സ്വയംഭോഗവും സ്വവർഗ്ഗസംഭോഗവും
അധ്യായം 5
സ്വയംഭോഗവും സ്വവർഗ്ഗസംഭോഗവും
1-4. (എ) സ്വയംഭോഗം എന്നാലെന്ത്? (ബി) ഒരു പ്രവൃത്തി സർവ്വസാധാരണമാണ് എന്ന വസ്തുത അതിനെ അവശ്യം ശരിയാക്കിത്തീർക്കാത്തത് എന്തുകൊണ്ട്? (സി) ഈ കാര്യം സംബന്ധിച്ച ദൈവിക വീക്ഷണത്തിൽ നാം തല്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
ആൺകുട്ടികൾ കുഞ്ഞുങ്ങളുടെ പിതാവായിരിക്കാൻ തക്കവണ്ണവും പെൺകുട്ടികൾ ജൻമം നൽകാൻ തക്കവണ്ണവും താരുണ്യത്തിൽ അവരുടെ ശരീരം വളരുന്നത് ആശ്ചര്യകരമല്ലേ? ശാരീരികമായ ഈ രൂപാന്തരത്തോടൊപ്പം തന്നെ സാധാരണയായി എതിർലിംഗ വർഗ്ഗത്തിൽപ്പെട്ടവരോടുളള നിങ്ങളുടെ മനോഭാവത്തിനും മാററം സംഭവിക്കുന്നു. ഒരു ആകർഷണം വളർന്നുവരുന്നു. ആൺകുട്ടികൾക്ക് പെൺകുട്ടികളിലും പെൺകുട്ടികൾക്ക് ആൺകുട്ടികളിലും തീവ്രമായ താല്പര്യം വികാസം പ്രാപിക്കുന്നു. എന്നാൽ അതേസമയം ത്വരിതഗതിയിൽ മാററങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ ശരീരത്തെ സംബന്ധിച്ച് നിങ്ങൾക്ക് ഒരുതരം ആശ്ചര്യവും ജിജ്ഞാസയും ഉണ്ടായേക്കാം. ഈ ജിജ്ഞാസയെ എങ്ങനെ തൃപ്തിപ്പെടുത്തണം? നിങ്ങളുടെ ലൈംഗികാവയവങ്ങൾകൊണ്ട് പരീക്ഷണം നടത്തണമോ? ഏതെങ്കിലും തരത്തിൽ തിരുമ്മി ഉത്തേജിപ്പിക്കുകയും അതു മൂർദ്ധന്യത്തിലെത്തിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും തെററുണ്ടോ?
2 ഈ പ്രവൃത്തിയെയാണ് സ്വയംഭോഗം എന്നു വിളിക്കുന്നത്. ഇതു വളരെ സാധാരണമാണ്. ഈ വിഷയം സംബന്ധിച്ച് ഒരു പ്രാമാണികൻ പറയുന്നു: “നമുക്ക് ലഭ്യമായ കാര്യഗൗരവമുളള എല്ലാ സ്ഥിതിവിവര കണക്കുകളും കാണിക്കുന്നത് . . . പതിമൂന്നിനും ഇരുപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുളള കുട്ടികളിലും യുവാക്കളിലും തൊണ്ണൂററിയഞ്ചു ശതമാനം പേരും സ്വയംഭോഗം ഒരു ശീലമാക്കുന്ന, വ്യത്യസ്ത ദൈർഘ്യമുളള, ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നു”വെന്നാണ്. പെൺകുട്ടികളെപ്പററി അദ്ദേഹംതന്നെ പറയുന്നത് “നാല്പതു മുതൽ അൻപതുവരെ ശതമാനം പേർ സ്വയംഭോഗത്തിലേർപ്പെടുന്നു” എന്നാണ്. ചിലരുടെ അഭിപ്രായം അനുസരിച്ച് ഈ കണക്കുകൾ കാണിക്കുന്നത്, സ്വയംഭോഗം “സാധാരണഗതിയിലുളളതാണ്” എന്നും “ആരോഗ്യമുളള ഒരു യുവാവിൽ ഇതിന്റെ അഭാവമാണ് ആശങ്കയ്ക്കു ഇടയാക്കുന്നത്” എന്നുമാണ്.
3 ആകട്ടെ, നിങ്ങൾ എന്തു വിചാരിക്കുന്നു? ഇന്നു ലോകത്തിൽ സ്വയംഭോഗം സർവ്വസാധാരണമായിരിക്കുന്നതിനാൽ അതിൽ കുഴപ്പമൊന്നുമില്ലെന്നും അതു ശരീരത്തിന്റെ ഒരു സ്വാഭാവികധർമ്മം മാത്രമാണ് എന്നും ഉളളതിനോട് നിങ്ങൾ യോജിക്കുന്നുവോ? മോഷണവും ഭോഷ്ക്കുപറച്ചിലും കൂടെ ഇന്നു സർവ്വസാധാരണമാണ്. അതുകൊണ്ട് അതും സ്വാഭാവികമാണ്, അതിൽ തെറെറാന്നുമില്ല എന്ന് നിങ്ങൾ പറയുകയില്ല, ഉവ്വോ? “സാധാരണ” ജലദോഷം ഇന്ന് ആഗോള വ്യാപകമാണ്. അതുകൊണ്ട് നിങ്ങൾക്കത് ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നർത്ഥമില്ല, ഉണ്ടോ? എങ്കിൽ സ്വയംഭോഗം നിരുപദ്രവകരമാണ് എന്ന അവകാശവാദം സംബന്ധിച്ചെന്ത്?
4 ഒരു ശാരീരികവീക്ഷണത്തിൽ, ഭൂരിപക്ഷം ഡോക്ടർമാരുടെയും അഭിപ്രായം വല്ലപ്പോഴും മാത്രമുളള സ്വയംഭോഗം നിരുപദ്രവകരമാണ് എന്നാണ്. മിക്ക മനോരോഗ വിദഗ്ദ്ധരെയുംപോലെ അവരും പറയുന്നത് ഈ പ്രവൃത്തിയിൽ ഏർപ്പെടുന്ന ആളിന് കുററബോധം ഉണ്ടായിരിക്കുമ്പോൾ മാത്രമേ അയാൾക്ക് മാനസികവും വൈകാരികവുമായ അസ്വാസ്ഥ്യം അനുഭവപ്പെടുന്നുളളു എന്നാണ്. അതു തുടർന്നു ശാരീരികമായ തകരാറുകൾക്കിടയാക്കുന്നു. എന്നാൽ ഡോക്ടർമാരും മനോരോഗവിദഗ്ദ്ധരും തെററിന് അധീനരായ അപൂർണ്ണ മനുഷ്യരാണ്. മാത്രവുമല്ല അവരുടെ വീക്ഷണങ്ങൾ മാറിക്കൊണ്ടുമിരിക്കുന്നു. എന്നാൽ യുവജനങ്ങൾക്ക് സ്വീകരിക്കാവുന്ന, സ്ഥിരതയുളളതും തെററിനോ അബദ്ധത്തിനോ അടിമപ്പെടാത്തതുമായ ഉപദേശത്തിന്റെ ഒരുറവുണ്ട്. അതു ദൈവവചനമാണ്. നാം ദീർഘായുസ്സുമാത്രമല്ല ദൈവപ്രീതിയിൽ നിത്യായുസ്സ് ആഗ്രഹിക്കുന്നുവെങ്കിൽ നാം അവന്റെ ജ്ഞാനവും ഉപദേശവും തേടണം. നമുക്ക് വേണ്ടിയും നമ്മുടെ സന്തുഷ്ടിക്കുവേണ്ടിയും മനുഷ്യന് ഒരിക്കലും ചെയ്യാൻ കഴിയാത്തത് ചെയ്യാൻ അവന് കഴിയും.
കൂടുതൽ ശ്രേഷ്ഠമായ വീക്ഷണം
5, 6. (എ) കൊലോസ്യർ 3:5-ലെ ബുദ്ധിയുപദേശം സ്വയംഭോഗത്തോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ബൈബിൾ ഈ പ്രവർത്തനത്തെ “ദുരാഗ്രഹ”ത്തോടും “അത്യാഗ്രഹ”ത്തോടും ബന്ധപ്പെടുത്തുന്നതെന്തുകൊണ്ട്?
5 എന്നാൽ സ്വയംഭോഗംകൊണ്ട് ശാരീരികമായി എന്തുമാത്രം തകരാറു സംഭവിക്കുന്നുവെന്നതല്ല ആത്മീയമായി തകരാറു സംഭവിക്കുന്നുണ്ടോ എന്നതാണു യഥാർത്ഥ പ്രശ്നം. “സ്വയംഭോഗം” “സ്വയദുരുപയോഗം” എന്നീ വാക്കുകൾ ബൈബിളിൽ കാണപ്പെടുന്നില്ല എന്നത് വാസ്തവം തന്നെ. എന്നാൽ അപ്പോസ്തലനായ പൗലോസിന്റെ കൊലോസ്യർ 3:5-ലെ നിശ്വസ്ത ബുദ്ധിയുപദേശത്തിൽ നിന്ന് നിങ്ങൾ എന്തു മനസ്സിലാക്കുന്നു? ദൈവാനുഗ്രഹം നഷ്ടപ്പെടുത്താനാഗ്രഹിക്കാത്തവരോട് പൗലോസ് പറയുന്നു: “ആകയാൽ ദുർന്നടപ്പ്, അശുദ്ധി, ലൈംഗികവാഞ്ഛ, ഹാനികരമായ മോഹം, ദുരാഗ്രഹം എന്നിവ സംബന്ധിച്ച് ഭൂമിയിലുളള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ [ഉത്തേജിപ്പിക്കയല്ല വേണ്ടത്].” പരസംഗത്തിൽനിന്ന് വ്യത്യസ്തമായി സ്വയംഭോഗം ഒരു വ്യക്തി മാത്രം ഉൾപ്പെട്ടിരിക്കുന്ന സംഗതിയാണ്. എന്നാൽ അതുകൊണ്ട് അത് അശുദ്ധമല്ല എന്നുവരുമോ? മറിച്ച് അതും “അതിരാഗ”ത്തിന് വഴങ്ങുന്നതോ അതിനാൽ കീഴ്പ്പെടുത്തപ്പെടുന്നതോ അല്ലേ?
6 കൂടാതെ, “അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കാൻ അഴിഞ്ഞനടത്തക്ക് തങ്ങളെത്തന്നെ ഏല്പ്പിച്ചിരിക്കുന്ന”വരെപ്പററിയും അപ്പോസ്തലൻ എഴുതുന്നു. (എഫേസ്യർ 4:19) കഴിഞ്ഞ ഖണ്ഡികയിൽ ഉദ്ധരിച്ച കൊലോസ്യർക്കുളള ലേഖനത്തിൽ പൗലോസ് “ദുരാഗ്രഹ”ത്തെപ്പററിയും ഈ ഉദ്ധരണിയിൽ “അത്യാഗ്രഹ”ത്തെപ്പററിയും പ്രസ്താവിക്കുന്നു. വാസ്തവത്തിൽ സ്വയംഭോഗം അനഭിലഷണീയമായ ഈ രണ്ടു ഗുണങ്ങളും പ്രകടമാക്കുന്നു. എങ്ങനെ? കൊളളാം, ഒരുവന് ന്യായമായും അർഹമല്ലാത്തതിനെ ആഗ്രഹിക്കുന്നതിന്റെ ഒരു പ്രകടനമാണത്. ലൈംഗികമായ ആഗ്രഹം തൃപ്തിപ്പെടുത്തുന്നതിന് ദൈവം ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണം വിവാഹമാണ്. എന്നാൽ സ്വയംഭോഗത്തിലേർപ്പെടുന്നയാൾ ലൈംഗികമായ ആ സംതൃപ്തിക്കു വില കൊടുക്കാതെ അതു നേടാൻ ശ്രമിക്കുകയാണ്. വിവാഹജീവിതത്തിന്റേതായ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുന്നതും വഹിക്കുന്നതുമാണ് ആ വില. ഇതിനോടുളള ബന്ധത്തിൽ, ‘കാമത്താൽ എരിയുന്നവർക്ക്’ പൗലോസ് ഉപദേശം കൊടുത്തത് സ്വയംഭോഗത്തിലൂടെ ആശ്വാസം തേടാനല്ല, മറിച്ച് ദൈവക്രമീകരണമായ വിവാഹത്തിലൂടെ അങ്ങനെ ചെയ്യാനാണ് എന്നത് ശ്രദ്ധിക്കുക.—1 കൊരിന്ത്യർ 7:2, 9.
7, 8. (എ) സ്വയംഭോഗം ഒരു സ്വഭാവമായിത്തീരുന്നുവെങ്കിൽ അതു ഒരുവന്റെ ഭാവി വൈവാഹിക സന്തുഷ്ടിയെ എങ്ങനെ ബാധിച്ചേക്കാം? (ബി) സ്വയംഭോഗത്തെ, ദൈവകല്പനകൾ ഗൗരവാവഹമായ രീതിയിൽ ലംഘിക്കുന്നത് ഒഴിവാക്കാനുളള മാർഗ്ഗമായി വീക്ഷിക്കുന്നത് തെററായിരിക്കുന്നതെന്തുകൊണ്ട്?
7 വാസ്തവത്തിൽ, സ്വയംഭോഗം വിവാഹജീവിതത്തിലെ നിങ്ങളുടെ ഭാവി സന്തുഷ്ടിയെ അപകടപ്പെടുത്തിയേക്കാം. ഒരു വ്യക്തി സ്വയംഭോഗത്തിലൂടെ സ്വന്തം ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നത് ഒരു പതിവാക്കുന്നുവെങ്കിൽ അതു സ്വന്തം സുഖത്തെയും സംതൃപ്തിയേയും പററിമാത്രം ചിന്തിക്കുന്ന ഒരു സ്വഭാവം വളർത്തുന്നു. എന്നാൽ വിവാഹജീവിതത്തിൽ, പ്രത്യേകിച്ചും പുരുഷന്റെ ഭാഗത്ത്, തന്റെ വിവാഹഇണയുടെ സുഖത്തിനും സംതൃപ്തിക്കുംകൂടി ശ്രദ്ധ കൊടുക്കേണ്ടയാവശ്യമുണ്ട്. അല്ലാഞ്ഞാൽ ദാമ്പത്യബന്ധം വഷളാവുകയും അതുവഴി ദുഃഖത്തിനും മോഹഭംഗത്തിനും ഇടയാവുകയും ചെയ്യുന്നു. ഈ അവസ്ഥ—ഭർത്താക്കൻമാർ ഭാര്യമാരുടെ ആവശ്യങ്ങൾ അവഗണിച്ച് സ്വന്തം തൃപ്തിയേപ്പററി മാത്രം ചിന്തിക്കുന്നത്—വിവാഹജീവിതത്തിലെ അതിരൂക്ഷമായ പ്രശ്നങ്ങളിലൊന്നാണ്. അതിൽ ഏറിയപങ്കും വിവാഹത്തിനു മുൻപ് സ്വയംഭോഗം ഒരു സ്വഭാവമാക്കിയതിൽ നിന്ന് ഉത്ഭവിക്കുന്നു.
8 ചിലർ ചോദിച്ചേക്കാം: “എന്നാൽ ഒരുവന് വിവാഹം ശുപാർശ ചെയ്യപ്പെടാൻ തക്ക പ്രായമായിട്ടില്ലെങ്കിലോ? വിവാഹത്തിനായി കാത്തിരിക്കുന്നതിനിടയിൽ പരസംഗം, സ്വവർഗ്ഗസംഭോഗം എന്നിവപോലെ, ദൈവകൽപ്പനകളുടെ കൂടുതൽ മോശമായ ലംഘനത്തിനെതിരെ സ്വയംഭോഗം ഒരുവനെ സംരക്ഷിക്കയില്ലേ?” അങ്ങനെ ചിലർക്ക് തോന്നിയേക്കാം. എന്നാൽ അത് ശരിയായ യുക്തിവാദമാണോ? ഒരിക്കലുമല്ല. ഇത്തരം പ്രവൃത്തികൾക്കെതിരേ നമുക്കു സംരക്ഷണമായിരിക്കാവുന്ന നൻമപ്രിയവും ഉത്തമ മനസ്സാക്ഷിയും ബലഹീനമാക്കുന്നതിനേ സ്വയംഭോഗം ഉപകരിക്കയുളളു. മയക്കുമരുന്നിനടിമപ്പെടുന്നവർ പിരിമുറുക്കം അനുഭവപ്പെടുമ്പോഴെല്ലാം അതിനിടയാക്കുന്ന സാഹചര്യങ്ങളെ നേരിടാൻ കഴിയാത്തതിനാൽ മയക്കുമരുന്നുകളെ ആശ്രയിക്കുന്നതുപോലെ സ്വയംഭോഗക്കാരും അതിനെ ആശ്രയിക്കാനിടയാകുന്നു. ക്രമേണ ഒരുവനെ അതിനടിമയാക്കുന്ന ഒരു ദൂഷിതവലയം സൃഷ്ടിക്കാൻ അതിന് കഴിയും. എന്നാൽ നമ്മുടെ ശരീരം നമ്മെ നിയന്ത്രിക്കാൻ അനുവദിക്കാതെ നാം നമ്മുടെ ശരീരത്തെ നിയന്ത്രിക്കണം എന്നാണ് ദൈവം ആവശ്യപ്പെടുന്നത്.
സ്വവർഗ്ഗസംഭോഗം
9-13. (എ) സ്വയംഭോഗം ചിലപ്പോൾ ഒരുവൻ സ്വവർഗ്ഗസംഭോഗത്തിനടിമപ്പെടാൻ ഇടയാക്കുന്നതെങ്ങനെ? ആരെങ്കിലും ജൻമനാ സ്വവർഗ്ഗസംഭോഗിയാണോ? (ബി) അത്തരം പ്രവൃത്തികളെ ദൈവം എങ്ങനെയാണ് വീക്ഷിക്കുന്നത്? (സി) അത്തരം പ്രവൃത്തികളിൽനിന്ന് വിമുക്തരാവുക സാദ്ധ്യമാണോ? (റോമർ 1:24-27; ലേവ്യപുസ്തകം 18:22, 23; 1 കൊരിന്ത്യർ 6: 9-11)
9 മനധൈര്യമില്ലാതെ ലൈംഗികാഗ്രഹങ്ങൾക്ക് വഴങ്ങി സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് തീർച്ചയായും പരസംഗത്തിലോ സ്വവർഗ്ഗസംഭോഗത്തിൽപോലുമോ ഏർപ്പെടുന്നതിനുളള പ്രലോഭനത്തെ നേരിടാനുളള ശക്തി പ്രദാനം ചെയ്യുകയില്ല. നേരെമറിച്ച് അത് തെററായ ചിന്തയും തെററായ ആഗ്രഹവും നട്ടുവളർത്തുന്നു. വാസ്തവത്തിൽ, സ്വയംഭോഗത്തിന് ഒരുവനെ സ്വവർഗ്ഗസംഭോഗത്തിലേക്കു നയിക്കാൻ കഴിയും. അങ്ങനെയുളള സാഹചര്യങ്ങളിൽ ഒരുവൻ തനിയേയുളള ലൈംഗികപ്രവർത്തനത്തിൽ തൃപ്തനാകാതെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് ഒരു പങ്കാളിയെ തേടുന്നു.
10 നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുന്നതിനേക്കാൾ കൂടുതലായി, മിക്കപ്പോഴും ഇങ്ങനെയാണത് സംഭവിക്കുക. പലരും വിചാരിക്കുന്നതിന് വിപരീതമായി, സ്വവർഗ്ഗസംഭോഗികൾ ജൻമനാ അങ്ങനെയായിരിക്കുന്നവരല്ല; അത്തരം സ്വഭാവം അവർ ശീലിക്കുന്നതാണ്. പലപ്പോഴും ഒരുവൻ വളരെ ചെറുപ്പമായിരിക്കുമ്പോൾ മറെറാരുവന്റെ ലൈംഗികാവയവം പിടിച്ച് വിനോദിക്കാൻ ആരംഭിക്കുന്നു. തുടർന്ന് സ്വവർഗ്ഗസംഭോഗത്തിന് പ്രേരിപ്പിക്കപ്പെടുന്നു. ഒരു യുവാവ് പറയുന്നു:
11 “ഞാൻ ചെറുപ്പമായിരുന്നപ്പോൾ എനിക്ക് മാതാപിതാക്കളിൽനിന്ന് കാര്യമായ മാർഗ്ഗനിർദ്ദേശമൊന്നും കിട്ടിയിരുന്നില്ല. എന്റെ സ്വന്തം വഴിക്കു പോകാനും ‘എനിക്കിഷ്ടമുളളതൊക്കെ’ ചെയ്യാനും ഞാൻ അനുവദിക്കപ്പെട്ടിരുന്നു. എനിക്ക് ഏതാണ്ട് എട്ടു വയസ്സുളളപ്പോഴാണ് എന്നെക്കാൾ മൂത്ത എന്റെ മച്ചുനൻമാർ എന്നെ സ്വവർഗ്ഗസംഭോഗവുമായി ബന്ധപ്പെടുത്തിയത്. എനിക്കത് രസമായി തോന്നിയതിനാൽ അവരോടൊത്തും പിന്നീട് മററുളളവരുമായും ഈ ഏർപ്പാട് തുടർന്നു പോന്നു. പെട്ടെന്നുതന്നെ ഞാൻ അനുദിനം അതിൽ ഉൾപ്പെടാൻ തുടങ്ങി. ആരംഭത്തിൽ ഞാൻ എന്തെങ്കിലും തെററു ചെയ്യുകയാണെന്ന വിചാരമേ എനിക്കില്ലായിരുന്നു. എന്റെ മാതാപിതാക്കൾ ധാർമ്മികമായ നടത്തയെപ്പററി എനിക്കു നിർദ്ദേശമൊന്നും തന്നിരുന്നില്ല. ഞാൻ എന്റെ രഹസ്യമൊന്നും അവരോട് പറഞ്ഞിരുന്നുമില്ല.
12 “ഞങ്ങൾ അന്നു മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യത്താണ് വസിച്ചിരുന്നത്. പിന്നീട് ഞങ്ങൾ ന്യൂയോർക്കിലേക്ക് താമസം മാററി. അവിടെ ഞാൻ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഞാൻ സ്വവർഗ്ഗസംഭോഗം തുടർന്നുകൊണ്ടേയിരുന്നു. നഗരവും സ്കൂളുകളും സ്വവർഗ്ഗസംഭോഗികളെക്കൊണ്ട് നിറഞ്ഞിരുന്നതിനാൽ അതിനു ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ഞാൻ വളർന്നപ്പോൾ ഞാൻ ചെയ്തുകൊണ്ടിരുന്നത് പ്രകൃതിവിരുദ്ധമാണെന്നും തെററാണെന്നും എനിക്കു ബോധ്യമായി. എന്നാലും ഞാൻ അതു ഇഷ്ടപ്പെട്ടതിനാൽ അതു തുടർന്നുകൊണ്ടേയിരുന്നു. ഈ ലൈംഗികപ്രവൃത്തികൾക്ക് എന്റെമേൽ ഒരു വശീകരണ ശക്തിതന്നെ ഉണ്ടായിരുന്നു.”
13 ഈ യുവാവ് ഇത്തരം പ്രവൃത്തികൾക്ക് “അടിമ”പ്പെട്ടിരുന്നതിനാൽ വലിയ ശ്രമം ചെയ്തശേഷം മാത്രമേ അതിൽ നിന്നും വിമുക്തനാകാൻ കഴിഞ്ഞുളളു. എന്നാൽ ഈ മാററംവരുത്താൻ അയാളെ പ്രേരിപ്പിച്ചതെന്തായിരുന്നു? അതു യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുളള ആഗ്രഹമായിരുന്നു. സ്വവർഗ്ഗസംഭോഗത്തെ ദൈവം “പ്രകൃതി വിരുദ്ധ”മായി കണക്കാക്കുന്നുവെന്നും അതിനെ കുററം വിധിക്കുന്നുവെന്നും ആ യുവാവ് മനസ്സിലാക്കിയപ്പോൾ അതിനെ കീഴടക്കുംവരെ അയാൾ അതിനെതിരെ പോരാടി. ഈ വസ്തുത സംബന്ധിച്ച് ദൈവവചനം വളരെ വ്യക്തമായിത്തന്നെ ഇങ്ങനെ പറയുന്നു: “നിങ്ങളെ തന്നെ വഞ്ചിക്കാതിരിപ്പിൻ: യാതൊരു പരസംഗക്കാരനും വിഗ്രഹാരാധിയും വ്യഭിചാരം സംബന്ധിച്ചോ സ്വവർഗ്ഗ ലൈംഗിക വൈകൃതം സംബന്ധിച്ചോ കുററക്കാരായവരും . . . ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10 ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ആത്മനിയന്ത്രണത്താൽ വിജയം വരിക്കുക
14-16. (എ) ലൈംഗികമായ ആഗ്രഹങ്ങളെ അടക്കിനിർത്തുന്നതിന് നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? (ഫിലിപ്യർ 4:8; 1 തെസ്സലോനിക്യർ 4:3-5) (ബി) നിങ്ങൾക്ക് ലൈംഗികമായ വികാരത്തളളൽ അനുഭവപ്പെടുമ്പോൾ ആശ്വാസത്തിനായി എന്തു ചെയ്യാൻ കഴിയും? (സങ്കീർത്തനം 1:1, 2; 63:6, 7)
14 നിങ്ങളുടെ ചിന്ത നിങ്ങളുടെ വികാരങ്ങളെയും നിങ്ങളുടെ പ്രവൃത്തികളെയും വലിയ ഒരളവുവരെ ബാധിക്കുന്നു. എങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്താണാഗ്രഹിക്കുന്നത്? മിക്കപ്പോഴും ലൈംഗികമായ ആഗ്രഹങ്ങളാൽ ശല്യപ്പെട്ടുകഴിയാനും സ്വയംഭോഗം ഒരു സ്വഭാവമാക്കാനും ഒരുപക്ഷേ സ്വവർഗ്ഗസംഭോഗത്തിലേക്കുപോലും വഴുതി വീഴാനും, നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ലൈംഗികമായ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു വ്യാപരിക്കാൻ അനുവദിക്കുന്നുവെങ്കിൽ അതായിരിക്കും സംഭവിക്കുക. എന്നാൽ ലൈംഗികമായ പ്രേരണ നിങ്ങൾ ജീവിതം ആസ്വദിക്കുന്നതിനും നിങ്ങൾ യഥാർത്ഥത്തിൽ വിലപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും തടസ്സമാകാതെ സൂക്ഷിക്കാൻ കഴിയണമെങ്കിൽ നിങ്ങൾ ആത്മനിയന്ത്രണം പാലിക്കുകയും നിങ്ങളുടെ മനസ്സ് മററുകാര്യങ്ങളിലേക്കു തിരിക്കുകയും വേണം.
15 ലൈംഗികമായി ഉത്തേജിപ്പിക്കുന്ന തരത്തിലുളള കാര്യങ്ങൾ അടങ്ങിയ ചിത്രങ്ങളും പുസ്തകങ്ങളും പത്രമാസികകളും മററും കയ്യിൽ കിട്ടുമ്പോൾ ബലഹീനരായി അതിനടിമപ്പെട്ടുപോകരുത്. നിങ്ങളുടെ മനസ്സ് അത്തരം കാര്യങ്ങളിൽ വ്യാപൃതമാകുന്നതിനോ അത്തരം കാര്യങ്ങളെ ചുററിപ്പററിയുളള സംസാരത്തിലേർപ്പെടുന്നതിനോ നിങ്ങൾ സ്വയം അനുവദിക്കുന്നുവെങ്കിൽ അതിനു നിങ്ങൾ കൊടുക്കേണ്ടിവരുന്ന വില മാനസികമായ വ്യഥയും ഉളളിൽ ഉരുണ്ടുകൂടുന്ന സമ്മർദ്ദങ്ങളുമായിരിക്കും. എന്തുകൊണ്ടെന്നാൽ എത്രയും കൂടുതൽ സമയം നിങ്ങൾ എന്തെങ്കിലും വീക്ഷിക്കുകയോ എന്തിനേപ്പററിയെങ്കിലും സംസാരിക്കുകയോ ചെയ്യുന്നുവോ അത്രകണ്ട് ആഴത്തിൽ നിങ്ങളുടെ ഹൃദയം അതിൽ ആമഗ്നമാകുന്നു. പ്രവർത്തനത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു മുഖ്യ ഘടകം ഹൃദയമാണുതാനും.
16 എന്നാൽ സാധാരണ സന്ദർഭങ്ങളിൽപോലും നിങ്ങളുടെ ഉളളിൽ വികാരം വന്നു മുററുന്നെങ്കിലെന്ത്? അതിൽ നിന്ന് എങ്ങനെ ആശ്വാസം നേടാം? സ്വയംഭോഗത്താലല്ല, മറിച്ച് നിങ്ങളുടെ മനസ്സും ഹൃദയവും ശരീരവും മറെറാരുവഴിക്ക് തിരിച്ചുവിടുന്നതിനാൽതന്നെ. നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്യുകയോ വ്യായാമത്തിലേർപ്പെടുകയോ, കളികളിൽ പങ്കുചേരുകയോ നടക്കാൻ പോവുകയോ ചെയ്യാം. നിങ്ങൾ ബഹുമാനിക്കുന്ന ആരോടെങ്കിലും സംസാരിക്കുന്നതോ ആവശ്യമെങ്കിൽ അങ്ങനെയൊരാളെ ഫോണിൽ വിളിക്കുന്നതോ സഹായകമായേക്കാം. ബൈബിളോ ബൈബിൾ സാഹിത്യങ്ങളോ വായിക്കുന്നത്—ഉച്ചത്തിൽപോലും—ഏററം മെച്ചമായ സഹായങ്ങളിലൊന്നാണ്. എല്ലാററിലുമുപരിയായി ഈ പ്രശ്നവുമായി നിങ്ങളുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തെ പ്രാർത്ഥനയിൽ സമീപിക്കുക.
17-20. (എ) ഒരുവന്റെ ഉറക്കം, ഭക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ചുളള ചില ക്രമീകരണങ്ങൾ സഹായകമായിരുന്നേക്കാവുന്നതെങ്ങനെ? (ബി) ശരിയായതു ചെയ്യുന്നതിന് ഒരുവന് ഒരു കഠിന പോരാട്ടം തന്നെ നടത്തേണ്ടതുണ്ടെങ്കിലും തന്റെ അവസ്ഥ ആശയററതാണ് എന്ന് വിചാരിക്കരുതാത്തത് എന്തുകൊണ്ട്? (സങ്കീർത്തനം 103:13, 14)
17 ലൈംഗികമായ സമ്മർദ്ദം കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ സഹായകമായി, നമുക്ക് ചെയ്യാൻ കഴിയുന്ന ലഘുവായതും യുക്തിപൂർവ്വകമായതുമായ മററനേകം കാര്യങ്ങൾ തീർച്ചയായും ഇനിയുമുണ്ട്. മററുളളവരോടുകൂടെ ആയിരിക്കുന്നത്—അവർ സഹവസിക്കാൻ കൊളളാവുന്നവരായിരുന്നാൽ—ഒരു സംരക്ഷണമായിരിക്കാൻ കഴിയും. നിങ്ങൾ തനിയെ ഒരു മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ അനുഭവപ്പെടുന്നു എന്നു കാണുന്നുവെങ്കിൽ നിങ്ങളുടെ വീട്ടിലുളള മററാരെങ്കിലും ഒരാളോടൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങാൻ ക്രമീകരിക്കാവുന്നതാണ്. മലർന്നോ കമിഴ്ന്നോ കിടക്കുന്നതിനേക്കാൾ വശം ചരിഞ്ഞ് കിടക്കുന്നത് സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
18 നിങ്ങളുടെ വസ്ത്രം ലൈംഗികാവയവവുമായി കൂടുതലായി കൂട്ടിയുരുമ്മാതെ ശ്രദ്ധിക്കുന്നതാണ് സഹായകമായേക്കാവുന്ന മറെറാരു സംഗതി. കിടന്നുറങ്ങാൻ പോകുന്നതിനു മുൻപായി നിങ്ങൾ വായിക്കുന്നതോ സംസാരിക്കുന്നതോ ആയ കാര്യങ്ങൾ നിങ്ങളെ ഉത്തേജിപ്പിക്കാതെ ശാന്തരാക്കാൻ തക്കതായിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അപ്പോൾ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധയർഹിക്കുന്നു. കിടക്കാൻ നേരത്തു കഴിക്കുന്ന ഭക്ഷണപാനീയങ്ങളിൽ മിതത്വം പാലിക്കുന്നതായാൽ നന്നായി ഉറങ്ങുകയും ലൈംഗികമായി ഉത്തേജിതരാകാതിരിക്കുകയും ചെയ്യും എന്നും ചിലർ കണ്ടിരിക്കുന്നു. പുരുഷൻമാരും സ്ത്രീകളും നല്ല ശുചിത്വം പാലിക്കുന്നത് പ്രത്യേകാൽ പ്രധാനമാണ്. ശുചിത്വത്തിന്റെ അഭാവം നമ്മുടെ ജനനേന്ദ്രിയങ്ങളിൽ ചൊറിച്ചിലും മററും അനുഭവപ്പെടുന്നതിനും അതുമൂലം നമ്മുടെ ശ്രദ്ധ ആ ദിശയിലേക്ക് തിരിയാനിടയാക്കുന്നതിനും കാരണമായേക്കാം. ശാരീരിക ശുചിത്വം സംബന്ധിച്ച് ഇത്തരം വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളോട് ചോദിക്കാവുന്നതാണ്.
19 ശരിയായ ശുചിത്വം പാലിക്കുന്നതിന് നിങ്ങളുടെ ലൈംഗികാവയവം കൈകൊണ്ടു സ്പർശിക്കുന്നത് ആവശ്യമാണ്. അതു ലൈംഗികാവയവത്തിന്റെ ഒരു ദുരുപയോഗത്തിലേക്കു നയിക്കില്ലേ എന്നു നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ നിങ്ങളുടെ ലക്ഷ്യം ശരിയായിരിക്കുന്നതിനാൽ—ലൈംഗികമായ സമ്മർദ്ദം ഒഴിവാക്കുക എന്നതു തന്നെ—അത്തരം പരിചരണം ലൈംഗികാവയവങ്ങളോട് ഉചിതമായ വീക്ഷണം പുലർത്താൻ നിങ്ങളെ സഹായിക്കുന്നു എന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. അവ നിങ്ങളെ ‘കീഴ്പ്പെടുത്താനോ’ നിങ്ങളുടെ മുഴുജീവിതത്തെയും ഭരിക്കാനോ ഉദ്ദേശിക്കപ്പെട്ടിട്ടുളളവയല്ല എന്നു നിങ്ങൾ വിലമതിക്കും.
20നിങ്ങൾ ഇപ്പോൾ സ്വയംഭോഗത്തിന്റെ ഒരു സ്വഭാവത്തിനെതിരെ പോരാടുകയാണെങ്കിൽ, ഓർമ്മിക്കുക: നിങ്ങൾ തീർച്ചയായും ഇത്തരം പ്രശ്നത്തെ നേരിട്ടിട്ടുളള ആദ്യത്തെ വ്യക്തിയോ ഏക വ്യക്തിയോ അല്ല. ഈ സ്വഭാവം ഉപേക്ഷിക്കുന്നതിന് നിങ്ങൾ അതികഠിനമായ ഒരു പോരാട്ടംതന്നെ നടത്തേണ്ടതുണ്ടെങ്കിലും യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും നിങ്ങളെ കൈവിട്ടിരിക്കയാണെന്ന് ഒരിക്കലും വിചാരിക്കരുത്. അതിനെ കീഴടക്കുന്നതിന് നിങ്ങൾ ആത്മാർത്ഥമായി തുടർന്നു പ്രവർത്തിക്കുന്നുവെങ്കിൽ വിജയം വരിക്കുന്നതിനാവശ്യമായ ശക്തി സംഭരിക്കുന്നതിന് ദയയോടും ക്ഷമയോടും കൂടെ അവർ നിങ്ങളെ സഹായിക്കും.
[അധ്യയന ചോദ്യങ്ങൾ]
[39-ാം പേജിലെ ആകർഷകവാക്യം]
സ്വവർഗ്ഗസംഭോഗികൾ അത്തരക്കാരായി ജനിക്കുന്നതോ, അതോ അത്തരം സ്വഭാവം ശീലിക്കുന്നതോ?
[41-ാം പേജിലെ ചിത്രം]
നിങ്ങൾ എന്തു വായിക്കുന്നു എന്നത് പ്രധാനമാണോ?