ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുക
അധ്യായം 15
ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുക
1, 2. ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുന്നതിന് എന്താണാവശ്യമായിരിക്കുന്നത്?
1 ദൈവത്തിന്റെ ഗവൺമെൻറിൻകീഴിൽ എന്നേക്കും ജീവിച്ചിരിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? സുബോധമുളള ഏതൊരാളും ഉവ്വ് എന്ന് ഉത്തരം പറയും! അത്ഭുതകരമായ പ്രയോജനങ്ങൾ ആസ്വദിക്കപ്പെടും. എന്നാൽ അവ ലഭിക്കുന്നതിനു വെറുതെ കൈ ഉയർത്തി ‘ഞാൻ ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിരിക്കാൻ ആഗ്രഹിക്കുന്നു’ എന്നു നിങ്ങൾക്കു പറയാവുന്നതല്ല. കൂടുതൽ ആവശ്യമാണ്.
2 ദൃഷ്ടാന്തമായി, നിങ്ങൾ മറെറാരു രാജ്യത്തെ പൗരനായിത്തീരാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അങ്ങനെ ചെയ്യുന്നതിന്, ആ രാജ്യത്തെ ഭരണാധികാരികൾ വെക്കുന്ന വ്യവസ്ഥകൾ നിങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ അതു ചെയ്യുന്നതിനുമുമ്പ് ആ വ്യവസ്ഥകൾ എന്തൊക്കെയാണെന്നു നിങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജയായിത്തീരാനാഗ്രഹിക്കുന്നവരിൽനിന്നു ദൈവം എന്താവശ്യപ്പെടുന്നുവെന്നു നിങ്ങൾ പഠിക്കേണ്ടയാവശ്യമുണ്ട്. പിന്നെ നിങ്ങൾ ആ വ്യവസ്ഥകൾ പാലിക്കണം.
അറിവ് ആവശ്യം
3. ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുന്നതിനുളള ഒരു വ്യവസ്ഥ എന്താണ്?
3 ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുന്നതിനുളള സുപ്രധാനമായ ഒരു വ്യവസ്ഥ അതിന്റെ “ഭാഷ”യുടെ അറിവു നേടുകയാണ്. തീർച്ചയായും ഇതു ന്യായയുക്തമാണ്. ചില മാനുഷഗവൺമെൻറുകളും പുതിയ പൗരൻമാർ ആ രാജ്യത്തെ ഭാഷ സംസാരിക്കാൻ പ്രാപ്തരായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ ദൈവത്തിന്റെ ഗവൺമെൻറിൻകീഴിൽ ജീവൻ ലഭിക്കേണ്ടവർ പഠിക്കേണ്ടത് ഏതു “ഭാഷ”യാണ്?
4. ദൈവത്തിന്റെ ജനം ഏതു “നിർമലഭാഷ” പഠിക്കണം?
4 യഹോവ അതു സംബന്ധിച്ചു തന്റെ വചനമായ ബൈബിളിൽ പറയുന്നതു ശ്രദ്ധിക്കുക: “എന്തെന്നാൽ ജനങ്ങളെല്ലാം യഹോവയെ തോളോടുതോൾ ചേർന്നു സേവിക്കേണ്ടതിന്, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിന്, ഞാൻ അവർക്ക് ഒരു നിർമലഭാഷയിലേക്കുളള മാററം അനുവദിക്കും.” (സെഫന്യാവ് 3:9) ഈ “നിർമലഭാഷ” ബൈബിളിൽ കാണപ്പെടുന്ന ദൈവത്തിന്റെ സത്യമാണ്. വിശേഷാൽ അതു ദൈവത്തിന്റെ രാജ്യഗവൺമെൻറിനെക്കുറിച്ചുളള സത്യമാണ്. അതുകൊണ്ട് ദൈവത്തിന്റെ ഗവൺമെൻറിലെ ഒരു പ്രജയായിത്തീരുന്നതിനു നിങ്ങൾ യഹോവയേയും അവന്റെ രാജ്യക്രമീകരണത്തെയുംകുറിച്ചുളള അറിവ് ഉൾക്കൊണ്ടുകൊണ്ട് ഈ “ഭാഷ” പഠിക്കേണ്ടതാണ്.—കൊലോസ്യർ 1:9, 10; സദൃശവാക്യങ്ങൾ 2:1-5.
5. (എ) ദൈവത്തിന്റെ ഗവൺമെൻറിനെക്കുറിച്ചു നാം എന്തറിയണം? (ബി) നിത്യജീവൻ സമ്പാദിക്കുന്നതിനു നമുക്ക് എന്ത് അറിവ് ആവശ്യമാണ്?
5 പൗരത്വം ലഭിക്കേണ്ടവർ തങ്ങളുടെ ഗവൺമെൻറിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ പ്രവർത്തനം സംബന്ധിച്ച വസ്തുതകളെക്കുറിച്ചും ചിലതൊക്കെ അറിഞ്ഞിരിക്കണമെന്ന് ഇന്നു ചില മാനുഷഗവൺമെൻറുകൾ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ, നിങ്ങൾ ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജയായിത്തീരണമെങ്കിൽ നിങ്ങൾ അതിനെസംബന്ധിച്ച അത്തരം കാര്യങ്ങൾ അറിയണം. ഈ അറിവിനു നിത്യജീവനിലേക്കു നയിക്കാൻ കഴിയും. യേശു തന്റെ പിതാവിനോടുളള പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുളള അറിവ് അവർ ഉൾക്കൊളളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്.”—യോഹന്നാൻ 17:3.
6. (എ) ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകൾ ഉത്തരം പറയാൻ പ്രാപ്തരായിരിക്കേണ്ട ചില ചോദ്യങ്ങളേവ? (ബി) നിങ്ങൾക്ക് അവയ്ക്ക് ഉത്തരം നൽകാൻ കഴിയുമോ?
6 ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങൾ നിങ്ങൾ പഠിച്ചെങ്കിൽ ഈ സർവപ്രധാനമായ അറിവിന്റെ അധികഭാഗവും നിങ്ങൾ ഇപ്പോൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. നിങ്ങൾ പഠിച്ചോ? ചുവടെ ചേർക്കുന്നതുപോലെയുളള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട്, നിങ്ങൾ പഠിച്ചിട്ടുണ്ടെന്നു പ്രകടമാക്കാൻ കഴിയുമോ? ദൈവം ഒരു രാജ്യഗവൺമെൻറ് സംബന്ധിച്ച തന്റെ ഉദ്ദേശ്യം ആദ്യമായി പ്രസ്താവിച്ചതെപ്പോൾ? അതിന്റെ ഭൗമികപ്രജകളായിരിക്കാൻ നോക്കിപ്പാർത്തിരുന്ന ദൈവദാസൻമാരിൽ ചിലർ ആർ? ദൈവത്തിന്റെ ഗവൺമെൻറിൽ എത്ര ഭരണാധികാരികൾ അഥവാ രാജാക്കൻമാർ ഉണ്ടായിരിക്കും? ഈ രാജാക്കൻമാർ എവിടെനിന്നായിരിക്കും ഭരിക്കുന്നത്? ദൈവത്തിന്റെ ഗവൺമെൻറിൽ രാജാക്കൻമാരായിരിക്കാൻ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവർ ആരായിരുന്നു? താൻ ഒരു നല്ല രാജാവായിരിക്കുമെന്ന് യേശു തെളിയിച്ചതെങ്ങനെ? എന്നിരുന്നാലും, ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരുന്നതിനു കേവലം അതു സംബന്ധിച്ചുളള അറിവു നേടുന്നതിനെക്കാളധികം ആവശ്യമാണ്.
നീതിനിഷ്ഠമായ നടത്ത ആവശ്യം
7. മാനുഷഗവൺമെൻറുകളുടെ സംഗതിയിൽ പൗരത്വത്തിനുളള വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
7 ഇക്കാലത്തു ഗവൺമെൻറുകൾ പുതിയ പൗരൻമാർ ഒരു പ്രത്യേക പെരുമാററനിലവാരം പുലർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ദൃഷ്ടാന്തമായി, ഒരു പുരുഷന് ഒരു ഭാര്യയും ഒരു സ്ത്രീക്ക് ഒരു ഭർത്താവും മാത്രമേ ആകാവൂ എന്ന് അവ പറഞ്ഞേക്കാം. എന്നിരുന്നാലും മററു ചില ഗവൺമെൻറുകൾക്കു വ്യത്യസ്ത നിയമങ്ങളാണുളളത്. അവ തങ്ങളുടെ പൗരൻമാർക്ക് ഒന്നിലധികം വിവാഹഇണകളെ അനുവദിക്കുന്നു. ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരാനാഗ്രഹിക്കുന്നവരിൽനിന്ന് ഏതു നടത്തയാണു പ്രതീക്ഷിക്കുന്നത്? വിവാഹം സംബന്ധിച്ചു ശരി എന്താണെന്നാണു ദൈവം പറയുന്നത്?
8. (എ) വിവാഹം സംബന്ധിച്ച ദൈവത്തിന്റെ പ്രമാണം എന്താണ്? (ബി) വ്യഭിചാരം എന്താണ്, ദൈവം അതുസംബന്ധിച്ച് എന്തു പറയുന്നു?
8 ആദിയിൽ യഹോവ ആദാമിന് ഒരു ഭാര്യയെ മാത്രം കൊടുത്തപ്പോൾ അവൻ വിവാഹത്തിന്റെ പ്രമാണം വെക്കുകയുണ്ടായി. ദൈവം പറഞ്ഞു: “ഒരു പുരുഷൻ തന്റെ അപ്പനേയും അമ്മയേയുംവിട്ടു തന്റെ ഭാര്യയോടു പററിനിൽക്കേണ്ടതാണ്. അവർ ഏകജഡവുമായിത്തീരേണ്ടതാണ്.” (ഉല്പത്തി 2:21-24) ക്രിസ്ത്യാനികൾക്കുളള ശരിയായ പ്രമാണം ഇതാണെന്നു യേശു വിശദീകരിച്ചു. (മത്തായി 19:4-6) വിവാഹിതഇണകൾ “ഏകജഡ”മായിത്തീർന്നിരിക്കുന്നതുകൊണ്ട്, അവർ മററാരെങ്കിലുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നുവെങ്കിൽ അവർ വിവാഹത്തെ അപമാനിക്കുകയാണ്. ഈ പ്രവൃത്തി വ്യഭിചാരമെന്നു വിളിക്കപ്പെടുന്നു. വ്യഭിചാരികളെ താൻ ശിക്ഷിക്കുമെന്നു ദൈവം പറയുന്നു.—എബ്രായർ 13:4; മലാഖി 3:5.
9. (എ) വിവാഹിതരല്ലാത്തപ്പോൾ ലൈംഗികബന്ധങ്ങളിലേർപ്പെടുന്ന ആളുകളെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എന്താണ്? (ബി) എന്താണു ദുർവൃത്തി?
9 മറിച്ച്, അനേകം ജോടികൾ ഒരുമിച്ചു വസിക്കുകയും ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്, എന്നാൽ അവർ വിവാഹിതരാകുന്നില്ല. എന്നിരുന്നാലും, ഒരു പുരുഷനും സ്ത്രീയും തമ്മിലുളള ഈ അടുത്തബന്ധം ഒരു പരീക്ഷണ അടിസ്ഥാനത്തിലായിരിക്കണമെന്നു ദൈവം ഉദ്ദേശിച്ചില്ല. അതുകൊണ്ട് വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നതു വിവാഹക്രമീകരണം ഏർപ്പെടുത്തിയ ദൈവത്തിനെതിരായ ഒരു പാപമാണ്. അതു ദുർവൃത്തിയെന്നു വിളിക്കപ്പെടുന്നു. നിങ്ങളുമായി വിവാഹബന്ധത്തിലേർപ്പെടാത്ത ഏതൊരാളുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതാണു ദുർവൃത്തി. ബൈബിൾ പറയുന്നു: “ദൈവം ഇഷ്ടപ്പെടുന്നത് ഇതാണ്, . . . നിങ്ങൾ ദുർവൃത്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം.” (1 തെസ്സലോനീക്യർ 4:3-5) അതുകൊണ്ട് വിവാഹം കഴിക്കാത്ത ഒരാൾ ആരെങ്കിലുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതു തെററാണ്.
10. വേറെ ഏതു ലൈംഗികനടപടികൾ ദൈവനിയമങ്ങൾക്കെതിരാണ്?
10 ഇന്ന് അനേകം സ്ത്രീപുരുഷൻമാർ തങ്ങളുടെ സ്വന്തം ലിംഗവർഗത്തിൽപെട്ടവരുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നുണ്ട്—പുരുഷൻമാർ പുരുഷൻമാരോടും സ്ത്രീകൾ സ്ത്രീകളോടുംതന്നെ. അങ്ങനെയുളളവർ സ്വവർഗസംഭോഗികൾ എന്നു വിളിക്കപ്പെടുന്നു. ചിലപ്പോൾ സ്വവർഗസംഭോഗികളായ സ്ത്രീകൾ സ്ത്രീസംഭോഗിനികൾ എന്നു വിളിക്കപ്പെടുന്നു. എന്നാൽ അവർ ചെയ്യുന്നതു തെററാണെന്ന്, “മ്ലേച്ഛ”മാണെന്നു ദൈവവചനം പറയുന്നു. (റോമർ 1:26, 27) കൂടാതെ, ഒരു വ്യക്തി ഒരു മൃഗവുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതു ദൈവനിയമത്തിനു വിരുദ്ധമാണ്. (ലേവ്യപുസ്തകം 18:23) ദൈവത്തിന്റെ ഗവൺമെൻറിൻകീഴിൽ ജീവിക്കാനാഗ്രഹിക്കുന്ന ഏവനും ഈ ദുർമാർഗങ്ങളിൽനിന്ന് അകന്നു നിൽക്കേണ്ടതുണ്ട്.
11. (എ) ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച ദൈവികവീക്ഷണം എന്താണ്? (ബി) ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരാൻ ആഗ്രഹിക്കുന്നവർ ആരോഗ്യത്തിനു ഹാനികരമായ ഏതു ശീലങ്ങളിൽനിന്നു മാറിനിൽക്കേണ്ടതാണ്?
11 മിതമായി വീഞ്ഞോ ബിയറോ മദ്യമോ കുടിക്കുന്നതു ദൈവനിയമത്തിനെതിരല്ല. യഥാർഥത്തിൽ അല്പം വീഞ്ഞ് ഒരുവന്റെ ആരോഗ്യത്തിനു നല്ലതായിരിക്കാമെന്നു ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 104:15; 1 തിമൊഥെയോസ് 5:23) എന്നാൽ കുടിച്ചു മത്തരാകുന്നത്, അല്ലെങ്കിൽ ആളുകൾ അസാൻമാർഗിക നടത്തയിലേർപ്പെടുന്ന അനിയന്ത്രിതമായ പാർട്ടികളിൽ പങ്കെടുക്കുന്നതു ദൈവനിയമത്തിന് എതിരാണ്. (എഫേസർ 5:18; 1 പത്രോസ് 4:3, 4) കുടിച്ചുമത്തരാകുകയോ “പൂസാകുകയോ” ചെയ്യുന്നതുകൂടാതെ, അനേകർ ഇന്ന് അതേ ഉദ്ദേശ്യത്തിൽ വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു. കൂടാതെ, ഉല്ലാസത്തിനുവേണ്ടി അവർ കഞ്ചാവോ പുകയിലയോ വലിച്ചേക്കാം. അതേസമയം മററു ചിലർ അടയ്ക്കായോ കോക്കായിലകളോ ചവച്ചേക്കാം. എന്നാൽ ഈ വസ്തുക്കൾ അവരുടെ ശരീരങ്ങളെ അശുദ്ധമാക്കുകയും ആരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ ഗവൺമെൻറിലെ ഒരു പ്രജയായിത്തീരാനാഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഈ ഹാനികരമായ വസ്തുക്കൾ വർജിക്കേണ്ടതാണ്.—2 കൊരിന്ത്യർ 7:1.
12. (എ) ദൈവത്തിന്റെ നിയമങ്ങൾക്കെതിരായ ചില വഞ്ചനാപരമായ നടപടികൾ ഏവ? (ബി) ഇത്തരം നടപടികളിലേർപ്പെടുന്ന ഒരാൾക്ക് എങ്ങനെ ദൈവപ്രീതി നേടാൻ കഴിയും?
12 മാനുഷഗവൺമെൻറുകൾ പുതിയ പൗരൻമാരായി കുററപ്പുളളികളെ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്. യഹോവയ്ക്ക് അതിലും ഉയർന്ന നിലവാരങ്ങളുണ്ട്. “നാം സകലത്തിലും സത്യസന്ധരായി നടക്കണ”മെന്ന് അവൻ ആവശ്യപ്പെടുന്നു. (എബ്രായർ 13:18) ആളുകൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അവർ അവന്റെ രാജ്യത്തിൽ ജീവിക്കാൻ അനുവദിക്കപ്പെടുകയില്ല. ഇക്കാലത്ത് ആളുകൾ മിക്കപ്പോഴും സത്യസന്ധരാണെന്നു നടിക്കുന്നു, എന്നാൽ അവർ അനേകം നിയമങ്ങൾ ലംഘിക്കുന്നുണ്ട്. എന്നിരുന്നാലും ദൈവത്തിന് എല്ലാം കാണാൻ കഴിയും. അവനെ ആർക്കും കബളിപ്പിക്കാൻ സാധ്യമല്ല. (എബ്രായർ 4:13; സദൃശവാക്യങ്ങൾ 15:3; ഗലാത്യർ 6:7, 8) അതുകൊണ്ടു വ്യാജം പറയുന്നതിനും മോഷ്ടിക്കുന്നതിനും എതിരായ നിയമങ്ങൾപോലെയുളള തന്റെ നിയമങ്ങൾ ലംഘിക്കുന്നവർ തന്റെ ഗവൺമെൻറിന്റെ പ്രജകൾ ആയിത്തീരുന്നില്ലെന്നു യഹോവ ഉറപ്പു വരുത്തും. (എഫേസ്യർ 4:25, 28; വെളിപ്പാട് 21:8) എന്നിരുന്നാലും ദൈവം ക്ഷമാശീലനാണ്, തെററു ക്ഷമിക്കുന്നവനുമാണ്. അതുകൊണ്ട് ഒരു ദുഷ്പ്രവൃത്തിക്കാരൻ തന്റെ ദുർന്നടപടികൾ നിർത്തി നൻമചെയ്യാൻ തിരിയുകയാണെങ്കിൽ ദൈവം അയാളെ സ്വീകരിക്കും.—യെശയ്യാവ് 55:7.
13. മാനുഷഗവൺമെൻറുകളുടെ നിയമങ്ങളോടു ദൈവദാസൻമാർക്ക് എന്തു വീക്ഷണം ഉണ്ടായിരിക്കണം?
13 എന്നാൽ മാനുഷഗവൺമെൻറുകളുടെ നിയമങ്ങൾ അനുസരിക്കുന്നതു സംബന്ധിച്ചെന്ത്? മനുഷ്യഗവൺമെൻറുകൾ സ്ഥിതിചെയ്യുന്നടത്തോളംകാലം തന്റെ ദാസൻമാർ ഈ “ശ്രേഷ്ഠാധികാരങ്ങൾ”ക്കു കീഴ്പ്പെട്ടിരിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു. നികുതികൾ ഉയർന്നതായിരുന്നാലും, നികുതിപ്പണം ഉപയോഗിക്കുന്ന വിധത്തോട് ഒരുവൻ യോജിക്കാതിരുന്നാലും, അവർക്കു നികുതികൾ കൊടുക്കേണ്ടതാണ്. കൂടാതെ ഗവൺമെൻറിന്റെ നിയമങ്ങൾ അനുസരിക്കണം. (റോമർ 13:1-7; തീത്തോസ് 3:1) ഗവൺമെൻറിന്റെ നിയമത്തോടുളള അനുസരണം ഒരുവൻ ദൈവനിയമത്തെ ലംഘിക്കാൻ ഇടയാക്കുമ്പോൾ മാത്രമാണ് അതിൽനിന്ന് ഒഴിവുളളത്. അങ്ങനെയുളള സന്ദർഭത്തിൽ പത്രോസും മററപ്പോസ്തലൻമാരും പറഞ്ഞതുപോലെ, “നാം മനുഷ്യരെക്കാളധികം ദൈവത്തെ അധിപതിയായി അനുസരിക്കേണ്ടതാണ്.”—പ്രവൃത്തികൾ 5:29.
14. ജീവന്റെ വിലയെ സംബന്ധിച്ച ദൈവികവീക്ഷണത്തിൽ നാം പങ്കുപററുന്നുവെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
14 ദൈവം ജീവന് ഉയർന്ന വില കൽപ്പിക്കുന്നു. അവന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരാനാഗ്രഹിക്കുന്നവർ ഇതു മനസ്സിലാക്കണം. പ്രസ്പഷ്ടമായി, കൊലപാതകം ദൈവനിയമത്തിനെതിരാണ്. എന്നാൽ വിദ്വേഷം പലപ്പോഴും കൊലപാതകത്തിലേക്കു നയിക്കുന്നു. ഒരുവൻ തന്റെ സമസൃഷ്ടിയെ ദ്വേഷിക്കുന്നതിൽ തുടരുന്നതുപോലും, ദ്വേഷിക്കുന്നയാളിനു ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജയായിത്തീരാൻ കഴികയില്ല. (1 യോഹന്നാൻ 3:15) അതുകൊണ്ട്, നമ്മുടെ അയൽക്കാരെ കൊല്ലുന്നതിന് ആയുധങ്ങൾ എടുക്കുന്നതുസംബന്ധിച്ചു യെശയ്യാവ് 2:4-ൽ പറഞ്ഞിരിക്കുന്നതു ബാധകമാക്കുന്നതു മർമപ്രധാനമാണ്. മാതാവിന്റെ ഗർഭാശയത്തിലെ ഒരു അജാതശിശുവിന്റെ ജീവൻപോലും യഹോവക്കു വിലയേറിയതാണെന്നു ദൈവവചനം പ്രകടമാക്കുന്നു. (പുറപ്പാട് 21:22, 23; സങ്കീർത്തനം 127:3) എന്നിരുന്നാലും ഓരോ വർഷവും ദശലക്ഷക്കണക്കിനു ഗർഭച്ഛിദ്രങ്ങൾ നടത്തപ്പെടുന്നുണ്ട്. ഇങ്ങനെ ജീവനെ നശിപ്പിക്കുന്നതു ദൈവനിയമത്തിനെതിരാണ്, എന്തുകൊണ്ടെന്നാൽ മാതാവിന്റെ ഉളളിലെ മനുഷ്യശിശു ജീവനുളള ഒരു ആളാണ്, അതിനെ നശിപ്പിക്കരുത്.
15. ദൈവത്തിന്റെ രാജാവിന്റെ ഏതു കല്പനകൾ എല്ലാ രാജ്യപ്രജകളും അനുസരിക്കേണ്ടതാണ്?
15 എന്നുവരികിലും, ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരാനുളളവരിൽനിന്നു കേവലം തെറേറാ അധാർമികമോ ആയതു ചെയ്യാതിരിക്കുന്നതിനെക്കാളധികം ആവശ്യപ്പെടുന്നുണ്ട്. അവർ മററുളളവർക്കുവേണ്ടി ദയാപരവും നിസ്വാർഥവുമായ കാര്യങ്ങൾ ചെയ്യാനും യഥാർഥശ്രമം ചെയ്യണം. അവർ രാജാവായ യേശുക്രിസ്തു നൽകിയ ദൈവികചട്ടപ്രകാരം ജീവിക്കണം: “അതുകൊണ്ടു മനുഷ്യർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളും അതുപോലെ അവർക്കു ചെയ്തുകൊടുക്കേണ്ടതാണ്.” (മത്തായി 7:12) മററുളളവരോടു സ്നേഹം കാണിക്കുന്നതിൽ യേശു മാതൃകവെച്ചു. അവൻ മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവൻ കൊടുക്കുകപോലും ചെയ്തു. തന്റെ അനുഗാമികളോട്: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെതന്നെ നിങ്ങളും പരസ്പരം സ്നേഹിക്കുക” എന്ന് അവൻ കല്പിച്ചു. (യോഹന്നാൻ 13:34; 1 യോഹന്നാൻ 3:16) മററുളളവരോടുളള ഇത്തരം നിസ്വാർഥസ്നേഹവും താൽപര്യവുമാണു ദൈവരാജ്യഭരണത്തിൻകീഴിലെ ജീവിതത്തെ യഥാർഥ ഉല്ലാസമാക്കിത്തീർക്കുന്നത്.—യാക്കോബ് 2:8.
16, 17. (എ) ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനു നമ്മുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്നതിന് ഏതു നല്ല കാരണങ്ങളുണ്ട്? (ബി) നമുക്ക് ഏത് അവശ്യമാററവും വരുത്താൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്?
16 ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരുന്നതിനുളള വ്യവസ്ഥകൾ പാലിക്കുന്നതിന് ആളുകൾ തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തേണ്ടതാണെന്നു ബൈബിൾ കാണിച്ചുതരുന്നു. (എഫേസ്യർ 4:20-24) ഈ മാററങ്ങൾ വരുത്താൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? തീർച്ചയായും അത് ഏതു ശ്രമത്തിനുംതക്ക വിലയുളളതാണ്! എന്തുകൊണ്ട്? ഏതെങ്കിലും മാനുഷ ഗവൺമെൻറിൻകീഴിൽ ചുരുക്കംചില വർഷങ്ങളിൽ നിങ്ങൾക്കു കേവലം മെച്ചപ്പെട്ട ഒരു ജീവിതം ലഭിക്കുമെന്നല്ല അതിന്റെ സാരം. അല്ല, എന്നാൽ ദൈവത്താൽ ഭരിക്കപ്പെടുന്ന ഒരു ഗവൺമെൻറിൻ കീഴിൽ ഒരു പറുദീസാഭൂമിയിൽ നിങ്ങൾക്കു പൂർണാരോഗ്യത്തിലുളള നിത്യജീവൻ ലഭിക്കും!
17 ഇപ്പോൾപോലും ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനാൽ നിങ്ങൾ കൂടുതൽ സന്തുഷ്ടമായ ഒരു ജീവിതം ആസ്വദിക്കും. എന്നാൽ നിങ്ങൾ മാററങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. ശരി, വിദ്വേഷമോ അത്യാഗ്രഹമോ ഉണ്ടായിരുന്ന അനേകമനേകം പേർ മാററം വരുത്തിയിട്ടുണ്ട്. കൂടാതെ, ദുർവൃത്തരും വ്യഭിചാരികളും സ്വവർഗസംഭോഗികളും മദ്യപാനികളും കൊലപാതകികളും കളളൻമാരും മയക്കുമരുന്നുവിധേയരും പുകയില ഉപയോഗിക്കുന്നവരും തങ്ങളുടെ ജീവിതരീതിക്കു മാററം വരുത്തിയിട്ടുണ്ട്. അവർ യഥാർഥശ്രമത്താലും ദൈവസഹായത്താലുമാണ് അങ്ങനെ ചെയ്തിരിക്കുന്നത്. (1 കൊരിന്ത്യർ 6:9-11; കൊലോസ്യർ 3:5-9) അതുകൊണ്ട് ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനു നിങ്ങൾ പ്രയാസമേറിയ മാററങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മടുത്തുപോകരുത്. നിങ്ങൾക്കു മാററം വരുത്താൻ കഴിയും!
ദൈവത്തിന്റെ ഗവൺമെൻറിനോടുളള കൂറ്
18. തന്റെ രാജ്യത്തോടു നാം ഏതു പ്രത്യേകവിധത്തിൽ വിശ്വസ്തപിന്തുണ പ്രകടമാക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു?
18 തന്റെ രാജ്യഗവൺമെൻറിനെ തന്റെ പ്രജകൾ വിശ്വസ്തതയോടെ പിന്താങ്ങണമെന്നു യഹോവയാം ദൈവം ആവശ്യപ്പെടുന്നത് ആശ്ചര്യമായിരിക്കരുത്. മനുഷ്യരുടെ ഗവൺമെൻറുകൾ അവയുടെ പൗരൻമാരോട് അതുതന്നെ ആവശ്യപ്പെടുന്നു. എന്നാൽ ഏതു പ്രത്യേക വിധത്തിൽ വിശ്വസ്തപിന്തുണ കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്? തന്റെ രാജ്യത്തിനുവേണ്ടി പോരാടാൻ തന്റെ പ്രജകൾ ആയുധമെടുക്കുന്നതിനാലാണോ? അല്ല. പകരം, യേശുക്രിസ്തുവിനെയും അവന്റെ ആദിമ അനുഗാമികളെയുംപോലെ അവർ ദൈവരാജ്യത്തിന്റെ വിശ്വസ്ത വക്താക്കളോ ഘോഷകരോ ആയിരിക്കണം. (മത്തായി 4:17; 10:5-7; 24:14) തന്റെ രാജ്യം എന്താണെന്നും അതു മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെയെന്നും എല്ലാവരും അറിയണമെന്നുളളതു യഹോവയുടെ ഇഷ്ടമാണ്. നിങ്ങൾ ദൈവവചനത്തിൽനിന്നു പഠിച്ചകാര്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മററുളളവർക്കും പങ്കുവെച്ചിട്ടുണ്ടോ? നിങ്ങൾ അങ്ങനെ ചെയ്യണമെന്നുളളതു ദൈവത്തിന്റെ ഇഷ്ടമാണ്.—റോമർ 10:10; 1 പത്രോസ് 3:15.
19. (എ) നാം ദൈവരാജ്യത്തെക്കുറിച്ചു മററുളളവരോടു സംസാരിക്കുമ്പോൾ നമുക്ക് എതിർപ്പു പ്രതീക്ഷിക്കാവുന്നതെന്തുകൊണ്ട്? (ബി) നിങ്ങൾ ഏതു ചോദ്യത്തിന് ഉത്തരം നൽകണം?
19 രാജ്യത്തെക്കുറിച്ചു മററുളളവരോടു സംസാരിക്കാൻ ക്രിസ്തുവിനും അവന്റെ ആദിമ അനുഗാമികൾക്കും ധൈര്യമാവശ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ അവർക്കു മിക്കപ്പോഴും എതിർപ്പു നേരിട്ടിരുന്നു. (പ്രവൃത്തികൾ 5:41, 42) അതുതന്നെ ഇന്നും സത്യമാണ്. പിശാച് ഭരിക്കുന്ന ഈ ലോകം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കപ്പെടാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് ചോദ്യങ്ങളിവയാണ്: നിങ്ങൾ എവിടെ നിലകൊളളുന്നു? നിങ്ങൾ ദൈവരാജ്യത്തിനു വിശ്വസ്തപിന്തുണ കൊടുക്കുമോ? അവസാനം വരുന്നതിനുമുൻപ് ഒരു വലിയ രാജ്യസാക്ഷ്യം കൊടുക്കപ്പെടണമെന്നുളളതാണ് അവന്റെ ഇഷ്ടം. അതു കൊടുക്കുന്നതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കുമോ?
[അധ്യയന ചോദ്യങ്ങൾ]
[128-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകളായിത്തീരുന്നവർക്ക് അതിനെക്കുറിച്ചുളള അറിവുണ്ടായിരിക്കണം
[131-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകൾ ദൈവത്താൽ കുററം വിധിക്കപ്പെട്ട പ്രവർത്തനങ്ങൾ ഒഴിവാക്കണം
[133-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഗവൺമെൻറിന്റെ പ്രജകൾ അതിനെക്കുറിച്ചു മററുളളവരോടു പറയണം