വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി

അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി

അധ്യായം 19

അർമ​ഗെ​ദ്ദോ​നു​ശേഷം ഒരു പറുദീ​സാ​ഭൂ​മി

1. (എ) അർമ​ഗെ​ദ്ദോ​നെ സംബന്ധി​ച്ചു​ളള ഒരു പൊതു​വീ​ക്ഷണം എന്താണ്‌? (ബി) ബൈബിൾ അതിനെ സംബന്ധിച്ച്‌ എന്തു പറയുന്നു?

1 “അർമ​ഗെ​ദ്ദോൻ” പലർക്കും ഭയജന​ക​മായ ഒരു പദമാണ്‌. മിക്ക​പ്പോ​ഴും ലോക​നേ​താ​ക്കൻമാർ സാധ്യ​ത​യു​ളള ഒരു മൂന്നാം ലോക​മ​ഹാ​യു​ദ്ധത്തെ പരാമർശി​ക്കാൻ അതുപ​യോ​ഗി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവം നടത്തുന്ന നീതി​നി​ഷ്‌ഠ​മായ ഒരു യുദ്ധത്തി​ന്റെ സ്ഥലമാ​യി​ട്ടാ​ണു ബൈബിൾ അർമ​ഗെ​ദ്ദോ​നെ​ക്കു​റി​ച്ചു പറയു​ന്നത്‌. (വെളി​പ്പാട്‌ 16:14, 16, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) ദൈവ​ത്തി​ന്റെ ഈ യുദ്ധം നീതി​യു​ളള ഒരു നൂതന​ക്ര​മ​ത്തി​നു വഴി​യൊ​രു​ക്കും.

2. (എ) അർമ​ഗെ​ദ്ദോ​നിൽ ആർ നശിപ്പി​ക്ക​പ്പെ​ടും? (ബി) അതു​കൊ​ണ്ടു നാം ജ്ഞാനപൂർവം ഏതു നടപടി​കൾ ഒഴിവാ​ക്കണം?

2 നല്ലവ​രെ​യും ദുഷ്ട​രെ​യും കൊല്ലുന്ന മനുഷ്യ​രു​ടെ യുദ്ധങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അർമ​ഗെ​ദ്ദോൻ ദുഷ്ടൻമാ​രെ മാത്രമേ നശിപ്പി​ക്കു​ക​യു​ളളു. (സങ്കീർത്തനം 92:7) യഹോ​വ​യാം ദൈവ​മാ​യി​രി​ക്കും ന്യായാ​ധി​പൻ, അവൻ തന്റെ നീതി​യു​ളള നിയമ​ങ്ങ​ള​നു​സ​രി​ക്കാൻ മനഃപൂർവം വിസമ്മ​തി​ക്കു​ന്ന​വ​രെ​യെ​ല്ലാം നീക്കം ചെയ്യും. ഇന്ന്‌ അനേകർ ദുർവൃ​ത്തി, മദ്യല​ഹരി, വ്യാജം​പ​റ​ച്ചിൽ, അല്ലെങ്കിൽ വഞ്ചന മുതലാ​യ​വ​യിൽ യാതൊ​രു തെററും കാണു​ന്നില്ല. എന്നാൽ ദൈവം പറയു​ന്ന​ത​നു​സ​രിച്ച്‌ ഇവ തെററാണ്‌. അതു​കൊണ്ട്‌ അവ ചെയ്യു​ന്ന​തിൽ തുടരു​ന്ന​വരെ അവൻ അർമ​ഗെ​ദ്ദോ​നിൽ രക്ഷിക്കു​ക​യില്ല. (1 കൊരി​ന്ത്യർ 6:9, 10; വെളി​പ്പാട്‌ 21:8) ഈ കാര്യങ്ങൾ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ നിയമങ്ങൾ അറിയു​മ്പോൾ, അത്തരം ദുഷ്‌ക്കാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നവർ തങ്ങളുടെ നടപടി​ക്കു മാററം വരുത്തു​ന്നതു പ്രധാ​ന​മാണ്‌.

3. (എ) യേശു ഏതൽക്കാ​ല​ലോ​ക​ത്തി​ന്റെ അന്ത്യത്തെ എന്തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി? (ബി) സാത്താ​നും അവന്റെ ഭൂതങ്ങൾക്കും എന്തു സംഭവി​ക്കും? (സി) തുടർന്നു​വ​രുന്ന പേജു​ക​ളി​ലെ തിരു​വെ​ഴു​ത്തു​ക​ള​നു​സ​രി​ച്ചു പറുദീ​സാ​ഭൂ​മി​യിൽ ഏതുതരം അവസ്ഥകൾ ആസ്വദി​ക്ക​പ്പെ​ടും?

3 അർമ​ഗെ​ദ്ദോ​നു​ശേഷം ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ യാതൊ​രു ഭാഗവും ശേഷി​ക്ക​യില്ല. ദൈവത്തെ സേവി​ക്കു​ന്നവർ മാത്രമേ തുടർന്നു ജീവി​ക്കു​ക​യു​ളളു. (1 യോഹ​ന്നാൻ 2:17) യേശു​ക്രി​സ്‌തു ഈ അവസ്ഥയെ നോഹ​യു​ടെ നാളിലെ അവസ്ഥ​യോ​ടു താരത​മ്യ​പ്പെ​ടു​ത്തി. (മത്തായി 24:37-39; 2 പത്രോസ്‌ 3:5-7, 13; 2:5) അർമ​ഗെ​ദ്ദോ​നു​ശേഷം ഭൂമി​മേൽ ഭരിക്കുന്ന ഏക ഗവൺമെൻറ്‌ ദൈവ​രാ​ജ്യ​മാ​യി​രി​ക്കും. സാത്താ​നും അവന്റെ ഭൂതങ്ങ​ളും പൊയ്‌പ്പോ​യി​രി​ക്കും. (വെളി​പ്പാട്‌ 20:1-3) തുടർന്നു​വ​രുന്ന പേജു​ക​ളിൽ അനുസ​ര​ണ​മു​ളള മനുഷ്യർ ആസ്വദി​ക്കു​മെന്നു ബൈബിൾ സൂചി​പ്പി​ക്കുന്ന ചില അനു​ഗ്ര​ഹങ്ങൾ പരിചി​ന്തി​ക്കുക.

സകല മനുഷ്യ​വർഗ​വും സമാധാ​ന​ത്തിൽ

“നമുക്ക്‌ ഒരു കുട്ടി ജനിച്ചി​രി​ക്കു​ന്നു, നമുക്ക്‌ ഒരു പുത്രൻ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു; രാജകീയ ഭരണം അവന്റെ തോളിൽ വരും. അവന്‌. . .സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും. രാജകീ​യ​ഭ​ര​ണ​ത്തി​നും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല.”—യെശയ്യാവ്‌ 9:6, 7.

“അവന്റെ നാളു​ക​ളിൽ നീതി​മാൻ തഴയ്‌ക്കും, ചന്ദ്രനി​ല്ലാ​താ​കും​വരെ സമാധാന സമൃദ്ധി​യും. അവനു സമു​ദ്രം​മു​തൽ സമു​ദ്രം​വ​രെ​യും നദിമു​തൽ ഭൂമി​യു​ടെ അററങ്ങ​ളോ​ള​വും പ്രജക​ളു​ണ്ടാ​യി​രി​ക്കും.”—സങ്കീർത്തനം 72:7, 8.

മേലാൽ യുദ്ധമില്ല

“ജനങ്ങളേ, വരുവിൻ, യഹോ​വ​യു​ടെ പ്രവർത്ത​നങ്ങൾ കാണുക. അവൻ ഭൂമി​യിൽ വിസ്‌മ​യ​ക​ര​മായ കാര്യങ്ങൾ സംഭവി​പ്പി​ച്ചി​രി​ക്കു​ന്നു. അവൻ ഭൂമി​യു​ടെ അററം​വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു.”—സങ്കീർത്തനം 46:8, 9.

ഓരോ​രു​ത്തർക്കും നല്ല വീടു​ക​ളും ആസ്വാ​ദ്യ​മായ വേലയും

“അവർ തീർച്ച​യാ​യും വീടുകൾ പണിതു പാർക്കും. . .അവർ പണിയു​ക​യും മറെറാ​രാൾ പാർക്കു​ക​യു​മില്ല; അവർ നടുക​യും മറെറാ​രാൾ ഭക്ഷിക്കു​ക​യു​മില്ല. . .എന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ തങ്ങളുടെ സ്വന്തം കൈക​ളു​ടെ പ്രവൃത്തി പൂർണ​മാ​യും ഉപയോ​ഗി​ക്കും. അവരുടെ പ്രയത്‌നം പാഴാ​വു​ക​യില്ല, അവരുടെ പ്രസവം ക്ലേശനിർഭ​ര​മാ​യി​രി​ക്കു​ക​യില്ല; എന്തു​കൊ​ണ്ടെ​ന്നാൽ അവർ യഹോവ തെര​ഞ്ഞെ​ടു​ക്കു​ന്നവർ ചേർന്നു​ണ്ടാ​കുന്ന സന്തതി​യാ​കു​ന്നു. അവരുടെ വംശജർ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും.”—യെശയ്യാവ്‌ 65:21-23.

കുററകൃത്യവും അക്രമ​വും ദുഷ്ടത​യും പൊയ്‌പോ​യി​രി​ക്കും

“എന്തെന്നാൽ ദുഷ്‌പ്ര​വൃ​ത്തി​ക്കാർതന്നെ ഛേദി​ക്ക​പ്പെ​ടും. . .അല്‌പ​കാ​ല​വും​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായി​രി​ക്ക​യില്ല; നീ അവന്റെ സ്ഥലത്ത്‌ അവൻ ഉണ്ടോ​യെന്നു തെരഞ്ഞു​നോ​ക്കും, അവൻ ഉണ്ടായി​രി​ക്ക​യി​ല്ലെന്നു തീർച്ച​യാണ്‌.”—സങ്കീർത്തനം 37:9, 10.

“ദുഷ്ടൻമാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അവർ ഭൂമി​യിൽ നിന്നു​തന്നെ ഛേദി​ക്ക​പ്പെ​ടും.” വഞ്ചകൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർ അതിൽനി​ന്നു പറിച്ചു​നീ​ക്ക​പ്പെ​ടും.—സദൃശ​വാ​ക്യ​ങ്ങൾ 2:22.

ഭൂമി​മു​ഴു​വൻ ഒരു പറുദീസ

“നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും” എന്നു യേശു പറഞ്ഞു.—ലൂക്കോസ്‌ 23:43.

“നീതി​മാൻമാർതന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കും.”—സങ്കീർത്തനം 37:29.

എല്ലാവർക്കും ഭക്ഷിക്കാൻ ധാരാളം നല്ല വസ്‌തു​ക്കൾ

“സൈന്യ​ങ്ങ​ളു​ടെ യഹോവ തീർച്ച​യാ​യും. . .സകല ജനങ്ങൾക്കും​വേണ്ടി നല്ലപോ​ലെ എണ്ണചേർത്ത ഭോജ​നങ്ങൾ കൊണ്ടു​ളള ഒരു വിരുന്ന്‌, മട്ടൂറിയ വീഞ്ഞു​കൊ​ണ്ടും നല്ലപോ​ലെ എണ്ണചേർത്തു മജ്ജനിറച്ച ഭോജ​നങ്ങൾ കൊണ്ടും. . .ഒരു വിരു​ന്നു​തന്നെ നടത്തും.”—യെശയ്യാവ്‌ 25:6.

“ഭൂമി​യിൽ ധാരാളം ധാന്യം ഉണ്ടായി​രി​ക്കും; പർവത​ങ്ങ​ളു​ടെ മുകളിൽ ഒരു കവി​ഞ്ഞൊ​ഴുക്ക്‌ ഉണ്ടായി​രി​ക്കും.” “ഭൂമി​തന്നെ അതിന്റെ വിളവു നൽകും; ദൈവം, നമ്മുടെ ദൈവം, നമ്മെ അനു​ഗ്ര​ഹി​ക്കും.”—സങ്കീർത്തനം 72:16; 67:6.

4, 5. (എ) പറുദീ​സാ​ഭൂ​മി​യിൽ മേലാൽ ഏതവസ്ഥകൾ സ്ഥിതി​ചെ​യ്യു​ക​യില്ല? (ബി) ഇന്ന്‌ അനേകം സ്ഥലങ്ങളി​ലും ആളുകൾക്കു ചെയ്യാൻ കഴിയാത്ത എന്തു ചെയ്യാൻ അവർ പ്രാപ്‌ത​രാ​യി​രി​ക്കും?

4 തീർച്ച​യാ​യും ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ചാ​ക്കിയ തോട്ടം​പോ​ലെ​യു​ളള പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാൻ നിങ്ങളാ​ഗ്ര​ഹി​ക്കു​ന്നു. (ഉൽപ്പത്തി 2:8; ലൂക്കോസ്‌ 23:43) ചിന്തി​ക്കുക—മേലാൽ യുദ്ധമോ കുററ​കൃ​ത്യ​മോ അക്രമ​മോ ഇല്ല. ഉപദ്ര​വ​ഭീ​തി​കൂ​ടാ​തെ പകലോ രാത്രി​യി​ലോ ഏതു സമയത്തും എവി​ടെ​യും നടക്കാൻ നിങ്ങൾക്കു കഴിയും. ദുഷ്ടൻമാർ മേലാൽ ഉണ്ടായി​രി​ക്ക​യില്ല.—സങ്കീർത്തനം 37:35-38.

5 ജനങ്ങളെ ഞെരു​ക്കാൻ വഞ്ചകരായ രാജ്യ​ത​ന്ത്ര​ജ്ഞൻമാ​രോ അത്യാ​ഗ്ര​ഹി​ക​ളായ വ്യാപാ​ര​നേ​താ​ക്കൻമാ​രോ ഉണ്ടായി​രി​ക്ക​യി​ല്ലെ​ന്നാണ്‌ അതിന്റെ അർഥം. സൈനി​കാ​യു​ധ​ങ്ങൾക്കു മുടക്കാൻ ഉയർന്ന നികു​തി​ക​ളാൽ ജനങ്ങൾ ഭാര​പ്പെ​ടു​ക​യു​മില്ല. വീണ്ടു​മൊ​രി​ക്ക​ലും, നിർവാ​ഹ​മി​ല്ലാ​ത്ത​തി​നാൽ നല്ല ഭക്ഷണവും സുഖ​പ്ര​ദ​മായ വീടും ഇല്ലാത്ത​വ​രാ​യി ആരും ഉണ്ടായി​രി​ക്ക​യില്ല. തൊഴി​ലി​ല്ലാ​യ്‌മ​യും പണപ്പെ​രു​പ്പ​വും വിലക്ക​യ​റ​റ​വും മേലാൽ ഉണ്ടായി​രി​ക്ക​യില്ല. ഇന്നു കുടും​ബ​ങ്ങളെ ക്ലേശി​പ്പി​ക്കുന്ന കുഴപ്പ​ങ്ങ​ളും ഇനി ഇല്ലായി​രി​ക്കും. എല്ലാവർക്കും ഉല്ലാസ​പ്ര​ദ​മായ വേല ചെയ്യാ​നു​ണ്ടാ​യി​രി​ക്കും, അവർക്കു തങ്ങളുടെ അധ്വാ​ന​ത്തി​ന്റെ ഫലങ്ങൾ കാണാ​നും ആസ്വദി​ക്കാ​നും കഴിയും.

6. (എ) അർമ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കു​ന്നവർ ഏതു വേല ചെയ്യും? (ബി) ചെയ്യ​പ്പെ​ടുന്ന വേലയെ ദൈവം എങ്ങനെ അനു​ഗ്ര​ഹി​ക്കും?

6 അർമ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കു​ന്ന​വർക്ക്‌, ആദ്യമാ​യി, ഭൂമിയെ വെടി​പ്പാ​ക്കി പഴയ വ്യവസ്ഥി​തി​യു​ടെ ശൂന്യ​ശി​ഷ്ടങ്ങൾ നീക്കം​ചെ​യ്യാ​നു​ളള ജോലി ഉണ്ടായി​രി​ക്കും. പിന്നീടു രാജ്യ​ഭ​ര​ണ​ത്തി​ന്റെ നടത്തി​പ്പിൻകീ​ഴിൽ ഭൂമി​യിൽ കൃഷി​ചെ​യ്യാ​നും അതിനെ നിവാ​സ​യോ​ഗ്യ​മായ ഒരു രമണീ​യ​സ്ഥ​ല​മാ​ക്കാ​നു​മു​ളള പദവി അവർക്കു ലഭിക്കും. അത്‌ എന്തോരു സന്തുഷ്ട​മായ ജോലി​യാ​യി​രി​ക്കും! ചെയ്യ​പ്പെ​ടുന്ന എല്ലാറ​റി​നെ​യും ദൈവം അനു​ഗ്ര​ഹി​ക്കും. വിളവു​കൾ ഉൽപ്പാ​ദി​പ്പി​ക്കു​ന്ന​തി​നും ആടുമാ​ടു​കളെ വളർത്തു​ന്ന​തി​നും പററിയ കാലാവസ്ഥ അവൻ പ്രദാനം ചെയ്യും. അവയെ രോഗ​ത്തിൽനി​ന്നും ഉപദ്ര​വ​ത്തിൽനി​ന്നും സംരക്ഷി​ക്കു​ന്ന​തിൽ അവൻ ശ്രദ്ധി​ക്കു​ന്ന​താ​യി​രി​ക്കും.

7. (എ) ദൈവ​ത്തി​ന്റെ ഏതു വാഗ്‌ദത്തം നിറ​വേ​റും? (ബി) ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം എന്തിനു​വേണ്ടി കാത്തി​രി​ക്കു​ന്നു?

7 ബൈബിൾസ​ങ്കീർത്ത​ന​ക്കാ​ര​നി​ലൂ​ടെ നൽകപ്പെട്ട, സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വി​ന്റെ ഈ വാഗ്‌ദത്തം നിറ​വേ​റ​റ​പ്പെ​ടും: “നീ നിന്റെ കൈ തുറക്കു​ക​യും ഏതു ജീവി​യു​ടേ​യും ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.” (സങ്കീർത്തനം 145:16) അതെ, ദൈവ​ഭ​യ​മു​ളള ആളുക​ളു​ടെ ഉചിത​മായ എല്ലാ ആഗ്രഹ​ങ്ങൾക്കും പൂർണ​മാ​യി തൃപ്‌തി​വ​രും. ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവിതം എത്ര വിശി​ഷ്ട​മാ​യി​രി​ക്കു​മെന്നു നമുക്ക്‌ ഊഹി​ക്കാൻപോ​ലും ആവുക​യില്ല. തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എഴുതി: “നാം അവന്റെ [ദൈവ​ത്തി​ന്റെ] വാഗ്‌ദ​ത്ത​പ്ര​കാ​രം കാത്തി​രി​ക്കുന്ന പുതിയ ആകാശ​ങ്ങ​ളും ഒരു പുതിയ ഭൂമി​യു​മുണ്ട്‌, അവയിൽ നീതി വസി​ക്കേ​ണ്ട​താണ്‌.”—2 പത്രോസ്‌ 3:13; യെശയ്യാവ്‌ 65:17; 66:22.

8. (എ) നമുക്കു പുതിയ ഭൗതി​കാ​കാ​ശ​ങ്ങ​ളു​ടെ ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) “പുതിയ ആകാശങ്ങൾ” എന്താണ്‌?

8 ഈ “പുതിയ ആകാശങ്ങൾ” എന്താണ്‌? അവ പുതിയ ഭൗതി​കാ​കാ​ശങ്ങൾ അല്ല. ദൈവം നമ്മുടെ ഭൗതി​കാ​കാ​ശ​ങ്ങളെ പൂർണ​ത​യു​ള​ള​താ​യി ഉണ്ടാക്കി, അവ അവനു മഹത്വം കൈവ​രു​ത്തു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 8:3; 19:1, 2) “പുതിയ ആകാശങ്ങൾ” ഭൂമി​മേ​ലു​ളള ഒരു പുതിയ ഭരണാ​ധി​പ​ത്യ​ത്തെ​യാ​ണു പരാമർശി​ക്കു​ന്നത്‌. ഇപ്പോ​ഴത്തെ “ആകാശങ്ങൾ” മനുഷ്യ​നിർമിത ഗവൺമെൻറു​ക​ളാണ്‌. അവ അർമ​ഗെ​ദ്ദോ​നിൽ നീങ്ങി​പ്പോ​കും. (2 പത്രോസ്‌ 3:7) അവയ്‌ക്കു പകരം വരുന്ന “പുതിയ ആകാശങ്ങൾ“ ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെൻറ്‌ ആയിരി​ക്കും. അതിന്റെ രാജാവ്‌ യേശു​ക്രി​സ്‌തു ആയിരി​ക്കും. എന്നാൽ അവന്റെ വിശ്വ​സ്‌താ​നു​ഗാ​മി​ക​ളിൽ 1,44,000 പേർ “പുതിയ ആകാശങ്ങ”ളുടെ ഭാഗമാ​യി അവനോ​ടു​കൂ​ടെ ഭരിക്കും.—വെളി​പ്പാട്‌ 5:9, 10; 14:1, 3.

9. (എ) “പുതിയ ഭൂമി” എന്താണ്‌? (ബി) നശിപ്പി​ക്ക​പ്പെ​ടുന്ന ഭൂമി എന്താണ്‌?

9 അപ്പോൾ, “പുതിയ ഭൂമി” എന്താണ്‌? അത്‌ ഒരു പുതിയ ഗ്രഹമല്ല. തികച്ചും മനുഷ്യാ​ധി​വാ​സ​യോ​ഗ്യ​മാ​യി​ട്ടാ​ണു ദൈവം ഈ ഭൂഗ്ര​ഹത്തെ നിർമി​ച്ചത്‌, അത്‌ എന്നേക്കും നിലനിൽക്ക​ണ​മെ​ന്നു​ള​ളത്‌ അവന്റെ ഇഷ്ടമാണ്‌. (സങ്കീർത്തനം 104:5) “പുതി​യ​ഭൂ​മി” ജനങ്ങളു​ടെ ഒരു പുതിയ സമൂഹത്തെ അഥവാ സമുദാ​യത്തെ പരാമർശി​ക്കു​ന്നു. ബൈബിൾ മിക്ക​പ്പോ​ഴും “ഭൂമി” എന്ന പദം ഉപയോ​ഗി​ക്കു​ന്നത്‌ ആ വിധത്തി​ലാണ്‌. ദൃഷ്ടാ​ന്ത​മാ​യി, അതു പറയുന്നു: “സർവഭൂ​മി​യും [ജനങ്ങളെ അർഥമാ​ക്കു​ന്നു] ഏകഭാ​ഷ​യു​ള​ള​താ​യി തുടർന്നു.” (ഉൽപ്പത്തി 11:1) നശിപ്പി​ക്ക​പ്പെ​ടുന്ന ഭൂമി, തങ്ങളേ​ത്തന്നെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ ഭാഗമാ​ക്കി​ത്തീർക്കുന്ന ജനങ്ങളാണ്‌. (2 പത്രോസ്‌ 3:7) അവരുടെ സ്ഥാനത്തു​വ​രുന്ന “പുതിയ ഭൂമി” ദുഷ്ടജ​ന​ങ്ങ​ളു​ടെ ഈ ലോക​ത്തിൽനി​ന്നു തങ്ങളേ​ത്തന്നെ വേർപെ​ടു​ത്തി​യി​ട്ടു​ളള യഥാർഥ ദൈവ​ദാ​സൻമാർ ചേർന്നു​ണ്ടാ​കു​ന്ന​താ​യി​രി​ക്കും.—യോഹ​ന്നാൻ 17:14; 1 യോഹ​ന്നാൻ 2:17.

10. (എ)ഇപ്പോൾ ആർ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു, എന്തി​ലേക്ക്‌? (ബി) തുടർന്നു​വ​രുന്ന പേജു​ക​ളി​ലെ തിരു​വെ​ഴു​ത്തു​ക​ള​നു​സ​രി​ച്ചു മാനു​ഷ​ഗ​വൺമെൻറു​കൾക്കു ചെയ്യാൻ കഴിയാത്ത എന്തു പറുദീ​സാ​ഭൂ​മി​യിൽ ചെയ്യ​പ്പെ​ടും?

10 ഇപ്പോൾത്തന്നെ “പുതിയ ഭൂമി”യുടെ ഭാഗമാ​യി​ത്തീ​രാൻപോ​കുന്ന സകല വർഗങ്ങ​ളി​ലും ജനതക​ളി​ലും​പെട്ട ആളുകൾ ക്രിസ്‌തീ​യ​സ​ഭ​യിൽ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അവരുടെ ഇടയിൽ നിലവി​ലു​ളള ഐക്യ​വും സമാധാ​ന​വും അർമ​ഗെ​ദ്ദോ​നു​ശേ​ഷ​മു​ളള പറുദീ​സാ​ഭൂ​മി​യി​ലെ ഉല്ലാസ​പ്ര​ദ​മായ ജീവി​ത​ത്തി​ന്റെ ഒരു ചെറിയ പൂർവ​വീ​ക്ഷണം മാത്ര​മാണ്‌. വാസ്‌ത​വ​ത്തിൽ, യാതൊ​രു മാനു​ഷ​ഗ​വൺമെൻറി​നും ചെയ്യാൻ ആശിക്കാൻപോ​ലും കഴിയാ​ത്തവ ദൈവ​രാ​ജ്യം നടപ്പി​ലാ​ക്കും. അടുത്തു​വ​രുന്ന പേജു​ക​ളിൽ അത്തരം അനു​ഗ്ര​ഹ​ങ്ങ​ളിൽ ചുരുക്കം ചിലതു പരിചി​ന്തി​ക്കുക.

സകല മനുഷ്യ​വർഗ​ത്തി​ന്റെ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മായ സാഹോ​ദ​ര്യം

“ദൈവം പക്ഷപാ​തി​ത്വ​മു​ള​ള​വനല്ല, എന്നാൽ ഏതു ജനതയി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കുന്ന മനുഷ്യൻ അവനു സ്വീകാ​ര്യ​നാണ്‌.”—പ്രവൃ​ത്തി​കൾ 10:34, 35.

“നോക്കൂ! സകല ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ജനങ്ങളി​ലും ഭാഷക​ളി​ലും നിന്ന്‌ യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപു​രു​ഷാ​രം. . .അവർക്കു മേലാൽ വിശക്കു​ക​യില്ല. ഇനി ദാഹി​ക്കു​ക​യു​മില്ല.”—വെളി​പ്പാട്‌ 7:9, 16.

മനുഷ്യരും മൃഗങ്ങ​ളും തമ്മിൽ സമാധാ​നം

“ചെന്നായി യഥാർഥ​ത്തിൽ കുറേ​സ​മയം ആണാട്ടിൻ കുട്ടി​യോ​ടു​കൂ​ടെ വസിക്കും, പുളളി​പ്പു​ലി​തന്നെ കോലാ​ട്ടിൻകു​ട്ടി​യോ​ടു​കൂ​ടെ കിടക്കും, പശുക്കി​ടാ​വും കുഞ്ചി​രോ​മ​മു​ളള യുവസിം​ഹ​വും നന്നായി പോഷി​പ്പിച്ച മൃഗവു​മെ​ല്ലാം ഒരുമി​ച്ചു കഴിഞ്ഞു​കൂ​ടും. വെറു​മൊ​രു ബാലൻ അവയു​ടെ​മേൽ നായക​നാ​യി​രി​ക്കും.”—യെശയ്യാവ്‌ 11:6; യെശയ്യാവ്‌ 65:25.

മേലാൽ രോഗ​മോ വാർധ​ക്യ​മോ മരണമോ ഇല്ല

“ആ കാലത്തു കുരു​ടൻമാ​രു​ടെ കണ്ണുകൾ തുറക്ക​പ്പെ​ടും, ചെകി​ട​രു​ടെ ചെവി​കൾതന്നെ തുറക്ക​പ്പെ​ടും. ആ കാലത്തു മുടന്തൻ ഒരു മാനി​നെ​പ്പോ​ലെ​തന്നെ കയറി​പ്പോ​കും. ഊമന്റെ നാവു സന്തോ​ഷി​ച്ചു​ഘോ​ഷി​ക്കും.”—യെശയ്യാവ്‌ 35:5, 6.

“ദൈവം​തന്നെ അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണുക​ളിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ന്നതല്ല, വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്ക​യില്ല. പൂർവ​കാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.”—വെളി​പ്പാട്‌ 21:3, 4.

മരിച്ചവർ ജീവനി​ലേക്കു തിരികെ വരുത്ത​പ്പെ​ടു​ന്നു

“സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ ശബ്ദം കേട്ടു പുറത്തു​വ​രുന്ന നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29.

“സമുദ്രം അതിലു​ളള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു, മരണവും ഹേഡീ​സും അവയി​ലു​ളള മരിച്ച​വ​രെ​യും ഏല്‌പി​ച്ചു​കൊ​ടു​ത്തു.”—വെളി​പ്പാട്‌ 20:13.

11. ആളുകൾ ഇക്കാലത്തു നിർമി​ക്കുന്ന പറുദീ​സ​കളെ മിക്ക​പ്പോ​ഴും നശിപ്പി​ക്കു​ന്ന​തെന്ത്‌?

11 ദൈവ​രാ​ജ്യ​ത്തിൻകീ​ഴി​ലെ പറുദീ​സാ ഈ പഴയ വ്യവസ്ഥി​തി​ക്കു കൈവ​രു​ത്താൻ കഴിയുന്ന എന്തി​നെ​ക്കാ​ളും എത്രയോ മെച്ചമാ​യി​രി​ക്കും! ഇക്കാലത്തു ചിലർ തങ്ങൾ വസിക്കു​ന്നടം ഒരു പറുദീ​സാ​പോ​ലെ ആക്കിയി​ട്ടു​ണ്ടെ​ന്നു​ള​ളതു സത്യം​തന്നെ, എന്നാൽ ഈ സ്ഥലങ്ങളിൽ ഒരുമി​ച്ചു പാർക്കു​ന്നവർ നീചരും സ്വാർഥ​രു​മാ​യി​രി​ക്കാം, അവർ അന്യോ​ന്യം വെറു​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. കാല​ക്ര​മ​ത്തിൽ അവർ രോഗി​ക​ളാ​യി​ത്തീ​രു​ന്നു, വാർധ​ക്യം പ്രാപി​ക്കു​ക​യും മരിക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, അർമ​ഗെ​ദ്ദോ​നു​ശേഷം ഭൂമി​യി​ലെ പറുദീ​സ​യിൽ കേവലം മനോ​ഹ​ര​മായ ഭവനങ്ങ​ളെ​യും തോട്ട​ങ്ങ​ളെ​യും ഉദ്യാ​ന​ങ്ങ​ളെ​യും​കാൾ വളരെ​യ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കും.

12, 13. (എ) അർമ​ഗെ​ദ്ദോ​നു​ശേഷം ഏതു സമാധാ​നാ​വ​സ്ഥകൾ നിലവിൽ വരും? (ബി) ഈ അവസ്ഥകൾ കൈവ​രു​ത്തു​ന്ന​തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ത്‌?

12 അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. എല്ലാ വർഗങ്ങ​ളി​ലും ജനതക​ളി​ലും​പെട്ട ആളുകൾ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​ടെ ഒരു കുടും​ബം​പോ​ലെ ഒരുമി​ച്ചു വസിക്കാൻ പഠിക്കും. അവർ യഥാർഥ​മാ​യി അന്യോ​ന്യം സ്‌നേ​ഹി​ക്കും. ആരും സ്വാർഥ​രോ നിർദ​യ​രോ ആയിരി​ക്ക​യില്ല. ആരും മറെറാ​രാ​ളെ അയാളു​ടെ വർഗമോ വർണമോ ജൻമ​ദേ​ശ​മോ നിമിത്തം ദ്വേഷി​ക്കു​ക​യില്ല. മുൻവി​ധി നീങ്ങി​പ്പോ​കും. ഓരോ​രു​ത്ത​രും മററ്‌ ഓരോ​രു​ത്ത​രു​ടെ​യും യഥാർഥ സുഹൃ​ത്തും അയൽക്കാ​ര​നും ആയിത്തീ​രും. സത്യമാ​യി, അത്‌ ഒരു ആത്മീയ​വി​ധ​ത്തിൽ ഒരു പറുദീ​സാ ആയിരി​ക്കും. നിങ്ങൾ “പുതിയ ആകാശ​ങ്ങ​ളിൻ”കീഴിൽ ഈ പറുദീ​സ​യിൽ ജീവി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നു​വോ?

13 ഇന്ന്‌ ആളുകൾ സമാധാ​ന​ത്തിൽ ഒരുമി​ച്ചു ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ധാരാളം സംസാ​രി​ക്കു​ന്നുണ്ട്‌. അവർ ഒരു “ഐക്യ​രാ​ഷ്‌ട്ര”സംഘടന സ്ഥാപി​ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. എന്നിട്ടും ജനങ്ങളും ജനതക​ളും മുമ്പെ​ന്ന​ത്തേ​തി​ലു​മ​ധി​കം ഛിദ്രി​ച്ചി​രി​ക്കു​ക​യാണ്‌. എന്താണാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌? ആളുക​ളു​ടെ ഹൃദയ​ത്തിന്‌ ഒരു മാററം ആവശ്യ​മാണ്‌. എന്നാൽ ഈ ലോക​ത്തി​ലെ ഗവൺമെൻറു​കൾക്ക്‌ അത്തര​മൊ​രു അത്ഭുതം ചെയ്യുക കേവലം അസാധ്യ​മാണ്‌. എന്നിരു​ന്നാ​ലും, ദൈവ​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ളള ബൈബി​ളി​ന്റെ സന്ദേശം അതു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

14. ഈ പറുദീ​സാ​യ​വ​സ്ഥകൾ സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടു​മെന്നു തെളി​യി​ക്കാൻ ഇപ്പോൾ എന്തു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു?

14 നീതി​യു​ളള പുതിയ വ്യവസ്ഥി​തി​യെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നാൽ അനേക​രു​ടെ ഹൃദയങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കാൻ പ്രേരി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ അവർ ദൈവ​ത്തെ​പ്പോ​ലെ മററു​ള​ള​വ​രോ​ടു സ്‌നേ​ഹ​പൂർവ​ക​മായ വിധത്തിൽ പ്രവർത്തി​ക്കാ​നും തുടങ്ങു​ക​യാണ്‌. (1 യോഹ​ന്നാൻ 4:9-11, 20) അവരുടെ ജീവി​ത​ത്തിൽ വലിയ ഒരു മാററം സംഭവി​ക്കു​ന്നു എന്നാണ​തി​ന്റെ അർഥം. ദുഷ്ടമൃ​ഗ​ങ്ങ​ളെ​പ്പോ​ലെ നീചരും പകനി​റ​ഞ്ഞ​വ​രു​മാ​യി​രുന്ന അനേകർ അങ്ങനെ സൗമ്യ​രും സമാധാ​ന​പ്രി​യ​രു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. അനുസ​ര​ണ​മു​ളള ചെമ്മരി​യാ​ടു​ക​ളെ​പ്പോ​ലെ, അവർ ക്രിസ്‌തീയ ആട്ടിൻകൂ​ട്ട​ത്തി​ലേക്കു ചേർക്ക​പ്പെ​ടു​ന്നു.

15. (എ) ക്രിസ്‌ത്യാ​നി​ക​ളു​ടെ ഏതു രണ്ടു കൂട്ടങ്ങ​ളുണ്ട്‌? (ബി) “പുതിയ ഭൂമി” ആയിത്തീ​രുന്ന ആദ്യത്തവർ ആരായി​രി​ക്കും?

15 ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കാ​നു​ളള 1,44,000 ക്രിസ്‌ത്യാ​നി​ക​ളാ​കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ കൂട്ടി​ച്ചേർപ്പാണ്‌ 1,900-ത്തിൽപരം വർഷമാ​യി നടന്നു​കൊ​ണ്ടി​രു​ന്നത്‌. ഇവരിൽ ചുരുക്കം ചിലർ മാത്രമേ ഭൂമി​യിൽ ശേഷി​ച്ചി​ട്ടു​ളളു; അധികം പേരും ഇപ്പോൾത്തന്നെ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കു​ക​യാണ്‌. (ലൂക്കോസ്‌ 12:32; വെളി​പ്പാട്‌ 20:6) എന്നാൽ മററു ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടു യേശു പറഞ്ഞു: “[“ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ] ഈ തൊഴു​ത്തിൽ പെടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌; അവയെ​യും ഞാൻ കൊണ്ടു​വ​രേ​ണ്ട​താണ്‌, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരു ആട്ടിൻകൂ​ട്ടം, ഒരു ഇടയൻ ആയിത്തീ​രും.” (യോഹ​ന്നാൻ 10:16) ഈ “വേറെ ആടുകളു”ടെ ഒരു “മഹാപു​രു​ഷാ​രം” ഇപ്പോൾ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അവരാ​യി​രി​ക്കും “പുതിയ ഭൂമി”യായി​ത്തീ​രുന്ന ആദ്യത്തവർ. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യത്തിൽ അവർ ഭൗമിക പറുദീ​സ​യി​ലേക്കു കടന്നു ജീവി​ക്ക​ത്ത​ക്ക​വണ്ണം യഹോവ അവരെ “മഹോ​പ​ദ്രവ”ത്തിൽ സംരക്ഷി​ക്കും.—വെളി​പ്പാട്‌ 7:9, 10, 13-15.

16. ഏതത്ഭുതം മൃഗങ്ങ​ളോ​ടു​കൂ​ടെ​യു​ളള ജീവി​തത്തെ ഉല്ലാസ​ക​ര​മാ​ക്കി​ത്തീർക്കും?

16 അർമ​ഗെ​ദ്ദോ​നു​ശേഷം മറെറാ​ര​ത്ഭു​തം പറുദീ​സാ​യ​വ​സ്ഥ​ക​ളു​ടെ മഹിമ വർധി​പ്പി​ക്കും. സിംഹ​ങ്ങ​ളും കടുവാ​ക​ളും പുളളി​പ്പു​ലി​ക​ളും കരടി​ക​ളും പോ​ലെ​യു​ളള മൃഗങ്ങൾ ഇപ്പോൾ അപകട​കാ​രി​ക​ളാണ്‌; അന്ന്‌ അവ സമാധാ​ന​ത്തി​ലാ​യി​രി​ക്കും. അന്നു വനത്തി​ലൂ​ടെ നടക്കു​ന്ന​തും കുറെ സമയം ഒരു സിംഹ​വും പിന്നീട്‌ ഒരുപക്ഷേ ഒരു വലിയ കരടി​യും നടക്കാൻ നിങ്ങ​ളോ​ടു ചേരു​ന്ന​തും എത്ര രസമാ​യി​രി​ക്കും! വീണ്ടു​മൊ​രി​ക്ക​ലും ആർക്കും മറെറാ​രു ജീവിയെ ഭയപ്പെ​ടേ​ണ്ടി​വ​രി​ക​യില്ല.

17, 18. (എ) പറുദീ​സാ​ഭൂ​മി​യിൽ സങ്കടത്തി​നു​ളള ഏതു കാരണം മേലാൽ ഉണ്ടായി​രി​ക്ക​യില്ല? (ബി) എല്ലാവ​രും പൂർണാ​രോ​ഗ്യം ആസ്വദി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

17 വീടു​ക​ളും തോട്ട​ങ്ങ​ളും എത്ര മനോ​ഹ​ര​മാ​യി​രു​ന്നാ​ലും ആളുകൾ എത്ര ദയയും സ്‌നേ​ഹ​വു​മു​ള​ള​വ​രാ​യി​രു​ന്നാ​ലും, അല്ലെങ്കിൽ മൃഗങ്ങൾ എത്ര ഇണക്കമു​ള​ള​വ​യാ​യി​രു​ന്നാ​ലും നാം രോഗി​ക​ളാ​കു​ക​യും വാർധ​ക്യം പ്രാപി​ക്കു​ക​യും മരിക്കു​ക​യു​മാ​ണെ​ങ്കിൽ പിന്നെ​യും ദുഃഖ​മാ​ണു​ണ്ടാ​കുക. എന്നാൽ എല്ലാവർക്കും പൂർണാ​രോ​ഗ്യം കൈവ​രു​ത്താൻ ആർക്കു കഴിയും? ക്യാൻസ​റും ഹൃ​ദ്രോ​ഗ​ങ്ങ​ളും മററു രോഗ​ങ്ങ​ളും തുടച്ചു​നീ​ക്കു​ന്ന​തിൽ മാനു​ഷ​ഗ​വൺമെൻറു​കൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അവർക്ക്‌ അതു ചെയ്യാൻ കഴി​ഞ്ഞെ​ന്നു​തന്നെ വന്നാലും അത്‌ ആളുകളെ വാർധ​ക്യം പ്രാപി​ക്കു​ന്ന​തിൽനി​ന്നു തടയു​ക​യി​ല്ലെന്നു ഡോക്ടർമാർ സമ്മതി​ക്കു​ന്നു. നാം പിന്നെ​യും വാർധ​ക്യം പ്രാപി​ക്കും. കാല​ക്ര​മ​ത്തിൽ നമ്മുടെ കണ്ണുകൾ മങ്ങും, നമ്മുടെ മാംസ​പേ​ശി​കൾ ദുർബ​ല​മാ​കും, നമുക്കു ജര ബാധി​ക്കും, നമ്മുടെ ശരീര​ത്തി​നു​ള​ളി​ലെ അവയവങ്ങൾ തകരും. തുടർന്നു മരണവും നേരി​ടും. എത്ര സങ്കടകരം!

18 അർമ​ഗെ​ദ്ദോ​നു​ശേഷം പറുദീ​സാ​ഭൂ​മി​യിൽ ദൈവ​ത്തി​ന്റെ മഹത്തായ ഒരു അത്ഭുതം അതി​നെ​ല്ലാം മാററം വരുത്തും. എന്തെന്നാൽ ബൈബിൾ വാഗ്‌ദത്തം ഇതാണ്‌: “യാതൊ​രു നിവാ​സി​യും ‘എനിക്കു രോഗ​മാണ്‌’ എന്നു പറയു​ക​യില്ല.” (യെശയ്യാവ്‌ 33:24) യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവൻ സകലതരം ദീനവും രോഗ​വും സൗഖ്യ​മാ​ക്കാ​നു​ളള തന്റെ പ്രാപ്‌തി തെളി​യി​ച്ചു. നാം ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ പാപം നിമി​ത്ത​മാണ്‌ അവ ഉണ്ടാകു​ന്നത്‌. (മർക്കോസ്‌ 2:1-12; മത്തായി 15:30, 31) രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ വാർധ​ക്യം പ്രാപി​ക്കൽ നിലയ്‌ക്കും. വൃദ്ധർ വീണ്ടും യുവാ​ക്ക​ളാ​യി​ത്തീ​രു​ക​പോ​ലും ചെയ്യും. അതെ, ‘ഒരു മമനു​ഷ്യ​ന്റെ മാംസം അവന്റെ യൗവന​ത്തി​ലേ​തി​ലും പുതു​മ​യു​ള​ള​താ​യി​ത്തീ​രും.’ (ഇയ്യോബ്‌ 33:25) അന്ന്‌ ഓരോ പ്രഭാ​ത​ത്തി​ലും ഉണർന്നു നിങ്ങൾ തലേ ദിവസ​ത്തേ​തി​ലും ആരോ​ഗ്യ​വാ​നാ​ണെന്നു തിരി​ച്ച​റി​യു​ന്നത്‌ എത്ര പുളക​പ്ര​ദ​മാ​യി​രി​ക്കും!

19. ഏത്‌ ഒടുക്കത്തെ ശത്രു നാസ്‌തി​യാ​ക്ക​പ്പെ​ടും, എങ്ങനെ?

19 തീർച്ച​യാ​യും പറുദീ​സ​യിൽ യുവസ​ഹ​ജ​മായ പൂർണാ​രോ​ഗ്യ​ത്തിൽ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കാ​നാ​ഗ്ര​ഹി​ക്കു​ക​യില്ല. ആരും മരി​ക്കേ​ണ്ട​തു​മില്ല! മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ അവർക്കു ലഭിക്കു​ന്ന​തി​ന്റെ അർഥം ഒടുവിൽ “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മൂലമു​ളള നിത്യ​ജീ​വനാ”കുന്ന ദൈവ​ത്തി​ന്റെ മഹത്തായ ദാനം ആസ്വദി​ക്കു​മെ​ന്നാണ്‌. (റോമർ 6:23) ബൈബിൾ പറയു​ന്ന​തു​പോ​ലെ, ക്രിസ്‌തു “സകല ശത്രു​ക്ക​ളെ​യും ദൈവം അവന്റെ പാദങ്ങ​ളിൻകീ​ഴി​ലാ​ക്കു​ന്ന​തു​വരെ രാജാ​വാ​യി ഭരി​ക്കേ​ണ്ട​താണ്‌. ഒടുക്കത്തെ ശത്രു​വാ​യി മരണം നാസ്‌തി​യാ​ക്ക​പ്പെ​ടേ​ണ്ട​താണ്‌.”—1 കൊരി​ന്ത്യർ 15:25, 26; യെശയ്യാവ്‌ 25:8.

20. ഇപ്പോൾ ജീവി​ക്കു​ന്ന​വർക്കു പുറമേ, ആർ പറുദീ​സാ​ഭൂ​മി ആസ്വദി​ക്കും, അത്‌ എങ്ങനെ സാധ്യ​മാ​കും?

20 ഇപ്പോൾ മരിച്ചി​രി​ക്കു​ന്ന​വർപോ​ലും പറുദീ​സാ​ഭൂ​മി ആസ്വദി​ക്കും! അവർ ജീവനി​ലേക്കു തിരികെ വരും! അതു​കൊണ്ട്‌ ആ കാലത്തു ചരമ അറിയി​പ്പു​കൾക്കു പകരം പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​രെ​ക്കു​റി​ച്ചു​ളള സന്തോ​ഷ​ക​ര​മായ റിപ്പോർട്ടു​ക​ളാ​ണു​ണ്ടാ​യി​രി​ക്കുക. മരിച്ചു​പോ​യി​രുന്ന മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും മററു പ്രിയ​പ്പെ​ട്ട​വ​രെ​യും ശവക്കു​ഴി​യിൽനി​ന്നു തിരികെ സ്വാഗതം ചെയ്യു​ന്നത്‌ എത്ര അത്ഭുത​ക​ര​മാ​യി​രി​ക്കും! പറുദീ​സാ​ഭൂ​മി​യു​ടെ മനോ​ഹാ​രി​തയെ നശിപ്പി​ക്കാൻ ശവസം​സ്‌കാ​ര​മ​ന്ദി​ര​ങ്ങ​ളോ ശവക്കോ​ട്ട​ക​ളോ ശവകു​ടീ​ര​ശി​ല​ക​ളോ ഉണ്ടായി​രി​ക്ക​യില്ല.

21. (എ) “പുതിയ ആകാശ​ങ്ങളു”ടെ നിയമ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും നടപ്പി​ലാ​ക്കു​ന്ന​തിന്‌ ആർ സഹായി​ക്കും? (ബി) നാം യഥാർഥ​ത്തിൽ “പുതിയ ആകാശ​ങ്ങ​ളും” “പുതിയ ഭൂമി​യും” ആഗ്രഹി​ക്കു​ന്നു​വെന്നു നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

21 പറുദീ​സാ​ഭൂ​മി​യി​ലെ കാര്യങ്ങൾ നടത്തു​ന്ന​തോ ഭരിക്കു​ന്ന​തോ ആരായി​രി​ക്കും? സകല നിയമ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും മീതെ​യു​ളള “പുതിയ ആകാശ​ങ്ങ​ളിൽ”നിന്നാണു വരുന്നത്‌. എന്നാൽ ഈ നിയമ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും നടപ്പി​ലാ​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കു​ന്ന​തി​നു ഭൂമി​യിൽ വിശ്വ​സ്‌ത​രായ മനുഷ്യർ നിയമി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. ഈ പുരു​ഷൻമാർ സ്വർഗീയ രാജ്യത്തെ ഒരു പ്രത്യേ​ക​വി​ധ​ത്തിൽ പ്രിതി​നി​ധാ​നം ചെയ്യു​ന്ന​തു​കൊ​ണ്ടു ബൈബിൾ അവരെ “പ്രഭു​ക്കൻമാർ” എന്നു വിളി​ക്കു​ന്നു. (യെശയ്യാവ്‌ 32:1, 2; സങ്കീർത്തനം 45:16) ഇന്നു ക്രിസ്‌തീയ സഭയിൽപോ​ലും അതിന്റെ പ്രവർത്ത​ന​ങ്ങളെ നയിക്കു​ന്ന​തി​നും നടത്തു​ന്ന​തി​നു​മാ​യി പുരു​ഷൻമാർ പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ക്ക​പ്പെ​ടു​ന്നുണ്ട്‌. (പ്രവൃ​ത്തി​കൾ 20:28) അർമ​ഗെ​ദ്ദോ​നു​ശേഷം രാജ്യ​ഗ​വൺമെൻറി​നെ പ്രതി​നി​ധാ​നം ചെയ്യാൻ യോഗ്യ​രായ മനുഷ്യ​രെ നിയമി​ക്കു​ന്ന​തിൽ ക്രിസ്‌തു ശ്രദ്ധി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ഭൂമി​യി​ലെ കാര്യ​ങ്ങ​ളിൽ നേരിട്ടു താൽപ്പ​ര്യം പ്രകട​മാ​ക്കും. ദൈവ​ത്തി​ന്റെ “പുതിയ ആകാശങ്ങൾ”ക്കും “പുതിയ ഭൂമി”ക്കും വേണ്ടി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണെന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും? നീതി​യു​ളള ആ പുതിയ വ്യവസ്ഥി​തി​യിൽ ജീവി​ക്കു​ന്ന​തി​നു​ളള വ്യവസ്ഥകൾ പാലി​ക്കാൻ നിങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​തി​നാൽതന്നെ.—2 പത്രോസ്‌ 3:14.

[അധ്യയന ചോദ്യ​ങ്ങൾ]