സ്കൂളിൽ പഠിക്കേണ്ടത് എന്തുകൊണ്ട്?
അധ്യായം 11
സ്കൂളിൽ പഠിക്കേണ്ടത് എന്തുകൊണ്ട്?
1-3. (എ) സ്കൂൾജീവിതത്തെ സംബന്ധിച്ചുളള നിങ്ങളുടെ മനോഭാവമെന്താണ്? (ബി) ഗലാത്യർ 6:7-ലെ ബൈബിൾ തത്വം സ്കൂൾ ജീവിതത്തിനു ബാധകമാകുന്നതെങ്ങനെ?
എന്തിനാണ് നിങ്ങൾ സ്കൂളിൽ പോകുന്നത്? ഒരുപക്ഷേ നിങ്ങളുടെ പ്രദേശത്ത് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു നിശ്ചിത പ്രായംവരെ നിങ്ങൾ സ്കൂളിൽ പോകണമെന്ന് നിർബന്ധമുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും ഒരു കുട്ടിയായിരിക്കുന്ന സ്ഥിതിക്ക് നിങ്ങളുടെ മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതുണ്ടായിരിക്കാം.
2 എന്നാൽ സ്കൂളിലായിരിക്കുന്നതിന് നിങ്ങൾ വ്യക്തിപരമായി മറെറന്തെങ്കിലും കാരണം കാണുന്നുണ്ടോ? സ്കൂളിലായിരിക്കുമ്പോൾ നന്നായി പഠിക്കുന്നതിൽനിന്നും ഗൃഹപാഠവും മററും ചെയ്യുന്നതിൽനിന്നും എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? കഷ്ടിച്ചു കടന്നുകൂടാൻ മാത്രം വല്ലതും പഠിക്കുന്നവരോ ഒട്ടുംതന്നെ പഠിക്കാത്തവരോ ആയ അനേകം ചെറുപ്പക്കാരെ നിങ്ങൾക്കറിയാമായിരിക്കും അല്ലേ? എന്നാൽ പഠിക്കാനുളള അവസരം പ്രയോജനപ്പെടുത്താത്തതിനാൽ അവരുടെ ശിഷ്ട ജീവിതം മുഴുവനിലേക്കും അവർ തങ്ങൾക്കുതന്നെ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എന്തുകൊണ്ട്?
3 എന്തുകൊണ്ടെന്നാൽ യൗവനത്തിൽ ഒരുവൻ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രായപൂർത്തിയാകുമ്പോൾ അവന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെമേൽ ഒരു വലിയ ഫലമുണ്ട്. സ്കൂൾ ജീവിതത്തെ സംബന്ധിച്ചുപോലും ഈ ബൈബിൾ തത്വം ബാധകമാകുന്നു: “ഒരു മനുഷ്യൻ വിതയ്ക്കുന്നതുതന്നെ അവൻ കൊയ്യും.” (ഗലാത്യർ 6:7) ഇപ്പോൾ സ്കൂൾ പഠനത്തിൽ സമയവും ശ്രമവും ‘വിതയ്ക്കുന്നതു’ കൊണ്ടുളള പ്രയോജനങ്ങൾ എന്തൊക്കെയാണ്? എന്ന് നിങ്ങൾ ചോദിച്ചേക്കാം.
പ്രായോഗിക പരിശീലനം
4-6. (എ) ഒരുവൻ സ്കൂളിലായിരിക്കുമ്പോൾ അവസരങ്ങളെ വേണ്ടവണ്ണം ഉപയോഗിക്കുന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 21:5) (ബി) സ്കൂളിൽ ലഭ്യമായിരിക്കുന്ന ഏതു വിഷയങ്ങൾ നിങ്ങളുടെ ഭാവി ജീവിതത്തിന് ഏററവും സഹായകമായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
4 ഏറെ താമസിയാതെതന്നെ നിങ്ങൾ സ്വന്തം കാര്യങ്ങൾ നോക്കേണ്ടിവരും എന്ന വസ്തുതയെ നിങ്ങൾ അഭിമുഖീകരിക്കാതെ വയ്യ. ക്രമേണ നിങ്ങൾ ഒരു ഭർത്താവിന്റെയും പിതാവിന്റെയുമോ ഒരു ഭാര്യയുടെയും മാതാവിന്റെയുമോ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കേണ്ടിവരും. ആ ഉത്തരവാദിത്വങ്ങൾ അനായാസവും ആസ്വാദ്യകരവുമാക്കിത്തീർക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? പിൽക്കാലജീവിതത്തിന് പ്രയോജനപ്രദമായ കാര്യങ്ങൾ പഠിച്ചുകൊണ്ട് സ്കൂൾ ജീവിതത്തെ തക്കത്തിൽ ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾക്കതു ചെയ്യാൻ കഴിയും.
5 അനേകം സ്കൂളുകളിലും വ്യത്യസ്ത വൈദഗ്ദ്ധ്യങ്ങളുടെ അടിസ്ഥാനതത്വങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യയന പദ്ധതികളുണ്ട്. യുവാക്കൾക്കുവേണ്ടി മരപ്പണി, വൈദ്യുതോപകരണങ്ങൾ കൂട്ടിയിണക്കൽ, വെൽഡിംഗ്, കണക്കു സൂക്ഷിപ്പ്, മുതലായവ ഉണ്ടായിരിക്കാം. യുവതികൾക്ക് സെക്രട്ടറിയുടെ ജോലി, ഗൃഹഭരണത്തിന് ആവശ്യമായ പാചകം, തയ്യൽ, അതുപോലെതന്നെ വിലപ്പെട്ട മററു പല വിഷയങ്ങൾ, എന്നിവ പഠിക്കാവുന്നതാണ്.
6 ഈ പരിശീലനങ്ങളിൽ മിക്കവയും നിങ്ങൾ സ്കൂൾ വിട്ടശേഷം അത്ര എളുപ്പത്തിൽ ലഭ്യമല്ലാതിരുന്നേക്കാം. പിന്നീട് അതു ലഭിക്കുന്നുവെങ്കിൽതന്നെ അത് ചിലവേറിയതായി നിങ്ങൾ കണ്ടെത്തും. അതുമല്ലെങ്കിൽ അതു പഠിക്കുന്നതിന്, നിങ്ങളെ പഠിപ്പിക്കാൻ ഒട്ടുംതന്നെ താല്പര്യമില്ലാത്തവരുടെ കൂട്ടത്തിൽ നിങ്ങൾ ജോലി ചെയ്യേണ്ടതായി വന്നേക്കാം. അതുകൊണ്ട് സ്കൂളിലായിരിക്കുമ്പോൾതന്നെ ഇവയിൽ ചിലതു പഠിക്കാനുളള അവസരം ഉപയോഗിക്കരുതോ? സ്കൂളിൽ പഠനവിഷയങ്ങൾ തെരഞ്ഞെടുക്കേണ്ട ഘട്ടം വരുമ്പോൾ തീർച്ചയായും നിങ്ങളുടെ മാതാപിതാക്കളുമായി അക്കാര്യം ചർച്ച ചെയ്യുക. അതുവഴി അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് നിങ്ങൾക്കു പ്രയോജനം അനുഭവിക്കാൻ കഴിയും.
നന്നായി വായിക്കാൻ പഠിക്കുക
7-11. (എ) നന്നായി വായിക്കാനുളള പ്രാപ്തി വിശേഷാൽ വിലപ്പെട്ടതായിരിക്കുന്നതെന്തുകൊണ്ട്? (1 തിമൊഥെയോസ് 4:13, യോശുവ 1:8) (ബി) നിങ്ങളുടെ വായനാപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നിങ്ങൾക്ക് സഹായകമായിരുന്നേക്കാം?
7 പ്രായോഗിക മൂല്യമുളള പലതും നിങ്ങൾക്ക് സ്കൂളിൽ പഠിക്കാൻ കഴിയുമെങ്കിലും നിങ്ങൾക്ക് വളരെ സന്തോഷം കൈവരുത്താനുതകുന്ന ഒന്നുണ്ട്. അതിന് നിങ്ങളുടെ ശേഷിച്ച സ്കൂൾ ജീവിതത്തിൻമേലും പിൽക്കാല ജീവിതത്തിൻമേൽ പോലും വലിയ സ്വാധീനമുണ്ടായിരിക്കും. അതു വായിക്കാനുളള, നന്നായി വായിക്കാനുളള പ്രാപ്തിയാണ്. അനേക തരത്തിലുളള അറിവും വൈദഗ്ദ്ധ്യവും ആസ്വാദനവും തുറന്നു തരുന്ന താക്കോലാണത്.
8 അനുദിനം നിങ്ങൾ ഉണർന്നിരിക്കുമ്പോഴെല്ലാം നിങ്ങൾ പരസ്യപ്പലകകളും ലേബലുകളും പുസ്തകങ്ങളും മാസികകളും പത്രങ്ങളും ഫാറങ്ങളും കത്തുകളും പോലെ വായിക്കാനുളളവയെ അഭിമുഖീകരിക്കുന്നു. നന്നായി വായിക്കാൻ അറിയാത്തവർക്ക് ഇതൊക്കെ ഒട്ടുംതന്നെ സുഖകരമല്ലാത്ത ഒരു ജോലിയായിരിക്കും. നേരെ മറിച്ച് നിങ്ങൾ നന്നായി വായിക്കാൻ പഠിക്കുന്നുവെങ്കിൽ ആസ്വാദ്യകരമാംവണ്ണം നിങ്ങളുടെ ജീവിതം കൂടുതൽ ധന്യമായിരിക്കും.
9 പ്രത്യേകിച്ചും നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ ദൈവവചനമായ ബൈബിളിലെ കാര്യങ്ങൾ പഠിക്കാൻ കഴിയേണ്ടതിന് നന്നായി വായിക്കാൻ പഠിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കും. മററുളളവരോട് ദൈവോദ്ദേശങ്ങളെപ്പററി സംസാരിക്കുമ്പോഴും വിദഗ്ദ്ധമായ വായന വളരെ വിലപ്പെട്ടതാണെന്ന് നിങ്ങൾ കണ്ടെത്തും. അതെ, നല്ല വായനയും നല്ല രീതിയിലുളള സംസാരവും വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.
10 മററനേകരേയും പോലെ വായനയുടെ കാര്യത്തിൽ നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെന്ന് നിങ്ങൾ കാണുന്നുവെങ്കിൽ അതിൽ നിരാശരാകേണ്ടതില്ല, അതു മുഖ്യമായും നിരന്തര പരിശീലനത്തിന്റെയും വാക്കുകൾ എപ്രകാരം എഴുതിയിരിക്കുന്നു എന്ന് നന്നായി ശ്രദ്ധിക്കുന്നതിന്റെയും ഒരു സംഗതിയാണ്. ചിലപ്പോഴൊക്കെ ഉച്ചത്തിൽ വായിക്കുക. ഇതു ശരിയായ അർത്ഥം ഗ്രഹിക്കുന്നതിനും വായിക്കുമ്പോൾ ഉചിതമായ വികാരം പ്രകടമാക്കുന്നതിനും നിങ്ങളെ സഹായിക്കും. സാദ്ധ്യമെങ്കിൽ നന്നായി വായിക്കാൻ അറിയാവുന്ന ഒരാളോട് നിങ്ങളുടെ വായന ശ്രദ്ധിക്കാൻ ആവശ്യപ്പെടുക. അതു തെററുകളും നിങ്ങളുടെ വായനയിൽ കാണപ്പെട്ടേക്കാവുന്ന തെററായ രീതികളും തിരുത്താൻ നിങ്ങളെ സഹായിക്കും.
11 അനായാസവും തടസ്സം കൂടാതെയും വായിക്കാനുളള പ്രാപ്തി യഥാർത്ഥ ശ്രമം ചെയ്യാതെ കരഗതമാകുന്നില്ല എന്നത് സത്യം തന്നെ. എന്നാൽ ഇന്ന് നിങ്ങൾ ചെയ്യുന്ന ശ്രമത്തിന് അനേകം മടങ്ങ് പ്രതിഫലം നിങ്ങൾക്കു ലഭിക്കും. ജീവിതം പരമാവധി ആസ്വദിക്കുന്നതിന് അതു നിങ്ങളെ സഹായിക്കും.
പഠിക്കുന്നതുകൊണ്ടുളള മററു പ്രയോജനങ്ങൾ
12-14. (എ) ഇപ്പോൾ നിങ്ങൾ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതികൾ എത്രമാത്രം പ്രായോഗികമൂല്യമുളളവയാണ്? (ബി) പഠനപദ്ധതികൾക്ക് നിങ്ങളെത്തന്നെ വിധേയരാക്കുന്നത് എപ്രകാരമാണ് പിൽക്കാല ജീവിതത്തിൽ നിങ്ങൾക്ക് വിലപ്പെട്ടതാണ് എന്ന് തെളിയുന്നത്?
12 സ്കൂളിൽ പഠിക്കുന്ന ചില വിഷയങ്ങൾക്ക് വലിയ പ്രായോഗിക മൂല്യമില്ലാത്തതായി നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അവ നിങ്ങളുടെ വീക്ഷണം വിശാലമാക്കുന്നതിനും മററു ചില വിധങ്ങളിലും പ്രയോജനകരമായിരുന്നേക്കാം. ചരിത്രവും ഭൂമിശാസ്ത്രവും ഭാഷകളും പഠിക്കുന്നതിനാൽ നിങ്ങൾക്ക് മററു ജനതകളെയും സ്ഥലങ്ങളെയുംപററി പഠിക്കുന്നതിന് സാധിക്കുന്നു. അനേകരും വളരെ ബുദ്ധിമുട്ടുളളതായി കരുതുന്ന കണക്ക് പലേ പ്രവർത്തനരംഗങ്ങളിലും തൊഴിലുകളിലും വളരെ പ്രയോജനകരമാണ്. ഗൃഹഭരണത്തിലേർപ്പെട്ടിരിക്കുന്ന ഒരാൾക്കുപോലും പാചകവിധികൾ തയ്യാറാക്കുകയും വരവുചെലവു കണക്കുകൾ സൂക്ഷിക്കുകയും മററും ചെയ്യേണ്ടതുളളതിനാൽ ഇതു വിലപ്പെട്ടതാണ്.
13 നിങ്ങൾ ഇഷ്ടപ്പെടാത്ത വിഷയങ്ങൾപോലും സ്കൂളിൽ പഠിക്കുന്നതുകൊണ്ട് മറെറാരു പ്രയോജനവുമുണ്ട്. പഠനം നിങ്ങളുടെ മനസ്സിന് ഒരു അഭ്യാസമായുപകരിക്കുന്നു. അതുവഴി ബുദ്ധിപരമായ നിങ്ങളുടെ പ്രാപ്തിയും മെച്ചപ്പെടുന്നു. ഇതു നിങ്ങളുടെ ശരീരത്തിലെ മാംസപേശികളുടെ കാര്യത്തിലെന്നതുപോലെയാണ്. നിങ്ങളുടെ മാംസപേശികൾക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നുവോ അത്രയും കൂടുതലായി അവ നിങ്ങൾക്ക് ഉപകരിക്കുന്നു. മാനസികോദ്യമങ്ങൾ ക്രമേണ നിങ്ങൾക്ക് ആയാസരഹിതമായിത്തീരുകയും അവ കൂടുതൽ ഉല്പാദനക്ഷമമായിരിക്കുകയും ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തും. എന്നാൽ മാംസപേശികളുടെ കാര്യത്തിലെന്നപോലെ മനസ്സിനെയും വേണ്ടത്ര ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നില്ലെങ്കിൽ അതു “ദുർബല”മായിത്തീരും. തന്റെ മനസ്സ് അപ്രകാരമായിരിക്കാൻ ആരാണ് ആഗ്രഹിക്കുക?
14 സ്കൂളിലെ പഠനത്തിന് ശ്രദ്ധകൊടുക്കുന്നതിൽ നിന്ന് ലഭിക്കാവുന്നതായി വിശേഷാൽ വിലപ്പെട്ട മറെറന്തെങ്കിലുമുണ്ടോ? ഉവ്വ്, നിങ്ങൾക്കു സ്വയശിക്ഷണം അഭ്യസിക്കുന്നതിന് കഴിയുന്നു. ഇതു നിങ്ങൾക്ക് ഇപ്പോൾ അത്ര ആകർഷകമായി തോന്നുകയില്ലായിരിക്കാം. എന്നാൽ നിങ്ങൾക്കറിയാവുന്നതുപോലെ, ജീവിതത്തിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങൾ ഇഷ്ടപ്പെടുന്നതുമാത്രം ചെയ്യുക സാദ്ധ്യമല്ല. നിങ്ങൾ സ്വന്തം ജീവസന്ധാരണത്തിനോ കുടുംബത്തെ പോററുന്നതിനോ വേണ്ടി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കുമ്പോൾ ഇതു ഇപ്പോഴത്തേതിലും അധികമായി സത്യമായിരിക്കും. സമർത്ഥനായ ഒരു കായികതാരത്തെപ്പോലെ ഇപ്പോൾ നിങ്ങൾക്കുതന്നെ ശിക്ഷണം കൊടുത്തു നിങ്ങൾ ശീലിക്കുന്നുവെങ്കിൽ പ്രായപൂർത്തിയാകുമ്പോഴത്തെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനാവശ്യമായ ശിക്ഷണം നേടുന്നതിന് അതു നിങ്ങളെ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുളള പ്രാപ്തി വികസിപ്പിക്കുന്നതിനും അതു സഹായകമാണ്. ചെറുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അനേകരും ആഗ്രഹിക്കുന്ന ഒരു ഗുണമാണത്.
ഒരു സംരക്ഷണം
15-18. (എ) പഠനകാര്യങ്ങളിൽ കഠിനശ്രമം ചെയ്യുന്നത് എപ്രകാരമാണ് നിങ്ങൾക്ക് ഒരു സംരക്ഷണമായിരിക്കുന്നത്? (സദൃശവാക്യങ്ങൾ 13:20) (ബി) ക്രിസ്ത്യാനിയായിരിക്കുന്ന ഒരു യുവാവ് സ്കൂളിൽ നല്ല മാതൃക വയ്ക്കാൻ പ്രത്യേകാൽ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്? (തീത്തോസ് 2:6, 7, 10) (സി) ക്രിസ്ത്യാനികൾക്കുളള ഏതു ഭാവി പ്രതീക്ഷ സ്കൂളിൽ പഠിക്കുന്നതിനും പ്രായോഗിക വൈദഗ്ദ്ധ്യം നേടുന്നതിനും ഒരു ശക്തമായ പ്രേരണയായിരിക്കണം? (1 യോഹന്നാൻ 2:15-17; 2 പത്രോസ് 3:13)
15 പഠനകാര്യങ്ങളിൽ കഠിനശ്രമം ചെയ്യുന്നതു സംബന്ധിച്ച് എടുത്തു പറയത്തക്ക മറെറാരു ഗുണവും കൂടിയുണ്ട്. പഠനകാര്യങ്ങളിലുളള നിങ്ങളുടെ കഠിനശ്രമം നിങ്ങൾക്ക് ഒരു സംരക്ഷണമായി ഉതകിയേക്കാം. അതെപ്രകാരമാണ്?
16 നിങ്ങളുടെ സഹപാഠികളുടെയിടയിൽ ധാർമ്മിക പ്രശ്നങ്ങളുളളതിന്റെ ലക്ഷണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് എന്നത് മിക്കവാറും തീർച്ചയാണ്. തികച്ചും സങ്കടകരമായ ഫലങ്ങളോടെതന്നെ അവർക്കിടയിൽ വളരെയധികം ലൈംഗിക ദുർന്നടത്തയും മയക്കുമരുന്നുകളുടെ ഉപയോഗവുമുണ്ട്. കൂടാതെ അനേകം യുവജനങ്ങളിലും മത്സരത്തിന്റെ ഒരാത്മാവ് പ്രബലപ്പെട്ടിരിക്കുന്നു.
17 ദൈവവചനത്തിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്ന നടത്തയുടെ നല്ല നിലവാരങ്ങളോട് യാതൊരു ബഹുമാനവും ഇല്ലാത്തവരുമായുളള കൂട്ടുകെട്ട് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തിയേക്കാം. അത്തരമാളുകളുമായി ബന്ധപ്പെടുന്നത് നിങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യമല്ലെങ്കിലും സ്കൂളിലെ പഠനത്തിന് ആവശ്യമായിരിക്കുന്നതിലും അധികമായി അവരോടുളള സഹവാസം നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. നിങ്ങൾ പഠനത്തിന് നല്ല ശ്രദ്ധ നൽകുന്നുവെങ്കിൽ സ്കൂൾ കഴിഞ്ഞുളള ഒഴിവു സമയത്തിന്റെ നല്ലൊരു ഭാഗം അതിനാവശ്യമായി വരും. അതിനാൽതന്നെ തത്വദീക്ഷയില്ലാത്തവരുമായുളള സഹവാസത്തിന് ഒരു പരിധി ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങൾ വിദ്യാഭ്യാസവുമായി മുൻപോട്ടു പോകാൻ ആഗ്രഹിക്കുന്നു എന്നു കാണുമ്പോൾ അത്തരം ആളുകൾ ക്രമേണ നിങ്ങളെ ഒഴിഞ്ഞുമാറിക്കൊളളും. ഇതു നിങ്ങൾക്കൊരു സംരക്ഷണമായിരിക്കും.
18 മാത്രവുമല്ല നിങ്ങൾ ഒരു സത്യക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നുവെങ്കിൽ പഠനത്തിനു ശ്രദ്ധ നൽകുക വഴി നിങ്ങൾ മററുളളവർക്ക് ഒരു നല്ല മാതൃകയായിരിക്കും. അതു നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും നിങ്ങൾ ആരാധിക്കുന്ന ദൈവത്തിനും ബഹുമതി കൈവരുത്തും. ഒരു യുവ ക്രിസ്ത്യാനി എന്ന നിലയിൽ ഈ വസ്തുതയിൽ നിങ്ങൾ വളരെ പ്രോത്സാഹനവും പ്രേരണയും കണ്ടെത്തും. നിങ്ങൾ ഇപ്പോൾ വികസിപ്പിച്ചെടുക്കുന്ന പ്രാപ്തികളും വൈദഗ്ദ്ധ്യങ്ങളും ഈ വ്യവസ്ഥിതിക്കപ്പുറവും പ്രയോജനപ്രദമായിരിക്കും, എന്തുകൊണ്ട്? കാരണം ഈ മുഴുദുഷ്ടവ്യവസ്ഥിതിയും അതിന്റെ അന്ത്യത്തെ സമീപിച്ചുകൊണ്ടിരിക്കയാണെന്ന് ബൈബിൾ തെളിവു നൽകുന്നു. പെട്ടെന്നുതന്നെ തൽസ്ഥാനത്ത് ആത്മാർത്ഥഹൃദയരായിട്ടുളള ആളുകൾക്ക് നിത്യജീവൻ ആസ്വദിക്കാൻ കഴിയുന്ന, ദൈവത്തിന്റെ നീതിയുളള പുതിയ വ്യവസ്ഥിതി സ്ഥാപിക്കപ്പെടും. ആ പുതിയ വ്യവസ്ഥിതിയിൽ ദൈവത്തിന്റെ വാഗ്ദത്തം സത്യമെന്നു തെളിയും: “എന്റെ വൃതൻമാർ തന്നെ തങ്ങളുടെ അദ്ധ്വാനഫലം പൂർണ്ണമായി ഉപയോഗിക്കും.” (യെശയ്യാവ് 65:22) അതുകൊണ്ട് യൗവനത്തിൽ നിങ്ങൾ സമ്പാദിക്കുന്ന പഠനത്തിന്റെതും വേലയുടെതുമായ നല്ല ശീലങ്ങൾ നിങ്ങൾക്ക് എന്നേക്കും സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ഒരു ഉറവാണെന്ന് തെളിയും.
[അധ്യയന ചോദ്യങ്ങൾ]
[81-ാം പേജിലെ ചിത്രം]
പ്രായോഗിക പരിശീലനം ഭാവിജീവിതത്തിന് നിങ്ങളെ സജ്ജരാക്കും