വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌ത്രീത്വത്തിലേക്കുളള വളർച്ച

സ്‌ത്രീത്വത്തിലേക്കുളള വളർച്ച

അധ്യായം 4

സ്‌ത്രീ​ത്വ​ത്തി​ലേ​ക്കു​ളള വളർച്ച

1-3. യൗവനാ​രം​ഭ​ത്തിൽ ഒരു പെൺകു​ട്ടിക്ക്‌ തന്റെ ശാരീ​രിക വളർച്ച​യെ​പ്പ​ററി ഉൽക്കണ്‌ഠ​തോ​ന്നാ​നി​ട​യാ​ക്കു​ന്ന​തെന്ത്‌? എന്നാൽ കാല​ക്ര​മ​ത്തിൽ എന്തു സംഭവി​ക്കു​ന്നു?

 വസന്തം ക്രമേണ വേനലി​ലേക്കു നീങ്ങുന്നു. പുഷ്‌പി​ക്കുന്ന മരങ്ങൾ കാല​ക്ര​മ​ത്തിൽ ഫലം കായ്‌ച്ചു തുടങ്ങു​ന്നു. അപ്രകാ​രം​തന്നെ കൊച്ചു​പെൺകു​ട്ടി​കൾ തരുണീ​മ​ണി​ക​ളാ​യി രൂപാ​ന്ത​ര​പ്പെ​ടു​ന്നു. ഒരു മൊട്ടു വിടരു​മ്പോൾ പുഷ്‌പം എങ്ങനെ​യു​ള​ള​താണ്‌ എന്ന്‌ വെളി​പ്പെ​ടു​ന്ന​തു​പോ​ലെ പരിവർത്ത​ന​ത്തി​ന്റേ​തായ കൗമാരം പിന്നിട്ടു കഴിയു​മ്പോൾ, നിങ്ങൾ ഏതു തരത്തി​ലു​ളള ഒരു സ്‌ത്രീ​യാ​യി​ത്തീ​രും എന്നത്‌ കൂടുതൽ വ്യക്തമാ​കു​ന്നു. ഈ വളർച്ച​യിൽ സന്തുഷ്ടി​ദാ​യ​ക​മായ ഫലങ്ങൾ കൈവ​രു​ത്താ​വുന്ന പലതും നിങ്ങൾക്കു ചെയ്യാൻ കഴിയും.

2 യൗവനാ​ഗ​മ​ത്തി​ന്റെ ഈ വർഷങ്ങ​ളിൽ നിങ്ങളു​ടെ ഉയരം ഏതാണ്ടു അഞ്ച്‌, ആറ്‌ ഇഞ്ച്‌ (12-15 സെ.മീ.) വർദ്ധി​ക്കു​ന്നു. നിങ്ങളു​ടെ തൂക്കവും വർദ്ധി​ക്കു​ന്നു. സാധാ​ര​ണ​യാ​യി ഒരു രണ്ടു വർഷത്തി​നു​ള​ളിൽ ഉയരത്തി​ലും തൂക്കത്തി​ലും നിങ്ങളു​ടെ വളർച്ച​യു​ടെ ഗതി​വേഗം ശ്രദ്ധേ​യ​മായ രീതി​യിൽ കൂടു​ന്ന​തി​നാൽ നിങ്ങൾക്ക്‌ ഒരു “വളർച്ച​യു​ടെ കുതിപ്പ്‌” അനുഭ​വ​പ്പെ​ടു​ന്നു. നിങ്ങളു​ടെ പ്രായ​ത്തി​ലു​ളള മററു പെൺകു​ട്ടി​കൾ നിങ്ങ​ളെ​ക്കാൾ വളരെ വേഗത്തിൽ വളരു​ന്നത്‌ നിങ്ങൾ നിരീ​ക്ഷി​ച്ചേ​ക്കാം. അല്ലെങ്കിൽ നിങ്ങൾ മററു​ള​ള​വരെ വളർച്ച​യിൽ കവച്ചു വയ്‌ക്കു​ന്ന​താ​യി കാണ​പ്പെ​ട്ടേ​ക്കാം. എങ്ങനെ​യാ​യി​രു​ന്നാ​ലും ഇതിൽ ഉൽക്കണ്‌ഠ​പ്പെ​ടാ​നൊ​ന്നു​മില്ല. ഓരോ​രു​ത്തർക്കും അവരവ​രു​ടേ​തായ പ്രത്യേക സമയത്താണ്‌ പെട്ടെ​ന്നു​ളള ഈ വളർച്ച അനുഭ​വ​പ്പെ​ടുക. പെൺകു​ട്ടി​കൾ സാധാ​ര​ണ​യാ​യി ആൺകു​ട്ടി​ക​ളേ​ക്കാൾ ഒന്നു രണ്ടു വർഷം മുൻപേ ഈ “വളർച്ച​യു​ടെ കുതിപ്പി”ലെത്തുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ ചില​പ്പോൾ പെൺകു​ട്ടി​കൾക്ക്‌ സമപ്രാ​യ​ക്കാ​രായ ആൺകു​ട്ടി​ക​ളേ​ക്കാൾ ഉയരക്കൂ​ടു​തൽപോ​ലും ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ ആൺകു​ട്ടി​കൾ ഒപ്പമെ​ത്തു​ക​യും അവരുടെ വളർച്ച കൂടുതൽ നീണ്ടു നിൽക്കു​ന്ന​തി​നാൽ മിക്കവാ​റും പെൺകു​ട്ടി​ക​ളേ​ക്കാൾ ഒടുവിൽ ഉയരത്തി​ലും ശക്തിയി​ലും മികച്ചു നിൽക്കാൻ ഇടവരി​ക​യും ചെയ്യുന്നു.

3 ചില​പ്പോൾ കുതി​ച്ചു​ളള ഈ വളർച്ച ആരംഭ​ത്തിൽ ശരീര​ത്തി​ന്റെ ഒരു ഭാഗത്ത്‌ മറെറാ​രു ഭാഗ​ത്തേ​തി​നേ​ക്കാൾ ത്വരി​ത​ഗ​തി​യി​ലാ​യി​രു​ന്നേ​ക്കാം. നിങ്ങളു​ടെ പാദങ്ങ​ളോ കരങ്ങളോ മററു ശരീര​ഭാ​ഗ​ങ്ങളെ അപേക്ഷിച്ച്‌ നിങ്ങൾക്ക്‌ വല്ലായ്‌മ വരുത്തു​മാറ്‌ വളരു​ന്ന​താ​യി​ത്തോ​ന്നി​യേ​ക്കാം. എന്നാൽ കാല​ക്ര​മ​ത്തിൽ മററു ശരീര​ഭാ​ഗ​ങ്ങ​ളും വളർന്ന്‌ ആനുപാ​തിക വളർച്ച കൈവ​രു​ത്തു​ന്നു. സാധാ​ര​ണ​യാ​യി ഉടലിന്റെ നീളവും മാറിന്റെ വിരി​വും അവസാനം മാത്രം വരുന്നു. മുഖത്തി​ന്റെ ആകൃതിക്ക്‌ മാററം സംഭവി​ക്കു​ന്നു. അതേസ​മയം തികഞ്ഞ സ്‌​ത്രൈ​ണ​രൂ​പം കൈവ​രു​ത്തു​ന്ന​തിന്‌ ശരീര​ത്തി​ന്റെ ഇതരഭാ​ഗ​ങ്ങ​ളിൽ മേദസ്സ്‌ വളരാൻ ആരംഭി​ക്കു​ന്നു.

മററ്‌ ശാരീ​രിക മാററങ്ങൾ

4-6. (എ) താരു​ണ്യ​ത്തിൽ “സ്‌ത്രീ​കൾക്കു പതിവു​ളള” എന്താണാ​രം​ഭി​ക്കു​ന്നത്‌? ഈ ശാരീ​രിക പ്രക്രി​യ​യാൽ എന്തു​ദ്ദേ​ശ്യ​മാണ്‌ സാധി​ക്കു​ന്നത്‌? (ബി) മററ്‌ എന്തു ശാരീ​രിക മാററ​ങ്ങൾകൂ​ടി ഈ സമയത്ത്‌ ഉണ്ടാകു​ന്നു, എന്തു​കൊണ്ട്‌?

4 പെൺകു​ട്ടി​ക​ളു​ടെ യൗവനാ​രം​ഭ​ത്തിൽ മറെറാ​ന്നും കൂടി സംഭവി​ക്കു​ന്നു. അതു ബൈബി​ളിൽ പേരെ​ടു​ത്തു പറയ​പ്പെ​ട്ടി​രി​ക്കുന്ന റാഹേൽ എന്ന സ്‌ത്രീ “സ്‌ത്രീ​കൾക്കു​ളള മുറ” എന്നു വിളി​ച്ച​തി​ന്റെ, ആർത്തവ​ത്തി​ന്റെ ആരംഭ​മാണ്‌. (ഉല്‌പത്തി 31:34, 35) ഒരർത്ഥ​ത്തിൽ അതു പുളക​പ്ര​ദ​മായ ഒരു സമയമാണ്‌—നിങ്ങൾ സ്‌ത്രീ​ത്വ​ത്തി​ന്റെ പടിവാ​തിൽക്കൽ എത്തിയി​രി​ക്കു​ന്നു​വെന്ന്‌ അതു തെളി​യി​ക്കു​ന്നു. നിങ്ങളു​ടെ ശരീര​ഗ്ര​ന്ഥി​ക​ളിൽ നിന്നുളള ഹോർമോ​ണു​കൾ പ്രവർത്തനം ആരംഭി​ച്ചി​രി​ക്കു​ന്നു. അവ നിങ്ങളു​ടെ അണ്ഡാശ​യത്തെ ഉത്തേജി​പ്പിച്ച്‌ ആദ്യ​മൊ​ക്കെ അത്ര ക്രമത്തി​ല​ല്ലാ​തെ​യും പിന്നീട്‌ ഏതാണ്ട്‌ നാലാ​ഴ്‌ച​യിൽ ഒരിക്കൽ എന്ന ക്രമത്തി​ലും അണ്ഡങ്ങൾ വളർത്തി​വി​ടാൻ തുടങ്ങു​ന്നു. പാകമായ അണ്ഡം പുറ​ത്തേക്കു വരു​മ്പോൾ അത്‌ ഗർഭാ​ശ​യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു. തൽസമയം, ബീജസം​യോ​ഗം നടക്കു​ന്നു​വെ​ങ്കിൽ ഭ്രൂണത്തെ സ്വീക​രി​ക്കു​ന്ന​തിന്‌ ചില ഉൾപ്പാ​ളി​കൾ വെച്ചു​പി​ടി​പ്പി​ക്കാൻ ഗർഭാ​ശയം ഉത്തേജി​ത​മാ​യി​രി​ക്കു​ന്നു. എന്നാൽ ബീജസം​യോ​ഗം നടക്കാതെ പോയാൽ ഈ ഉൾപ്പാ​ളി​കൾ പിന്നീട്‌ പുറന്ത​ള​ള​പ്പെ​ടു​ന്നു. ഇടയ്‌ക്കി​ടെ രക്തം കലർന്ന ദ്രാവ​ക​വും അല്‌പം പാടയും പുറന്ത​ള​ളുന്ന ആർത്തവ​ത്തി​നി​ട​യാ​ക്കു​ന്നത്‌ ഇതാണ്‌. ചില​പ്പോൾ ഇതി​നോ​ട​നു​ബ​ന്ധിച്ച്‌ അല്‌പം വേദന​യോ അസ്വാ​സ്ഥ്യ​മോ അനുഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും ഇത്‌ ഒരു സ്വാഭാ​വിക പ്രക്രി​യ​യാ​യ​തി​നാൽ അതേപ്പ​ററി അനാവ​ശ്യ​മായ അങ്കലാപ്പ്‌ തോ​ന്നേ​ണ്ട​തില്ല.

5 ഏതു പ്രായ​ത്തി​ലാണ്‌ ഈ മാസമുറ ആരംഭി​ക്കുക? അതിന്റെ തുടക്കം വ്യത്യസ്‌ത വ്യക്തി​ക​ളിൽ വ്യത്യ​സ്‌ത​മാ​യി​രി​ക്കും. പലേ രാജ്യ​ങ്ങ​ളി​ലും അത്‌ സാധാ​ര​ണ​യാ​യി പതിമൂ​ന്നു വയസ്സി​നോ​ട​ടു​ത്താണ്‌. എന്നാൽ ചിലർക്ക്‌ അതു പത്തുവ​യ​സ്സി​ലോ അതിലും നേരത്തെ തന്നെയോ ആരംഭി​ച്ചേ​ക്കാം. മററു ചിലർക്കാ​കട്ടെ പതിനാ​റു വയസ്സോ അതിൽ കൂടു​ത​ലോ ആയിട്ടും ആരംഭി​ച്ചി​ല്ലെ​ന്നും വരാം. അതു​പോ​ലെ തന്നെ ആർത്തവ ദിവസങ്ങൾ മൂന്നു മുതൽ അഞ്ചുവ​രെ​യാ​യി വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നേ​ക്കാം.

6 കുട്ടി​പ്രാ​യ​ത്തിൽ നിന്ന്‌ സ്‌ത്രീ​ത്വ​ത്തി​ലേ​ക്കു​ളള ഈ മാററ​ത്തോ​ടൊ​പ്പം നിങ്ങളു​ടെ അരക്കെട്ട്‌ വണ്ണിക്കു​ന്നു. സ്‌തനങ്ങൾ വികസി​ച്ചു തുടങ്ങു​ന്നു. പ്രത്യ​ക്ഷ​മാ​യും പരോ​ക്ത​മാ​യും സംഭവി​ക്കുന്ന ഈ മാററ​ങ്ങ​ളൊ​ക്കെ​യും സ്രഷ്ടാവ്‌ സ്‌ത്രീ​കൾക്കാ​യി നീക്കി​വ​ച്ചി​രി​ക്കുന്ന, ഭാര്യ​യും അമ്മയും എന്ന ഇരട്ടധർമ്മ​ത്തി​നു​ളള തയ്യാ​റെ​ടു​പ്പു​ക​ളാണ്‌. പെൺകു​ട്ടി​ക​ളു​ടെ വണ്ണിച്ച അരക്കെട്ട്‌ ശിശു​ജ​നനം എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു. കൂടാതെ കൊച്ചു​കു​ഞ്ഞു​ങ്ങളെ ഒക്കത്ത്‌ എടുത്തു​കൊണ്ട്‌ നടക്കു​ന്ന​തി​നും അതു സഹായ​ക​മാണ്‌. സാധാരണ സ്‌ത്രീ​ശ​രീ​ര​ത്തിൽ കാണുന്ന മേദസ്സ്‌ അവൾ ഗർഭി​ണി​യാ​യി​രി​ക്കു​മ്പോ​ഴും ശിശു ജനിച്ച​ശേ​ഷ​വും ശിശു​വി​നാ​വ​ശ്യ​മായ പോഷണം നൽകു​ന്ന​തിന്‌ ഒരു കരുതൽ സംഭര​ണ​മാ​യി ഉതകുന്നു. ശിശു​ജ​ന​ന​ത്തോ​ടെ സ്‌തനങ്ങൾ പാൽ ഉല്‌പാ​ദനം ആരംഭി​ക്കു​ന്നു.

പുരു​ഷൻമാ​രോ​ടു​ളള വർദ്ധി​ച്ചു​വ​രുന്ന ആകർഷണം

7-10.(എ) ഒരു പെൺകു​ട്ടി​യു​ടെ ശാരീ​രി​ക​മായ വളർച്ച അവളുടെ പെരു​മാ​ററം സംബന്ധിച്ച്‌ അവളു​ടെ​മേൽ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ വയ്‌ക്കു​ന്ന​തെ​ങ്ങനെ? (ബി) ഉത്തമഗീ​ത​ത്തിൽ ഈ ഉത്തരവാ​ദി​ത്വം ഒരു പെൺകു​ട്ടി​യെ ഒരു “മതിലി”നോടും ഒരു “വാതിലി”നോടും താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ വിശദീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

7 മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്‌ടാ​വായ യഹോ​വ​യാം ദൈവം സ്‌ത്രീ​കൾക്ക്‌ നൽകി​യി​രി​ക്കുന്ന പദവികൾ അവയോ​ടൊ​പ്പം തന്നെ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ ആദരി​ക്കു​ന്ന​തി​നും അവയ്‌ക്ക​നു​സ​ര​ണ​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നു​മു​ളള ഉത്തരവാ​ദി​ത്വ​വും അവരു​ടെ​മേൽ വയ്‌ക്കു​ന്നു. സ്‌ത്രീ​പു​രു​ഷൻമാർക്കി​ട​യിൽ ഉണ്ടായി​രി​ക്കാൻ ദൈവം ഇടയാ​ക്കി​യി​രി​ക്കുന്ന പരസ്‌പ​രാ​കർഷണം മുഖ്യ​മാ​യും പുനരു​ല്‌പാ​ദ​ന​ത്തോട്‌ ബന്ധപ്പെ​ട്ടാ​ണി​രി​ക്കു​ന്നത്‌. കുഞ്ഞു​ങ്ങൾക്ക്‌ ജന്‌മ​മേ​കാൻ തക്കവണ്ണം ഒരു പെൺകു​ട്ടി​യു​ടെ ശരീരം വളർച്ച പ്രാപി​ക്കു​മ്പോൾ പിതൃ​ത്വ​മേ​റെ​റ​ടു​ക്കാൻ പ്രായ​മായ പുരു​ഷൻമാർ അവളിൽ കൂടുതൽ ആകൃഷ്‌ട​രാ​കാൻ ഇടയാ​കു​ന്നു. ഈ ആകർഷണം തെററായ രീതി​യി​ലോ ദ്രോ​ഹ​പ​ര​മായ രീതി​യി​ലോ ഉപയോ​ഗി​ക്ക​പ്പെ​ട്ടേ​ക്കാം. എങ്കിൽ ദൈവാ​നു​ഗ്രഹം ഉറപ്പു വരുത്തു​ന്ന​തി​നും നിങ്ങളു​ടെ​തന്നെ ഭാവി ഭാസു​ര​മാ​ക്കു​ന്ന​തരം ഗതി സ്വീക​രി​ക്കു​ന്ന​തി​നും എന്തു മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌?

8 ഉത്തമഗീ​തങ്ങൾ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ ഒരു ശൂലേമ്യ കന്യക​യു​ടെ ജ്യേഷ്‌ഠ സഹോ​ദ​രൻമാ​രു​ടേ​തായ രസാവ​ഹ​മായ ഒരു പരാമർശനം നമുക്കു കാണാം. ആദ്യം ഒരാളു​ടെ വാക്കുകൾ ഇപ്രകാ​രം ഉദ്ധരി​ച്ചി​രി​ക്കു​ന്നു. “സ്‌തനങ്ങൾ വന്നിട്ടി​ല്ലാത്ത ഒരു ചെറിയ സഹോ​ദരി നമുക്കുണ്ട്‌. നമ്മുടെ സഹോ​ദ​രി​ക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കു​വേണ്ടി എന്തു ചെയ്യും?” അതായത്‌ അവരുടെ സഹോ​ദ​രി​യു​ടെ നെഞ്ചിന്റെ പരപ്പു മാറി അവൾ വളരു​മ്പോൾ ആരെങ്കി​ലും വിവാ​ഹാ​ലോ​ച​ന​യു​മാ​യി വരു​മ്പോൾ അവർ അവൾക്കു​വേണ്ടി എന്തു ചെയ്യണ​മെന്ന്‌? മറെറാ​രു സഹോ​ദരൻ ഉത്തരമാ​യി പറയുന്നു: “അവൾ ഒരു മതിൽ എങ്കിൽ അതിൻമേൽ ഒരു വെളളി​മ​കു​ടം പണിയാ​മാ​യി​രു​ന്നു, ഒരു വാതിൽ എങ്കിൽ ദേവദാ​രു​പ്പ​ല​ക​കൊണ്ട്‌ അടയ്‌ക്കാ​മാ​യി​രു​ന്നു.” (ഉത്തമഗീ​തം 8:8, 9) ഇതിന്റെ അർത്ഥ​മെ​ന്താണ്‌?

9 അവരുടെ സഹോ​ദരി ഒരു “മതിൽ” പോലെ ഉറപ്പു​ള​ള​വ​ളാണ്‌ എന്നു തെളി​യി​ക്കു​ന്നു​വെ​ങ്കിൽ അവർ അവളെ ബഹുമാ​നി​ക്കു​ക​യും സമൃദ്ധ​മായ പ്രതി​ഫലം നൽകു​ക​യും ചെയ്യും എന്നാണ്‌ അവരുടെ ആലങ്കാ​രിക ഭാഷ പ്രകട​മാ​ക്കു​ന്നത്‌. എന്നാൽ ഒരു മതിൽപോ​ലെ ഉറപ്പു​ള​ള​വ​ളാണ്‌ എന്ന്‌ അവൾക്ക്‌ എങ്ങനെ തെളി​യി​ക്കാൻ കഴിയും? അവളെ അധാർമ്മിക പ്രവൃ​ത്തി​ക​ളിൽ ഉൾപ്പെ​ടു​ത്താ​നു​ളള സർവ്വ ശ്രമങ്ങ​ളെ​യും ചെറുത്തു നിൽക്കു​ന്ന​തി​നു​ളള ശക്തി പ്രകട​മാ​ക്കി​ക്കൊണ്ട്‌, നിർമ്മലത പാലി​ക്കാ​നു​ളള ഉറച്ച തീരു​മാ​നം വ്യക്തമാ​ക്കി​ക്കാ​ണി​ക്കു​ന്ന​തി​നാൽത്തന്നെ. വിവാ​ഹ​പ്രാ​യ​മാ​കു​മ്പോൾ അവൾ ശരിയായ തത്വങ്ങൾ മുറു​കെ​പ്പി​ടി​ക്കു​ന്ന​തിൽ അചഞ്ചല​യും വിശ്വ​സ്‌ത​യു​മാ​ണെന്ന്‌ തെളി​യി​ക്കും. മറിച്ച്‌, ആർക്കും, സദാചാര വൈക​ല്യ​മു​ളള ഒരുവ​നു​പോ​ലും, അല്‌പം ശക്തി പ്രയോ​ഗി​ച്ചാൽ തുറന്നു കൊടു​ക്കുന്ന ഒരു “വാതിൽ”പോ​ലെ​യാ​ണ​വ​ളെ​ങ്കി​ലോ? അപ്പോൾ വിപരീ​ത​ലിം​ഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടു​ളള ബന്ധത്തിൽ വിശ്വ​സി​ക്കാൻ കൊള​ളാ​ത്ത​വ​ളെന്ന നിലയിൽ അവളെ ഫലത്തിൽ ‘അടച്ചു സൂക്ഷി​ക്കണം’, അല്ലെങ്കിൽ, അവർ അവളെ നിയ​ന്ത്രി​ക്കാൻ നടപടി​ക​ളെ​ടു​ക്കണം. അവളുടെ സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തി​ലും, ആദ്യം ഒരാ​ളോ​ടു കലശലായ പ്രേമം തോന്നു​ക​യും പിന്നീട്‌ മറെറാ​രാൾക്കു​വേണ്ടി അയാളെ ഉപേക്ഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവൾക്ക്‌ അടയു​ക​യും തുറക്കു​ക​യും ചെയ്യുന്ന ഒരു വാതിൽപോ​ലെ​യാ​യി​രി​ക്കാൻ കഴിയും.

10 ഈ പരി​ശോ​ധ​നാ​ഘ​ട്ടത്തെ വിജയ​പൂർവ്വം തരണം ചെയ്‌ത, സ്‌തന​ങ്ങ​ളു​ള​ള​വ​ളായ, പക്വത​യി​ലെ​ത്തിയ ആ ശൂലേമ്യ കന്യക​യ്‌ക്കു തന്റെ സഹോ​ദ​രൻമാ​രോട്‌ ഇപ്രകാ​രം പറയാൻ കഴിഞ്ഞു: “ഞാൻ മതിലും എന്റെ സ്‌തനങ്ങൾ ഗോപു​രങ്ങൾ പോ​ലെ​യു​മി​രി​ക്കു​ന്നു. ഈ കാര്യ​ത്തിൽ ഞാൻ അവന്റെ [അവളുടെ പ്രതി​ശ്രു​ത​വ​രന്റെ] ദൃഷ്ടി​യിൽ സമാധാ​നം പ്രാപി​ച്ചി​രി​ക്കു​ന്നു.”—ഉത്തമഗീ​തം 8:10.

11-14. (എ) ഇറക്കം കുറഞ്ഞ പാവാ​ട​യും ഇറുകി​ക്കി​ട​ക്കുന്ന സ്വെറ​റ​റും ധരിക്കു​ന്നത്‌ ഒരു യുവതി​യെ അനാവ​ശ്യ​മായ പ്രശ്‌ന​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാ​വു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഒരു യുവതി​യെന്ന നിലയിൽ വിശേ​ഷിച്ച്‌ ഏതു സംഗതി​ക​ളിൽ നിങ്ങൾ ഒരു യുവാ​വിന്‌ ആകർഷ​ക​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കും?

11 നിങ്ങളും യൗവന​ത്തി​ലേക്കു കടക്കു​മ്പോൾ ഇതു​പോ​ലൊ​രു പരി​ശോ​ധ​നയെ നേരി​ടേ​ണ്ടി​വ​രു​ന്നു. മനസ്സി​ലും ഹൃദയ​ത്തി​ലും മനസ്സാ​ക്ഷി​യി​ലും യഥാർത്ഥ സമാധാ​നം ആസ്വദി​ക്കു​ക​യും നിങ്ങളു​ടെ സമാധാ​നത്തെ തകർക്കുന്ന പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കു​ക​യും ചെയ്യു​ന്ന​തിന്‌ നിങ്ങൾ ആത്മനി​യ​ന്ത്രണം പാലി​ക്കു​ക​യും ശരിയാ​യ​തി​നോട്‌ പററി​നിൽക്കാ​നു​ളള ശക്തി പ്രകട​മാ​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ഇറക്കം കുറഞ്ഞ​തും ഒട്ടി​ച്ചേർന്നു കിടക്കു​ന്ന​തു​മായ പാവാ​ട​യും ഇറക്കി വെട്ടിയ ബ്‌ളൗ​സും ഇറുക്ക​മു​ളള സ്വെറ​റ​റു​ക​ളും മററും ധരിച്ചു​കൊണ്ട്‌ മാതൃ​ത്വ​ത്തോട്‌ ബന്ധമുളള നിങ്ങളു​ടെ ശരീര​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌ നിങ്ങൾ മനഃപൂർവ്വം ശ്രദ്ധ ആകർഷി​ക്ക​ണ​മോ? അത്‌ എതിർലിം​ഗ വർഗ്ഗത്തിൽപ്പെ​ട്ട​വരെ ലൈം​ഗി​ക​മാ​യി ഉത്തേജി​പ്പി​ക്കുന്ന ഫലമാ​യി​രി​ക്കും ഉളവാ​ക്കുക. എങ്കിൽ എന്ത്‌?

12 നിങ്ങളു​ടെ ശരീര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ളള അത്തരം ശ്രദ്ധയാ​കർഷി​ക്കൽമൂ​ലം ഉണ്ടാ​യേ​ക്കാ​വുന്ന സമീപ​ന​ങ്ങളെ ചെറു​ത്തു​നിൽക്കാ​നു​ളള ഉറപ്പും ശക്തിയും നിങ്ങൾക്കു​ണ്ടാ​യി​രി​ക്കു​മോ? നിങ്ങളിൽ ശാരീ​രി​ക​മായ വളർച്ച കാണ​പ്പെ​ടു​ന്നു​വെ​ങ്കി​ലും വിവാ​ഹ​ത്തി​നും സാധ്യ​ത​യ​നു​സ​രിച്ച്‌ മാതൃ​ത്വ​ത്തി​നും വേണ്ട മാനസി​ക​വും വൈകാ​രി​ക​വു​മായ വളർച്ച നിങ്ങൾക്കു​ണ്ടോ? പന്ത്രണ്ടു മാസം മാത്രം പ്രായ​മു​ളള ഒരു പൂച്ച, കുഞ്ഞു​ങ്ങളെ പ്രസവി​ക്കാൻ തക്ക അവസ്ഥയി​ലാണ്‌. അതു ജന്‌മ​വാ​സ​ന​യാൽത്തന്നെ അതിന്റെ കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കുന്ന ജോലി നന്നായി ചെയ്യുന്നു. എന്നാൽ മനുഷ്യർ മൃഗങ്ങ​ളെ​പ്പോ​ലെ ജന്‌മ​വാ​സ​ന​ക​ളാൽ നയിക്ക​പ്പെ​ടു​ന്നില്ല. മനുഷ്യർക്ക്‌ ജന്‌മനാ സിദ്ധി​ക്കു​ന്ന​തി​ലും വളരെ​യ​ധി​കം കാര്യങ്ങൾ പഠി​ക്കേ​ണ്ട​തുണ്ട്‌. പഠനത്തിന്‌ സമയം ആവശ്യ​മാണ്‌. ഇക്കാര്യ​ത്തിൽ ധൃതി​കൂ​ട്ടു​ന്നത്‌ സമയത്തിന്‌ മുൻപേ ഒരു റോസാ​മൊട്ട്‌ നുളളി വിടർത്താൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. ആ പുഷ്‌പ​ത്തി​നു​ണ്ടാ​യി​രു​ന്നേ​ക്കാ​മാ​യി​രുന്ന സകല ഭംഗി​യും നഷ്ടമാ​ക്കു​ന്ന​തി​നും അതു നശിക്കു​ന്ന​തി​നും മാത്രമേ പ്രസ്‌തുത നടപടി ഉപകരി​ക്കു. വിവാ​ഹ​ജീ​വി​തം ഒരു മണവാ​ട്ടി​യാ​യി​രി​ക്കുക എന്നത്‌ മാത്രമല്ല എന്നും കൂടി ഓർമ്മി​ക്കുക. ഗൃഹഭ​ര​ണ​വും പാചക​വൃ​ത്തി​യും വസ്‌ത്രം അലക്കലും എല്ലാം അതിൽപ്പെ​ടു​ന്നു. കൂടാതെ ഒരമ്മയാ​യി​രി​ക്കു​ന്ന​തിന്‌ കുട്ടി​ക​ളോ​ടു​ളള ഇടപെ​ട​ലിൽ വളരെ​യേറെ ക്ഷമയും സഹനശ​ക്തി​യും ആവശ്യ​മാണ്‌. ഇതെല്ലാം, അനുകൂല സാഹച​ര്യ​ങ്ങ​ളി​ലും പ്രതി​കൂല സാഹച​ര്യ​ങ്ങ​ളി​ലും ആരോ​ഗ്യ​ത്തി​ലും അനാ​രോ​ഗ്യ​ത്തി​ലും വേണ്ടി​യി​രി​ക്കു​ന്നു.

13 മാത്ര​വു​മല്ല, വിവാ​ഹ​ത്തി​നാ​വ​ശ്യ​മായ പക്വത തനിക്കുണ്ട്‌ എന്ന്‌ ഒരു യുവതി കരുതു​ന്നു​വെ​ങ്കിൽത്തന്നെ ഏതു തരത്തി​ലു​ളള ഒരു ഭർത്താ​വി​നെ ആകർഷി​ച്ചു നേടാ​നാണ്‌ അവൾ ആഗ്രഹി​ക്കുക? ഒരു പെൺകു​ട്ടി തനിക്കു നൽകി​യേ​ക്കാ​മെന്ന്‌ താൻ കരുതുന്ന ലൈം​ഗി​ക​മായ സംതൃ​പ്‌തി​യു​ടെ പേരിൽ മാത്രം അവളിൽ ആകൃഷ്ട​നാ​കുന്ന ഒരു യുവാവ്‌ ഒരു നല്ല ഭർത്താ​വാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടോ? അതിന്റെ അടിസ്ഥാ​ന​ത്തിൽ ആളുകളെ ആകർഷി​ക്കാൻ ശ്രമി​ക്കു​ന്ന​തി​ലും ഏറെ മെച്ചമാ​യത്‌ മനസ്സി​ലും ഹൃദയ​ത്തി​ലും നിങ്ങൾ ഏതുതരം വ്യക്തി​യാ​യി​രി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ നിലനിൽക്കുന്ന സൗഹൃദം തേടു​ന്ന​താ​യി​രി​ക്കി​ല്ലേ? മററു​ള​ള​വർക്ക്‌ ആകർഷ​ക​മായ വ്യക്തി​ത്വ​ഗു​ണങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നാൽ നിങ്ങൾക്കതു ചെയ്യാൻ കഴിയും. കൂടാതെ നല്ല സംസാര രീതി​യാ​ലും ഉചിത​വും ഉല്ലാസ​ദാ​യ​ക​വു​മായ ജീവി​ത​വീ​ക്ഷ​ണ​ത്താ​ലും സത്യസന്ധത, താഴ്‌മ, മാന്യത, ദയ, നിസ്വാർത്ഥത മുതലാ​യവ നിങ്ങൾ വിലമ​തി​ക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കു​ന്ന​തി​നാ​ലും നിങ്ങൾക്കതു സാധി​ക്കും.

14 ഈ നല്ല ഗുണങ്ങളെ ഏതാനും നിമി​ഷ​ത്തേ​യ്‌ക്കു​ളള സുഖത്തി​നു​വേണ്ടി ഉപേക്ഷി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ ഇക്കാര്യ​ത്തിൽ ആത്മാർത്ഥ​ത​യുണ്ട്‌ എന്ന്‌ തെളി​യി​ക്കാൻ കഴിയും. മറിച്ച്‌, നിങ്ങൾ അതിന്‌ വഴി​പ്പെ​ടു​ന്നു​വെ​ങ്കിൽ അത്‌ നിങ്ങളു​ടെ തന്നെ ദൃഷ്ടി​യി​ലും നിങ്ങൾ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ദൃഷ്ടി​യി​ലും നിങ്ങളു​ടെ വിലയി​ടി​ക്കാ​നും തരം താഴ്‌ത്താ​നു​മേ ഉപകരി​ക്കു. നിങ്ങൾക്ക്‌ ജീവി​ത​ത്തിൽ ഉൽകൃ​ഷ്ട​മായ ലക്ഷ്യങ്ങൾ ഉണ്ടെന്ന്‌, ‘നിങ്ങളു​ടെ യൗവന​ത്തിൽ സ്രഷ്ടാ​വി​നെ ഓർക്കാൻ’ ആഗ്രഹി​ക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കു​ന്ന​തി​നാൽ, യഥാർത്ഥ സന്തുഷ്ടി കൈവ​രു​ത്തു​ന്ന​തും ഒരു നിധി​പോ​ലെ കരുതാ​വു​ന്ന​തു​മായ സൗഹൃദം പ്രദാനം ചെയ്യുന്ന സുഹൃ​ത്തു​ക്കളെ നേടാൻ കഴിയും.—സഭാ​പ്ര​സം​ഗി 12:1.

സൗന്ദര്യം സംബന്ധിച്ച ഉചിത​മായ വീക്ഷണം

15, 16. (എ) സൗന്ദര്യ​ത്തിൽ താല്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെ​ങ്കി​ലും നിങ്ങളു​ടെ ഭാവി​സ​ന്തു​ഷ്ടി​യിൻമേൽ കൂടു​ത​ലായ ഫലം ഉണ്ടായി​രി​ക്കു​ന്നത്‌ എന്തിനാണ്‌? (ബി) അനുദി​ന​ജീ​വി​ത​ത്തോ​ടു​ളള ബന്ധത്തിൽ സദൃശ​വാ​ക്യ​ങ്ങൾ 11:22; 31:30 വിശദീ​ക​രി​ക്കുക.

15 താരു​ണ്യ​ത്തിൽ പെൺകു​ട്ടി​കൾ തങ്ങളുടെ സൗന്ദര്യം സംബന്ധിച്ച്‌ വളരെ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കുക എന്നത്‌ സ്വാഭാ​വി​ക​മാണ്‌. നിങ്ങളു​ടെ ഭാവി മുഴുവൻ നിങ്ങളു​ടെ ബാഹ്യ​രൂ​പത്തെ അല്ലെങ്കിൽ സൗന്ദര്യ​ത്തെ ആശ്രയി​ച്ചി​രു​ന്നാ​ലെ​ന്ന​വണ്ണം അതേപ്പ​ററി അസംതൃ​പ്‌ത​രോ അനാവ​ശ്യ​മായ ആകുല​ചി​ത്ത​രോ ആകേണ്ട​തില്ല. നിങ്ങൾ ഇഷ്ടപ്പെ​ടു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്ന​താ​യി നിങ്ങൾക്കു ചുററു​മു​ളള മുതിർന്ന​വരെ നിരീ​ക്ഷി​ക്കുക. അവരിൽ പലരും, ഒരുപക്ഷേ മിക്കവ​രും​തന്നെ അത്ര​യേറെ സൗന്ദര്യ​മൊ​ന്നു​മി​ല്ലാ​ത്ത​വ​രല്ലേ? ഭാവി സന്തുഷ്ടി​ക്കു​ളള യഥാർത്ഥ അടിസ്ഥാ​നം ശാരീ​രിക സൗന്ദര്യ​മല്ല.

16 ശാരീ​രിക സൗന്ദര്യ​മു​ളള പെൺകു​ട്ടി​കളെ സംബന്ധി​ച്ചും ഇത്‌ അത്രതന്നെ സത്യമാണ്‌. സൗന്ദര്യ​വ​തി​ക​ളായ പല സ്‌ത്രീ​ക​ളും തികച്ചും അർത്ഥശൂ​ന്യ​മായ, പലപ്പോ​ഴും അധാർമ്മി​ക​മായ ജീവിതം നയിക്കു​ന്ന​തിൽ കലാശി​ക്കു​ന്നു എന്ന്‌ അവർ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. ബൈബി​ളി​ലെ ഈ സദൃശ​വാ​ക്യം എത്ര ശരിയാണ്‌: “വിവേ​ക​മി​ല്ലാത്ത സുന്ദരി പന്നിയു​ടെ മൂക്കിൽ പൊൻമൂ​ക്കു​ത്തി പോ​ലെ​യാണ്‌”! (സദൃശ​വാ​ക്യ​ങ്ങൾ 11:22) അതെ, ബൈബിൾ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ലാവണ്യം വ്യാജ​വും സൗന്ദര്യം വ്യർത്ഥ​വു​മാ​യി​രി​ക്കാം; യഹോ​വ​ഭ​ക്തി​യു​ളള സ്‌ത്രീ​യോ പ്രശം​സി​ക്ക​പ്പെ​ടും.”—സദൃശ​വാ​ക്യ​ങ്ങൾ 31:30.

വൈകാ​രിക സമനി​ല​ക്കു​വേ​ണ്ടി​യു​ളള ശ്രമം

17-19. (എ) താരു​ണ്യ​ത്തിൽ ഒരു പെൺകു​ട്ടിക്ക്‌ എന്തു വൈകാ​രിക മാററങ്ങൾ അനുഭ​വ​പ്പെ​ട്ടേ​ക്കാം? വൈകാ​രിക സമനില നേടു​ന്ന​തിന്‌ എന്തു അവളെ സഹായി​ക്കും? (ഗലാത്യർ 5:22, 23) (ബി) വ്യക്തി​പ​ര​മായ എന്തു ശീലങ്ങ​ളും സമനി​ല​നേ​ടാൻ സഹായ​ക​മാ​യേ​ക്കാം?

17 താരു​ണ്യ​ത്തി​ലെ ശാരീ​രിക മാററങ്ങൾ വൈകാ​രിക മാററ​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം. ഒരു കൊച്ചു​പെൺകു​ട്ടിക്ക്‌ ഒരു നിമിഷം നല്ല ഉൻമേ​ഷ​വും അടുത്ത നിമിഷം തളർച്ച​യും അനുഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ തന്നെ വൈകാ​രി​ക​മാ​യും വളരെ വ്യതി​യാ​നങ്ങൾ അനുഭ​വ​പ്പെ​ടാം. ഉൻമേ​ഷ​ത്തി​ന്റെ​തും ആഹ്‌ളാ​ദ​ത്തി​ന്റേ​തു​മായ നിമി​ഷ​ങ്ങൾക്ക്‌ തൊട്ടു​പി​ന്നാ​ലെ മ്‌ളാ​ന​ത​യും വിഷണ്ണ​ത​യും അനുഭ​വ​പ്പെ​ട്ടേ​ക്കാം. നിങ്ങൾക്ക്‌ എന്താണ്‌ സംഭവി​ക്കു​ന്നത്‌, നിങ്ങൾക്ക്‌ ക്രമനില തെററി​യി​രി​ക്കു​ന്നോ എന്നു​പോ​ലും നിങ്ങൾ സംശയി​ച്ചേ​ക്കാം. മാറി​മ​റി​യുന്ന മൂല്യ​ങ്ങ​ളു​ളള ആധുനിക വ്യാവ​സാ​യിക സമൂഹ​ത്തിൽ പ്രത്യേ​കി​ച്ചും, താരു​ണ്യ​ത്തി​ലെ​ത്തിയ പെൺകു​ട്ടി​കൾക്ക്‌ പിരി​മു​റു​ക്ക​വും അനിശ്ചി​ത​ത്വ​വും അനുഭ​വി​ക്കേണ്ടി വരുന്നു.

18 ഈ അനിശ്ചി​ത​ത്വ​ത്തിന്‌ അടിമ​പ്പെട്ട്‌, മററു​ള​ള​വ​രിൽനിന്ന്‌ അകന്ന്‌ തന്നി​ലേ​ക്കു​തന്നെ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു കഴിയു​ക​യോ അല്ലെങ്കിൽ തികച്ചും സ്വത​ന്ത്ര​യും മർക്കട​മു​ഷ്ടി​ക്കാ​രി​യു​മാ​യി തീരു​ക​യോ ചെയ്യുക എളുപ്പ​മാണ്‌. ചില പെൺകു​ട്ടി​കൾ പരുഷ​മായ പെരു​മാ​റ​റ​വും കോപാ​വേ​ശ​വും പ്രകട​മാ​ക്കു​ക​യും അശ്‌ളീല ഭാഷ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തേ​ക്കാം. മററു ചിലർ ആത്മാർത്ഥ​ത​യി​ല്ലാ​ത്ത​വ​രാ​യി കപട​വേ​ഷ​മ​ണി​യാൻ തുടങ്ങു​ന്നു. എന്നാൽ ഇതു ഒരു പ്രകാ​ര​ത്തി​ലും സഹായ​ക​മാ​കു​ന്നില്ല; കാര്യങ്ങൾ വഷളാ​കു​ന്ന​തേ​യു​ളളു. നിങ്ങൾ കുട്ടി​പ്രാ​യം പിന്നിട്ട സ്ഥിതിക്ക്‌ ഇപ്പോൾ നിങ്ങൾ വ്യക്തി​പ​ര​മാ​യി ദൈവാ​ത്മാ​വി​ന്റെ ഫലങ്ങൾ—സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം—നട്ടുവ​ളർത്താൻ ഒരു കഠിന​ശ്രമം ചെയ്യേ​ണ്ട​താണ്‌.

19 അതു​പോ​ലെ സമനില കൈവ​രു​ത്താൻ സഹായ​ക​മായ ശീലങ്ങൾ നട്ടുവ​ളർത്തുക. നിങ്ങളു​ടെ മുറി എല്ലാം കുഴഞ്ഞു​മ​റി​ഞ്ഞു കിടക്കാ​നി​ട​യാ​ക്കാ​തെ അതു വൃത്തി​യു​ള​ള​താ​യും ക്രമമു​ള​ള​താ​യും സൂക്ഷി​ക്കുക. ആഹാര​വും നിദ്ര​യും സംബന്ധിച്ച്‌ ക്രമമു​ളള ശീലങ്ങൾ ഉണ്ടായി​രി​ക്കു​വാൻ ശ്രമി​ക്കുക. നിങ്ങൾക്ക്‌ വളർന്നു​കൊ​ണ്ടി​രി​ക്കുന്ന നിങ്ങളു​ടെ ശരീര​ത്തിന്‌ നൽകാൻ കഴിയുന്ന എല്ലാ സഹായ​വും അതിനാ​വ​ശ്യ​മാണ്‌. ഈ ദിശയിൽ എത്രമാ​ത്രം നിങ്ങൾക്ക്‌ ചെയ്യാൻ കഴിയു​ന്നോ അത്ര​യേറെ പ്രശാ​ന്ത​ത​യും ഉറപ്പും നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടും. ഇത്‌ നിങ്ങളു​ടെ വൈകാ​രിക അനുഭ​വ​ങ്ങളെ മിത​പ്പെ​ടു​ത്തു​ന്ന​തി​നും നിങ്ങളെ സഹായി​ക്കും.

20, 21. (എ) ജീവി​തത്തെ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ചോദ്യ​ങ്ങ​ളു​ള​ള​പ്പോൾ സമപ്രാ​യ​ക്കാ​രിൽനി​ന്നു ലഭിക്കു​ന്ന​തി​നേ​ക്കാൾ ആശ്രയ​യോ​ഗ്യ​മായ വിവരങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ലഭിക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) വിശേ​ഷിച്ച്‌ എന്ത്‌ നിങ്ങളെ യഥാർത്ഥ​ത്തിൽ ആകർഷ​ക​യായ ഒരു വ്യക്തി​യാ​ക്കി​ത്തീർക്കും?

20 മാററ​ങ്ങ​ളു​ടെ ഈ കാലഘട്ടം നിങ്ങളെ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ അകററാൻ യാതൊ​രു കാരണ​വ​ശാ​ലും അനുവ​ദി​ക്ക​രുത്‌. ഗതിമാ​റ​റ​ത്തി​ന്റെ ഈ ഘട്ടത്തിൽ സമനില പാലി​ക്കാൻ ഒരു താങ്ങായി ഉപകരി​ക്കാ​വുന്ന ഈടുററ സഹായ​വും ആശ്രയ​യോ​ഗ്യ​മായ ദൃഢത​യും നൽകാൻ അവർക്കു കഴിയും. നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രായ മററു​ള​ള​വ​രെ​പ്പോ​ലെ ആയിരി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കുന്ന “സമ്മർദ്ദം” അവരിൽനിന്ന്‌ അനുഭ​വി​ക്കേണ്ടി വരു​മ്പോൾ അവർതന്നെ മാററ​ങ്ങൾക്ക്‌ വിധേ​യ​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്ന വസ്‌തുത തിരി​ച്ച​റി​യുക. അതു​കൊ​ണ്ടാണ്‌ ഇന്ന്‌ അവർ ഇഷ്‌ട​പ്പെ​ടു​ന്നത്‌ നാളെ അവർക്ക്‌ ഒട്ടും​തന്നെ തൃപ്‌തി​ക​ര​മ​ല്ലാ​തി​രു​ന്നേ​ക്കാ​വു​ന്നത്‌. നിങ്ങ​ളെ​പ്പ​ററി അവർ എന്തു വിചാ​രി​ക്കു​ന്നു എന്നതിന്‌ അമിത​മായ ശ്രദ്ധ കൊടു​ക്കു​ന്നത്‌ നിങ്ങളു​ടെ പ്രശ്‌നങ്ങൾ വർദ്ധി​പ്പി​ക്കു​ക​യേ​യു​ളളു. അതു​കൊ​ണ്ടു തന്നെയാണ്‌ നിങ്ങൾക്ക്‌ വ്യക്തി​പ​ര​മായ, രഹസ്യ​സ്വ​ഭാ​വ​ത്തി​ലു​ളള, എന്തെങ്കി​ലും സംശയങ്ങൾ ഉളള​പ്പോൾ നിങ്ങൾക്കു സമീപി​ക്കാ​വുന്ന കൂടുതൽ മെച്ചപ്പെട്ട അറിവി​ന്റെ ഉറവ്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളാ​യി​രി​ക്കു​ന്നത്‌. നിങ്ങളു​ടെ സഹപാ​ഠി​കൾക്ക്‌ നൽകാൻ കഴിയു​ന്ന​തി​ലും കൂടുതൽ പക്വവും സന്തുലി​ത​വു​മായ ഉത്തരം നൽകാൻ അവർക്ക്‌ കഴിയും.

21 പുതു​മ​ഴ​യ്‌ക്കു പിന്നാലെ പുഷ്‌പങ്ങൾ വിടരും​പോ​ലെ, കൊടു​ങ്കാ​റ​റി​നെ അതിജീ​വി​ക്കാ​നും പ്രശ്‌ന​ങ്ങളെ അനുദി​ന​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​യി കണക്കാ​ക്കാ​നും നിങ്ങൾ പഠിക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ ദൃഢത​യും ആത്മാവി​ശ്വാ​സ​വും നേടു​ക​തന്നെ ചെയ്യും. (നല്ല ആഹാര​ക്ര​മ​വും ആരോ​ഗ്യ​സം​ര​ക്ഷ​ണ​വും​കൊണ്ട്‌) ശരീരം ബലിഷ്‌ഠ​മാ​യും ശുചി​യാ​യും സൂക്ഷി​ക്കാൻ ശ്രമി​ക്കു​ന്ന​തോ​ടൊ​പ്പം പുറമെ നിങ്ങൾ എങ്ങനെ​യി​രി​ക്കു​ന്നു എന്നതി​നേ​ക്കാൾ അകമേ നിങ്ങൾ എന്തായി​രി​ക്കു​ന്നു എന്നതിന്‌ കൂടുതൽ ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്‌. നിങ്ങളു​ടെ ‘ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യൻ’ ഉല്‌പാ​ദി​പ്പി​ക്കുന്ന “സൗമ്യ​ത​യും സാവധാ​ന​ത​യു​മു​ളള മനസ്സ്‌” എന്ന അക്ഷയഭൂ​ഷ​ണ​മാണ്‌ നിങ്ങളെ ദൈവ​ത്തി​ന്റെ​യും മനുഷ്യ​രു​ടെ​യും ദൃഷ്ടി​യിൽ യഥാർത്ഥ​ത്തിൽ ആകർഷ​ക​യാ​ക്കു​ന്നത്‌.—1 പത്രോസ്‌ 3:3, 4.

[അധ്യയന ചോദ്യ​ങ്ങൾ]

[28-ാം പേജിലെ ചിത്രം]

നിങ്ങൾ ഒരു വാതിൽ പോ​ലെ​യാ​ണോ . . .

[29-ാം പേജിലെ ചിത്രം]

. . . അതോ ഒരു മതിൽപോ​ലെ​യോ?

[32-ാം പേജിലെ ചിത്രം]

നിങ്ങൾ ശാരീ​രിക സൗന്ദര്യ​ത്തിന്‌ അമിത​മായ ഊന്നൽ കൊടു​ക്കു​ന്നു​വോ?