോല്പാദനത്തിനുളള പ്രാപ്തി നൽകി അവരെ വിവാഹബന്ധത്തിൽ കൂട്ടിവരുത്തി. ദൈവം അവരുടെ വിവാഹം വിജയപ്രദമാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും—ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്—അവർക്ക് നൽകി. നിങ്ങൾ വിവാഹിതരാകുമ്പോൾ ഈ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനാലായിരിക്കും നിങ്ങൾക്ക് സന്തോഷം ലഭിക്കുക.
4 ആളുകൾക്ക് പണ്ടേ ബൈബിൾ ഉണ്ടായിരുന്നു; എന്നിട്ടും അവരുടെ വിവാഹങ്ങൾ പരാജയമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ചിലർ എതിർത്തേക്കാം. അസന്തുഷ്ടമായ വിവാഹജീവിതം സഹിക്കാൻ മനസ്സുളള ദമ്പതികളുടെ കുറവുകൊണ്ടാണ് മോചനനിരക്കു വർദ്ധിച്ചിരിക്കുന്നത് എന്നവർ പറയുന്നു. ഈ വാദത്തിൽ കുറച്ചു സത്യമുണ്ട്. അസന്തുഷ്ടരായ ദശലക്ഷക്കണക്കിന് ദമ്പതികൾക്ക് ബൈബിൾ കൈവശമുണ്ട്. എന്നാൽ അവർ അതു വായിച്ചിട്ടുണ്ടോ? അതിലും പ്രധാനമായി അതിലെ തത്വങ്ങൾ അവർ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കിയിട്ടുണ്ടോ? എന്നാൽ ബൈബിളിലെ ബുദ്ധിയുപദേശം ലക്ഷക്കണക്കിന് ദമ്പതികളെ തങ്ങളുടെ കുടുംബപ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കാൻ സഹായിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. നിങ്ങൾ സന്തുഷ്ടമായ ഒരു വിവാഹജീവിതം ആഗ്രഹിക്കുന്നെങ്കിൽ അതിനു നിങ്ങളെയും സഹായിക്കാൻ കഴിയും.
വിവാഹജീവിതത്തിലെ സന്തുഷ്ടമായ ലൈംഗികബന്ധം
5-10. (എ) ലൈംഗിക സുഖത്തെ സംബന്ധിച്ച് എന്ത് അയഥാർത്ഥമായ കാഴ്ചപ്പാടാണ് അനേകർക്കുമുളളത്? (ബി) നിസ്വാർത്ഥമായി കൊടുക്കാനുളള ബൈബിൾ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ എപ്രകാരമാണ് ദമ്പതികളെ വിവാഹജീവിതത്തിൽ ഈ പ്രത്യേക സംഗതിയിൽ സംതൃപ്തി കണ്ടെത്താൻ സഹായിക്കുന്നത്?
5 അനേകം വൈവാഹിക പ്രശ്നങ്ങളുടെയും മൂലകാരണം ലൈംഗികതയാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. അതു സത്യവുമാണ്. ഇന്നത്തെ വാർത്താമാദ്ധ്യമങ്ങളുടെ രക്ഷാധികാരത്വത്തിൻ കീഴിൽ പ്രചരിപ്പിക്കപ്പെടുന്ന അയഥാർത്ഥങ്ങളായ വീക്ഷണങ്ങളാണ് മിക്കപ്പോഴും ഇതിനു കാരണം. പ്രചാരം നേടിയിട്ടുളള പുസ്തകങ്ങളും മാസികകളും ചലച്ചിത്രങ്ങളും രണ്ടു പേർ “പ്രണയത്തിലാകുന്നതായും,” “എന്നേക്കും സന്തുഷ്ടരായി” കഴിയുന്നതായും ചിത്രീകരിക്കുന്നു. ഇത്തരം സാഹിത്യങ്ങൾ ലൈംഗിക സുഖത്തെ കൂടുതൽ ഉജ്ജ്വലമാക്കിക്കാണിക്കുകയും അതുവഴി യഥാർത്ഥത്തിൽ ലഭിക്കാവുന്നതിനേക്കാൾ കൂടുതൽ സുഖാനുഭൂതിയുടെ പ്രതീക്ഷകൾ ഉണർത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു യുവഭാര്യ വിശദീകരിച്ചു: “ലൈംഗികബന്ധം മുഴുലോകത്തെയും പ്രകാശമാനമാക്കുന്ന ഒരു അത്ഭുത യന്ത്രമായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. കുഴപ്പമൊന്നുമില്ലായിരുന്നു, ‘എന്നാലും ഇതിലിത്രയേ ഉളേളാ? വാസ്തവത്തിൽ ഇത്രമാത്രമേ ഉളേളാ?’ എന്നു ഞാൻ വിചാരിച്ചുകൊണ്ടേയിരുന്നു എന്നാണ് ഞാൻ അർത്ഥമാക്കുന്നത്.”
6 ചെറുപ്രായത്തിലുളള നിങ്ങൾ വിവാഹിതരല്ലായിരുന്നേക്കാമെങ്കിലും ഈ യുവ ഭാര്യയുടെ പ്രശ്നം നിങ്ങൾക്കു മനസ്സിലായോ? അവരുടെ മുഖ്യ ചിന്ത സ്വന്തം ലൈംഗിക സംതൃപ്തിയായിരുന്നു. അവൾക്കു സംതൃപ്തി ലഭിച്ചതുമില്ല. ഇതാണ് പലേ സ്ത്രീകളുടെയും പരാതി—അവരുടെ ഭർത്താക്കൻമാർ അവർക്ക് ലൈംഗികമായി സംതൃപ്തി നൽകുന്നില്ല. അത്തരമൊരവസ്ഥയിൽ ഒരു ഭാര്യക്ക് എന്തു ചെയ്യാൻ കഴിയും? സഹായകമായ എന്തെങ്കിലും ബൈബിളിന് പറയാനുണ്ടോ? അതു നൽകുന്ന വ്യക്തമായ പ്രോത്സാഹനം ശ്രദ്ധിക്കുക: “ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. പരസ്പര സമ്മതത്തോടെയല്ലാതെ അന്യോന്യം അതു കൊടുക്കാതിരിക്കരുത്.”—1 കൊരിന്ത്യർ 7:3, 5.
7 ബൈബിളിന്റെ ബുദ്ധിയുപദേശമനുസരിച്ച് നിങ്ങൾ വിവാഹിതരാകുന്നെങ്കിൽ ആരെ സന്തോഷിപ്പിക്കുന്നതിലായിരിക്കണം മുഖ്യ ശ്രദ്ധ? മുൻ പ്രസ്താവിച്ച ഭാര്യയുടെ കാര്യത്തിലെന്നതുപോലെ നിങ്ങളെത്തന്നെ പ്രസാദിപ്പിക്കുന്നതിലായിരിക്കണമോ മുഖ്യ ശ്രദ്ധ? അല്ല, നേരെമറിച്ച്, നിങ്ങളുടെ ഇണയെ. ഇവിടെ ബൈബിളിലെ അടിസ്ഥാനതത്വം കൊടുക്കലാണ്. ഉചിതമായും നിങ്ങളുടെ വിവാഹ ഇണയുടെ ക്ഷേമവും സന്തോഷവുമായിരിക്കണം നിങ്ങൾക്ക് പരമ പ്രധാനം. ഇതു കൂടുതലായ മററു ബൈബിൾ തത്വങ്ങളോട് യോജിപ്പിലാണ്: “ഓരോരുത്തൻ സ്വന്ത ഗുണമല്ല മററുളളവന്റെ ഗുണം അന്വേഷിക്കട്ടെ.” “സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 10:24; 13:4, 5.
8 എന്നാൽ നിങ്ങൾ ചോദിച്ചേക്കാം: “ഞാൻ വിവാഹം ചെയ്തു കഴിയുമ്പോൾ എന്റെ ഭാര്യയെയോ ഭർത്താവിനെയോ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട് എന്റെ സംതൃപ്തി വർദ്ധിപ്പിക്കുന്നതെങ്ങനെയാണ്?” കൊളളാം, ലൈംഗികസുഖം ഒരു വലിയ അളവുവരെ മനസ്സിനെയും ഹൃദയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. അപ്രകാരം ലൈംഗിക ബന്ധത്തെ ഭർത്താവിനോടുളള ആഴമായ സ്നേഹം പ്രകടിപ്പിക്കാനുളള ഒരു അവസരമായി നിങ്ങൾ കാണുന്നുവെങ്കിൽ അതിന്റെ ഒരു അനുബന്ധ ഫലമായി നിങ്ങൾ മിക്കപ്പോഴും ആ ബന്ധത്തെ കൂടുതലായി ആസ്വദിക്കും. ഒരു ഭാര്യ സ്വന്തം വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോൾ അവരുടെ ശരീരത്തിന് ആകമാനം ഒരു അയവ് വരുന്നു. അതിന്റെ ഒരു സ്വാഭാവിക പരിണതഫലം ലൈംഗിക ബന്ധത്തിൽ നിന്ന് അവർ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന സുഖം അവർക്ക് ലഭിക്കുന്നു എന്നതാണ്.
9 ലോകം കണ്ടിട്ടുളളതിലേക്കും വച്ച് ഏററവും മഹാനായ ഗുരു, യേശുക്രിസ്തു, കാണിച്ചുതന്നിട്ടുളളത് ഒരുവൻ തന്നെത്തന്നെ കൊടുത്താൽ അതിന്റെ ഫലമായി അവനുതന്നെ സംതൃപ്തി ലഭിക്കും എന്നാണ്. അദ്ദേഹം പറഞ്ഞു: “സ്വീകരിക്കുന്നതിലുളളതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്.” വിവാഹ ജീവിതത്തിലെ ഏററവും ഉററബന്ധത്തെ സംബന്ധിച്ച് ഈ തത്വം സത്യമാണെന്ന് കൂടെക്കൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.—പ്രവൃത്തികൾ 20:35.
10 നിങ്ങൾ വിവാഹിതരാകുമ്പോൾ ബൈബിൾ തത്വങ്ങൾ ബാധകമാക്കുന്നത് നിങ്ങൾക്ക് സംതൃപ്തി കൈവരുത്തുവാൻ ഇടയാക്കിയേക്കാവുന്നതിന് മറെറാരു കാരണവും കൂടിയുണ്ട്. അതു മറെറന്തിനേക്കാളും കൂടുതലായി നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിഗണന നൽകിക്കൊണ്ട് നിസ്വാർത്ഥമായി നിങ്ങളോട് പെരുമാറാൻ നിങ്ങളുടെ ഭർത്താവിനെ പ്രേരിപ്പിക്കും. അനേകരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കൊടുക്കുന്നതിൽ മുൻകൈ എടുക്കുന്നയാളുകൾക്ക് അതേ അളവിൽ തിരികെ കിട്ടുന്നു. അപ്രകാരം വിവാഹജീവിതത്തിൽ കടംപെട്ടിരിക്കുന്നത് കൊടുക്കുന്നതിൽ നിസ്വാർത്ഥതയും സ്നേഹവും പ്രകടിപ്പിക്കാൻ ബൈബിൾ പ്രേരിപ്പിക്കുന്നു. ഇതു മനസ്സിൽ പിടിക്കുക. അപ്പോൾ നിങ്ങൾ വിവാഹിതരാകുന്നെങ്കിൽ അതൊരു സന്തുഷ്ടമായ ബന്ധത്തിനു സംഭാവന ചെയ്യും.
11-15. (എ) സ്നേഹപൂർവ്വകമായ ശ്രദ്ധ ലഭിക്കുന്നതിനുളള ഒരു ഭാര്യയുടെ ആവശ്യം സംബന്ധിച്ച് ഒരു ഭാവി ഭർത്താവ് എന്തു തിരിച്ചറിയണം? (ബി) ഇതു സംബന്ധിച്ച് ഒരു ഭർത്താവിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
11 തങ്ങളുടെ ഭാര്യമാർക്ക് ലൈംഗികബന്ധത്തിനു “ഒട്ടും തന്നെ താൽപര്യമില്ല” എന്ന് ചില ഭർത്താക്കൻമാർ മിക്കപ്പോഴും പരാതിപ്പെടുന്നതായി ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. ഈ പ്രശ്നത്തിന്റെ കാരണമെന്തെന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ പറയുന്നു: “ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു, ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; എന്നാൽ അതിനെ പോററിപ്പുലർത്തുകയത്രെ ചെയ്യുന്നത്.” (എഫേസ്യർ 5:28, 29) അതെ, ബൈബിൾ ഇവിടെ പറഞ്ഞിരിക്കുന്നതിന് ശ്രദ്ധ കൊടുക്കുന്നതിലുളള ഭർത്താക്കൻമാരുടെ പരാജയമാണ് അടിസ്ഥാന കാരണം.
12 സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻമാരാൽ സ്നേഹിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണോ? തീർച്ചയായും അതെ. വിവാഹോപദേഷ്ടാക്കൾ മിക്കപ്പോഴും ഈ വസ്തുത ഊന്നിപ്പറയുന്നു. അതൊരടിസ്ഥാന തത്വമാണ്: ഭാര്യമാർ യഥാർത്ഥത്തിൽ സന്തുഷ്ടരായിരിക്കുന്നതിന് അവർ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന വിചാരം അവർക്കുണ്ടായിരിക്കണം. അപ്പോൾ നിങ്ങൾ വിവാഹിതരാകുന്നെങ്കിൽ ഊഷ്മളമായ ഉററബന്ധത്തിന്റെ താക്കോൽ സ്നേഹിക്കപ്പെടാനുളള ഭാര്യയുടെ ഈ ആവശ്യം സാധിച്ചുകൊടുക്കുകയാണ് എന്ന് ഓർമ്മിക്കുക. ബൈബിൾ ഭർത്താക്കൻമാരെ പ്രോത്സാഹിപ്പിക്കുന്നു: “ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.”—എഫേസ്യർ 5:33.
13 എന്നാൽ ഭൗതികമായി നിങ്ങളുടെ ഭാര്യക്ക് വേണ്ടതെല്ലാം നൽകുന്നത് നിങ്ങളുടെ സ്നേഹത്തിന്റെ മതിയായ തെളിവാണ് എന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നില്ലെങ്കിൽ അതിന് അവളുടെ മേലുളള ഫലമെന്തായിരിക്കും? ഒരു ഭാര്യയിൽ നിന്നുമുളള പിൻവരുന്ന കത്ത് അതു സംബന്ധിച്ച് അല്പം ധാരണ നിങ്ങൾക്ക് നൽകിയേക്കാം. അവൾ എഴുതി: “ഇതാണെന്റെ പ്രശ്നം: അൽപം മധുരമായ സംഭാഷണത്തിനുവേണ്ടി, ഒരു അഭിനന്ദന വാക്കിനുവേണ്ടി; ഞാൻ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ അദ്ദേഹം കൈകൊണ്ടെന്നെ ഒന്നു ചുററിപ്പിടിക്കാൻ വേണ്ടി അല്ലെങ്കിൽ അദ്ദേഹത്തിന്റെ മടിയിലൊന്നിരിക്കാൻ വേണ്ടി ഞാൻ എത്ര തീവ്രമായി ആഗ്രഹിക്കുന്നെന്നോ! സ്നേഹപൂർവ്വം എന്നെ ഒന്നു പുണരുന്നതിനു പകരമായി എനിക്കുളള സകല ഭൗതിക സ്വത്തുക്കളും കൊടുക്കാൻ ഞാൻ തയ്യാറാകുമായിരുന്നു.”
14 അതെ, ഭാര്യമാരോട് സ്നേഹം പ്രകടമാക്കേണ്ടതുണ്ട്. സ്നേഹം ലഭിക്കുമ്പോൾ അവർ വിടരുന്നു. അവർ കൂടുതൽ സന്തുഷ്ടരും ശാരീരികമായി കൂടുതൽ ആകർഷണീയതയുളളവരുമായിത്തീരുന്നു. ഇത്തരത്തിൽ സ്നേഹിക്കപ്പെടുവാനുളള ഒരാവശ്യത്തോടെയാണ് അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഭർത്താക്കൻമാർ അവരുടെ ഭാര്യമാരെ സ്നേഹിക്കാൻ ദൈവം പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് അനേകരുടെ വിവാഹജീവിതത്തിൽ കാണപ്പെടുന്ന അസന്തുഷ്ടിയുടെ മുഖ്യകാരണം ഈ ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കുന്നതിലുളള പരാജയമാണ്. അതെന്തുകൊണ്ടാണ്?
15 കാരണം ഭർത്താവിന്റെ ആർദ്രതയും സ്നേഹവും ലഭിക്കാത്ത ഒരു ഭാര്യയ്ക്ക് ഒരു അരക്ഷിതബോധവും തന്റെ സ്ത്രൈണ ഗുണങ്ങൾ സംബന്ധിച്ച് ആത്മവിശ്വാസമില്ലായ്മയും തോന്നാനിടയായേക്കാം. തന്നെ അവഗണിച്ചിരിക്കുന്നതിൽ ഭർത്താവിനോട് പകരം വീട്ടാൻ ഉപബോധ മനസ്സിൽ ഒരാഗ്രഹം സഹിതം അയാളോട് ഒരു വിരോധം പോലും വികാസം പ്രാപിച്ചേക്കാം.
16-18. (എ) തങ്ങളോട് പെരുമാറാൻ സ്ത്രീകൾ ആഗ്രഹിക്കുന്ന വിധം സംബന്ധിച്ച് ചില പുരുഷൻമാർക്ക് എന്തു തെററിദ്ധാരണയാണുളളത്? (ബി) 1 പത്രോസ് 3:7-ലെ ബുദ്ധിയുപദേശത്തിന്റെ അർത്ഥമെന്താണ്?
16 എന്നാൽ നിങ്ങൾ വിവാഹം കഴിക്കുന്ന സ്ത്രീയോട് ആദരവോടെയും സ്നേഹത്തോടെയും പെരുമാറുന്നത് പുരുഷത്വത്തിന് യോജിച്ചതല്ല എന്ന് നിങ്ങൾ വിചാരിച്ചേക്കാം. പരുക്കൻ രീതിയിൽ അവരോട് ഇടപെടുന്നത് സ്ത്രീകൾ വാസ്തവത്തിൽ ഇഷ്ടപ്പെടുന്നു എന്നുപോലും നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. എന്നാൽ ഇതു വാസ്തവമല്ല. ക്രൂരനും അധികാരപൂർവ്വം പിടിച്ചു പററുന്നവനുമായ ഒരു പുരുഷനോടല്ല ദയയും പരിഗണനയുമുളളയാളോട് പ്രതികരിക്കാൻ തക്കവണ്ണമാണ് സ്ത്രീ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം വിലമതിക്കുന്നതിൽ ഒരു ഭർത്താവ് പരാജയപ്പെടുന്നെങ്കിൽ അതു ഭാര്യക്ക് ലൈംഗിക ബന്ധം വാസ്തവത്തിൽ അസംതൃപ്തവും അസുഖകരവുമോ പോലും ആക്കിത്തീർത്തേക്കാം.
17 തെററായ അനേകം ആശയങ്ങളെ അഭിമുഖീകരിക്കുന്ന ഭർത്താക്കൻമാർക്ക് തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് സ്രഷ്ടാവ് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തങ്ങളുടെ ഭാര്യമാർക്ക് സ്നേഹവും പരിഗണനയും കൊടുക്കാൻ ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ പ്രോത്സാഹിപ്പിക്കുന്നത്: “നിങ്ങളും ഭർത്താക്കൻമാരെ, സ്ത്രീജനം ബലഹീനപാത്രം എന്ന അറിവിന് ഒത്തവണ്ണം [നിങ്ങളുടെ ഭാര്യമാരോടുകൂടി] വസിച്ച് അവർക്ക് ബഹുമാനം കൊടുപ്പിൻ.”—1 പത്രോസ് 3:7.
18 ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ ഒരു ഭർത്താവ് ഈ ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കുന്നത് വിശേഷാൽ പ്രധാനമാണ്. ദൈവം സ്ത്രീയെ എങ്ങനെ സൃഷ്ടിച്ചുവെന്ന അറിവിന് ഒത്തവണ്ണം അയാൾ പ്രവർത്തിക്കണം. കായികമായി സ്ത്രീകൾ പുരുഷൻമാരോടൊപ്പം ബലമുളളവരല്ല. വൈകാരികമായി അവർ സാധാരണയായി ദുർബലരും എളുപ്പം വികാരങ്ങൾക്ക് അടിമപ്പെടുന്നവരുമാണ്. അതുകൊണ്ട് ഒരു ബലഹീനപാത്രത്തിനെന്നവണ്ണം ഭാര്യമാർക്ക് ബഹുമാനം കൊടുക്കാൻ, അവരുടെ വൈകാരിക ഘടനയും പോരായ്മകളും ഏററക്കുറച്ചിലുകളും കണക്കിലെടുക്കാൻ, ദൈവം ഭർത്താക്കൻമാരോടു ആവശ്യപ്പെടുന്നു.
മററു പ്രശ്നങ്ങൾ പരിഹരിക്കൽ
19. ഭാര്യയും ഭർത്താവും സന്തുഷ്ടരായിരിക്കുന്നതിന് ഒരു സ്ത്രീയുടെ ഘടനയിലെ മറെറന്തുംകൂടി ഒരു പുരുഷൻ കണക്കിലെടുക്കേണ്ടതുണ്ട്? (കൊലോസ്യർ 3:12-14)
19 വാസ്തവത്തിൽ ലൈംഗികത വിവാഹ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ദൈവത്തിൽ നിന്നുളള മാർഗ്ഗനിർദ്ദേശം വിവാഹ ജീവിതത്തിന്റെ എല്ലാ വശങ്ങളിലുമാണ് ബാധകമാക്കേണ്ടത്. നിങ്ങൾ വിവാഹിതനാകുമ്പോൾ നിങ്ങളുടെ ഭാര്യയുടെ ആർത്തവചക്രം ശാരീരികമായും മാനസികമായും വൈകാരികമായും അവരെ ചിലപ്പോൾ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് തിരിച്ചറിയേണ്ട ആവശ്യമുണ്ട്. അപ്പോൾ അവർ സാധാരണയല്ലാത്ത രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തേക്കാം. അവർ ചില സന്ദർഭങ്ങളിൽ മൂർച്ചയേറിയ പദങ്ങൾ ഉപയോഗിക്കുകയോ അവിവേകമായി പെരുമാറുകയോ ചെയ്താൽ നിങ്ങൾ ഈ വസ്തുത കണക്കിലെടുക്കുകയും അധികം വികാരഭരിതനാകാതെ ദയാപൂർവ്വം അവരോട് പെരുമാറുകയും ചെയ്യേണ്ടതുണ്ട്.
20-24. (എ) വിവാഹജീവിതത്തിൽ ഏതു ധർമ്മത്തിന് യോജിച്ച ഗുണങ്ങളോടുകൂടിയാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്? (ബി) തന്റെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ യഥാർത്ഥമായി മാനിക്കുന്നുവെന്ന് ഒരു ഭാര്യക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (സി) കുടുംബത്തിന്റെ സ്നേഹമുളള ഒരു ശിരസ്സായിരിക്കുന്നതിന് ഒരു ഭർത്താവിന്റെ ഭാഗത്ത് എന്താവശ്യമാണ്?
20 എന്നാൽ ഇതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. വിജയകരമായ വിവാഹജീവിതത്തിന് സഹകരണവും ആശയവിനിമയവും അത്യാവശ്യമാണ്. അതു സമ്പാദിക്കുന്നതിന് ദൈവവചനത്തിന്റെ ഗ്രാഹ്യം നിങ്ങളെ സഹായിക്കും. പുരുഷന്റെയും സ്ത്രീയുടെയും ബന്ധം ഇരുവരുടെയും സന്തോഷത്തിന് സംഭാവന ചെയ്യേണ്ടതിന് അവർ കുറെയൊക്കെ വ്യത്യസ്തങ്ങളായ ഗുണങ്ങളോടും ഉത്തരവാദിത്വങ്ങളോടും കൂടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ദൈവവചനം കാണിച്ചുതരുന്നു. പുരുഷനെ നിർമ്മിച്ചതിനു ശേഷം സ്രഷ്ടാവ് പറഞ്ഞു: “അവനൊരു പൂരകമായിരിക്കാൻ തക്കവണ്ണം ഞാൻ അവനൊരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.”—ഉല്പത്തി 2:18.
21 അവർ രണ്ടു പേരും തങ്ങളുടെ ഗുണങ്ങൾ ഒരു സന്തുലിതാവസ്ഥയിൽ നിർത്താൻ തക്കവണ്ണം പരസ്പര പൂരകങ്ങളായിരിക്കാനും ഇരുവരും ഒരുമിച്ച് മുന്നോട്ടു പോകുവാനുമാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോരുത്തരും മറേറയാളിന് നികത്താൻ കഴിയുന്ന ഒരു ആവശ്യം സഹിതമാണ് സൃഷ്ടിക്കപ്പെട്ടത്. അപ്രകാരം പുരുഷന് ഒരു സഹായിയായിരിക്കാനാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. അവളുടെ ആ ധർമ്മത്തോടുളള ബന്ധത്തിൽ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു: “ഭാര്യമാരെ . . . ഭർത്താക്കൻമാർക്ക് കീഴടങ്ങുവിൻ. . . . എന്തുകൊണ്ടെന്നാൽ ഭർത്താവ് ഭാര്യക്ക് തലയാകുന്നു.” ബൈബിൾ ഇങ്ങനെയും കൂടി പറയുന്നു: “ഭാര്യക്കു ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.” (എഫേസ്യർ 5:22, 23, 33) ഇതു വളരെ പ്രായോഗികമാണ്. കാരണം കുടുംബത്തിൽ തന്റെ ഭാര്യയുടെ ആദരവ് ലഭിക്കുന്ന ഒരു ശിരസ്സില്ലെങ്കിൽ സാധാരണയായി കലഹവും കുഴപ്പവും ഉണ്ടായിരിക്കും.
22 ഇന്ന് സ്ത്രീകളുടെ ഭാഗത്ത് അക്രമപ്രവർത്തനങ്ങളും പുരുഷൻമാർക്കെതിരെയുളള മത്സരവും സർവ്വസാധാരണമായിരിക്കുന്നു. ഈ സ്വഭാവവിശേഷങ്ങൾ കുടുംബ പ്രശ്നങ്ങളുടെ ഒരു ഉറവാണ് എന്ന് വിവാഹ ഉപദേഷ്ടാക്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ വിവാഹിതരാകുമ്പോൾ ബൈബിളിന്റെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നെങ്കിൽ അതു ജ്ഞാനപൂർവ്വകമായ നടപടിയായിരിക്കും. താൻ ചെയ്യേണ്ട രീതിയിൽ നേതൃത്വമെടുക്കുന്നതിൽ നിങ്ങളുടെ ഭർത്താവ് പരാജയപ്പെടുന്നെങ്കിൽ നിങ്ങളോടു തന്നെ ഇപ്രകാരം ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കും: കുടുംബത്തിലെ തന്റെ ഉചിതമായ ധർമ്മം നിർവ്വഹിക്കുന്നതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ എനിക്ക് ഇനിയും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഞാൻ അദ്ദേഹത്തോട് അഭിപ്രായവും മാർഗ്ഗനിർദ്ദേശവും ആരായാറുണ്ടോ? അദ്ദേഹം നേതൃത്വമെടുക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു എന്ന് ഞാൻ പ്രകടമാക്കാറുണ്ടോ? അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ നിസ്സാരീകരിക്കാതിരിക്കാൻ ഞാൻ സൂക്ഷിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിനോ കുടുംബകാര്യങ്ങളിൽ നേതൃത്വം വഹിക്കുന്നതിനോ ചെറിയ വിധങ്ങളിൽ അദ്ദേഹം മനസ്സൊരുക്കം കാണിക്കുമ്പോൾ ഞാൻ അതിൽ വിലമതിപ്പ് കാണിക്കാറുണ്ടോ?
23 എന്നാൽ പുരുഷൻ വിശേഷിച്ചും ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുക വഴി വിവാഹം വിജയകരമാക്കിത്തീർക്കാവുന്ന ഒരവസ്ഥയിലാണ്. നിങ്ങൾ വിവാഹിതനാകുന്നെങ്കിൽ അതു മനസ്സിൽ പിടിക്കുക. നിങ്ങൾ അപ്പോൾ ഭർത്താവെന്നനിലയിൽ കുടുംബത്തിന്റെ ശിരസ്സാണെങ്കിലും അതു നിങ്ങളെ ഒരു ഏകാധിപതിയാക്കുന്നില്ല. ഇല്ല, കാരണം ദൈവവചനം ഭർത്താക്കൻമാരോട്, “ക്രിസ്തുവും [ക്രിസ്തീയ] സഭയെ സ്നേഹിക്കയും അവൾക്കുവേണ്ടി തന്നെത്താൻ ഏൽപിച്ചു കൊടുക്കുകയും ചെയ്തതുപോലെ” അവരും തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം എന്ന് കല്പിക്കുന്നു. (എഫേസ്യർ 5:25) അതുകൊണ്ട് ബൈബിൾ ബുദ്ധിയുപദേശങ്ങൾ അനുസരിച്ച് നിങ്ങളും സ്നേഹപൂർവ്വവും മനസ്സാലെയും നിങ്ങൾ വിവാഹം ചെയ്യുന്ന സ്ത്രീക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കും. ഗൗരവമായ എന്തെങ്കിലും കുഴപ്പങ്ങളില്ലാത്ത കാര്യങ്ങളിൽ നിങ്ങളുടെ ഭാര്യയുടെ അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും പരിഗണിക്കുകയും അവയ്ക്ക് മുൻതൂക്കം കൊടുക്കുകയും ചെയ്യുന്നത് നന്നായിരിക്കും. അതുവഴി അവൾക്ക് ബൈബിൾ ആവശ്യപ്പെടുന്ന രീതിയിലുളള സ്നേഹവും ബഹുമാനവും കൊടുക്കും.
24 അപ്രകാരം നിങ്ങൾ വിവാഹിതരാകുന്ന കാലം വരുമ്പോൾ ദൈവത്തിന്റെ ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കുന്നതിനാൽ വിവാഹജീവിതത്തിൽ നിങ്ങൾക്ക് പരസ്പരയോജിപ്പും സമാധാനവും ആസ്വദിക്കാൻ കഴിയും. നിങ്ങളുടെ വിവാഹജീവിതം മഹത്തായ ഈ ക്രമീകരണത്തിലൂടെ നമ്മുടെ സ്രഷ്ടാവ് മനുഷ്യവർഗ്ഗത്തിന് കൈവരുത്താനുദ്ദേശിച്ച സംതൃപ്തിയുടെ ആസ്വാദനത്തിനിടയാക്കുന്ന ഒരു യഥാർത്ഥ വിജയമായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[161-ാം പേജിലെ ചിത്രം]
സന്തുഷ്ടയായിരിക്കുന്നതിന് താൻ സ്നേഹിക്കപ്പെടുന്നു എന്ന് ഒരു ഭാര്യ തിരിച്ചറിയേണ്ടതുണ്ട്
[164-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഇണ സംസാരിക്കുമ്പോൾ ശ്രദ്ധകൊടുക്കുന്നത് സന്തുഷ്ട വിവാഹജീവിതത്തിന് ജീവൽ പ്രധാനമാണ്