കുടുംബജീവിതം വിജയിപ്പിക്കൽ
അധ്യായം 29
കുടുംബജീവിതം വിജയിപ്പിക്കൽ
1. (എ) കുടുംബം തുടങ്ങിയതെങ്ങനെ? (ബി) കുടുംബത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു?
1 യഹോവയായ ദൈവം ഒന്നാം മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ ഒരു കുടുംബം ഉളവാക്കുന്നതിന് അവൻ അവരെ കൂട്ടിയോജിപ്പിച്ചു. (ഉല്പത്തി 2:21-24; മത്തായി 19:4-6) ഈ വിവാഹിത ഇണകൾ മക്കളെ ഉളവാക്കി വർധിക്കണമെന്നുളളതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. പിന്നീടു മക്കൾ വളരുമ്പോൾ അവരും വിവാഹം ചെയ്തു സ്വന്തം കുടുംബങ്ങൾ രൂപവൽക്കരിക്കണമായിരുന്നു. കാലക്രമത്തിൽ, ഭൂമിയുടെ എല്ലാഭാഗങ്ങളിലും സന്തുഷ്ട കുടുംബങ്ങൾ വസിക്കണമെന്നുളളതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. അവർ ഭൂമിയെ മുഴുവൻ ഒരു രമണീയമായ പറുദീസാ ആക്കണമായിരുന്നു.—ഉല്പത്തി 1:28.
2, 3. (എ) കുടുംബപരാജയങ്ങൾക്കു ദൈവത്തെ കുററപ്പെടുത്താൻ പാടില്ലാത്തതെന്തുകൊണ്ട്? (ബി) ഒരു വിജയപ്രദമായ കുടുംബജീവിതം ആസ്വദിക്കുന്നതിന് ആവശ്യമായിരിക്കുന്നതെന്ത്?
2 എന്നിരുന്നാലും ഇന്നു കുടുംബങ്ങൾ ശിഥിലമാകുകയാണ്. ഇപ്പോഴും ഒന്നിച്ചുനിൽക്കുന്ന അനേക കുടുംബങ്ങളും സന്തുഷ്ടമല്ലതാനും, അതുകൊണ്ട് ‘കുടുംബം യഥാർഥത്തിൽ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ നാം മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കേണ്ടതല്ലേ?’ എന്ന് ഒരുവൻ ചോദിച്ചേക്കാം. ഏതായാലും കുടുംബപരാജയങ്ങൾക്കു ദൈവത്തെ കുററപ്പെടുത്താവുന്നതല്ല. ഒരു വ്യവസായി ഒരു സാധനം ഉല്പാദിപ്പിക്കുകയും അത് ഉപയോഗിക്കേണ്ടവിധം സംബന്ധിച്ചു നിർദേശങ്ങൾ നൽകുകയും ചെയ്തേക്കാം. എന്നാൽ ഉല്പന്നം വാങ്ങുന്നയാൾ നിർദേശങ്ങളനുസരിക്കാത്തതുകൊണ്ട് അതിനു കേടുബാധിക്കുന്നുവെങ്കിൽ അതു നിർമാതാവിന്റെ കുററമാണോ? അശേഷമല്ല! തികഞ്ഞ ഗുണമേൻമയുളളതായിരുന്നാലും ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഉല്പന്നത്തിനു കേടുബാധിക്കും. കുടുംബത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്.
3 യഹോവയാം ദൈവം കുടുംബജീവിതം സംബന്ധിച്ചു ബൈബിളിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിച്ചാലോ? കുടുംബക്രമീകരണം പൂർണതയുളളതാണെങ്കിലും അതു തകർന്നുപോയേക്കാം. അപ്പോൾ കുടുംബാംഗങ്ങൾ സന്തുഷ്ടരായിരിക്കയില്ല. മറിച്ച്, ബൈബിളിലെ മാർഗരേഖകൾ അനുസരിക്കുകയാണെങ്കിൽ അതു വിജയപ്രദവും സന്തുഷ്ടവുമായ ഒരു കുടുംബജീവിതത്തിനു സഹായിക്കും. അതുകൊണ്ട് ദൈവം വിവിധ കുടുംബാംഗങ്ങളെ എങ്ങനെ ഉണ്ടാക്കിയെന്നും അവർ ഏതു ധർമങ്ങൾ നിറവേററണമെന്ന് അവിടുന്ന് ഉദ്ദേശിച്ചുവെന്നും നാം മനസ്സിലാക്കുന്നതു മർമപ്രധാനമാണ്.
ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചവിധം
4. (എ) പുരുഷൻമാരും സ്ത്രീകളും തമ്മിൽ എന്തു വ്യത്യാസങ്ങളുണ്ട്? (ബി) ദൈവം അങ്ങനെയുളള വ്യത്യാസങ്ങൾ സൃഷ്ടിച്ചതെന്തുകൊണ്ട്?
4 ദൈവം പുരുഷൻമാരെയും സ്ത്രീകളെയും ഒരുപോലെയല്ല സൃഷ്ടിച്ചതെന്ന് ഏതൊരുവനും കാണാൻ കഴിയും. പലവിധങ്ങളിലും അവർക്കു സാമ്യമുണ്ടെന്നുളളതു സത്യംതന്നെ. എന്നാൽ അവരുടെ ശാരീരികമായ ആകാരത്തിലും ലൈംഗികഘടനയിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. കൂടാതെ അവർക്കു വ്യത്യസ്ത വൈകാരികഗുണങ്ങളുമാണുളളത്. ഈ വ്യത്യാസങ്ങളെന്തുകൊണ്ട്? ഓരോരുത്തരും വ്യത്യസ്ത ധർമം നിറവേററുന്നതിനു സഹായകമായ വിധത്തിലാണു ദൈവം അവരെ ഉണ്ടാക്കിയത്. മനുഷ്യനെ സൃഷ്ടിച്ചശേഷം: “മനുഷ്യൻ ഏകനായി തുടരുന്നത് അവനു നന്നല്ല. ഞാൻ അവന് ഒരു പൂരകമെന്ന നിലയിൽ, അവനുവേണ്ടി ഒരു സഹായിയെ ഉണ്ടാക്കാൻ പോകുകയാണ്” എന്നു ദൈവം പറഞ്ഞു.—ഉല്പത്തി 2:18.
5. (എ) സ്ത്രീ പുരുഷന് ഒരു “പൂരക”മായി ഉണ്ടാക്കപ്പെട്ടതെങ്ങനെ? (ബി) ആദ്യവിവാഹം നടന്നതെവിടെ? (സി) വിവാഹത്തിനു യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ക്രമീകരണമായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
5 ഒരു പൂരകം മറെറന്തിനോടെങ്കിലും യോജിക്കുന്നതോ ഇണങ്ങുന്നതോ ആയ ഒന്നാണ്, അങ്ങനെ അതിനെ പൂർണമാക്കുന്നു. ഭൂമിയെ അധിവസിപ്പിക്കാനും പരിപാലിക്കാനുമുളള ദൈവദത്തമായ നിർദേശങ്ങൾ നിറവേററാൻ പുരുഷനെ സഹായിക്കുന്നതിന് അവനു സംതൃപ്തികരമായ ഒരു ഇണയായിട്ടാണു ദൈവം സ്ത്രീയെ ഉണ്ടാക്കിയത്. അതുകൊണ്ട് മമനുഷ്യന്റെ ഒരു ഭാഗമെടുത്തു സ്ത്രീയെ ഉണ്ടാക്കിയശേഷം അവളെ മമനുഷ്യന്റെ അടുക്കൽ കൊണ്ടുചെന്നുകൊണ്ടു ദൈവം ഒന്നാമത്തെ വിവാഹം നടത്തി. (ഉൽപ്പത്തി 2:22; 1 കൊരിന്ത്യർ 11:8, 9) പുരുഷനും സ്ത്രീക്കുമുളള ഒരു ആവശ്യത്തെ പരസ്പരം നിറവേററാനുളള പ്രാപ്തിയോടെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു വിവാഹം ഒരു സന്തുഷ്ട ക്രമീകരണമായിരിക്കാൻ കഴിയും. അവരുടെ വ്യത്യസ്ത ഗുണങ്ങൾ പരസ്പരം നല്ല സമനിലയിൽ നിർത്തുന്നു. ഒരു ഭർത്താവും ഭാര്യയും പരസ്പരം മനസ്സിലാക്കുകയും വിലമതിക്കുകയും തങ്ങളുടെ നിയമിതധർമങ്ങളനുസരിച്ചു സഹകരിക്കുകയും ചെയ്യുമ്പോൾ അവർ ഇരുവരും ഒരു സന്തുഷ്ടഭവനം കെട്ടിപ്പടുക്കുന്നതിൽ തങ്ങളുടെ പങ്കു സംഭാവന ചെയ്യുന്നു.
ഭർത്താവിന്റെ ധർമം
6. (എ) കുടുംബത്തലവനാക്കപ്പെട്ടതാര്? (ബി) ഇത് ഉചിതവും പ്രായോഗികവുമായിരിക്കുന്നതെന്തുകൊണ്ട്?
6 ഒരു വിവാഹത്തിന് അല്ലെങ്കിൽ കുടുംബത്തിനു നേതൃത്വം ആവശ്യമാണ്. അത്തരം നേതൃത്വം പ്രദാനം ചെയ്യത്തക്കവണ്ണം കൂടിയ അളവിലുളള ഗുണങ്ങളോടും ശക്തികളോടുംകൂടെയാണു പുരുഷൻ സൃഷ്ടിക്കപ്പെട്ടത്. ഈ കാരണത്താൽ ബൈബിൾ പറയുന്നു: “ക്രിസ്തുവും സഭയുടെ തലയാകുന്നതുപോലെ ഒരു ഭർത്താവു തന്റെ ഭാര്യയുടെ തലയാകുന്നു.” (എഫേസ്യർ 5:23) ഇതു പ്രായോഗികമാണ്, എന്തുകൊണ്ടെന്നാൽ നേതൃത്വം ഇല്ലാത്തപ്പോൾ ക്ലേശവും കുഴപ്പവുമുണ്ട്. കുടുംബത്തിനു ശിരഃസ്ഥാനമില്ലാത്തത് ഒരു സ്ററിയറിംഗ്വീൽ ഇല്ലാതെ കാറോടിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. അല്ലെങ്കിൽ, ഭാര്യ അങ്ങനെയുളള ശിരഃസ്ഥാനത്തോടു മത്സരിക്കുകയാണെങ്കിൽ, അത് ഓരോ വ്യത്യസ്ത മുൻചക്രത്തെയും നിയന്ത്രിക്കുന്ന ഓരോ സ്ററിയറിംഗ് സഹിതം കാറിൽ രണ്ടു ഡ്രൈവർമാർ ഉളളതുപോലെയാണ്.
7. (എ) ചില സ്ത്രീകൾ പുരുഷന്റെ ശിരഃസ്ഥാനത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതെന്തുകൊണ്ട്? (ബി) എല്ലാവർക്കും ഓരോ തലവൻ ഉണ്ടോ, ശിരഃസ്ഥാനം സംബന്ധിച്ച ദൈവത്തിന്റെ ക്രമീകരണം ജ്ഞാനപൂർവകമായ ഒന്നായിരിക്കുന്നതെന്തുകൊണ്ട്?
7 എന്നിരുന്നാലും അനേകം സ്ത്രീകൾ ഒരു പുരുഷൻ കുടുംബത്തലവനായിരിക്കുന്ന ആശയം ഇഷ്ടപ്പെടുന്നില്ല. ഇതിന്റെ ഒരു പ്രധാന കാരണം അനേകം ഭർത്താക്കൻമാർ ഉചിതമായ ശിരഃസ്ഥാനം പ്രയോഗിക്കുന്നതു സംബന്ധിച്ച ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിച്ചിട്ടില്ലെന്നുളളതാണ്. എന്നുവരികിലും, ഏതു സ്ഥാപനവും നന്നായി പ്രവർത്തിക്കുന്നതിന് ആരെങ്കിലും മാർഗനിർദേശം കൊടുക്കുകയും അന്തിമതീരുമാനങ്ങൾ ചെയ്യുകയും ചെയ്യേണ്ടതാണെന്നുളളത് ഒരു അംഗീകൃത വസ്തുതയാണ്. അങ്ങനെ ബൈബിൾ ജ്ഞാനപൂർവം പറയുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു ആകുന്നു; ക്രമത്തിൽ സ്ത്രീയുടെ തല പുരുഷനാകുന്നു; ക്രമത്തിൽ ക്രിസ്തുവിന്റെ തല ദൈവമാകുന്നു.” (1 കൊരിന്ത്യർ 11:3) ദൈവത്തിന്റെ ക്രമീകരണത്തിൽ ഒരു തലവൻ ഇല്ലാത്ത ഏകൻ ദൈവമാണ്. യേശുക്രിസ്തു ഉൾപ്പെടെ മററ് എല്ലാവരും—ഭർത്താക്കൻമാരും ഭാര്യമാരും—മാർഗനിർദേശം സ്വീകരിക്കുകയും മററുളളവരുടെ തീരുമാനങ്ങൾക്കു കീഴ്പ്പെട്ടിരിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.
8. (എ) ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ ഭർത്താക്കൻമാർ ആരുടെ ദൃഷ്ടാന്തം അനുകരിക്കേണ്ടതാണ്? (ബി) ഭർത്താക്കൻമാർ ആ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കണം?
8 അതിന്റെ അർഥം ഭർത്താക്കൻമാരെന്നുളള തങ്ങളുടെ ധർമം നിറവേററുന്നതിനു പുരുഷൻമാർ ക്രിസ്തുവിന്റെ ശിരഃസ്ഥാനം സ്വീകരിക്കണമെന്നാണ്. കൂടാതെ, ക്രിസ്തു തന്റെ അനുഗാമികളുടെ സഭയുടെമേൽ ശിരഃസ്ഥാനം പ്രയോഗിക്കുന്നതുപോലെ അവർ തങ്ങളുടെ ഭാര്യമാരുടെമേൽ ശിരഃസ്ഥാനം പ്രയോഗിച്ചുകൊണ്ട് അവന്റെ ദൃഷ്ടാന്തം പിന്തുടരേണ്ടതാണ്. ക്രിസ്തു തന്റെ ഭൗമികാനുഗാമികളോട് എങ്ങനെയാണ് ഇടപെട്ടത്? അത് എല്ലായ്പ്പോഴും ദയയോടും പരിഗണനയോടുംകൂടെയായിരുന്നു. അവർ അവന്റെ മാർഗനിർദേശം സ്വീകരിക്കാൻ മാന്ദ്യമുളളവരായിരുന്നപ്പോൾപ്പോലും അവൻ ഒരിക്കലും പരുഷനോ ക്ഷിപ്രകോപിയോ ആയിരുന്നില്ല. (മർക്കോസ് 9:33-37; 10:35-45; ലൂക്കോസ് 22:24-27; യോഹന്നാൻ 13:4-15) യഥാർഥത്തിൽ അവൻ മനസ്സോടെ അവർക്കുവേണ്ടി തന്റെ ജീവൻ കൊടുത്തു. (1 യോഹന്നാൻ 3:16) ഒരു ക്രിസ്തീയ ഭർത്താവു ശ്രദ്ധാപൂർവം ക്രിസ്തുവിന്റെ ദൃഷ്ടാന്തം പഠിക്കുകയും തന്റെ കുടുംബത്തോടിടപെടുമ്പോൾ അതനുസരിക്കാൻ ആവതു ചെയ്യുകയും വേണം. തൽഫലമായി അയാൾ മേധാവിയോ സ്വാർഥനോ പരിഗണനയില്ലാത്തവനോ ആയ ഒരു കുടുംബത്തലവനായിരിക്കയില്ല.
9. (എ) അനേകം ഭാര്യമാർക്ക് എന്തു പരാതിയുണ്ട്? (ബി) ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ ഭർത്താക്കൻമാർ ജ്ഞാനപൂർവം എന്ത് ഓർമിക്കേണ്ടതാണ്?
9 നേരെമറിച്ച്, ഭർത്താക്കൻമാർ ഇതു പരിചിന്തിക്കണം: നിങ്ങൾ യഥാർഥത്തിൽ കുടുംബത്തലവനായി വർത്തിക്കുന്നില്ലെന്നു നിങ്ങളുടെ ഭാര്യ പരാതി പറയുന്നുണ്ടോ? നിങ്ങൾ കുടുംബപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടും അന്തിമതീരുമാനങ്ങൾ ചെയ്യാനുളള ഉത്തരവാദിത്തം വഹിച്ചുകൊണ്ടും ഭവനത്തിൽ നേതൃത്വം വഹിക്കുന്നില്ലെന്ന് അവൾ പറയുന്നുവോ? എന്നാൽ ഒരു ഭർത്താവെന്ന നിലയിൽ ഇതു ചെയ്യാനാണു ദൈവം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. തീർച്ചയായും നിങ്ങൾ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ കുടുംബത്തിലെ മററംഗങ്ങളുടെ നിർദേശങ്ങൾക്കും ഇഷ്ടങ്ങൾക്കും ചെവികൊടുക്കുന്നതും ആ നിർദേശങ്ങൾ പരിഗണിക്കുന്നതും ജ്ഞാനമാണ്. ഭർത്താവെന്ന നിലയിൽ വ്യക്തമായി നിങ്ങൾക്കാണു കുടുംബത്തിൽ പ്രയാസമേറിയ ധർമം നിറവേററാനുളളത്. എന്നാൽ അതു നിറവേററാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭാര്യ നിങ്ങൾക്കു സഹായവും പിന്തുണയും നൽകാൻ കൂടുതൽ ചായ്വുളളവളായിരിക്കാനിടയുണ്ട്.—സദൃശവാക്യങ്ങൾ 13:10; 15:22.
ഭാര്യയുടെ ധർമം നിറവേററൽ
10. (എ) ബൈബിൾ ഭാര്യമാർക്കുവേണ്ടി ഏതു ഗതി ശക്തമായി ഉപദേശിക്കുന്നു? (ബി) ഭാര്യമാർ ബൈബിൾ ബുദ്ധ്യുപദേശം അനുസരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു?
10 ബൈബിൾ പറയുന്നതുപോലെ, സ്ത്രീ ഭർത്താവിന് ഒരു സഹായിയായിട്ടാണു നിർമിക്കപ്പെട്ടത്. (ഉൽപ്പത്തി 2:18) ആ ധർമത്തിന് അനുയോജ്യമായി “ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർക്കു കീഴ്പ്പെട്ടിരിക്കട്ടെ” എന്നു ബൈബിൾ ശക്തമായി ഉപദേശിക്കുന്നു. (എഫേസ്യർ 5:22) ഇക്കാലത്തു ഭാര്യമാരുടെ സമരോത്സുകതയും പുരുഷൻമാരുമായുളള മത്സരവും സാധാരണമായിത്തീർന്നിരിക്കുകയാണ്. എന്നാൽ ശിരഃസ്ഥാനം ഏറെറടുക്കാൻ ശ്രമിച്ചുകൊണ്ടു ഭാര്യമാർ മുൻകടന്നു പ്രവർത്തിക്കുമ്പോൾ അവരുടെ പ്രവർത്തനം കുഴപ്പം വരുത്തിക്കൂട്ടുമെന്നു മിക്കവാറും തീർച്ചയാണ്. അനേകം ഭർത്താക്കൻമാർ ‘അവൾ ഗൃഹഭരണം നടത്താനാഗ്രഹിക്കുന്നുവെങ്കിൽ അവൾതന്നെ നടത്തട്ടെ’ എന്നു ഫലത്തിൽ പറയുന്നു.
11. (എ) നേതൃത്വം വഹിക്കാൻ ഭാര്യയ്ക്കു ഭർത്താവിനെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) ഒരു ഭാര്യ തന്റെ ദൈവനിയമിതധർമം നിറവേററുന്നുവെങ്കിൽ അതിനു ഭർത്താവിൻമേൽ എന്തു ഫലമുണ്ടാകാനിടയുണ്ട്?
11 മറിച്ച്, നിങ്ങളുടെ ഭർത്താവു നേതൃത്വം വഹിക്കാത്തതിനാൽ നിങ്ങൾ അതു ചെയ്യാൻ നിർബന്ധിതയാകുകയാണെന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ കുടുംബത്തലവൻ എന്ന നിലയിൽ അയാളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അയാളെ സഹായിക്കുന്നതിനു നിങ്ങൾക്കു കൂടുതലായി പ്രവർത്തിക്കാൻ കഴിയുമോ? നേതൃത്വത്തിനായി നിങ്ങൾ അയാളിലേക്കു നോക്കുന്നുവെന്നു നിങ്ങൾ പ്രകടമാക്കുന്നുവോ? നിങ്ങൾ അയാളുടെ നിർദേശങ്ങളും മാർഗനിർദേശവും ചോദിച്ചറിയുന്നുവോ? അയാൾ ചെയ്യുന്നതിനെ ഏതെങ്കിലും വിധത്തിൽ നിസ്സാരീകരിക്കുന്നതു നിങ്ങൾ ഒഴിവാക്കുന്നുവോ? കുടുംബത്തിലെ നിങ്ങളുടെ ദൈവദത്തമായ ധർമം നിറവേററുന്നതിനു നിങ്ങൾ യഥാർഥമായി ശ്രമിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭർത്താവ് അയാളുടെ ധർമം ഏറെറടുത്തുതുടങ്ങാനിടയുണ്ട്.—കൊലോസ്യർ 3:18, 19.
12. ഭാര്യമാരുടെ അഭിപ്രായങ്ങൾ അവരുടെ ഭർത്താക്കൻമാരുടേതിൽനിന്നു വ്യത്യസ്തമാണെങ്കിൽപ്പോലും അവർക്ക് അവ ഉചിതമായി പ്രകടിപ്പിക്കാമെന്ന് എന്തു തെളിയിക്കുന്നു?
12 ഒരു ഭാര്യയുടെ അഭിപ്രായങ്ങൾ ഭർത്താവിന്റേതിൽനിന്നു വ്യത്യസ്തമാണെങ്കിൽ അവൾ അവ പ്രകടിപ്പിക്കരുതെന്നല്ല ഈ പറയുന്നത്. അവൾക്കു ശരിയായ ഒരു വീക്ഷണഗതി ഉണ്ടായിരിക്കാം. അവളുടെ ഭർത്താവ് അവളെ ശ്രദ്ധിക്കുന്നുവെങ്കിൽ കുടുംബത്തിനു പ്രയോജനം കിട്ടുമെന്നുവരാം. അബ്രാഹാമിന്റെ ഭാര്യയായ സാറാ ഭർത്താവിനോടുളള അവളുടെ കീഴ്പ്പെടൽ നിമിത്തം ക്രിസ്തീയഭാര്യമാർക്ക് ഒരു ദൃഷ്ടാന്തമായി നൽകപ്പെട്ടിരിക്കുകയാണ്. (1 പത്രോസ് 3:1, 5, 6) എന്നിട്ടും അവൾ ഒരു കുടുംബപ്രശ്നത്തിന് ഒരു പരിഹാരം ശുപാർശചെയ്തു. അബ്രാഹാം അവളോടു യോജിക്കാഞ്ഞപ്പോൾ “അവൾക്കു ചെവികൊടുക്കുക” എന്നു ദൈവം അവനോടു പറഞ്ഞു. (ഉൽപ്പത്തി 21:9-12) തീർച്ചയായും ഭർത്താവ് അന്തിമതീരുമാനം ചെയ്യുമ്പോൾ ഭാര്യ അതിനെ പിന്താങ്ങണം, അത് അവൾ ദൈവനിയമം ലംഘിക്കാനിടയാക്കുന്നില്ലെങ്കിൽ.—പ്രവൃത്തികൾ 5:29.
13. ഒരു നല്ല ഭാര്യ എന്തു ചെയ്യുന്നതാണ്, അവളുടെ കുടുംബത്തിൻമേലുളള ഫലമെന്തായിരിക്കും?
13 തന്റെ ധർമം ഉചിതമായി നിറവേററുന്നതിൽ ഒരു ഭാര്യയ്ക്കു കുടുംബപരിപാലനത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യാൻകഴിയും. ദൃഷ്ടാന്തമായി, അവൾക്കു രുചികരമായ ഭക്ഷണം തയ്യാറാക്കാനും വീടു വൃത്തിയും ഭംഗിയുമുളളതാക്കി സൂക്ഷിക്കാനും കുട്ടികളെ പ്രബോധിപ്പിക്കുന്നതിൽ പങ്കെടുക്കാനും കഴിയും. ദൈവവചനത്തെക്കുറിച്ചു ദുഷി പറയാതിരിക്കേണ്ടതിനു, വിവാഹംചെയ്ത സ്ത്രീകൾ “തങ്ങളുടെ ഭർത്താക്കൻമാരെ സ്നേഹിക്കാനും തങ്ങളുടെ മക്കളെ സ്നേഹിക്കാനും, സുബോധവും നിർമലതയുമുളളവരും വീട്ടിൽ ജോലിചെയ്യുന്നവരും നല്ലവരുമായി സ്വന്തം ഭർത്താക്കൻമാർക്കു കീഴ്പ്പെട്ടിരിക്കാനും” ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (തീത്തോസ് 2:4, 5) ഈ ചുമതലകൾ നിറവേററുന്ന ഭാര്യയും അമ്മയുമായിരിക്കുന്നവൾ തന്റെ കുടുംബത്തിന്റെ നിലനില്ക്കുന്ന സ്നേഹവും ആദരവും നേടുന്നതായിരിക്കും.—സദൃശവാക്യങ്ങൾ 31:10, 11, 26-28.
കുടുംബത്തിൽ കുട്ടികളുടെ സ്ഥാനം
14. (എ) കുടുംബത്തിൽ കുട്ടികളുടെ ഉചിതമായ സ്ഥാനമെന്ത്? (ബി) കുട്ടികൾക്കു യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
14 “സന്താനപുഷ്ടിയുളളവരായി പെരുകാൻ” യഹോവ ആദ്യമനുഷ്യജോടിയോടു കല്പിച്ചു. (ഉൽപ്പത്തി 1:28) അതെ, മക്കളെ ഉളവാക്കാൻ ദൈവം അവരോടു പറഞ്ഞു. മക്കൾ കുടുംബത്തിന് ഒരു അനുഗ്രഹമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു. (സങ്കീർത്തനം 127:3-5) അവർ മാതാപിതാക്കൻമാരുടെ നിയമത്തിനും കല്പനയ്ക്കും കീഴിൽ വരുന്നതിനാൽ ബൈബിൾ ഒരു കുട്ടിയുടെ സ്ഥാനത്തെ ഒരു അടിമയുടേതിനോടാണു താരതമ്യപ്പെടുത്തുന്നത്. (സദൃശ്യവാക്യങ്ങൾ 1:8; 6:20-23; ഗലാത്യർ 4:1) യേശുപോലും ഒരു കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കൻമാർക്കു കീഴ്പ്പെട്ടുതുടർന്നു. (ലൂക്കോസ് 2:51) അതിന്റെ അർഥം അവൻ അവരെ അനുസരിച്ചുവെന്നും അവർ നിർദേശിച്ചതു ചെയ്തുവെന്നുമാണ്. എല്ലാ കുട്ടികളും അങ്ങനെ ചെയ്യുകയാണെങ്കിൽ അതു യഥാർഥമായി കുടുംബസന്തുഷ്ടിക്കു സംഭാവനചെയ്യും.
15. മിക്കപ്പോഴും കുട്ടികൾ അവരുടെ മാതാപിതാക്കൻമാർക്ക് ഒരു ഹൃദയവേദന ആയിരിക്കുന്നതെന്തുകൊണ്ട്?
15 ഇക്കാലത്തു കുട്ടികൾ കുടുംബത്തിന് ഒരു അനുഗ്രഹമായിരിക്കുന്നതിനു പകരം മിക്കപ്പോഴും മാതാപിതാക്കൻമാർ ഹൃദയവേദനയ്ക്കു കാരണമാണ്. എന്തുകൊണ്ട്? അതു കുടുംബജീവിതം സംബന്ധിച്ച ബൈബിൾ പ്രബോധനങ്ങൾ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും പരാജയം നിമിത്തമാണ്. ദൈവത്തിന്റെ ഈ നിയമങ്ങളിലും തത്വങ്ങളിലും ചിലത് എന്തൊക്കെയാണ്? അടുത്ത പേജുകളിൽ അവയിൽ ചിലതു നമുക്കു പരിശോധിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ അവ പ്രായോഗികമാക്കുന്നതിനാൽ നിങ്ങളുടെ കുടുംബത്തിലെ സന്തുഷ്ടിക്കു സംഭാവനചെയ്യാൻ നിങ്ങൾക്കു കഴിയുമെന്നുളളതിനോടു നിങ്ങൾ യോജിക്കുന്നില്ലേയെന്നു കാണുക.
നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക
16. ഭർത്താക്കൻമാർ എന്തു ചെയ്യാൻ കല്പിക്കപ്പെട്ടിരിക്കുന്നു? ഈ കല്പനകൾ ഉചിതമായി എങ്ങനെ നിറവേററപ്പെടുന്നു?
16 ദിവ്യജ്ഞാനത്തോടെ ബൈബിൾ പറയുന്നു: “ഭർത്താക്കൻമാർ സ്വശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്.” (എഫേസ്യർ 5:28-30) ഒട്ടുമിക്കപ്പോഴും, ഭാര്യമാർ സന്തുഷ്ടരായിരിക്കുന്നതിന് അവർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അവർ വിചാരിക്കേണ്ട ആവശ്യമുണ്ടെന്ന് അനുഭവം തെളിയിച്ചിരിക്കുന്നു. അതിന്റെ അർഥം, ഒരു ഭർത്താവ് ആർദ്രതയും ഗ്രാഹ്യവും പൂർണവിശ്വാസവും ആവർത്തിച്ചുറപ്പുകൊടുക്കുന്നതും ഉൾപ്പെടെ പ്രത്യേക ശ്രദ്ധ ഭാര്യയ്ക്കു കൊടുക്കണമെന്നാണ്. ബൈബിൾ പറയുന്നതുപോലെ അവൻ അവൾക്കു ‘ബഹുമാനം കൊടുക്കേണ്ടതാണ്.’ താൻ ചെയ്യുന്നതിലെല്ലാം അവളെ പരിഗണിക്കുന്നതിനാലാണ് അവൻ ഇതു ചെയ്യുന്നത്. ഈ വിധത്തിൽ അവൻ അവളുടെ ബഹുമാനം നേടും.—1 പത്രോസ് 3:7.
നിങ്ങളുടെ ഭർത്താവിനെ ബഹുമാനിക്കുക
17. ഭാര്യമാർ എന്തു ചെയ്യാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അവർ ഇത് എങ്ങനെ ചെയ്യുന്നു?
17 ഭാര്യമാരെ സംബന്ധിച്ചെന്ത്? “ഭാര്യയ്ക്ക് അവളുടെ ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണം” എന്നു ബൈബിൾ പ്രഖ്യാപിക്കുന്നു. (എഫേസ്യർ 5:33) ഈ ബുദ്ധ്യുപദേശം അനുസരിക്കുന്നതിലുളള പരാജയം ചില ഭർത്താക്കൻമാർ ഭാര്യമാരോടു നീരസപ്പെടുന്നതിന്റെ ഒരു മുഖ്യകാരണമാണ്. ഒരു ഭാര്യ അവളുടെ ഭർത്താവിന്റെ തീരുമാനങ്ങളെ പിന്താങ്ങിക്കൊണ്ടും കുടുംബലക്ഷ്യങ്ങൾ നേടുന്നതിൽ അയാളുമായി മുഴുദേഹിയോടെ സഹകരിച്ചുകൊണ്ടും ബഹുമാനം പ്രകടമാക്കുന്നു. ഭർത്താവിന്റെ ‘സഹായിയും പൂരകവു’മെന്ന നിലയിൽ തന്റെ ബൈബിൾ നിയമിത ധർമം നിറവേററുന്നതിനാൽ ഭർത്താവിനു തന്നെ സ്നേഹിക്കുന്നത് അവൾ പ്രയാസരഹിതമാക്കിത്തീർക്കുന്നു.—ഉല്പത്തി 2:18.
പരസ്പരം വിശ്വസ്തരായിരിക്കുക
18. വിവാഹിത ഇണകൾ പരസ്പരം വിശ്വസ്തരായിരിക്കേണ്ടതെന്തുകൊണ്ട്?
18 “ഭർത്താക്കൻമാരും ഭാര്യമാരും പരസ്പരം വിശ്വസ്തരായിരിക്കണം” എന്നു ബൈബിൾ പറയുന്നു. ഭർത്താവിനോട് അതു പറയുന്നു: “നിന്റെ ഭാര്യയിൽ സന്തുഷ്ടനായിരിക്കുക, നീ വിവാഹം ചെയ്ത പെൺകുട്ടിയിൽ സന്തോഷം കണ്ടെത്തുക. . .നീ മറെറാരു സ്ത്രീക്കു നിന്റെ സ്നേഹം കൊടുക്കുന്നതെന്തിന്? നീ മറെറാരു പുരുഷന്റെ ഭാര്യയുടെ അംഗലാവണ്യത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്തിന്?” (എബ്രായർ 13:4; സദൃശവാക്യങ്ങൾ 5:18-20, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അതെ, വ്യഭിചാരം ദൈവനിയമത്തിന് എതിരാണ്, അതു വിവാഹത്തെ കുഴപ്പത്തിലാക്കുന്നു. “ഒരു വ്യഭിചാരബന്ധം വിവാഹത്തിനു വൈവിധ്യം നൽകുമെന്നു ധാരാളമാളുകൾ വിചാരിക്കുന്നു”വെന്ന് ഒരു വിവാഹഗവേഷക പ്രസ്താവിച്ചു, എന്നാൽ അത്തരം ബന്ധം എല്ലായ്പ്പോഴും “യഥാർഥ കുഴപ്പങ്ങളി”ലേക്കു നയിക്കുന്നുവെന്ന് ആ മഹതി കൂട്ടിച്ചേർത്തു.—സദൃശവാക്യങ്ങൾ 6:27-29, 32.
നിങ്ങളുടെ ഇണയുടെ ഉല്ലാസം തേടുക
19. വിവാഹിതഇണകൾക്കു ലൈംഗികബന്ധങ്ങളിൽനിന്ന് ഏററവും വലിയ ആസ്വാദനം ലഭിക്കാൻ എങ്ങനെ കഴിയും?
19 ഒരാൾ മുഖ്യമായി തന്റെ മാത്രം ലൈംഗിക ഉല്ലാസം തേടുമ്പോൾ സന്തുഷ്ടി കൈവരുന്നില്ല. എന്നാൽ ഇണയെക്കൂടെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ അതു ലഭിക്കുന്നു. ബൈബിൾ പറയുന്നു: “ഭർത്താവു തന്റെ ഭാര്യയ്ക്ക് അവളുടെ വിഹിതം കൊടുക്കട്ടെ; എന്നാൽ ഭാര്യ തന്റെ ഭർത്താവിനും അങ്ങനെ ചെയ്യട്ടെ.” (1 കൊരിന്ത്യർ 7:3) നൽകലിനെ, കൊടുക്കലിനെയാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത്. കൊടുക്കുന്നതിനാൽ കൊടുക്കുന്ന ആളിനും യഥാർഥ ഉല്ലാസം ലഭിക്കുന്നു. അതു യേശുക്രിസ്തു പറഞ്ഞതുപോലെയാണ്, “വാങ്ങുന്നതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35.
നിങ്ങളുടെ കുട്ടികൾക്കു നിങ്ങളെത്തന്നെ അർപ്പിക്കുക
20. ഒരുവന്റെ കുട്ടികളോടൊത്തു കാര്യങ്ങൾ ചെയ്യുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
20 ഏതാണ്ട് എട്ടു വയസ്സുളള ഒരു കുട്ടി ഇങ്ങനെ പറഞ്ഞു: “എന്റെ ഡാഡി എല്ലായ്പ്പോഴും ജോലിയിലാണ്. ഡാഡി ഒരിക്കലും വീട്ടിലില്ല. എനിക്കു ഡാഡി പണവും ധാരാളം കളിപ്പാട്ടങ്ങളും തരുന്നുണ്ട്, എന്നാൽ ഞാൻ ഡാഡിയെ കാണുന്നേയില്ല. എനിക്കു ഡാഡിയോടു സ്നേഹമുണ്ട്; എനിക്കു ഡാഡിയെ കൂടുതൽ കാണാൻ കഴിയത്തക്കവണ്ണം ഡാഡി എപ്പോഴും ജോലി ചെയ്യാതിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.” തങ്ങളുടെ മക്കളെ ‘വീട്ടിൽ ഇരിക്കുമ്പോഴും വഴിയിൽ നടക്കുമ്പോഴും അവർ കിടക്കുമ്പോഴും അവർ എഴുന്നേൽക്കുമ്പോഴും’ പഠിപ്പിക്കാനുളള ബൈബിൾ കല്പന മാതാപിതാക്കൾ അനുസരിക്കുമ്പോൾ കുടുംബജീവിതം എത്രയധികം മെച്ചമായിരിക്കും! നിങ്ങളുടെ മക്കൾക്കു നിങ്ങളെത്തന്നെ കൊടുക്കുന്നത്, അവരോടൊത്തു വിശിഷ്ടമായ സമയം ചെലവിടുന്നത്, കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യുമെന്നു തീർച്ചയാണ്.—ആവർത്തനം 11:19; സദൃശവാക്യങ്ങൾ 22:6.
ആവശ്യമായ ശിക്ഷണം കൊടുക്കുക
21. കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതു സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു?
21 നമ്മുടെ സ്വർഗീയ പിതാവു തന്റെ ജനത്തിനു തിരുത്തൽപ്രബോധനം അഥവാ ശിക്ഷണം കൊടുത്തുകൊണ്ടു മാതാപിതാക്കൻമാർക്ക് ഉചിതമായ ദൃഷ്ടാന്തം വെക്കുന്നു. കുട്ടികൾക്കു ശിക്ഷണം ആവശ്യമാണ്. (എബ്രായർ 12:6; സദൃശവാക്യങ്ങൾ 29:15) ഇതു തിരിച്ചറിഞ്ഞുകൊണ്ടു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ. . .യഹോവയുടെ ശിക്ഷണത്തിലും മാനസ്സിക ക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടുവരിക.” ശിക്ഷണത്തിൽ ഒരു അടിയോ പദവികളുടെ നീക്കമോ ഉൾപ്പെട്ടേക്കാമെങ്കിൽപോലും, അതു കൊടുക്കുന്നതു മാതാപിതാക്കൾ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നുണ്ടെന്നുളളതിന്റെ ഒരു തെളിവാണ്. ബൈബിൾ പറയുന്നു: “തന്റെ പുത്രനെ സ്നേഹിക്കുന്നവൻ അവനെ ശിക്ഷണം കൊടുത്ത് അന്വേഷിക്കുകതന്നെ ചെയ്യുന്നവനാണ്.”—എഫേസ്യർ 6:4; സദൃശവാക്യങ്ങൾ 13:24; 23:13, 14.
യുവാക്കളെ, ലൗകിക രീതികളെ ചെറുത്തുനിൽക്കുക
22. യുവാക്കൾക്ക് എന്തു കർത്തവ്യമുണ്ട്, അതു നിറവേററുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
22 യുവാക്കളെക്കൊണ്ടു ദൈവനിയമങ്ങൾ ലംഘിപ്പിക്കാൻ ലോകം ഒരു ശ്രമം ചെയ്യുന്നുണ്ട്. കൂടാതെ, ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, “ഒരു ബാലന്റെ ഹൃദയത്തോടു ഭോഷത്വം കെട്ടുപിണഞ്ഞുകിടക്കുന്നു.” (സദൃശവാക്യങ്ങൾ 22:15) അതുകൊണ്ട് ശരി ചെയ്യുന്നത് ഒരു പോരാട്ടമാണ്. എന്നിരുന്നാലും ബൈബിൾ പറയുന്നു: “കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കൻമരെ അനുസരിക്കേണ്ടതു നിങ്ങളുടെ ക്രിസ്തീയ കർത്തവ്യമാണ്, എന്തുകൊണ്ടെന്നാൽ അതാണു ചെയ്യേണ്ട ശരിയായ സംഗതി.” അതു സമൃദ്ധമായ പ്രതിഫലം കൈവരുത്തും. അതുകൊണ്ട് കുട്ടികളേ, ജ്ഞാനികളായിരിക്കുക. “ബാല്യത്തിൽത്തന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ബുദ്ധ്യുപദേശം അനുസരിക്കുക. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനും കുടിച്ചു മത്തരാകുന്നതിനും ദുർവൃത്തിയിലേർപ്പെടുന്നതിനും ദൈവനിയമങ്ങൾക്കെതിരായ മററു കാര്യങ്ങൾ ചെയ്യുന്നതിനുമുളള പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുക.—എഫേസ്യർ 6:1-4; സഭാപ്രസംഗി 12:1; സദൃശവാക്യങ്ങൾ 1:10-19, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
ഒരുമിച്ചു ബൈബിൾ പഠിക്കുക
23. ബൈബിൾ ഒരുമിച്ചു പഠിക്കുന്നതിനാൽ കുടുംബങ്ങൾക്ക് എന്തു പ്രയോജനങ്ങൾ അനുഭവിക്കാം?
23 കുടുംബത്തിലെ ഒരു അംഗം ബൈബിളുപദേശങ്ങൾ പഠിക്കുകയും പ്രായോഗികമാക്കുകയുമാണെങ്കിൽ അതു കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യും. എന്നാൽ എല്ലാവരും—ഭർത്താവും ഭാര്യയും മക്കളും—അങ്ങനെ ചെയ്താൽ അത് എത്ര അനുഗൃഹീതമായ ഒരു കുടുംബമായിരിക്കും! ഓരോ കുടുംബാംഗവും യഹോവയാം ദൈവത്തെ സേവിക്കുന്നതിനു മററുളളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ തുറന്ന ആശയവിനിമയത്തോടെ ഊഷ്മളമായ ഉററബന്ധം ഉണ്ടായിരിക്കും. അതുകൊണ്ട് ബൈബിൾ ഒരുമിച്ചു പഠിക്കുന്നത് ഒരു കുടുംബശീലമാക്കിത്തീർക്കുക!—ആവർത്തനം 6:4-9; യോഹന്നാൻ 17:3.
കുടുംബപ്രശ്നങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുക
24. വിവാഹിത ഇണകൾ പരസ്പരം തെററുകൾ പൊറുക്കേണ്ടതെന്തുകൊണ്ട്?
24 സാധാരണയായി സന്തുഷ്ടമായ കുടുംബങ്ങളിൽപ്പോലും ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും. കാരണം നമ്മളെല്ലാം അപൂർണരാണ്, തെററുകൾ ചെയ്യുകയും ചെയ്യുന്നു. “നമ്മളെല്ലാം അനേകം പ്രാവശ്യം അബദ്ധത്തിൽ ചാടുന്നു” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 3:2) അതുകൊണ്ട് വിവാഹിത ഇണകൾ പരസ്പരം പൂർണത ആവശ്യപ്പെടരുത്. പകരം ഓരോരുത്തരും മററവരുടെ തെററുകൾ പൊറുക്കണം. അതുകൊണ്ട് ഇണകളിലാരും തികച്ചും സന്തുഷ്ടമായ വിവാഹം പ്രതീക്ഷിക്കരുത്. കാരണം അപൂർണമനുഷ്യർക്ക് അതു നേടുക സാധ്യമല്ല.
25. വൈവാഹികപ്രയാസങ്ങൾ സ്നേഹത്തിൽ പരിഹരിക്കേണ്ടതെങ്ങനെ?
25 തീർച്ചയായും ഭാര്യാഭർത്താക്കൻമാർ പരസ്പരം പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. എന്നിരുന്നാലും, അവർ എത്ര കഠിനമായി ശ്രമിച്ചാലും ചില സമയങ്ങളിൽ പരസ്പരം അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ ചെയ്തേക്കാം. അപ്പോൾ പ്രയാസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? “സ്നേഹം ഒട്ടനവധി പാപങ്ങളെ മറയ്ക്കുന്നു”വെന്നാണു ബൈബിളിന്റെ ഉപദേശം. (1 പത്രോസ് 4:8) അതിന്റെ അർഥം സ്നേഹം കാണിക്കുന്ന ഇണകൾ മറേറയാൾ ചെയ്ത തെററുകളെ പൊക്കിപ്പിടിച്ചുകൊണ്ടിരിക്കുകയില്ലെന്നാണ്. സ്നേഹം ഫലത്തിൽ ഇങ്ങനെ പറയുന്നു, ‘അതെ, നീ ഒരു തെററു ചെയ്തു. എന്നാൽ ചില സമയങ്ങളിൽ ഞാനും തെററു ചെയ്യുന്നു. അതുകൊണ്ട് ഞാൻ നിന്റെ തെററുകൾ അവഗണിക്കുകയാണ്, നീയും എനിക്കുവേണ്ടി അങ്ങനെ ചെയ്യണം.’—സദൃശവാക്യങ്ങൾ 10:12; 19:11.
26. എന്തെങ്കിലും പ്രയാസം നേരിടുമ്പോൾ പരിഹാരമുണ്ടാക്കുന്നതിന് എന്തു സഹായിക്കും?
26 ഇണകൾ തെററുകൾ സമ്മതിക്കാൻ മനസ്സുളളവരായിരിക്കുകയും അവ തിരുത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പല തർക്കങ്ങളും ഹൃദയവേദനകളും ഒഴിവാക്കാൻ കഴിയും. അവരുടെ ലക്ഷ്യം പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതായിരിക്കണം, തർക്കത്തിൽ ജയിക്കുകയെന്നതായിരിക്കരുത്. നിങ്ങളുടെ ഇണ തെററു ചെയ്താലും ദയകാണിക്കുന്നതിനാൽ പ്രശ്നം പരിഹരിക്കുന്നത് എളുപ്പമാക്കിത്തീർക്കുക. നിങ്ങൾക്കാണു തെററുപററിയതെങ്കിൽ താഴ്മയോടെ ക്ഷമ ചോദിക്കുക. അതു നീട്ടിവെയ്ക്കരുത്. താമസംവിനാ പ്രശ്നം കൈകാര്യം ചെയ്യുക. “നിങ്ങളുടെ ഒരു പ്രകോപിതാവസ്ഥയിൽ സൂര്യൻ അസ്തമിക്കാൻ അനുവദിക്കരുത്.”—എഫേസ്യർ 4:26.
27. ഏതു ബൈബിൾ ബുദ്ധ്യുപദേശം അനുസരിക്കുന്നതു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവാഹിത ഇണകളെ സഹായിക്കും?
27 വിശേഷിച്ചു നിങ്ങളൊരു വിവാഹിതനാണെങ്കിൽ “നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മാത്രമല്ല, പിന്നെയോ മററുളളവരുടേതിലും വ്യക്തിപരമായ താൽപ്പര്യത്തോടെ ദൃഷ്ടി പതിപ്പിക്കുക” എന്ന ചട്ടം നിങ്ങൾ അനുസരിക്കേണ്ടതുണ്ട്. (ഫിലിപ്യർ 2:4) നിങ്ങൾ ഈ ബൈബിൾ കല്പന അനുസരിക്കേണ്ടതുണ്ട്: “അനുകമ്പയുടെ മൃദുലവാത്സല്യങ്ങളും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും ദീർഘക്ഷമയും ധരിച്ചുകൊൾക. ആർക്കെങ്കിലും മറെറാരാൾക്കെതിരെ പരാതിക്ക് ഒരു കാരണമുണ്ടെങ്കിൽ പരസ്പരം പൊറുക്കുന്നതിലും സൗജന്യമായി പരസ്പരം ക്ഷമിക്കുന്നതിലും തുടരുക. യഹോവ നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. എന്നാൽ സർവോപരി, സ്നേഹം ധരിച്ചുകൊൾക. എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണബന്ധമാകുന്നു.”—കൊലോസ്യർ 3:12-14.
28. (എ) വിവാഹമോചനം വിവാഹപ്രശ്നങ്ങൾ പരിഹരിക്കാനുളള മാർഗമാണോ? (ബി) ഒരാളെ പുനർവിവാഹത്തിനു സ്വതന്ത്രമാക്കുന്ന വിവാഹമോചനത്തിനുളള ഏക കാരണം എന്താണെന്നു ബൈബിൾ പറയുന്നു?
28 ഇന്ന് അനേകം ഇണകളും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദൈവവചനത്തിൽനിന്നുളള ബുദ്ധ്യുപദേശം തങ്ങളെ സഹായിക്കാൻ അനുവദിക്കുന്നില്ല. അവർ വിവാഹമോചനം തേടുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ഒരു മാർഗമായി ദൈവം വിവാഹമോചനത്തെ അംഗീകരിക്കുന്നുണ്ടോ? ഇല്ല, അവൻ അംഗീകരിക്കുന്നില്ല. (മലാഖി 2:15, 16) വിവാഹം ഒരു ആജീവനാന്ത ക്രമീകരണമായിരിക്കാനാണ് അവൻ ഉദ്ദേശിച്ചത്. (റോമർ 7:2) ഒരു വ്യക്തിക്കു പുനർവിവാഹത്തിനു സ്വാതന്ത്ര്യം കൊടുക്കുന്ന വിവാഹമോചനത്തിന് ഒരു കാരണം മാത്രമേ ബൈബിൾ അനുവദിക്കുന്നുളളു. അതു ദുർവൃത്തിയാണ്. (ഗ്രീക്ക് പോർണിയാ, ഗുരുതരമായ ലൈംഗിക ദുർമാർഗം) ദുർമാർഗത്തിലേർപ്പെടുന്നുവെങ്കിൽ അപ്പോൾ നിർദോഷിയായ ഇണയ്ക്ക് ഒരു വിവാഹമോചനം നേടണമോ വേണ്ടയോ എന്നു തീരുമാനിക്കാവുന്നതാണ്.—മത്തായി 5:32.
29. (എ) നിങ്ങളുടെ വിവാഹിത ഇണ ക്രിസ്തീയ ആരാധനയിൽ നിങ്ങളോടു ചേരുന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? (ബി) ഒരു സാധ്യതയുളള ഫലം എന്താണ്?
29 നിങ്ങളുടെ വിവാഹ ഇണ നിങ്ങളോടുകൂടെ ദൈവവചനം പഠിക്കാൻ വിസമ്മതിച്ചിരിക്കുന്നുവെങ്കിലോ? അല്ലെങ്കിൽ ക്രിസ്തീയപ്രവർത്തനത്തെ എതിർക്കുകപോലും ചെയ്യുന്നുവെങ്കിലോ? നിങ്ങളുടെ ഇണയോടൊത്തു വസിക്കാനും നിങ്ങളുടെ പ്രശ്നങ്ങളിൽനിന്നുളള അനായാസ പോംവഴിയെന്ന നിലയിൽ വേർപാടിനെ വീക്ഷിക്കാതിരിക്കാനും അപ്പോഴും ബൈബിൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങളുടെ സ്വന്തം നടത്ത സംബന്ധിച്ചു ബൈബിൾ പറയുന്നതു ബാധകമാക്കുന്നതിനാൽ നിങ്ങളുടെ ഭവനത്തിലെ സാഹചര്യം മെച്ചപ്പെടുത്താൻ നിങ്ങൾക്കു വ്യക്തിപരമായി കഴിയുന്നതെല്ലാം ചെയ്യുക. കാലക്രമത്തിൽ നിങ്ങളുടെ ക്രിസ്തീയ നടത്ത നിമിത്തം നിങ്ങൾ നിങ്ങളുടെ ഇണയെ നേടിയേക്കാം. (1 കൊരിന്ത്യർ 7:10-16; 1 പത്രോസ് 3:1, 2) നിങ്ങളുടെ സ്നേഹപുരസ്സമായ ക്ഷമയ്ക്ക് ഈ വിധത്തിൽ പ്രതിഫലം കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് അത് എന്തോരനുഗ്രഹമായിരിക്കും!
30. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു നല്ല മാതൃക വെക്കുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
30 ഇന്നത്തെ പല കുടുംബപ്രശ്നങ്ങളും മക്കൾ ഉൾപ്പെടുന്നവയാണ്. നിങ്ങളുടെ കുടുംബത്തിലെ അവസ്ഥ ഇതാണെങ്കിൽ എന്തു ചെയ്യാൻ കഴിയും? ഒന്നാമതായി, മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ നല്ല മാതൃക വെക്കേണ്ടതുണ്ട്. കാരണം നിങ്ങൾ പറയുന്നതിനെക്കാളധികം ചെയ്യുന്നതിനെ അനുകരിക്കാനാണു കുട്ടികൾ കൂടുതൽ ചായ്വു കാണിക്കുന്നത്. നിങ്ങളുടെ പ്രവൃത്തികൾ നിങ്ങൾ പറയുന്നതു പോലെയല്ലാത്തപ്പോൾ കുട്ടികൾ അതു പെട്ടെന്നു മനസ്സിലാക്കും. അതുകൊണ്ടു നിങ്ങളുടെ കുട്ടികൾ നല്ല ക്രിസ്തീയജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾതന്നെ മാതൃക വെക്കണം.—റോമർ 2:21, 22.
31. (എ) തങ്ങളുടെ മാതാപിതാക്കളുടെ ബുദ്ധ്യുപദേശം അനുസരിക്കുന്നതിനു കൂടുതൽ പ്രധാനമായ എന്തു കാരണം കുട്ടികൾക്കാവശ്യമാണ്? (ബി) ദുർവൃത്തിയെ വിലക്കുന്ന ദൈവനിയമം അനുസരിക്കുന്നതിന്റെ ജ്ഞാനം നിങ്ങൾക്കു നിങ്ങളുടെ കുട്ടിക്ക് എങ്ങനെ കാണിച്ചുകൊടുക്കാം?
31 കൂടാതെ, നിങ്ങൾ കുട്ടികളോടു ന്യായവാദം ചെയ്യേണ്ട ആവശ്യമുണ്ട്. ‘ദുർവൃത്തി തെററായതുകൊണ്ടു നിങ്ങൾ അതു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നു ചെറുപ്പക്കാരോടു പറഞ്ഞാൽ മാത്രം പോരാ. ദുർവൃത്തിപോലെയുളള കാര്യങ്ങൾ തെററാണെന്ന് അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണു പറയുന്നതെന്ന് അവർക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്. (എഫേസ്യർ 5:3-5; 1 തെസ്സലോനീക്യർ 4:3-7) എന്നാൽ അതുപോലും മതിയാകയില്ല. കുട്ടികൾ ദൈവനിയമങ്ങൾ അനുസരിക്കേണ്ടതെന്തുകൊണ്ടെന്നും അത് അവർക്ക് എങ്ങനെ പ്രയോജനകരമാണെന്നുംകൂടെ മനസ്സിലാക്കാൻ അവരെ സഹായിക്കേണ്ട ആവശ്യമുണ്ട്. ദൃഷ്ടാന്തമായി, ഒരു പുരുഷന്റെ ബീജകോശവും ഒരു സ്ത്രീയുടെ അണ്ഡവും സംയോജിക്കുന്നതിനാൽ ഒരു മനുഷ്യശിശു രൂപംകൊളളുന്ന അത്ഭുതവിധത്തിലേക്കു നിങ്ങൾക്കു കുട്ടിയുടെ ശ്രദ്ധയെ ആകർഷിച്ചിട്ട് ‘ഈ ജനനത്തിന്റെ അത്ഭുതം സാധ്യമാക്കിയവനു തങ്ങളുടെ ദൈവദത്തമായ പുനരുൽപ്പാദനശക്തികൾ മനുഷ്യർ ഏററം നന്നായി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്നു നീ വിചാരിക്കുന്നില്ലേ?’ എന്ന് അവനോടു ചോദിക്കാവുന്നതാണ്. (സങ്കീർത്തനം 139:13-17) അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: ‘നമ്മുടെ മഹൽസ്രഷ്ടാവ് നമ്മുടെ ജീവിതാസ്വാദനം കവർന്നെടുക്കുന്നതിന് ഒരു നിയമം ഉണ്ടാക്കുമെന്നു നീ വിചാരിക്കുന്നുവോ? പകരം, നാം അവന്റെ നിയമങ്ങൾ അനുസരിക്കുന്നുവെങ്കിൽ നാം കൂടുതൽ സന്തുഷ്ടരായിരിക്കുകയില്ലേ?’
32. (എ) നിങ്ങളുടെ കുട്ടിയുടെ വീക്ഷണങ്ങൾ ദൈവത്തിന്റേതിനോടു യോജിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മനോഭാവം എന്തായിരിക്കണം? (ബി) ബൈബിൾ പറയുന്നതിന്റെ ജ്ഞാനം കാണാൻ നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാൻ കഴിയും?
32 അങ്ങനെയുളള ചോദ്യങ്ങൾ കുട്ടി തന്റെ പുനരുല്പാദനാവയവങ്ങളുടെ ഉപയോഗത്തെ ഭരിക്കുന്ന ദൈവനിയമങ്ങൾ സംബന്ധിച്ചു ചിന്തിച്ചുതുടങ്ങാൻ ഇടയാക്കിയേക്കാം. അവന്റെ വീക്ഷണങ്ങളെ സ്വാഗതം ചെയ്യുക. ആ വീക്ഷണങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നവയല്ലെങ്കിൽ കോപിക്കരുത്. നിങ്ങളുടെ കുട്ടിയുടെ തലമുറ ബൈബിളിലെ നീതിയുളള ഉപദേശങ്ങളിൽനിന്നു ബഹുദൂരം അകന്നുപോയിട്ടുണ്ടെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അനന്തരം അവന്റെ തലമുറയിലെ അസാൻമാർഗിക നടപടികൾ ബുദ്ധിശൂന്യമായിരിക്കുന്നതെന്തുകൊണ്ടെന്ന് അവനെ കാണിച്ചുകൊടുക്കാൻ ശ്രമിക്കുക. ഒരുപക്ഷേ, ലൈംഗികദുർമാർഗം അവിഹിതജനനങ്ങളിലേക്കോ ലൈംഗികരോഗങ്ങളിലേക്കോ മററു കുഴപ്പങ്ങളിലേക്കോ നയിച്ച ചില പ്രത്യേക ദൃഷ്ടാന്തങ്ങളിലേക്കു നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധയെ ക്ഷണിക്കാൻ കഴിയും. ഈ വിധത്തിൽ ബൈബിൾ പറയുന്നതിന്റെ ന്യായയുക്തതയും ശരിയും കാണാൻ അവൻ സഹായിക്കപ്പെടുന്നു.
33. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുളള ബൈബിളധിഷ്ഠിത പ്രത്യാശയ്ക്കു കുടുംബജീവിതത്തെ വിജയിപ്പിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
33 വിശേഷിച്ച് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുളള ബൈബിളധിഷ്ഠിത പ്രത്യാശയ്ക്കു കുടുംബജീവിതത്തെ വിജയിപ്പിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം യഥാർഥത്തിൽ ദൈവത്തിന്റെ പുതിയവ്യവസ്ഥിതിയിൽ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അന്നു നാം ജീവിക്കാനാശിക്കുന്നതുപോലെ ഇപ്പോൾ ജീവിക്കാൻ കഠിനശ്രമം ചെയ്യും. അതിന്റെ അർഥം നാം യഹോവയാം ദൈവത്തിന്റെ നിർദേശങ്ങളും മാർഗദർശനവും അടുത്തു പിന്തുടരുമെന്നാണ്. തൽഫലമായി ഭാവി നിത്യതയിലെല്ലാമുളള നിത്യജീവന്റെയും സമൃദ്ധമായ സന്തുഷ്ടിയുടെയും ആസ്വാദനത്താൽ ദൈവം നമ്മുടെ ഇപ്പോഴത്തെ സന്തുഷ്ടിക്കു മകുടംചാർത്തും.—സദൃശവാക്യങ്ങൾ 3:11-18.
[അധ്യയന ചോദ്യങ്ങൾ]