ദൈവം—അവൻ ആരാകുന്നു?
അധ്യായം 4
ദൈവം—അവൻ ആരാകുന്നു?
1. (എ) ആളുകൾ ഏതു ദൈവങ്ങളെ ആരാധിച്ചിരിക്കുന്നു? (ബി) ബൈബിൾ “ദൈവങ്ങളും” “ദൈവവും” തമ്മിൽ എന്തു വ്യത്യാസം കല്പിക്കുന്നു?
1 ലോകവിസ്തൃതമായി ആരാധിക്കപ്പെടുന്ന അനേകം ദൈവങ്ങൾ ഉണ്ട്. ഷിന്റോമതത്തിലും ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ഗോത്രമതങ്ങളിലും ദശലക്ഷക്കണക്കിനു ദൈവങ്ങളുണ്ട്. യേശുവിന്റെ അപ്പോസ്തലൻമാരുടെ നാളുകളിൽ സീയൂസും ഹെർമീസും പോലുളള ദൈവങ്ങൾ ആരാധിക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 14:11, 12) അതുകൊണ്ട് “അനേകം ‘ദൈവങ്ങൾ’ ഉണ്ട്” എന്നു ബൈബിൾ സമ്മതിക്കുന്നു. എന്നാൽ “യഥാർഥത്തിൽ പിതാവായ ഏക ദൈവമാണു നമുക്കുളളത്, സകലവും അവനിൽനിന്നാകുന്നു” എന്നും അതു പറയുന്നു. (1 കൊരിന്ത്യർ 8:5, 6) ‘ഈ ദൈവം ആരാണ്?’ എന്നു നിങ്ങളോടു ചോദിച്ചാൽ നിങ്ങൾ എന്തു പറയും?
2. മനുഷ്യർക്കു ദൈവത്തെക്കുറിച്ച് ഏതു വ്യത്യസ്തവീക്ഷണങ്ങളുണ്ട്?
2 ‘അവനാണു കർത്താവ്’ എന്ന് അനേകർ ഉത്തരം പറയുന്നു. അല്ലെങ്കിൽ ‘അവൻ സ്വർഗത്തിലുളള ഒരു ആത്മാവാണ്’ എന്ന് അവർ പറഞ്ഞേക്കാം. ഒരു നിഘണ്ടു ദൈവത്തെ വിളിക്കുന്നത് “പരമോന്നതൻ” എന്നാണ്. ‘ദൈവത്തിന്റെ പേരെന്താണ്?’ എന്നു ചോദിക്കുമ്പോൾ ചിലർ ‘യേശു’ എന്ന് ഉത്തരം പറയുന്നു. മററു ചിലർ ദൈവം ഒരു ആൾ ആണെന്നു വിചാരിക്കുന്നില്ല. എന്നാൽ എല്ലായിടത്തും സ്ഥിതിചെയ്യുന്ന ഒരു ഊററമായ ശക്തിയാണെന്നു വിചാരിക്കുന്നു. ഒരു ദൈവം ഉണ്ടോ എന്നു ചിലർ സംശയിക്കുകപോലും ചെയ്യുന്നു. അവൻ സ്ഥിതിചെയ്യുന്നുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ?
ദൈവം യഥാർഥമായി സ്ഥിതിചെയ്യുന്നു
3. ഒരു വീട് ആസ്തിക്യത്തിൽ വരുന്നതെങ്ങനെ?
3 മനോഹരമായ ഒരു കെട്ടിടം കണ്ടിട്ട് അതിന്റെ നിർമാതാവ് ആരാണെന്നറിയാൻ നിങ്ങൾക്കു ജിജ്ഞാസ തോന്നിയിട്ടുണ്ടോ? ആ കെട്ടിടം ആരും നിർമിച്ചതല്ലെന്നും താനേ ഉണ്ടായി വന്നതാണെന്നും ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? തീർച്ചയായുമില്ല! ഒരു ബൈബിളെഴുത്തുകാരൻ പറഞ്ഞതുപോലെ “ഏതൊരു വീടും ആരെങ്കിലും നിർമിച്ചതാണ്.” എല്ലാവർക്കും അതറിയാം. അപ്പോൾ “സകലവും നിർമിച്ചവൻ ദൈവമാകുന്നു” എന്ന ബൈബിളെഴുത്തുകാരന്റെ സയുക്തികമായ നിഗമനം നമുക്കു സ്വീകരിക്കാൻ പാടില്ലേ?—എബ്രായർ 3:4.
4. അനേകശതകോടി നക്ഷത്രങ്ങൾ ആസ്തിക്യത്തിൽ വന്നതെങ്ങനെ?
4 സഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങളോടുകൂടിയ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിക്കുക. അവയെല്ലാം അവയെ അന്യോന്യം പൂർണമായി ബന്ധിപ്പിച്ചുനിർത്തുന്ന നിയമങ്ങൾക്കനുസൃതമായി ആകാശങ്ങളിൽ ഗതിചെയ്യുന്നു. “ഇവയെ സൃഷ്ടിച്ചിരിക്കുന്നതാർ?” എന്ന ചോദ്യം വളരെ പണ്ടുതന്നെ ഉണ്ടായതാണ്. നൽകപ്പെട്ട ഉത്തരം അർഥവത്താണ്: “അവയുടെ സൈന്യത്തെ സംഖ്യയനുസരിച്ചുതന്നെ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നവനാണത്, അവയെ എല്ലാം അവൻ പേർ ചൊല്ലിത്തന്നെ വിളിക്കുന്നു.” (യെശയ്യാവ് 40:26) തീർച്ചയായും ശതകോടിക്കണക്കിനുളള നക്ഷത്രങ്ങൾ താനേ നിർമിതമായെന്നും യാതൊരു മാർഗനിർദേശവുമില്ലാതെ അവ അത്യന്തം അത്ഭുതകരമായ ക്രമത്തിൽ ഗതിചെയ്യുന്ന നക്ഷത്രപംക്തികളായിത്തീർന്നുവെന്നും വിചാരിക്കുന്നതു മൗഢ്യമായിരിക്കും!—സങ്കീർത്തനം 14:1.
5. (എ) മാംസം നുറുക്കുന്ന ഒരു ഉപകരണത്തിന്റെ ഭാഗങ്ങൾ സ്വയം കൂടിച്ചേർന്ന് ആ ഉപകരണമായിത്തീരാൻ എന്തു സാധ്യതയുണ്ട്? (ബി) നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് ഇത് എന്തു തെളിയിക്കുന്നു?
5 അത്യന്തം സുസംഘടിതമായ ഈ പ്രപഞ്ചം താനേ ഉളവാകാവുന്നതല്ല. വലിയ ശക്തിയുളള ബുദ്ധിശാലിയായ ഒരു സ്രഷ്ടാവ് ആവശ്യമായിരുന്നു. (സങ്കീർത്തനം 19:1, 2) ഒരു തൊഴിലുടമയോട് അയാൾ എന്തുകൊണ്ടാണു ദൈവത്തിൽ വിശ്വസിക്കുന്നതെന്നു ചോദിക്കുകയുണ്ടായി. അയാളുടെ ഫാക്ടറിയിൽ മാംസം നുറുക്കുന്ന ഉപകരണത്തിന്റെ (മീററ്ചോപ്പർ) 17 ഭാഗങ്ങൾ കൂട്ടിയിണക്കാൻ പഠിക്കുന്നതിന് ഒരു പെൺകുട്ടി രണ്ടു ദിവസമെടുക്കുന്നുവെന്ന് അയാൾ വിശദീകരിച്ചു. ‘ഞാൻ വെറുമൊരു കട്ലറി (കത്തി, പിച്ചാത്തി മുതലായവ) നിർമാതാവാണ്, എന്നാൽ ഒരു മീററ്ചോപ്പറിന്റെ 17 ഭാഗങ്ങൾ ഒരു പാത്രത്തിലിട്ട് അടുത്ത 1,700 കോടി വർഷം കറക്കിയാലും ഒരു മീററ്ചോപ്പർ ഉണ്ടാകുകയില്ലെന്ന് എനിക്കു തീർച്ചയായും അറിയാം” എന്ന് അയാൾ പറഞ്ഞു. ഭൂമിയിലെ അനേകതരം പ്രാണികൾ ഉൾപ്പെടെയുളള ഈ പ്രപഞ്ചം ഒരു മീററ്ചോപ്പറിനെക്കാൾ വളരെയേറെ സങ്കീർണമാണ്. അത്തരമൊരു യന്ത്രത്തിന് ഒരു വിദഗ്ധനിർമാതാവ് ആവശ്യമാണെങ്കിൽ സകലവും സൃഷ്ടിക്കുന്നതിന് ഒരു സർവശക്തനായ ദൈവം ആവശ്യമായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. അവൻ ചെയ്തിരിക്കുന്നതിനുളള ബഹുമതി അവനു കൊടുക്കേണ്ടതല്ലേ?—വെളിപ്പാട് 4:11; പ്രവൃത്തികൾ 14:15-17; 17:24-26.
ദൈവം ഒരു യഥാർഥ ആളോ?
6. ദൈവം ഒരു യഥാർഥ ആൾ ആണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു മിക്കയാളുകളും പറയുന്നുവെങ്കിലും അവൻ യഥാർഥത്തിലുളള ഒരു ആളാണെന്ന് അവർ വിചാരിക്കുന്നില്ല. അവൻ ഒരു യഥാർഥ ആളാണോ? ബുദ്ധിശക്തിയുളളടത്തു മനസ്സ് സ്ഥിതിചെയ്യുന്നുണ്ടെന്നു മനസ്സിലാക്കാവുന്നതാണ്. ദൃഷ്ടാന്തമായി, ‘എന്റെ മനസ്സ് അനുവദിക്കുന്നില്ല’ എന്നു നാം പറയാറുണ്ടല്ലോ. ഒരു മനസ്സ് സ്ഥിതിചെയ്യുന്നടത്ത് ഒരു സുനിശ്ചിത രൂപത്തോടുകൂടിയ ഒരു ശരീരത്തിൽ തലച്ചോർ സ്ഥിതിചെയ്യുന്നുണ്ടെന്നു നമുക്കറിയാം. ആ സ്ഥിതിക്ക്, സകല സൃഷ്ടിക്കും ഉത്തരവാദിയായ വലിയ മനസ്സ് വലിയ ആളായ സർവശക്തനാം ദൈവത്തിന്റേതാണ്. അവന് ഒരു ഭൗതിക ശരീരമില്ലെങ്കിലും ഒരു ആത്മീയ ശരീരമുണ്ട്. ഒരു ആത്മവ്യക്തിക്ക് ഒരു ശരീരമുണ്ടെന്നോ? ഉണ്ട്, ബൈബിൾ പറയുന്നു: “ഒരു ഭൗതികശരീരമുണ്ടെങ്കിൽ, ഒരു ആത്മീയശരീരവുമുണ്ട്.”—1 കൊരിന്ത്യർ 15:44; യോഹന്നാൻ 4:24.
7. (എ) ദൈവത്തിനു വസിക്കാൻ ഒരു സ്ഥലമുണ്ടെന്നു പ്രകടമാക്കുന്നതെന്ത്? (ബി) അവന് ഒരു ശരീരമുണ്ടെന്ന് എന്തു പ്രകടമാക്കുന്നു?
7 ദൈവം ആത്മീയ ശരീരത്തോടുകൂടിയ ഒരു ആൾ ആയതുകൊണ്ട് അവന് ഒരു വാസസ്ഥലമുണ്ടായിരിക്കണം. സ്വർഗം ദൈവത്തിന്റെ “സ്ഥാപിതവാസസ്ഥല”മാണെന്നു ബൈബിൾ പറയുന്നു. (1 രാജാക്കൻമാർ 8:43) കൂടാതെ, “ഇപ്പോൾ നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നതിനു ക്രിസ്തു. . .സ്വർഗത്തിലേക്കുതന്നെ പ്രവേശിച്ചു”വെന്നു നമ്മോടു പറഞ്ഞിരിക്കുന്നു. (എബ്രായർ 9:24) കുറേ മനുഷ്യർക്കു ദൈവത്തോടുകൂടെ സ്വർഗത്തിലെ ജീവൻ പ്രതിഫലമായി കിട്ടും, ആ സമയത്ത് അവർക്ക് ആത്മശരീരങ്ങൾ ലഭിക്കും. അന്ന് അവർ ദൈവത്തെ കാണുമെന്നും അവനെപ്പോലെ ആയിത്തീരുമെന്നും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 3:2) ഇതും ദൈവം ഒരു ആൾ ആണെന്നും അവന് ഒരു ശരീരമുണ്ടെന്നും തെളിയിക്കുന്നു.
8, 9. (എ) ഒരു വൈദ്യുതനിലയത്തിന്റെ ദൃഷ്ടാന്തത്തിനു ദൈവത്തിന്റെ ദൂരവ്യാപകമായ ശക്തിയെ പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ? (ബി) ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്താകുന്നു, അതിന് എന്തുചെയ്യാൻ കഴിയും?
8 എന്നാൽ ‘ദൈവം സ്വർഗത്തിൽ ഒരു നിശ്ചിത സ്ഥലത്തു വസിക്കുന്ന ഒരു യഥാർഥ ആളാണെങ്കിൽ അവന് എല്ലായിടത്തും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും എങ്ങനെ കാണാൻ കഴിയും? പ്രപഞ്ചത്തിന്റെ ഏതു ഭാഗത്തും അവന്റെ ശക്തി എങ്ങനെ അനുഭവപ്പെടാൻ കഴിയും?’ എന്നു ചിലർ ചോദിച്ചേക്കാം. (2 ദിനവൃത്താന്തം 16:9) ദൈവം ഒരാളാണെന്നുളള വസ്തുത യാതൊരു പ്രകാരത്തിലും അവന്റെ ശക്തിയേയോ മാഹാത്മ്യത്തേയോ പരിമിതപ്പെടുത്തുന്നില്ല. അത് അവനോടുളള നമ്മുടെ ആദരവിനെയും കുറയ്ക്കരുത്. (1 ദിനവൃത്താന്തം 29:11-13) ഇതു മനസ്സിലാക്കാൻ സഹായമായി, ഒരു വൈദ്യുതനിലയത്തിന്റെ ദൂരവ്യാപകങ്ങളായ ഫലങ്ങളെക്കുറിച്ചു പരിചിന്തിക്കുക.
9 ഒരു വൈദ്യുതനിലയം ഒരു നഗരത്തിലോ നഗരത്തിനടുത്തോ ഒരു പ്രത്യേക സ്ഥലത്താണു സ്ഥിതിചെയ്യുന്നത്. എന്നാൽ അതുൽപ്പാദിപ്പിക്കുന്ന വൈദ്യുതി വെളിച്ചവും ഊർജവും പ്രദാനം ചെയ്തുകൊണ്ട് ആ പ്രദേശത്തെല്ലാം വിതരണം ചെയ്യപ്പെടുന്നു. ദൈവത്തെ സംബന്ധിച്ചും അങ്ങനെയാണ്. അവൻ സ്വർഗങ്ങളിലാണ്. (യെശയ്യാവ് 57:15; സങ്കീർത്തനം 123:1) എന്നാൽ അവന്റെ പ്രവർത്തനനിരതമായ അദൃശ്യശക്തിയാകുന്ന പരിശുദ്ധാത്മാവ് എല്ലായിടത്തും, സർവ അഖിലാണ്ഡത്തിലുംതന്നെ, അനുഭവഗോചരമായിത്തീരുന്നു. തന്റെ പരിശുദ്ധാത്മാവു മുഖേനയാണു ദൈവം ആകാശങ്ങളെയും ഭൂമിയെയും സകല ജീവികളെയും സൃഷ്ടിച്ചത്. (സങ്കീർത്തനം 33:6; ഉല്പത്തി 1:2; സങ്കീർത്തനം 104:30) ഇവ സൃഷ്ടിക്കുന്നതിനു ദൈവം ശാരീരികമായി സാന്നിധ്യവാനായിരിക്കേണ്ട ആവശ്യമില്ലായിരുന്നു. അവൻ വിദൂരത്തിലാണെങ്കിലും താൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ അവനു തന്റെ ആത്മാവിനെ, തന്റെ പ്രവർത്തനനിരതമായ ശക്തിയെ, അയയ്ക്കാൻ കഴിയും. എന്തോരത്ഭുതവാനായ ദൈവം!—യിരെമ്യാവ് 10:12; ദാനിയേൽ 4:35.
ദൈവം ഏതുതരം ആൾ?
10. നമുക്കു ദൈവത്തെ അറിയാൻ കഴിയുന്ന ഒരു മാർഗമെന്ത്?
10 നാം ദൈവത്തെ നന്നായി അറിയുകയാണെങ്കിൽ നമുക്ക് അവനോടുളള സ്നേഹം വളരുന്നതരം ആളാണോ അവൻ? ‘ഒരുപക്ഷേ ആയിരിക്കാം. എന്നാൽ നമുക്കു ദൈവത്തെ കാണാൻ പാടില്ലാത്തതുകൊണ്ടു നമുക്ക് അവനെ എങ്ങനെ അറിയാൻ കഴിയും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. (യോഹന്നാൻ 1:18) ഒരു മാർഗം കാണിച്ചുതന്നുകൊണ്ടു ബൈബിൾ പറയുന്നു: “എന്തെന്നാൽ അവന്റെ അദൃശ്യഗുണങ്ങൾ, അവന്റെ നിത്യശക്തിയും ദൈവത്വവുംതന്നെ, നിർമിത വസ്തുക്കൾ മുഖേന ഗ്രഹിക്കപ്പെടുന്നതിനാൽ അവ ലോകസൃഷ്ടി മുതൽ വ്യക്തമായി കണ്ടുവരുന്നു.” (റോമർ 1:20) അതുകൊണ്ടു ദൈവം സൃഷ്ടിച്ചിട്ടുളളവയെ നാം യഥാർഥമായി പരിശോധിക്കുകയും അവയെക്കുറിച്ചു ചിന്തിക്കുകയുമാണെങ്കിൽ ദൈവം എങ്ങനെയുളളവൻ എന്നു മനസ്സിലാക്കാൻ അവയ്ക്കു നമ്മെ സഹായിക്കാൻ കഴിയും.
11. ദൈവം നിർമിച്ചിരിക്കുന്ന വസ്തുക്കളിൽനിന്നു നമുക്കവനെക്കുറിച്ച് എന്തു മനസ്സിലാക്കാൻ കഴിയും?
11 നാം മനസ്സിലാക്കിയതുപോലെ, നക്ഷത്രനിബിഡമായ ആകാശങ്ങളുടെ ഒരു വീക്ഷണം തീർച്ചയായും ദൈവത്തിന്റെ മാഹാത്മ്യത്തെയും വമ്പിച്ച ശക്തിയെയും നമ്മെ ബോധ്യപ്പെടുത്തുന്നു! (സങ്കീർത്തനം 8:3, 4; യെശയ്യാവ് 40:26) ഇനിയും ഭൂമിയെക്കുറിച്ചു പരിചിന്തിക്കുക. ഭൂമിക്കു സൂര്യനിൽനിന്നു ശരിയായ അളവിൽ ചൂടും വെളിച്ചവും കിട്ടത്തക്കവണ്ണം ദൈവം അതിനെ ആകാശങ്ങളിൽ നിർത്തി. കൂടാതെ, ജലപരിവൃത്തിയെക്കുറിച്ചു പരിചിന്തിക്കുക. ഭൂമിയെ നനക്കാൻ മഴ പൊഴിയുന്നു. വെളളം നദികളിലേക്കു പ്രവഹിക്കുന്നു. അവ സമുദ്രങ്ങളിൽ ഒഴുകിച്ചേരുന്നു. സൂര്യൻ വെളളത്തെ സമുദ്രങ്ങളിൽനിന്നു നീരാവിയായി ഉയർത്തുന്നു, അവ വീണ്ടും ഭൂമിയെ നനയ്ക്കാൻ മഴയായി പൊഴിയുന്നു. (സഭാപ്രസംഗി 1:7) മനുഷ്യനും മൃഗങ്ങൾക്കും ആവശ്യമായ ആഹാരവും അഭയവും സകല വസ്തുക്കളും പ്രദാനം ചെയ്യാൻ ദൈവം പ്രവർത്തിപ്പിച്ച അത്ഭുതകരമായ അനേകം പരിവൃത്തികളുണ്ട്! ദൈവം ഏതുതരം ആളാണെന്നാണ് ഈ അത്ഭുതകാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത്? അവൻ മഹാജ്ഞാനിയായ ഒരു ദൈവമാണെന്നും അവൻ അത്യന്തം ഉദാരമതിയാണെന്നും തന്റെ സൃഷ്ടികൾക്കുവേണ്ടി അവൻ കരുതുന്നുവെന്നുംതന്നെ.—സദൃശവാക്യങ്ങൾ 3:19, 20; സങ്കീർത്തനം 104:13-15, 24, 25.
12. നിങ്ങളുടെ സ്വന്തം ശരീരം ദൈവത്തെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
12 നിങ്ങളുടെ സ്വന്തം ശരീരത്തെക്കുറിച്ചു പരിചിന്തിക്കുക. കേവലം ജീവിച്ചിരിക്കുക എന്നതിലുപരിയായി പ്രവർത്തിക്കാനാണ് അതു നിർമിക്കപ്പെട്ടതെന്നു സ്പഷ്ടമാണ്. യഥാർഥത്തിൽ ജീവിതം ആസ്വദിക്കാൻ അത്ഭുതകരമായിട്ടാണ് അതു രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. (സങ്കീർത്തനം 139:14) നമ്മുടെ കണ്ണുകൾക്കു കറുപ്പും വെളുപ്പും മാത്രമല്ല, ഇതര നിറങ്ങളിലും കാണാൻ കഴിയും. ലോകമാകട്ടെ, നമുക്കു കണ്ടാസ്വദിക്കാൻ കഴിയുന്ന ധാരാളം നിറങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയുമാണ്. നമുക്കു മണക്കാനും രുചിക്കാനും കഴിയും. അതുകൊണ്ടു തീററിയെന്നുളളത് ഒരു അവശ്യപ്രവർത്തനം മാത്രമല്ല; അത് ഉല്ലാസപ്രദമായിരിക്കാൻ കഴിയും. ജീവിതത്തിന് ഇങ്ങനെയുളള ഇന്ദ്രിയബോധങ്ങൾ തികച്ചും അനുപേക്ഷണീയമായിരിക്കുന്നില്ല, എന്നാൽ അവ സ്നേഹവാനും ഉദാരമതിയും ചിന്തയുളളവനുമായ ഒരു ദൈവത്തിൽനിന്നുളള ദാനങ്ങളാണ്.—ഉല്പത്തി 2:9; 1 യോഹന്നാൻ 4:8.
13. ദൈവം മനുഷ്യരോട് ഇടപെടുന്ന വിധത്തിൽനിന്നു നിങ്ങൾ അവനെക്കുറിച്ച് എന്തു പഠിക്കുന്നു?
13 മനുഷ്യവർഗവുമായുളള ദൈവത്തിന്റെ ഇടപെടലുകളുടെ ഒരു വീക്ഷണവും അവൻ ഏതുതരം ദൈവമാണെന്നു പ്രകടമാക്കുന്നു. അവനു ശക്തമായ നീതിബോധമുണ്ട്. അവൻ ചില ജനവർഗങ്ങളോടു പക്ഷപാതിത്വം കാണിക്കുന്നില്ല. (പ്രവൃത്തികൾ 10:34, 35) അവൻ കരുണയും ദയയും നിറഞ്ഞവനാണ്. അവൻ ഈജിപ്ററിലെ അടിമത്തത്തിൽനിന്നു വിടുവിച്ച ഇസ്രയേൽ ജനതയോടുളള അവന്റെ ഇടപെടലുകളെക്കുറിച്ചു ബൈബിൾ പറയുന്നു: “അവൻ കരുണയുളളവനായിരുന്നു. . . അവർ ജഡമാണെന്ന് അവൻ ഓർത്തുകൊണ്ടിരുന്നു.” എന്നിട്ടും ഇസ്രയേല്യർ മിക്കപ്പോഴും അനുസരണം കെട്ടവർ ആയിരുന്നു. അതു ദൈവത്തെ ദുഃഖിപ്പിച്ചു. ബൈബിൾ പറയുന്നപ്രകാരം: “അവർ അവനെ മുറിപ്പെടുത്തുമായിരുന്നു. . . അവർ ഇസ്രയേലിന്റെ പരിശുദ്ധനെത്തന്നെ വേദനിപ്പിച്ചു.” (സങ്കീർത്തനം 78:38-41; 103:8, 13, 14) മറിച്ച്, തന്റെ ദാസൻമാർ തന്റെ നിയമങ്ങളോട് അനുസരണമുളളവരായിരിക്കുമ്പോൾ ദൈവം സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) കൂടാതെ തന്റെ ദാസൻമാർ ശത്രുക്കളാൽ കഷ്ടപ്പെടുമ്പോൾ ദൈവം എങ്ങനെ വിചാരിക്കുന്നുവെന്ന് അവൻ വർണിക്കുന്നു: “നിങ്ങളെ തൊടുന്നവൻ എന്റെ കൃഷ്ണമണിയെയാണു തൊടുന്നത്.” (സെഖര്യാവ് 2:8) എല്ലാ വർഗങ്ങളിലും ജനങ്ങളിലുംപെട്ട എളിയ, നിസ്സാര മനുഷ്യരോട് ഇത്തരം പ്രിയമുളള ഒരു ദൈവത്തെ സ്നേഹിക്കാൻ നിങ്ങൾ പ്രേരിതരാകുന്നില്ലേ?—യെശയ്യാവ് 40:22; യോഹന്നാൻ 3:16.
ദൈവം യേശുവോ ത്രിത്വമോ ആണോ?
14. ത്രിത്വോപദേശം എന്താണ്?
14 ഈ അത്ഭുതവാനായ ദൈവം ആരാണ്? അവന്റെ പേർ യേശു എന്നാണെന്നു ചിലർ പറയുന്നു. അവൻ ത്രിത്വമാണെന്നു മററു ചിലർ പറയുന്നു, “ത്രിത്വം” എന്ന പദം ബൈബിളിൽ ഇല്ലെങ്കിലും. ത്രിത്വോപദേശപ്രകാരം ഒരു ദൈവത്തിൽ മൂന്നാളുകളുണ്ട്, അതായത് “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം” ഉണ്ട്. അനേകം മതസ്ഥാപനങ്ങൾ അത് “ഒരു മർമ”മാണെന്നു സമ്മതിക്കുന്നുവെങ്കിലും അതാണു പഠിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ചുളള അത്തരം വീക്ഷണങ്ങൾ ശരിയാണോ?
15. ദൈവവും യേശുവും തുല്യൻമാരല്ലാത്ത രണ്ടു വ്യത്യസ്ത ആളുകളാണെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
15 ആകട്ടെ, താൻ ദൈവമാണെന്നു യേശു എന്നെങ്കിലും പറഞ്ഞോ? ഇല്ല. ഒരിക്കലും പറഞ്ഞില്ല. എന്നാൽ ബൈബിളിൽ അവനെ “ദൈവപുത്രൻ” എന്നു വിളിച്ചിട്ടുണ്ട്. “എന്റെ പിതാവ് എന്നെക്കാൾ വലിയവനാകുന്നു” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 10:34-36; 14:28) കൂടാതെ, ദൈവത്തിനല്ലാതെ തനിക്കോ ദൂതൻമാർക്കോ അറിയാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ടെന്ന് യേശു വിശദീകരിച്ചു. (മർക്കോസ് 13:32) തന്നെയുമല്ല, ഒരു സന്ദർഭത്തിൽ “എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നടക്കട്ടെ” എന്ന് യേശു ദൈവത്തോടു പ്രാർഥിച്ചു. (ലൂക്കോസ് 22:42) യേശു സർവശക്തനായ ദൈവമായിരുന്നെങ്കിൽ അവൻ തന്നോടുതന്നെ പ്രാർഥിക്കുമായിരുന്നോ? യഥാർഥത്തിൽ, യേശുവിന്റെ മരണത്തെ തുടർന്ന് “ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു”വെന്നു തിരുവെഴുത്തു പറയുന്നു. (പ്രവൃത്തികൾ 2:32) അതുകൊണ്ട് സർവശക്തനായ ദൈവവും യേശുവും വ്യക്തമായി രണ്ടു വ്യത്യസ്ത ആളുകളാണ്. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷംപോലും അവൻ തന്റെ പിതാവിനോടു സമനായിരുന്നില്ല.—1 കൊരിന്ത്യർ 11:3; 15:28.
16. യേശുവിനെ “ദൈവം” എന്നു പരാമർശിക്കുന്നുണ്ടെങ്കിലും അവൻ സർവശക്തനായ ദൈവമല്ലെന്ന് എന്തു പ്രകടമാക്കുന്നു?
16 ‘എന്നാൽ യേശുവിനെ ഒരു ദൈവം എന്നു ബൈബിളിൽ വിളിച്ചിട്ടില്ലേ?’ എന്നു ചിലർ ചോദിച്ചേക്കാം. അതു സത്യമാണ്. എന്നാൽ സാത്താനെയും ഒരു ദൈവം എന്നു വിളിച്ചിട്ടുണ്ട്. (2 കൊരിന്ത്യർ 4:4) യേശുവിനെ വചനം എന്നു പരാമർശിക്കുന്ന യോഹന്നാൻ 1:1-ൽ “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു” എന്നു ചില ബൈബിൾ ഭാഷാന്തരങ്ങൾ പറയുന്നു. എന്നാൽ വചനം “ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു” എന്നു 2-ാം വാക്യം പറയുന്നതു ശ്രദ്ധിക്കുക. മനുഷ്യർ യേശുവിനെ കണ്ടിട്ടുണ്ടെങ്കിലും “യാതൊരു മനുഷ്യനും ദൈവത്തെ ഒരു സമയത്തും കണ്ടിട്ടില്ല” എന്ന് 18-ാം വാക്യം പറയുന്നു. (അധികൃതഭാഷാന്തരം അഥവാ കിംഗ് ജയിംസ് വേർഷൻ) അതുകൊണ്ടു ചില ഭാഷാന്തരങ്ങൾ ഒന്നാം വാക്യത്തെ “വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദിവ്യനായിരുന്നു” അഥവാ ദൈവത്തെപ്പോലുളള ഒരു ശക്തനായിരുന്നു എന്ന അർഥത്തിൽ “ഒരു ദൈവ”മായിരുന്നു എന്നു ഭാഷാന്തരപ്പെടുത്തുമ്പോൾ ആ ഭാഷാന്തരങ്ങൾ മൂലഭാഷയുടെ ശരിയായ അർഥം നല്കുകയാണെന്നു നാം കാണുന്നു. (ഒരു അമേരിക്കൻ ഭാഷാന്തരം) വ്യക്തമായും യേശു സർവശക്തനായ ദൈവമല്ല. വാസ്തവത്തിൽ യേശു തന്റെ പിതാവിനെക്കുറിച്ച് “എന്റെ ദൈവ”മെന്നും “ഏകസത്യദൈവ”മെന്നും പറയുകയുണ്ടായി.—യോഹന്നാൻ 20:17; 17:3.
17. യേശുവിന്റെ അനുഗാമികളുടെമേലുളള പരിശുദ്ധാത്മാവിന്റെ പകരൽ അത് ഒരു വ്യക്തിയല്ലെന്നു തെളിയിക്കുന്നതെങ്ങനെ?
17 ത്രിത്വത്തിലെ മൂന്നാമത്തെ ആൾ എന്നു പറയപ്പെടുന്ന “പരിശുദ്ധാത്മാവിനെ” സംബന്ധിച്ചാണെങ്കിൽ, അത് ഒരു ആളല്ല, പിന്നെയോ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്നു നാം കണ്ടുകഴിഞ്ഞു. യോഹന്നാൻ സ്നാപകൻ വെളളത്തിൽ സ്നാനപ്പെടുത്തിക്കൊണ്ടിരുന്നതുപോലെ, യേശു പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുത്തുമെന്നു യോഹന്നാൻ പറയുകയുണ്ടായി. അതുകൊണ്ട് വെളളം ഒരു ആൾ അല്ലാത്തതുപോലെ പരിശുദ്ധാത്മാവും ഒരു ആൾ അല്ലതന്നെ. (മത്തായി 3:11) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനുംശേഷം യെരുശലേമിൽ കൂടിയിരുന്ന അവന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവു പകരപ്പെട്ടപ്പോൾ യോഹന്നാൻ മുൻകൂട്ടിപ്പറഞ്ഞിരുന്നതു നിവൃത്തിയായി. “അവരെല്ലാം പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു” എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 2:4) അവർ ഒരു ആളിനെക്കൊണ്ടു “നിറയുക”യായിരുന്നോ? അല്ലായിരുന്നു. എന്നാൽ അവർ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തികൊണ്ടു നിറഞ്ഞു. അങ്ങനെ ത്രിത്വം ഒരു ബൈബിളുപദേശമല്ലെന്നു വസ്തുതകൾ വ്യക്തമാക്കുന്നു. യഥാർഥത്തിൽ, യേശു ഭൂമിയിൽ ജീവിച്ചതിനു ദീർഘനാൾ മുമ്പുതന്നെ പുരാതന ഈജിപ്ററും ബാബിലോനും പോലെയുളള സ്ഥലങ്ങളിൽ ദൈവങ്ങൾ മൂന്നിന്റെ കൂട്ടങ്ങളായി അഥവാ ത്രിത്വങ്ങളായി ആരാധിക്കപ്പെട്ടിരുന്നു.
ദൈവത്തിന്റെ പേര്
18. (എ) “ദൈവം” എന്നുളളതു സർവശക്തനായ ദൈവത്തിന്റെ വ്യക്തിപരമായ പേരാണോ? (ബി) അവന്റെ വ്യക്തിപരമായ നാമമെന്ത്?
18 നിങ്ങൾക്കറിയാവുന്ന ഓരോരുത്തർക്കും ഓരോ പേരുണ്ടെന്നുളളതിനു സംശയമില്ല. മറെറല്ലാവരിൽനിന്നും വേർതിരിച്ചറിയുന്നതിനു ദൈവത്തിനും വ്യക്തിപരമായ ഒരു നാമമുണ്ട്. ‘“ദൈവം” എന്നല്ലേ അവന്റെ നാമം’ എന്നു ചിലർ ചോദിച്ചേക്കാം. അല്ല, എന്തുകൊണ്ടെന്നാൽ “ദൈവം” എന്നുളളത് ഒരു സ്ഥാനപ്പേർ മാത്രമാണ്, “പ്രസിഡണ്ട്,” “രാജാവ്,” “ജഡ്ജി,” എന്നിവ സ്ഥാനപ്പേരുകളായിരിക്കുന്നതുപോലെതന്നെ. ബൈബിളിൽനിന്നു നമുക്കു ദൈവത്തിന്റെ പേരു മനസ്സിലാക്കാം, അത് 7,000-ത്തോളം പ്രാവശ്യം അവിടെ കാണപ്പെടുന്നുണ്ട്. ദൃഷ്ടാന്തമായി ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ സങ്കീർത്തനം 83:18 ഇങ്ങനെ വായിക്കപ്പെടുന്നു: “യഹോവ എന്നു നാമമുളള ഒരേയൊരുവനായ നീയാണ് സർവഭൂമിക്കും മീതെ അത്യുന്നതൻ എന്നു മനുഷ്യർ അറിയേണ്ടതിനുതന്നെ.” കൂടാതെ, മിക്ക ബൈബിളുകളിലും വെളിപ്പാട് 19:1-6-ൽ “അല്ലേലുയ്യാ” അഥവാ “ഹല്ലേലുയ്യാ” എന്ന പദപ്രയോഗത്തിന്റെ ഭാഗമായി ദൈവനാമം കാണപ്പെടുന്നുണ്ട്. അതിന്റെ അർഥം “യാഹിനെ സ്തുതിപ്പിൻ” എന്നാണ്, “യാഹ്” എന്നതോ യഹോവയുടെ ഒരു ഹ്രസ്വരൂപമത്രെ.
19. (എ) ചിലർ തങ്ങളുടെ ബൈബിളിൽ ദൈവനാമം കാണുന്നതിൽ അതിശയിച്ചുപോകുന്നതെന്തുകൊണ്ട്? (ബി) ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ ആ പേർ കാണപ്പെടുന്നതെവിടെ?
19 ചിലയാളുകൾ തങ്ങളുടെ ബൈബിളിൽ ദൈവനാമം കാണുമ്പോൾ അതിശയിച്ചുപോകുന്നു. മിക്കപ്പോഴും ഇതിനു കാരണം അവരുടെ ബൈബിളിൽ ദൈവനാമം അപൂർവമായേ ഉപയോഗിച്ചിട്ടുളളു എന്നതാണ്. ദൃഷ്ടാന്തത്തിന്, ജയിംസ് രാജാവിന്റെ ഭാഷാന്തരം യഹോവയെന്ന നാമം തനിരൂപത്തിൽ പുറപ്പാട് 6:3, സങ്കീർത്തനം 83:18, യെശയ്യാവ് 12:2; 26:4 എന്നിവിടങ്ങളിൽ മാത്രമേ ഉപയോഗിക്കുന്നുളളു. ഏതായാലും, [ഇംഗ്ലീഷിലുളള] ഈ ബൈബിൾ “Lord” (കർത്താവ്) എന്നോ “God” (ദൈവം) എന്നോ ഉളള സ്ഥാനപ്പേർ ഉപയോഗിച്ചു ദൈവനാമം വിവർത്തനം ചെയ്യുമ്പോൾ അത് എല്ലായ്പ്പോഴും “LORD” എന്നും “GOD” എന്നും വല്യക്ഷരങ്ങൾ ഉപയോഗിക്കുന്നു. അത് “Lord” എന്നും “God” എന്നുമുളള സാധാരണപദങ്ങളിൽനിന്ന് അതിനെ വേർതിരിച്ചുനിർത്തുന്നു. സങ്കീർത്തനം 110:1-ൽ ഇതു കാണുക.
20. (എ) ദൈവനാമം മിക്കപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്തതെന്തുകൊണ്ട്? (ബി) അതുപയോഗിക്കപ്പെടണമോ?
20 ‘എന്നാൽ മൂല ബൈബിൾ പാഠത്തിൽ ദൈവനാമം വരുന്നടത്തെല്ലാം അത് ഉപയോഗിക്കാത്തതെന്തുകൊണ്ട്?’ ‘അതിന്റെ സ്ഥാനത്തു സാധാരണയായി കർത്താവ് എന്നും ദൈവം എന്നുമുളള സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അമേരിക്കൻ പ്രമാണഭാഷാന്തരം യഹോവ എന്ന ദൈവനാമം ഉപയോഗിക്കുന്നതെന്തുകൊണ്ടെന്നും ദീർഘനാൾ ആ നാമം ഉപയോഗിക്കാതിരുന്നതെന്തുകൊണ്ടെന്നും അതിന്റെ ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. “ദിവ്യനാമം ഉച്ചരിക്കരുതാത്തവിധം അത്ര പരിശുദ്ധമെന്നു കരുതിയ യഹൂദ അന്ധവിശ്വാസം ഇംഗ്ലീഷ് പരിഭാഷയിലോ മറേറതെങ്കിലും പരിഭാഷയിലോ മേലാൽ മേധാവിത്വം പുലർത്തേണ്ടതില്ലെന്ന് അവധാനപൂർവമായ പരിചിന്തനത്തിനുശേഷം അമേരിക്കൻ പരിഷ്ക്കർത്താക്കൾക്ക് ഒന്നടങ്കം ബോധ്യപ്പെട്ടു . . . സമ്പന്നമായ പവിത്രബന്ധങ്ങളോടുകൂടിയ ഈ വ്യക്തിപരമായ നാമം വിശുദ്ധപാഠത്തിലെ അതിന്റെ സ്ഥാനത്ത് ഇപ്പോൾ പുനഃസ്ഥിതീകരിക്കപ്പെടുകയാണ്, അതിനു നിസ്തർക്കമായ അവകാശമുണ്ട്.” അതെ, ഇംഗ്ലീഷിലേക്ക് ആ ബൈബിൾ വിവർത്തനം ചെയ്തവർക്കു ശരിയായ കാരണങ്ങളാലല്ല ദൈവനാമം വിട്ടുകളഞ്ഞിരുന്നതെന്നു തോന്നുകയുണ്ടായി. അതുകൊണ്ട് അവർ ശരിയായ സ്ഥാനങ്ങളിൽ അതു ബൈബിളിൽ വീണ്ടും വെച്ചു.
21. കത്തോലിക്ക് ഡുവേ ഭാഷാന്തരം യഹോവയെന്ന നാമത്തെക്കുറിച്ച് എന്തു പറയുന്നു?
21 എന്നിരുന്നാലും, “യഹോവ” എന്ന പദം യഥാർഥത്തിൽ ദൈവനാമം അല്ലാത്തതുകൊണ്ട് അത് ഉപയോഗിക്കാൻ പാടില്ലെന്നു വാദിക്കുന്നവരുണ്ട്. ദൃഷ്ടാന്തമായി, മുഖ്യപാഠത്തിൽ ദൈവനാമം ഉപയോഗിക്കാത്ത കത്തോലിക്ക് ഡുവേ ഭാഷാന്തരം പുറപ്പാട് 6:3-ന്റെ അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “ചില ആധുനികർ യഹോവ എന്ന നാമം കെട്ടിച്ചമച്ചിരിക്കുന്നു. . . എബ്രായപാഠത്തിലെ നാമത്തിന്റെ യഥാർഥ ഉച്ചാരണം, ദീർഘനാളത്തെ ഉപയോഗരാഹിത്യത്താൽ ഇപ്പോൾ തീർത്തും നഷ്ടപ്പെട്ടിരിക്കുകയാണ്.”
22. (എ) എബ്രായഭാഷയിൽ ദൈവനാമം എഴുതിവന്നത് എങ്ങനെ? (ബി) ദൈവനാമം ആദിയിൽ എങ്ങനെ ഉച്ചരിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നതിൽ ഒരു പ്രശ്നം ഉളളതെന്തുകൊണ്ട്?
22 അതെ, കത്തോലിക്ക് ബൈബിൾ ഇവിടെ പറയുന്നതനുസരിച്ച് എബ്രായപാഠത്തിൽ തീർച്ചയായും ദൈവനാമമുണ്ട്, ബൈബിളിന്റെ ആദ്യത്തെ 39 പുസ്തകങ്ങൾ എബ്രായഭാഷയിലാണല്ലോ എഴുതിയത്. അവിടെ നാല് എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ചാണ് ആ നാമം എഴുതിയിരിക്കുന്നത്. അവ യ് (Y), ഹ് (H), വ് (W), ഹ് (H) എന്നീ അക്ഷരങ്ങൾക്കു തുല്യമാകുന്നു. അ, ആ, ഇ, ഉ തുടങ്ങി വാക്കുകൾക്കു ശരിയായ ഉച്ചാരണം കൊടുക്കാൻ നമ്മെ സഹായിക്കുന്ന സ്വരാക്ഷരങ്ങൾ കൂടാതെയാണു പുരാതനകാലങ്ങളിൽ എബ്രായഭാഷ എഴുതപ്പെട്ടിരുന്നത്. അതുകൊണ്ട് യ്, ഹ്, വ്, ഹ് എന്നീ വ്യഞ്ജനധാതുക്കളോടുകൂടെ ഏതു സ്വരാക്ഷരങ്ങളാണ് എബ്രായർ ഉപയോഗിച്ചുവന്നതെന്നു കൃത്യമായി അറിയാൻ നമുക്കു മാർഗമില്ലെന്നുളളതാണ് ഇന്നത്തെ പ്രശ്നം.
23. “കെട്ടിടം” എന്നതിനു ക്ട്ട്ട് എന്നീ വ്യഞ്ജനധാതുക്കൾ ഉപയോഗിക്കുന്ന ദൃഷ്ടാന്തം ദൈവനാമം ഉപയോഗിക്കുന്നതിന്റെ പ്രശ്നം മനസ്സിലാക്കാൻ നമ്മെ സഹായിച്ചേക്കാവുന്നതെങ്ങനെ?
23 പ്രശ്നം മനസ്സിലാക്കുന്നതിനു കെട്ടിടം എന്ന പദത്തെക്കുറിച്ചു പരിചിന്തിക്കുക. അത് എല്ലായ്പ്പോഴും ക്ട്ട്ട് എന്ന് എഴുതിവന്നെന്നും കാലക്രമത്തിൽ ആ പദം ഒരിക്കലും ഉച്ചരിക്കാതായെന്നും സങ്കല്പിക്കുക. അപ്പോൾ ഇന്നുമുതൽ 1,000 വർഷം കഴിഞ്ഞു ജീവിക്കുന്ന ഒരാൾ ക്ട്ട്ട് എന്ന് എഴുതിക്കാണുമ്പോൾ അത് ഉച്ചരിക്കേണ്ടതെങ്ങനെയെന്ന് അയാൾ എങ്ങനെ അറിയും? അയാൾ അതൊരിക്കലും ഉച്ചരിച്ചു കേട്ടിട്ടില്ലാത്തതിനാലും ആ പദത്തിലെ സ്വരാക്ഷരങ്ങൾ ഏതൊക്കെയാണെന്ന് അറിയാത്തതിനാലും അയാൾക്ക് ഉച്ചാരണം തിട്ടമുണ്ടായിരിക്കയില്ല. ദൈവനാമത്തെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. അത് ഉച്ചരിക്കപ്പെട്ടിരുന്നത് എങ്ങനെയെന്നു കൃത്യമായി അറിയപ്പെടുന്നില്ല. എന്നിരുന്നാലും, “യാഹ്വെ” എന്നാണു ശരിയായ ഉച്ചാരണമെന്നു ചില പണ്ഡിതൻമാർ വിചാരിക്കുന്നു. എന്നാൽ “യഹോവ” എന്ന രൂപം അനേകനൂററാണ്ടുകളിൽ ഉപയോഗത്തിലിരിക്കുകയാണ്, അതിവിസ്തൃതമായി അറിയപ്പെടുകയും ചെയ്യുന്നു.
24. (എ) പരസ്പരയോജിപ്പുണ്ടായിരിക്കുന്നതിനു നാം ദൈവനാമം ഉപയോഗിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) പ്രവൃത്തികൾ 15:14-ന്റെ വീക്ഷണത്തിൽ ദൈവനാമം ഉപയോഗിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
24 എന്നാൽ ആദ്യം ഉച്ചരിക്കപ്പെട്ടിരുന്നതുപോലെതന്നെ കൃത്യമായിട്ടല്ല നാം പറയുന്നതെങ്കിലും നാം ദൈവനാമം ഉപയോഗിക്കണമോ? ശരി, ബൈബിളിലെ മററുളളവരുടെ പേരുകൾ മൂല എബ്രായയിൽ ഉച്ചരിക്കപ്പെട്ടിരുന്നതുപോലെതന്നെ നാം പറയുന്നില്ലെങ്കിലും ആ പേരുകൾ നാം ഉപയോഗിക്കുന്നുണ്ട്. ദൃഷ്ടാന്തമായി യേശുവിന്റെ പേർ എബ്രായയിൽ “യേഷ്വാ” എന്നാണ് ഉച്ചരിക്കുന്നത്. അതുപോലെ, നാം “യാഹ്വെ” എന്നോ “യഹോവ” എന്നോ, നമ്മുടെ ഭാഷയിൽ പൊതുവായുളള മറേറതെങ്കിലുംവിധത്തിലോ ഉച്ചരിച്ചാലും ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവനാമം ഉപയോഗിക്കുന്നത് ഉചിതമാണ്. ആ നാമം ഉപയോഗിക്കാതിരിക്കുന്നതാണ് തെററ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് ഉപയോഗിക്കാത്തവരെ “തന്റെ നാമത്തിനുവേണ്ടിയുളള ഒരു ജന”മായിരിക്കാൻ ദൈവം എടുക്കുന്നവരായി തിരിച്ചറിയാൻ കഴികയില്ല. (പ്രവൃത്തികൾ 15:14) നാം ദൈവനാമം അറിയുകമാത്രമല്ല, മററുളളവരുടെ മുമ്പാകെ അതിനെ സ്തുതിക്കുകയും വേണം, ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്തതുപോലെതന്നെ.—മത്തായി 6:9; യോഹന്നാൻ 17:6, 26.
ഉദ്ദേശ്യമുളള ഒരു ദൈവം
25. (എ) ദൈവത്തെ സംബന്ധിച്ച എന്തു വസ്തുതകൾ മനസ്സിലാക്കുന്നതു നമുക്കു പ്രയാസമായിരിക്കാം? (ബി) സൃഷ്ടിച്ചുതുടങ്ങുന്നതിനു യഹോവയെ പ്രേരിപ്പിച്ചതെന്ത്?
25 നമുക്കു മനസ്സിലാക്കാൻ പ്രയാസമായിരിക്കാമെങ്കിലും, യഹോവക്ക് ഒരിക്കലും ഒരു ആരംഭമുണ്ടായിരുന്നിട്ടില്ല, ഒരിക്കലും ഒരു അവസാനം ഉണ്ടാകയുമില്ല. അവൻ “നിത്യതയുടെ രാജാവ്” ആണ്. (സങ്കീർത്തനം 90:2; 1 തിമൊഥെയോസ് 1:17) യഹോവ സൃഷ്ടിക്കാൻ തുടങ്ങുന്നതിനുമുമ്പു സാർവത്രികശൂന്യസ്ഥലത്ത് അവൻ മാത്രമേ ഉണ്ടായിരുന്നുളളു. എന്നിരുന്നാലും അവന് ഏകാന്തത ഉണ്ടായിരിക്കുമായിരുന്നില്ല. കാരണം അവൻ തന്നിൽത്തന്നെ തികഞ്ഞവനായിരുന്നു. അവന് ഒന്നിനും കുറവില്ലായിരുന്നു. സൃഷ്ടിച്ചുതുടങ്ങുന്നതിന്, അതായത് മററുളളവർക്ക് ആസ്വദിക്കാൻ ജീവൻ കൊടുക്കുന്നതിന്, അവനെ പ്രേരിപ്പിച്ചതു സ്നേഹമായിരുന്നു. ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടികൾ അവനെപ്പോലെ ആത്മാക്കളായ ആളുകളായിരുന്നു. മനുഷ്യർക്കുവേണ്ടി ഭൂമിയെ ഒരുക്കുന്നതിനു മുമ്പുതന്നെ അവനു സ്വർഗീയപുത്രൻമാരുടെ ഒരു വലിയ സ്ഥാപനമുണ്ടായിരുന്നു. ജീവിതത്തിൽ മാത്രമല്ല, യഹോവ അവർക്കു കൊടുത്ത സേവനത്തിലും അവർ വലിയ സന്തോഷം കണ്ടെത്തണമെന്ന് അവൻ ഉദ്ദേശിച്ചു.—ഇയ്യോബ് 38:4, 7.
26. ഭൂമിയെ സംബന്ധിച്ചുളള ദൈവോദ്ദേശ്യം നിറവേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
26 ഭൂമിയെ ഒരുക്കിയപ്പോൾ യഹോവ പറുദീസയാക്കിക്കഴിഞ്ഞിരുന്ന ഭൂമിയുടെ ഒരു ഭാഗത്ത് ഇണകളായ ആദാമിനെയും ഹവ്വായെയും ആക്കിവെച്ചു. തന്നെ അനുസരിക്കുകയും ആരാധിക്കുകയും ഭൂമിയിലാസകലം ആ പറുദീസ വ്യാപിപ്പിക്കുകയും ചെയ്യുന്ന മക്കൾ അവർക്കുണ്ടാകണമെന്നുളളത് അവന്റെ ഉദ്ദേശ്യമായിരുന്നു. (ഉല്പത്തി 1:27, 28) എന്നിരുന്നാലും, നാം മനസ്സിലാക്കിയതുപോലെ ആ മഹത്തായ ഉദ്ദേശ്യത്തിനു പ്രതിബന്ധമുണ്ടായി. ആദാമും ഹവ്വായും ദൈവത്തെ അനുസരിക്കാതിരിക്കാൻ തീരുമാനിച്ചു. അവന്റെ ഉദ്ദേശ്യം നിറവേറിയിട്ടില്ല. എന്നാൽ അതു നിറവേറും, എന്തുകൊണ്ടെന്നാൽ താൻ ഉദ്ദേശിക്കുന്നതു നിറവേററാതിരിക്കുന്നതു യഹോവയെ സംബന്ധിച്ചു പരാജയം സമ്മതിക്കലായിരിക്കും. അവന് അത് ഒരിക്കലും ചെയ്യാവുന്നതല്ല! “എന്റെ ഇഷ്ടമൊക്കെയും ഞാൻ ചെയ്യും” എന്ന് അവൻ പ്രഖ്യാപിക്കുന്നു. “ഞാൻ അതു പ്രസ്താവിക്കുകതന്നെ ചെയ്തിരിക്കുന്നു, ഞാൻ അതു നേടും.”—യെശയ്യാവ് 46:10, 11.
27. (എ) നാം ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അതുകൊണ്ടു നാം ഏതു ചോദ്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതാണ്?
27 ദൈവോദ്ദേശ്യത്തിൽ സ്ഥാനം ലഭിക്കുവാൻ എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അതിനു ദൈവത്തിന്റെ ഇഷ്ടം എന്തെന്നു പരിഗണിക്കാതെ, നിങ്ങൾക്കു തോന്നുന്നതെല്ലാം ചെയ്യുകയല്ല വേണ്ടത്. അതാണു സാത്താനും ആദാമും ഹവ്വായും ചെയ്തത്. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അവർക്ക് അറിയാമായിരുന്നു, എന്നാൽ അവർ അതു ചെയ്തില്ല. അവർ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവന്നു. നാമും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരുമോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവന്റെ ഉറവു ദൈവമാണ്. നമ്മുടെ ജീവൻ അവനെ ആശ്രയിച്ചാണിരിക്കുന്നത്. (സങ്കീർത്തനം 36:9; മത്തായി 5:45) ആ സ്ഥിതിക്കു നമ്മെ സംബന്ധിച്ചുളള ദൈവോദ്ദേശ്യത്തിനു അനുയോജ്യമായി നാം എത്രത്തോളം ജീവിതം നയിക്കുന്നു? നാം ഇതിനെക്കുറിച്ചു സഗൗരവം ചിന്തിക്കേണ്ടതാണ്, എന്തുകൊണ്ടെന്നാൽ നിത്യജീവനുവേണ്ടിയുളള നമ്മുടെ അവസരം അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
യഹോവയെ ആരാധിക്കേണ്ടവിധം
28. ദൈവത്തെ ആരാധിക്കാൻ ചിലർ ഏതു സഹായങ്ങളെ ഉപയോഗിച്ചിട്ടുണ്ട്?
28 നാം യഹോവയെ എങ്ങനെ ആരാധിക്കുന്നുവെന്നതു പ്രധാനമാണ്. അവൻ പറയുന്ന വിധത്തിൽ നാം അവനെ ആരാധിക്കണം, അതു നമ്മെ പഠിപ്പിച്ചിരിക്കുന്ന വിധത്തിൽനിന്നു വ്യത്യസ്തമായിരുന്നാലും. ദൃഷ്ടാന്തമായി, ആരാധനയിൽ പ്രതിമകളുപയോഗിക്കുന്നതു ചിലരുടെ ആചാരമാണ്. തങ്ങൾ പ്രതിമയെ ആരാധിക്കുന്നില്ലെന്ന് അവർ പറഞ്ഞേക്കാം, എന്നാൽ അതിനെ കാണുന്നതും തൊടുന്നതും ദൈവത്തെ ആരാധിക്കാൻ അവരെ സഹായിക്കുന്നുവെന്നാണവർ പറയുന്നത്. എന്നാൽ പ്രതിമകളുടെ സഹായത്തോടെ നാം ദൈവത്തെ ആരാധിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ?
29. ആരാധനയിൽ പ്രതിമകളുപയോഗിക്കുന്നതു തെററാണെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
29 ഇല്ല, അവൻ ആഗ്രഹിക്കുന്നില്ല. ഈ കാരണത്താൽതന്നെയാണു ദൈവം ഏതെങ്കിലും ദൃശ്യരൂപത്തിൽ ഇസ്രയേല്യർക്ക് ഒരിക്കലും പ്രത്യക്ഷപ്പെടാഞ്ഞതെന്നു മോശ അവരോടു പറയുകയുണ്ടായി. (ആവർത്തനം 4:15-19) യഥാർഥത്തിൽ പത്തു കല്പനകളിലൊന്ന് ഇങ്ങനെയാണു പറയുന്നത്: “നീ ഒരു കൊത്തപ്പെട്ട പ്രതിമയോ എന്തിന്റെയെങ്കിലും ഏതെങ്കിലും സാദൃശ്യമോ ഉണ്ടാക്കരുത്. . .നീ അവയുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ ചെയ്യരുത്.” (പുറപ്പാട് 20: 4, 5, കാത്തലിക്ക് യരുശലേം ബൈബിൾ) യഹോവയെ മാത്രമേ ആരാധിക്കാവൂ. ഒരു പ്രതിമ ഉണ്ടാക്കുന്നതോ അതിന്റെ മുമ്പാകെ കുമ്പിടുന്നതോ യഹോവയെ അല്ലാതെ മററാരെയെങ്കിലും അല്ലെങ്കിൽ മറെറന്തിനെയെങ്കിലും ആരാധിക്കുന്നതോ എത്ര തെററാണെന്നു ബൈബിൾ വീണ്ടും വീണ്ടും പ്രകടമാക്കുന്നു.—യെശയ്യാവ് 44:14-20; 46:6, 7; സങ്കീർത്തനം 115:4-8.
30. (എ) പ്രതിമകളുടെ ഉപയോഗം തെററാണെന്നു തെളിയിക്കുന്നതായി യേശുവും അവന്റെ അപ്പോസ്തലൻമാരും എന്തു പറഞ്ഞു? (ബി) ആവർത്തനം 7:25 അനുസരിച്ചു പ്രതിമകളെ എന്തുചെയ്യണം?
30 നാം പ്രതീക്ഷിച്ചേക്കാവുന്നതുപോലെ, യേശു ഒരിക്കലും ആരാധനയിൽ പ്രതിമകൾ ഉപയോഗിച്ചില്ല. “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാണ്” എന്ന് അവൻ വിശദീകരിച്ചു. (യോഹന്നാൻ 4:24) ഈ ബുദ്ധ്യുപദേശമനുസരിച്ച് യേശുവിന്റെ ആദിമ അനുഗാമികളിൽ ആരുംതന്നെ ആരാധനയ്ക്കുളള സഹായമായി പ്രതിമകൾ ഉപയോഗിച്ചില്ല. യഥാർഥത്തിൽ “കാഴ്ചയാലല്ല, വിശ്വാസത്താലാണു ഞങ്ങൾ നടക്കുന്നത്” എന്ന് അവന്റെ അപ്പോസ്തലനായ പൗലോസ് എഴുതി. (2 കൊരിന്ത്യർ 5:7) “വിഗ്രഹങ്ങളിൽനിന്നു നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾക” എന്ന് അവന്റെ അപ്പോസ്തലനായ യോഹന്നാൻ മുന്നറിയിപ്പു നൽകി. (1 യോഹന്നാൻ 5:21) നിങ്ങളുടെ വീട്ടിലെല്ലാം നോക്കിയിട്ടു നിങ്ങൾ ഈ ബുദ്ധ്യുപദേശം അനുസരിക്കുന്നുണ്ടോ എന്നു നിങ്ങളോടുതന്നെ ചോദിക്കാൻ പാടില്ലേ?—ആവർത്തനം 7:25.
31. (എ) ഒരു പ്രത്യേക ദൈവനിയമത്തിന്റെ ന്യായം നമുക്കു മനസ്സിലാകുന്നില്ലെങ്കിൽപോലും, അതനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്ത്? (ബി) നാം എന്തു ചെയ്യാൻ ശ്രമിക്കണം, നാം ഏതു ക്ഷണം സ്വീകരിക്കണം?
31 സ്രഷ്ടാവായ യഹോവയെ അവൻ അനുശാസിക്കുന്നവിധത്തിൽ ആരാധിക്കുന്നതു നമുക്കു യഥാർഥ സന്തുഷ്ടി കൈവരുത്തുമെന്നു തീർച്ചയാണ്. (യിരെമ്യാവ് 14:22) അവന്റെ വ്യവസ്ഥകൾ നമ്മുടെ നൻമയ്ക്കുവേണ്ടിയാണെന്ന്, നമ്മുടെ നിത്യക്ഷേമം മുന്നിൽ കണ്ടുകൊണ്ടാണെന്നു ബൈബിൾ പ്രകടമാക്കുന്നു. നമ്മുടെ അറിവും അനുഭവപരിചയവും പരിമിതമായതുകൊണ്ടു ദൈവത്തിന്റെ ഒരു പ്രത്യേക നിയമം വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടാണെന്നോ, അതു യഥാർഥത്തിൽ നമ്മുടെ നൻമയ്ക്ക് ഉതകുന്നതെങ്ങനെയാണെന്നോ നമുക്കു പൂർണമായി മനസ്സിലാകാത്ത സന്ദർഭങ്ങളുണ്ടായിരിക്കാമെന്നതു സത്യമാണ്. എന്നാലും നമ്മേക്കാൾ വളരെ കൂടുതൽ അറിവു ദൈവത്തിനുണ്ടെന്നുളള നമ്മുടെ ഉറച്ച വിശ്വാസം ഒരുക്കമുളള ഹൃദയത്തോടെ അവനെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. (സങ്കീർത്തനം 19:7-11) അതുകൊണ്ട് യഹോവയെക്കുറിച്ചു നമ്മാൽ കഴിയുന്നതെല്ലാം പഠിക്കാൻ നമുക്കു സകല ശ്രമവും ചെയ്യാം, ഈ ക്ഷണം സ്വീകരിച്ചുകൊണ്ടുതന്നെ: “വരൂ, നമുക്ക് ആരാധിക്കുകയും കുമ്പിടുകയും ചെയ്യാം; നമ്മുടെ നിർമാതാവായ യഹോവയുടെ മുമ്പാകെ നമുക്കു മുട്ടുകുത്താം. എന്തെന്നാൽ അവൻ നമ്മുടെ ദൈവമാകുന്നു, നാം അവന്റെ മേച്ചൽസ്ഥലത്തെ ജനവും അവന്റെ കൈയിലെ ആടുകളുമാകുന്നു.”—സങ്കീർത്തനം 95:6, 7.
[അധ്യയന ചോദ്യങ്ങൾ]
[42-ാം പേജിലെ ചതുരം]
ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ ദൈവനാമം കാണപ്പെടുന്ന നാലു സ്ഥാനങ്ങൾ ഇവിടെ കാണാം
3 And I appeared unto Abraham, unto Issac, and Jacob by the name of God Almighty, but by my name, JEHOVAH was I not known to them.
18 That men may know that thou, whose name alone is JEHOVAH, art the most high over all the earth.
2 Behold, God is salvation; I will trust and not be afraid: for the LORD JEHOVAH is my strength and my song; he also is become my salvation
4 Trust ye in the LORD for ever for in the LORD JEHOVAH is everlasting strength:
[34, 35 പേജുകളിലെ ചിത്രങ്ങൾ]
ഒരു വീടിന് ഒരു നിർമാതാവുണ്ടെങ്കിൽ, . . . തീർച്ചയായും കൂടുതൽ സങ്കീർണമായ പ്രപഞ്ചത്തിനും ഒരു നിർമാതാവുണ്ടായിരിക്കണം
[39-ാം പേജിലെ ചിത്രങ്ങൾ]
തന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം ചെയ്യപ്പെടേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് യേശു ദൈവത്തോടു പ്രാർഥിച്ചതുകൊണ്ട് രണ്ടുപേരും ഒരേയാൾതന്നെയായിരിക്കാവുന്നതല്ല
[40, 41 പേജുകളിലെ ചിത്രങ്ങൾ]
പരിശുദ്ധാത്മാവ് ഒരേ സമയത്ത് ഏതാണ്ടു 120 പേരിൽ നിറഞ്ഞപ്പോൾ അതിന് ഒരു ആൾ ആയിരിക്കാൻ എങ്ങനെ കഴിയും?
[45-ാം പേജിലെ ചിത്രങ്ങൾ]
ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നതു ശരിയാണോ?