സത്യസന്ധത—അത് പ്രതിഫലദായകമോ?
അധ്യായം 22
സത്യസന്ധത—അത് പ്രതിഫലദായകമോ?
1-4. കുട്ടികളുടെയിടയിൽ സത്യസന്ധതയില്ലായ്മയുടെ എന്തു തെളിവുകളാണ് നിങ്ങൾ നിരീക്ഷിച്ചിട്ടുളളത്? അനേകം യുവജനങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആശ്ചര്യകരമല്ലാത്തതെന്തുകൊണ്ട്? (യെശയ്യാവ് 9:16)
എല്ലായ്പ്പോഴും സത്യം സംസാരിക്കുന്നത് അതിബുദ്ധിയാണെന്ന് ഇന്ന് അനേകം ആളുകളും വിചാരിക്കുന്നില്ല. നിങ്ങൾ അതു നിരീക്ഷിച്ചിട്ടുണ്ടോ? കുറെയൊക്കെ കൃത്രിമം കാണിക്കാതെ തങ്ങൾക്ക് വിജയകരമായി പിടിച്ചു നിൽക്കാനാവില്ല എന്നാണ് പലേ വ്യാപാരികളുടെയും വാദം. അതിശയോക്തിപരവും തെററിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ ദിവസവും നമ്മുടെ കണ്ണിൽപ്പെടുന്നു. പൊതുജനക്ഷേമത്തെ ലാക്കാക്കി രാഷ്ട്രീയ നേതാക്കൻമാർ പ്രവർത്തിക്കുന്നു എന്ന് വിചാരിക്കപ്പെടുന്നുണ്ടെങ്കിലും പലേ ആളുകളും അവരെ ആശ്രയിക്കാൻ കൊളളാത്തവരായി കരുതുന്നു.
2 മുതിർന്നവരിൽ ഇത്രമാത്രം കാപട്യം കണ്ടിട്ട് യുവജനങ്ങളും മിക്കപ്പോഴും അതേ ഗതി പിന്തുടരുന്നു. അനേകർ സ്കൂളിലെ പരീക്ഷകളിൽ വഞ്ചന കാണിക്കുന്നു. അല്ലെങ്കിൽ വ്യാജമായ കാരണങ്ങൾ പറഞ്ഞ് ക്ലാസ്സിൽ പോകാതെ കഴിച്ചുകൂട്ടുന്നു. തങ്ങൾ ഏതുതരം ആളുകളാണ് എന്നും എന്തെല്ലാം ചെയ്തിട്ടുണ്ടെന്നും സംബന്ധിച്ച് തെററായ ചിത്രങ്ങൾ നൽകിക്കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് അവർ വീമ്പിളക്കിയേക്കാം. തങ്ങളുടെ നടത്ത സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് അർദ്ധ സത്യങ്ങളാൽ ഉത്തരം കൊടുത്തുകൊണ്ടും വസ്തുതകൾ മറച്ചുവച്ച് തികച്ചും തെററായ ധാരണ നൽകാൻ തക്കവണ്ണം പദപ്രയോഗങ്ങൾ നടത്തിക്കൊണ്ടും സ്വന്തം ഭവനത്തിൽ തങ്ങളുടെ മാതാപിതാക്കളെ അവർ വഞ്ചിച്ചേക്കാം. അധാർമ്മികത, മയക്കുമരുന്നുകളുടെ ഉപയോഗം മുതലായ കാര്യങ്ങൾ സംബന്ധിച്ച് അവർ എന്തു വിചാരിക്കുന്നു എന്നു കണ്ടുപിടിക്കാൻ മാതാപിതാക്കളോ മററാരെങ്കിലുമോ ശ്രമിക്കുന്നെങ്കിൽ തങ്ങളുടെ യഥാർത്ഥ വികാരങ്ങളല്ല ചോദിക്കുന്നവർ എന്തു “കേൾക്കാനാഗ്രഹിക്കുന്നു” എന്ന് അവർ വിചാരിക്കുന്നുവോ അതുമാത്രം പറഞ്ഞുകൊണ്ട് വളരെ തൻമയത്വത്തോടുകൂടി അവർ വസ്തുതകൾ മറച്ചുവയ്ക്കുന്നു. പണമോ എന്തെങ്കിലും ചെയ്യാനുളള അനുവാദമോ ലഭിക്കുന്നതിനുവേണ്ടി അവർ ആത്മാർത്ഥതയില്ലാത്ത സ്നേഹവും മുഖസ്തുതിയും തങ്ങളുടെ മാതാപിതാക്കളുടെമേൽ ചൊരിയുന്നു.
3 എന്നാൽ ഇതു വാസ്തവത്തിൽ ആശ്ചര്യകരമാണോ? അങ്ങനെ ചെയ്യുന്നതിൽ തങ്ങൾക്ക് നീതീകരണം ഉണ്ട് എന്ന് പലേ യുവജനങ്ങളും വിചാരിക്കുന്നു എന്നതാണ് വസ്തുത. എന്തുകൊണ്ട്? കൊളളാം, വ്യാജം പറയുന്നത് തെററാണ് എന്ന് അവരുടെ മാതാപിതാക്കൾ അവരെ പഠിപ്പിച്ചേക്കാം. എന്നാൽ അസുഖകരമായ ഒരവസ്ഥയിൽ നിന്ന് രക്ഷപെടുന്നതിനോ ഒരു ബില്ലോ കടമോ നികുതിയോ കൊടുക്കാതിരിക്കുന്നതിനോ വേണ്ടി അവരുടെ മാതാപിതാക്കൾ വസ്തുതകൾ വളച്ചൊടിക്കുന്നത് അവർ കണ്ടേക്കാം. ചില മാതാപിതാക്കൾ എന്തെങ്കിലും ഒഴികഴിവിനുവേണ്ടി നുണ പറയാൻ തങ്ങളുടെ കുട്ടികളെ ഉപയോഗിക്കുന്നതായിപോലും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?
4 ഇത്തരം അവസ്ഥകൾ നിലവിലുളളിടത്ത് യുവജനങ്ങൾക്കോ നമ്മിലാർക്കെങ്കിലുമോ എല്ലാകാര്യങ്ങളിലും സത്യസന്ധരായിരിക്കാൻ ശ്രമിക്കുന്നതിന് എന്തു പ്രോത്സാഹനമാണുളളത്? ഭോഷ്ക്ക് പറച്ചിലും വഞ്ചനയും മോഷണവും സർവ്വസാധാരണമായിരിക്കുന്ന ഒരു ലോകത്തിൽ നിങ്ങൾ സത്യമായതിനെ മുറുകെപ്പിടിക്കുന്നത് എത്രമാത്രം പ്രായോഗികവും വിലയുളളതുമാണ്? അതു സത്യസന്ധതയില്ലായ്മ നിങ്ങൾക്ക് കൈവരുത്തുന്നതിനേക്കാൾ കൂടുതൽ പ്രയോജനം കൈവരുത്തുമോ? വരുത്തുമെങ്കിൽ ഏതുതരത്തിലുളള പ്രയോജനം?
താല്ക്കാലിക പ്രയോജനങ്ങളേക്കാൾ നിലനിൽക്കുന്ന പ്രയോജനങ്ങൾ
5-7. വഞ്ചനയിൽ നിന്നുമുളള നേട്ടങ്ങൾ താല്ക്കാലികം മാത്രമായിരിക്കുന്നതെന്തുകൊണ്ട്?
5 നിങ്ങളോടു തന്നെ ചോദിക്കുക: ഞാനെന്താണാഗ്രഹിക്കുന്നത്?—പെട്ടെന്നുളള ഒരു നേട്ടം, പ്രയോജനത്തിന്റെ ഒരു പ്രതീതി, അതോ നിലനിൽക്കുന്ന പ്രയോജനം കൈവരുത്തുന്നതോ? കൂടുതലായി ചിന്തിച്ചാൽ, ഭോഷ്ക്കിൽനിന്നും വഞ്ചനയിൽനിന്നും ലഭിക്കുന്നതായി തോന്നുന്ന പ്രയോജനങ്ങൾ എത്രയൊക്കെയായാലും താല്ക്കാലികമല്ലേ? അതെ, ഇപ്രകാരം പറയുകയിൽ ദൈവവചനം സത്യമാണ്: “സത്യം പറയുന്ന അധരമാണ് എന്നേക്കും നിലനിൽക്കുന്നത്; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുളളു.”—സദൃശവാക്യങ്ങൾ 12:19.
6 ഏതെങ്കിലും സാധനങ്ങളുടെ മേൻമയെ സംബന്ധിച്ച് തെററായ ധാരണ നൽകുന്ന ഒരു വ്യാപാരിയുടെ ഉദാഹരണമെടുക്കുക. ഒരു സാധനം വിൽക്കുന്നതിൽ അയാൾ വിജയിച്ചേക്കാം. എന്നാൽ അതു വാങ്ങിയ ആൾ താൻ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കുമ്പോൾ അതുവഴി വ്യാപാരിക്ക് ഒരു പതിവുകാരനെ നഷ്ടപ്പെടുകയായിരിക്കും ചെയ്യുന്നത്. അല്ലെങ്കിൽ സ്കൂളിൽ നിങ്ങൾ വഞ്ചന കാണിക്കുന്നു എന്ന് വിചാരിക്കുക. പിടിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഉയർന്ന മാർക്കുകൾ ലഭിച്ചേക്കാം. എന്നാൽ വായിക്കാനോ കണക്കുകൂട്ടാനോ പോലും കഴിയാതെ ഒട്ടുംതന്നെ അറിവു സമ്പാദിക്കാതെ നിങ്ങൾ സ്കൂൾ വിടുന്നുവെങ്കിൽ നിങ്ങളുടെ ഉയർന്ന മാർക്കുകൊണ്ട് എന്തുപ്രയോജനമാണ് ലഭിക്കുക?
7 അപ്പോൾ അന്തിമമായി വഞ്ചന കാണിക്കുന്നയാൾ തന്നെത്തന്നെ ഏററം അധികം വഞ്ചിക്കുന്നു. സത്യസന്ധതയുളളവരെയും ഇല്ലാത്തവരെയും തമ്മിൽ ഒന്നു താരതമ്യം ചെയ്യുക. സത്യസന്ധതയില്ലാത്തവനു നഷ്ടപ്പെട്ടേക്കാനിടയുളള കാര്യങ്ങൾ പരിഗണിക്കുക. വഞ്ചന, കൂടുതൽ മെച്ചപ്പെട്ടതും സന്തുഷ്ടവുമായ ജീവിതത്തിന് സഹായിക്കും എന്നു വിചാരിക്കുന്നയാൾ ഹ്രസ്വദൃഷ്ടിയുളളവനാണ് എന്നതിനോട് നിങ്ങൾക്കു യോജിക്കാൻ കഴിയുന്നില്ലേ എന്നുംകൂടി കാണുക.
8-10. സത്യസന്ധത പ്രയോജനകരമായിരിക്കുന്നതെങ്ങനെ (എ) ഒരുവന്റെ ലൗകിക ജോലിയിൽ? (ബി) കുടുംബ ബന്ധങ്ങളിൽ? (സി) സുഹൃത്തുക്കളോടുളള ബന്ധത്തിൽ?
8 നിങ്ങളുടെ ഇടപെടലുകളിൽ നിങ്ങൾ സത്യസന്ധരും വക്രതയൊന്നുമില്ലാത്തവരുമായി അറിയപ്പെടുന്നുവെങ്കിൽ നിങ്ങൾ മററുളളവരുടെ ആദരവും വിശ്വാസവും നേടും. നിങ്ങൾ സമ്പാദിക്കുന്ന സുഹൃത്തുക്കളും ആത്മാർത്ഥതയുളളവരായിരിക്കും. കാരണം നിങ്ങൾ ആത്മാർത്ഥതയുളളവനാണ് എന്ന് അവർ മനസ്സിലാക്കുകയും അതു വിലമതിക്കുകയും ചെയ്യുന്നു. ആധുനിക ലോകം സത്യസന്ധത ഇല്ലാത്തതാണ് എന്നിരിക്കെത്തന്നെ തൊഴിലുടമകൾ സാധാരണയായി സത്യസന്ധരായ തൊഴിലാളികളെ വിലമതിക്കാൻ തക്ക വിവേകം ഉളളവരാണ് എന്നതും ഒരു വസ്തുതയാണ്. അപ്പോൾ സത്യസന്ധത സംബന്ധിച്ച ഒരു സൽപ്പേര് തൊഴിലവസരങ്ങൾ വിരളമായിരിക്കുമ്പോൾ ഒരു തൊഴിൽ ലഭ്യമാക്കുകയോ മററുളളവർക്ക് നഷ്ടപ്പെടുമ്പോൾപോലും ജോലിയിൽ തുടരാൻ സഹായിക്കുകയോ ചെയ്തേക്കാം.
9 സ്വന്തഭവനത്തിൽ സത്യസന്ധത വിവാഹ പങ്കാളികൾക്കിടയിലും കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലും ഉണ്ടാകാവുന്ന സംശയങ്ങളോ വിശ്വാസമില്ലായ്മയോ ദുരീകരിച്ച് ആശ്വാസപ്രദവും സന്തോഷകരവുമായ ഒരന്തരീക്ഷം സംജാതമാക്കുന്നു. തങ്ങളുടെ സത്യസന്ധതയാൽ കുട്ടികൾ മാതാപിതാക്കളുടെ വിശ്വാസം ആർജ്ജിക്കുമ്പോൾ മാതാപിതാക്കൾ സാധാരണയായി തങ്ങളുടെ കുട്ടികൾക്ക് ക്രമേണ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ മനസ്സുളളവരാണ്. ചില പിശകുകളെയോ കുററങ്ങളേയോ സംബന്ധിച്ച സത്യം പറയുന്നത് ചിലപ്പോൾ ശിക്ഷ കൈവരുത്തിയേക്കാം എന്നത് വാസ്തവമാണ്. എന്നാൽ സത്യം പറഞ്ഞതിനാൽതന്നെ മിക്കപ്പോഴും ആ ശിക്ഷ ലഘുവായിരിക്കും. കൂടാതെ ഭാവിയിൽ ഏതെങ്കിലും കുററം ചെയ്തില്ല എന്നു പറഞ്ഞ് സത്യസന്ധമായി നിങ്ങൾ എന്തെങ്കിലും നിഷേധിക്കുമ്പോൾ നിങ്ങളുടെ വിശദീകരണം സ്വീകരിക്കപ്പെടാൻ കൂടുതൽ സാദ്ധ്യതയുണ്ട്.
10 ഏതെങ്കിലും നേട്ടം ഉണ്ടാക്കുന്നതിനും “പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടുന്നതിനും” വേണ്ടി അസത്യമാർഗ്ഗം അവലംബിക്കുന്നയാളുമായി ഇതിനെ തുലനം ചെയ്യുക. അയാൾ ഈ നൻമകളെല്ലാം നഷ്ടമാക്കാവുന്ന അപകടത്തിലാണ്. സത്യസന്ധതയില്ലാത്ത ആളുമായി ഇടപെടുന്നത് സ്ററീയറിംഗിന് തകരാറുളള കാറിൽ യാത്ര ചെയ്യുന്നതുപോലെയാണ്. അയാൾ എന്തുതന്നെ ചെയ്യുകയില്ല എന്ന് നിങ്ങൾക്ക് നിശ്ചയമില്ല. നിങ്ങൾ ഒരു വ്യാജം പറയുമ്പോൾ അല്ലെങ്കിൽ ഒരാളെ വഞ്ചിക്കുമ്പോൾ നിങ്ങൾ സൃഷ്ടിക്കുന്ന അവിശ്വാസം തുടച്ചുനീക്കുന്നതിന് വർഷങ്ങൾതന്നെ വേണ്ടിവന്നേക്കാം. മാതാപിതാക്കളിലൊരാളോ ഒരു സുഹൃത്തോ ഉൾപ്പെട്ടിരിക്കുന്നിടത്ത് ആ മുറിവ് കരിഞ്ഞാലും അതിന്റെ തിക്തമായ ഓർമ്മ ഒരു മായാത്ത പാടുപോലെ അവശേഷിച്ചേക്കാം. നിങ്ങൾ സത്യസന്ധതയില്ലായ്മ ഒരു സ്വഭാവമാക്കുന്നുവെങ്കിൽ മററുളളവർ നിങ്ങളെ വിശ്വസിക്കണം എന്ന് നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്ന സന്ദർഭങ്ങൾ വരുമ്പോൾ അവർക്ക് നിങ്ങളെ വിശ്വസിക്കാൻ കഴിയാതെവരും. സത്യസന്ധതയില്ലായ്മ കൈവരുത്തിയേക്കാവുന്ന ഏതെങ്കിലും താല്ക്കാലിക നേട്ടം അത്രമാത്രം വിലപ്പെട്ടതാണോ?
11-13. (എ) ഭോഷ്ക്ക് പറച്ചിലിന്റെ സ്വഭാവം മിക്കപ്പോഴും എങ്ങനെയാണ് ആരംഭിക്കുക? (ബി) കളളം പറയുന്നത് ധീരതയായിരിക്കാതെ ഭീരുത്വമായിരിക്കുന്നതെന്തുകൊണ്ട്?
11 വാസ്തവത്തിൽ, നുണപറയുന്നത് ഇടിയുന്ന മണലിലേക്ക് ഇറങ്ങുന്നതുപോലെയാണ്. മിക്കപ്പോഴും ഒരു നുണക്ക് പിൻബലം കൊടുക്കാൻ മററു നുണകൾ ആവശ്യമായി വരുന്നു. പെട്ടെന്നുതന്നെ ഒരുവൻ ഒരു വിഷമവൃത്തത്തിൽ കുരുങ്ങുന്നു. ബൈബിളിന്റെ വ്യക്തമായ ബുദ്ധിയുപദേശത്തിലെ ജ്ഞാനം തിരിച്ചറിയാൻ തീർച്ചയായും നമുക്കു കഴിയുകയില്ലേ? “അന്യോന്യം ഭോഷ്ക്ക് പറയരുത്.”—കൊലോസ്യർ 3:9.
12 ഭോഷ്ക്ക് പറയുന്നവർ മിക്കപ്പോഴും അർത്ഥ സത്യങ്ങളും “കൊച്ചു നുണകളും” കൊണ്ട് ആരംഭിച്ച് ക്രമേണ കൂടുതൽ മോശമായതിലേക്ക് നീങ്ങുന്നു. ഭോഷ്ക്ക് പറച്ചിൽ ആരംഭിക്കുന്നത് ചൂതുകളിയിലേർപ്പെടുന്നതുപോലെയാണ്. ചൂതുകളിക്കാരൻ ചെറിയ തുകകൾക്ക് പന്തയം കെട്ടികൊണ്ട് ആരംഭിക്കുന്നു—മിക്കപ്പോഴും ഏതെങ്കിലും നഷ്ടം നികത്താൻ—ക്രമേണ കൂടുതൽ കൂടുതൽ വലിയ തുകകൾ പന്തയം വയ്ക്കാൻ അയാൾ പ്രേരിതനാകുന്നു.
13 ആദ്യമൊക്കെ മുഖത്ത് ഭാവഭേദമൊന്നും കൂടാതെ നുണപറയുന്നത് ഒരു സാമർത്ഥ്യമായി, ഒരു ധീരതയായി തോന്നിയേക്കാം. മുഖത്തുനോക്കി കളളം പറയാൻ കഴിയേണ്ടതിന് അതിൽ പരിശീലനം നേടുന്നവരെ നിങ്ങൾക്കറിയാമായിരിക്കാം. അത് ഏതായാലും ധീരതയല്ലേ? അല്ല. കളളം പറയുന്നത് വാസ്തവത്തിൽ ധൈര്യമല്ല ഭീരുത്വമാണ്. സത്യം പറയുന്നതിനും അതു കൈവരുത്തുന്ന പരിണതഫലങ്ങൾ നേരിടുന്നതിനുമാണ് ധൈര്യം ആവശ്യമായിരിക്കുന്നത്. ശക്തിയെ സൂചിപ്പിക്കുന്നതിനു പകരം ഭോഷ്ക്ക് ബലഹീനതയെയാണ് സൂചിപ്പിക്കുന്നത്. ഭോഷ്ക്കിന് തനിയെ നിൽക്കാൻ കഴിയാതെ കൂടുതൽ ഭോഷ്ക്കുകളുടെ പിൻബലം ആവശ്യമായിട്ടാണിരിക്കുന്നത്. സത്യത്തെ അഭിമുഖീകരിക്കാൻ അതിന് മനസ്സില്ല. അപ്പോൾ നിങ്ങൾ എന്തുകൊണ്ട്, മുഖംമൂടിധരിച്ചും ഒളിച്ചും പതുങ്ങിയും ഒഴികഴിവുകണ്ടുപിടിച്ചും ജീവിതം ചെലവഴിക്കുന്ന ഒരുവനെപ്പോലെയായിരിക്കണം? എന്തിന്, നിങ്ങൾ, ഒരു വഞ്ചകനായിത്തീരുകയും ഒരു ഇരട്ടത്താപ്പു ജീവിതം നയിക്കാൻ ശ്രമിക്കുകയും പരാജയത്തിലവസാനിച്ചു ആത്മഹത്യ ചെയ്യുകയും ചെയ്ത യൂദാ ഇസ്ക്കരിയോത്തായെപ്പോലെയായിരിക്കണം? സത്യസന്ധരായിരിക്കാൻ മാത്രമുളള പുരുഷത്വമോ സ്ത്രീത്വമോ എന്തുകൊണ്ട് പ്രകടമാക്കിക്കൂടാ? ആത്മാഭിമാനവും ഒരു നല്ല മനസ്സാക്ഷിയും നിലനിർത്തുന്നതിനുളള ഏകമാർഗ്ഗം അതു മാത്രമാണ്.
വാക്കു പാലിക്കുക
14-16. നിങ്ങളുടെ വാക്കുപാലിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
14 വാക്കുപാലിക്കുന്നതും സത്യസന്ധതയിൽ ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ട് അതു പാലിക്കാഞ്ഞാൽ നിങ്ങൾ ദ്രോഹിക്കപ്പെട്ടതായി വിചാരിച്ചേക്കാനിടയുണ്ട്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളോട് വാക്കുപാലിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് അത്രതന്നെ ശക്തമായ വികാരങ്ങളാണോ ഉളളത്? ഈ കാര്യത്തിൽ നിങ്ങൾ എങ്ങനെയുണ്ട്? നിങ്ങൾ ആരെയെങ്കിലും സഹായിക്കാമെന്നോ എന്തെങ്കിലും സേവനം അവർക്ക് ചെയ്യാമെന്നോ പറഞ്ഞാൽ നിങ്ങളുടെ വാക്കുപാലിക്കാൻ നിങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടോ? നിങ്ങൾ ആരെയെങ്കിലും ഒരു പ്രത്യേക സമയത്ത് കാണാമെന്നു തീരുമാനിച്ചാൽ നിങ്ങൾ നിശ്ചിത സമയത്തുതന്നെ അവിടെ എത്തുമോ? നിങ്ങളുടെ വാക്ക് എത്രമാത്രം വിലയുളളതാണ്?
15 വാക്കുപാലിക്കുന്ന സ്വഭാവം വളർത്തിയെടുക്കാൻ തുടങ്ങുന്നതിന് പററിയ സമയം യൗവനമാണ്. നിങ്ങൾ വാക്കു പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങൾ ഇപ്പോൾ ഉളളിൽ ഏതു തരത്തിലുളളയാളാണ് എന്നത് സംബന്ധിച്ച് വളരെയധികം വെളിപ്പെടുത്തുന്നു. അതിന് നിങ്ങളുടെ മനസ്സിൻമേലും ഹൃദയത്തിൻമേലും കരുപ്പിടിപ്പിക്കുന്ന ഫലവുമുണ്ട്. അതു നിലനിൽക്കുന്ന വ്യക്തിത്വഗുണങ്ങൾ ഉളവാക്കുന്ന മനോഭാവവും വീക്ഷണവും കെട്ടുപണി ചെയ്യുന്നു.
16 ഇപ്പോൾ നിങ്ങൾ ആശ്രയയോഗ്യനെങ്കിൽ പിൽക്കാല വർഷങ്ങളിലും നിങ്ങൾ അങ്ങനെയായിരിക്കാനാണ് സാദ്ധ്യത. അതിന്റെ വിപരീതവും അത്രതന്നെ സത്യമാണ്. ഉദാഹരണത്തിന് ഇപ്പോൾ നിങ്ങൾ വാക്കുപാലിക്കുന്നില്ലെങ്കിൽ പിൽക്കാലവർഷങ്ങളിൽ ഒരു നിയമനമോ ജോലിയോ സ്വീകരിക്കാമെന്ന് ഉടമ്പടി ചെയ്കയും അതിനുശേഷം പെട്ടെന്നുതന്നെ അതിൽനിന്ന് പിൻമാറുകയും ചെയ്തേക്കാം. പലരും അങ്ങനെ ചെയ്യുന്നു. എന്നാൽ അവർ മററുളളവരാൽ ആദരപൂർവ്വം വീക്ഷിക്കപ്പെടുന്നില്ല.
17-19. (എ) ആളുകൾ എന്തുകൊണ്ടാണ് വാഗ്ദാനങ്ങൾ ലംഘിക്കുന്നത്? (ബി) വാഗ്ദാനങ്ങൾ ലംഘിക്കാൻ നിങ്ങളെ ചായ്വുളളവരാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതെന്ത്?
17 എന്തുകൊണ്ടാണ് ആളുകൾ വാക്കുപാലിക്കാതിരിക്കുന്നത്? കൊളളാം, വാക്കുപാലിക്കുന്നത് ഒരുവന്റെമേൽ ചില പരിമിതികൾ വയ്ക്കുന്നു; അവനെ കടപ്പാടുളളവനാക്കിത്തീർക്കുന്നു എന്നതാണ് ഒരു സംഗതി. ഒരു മുൻനിർണ്ണയമനുസരിച്ച് പെരുമാറേണ്ട അല്ലെങ്കിൽ ഒരു വാഗ്ദാനം പാലിക്കേണ്ട സമയം വരുമ്പോൾ മറെറന്തെങ്കിലും കൂടുതൽ ആകർഷകമായി തോന്നിയേക്കാം. കൂടാതെ വാക്കുപാലിക്കുന്നതിന് അയാൾ വിചാരിച്ചതിനേക്കാൾ കഠിനമായ അദ്ധ്വാനം ആവശ്യമാണെന്നും ഒരുവൻ മനസ്സിലാക്കിയേക്കാം.
18 അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്ക് അല്പം ബുദ്ധിമുട്ടോ നഷ്ടമോ വരുമെങ്കിലും നിങ്ങൾ നിങ്ങളുടെ വാക്കിനോട് പററിനിൽക്കുമോ? ഒരുവൻ പറഞ്ഞേക്കാം: “ഞാൻ എന്താണ് ഏറെറടുക്കുന്നതെന്ന് എനിക്കറിയാൻ പാടില്ലായിരുന്നു!” എന്നാൽ യഥാർത്ഥ ചോദ്യമിതാണ്: അതാരുടെ കുററമായിരുന്നു? മറേറയാളിന്റെ ഭാഗത്ത് എന്തെങ്കിലും ചതിയോ വഞ്ചനയോ ഉണ്ടായിരുന്നോ? അതില്ലായിരുന്നെങ്കിൽ, നിങ്ങൾ വാക്കു പാലിക്കുന്നതിനുവേണ്ടി എന്തെങ്കിലും കഷ്ടപ്പാട് സഹിക്കേണ്ടിവന്നാൽ തന്നെ നിങ്ങൾക്ക് അതിൽനിന്ന് ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിയും. അതായത്: നിങ്ങൾ സംസാരിക്കുന്നതിന് മുമ്പ്, വാക്കു പറയുന്നതിന് മുമ്പ്, ആലോചിക്കുക, എന്നിട്ട് നിങ്ങൾ സംസാരിക്കുമ്പോൾ എന്തു പറയുന്നുവോ അതുതന്നെ അർത്ഥമാക്കുക.
19 അനന്തരഫലങ്ങളെപ്പററി ചിന്തിക്കാതെ ആരെയെങ്കിലും തൃപ്തിപ്പെടുത്താൻവേണ്ടി മാത്രം “ഉവ്വ്” എന്നു പറയുന്നെങ്കിൽ അതു നിങ്ങളെ കുഴപ്പത്തിൽ ചാടിക്കും. നേരെ മറിച്ച് വാഗ്ദാനങ്ങൾ ചെയ്യുന്നതു സംബന്ധിച്ച് നിങ്ങൾ ശ്രദ്ധയുളളയാളാണെങ്കിൽ, നിങ്ങൾ വേണ്ടവിധം കാര്യങ്ങൾ ചിന്തിക്കുകയും അവ നിങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്ന് പരിഗണിക്കുകയും ചെയ്യുന്നെങ്കിൽ വാക്കു പറഞ്ഞാൽ അതു പാലിക്കുന്നത് നിങ്ങൾക്ക് കൂടുതൽ എളുപ്പമായിരിക്കും. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും വാക്കു പാലിക്കുന്നതിന് തയ്യാറാക്കിയിട്ടുണ്ടാകും. “നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നുതന്നെയായിരിക്കട്ടെ,” എന്ന് യേശു പറഞ്ഞു.—മത്തായി 5:37.
സത്യസന്ധത പ്രതിഫലദായകമായിരിക്കുന്നതിന്റെ മുഖ്യകാരണം
20-22. (എ) എല്ലായ്പ്പോഴും സത്യസന്ധരായിരിക്കുന്നത് പ്രധാനമായിരിക്കുന്നതിന്റെ മുഖ്യകാരണമെന്ത്? (സങ്കീർത്തനം 15:1-4) (ബി) തന്റെ വാക്കുപാലിക്കുന്നതു സംബന്ധിച്ച് എന്തു നല്ല മാതൃകയാണ് ദൈവം വച്ചിരിക്കുന്നത്, അവന്റെ മാതൃകയെ അനുകരിക്കുന്നതിന് നമ്മെ സഹായിക്കുന്നതെന്ത്?
20 വിശ്വസ്തതയും സത്യസന്ധതയും പ്രതിഫലദായകമായിരിക്കുന്നതിന്റെ മുഖ്യകാരണം അതുളളവരെ മാത്രമേ യഹോവ തന്റെ സുഹൃത്തുക്കളായി എണ്ണുന്നുളളു എന്നതാണ്. അതെന്തുകൊണ്ടാണ്? കാരണം യഹോവതന്നെ എപ്പോഴും വാക്കുപാലിക്കുന്നവനാണ്. അതുകൊണ്ടാണ് യിസ്രായേൽ ജനത്തോട് യോശുവായ്ക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുളള സകല നൻമകളിലുംവച്ച് ഒന്നിനും വീഴ്ച വന്നില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണദേഹിയിലും ബോധ്യമായിരിക്കുന്നു. സകലവും നിങ്ങൾക്ക് സംഭവിച്ചു. ഒന്നിനും വീഴ്ച വന്നിട്ടില്ല.” (യോശുവ. 23:14) ബൈബിൾ മുഖ്യമായും യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിച്ചതിന്റെ രേഖയാണ്. കഴിഞ്ഞകാലങ്ങളിലെ അവന്റെ വിശ്വസ്തതയാണ് അവന്റെ വാഗ്ദത്ത നിവൃത്തിയായി വരാനിരിക്കുന്ന ഭാവി അനുഗ്രഹങ്ങളെ സംബന്ധിച്ച് നമുക്ക് ഉറപ്പു നൽകുന്നത്.
21 നിങ്ങൾ ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്നുവോ? എങ്കിൽ അവൻ അതു, തന്നെ “ആത്മാവോടും സത്യത്തോടും കൂടെ” ആരാധിക്കുന്നവർക്കു മാത്രമേ നൽകുന്നുളളു എന്ന് ഓർമ്മിക്കുക. (യോഹന്നാൻ 4:23) എല്ലാത്തരത്തിലുമുളള ഭോഷ്ക്ക്—ചതി, വമ്പുപറച്ചിൽ, ദൂഷണം, ഉപായം—അവൻ വെറുക്കുന്നു എന്നുംകൂടി മനസ്സിൽ പിടിക്കുക. കാരണം അതു സ്വാർത്ഥത, അത്യാഗ്രഹം, മററുളളവരുടെ താല്പര്യങ്ങളോടുളള നിഷ്ഠൂരമായ പരിഗണനയില്ലായ്മ എന്നിവയിൽനിന്നാണ് ഉത്ഭവിക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും ദൈവത്തിന്റെ മുഖ്യ എതിരാളിയും “ഭോഷ്ക്കിന്റെ പിതാവു”മായ സാത്താന്റെ നുണയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അവനറിയാം.—യോഹന്നാൻ 8:44.
22 സത്യസന്ധതയുടേതായ ഒരു ഗതിയോട് വിശ്വസ്തതയോടെ പററിനിൽക്കാൻ നിങ്ങൾ അത്മാർത്ഥമായി ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങളുടെ സ്രഷ്ടാവിനോടും നിങ്ങളുടെ അയൽക്കാരോടുമുളള യഥാർത്ഥമായ സ്നേഹത്തിന് മാത്രമേ അതിനാവശ്യമായ പ്രചോദനം നൽകാൻ കഴിയുകയുളളു എന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. സത്യത്തോട് അതു കൈവരുത്തുന്ന നൻമയെപ്രതി ഹൃദയംഗമമായ സ്നേഹവും അസത്യത്തോട് അതു കൈവരുത്തുന്ന തിൻമയെപ്രതി അത്രതന്നെ കഠിനമായ വെറുപ്പും ഉണ്ടായിരിക്കേണ്ടതാണ്. മററാരുടെ അംഗീകാരത്തേക്കാളും അധികമായി ദൈവത്തിന്റെ അംഗീകാരം നിങ്ങൾക്കു വിലപ്പെട്ടതായിരിക്കണം. അവൻതന്നെ സത്യത്തെ സ്നേഹിക്കുകയും അസത്യത്തെ ദ്വേഷിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് പരാജയപ്പെടാത്ത അവന്റെ വാഗ്ദത്തങ്ങളെയും അവന്റെ വചനത്തിന്റെ തെളിയിക്കപ്പെട്ട ആശ്രയയോഗ്യതയെയും അടിസ്ഥാനമാക്കി ഭാവി സംബന്ധിച്ച് ഉറപ്പുളള പ്രതീക്ഷ ഉണ്ടായിരിക്കാൻ കഴിയുന്നത്. അതുകൊണ്ട് അവനെപ്പോലെയായിരിക്കാൻ കഠിനശ്രമം ചെയ്യുക. “സത്യം പറയുന്ന അധരം എന്നേക്കും നിലനിൽക്കും” എന്നും “വ്യാജം പറയുന്ന നാവോ മാത്രനേരത്തേയ്ക്കേയുളളു” എന്നും മനസ്സിൽ പിടിക്കുക.—സദൃശവാക്യങ്ങൾ 12:19.
[അധ്യയന ചോദ്യങ്ങൾ]
[174-ാം പേജിലെ ചിത്രം]
മോഷ്ടിക്കുന്നത് വാസ്തവത്തിൽ നേട്ടമുണ്ടാക്കുന്നുവോ?