ദുഷ്ടാത്മാക്കൾ ശക്തരാണ്
അധ്യായം 10
ദുഷ്ടാത്മാക്കൾ ശക്തരാണ്
1. തങ്ങൾക്കു മരിച്ചവരുമായി സംസാരിക്കാൻ കഴിയുമെന്ന് അനേകർ വിശ്വസിക്കുന്നതെന്തുകൊണ്ട്?
1 തങ്ങൾ മരിച്ചവരുമായി സംസാരിച്ചിട്ടുണ്ടെന്നു മിക്കപ്പോഴും ആളുകൾ പറയാറുണ്ട്. ഒരു പ്രമുഖ എപ്പിസ്ക്കോപ്പാലിയൻ ബിഷപ്പായിരുന്ന പരേതനായ ജയിംസ് എ. പൈക്ക് തന്റെ മരണമടഞ്ഞ പുത്രനായ ജിമ്മിനോടു സംസാരിച്ചതായി പറഞ്ഞു. പൈക്ക് പറയുന്നപ്രകാരം അദ്ദേഹത്തിന്റെ പുത്രൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “എനിക്കു ചുററും ജനസമൂഹങ്ങളുണ്ട്, എന്നെ പൊക്കിക്കൊണ്ടുപോകുന്ന കൈകളും . . . എനിക്ക് അങ്ങയെ അറിയിക്കാൻ കഴിയുന്നതുവരെ ഞാൻ വളരെ അസന്തുഷ്ടനായിരുന്നു.”
2. (എ) മരിച്ചവരുമായി സംസാരിക്കാൻ ആർക്കും കഴിയാത്തതെന്തുകൊണ്ട്? (ബി) അതുകൊണ്ട് ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
2 അങ്ങനെയുളള അനുഭവങ്ങൾ വളരെ സാധാരണമായതുകൊണ്ട് അനേകർ ആത്മലോകത്തിലെ ചിലരോടു സംസാരിച്ചിട്ടുണ്ടെന്നു സ്പഷ്ടമാണ്. എന്നാൽ അവർ മരിച്ചവരുമായി സംസാരിച്ചിട്ടില്ല. “മരിച്ചവരെ സംബന്ധിച്ചടത്തോളം അവർക്കു യാതൊന്നിനെക്കുറിച്ചും അശേഷം ബോധമില്ല” എന്നു ബൈബിൾ പറയുമ്പോൾ അതു സുവ്യക്തമാണ്. (സഭാപ്രസംഗി 9:5) അതുകൊണ്ട് ആത്മലോകത്തിൽനിന്നു സംസാരിക്കുന്നതു മരിച്ചവരല്ലെങ്കിൽ, പിന്നെ ആരാണ്? മരിച്ചവരായി നടിക്കുന്നത് ആരാണ്?
3. (എ) മരിച്ച ആളുകളായി നടിക്കുന്നതാര്? എന്തിന്? (ബി) ദുഷ്ടാത്മാക്കൾ മിക്കപ്പോഴും ആർക്കു വിവരങ്ങൾ കൊടുക്കുന്നു?
3 ദുഷ്ടാത്മാക്കളാണ് അങ്ങനെ നടിക്കുന്നത്. ഈ ആത്മാക്കൾ അഥവാ ഭൂതങ്ങൾ ദൈവത്തോടു മത്സരിച്ചു സാത്താനോടു ചേർന്ന ദൂതൻമാരാണ്. അവർ മരിച്ച ആളുകളായി നടിക്കുന്നതെന്തുകൊണ്ട്? അതു മരിച്ചവർ ഇപ്പോഴും ജീവിക്കുന്നു എന്ന ആശയം പരത്താനാണ്. മരണം മറെറാരു ജീവിതത്തിലേക്കുളള മാററം മാത്രമാണെന്നുളള വ്യാജം വിശ്വസിക്കാനും ദുഷ്ടാത്മാക്കൾ അനേകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ വ്യാജം പരത്തുന്നതു മരിച്ചവരിൽനിന്നു വരുന്നതായി തോന്നിക്കുക മാത്രം ചെയ്യുന്ന പ്രത്യേക അറിവ് ആത്മമധ്യവർത്തികൾക്കും ഭാഗ്യംപറയുന്നവർക്കും ക്ഷുദ്രക്കാർക്കും ദുഷ്ടാത്മാക്കൾ പ്രദാനം ചെയ്തിട്ടുണ്ട്.
മരിച്ച ശമുവേലായി നടിക്കുന്നു
4. (എ) ശൗൽ രാജാവ് സഹായത്തിന്റെ കാര്യത്തിൽ നിരാശനായതെന്തുകൊണ്ട്? (ബി) ആത്മമധ്യവർത്തികളെയും ഭാഗ്യംപറയുന്നവരെയും കുറിച്ചുളള ദൈവനിയമം എന്തായിരുന്നു?
4 ഒരു ദുഷ്ടാത്മാവ് ദൈവത്തിന്റെ ഒരു മരിച്ച പ്രവാചകനായിരുന്ന ശമുവേലാണെന്നു നടിച്ചതിന്റെ ഒരു ദൃഷ്ടാന്തം ബൈബിളിലുണ്ട്. ഇതു ശൗൽ രാജാവിന്റെ വാഴ്ചയുടെ 40-ാം വർഷത്തിലായിരുന്നു. ഫെലിസ്ത്യരുടെ ശക്തമായ ഒരു സൈന്യം ശൗലിന്റെ ഇസ്രായേല്യ സൈന്യത്തിനെതിരെ വന്നിരുന്നു. അവൻ വളരെയധികം ഭയപ്പെട്ടു. “നിങ്ങൾ ആത്മമധ്യവർത്തികളിലേക്കു തിരിയരുത്, സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്ന തൊഴിൽക്കാരാൽ അശുദ്ധരായിത്തീരാതിരിക്കേണ്ടതിന് അവരോട് ആലോചന കഴിക്കരുത്” എന്ന ദൈവനിയമം ശൗലിനറിയാമായിരുന്നു. (ലേവ്യപുസ്തകം 19:31) എന്നുവരികിലും കാലക്രമത്തിൽ ശൗൽ യഹോവയിൽനിന്ന് അകന്നു. അതുകൊണ്ട് അന്ന് ജീവിച്ചിരുന്ന ശമുവേൽ മേലാൽ ശൗലിനെ കാണാൻ വിസമ്മതിച്ചു. (1 ശമൂവേൽ 15:35) ഇപ്പോൾ, ഈ അനർഥകാലത്തു യഹോവ സഹായത്തിനായുളള അവന്റെ വിളികൾ കേൾക്കാഞ്ഞതുകൊണ്ടു ശൗൽ രാജാവു ഭഗ്നാശനായി.
5. (എ) ശൗൽ സഹായത്തിനായി എവിടെ പോയി? (ബി) ആത്മമധ്യവർത്തിക്ക് എന്തു ചെയ്യാൻ കഴിഞ്ഞു?
5 സംഭവിക്കാൻ പോകുന്നത് എന്താണെന്നറിയാൻ ശൗൽ വളരെ ആകാംക്ഷയുളളവനായിരുന്നതുകൊണ്ട് അവൻ ഏൻദോരിലെ ഒരു ആത്മമധ്യവർത്തിയുടെ അടുക്കലേക്കു പോയി. തനിക്കു കാണാൻ കഴിഞ്ഞ ഒരു വ്യക്തിയുടെ രൂപത്തെ വരുത്തുവാൻ അവൾക്കു കഴിഞ്ഞു. ആ രൂപത്തെക്കുറിച്ചുളള അവളുടെ വർണനപ്രകാരം ശൗൽ അവനെ “ശമുവേലാ”യി തിരിച്ചറിഞ്ഞു. ഇപ്പോൾ ആത്മമൂർത്തി ശമുവേലാണെന്നു നടിച്ചുകൊണ്ടു സംസാരിച്ചു: “എന്നെ വരുത്തിക്കൊണ്ടു നീ എന്നെ അസഹ്യപ്പെടുത്തിയതെന്തിന്?” “ഫെലിസ്ത്യർ എനിക്കെതിരായി യുദ്ധം ചെയ്യുന്നതുകൊണ്ടു ഞാൻ വല്ലാത്ത അപകടത്തിലാണ്” എന്നു ശൗൽ ഉത്തരം പറഞ്ഞു. ആത്മമൂർത്തി ഇങ്ങനെ മറുപടി പറഞ്ഞു: “യഹോവതന്നെ നിന്നെ വിട്ടുമാറുകയും നിന്റെ ശത്രു ആണെന്നു തെളിയുകയും ചെയ്തിരിക്കുമ്പോൾ നീ എന്നോട് ആലോചന ചോദിക്കുന്നതെന്തിന്?” ഫെലിസ്ത്യരുമായുളള യുദ്ധത്തിൽ ശൗൽ കൊല്ലപ്പെടുമെന്ന്, മരിച്ച ശമുവേലായി നടിച്ചുകൊണ്ടിരുന്ന ദുഷ്ടാത്മമൂർത്തി ശൗലിനോടു തുടർന്നു പറഞ്ഞു.—1 ശമുവേൽ 28:3-19.
6. ശൗലിനോടു സംസാരിച്ചത് ശമുവേൽ ആയിരിക്കാവുന്നതല്ലാത്തതെന്തുകൊണ്ട്?
6 പ്രസ്പഷ്ടമായി, ആത്മമധ്യവർത്തി സമ്പർക്കം പുലർത്തിയതു യഥാർഥത്തിൽ ശമുവേലിനോടല്ലായിരുന്നു. ശമുവേൽ മരിച്ചുപോയിരുന്നു. മരണത്തിങ്കൽ ഒരു വ്യക്തി “തന്റെ നിലത്തേക്കു തിരികെ പോകുന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു.” (സങ്കീർത്തനം 146:4) ഇതു സംബന്ധിച്ച് അല്പം ചിന്ത ആ ശബ്ദം യഥാർഥത്തിൽ മരിച്ച ശമുവേലിന്റേതല്ലായിരുന്നുവെന്നു കൂടുതലായി തെളിയിക്കുന്നു. ശമുവേൽ ദൈവത്തിന്റെ പ്രവാചകനായിരുന്നു. അതുകൊണ്ട് അവൻ ആത്മമധ്യവർത്തികളെ എതിർത്തിരുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, ശമുവേൽ ജീവിച്ചിരുന്നപ്പോൾ അനുസരണംകെട്ട ശൗലിനോടു മേലാൽ സംസാരിക്കാൻ അവൻ വിസമ്മതിച്ചിരുന്നു. അതുകൊണ്ട്, ശമുവേൽ അപ്പോഴും ജീവിച്ചിരുന്നെങ്കിൽ താൻ ശൗലിനെ കണ്ടുമുട്ടാൻ ഏർപ്പാടുചെയ്യുന്നതിന് അവൻ ഒരു ആത്മമധ്യവർത്തിയെ അനുവദിക്കുമായിരുന്നോ? ഇതും ചിന്തിക്കുക: യഹോവ ശൗലിന് എന്തെങ്കിലും വിവരം കൊടുക്കുന്നതിനു വിസമ്മതിച്ചിരുന്നു. മരിച്ച ശമുവേൽ മുഖേന ശൗലിന് ഒരു സന്ദേശം കൊടുക്കാൻ ഒരു ആത്മമദ്ധ്യവർത്തിക്കു യഹോവയെ നിർബ്ബന്ധിതനാക്കാൻ കഴിയുമോ? ജീവിച്ചിരിക്കുന്നവർക്കു യഥാർഥത്തിൽ മരിച്ച പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ കഴിയുമെങ്കിൽ ഒരു ആത്മമധ്യവർത്തിയിലേക്കു തിരിഞ്ഞതിനാൽ അവർ “അശുദ്ധ”രായിത്തീർന്നുവെന്നു തീർച്ചയായും സ്നേഹവാനായ ദൈവം പറയുകയില്ല.
7. ദുഷ്ടാത്മാക്കളിൽനിന്നു തന്റെ ജനത്തെ രക്ഷിക്കാൻ ദൈവം എന്തു മുന്നറിയിപ്പു കൊടുത്തു?
7 ദുഷ്ടാത്മാക്കൾ മനുഷ്യരെ ഉപദ്രവിക്കാൻ പുറപ്പെട്ടിരിക്കുന്നതുകൊണ്ടു തന്റെ ദാസൻമാരെ സംരക്ഷിക്കാൻ യഹോവ മുന്നറിയിപ്പുകൾ നൽകുന്നുവെന്നതാണു വാസ്തവം. ഇസ്രയേൽജനതയ്ക്കു കൊടുത്ത പിൻവരുന്ന മുന്നറിയിപ്പു വായിക്കുക. അത് ആളുകളെ വഴിതെററിക്കാൻ ഭൂതങ്ങൾ ഉപയോഗിക്കുന്ന രീതികൾ സംബന്ധിച്ചു നിങ്ങൾക്ക് ഒരു ധാരണ നൽകുന്നു. ബൈബിൾ പറയുന്നു: “ആഭിചാരം പ്രയോഗിക്കുന്ന ആരെങ്കിലുമോ മന്ത്രംചെയ്യുന്നവനോ ശകുനംനോക്കുന്ന ആരെങ്കിലുമോ ഒരു ക്ഷുദ്രക്കാരനോ മററുളളവരെ മന്ത്രത്താൽ വശീകരിക്കുന്നവനോ ഒരു ആത്മമധ്യവർത്തിയോട് ആലോചന ചോദിക്കുന്ന ആരെങ്കിലുമോ സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്ന ഒരു തൊഴിൽക്കാരനോ മരിച്ചവരോട് ആലോചന ചോദിക്കുന്ന ആരെങ്കിലുമോ . . . നിങ്ങളിൽ കാണപ്പെടരുത്. എന്തെന്നാൽ ഈ കാര്യങ്ങൾ ചെയ്യുന്ന ഏവനും യഹോവയ്ക്കു വെറുപ്പാണ്.” (ആവർത്തനം 18:10-12) ഇന്ന് ആളുകളെ ഉപദ്രവിക്കാൻ ദുഷ്ടാത്മാക്കൾ എന്താണു ചെയ്യുന്നതെന്നും അവരിൽനിന്നു നമ്മേത്തന്നെ സംരക്ഷിക്കാൻ എങ്ങനെ കഴിയുമെന്നും കണ്ടുപിടിക്കാൻ നാം ആഗ്രഹിക്കേണ്ടതാണ്. എന്നാൽ നാം ഇതു മനസ്സിലാക്കുന്നതിനുമുമ്പ് ദുഷ്ടാത്മാക്കൾ എപ്പോൾ എങ്ങനെ ആവിർഭവിച്ചുവെന്നു നമുക്കു പരിചിന്തിക്കാം.
ദുഷ്ടാത്മാക്കളായിത്തീർന്ന ദൂതൻമാർ
8. (എ) സാത്താൻ ദൈവത്തിനെതിരെ ആരും മത്സരിക്കാനിടയാക്കി? (ബി)സ്വർഗത്തിലെ തങ്ങളുടെ വേല നിർത്തിയശേഷം അവർ എവിടേക്കു പോയി?
8 ഏദൻ തോട്ടത്തിൽവച്ചു ഹവ്വായോടു വ്യാജം പറഞ്ഞതിനാൽ ഒരു പ്രത്യേക ദൂതസൃഷ്ടി തന്നേത്തന്നെ ദുഷ്ടാത്മാവായ പിശാചായ സാത്താനാക്കിത്തീർത്തു. പിന്നീടു മററു ദൂതൻമാരും ദൈവത്തിനെതിരെ തിരിയാനിടയാക്കുന്നതിന് അവൻ ശ്രമിച്ചുതുടങ്ങി. കാലക്രമത്തിൽ അവൻ വിജയിച്ചു. ചില ദൂതൻമാർ തങ്ങൾക്കു സ്വർഗത്തിൽ ചെയ്യാൻ ലഭിച്ച വേല നിർത്തിയിട്ടു ഭൂമിയിലേക്കു വരികയും മനുഷ്യരെപ്പോലെ ജഡശരീരങ്ങൾ ധരിക്കുകയും ചെയ്തു. “തങ്ങളുടെ ആദിമസ്ഥാനം നിലനിർത്താതെ തങ്ങളുടെ ഉചിതമായ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച ദൂതൻമാരെ”ക്കുറിച്ചു പറഞ്ഞപ്പോൾ ക്രിസ്തീയ ശിഷ്യനായ യൂദാ അവരെക്കുറിച്ചാണ് എഴുതിയത്. (യൂദാ 6) അവർ എന്തിനാണു ഭൂമിയിലേക്കു വന്നത്? അവർക്കു സ്വർഗത്തിലുണ്ടായിരുന്ന വിശിഷ്ടമായ സ്ഥാനങ്ങൾ കൈവിടാനിടയാക്കുന്നതിന് അവരുടെ ഹൃദയത്തിൽ എന്തു ദുരാഗ്രഹമാണു സാത്താൻ പ്രവേശിപ്പിച്ചത്?
9. (എ) ദൂതൻമാർ ഭൂമിയിൽ വന്നതെന്തിന്? (ബി) അവർ ചെയ്തതു തെററാണെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
9 നമ്മെ അറിയിച്ചുകൊണ്ടു ബൈബിൾ പറയുന്നു: “മനുഷ്യരുടെ പുത്രിമാർ സൗന്ദര്യവതികളെന്നു സത്യദൈവത്തിന്റെ പുത്രൻമാർ കണ്ടുതുടങ്ങി: അവർ തങ്ങൾക്കിഷ്ടപ്പെട്ടവരെയെല്ലാം തങ്ങൾക്കു ഭാര്യമാരായി എടുത്തുപോന്നു.” (ഉല്പത്തി 6:2) അതെ, ദൂതൻമാർ ജഡശരീരം ധരിച്ചു. അവർ സൗന്ദര്യവതികളായ സ്ത്രീകളുമായി ലൈംഗികവേഴ്ചകളിലേർപ്പെടാൻ ഭൂമിയിലേക്കു വന്നു. എന്നാൽ അത്തരം പ്രേമനടപടികൾ ദൂതൻമാരെ സംബന്ധിച്ചിടത്തോളം തെററായിരുന്നു. ഇത് അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയായിരുന്നു. അവർ ചെയ്തതു സോദോമിലെയും ഗോമോറയിലെയും ജനങ്ങൾ ചെയ്ത സ്വവർഗരതിപോലെതന്നെ തെററായിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. (യൂദാ 6, 7) ഫലമെന്തായിരുന്നു?
10, 11. (എ) ദൂതൻമാർക്ക് ഏതുതരം മക്കൾ ഉണ്ടായി? (ബി) ജലപ്രളയം വന്നപ്പോൾ രാക്ഷസൻമാർക്ക് എന്തു ഭവിച്ചു? (സി) പ്രളയസമയത്തു ദൂതൻമാർക്ക് എന്തു ഭവിച്ചു?
10 ഈ ദൂതൻമാർക്കും അവരുടെ ഭാര്യമാർക്കും കുട്ടികളുണ്ടായി; എന്നാൽ ആ ശിശുക്കൾ വ്യത്യസ്തരായിരുന്നു. അവർ വളർന്നുവളർന്ന് രാക്ഷസൻമാർ, അതെ, ദുഷ്ടരാക്ഷസൻമാരായിത്തീർന്നു. “പുരാതനകാലത്തെ ശക്തൻമാർ. കീർത്തിപ്പെട്ട പുരുഷൻമാർ” എന്നാണു ബൈബിൾ അവരെ വിളിക്കുന്നത്. ഈ രാക്ഷസൻമാർ തങ്ങളെപ്പോലെതന്നെ ദുഷ്ടൻമാരായിത്തീരാൻ എല്ലാവരെയും പ്രേരിപ്പിക്കാൻ ശ്രമിച്ചു. തൽഫലമായി “മമനുഷ്യന്റെ ദുഷ്ടത ഭൂമിയിൽ ധാരാളമായിരുന്നു. അവന്റെ ഹൃദയവിചാരങ്ങളുടെ ഓരോ ചായ്വും എല്ലായ്പ്പോഴും ചീത്തമാത്രമായിരുന്നു” എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 6:4, 5) അതുകൊണ്ടു യഹോവ പ്രളയം വരുത്തി. രാക്ഷസൻമാരും അഥവാ “നെഫിലിമു”കളും സകല ദുഷ്ടജനങ്ങളും മുങ്ങിമരിച്ചു. എന്നാൽ ഭൂമിയിലേക്കു വന്നിരുന്ന ദൂതൻമാർക്ക് എന്തു സംഭവിച്ചു?
11 അവർ മുങ്ങിമരിച്ചില്ല. അവർ തങ്ങളുടെ ജഡശരീരങ്ങൾ വെടിയുകയും ആത്മജീവികളായി സ്വർഗത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. എന്നാൽ വീണ്ടും വിശുദ്ധദൂതൻമാരുടെ ദൈവസ്ഥാപനത്തിന്റെ ഭാഗമായിത്തീരാൻ അവർ അനുവദിക്കപ്പെട്ടില്ല. എന്നാൽ “പാപംചെയ്ത ദൂതൻമാരെ ശിക്ഷിക്കുന്നതിൽനിന്നു ദൈവം പിൻമാറിനിൽക്കാതെ, അവരെ ററാർട്ടറസ്സിൽ ഇട്ടുകൊണ്ടു ന്യായവിധിക്കായി സൂക്ഷിക്കാൻ കൂരിരുട്ടിന്റെ കൂപങ്ങളിൽ ഏല്പിച്ചു” എന്നു ബൈബിൾ പറയുന്നു.—2 പത്രോസ് 2:4.
12. (എ) ദുഷ്ടദൂതൻമാർ സ്വർഗത്തിലേക്കു മടങ്ങിപ്പോയപ്പോൾ എന്തു സംഭവിച്ചു? (ബി) അവർക്കു വീണ്ടും മനുഷ്യശരീരം ധരിക്കാൻ കഴിയാത്തതെന്തുകൊണ്ട്? (സി) അതുകൊണ്ട് അവർ ഇപ്പോൾ എന്തു ചെയ്യുന്നു?
12 ഈ ദുഷ്ടദൂതൻമാർ ററാർട്ടറസ് എന്നു വിളിക്കപ്പെടുന്ന ഒരു അക്ഷരീയസ്ഥലത്ത് ഇടപ്പെട്ടില്ല. എന്നാൽ ചില ബൈബിളുകളിൽ “നരകം” എന്നു തെററായി പരിഭാഷപ്പെടുത്തിയിരിക്കുന്ന ററാർട്ടറസ് ഈ ദൂതൻമാരുടെ അധമാവസ്ഥയെ അഥവാ വീഴ്ചഭവിച്ച അവസ്ഥയെ പരാമർശിക്കുന്നു. അവർ ദൈവസ്ഥാപനത്തിന്റെ ആത്മീയവെളിച്ചത്തിൽനിന്നു ഛേദിക്കപ്പെട്ടു, അവർക്കു നിത്യനാശം മാത്രമാണു നേരിടാനിരിക്കുന്നത്. (യാക്കോബ് 2:19; യൂദാ 6) പ്രളയകാലത്തിനുശേഷം ജഡശരീരം ധരിക്കാൻ ദൈവം ഈ ഭൂതങ്ങളെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് അവർക്കു തങ്ങളുടെ പ്രകൃതിവിരുദ്ധ ലൈംഗികമോഹങ്ങളെ നേരിട്ടു തൃപ്തിപ്പെടുത്താൻ കഴികയില്ല. എന്നിരുന്നാലും ഇപ്പോഴും അവർക്കു സ്ത്രീപുരുഷൻമാരുടെമേൽ അപകടകരമായ ശക്തി പ്രയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഈ ഭൂതങ്ങളുടെ സഹായത്തോടെ, സാത്താൻ “മുഴുനിവസിതഭൂമിയെയും വഴിതെററിച്ചുകൊണ്ടിരിക്കുക”യാണ്. (വെളിപ്പാട് 12:9) ഇന്നത്തെ ലൈംഗിക കുററകൃത്യങ്ങളുടെയും അക്രമത്തിന്റെയും മററു ദുഷ്പ്രവൃത്തിയുടെയും വലിയ വർധനവു നാം അവരാൽ വഴിതെററിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ പ്രകടമാക്കുന്നു.
ദുഷ്ടാത്മാക്കൾ വഴിതെററിക്കുന്ന വിധം
13. (എ) ദുഷ്ടാത്മാക്കൾ വഴിതെററിക്കുന്നതെങ്ങനെ? (ബി) ആത്മവിദ്യ എന്താണ്? ബൈബിൾ അതിനെക്കുറിച്ച് എന്തു പറയുന്നു?
13 “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ സാത്താൻ ബൈബിൾസത്യങ്ങൾ സംബന്ധിച്ച് ആളുകളെ അന്ധരാക്കാൻ ലോകഗവൺമെൻറുകളെയും വ്യാജമതത്തെയും ഉപയോഗിക്കുന്നുവെന്നു നാം നേരത്തെ മനസ്സിലാക്കി. (2 കൊരിന്ത്യർ 4:4) ദുഷ്ടാത്മാക്കൾ സ്ത്രീപുരുഷൻമാരെ വഴിതെററിക്കുന്ന മറെറാരു പ്രധാന മാർഗം ആത്മവിദ്യയാണ്. എന്താണ് ആത്മവിദ്യ? അതു നേരിട്ടോ ഒരു മനുഷ്യമധ്യവർത്തി മുഖേനയോ ദുഷ്ടാത്മാക്കളുമായി സമ്പർക്കം പുലർത്തുന്നതാണ്. ആത്മവിദ്യ ഒരു വ്യക്തിയെ ഭൂതങ്ങളുടെ സ്വാധീനത്തിൻകീഴിലാക്കുന്നു. ആത്മവിദ്യയോടു ബന്ധമുളള ഏത് ആചാരത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു.—ഗലാത്യർ 5:19-21; വെളിപ്പാട് 21:8.
14. (എ) ആത്മജ്ഞാനസിദ്ധി എന്താണ്? (ബി) ബൈബിൾ അതിനെക്കുറിച്ച് എന്തു പറയുന്നു?
14 ആത്മജ്ഞാനസിദ്ധി വളരെ സാധാരണമായ ഒരു ആത്മവിദ്യാരൂപമാണ്. അത് അദൃശ്യാത്മാക്കളുടെ സഹായത്തോടെ ഭാവി അഥവാ അജ്ഞാതമായതു കണ്ടുപിടിക്കാൻ ശ്രമിക്കുന്ന നടപടിയാണ്. ക്രിസ്തീയശിഷ്യനായ ലൂക്കോസ് എഴുതുന്ന വിവരത്തിൽനിന്ന് ഇതു പ്രകടമാകുന്നു: “ഒരു ആത്മാവ്, ആത്മജ്ഞാനം നൽകുന്ന ഒരു ഭൂതം, ഉളള ഒരു ദാസി ഞങ്ങളെ കണ്ടുമുട്ടി. അവൾ ഭാവികഥനവിദ്യ പ്രയോഗിച്ചുകൊണ്ട് അവളുടെ യജമാനൻമാർക്കു വളരെയധികം ആദായം നേടിക്കൊടുത്തുപോന്നു.” അപ്പോസ്തലനായ പൗലോസിന് ഈ ദുഷ്ടാത്മാവിന്റെ ശക്തിയിൽനിന്ന് ഈ പെൺകുട്ടിയെ മോചിപ്പിക്കാൻ കഴിഞ്ഞു. അവൾക്കു മേലാൽ ഭാവി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞില്ല.—പ്രവൃത്തികൾ 16:16-19.
15. (എ) ആത്മവിദ്യയോടു ബന്ധപ്പെട്ട ചില കാര്യങ്ങളേവ? (ബി) അങ്ങനെയുളളവയിൽ പങ്കെടുക്കുന്നത് അപകടകരമായിരിക്കുന്നതെന്തുകൊണ്ട്?
15 ആത്മവിദ്യ നിഗൂഢവും അസാധാരണവുമാകയാൽ അനേകർ അതിൽ തല്പരരാണ്. അത് അവർക്ക് ആകർഷകമാണ്. അതുകൊണ്ട് അവർ മന്ത്രവാദത്തിലും വൂഡൂയിസത്തിലും ഹിപ്പ്നോട്ടിസത്തിലും മാജിക്കിലും ജ്യോതിഷത്തിലും വീജാബോർഡുകളിലും ആത്മവിദ്യയോടു ബന്ധപ്പെട്ട മറെറന്തിലെങ്കിലും ഉൾപ്പെടുന്നു. ഇവയെ സംബന്ധിച്ചുളള പുസ്തകങ്ങൾ അവർ വായിച്ചേക്കാം. അല്ലെങ്കിൽ അവ സംബന്ധിച്ച ചലച്ചിത്രങ്ങൾക്കു പോയേക്കാം, അല്ലെങ്കിൽ റെറലിവിഷൻ പരിപാടികൾ കണ്ടേക്കാം. ഒരു മധ്യവർത്തി ആത്മലോകവുമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുന്ന ഒരു ചടങ്ങിനുപോലും അവർ പോയേക്കാം. എന്നാൽ സത്യദൈവത്തെ സേവിക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഇതെല്ലാം മൗഢ്യമാണ്. അത് അപകടകരവുമാണ്. അതിന് ഇപ്പോൾ യഥാർഥ കുഴപ്പത്തിലേക്കു നയിക്കാൻ കഴിയും. മാത്രവുമല്ല, ദൈവം ആത്മവിദ്യാചാരക്കാരെയെല്ലാം ന്യായംവിധിക്കുകയും തളളിക്കളയുകയും ചെയ്യും.—വെളിപ്പാട് 22:15.
16. ക്രിസ്ത്യാനികൾക്കു ദുഷ്ടാത്മാക്കൾക്കെതിരായി ഒരു പോരാട്ടമുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
16 ഒരുവൻ ആത്മവിദ്യയിൽനിന്ന് ഒഴിഞ്ഞിരിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമ്പോൾപോലും അയാൾ ദുഷ്ടാത്മാക്കളുടെ ആക്രമണത്തിനു പിന്നെയും വിധേയനായേക്കാം. യേശുക്രിസ്തു ദൈവനിയമം ലംഘിക്കാൻ തന്നെ പരീക്ഷിക്കുന്ന പിശാചിന്റെതന്നെ ശബ്ദം കേട്ടുവെന്ന് ഓർക്കുക. (മത്തായി 4:8, 9) മററു ദൈവദാസൻമാർക്കും അത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോസ്തലനായ പൗലോസ്, “നമുക്കു പോരാട്ടമുളളതു . . . സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടാണ്” എന്നു പറഞ്ഞു. അതിന്റെ അർഥം ഏതു ദൈവദാസനും “ചെറുത്തുനിൽക്കാൻ പ്രാപ്തനാകേണ്ടതിനു ദൈവത്തിൽനിന്നുളള സർവായുധവർഗം ധരിക്കണ”മെന്നാണ്.—എഫേസ്യർ 6:11-13.
ദുഷ്ടാത്മാക്കളുടെ ആക്രമണത്തെ ചെറുത്തുനിൽക്കുക
17. ആത്മലോകത്തിൽനിന്ന് ഒരു “ശബ്ദം” നിങ്ങളോടു സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
17 ആത്മലോകത്തിൽനിന്ന് ഒരു “ശബ്ദം” നിങ്ങളോടു സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? ആ “ശബ്ദം” മരിച്ച ഒരു ബന്ധുവോ നല്ല ആത്മാവോ ആയി നടിച്ചാലോ? ശരി, “ഭൂതങ്ങളുടെ അധിപതി” തന്നോടു സംസാരിച്ചപ്പോൾ യേശു എന്താണു ചെയ്തത്? (മത്തായി 9:34) “സാത്താനേ, ദൂരെ പോ!” എന്ന് അവൻ പറഞ്ഞു. നിങ്ങൾക്കും അതു ചെയ്യാൻ കഴിയും. മാത്രവുമല്ല, നിങ്ങൾക്കു സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിക്കാൻ കഴിയും. ഉച്ചത്തിൽ പ്രാർഥിക്കുകയും ദൈവനാമം ഉപയോഗിക്കുകയും ചെയ്യുക. അവൻ ദുഷ്ടാത്മാക്കളെക്കാൾ ശക്തനാണെന്ന് ഓർക്കുക. ഈ ബുദ്ധിപൂർവകമായ ഗതി പിന്തുടരുക. ആത്മലോകത്തിൽനിന്നുളള അത്തരം ശബ്ദങ്ങൾക്കു ചെവികൊടുക്കരുത്. (സദൃശവാക്യങ്ങൾ 18:10; യാക്കോബ് 4:7) “ശബ്ദങ്ങൾ” കേൾക്കുന്ന എല്ലാവരോടും ഭൂതങ്ങൾ സംസാരിക്കുകയാണെന്ന് ഇതിനർഥമില്ല. ചിലപ്പോൾ ശബ്ദങ്ങൾ കേൾക്കുന്നതിന്റെ കാരണം ശാരീരികമോ മാനസികമോ ആയ ചില രോഗങ്ങളായിരിക്കാം.
18. ഒരുവൻ ആത്മവിദ്യയിൽനിന്നു വിട്ടുമാറാനാഗ്രഹിക്കുന്നുവെങ്കിൽ എഫേസൂസിലെ ആദിമക്രിസ്ത്യാനികളുടെ ഏതു ദൃഷ്ടാന്തം അനുകരിക്കാൻ നല്ലതാണ്?
18 ഒരു സമയത്തു നിങ്ങൾ ഏതെങ്കിലും ആത്മവിദ്യാചാരത്തിലേർപ്പെട്ടിട്ട് ഇപ്പോൾ അതിൽനിന്നു വിട്ടുമാറാനാഗ്രഹിച്ചേക്കാം. നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? എഫേസൂസിലെ ആദിമക്രിസ്ത്യാനികളുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. അപ്പോസ്തലനായ പൗലോസ് പ്രസംഗിച്ച “യഹോവയുടെ വചനം” അവർ സ്വീകരിച്ചശേഷം, “മാന്ത്രികവിദ്യകൾ നടത്തിക്കൊണ്ടിരുന്ന നിരവധിപേർ തങ്ങളുടെ പുസ്തകങ്ങൾ ഒന്നിച്ചുകൂട്ടി എല്ലാവരുടെയും മുമ്പാകെ ചുട്ടുകളഞ്ഞു” എന്നു ബൈബിൾ പറയുന്നു. ഈ പുസ്തകങ്ങൾക്കു 50,000 വെളളിക്കാശു വിലവരുമായിരുന്നു! (പ്രവൃത്തികൾ 19:19, 20) നിങ്ങളുടെ കൈവശം ആത്മവിദ്യയോടു നേരിട്ടു ബന്ധപ്പെട്ട വസ്തുക്കളുണ്ടെങ്കിൽ എഫേസൂസിലെ ക്രിസ്തുവിന്റെ അനുഗാമികളെ അനുകരിച്ചു സ്വീകരിക്കാവുന്ന ബുദ്ധിപൂർവകമായ ഗതി അവ എത്ര വിലയുളളവയായിരുന്നാലും നശിപ്പിച്ചുകളയുകയാണ്.
19. (എ) ആത്മവിദ്യയിൽ പങ്കെടുക്കുന്ന മിക്കവർക്കും എന്തറിയാൻ പാടില്ല? (ബി) നാം ഭൂമിയിൽ സന്തോഷപൂർവം എന്നേക്കും ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
19 അസാധാരണവും നിഗൂഢവുമായതിൽ ഇക്കാലത്തു വളരെയധികം താല്പര്യമുളളതുകൊണ്ടു കൂടുതൽ കൂടുതൽ ആളുകൾ ആത്മവിദ്യയിൽ ഏർപ്പെടുന്നുണ്ട്. എന്നുവരികിലും ഇവരിൽ മിക്കവർക്കും തങ്ങൾ യഥാർഥത്തിൽ ദുഷ്ടാത്മാക്കളുമായിട്ടാണ് ഇടപെടുന്നതെന്ന് അറിയാൻ പാടില്ല. ഇതു നിർദോഷമായ വിനോദമല്ല. ദുഷ്ടാത്മാക്കൾക്കു ദ്രോഹിക്കാനും ഉപദ്രവിക്കാനുമുളള ശക്തിയുണ്ട്. അവർ ദ്രോഹബുദ്ധികളാണ്. ക്രിസ്തു അവരെ എന്നേക്കും നാശത്തിന്റെ ജയിലിൽ അടയ്ക്കുന്നതിനുമുമ്പു മനുഷ്യരെ തങ്ങളുടെ ദുഷ്ടശക്തിയിലമർത്തുന്നതിനു തങ്ങളാലാവുന്നതെല്ലാം അവർ ചെയ്യുകയാണ്. (മത്തായി 8:28, 29) അതുകൊണ്ടു സകല ദുഷ്ടതയും നീക്കപ്പെട്ടശേഷം നിങ്ങൾ ഭൂമിയിൽ സന്തോഷപൂർവം എന്നേക്കും ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ സകലതരം ആത്മവിദ്യയിൽനിന്നും ഒഴിഞ്ഞുമാറിക്കൊണ്ടു ഭൂതശക്തിയിൽനിന്നു നിങ്ങൾ മാറിനില്ക്കേണ്ടയാവശ്യമുണ്ട്.
[അധ്യയന ചോദ്യങ്ങൾ]
[91-ാം പേജിലെ ചിത്രം]
ഏൻ-ദോരിലെ ആത്മമധ്യവർത്തി ആരുമായിട്ടാണു സമ്പർക്കം പുലർത്തിയത്?
[92, 93 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ ദൂതപുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ ശ്രദ്ധിച്ചു
[94-ാം പേജിലെ ചിത്രം]
മൂർത്തീകരിച്ച ദൂതൻമാർ മുങ്ങിച്ചത്തില്ല. അവർ തങ്ങളുടെ ജഡശരീരങ്ങൾ വെടിഞ്ഞു സ്വർഗത്തിലേക്കു മടങ്ങിപ്പോയി
[97-ാം പേജിലെ ചിത്രം]
ബൈബിൾ മുന്നറിയിപ്പു നൽകുന്നു: ‘സകല രൂപങ്ങളിലുമുളള ആത്മവിദ്യയിൽനിന്ന് ഒഴിഞ്ഞുനിൽക്കുക’
[98-ാം പേജിലെ ചിത്രം]
എഫേസൂസിൽ ക്രിസ്ത്യാനികൾ ആയിത്തീർന്നവർ ആത്മവിദ്യയെക്കുറിച്ചുളള തങ്ങളുടെ പുസ്തകങ്ങൾ ചുട്ടെരിച്ചു—ഇന്നു നമുക്ക് ഒരു ഉത്തമദൃഷ്ടാന്തം