ദൈവത്തിന്റെ ദൃശ്യസ്ഥാപനം
അധ്യായം 23
ദൈവത്തിന്റെ ദൃശ്യസ്ഥാപനം
1. ബൈബിൾ ദൈവത്തിന്റെ അദൃശ്യസ്ഥാപനത്തെക്കുറിച്ച് എന്തു പറയുന്നു?
1 ദൈവത്തിന് ഒരു ദൃശ്യസ്ഥാപനമുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? ഒരു കാരണം അവന് ഒരു അദൃശ്യസ്ഥാപനമുണ്ടെന്നുളളതാണ്. സ്വർഗങ്ങളിൽ തന്റെ ഇഷ്ടം ചെയ്യുന്നതിനു യഹോവ കെരൂബുകളെയും സെറാഫുകളെയും മററനേകം ദൂതൻമാരെയും സൃഷ്ടിച്ചു. (ഉൽപ്പത്തി 3:24; യെശയ്യാവ് 6:2, 3; സങ്കീർത്തനം 103:20) യേശുക്രിസ്തു ഇവർക്കെല്ലാം മീതെ പ്രധാനദൂതനാണ്. (1 തെസ്സലോനീക്യർ 4:16; യൂദാ 9; വെളിപ്പാട് 12:7) ദൂതൻമാർ “സിംഹാസനങ്ങളോ കർതൃത്വങ്ങളോ ഭരണകൂടങ്ങളോ അധികാരങ്ങളോ” ആയി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതായി ബൈബിൾ വർണിക്കുന്നു. (കൊലോസ്യർ 1:16; എഫേസ്യർ 1:21) അവരെല്ലാം യഹോവയുടെ ആജ്ഞാനുവർത്തികളായി സേവിക്കുകയാണ്. അവൻ അവർക്കു കൊടുത്തിരിക്കുന്ന വേല അവർ സംഘടിതമായി ചെയ്യുന്നു.—ദാനിയേൽ 7:9, 10; ഇയ്യോബ് 1:6; 2:1.
2. ദൈവം നമ്മുടെ ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ചവിധം അവൻ സംഘടനയ്ക്കു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു പ്രകടമാക്കുന്നതെങ്ങനെ?
2 നാം ദൈവത്തിന്റെ ഭൗതികസൃഷ്ടികളെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അവൻ സംഘടനയ്ക്കു കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചു നമുക്ക് ഒരു ധാരണ ലഭിക്കുന്നു. ദൃഷ്ടാന്തമായി, താരാപംക്തികൾ എന്നു വിളിക്കപ്പെടുന്ന വലിയ സമൂഹങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന സഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഈ താരാപംക്തികൾ ഒരു ക്രമീകൃതമായവിധത്തിൽ ബാഹ്യാകാശത്തിലൂടെ സഞ്ചരിക്കുന്നു, ഈ താരാപംക്തികൾക്കുളളിലെ ഒററയൊററയായ നക്ഷത്രങ്ങളും ഗ്രഹങ്ങളും അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണമായി, നമ്മുടെ ഗ്രഹമായ ഭൂമി ഓരോ വർഷവും നമ്മുടെ ഏററവുമടുത്ത നക്ഷത്രമായ സൂര്യനുചുററും ഒരു പ്രാവശ്യം കറങ്ങുന്നു, അതിനു കൃത്യമായി 365 ദിവസവും 5 മണിക്കൂറും 48 മിനിററും 45.51 സെക്കണ്ടും എടുക്കുന്നു. അതെ, ഭൗതികപ്രപഞ്ചം അത്യന്തം ക്രമീകൃതമാണ്!
3. ദൈവത്തിന്റെ അദൃശ്യസൃഷ്ടികളുടെ ഇടയിലെയും അവന്റെ ഭൗതികപ്രപഞ്ചത്തിലെയും നല്ല സംഘടനാരീതി നമ്മെ എന്തു പഠിപ്പിക്കുന്നു?
3 ദൈവത്തിന്റെ അദൃശ്യസൃഷ്ടികളുടെ ഇടയിലെയും അവന്റെ ഭൗതികപ്രപഞ്ചത്തിലെയും ഈ അത്ഭുതകരമായ സംഘാടനം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ? ഉണ്ട്, യഹോവ സംഘാടകനായ ഒരു ദൈവമാണെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. തീർച്ചയായും അപ്പോൾ അങ്ങനെയുളള ഒരു ദൈവം യഥാർഥമായി അവനെ സ്നേഹിക്കുന്ന ഭൂമിയിലെ മനുഷ്യരെ മാർഗനിർദേശവും സംഘടനയുമില്ലാതെ വിടുകയില്ല.
ദൈവത്തിന്റെ ദൃശ്യസ്ഥാപനം—കഴിഞ്ഞകാലത്തേതും ഇപ്പോഴത്തേതും
4, 5. അബ്രാഹാമിന്റെയും ഇസ്രായേൽജനതയുടെയും നാളുകളിൽ ദൈവം തന്റെ ജനത്തെ സംഘടിതമായ രീതിയിൽ നടത്തിയെന്നു നാം എങ്ങനെ അറിയുന്നു?
4 യഹോവ തന്റെ ദാസൻമാരെ ഒരു സംഘടിതവിധത്തിൽ എല്ലായ്പ്പോഴും നയിച്ചിട്ടുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നു. ദൃഷ്ടാന്തത്തിന് അബ്രാഹാമിനെപ്പോലെയുളള വിശ്വാസികൾ യഹോവയെ ആരാധിക്കുന്നതിൽ തങ്ങളുടെ കുടുംബങ്ങളെയും ദാസൻമാരെയും നയിച്ചിട്ടുണ്ട്. അബ്രാഹാമുമായി സംസാരിച്ചുകൊണ്ട് യഹോവ അവനെ സംബന്ധിച്ചുളള തന്റെ ഇഷ്ടം അറിയിച്ചു. (ഉൽപ്പത്തി 12:1) ഈ വിവരങ്ങൾ മററുളളവരെ അറിയിക്കാൻ യഹോവ അവനോടു നിർദേശിച്ചു. “അബ്രാഹാമിന്റെ പുത്രൻമാരും അവന്റെശേഷം അവന്റെ കുടുംബവും യഹോവയുടെ വഴി അനുസരിക്കത്തക്കവണ്ണം അവൻ അവരോടു കൽപ്പിക്കേണ്ടതിനു ഞാൻ [അബ്രാഹാമിനോടു] പരിചയപ്പെട്ടിരിക്കുന്നു.” (ഉൽപ്പത്തി 18:19) യഹോവയെ ഉചിതമായി ആരാധിക്കാൻ ഒരു കൂട്ടം ആളുകളുടെ ക്രമീകരണമാണ് ഇവിടെ കാണുന്നത്.
5 പിന്നീട് ഇസ്രായേല്യർ എണ്ണത്തിൽ പെരുകി ദശലക്ഷങ്ങളായിത്തീർന്നപ്പോൾ ഓരോരുത്തരും സംഘടിതക്രമീകരണത്തിൽനിന്നു വിട്ടുമാറി സ്വന്തവിധത്തിൽ ആരാധിക്കാൻ യഹോവ അനുവദിച്ചില്ല. ഇല്ല, ഇസ്രായേല്യർ സംഘടിതാരാധനയുടെ ഒരു ജനതയായി രൂപവൽക്കരിക്കപ്പെട്ടു. ഇസ്രായേൽജനത “യഹോവയുടെ സഭ” എന്നു വിളിക്കപ്പെട്ടു. (സംഖ്യാപുസ്തകം 20:4; 1 ദിനവൃത്താന്തം 28:8) നിങ്ങൾ അന്നു യഹോവയുടെ ഒരു സത്യാരാധകനായിരുന്നെങ്കിൽ നിങ്ങൾ ആരാധകരുടെ ആ സഭയുടെ ഭാഗമായിരിക്കണമായിരുന്നു. അതിൽനിന്നു മാറിനിൽക്കാൻ പാടില്ലായിരുന്നു.—സങ്കീർത്തനം 147:19, 20.
6. (എ) തന്റെ പ്രീതി ക്രിസ്തുവിന്റെ അനുഗാമികളുടെമേലാണെന്നു ദൈവം എങ്ങനെ പ്രകടമാക്കി? (ബി) ക്രിസ്ത്യാനികൾ ആരാധനയ്ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ടുവെന്ന് എന്തു തെളിവുണ്ട്?
6 ഒന്നാം നൂററാണ്ടിലെ സാഹചര്യം എന്തായിരുന്നു? യഹോവയുടെ പ്രീതി അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ അനുഗാമികളോടായിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. യഹോവ അവരുടെമേൽ തന്റെ ആത്മാവിനെ പകർന്നു. ഇസ്രായേൽ ജനതയ്ക്കുപകരം താൻ ഇപ്പോൾ ഈ ക്രിസ്തീയസ്ഥാപനത്തെയാണ് ഉപയോഗിക്കുന്നതെന്നു പ്രകടമാക്കാൻ അവൻ രോഗികളെ സൗഖ്യമാക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും മററത്ഭുതങ്ങൾ ചെയ്യാനും ചില ആദിമക്രിസ്ത്യാനികൾക്കു ശക്തി നൽകി. ക്രിസ്ത്യാനികൾ ആരാധനയ്ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ടുവെന്ന വസ്തുത ബോധ്യപ്പെടാതെ നിങ്ങൾക്കു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വായിക്കാൻ കഴിയുകയില്ല. യഥാർഥത്തിൽ അവർ ഈ ഉദ്ദേശ്യത്തിൽ ഒന്നിച്ചുകൂടണമെന്നു കൽപ്പിക്കപ്പെട്ടിരുന്നു. (എബ്രായർ 10:24, 25) അതുകൊണ്ട് നിങ്ങൾ ഒന്നാം നൂററാണ്ടിൽ യഹോവയുടെ ഒരു സത്യാരാധകനായിരുന്നെങ്കിൽ നിങ്ങൾ അവന്റെ ക്രിസ്തീയസ്ഥാപനത്തിന്റെ ഒരു ഭാഗമായിരിക്കണമായിരുന്നു.
7. ഒരുകാലത്തും ഒന്നിലധികം സ്ഥാപനങ്ങളെ യഹോവ ഉപയോഗിച്ചിട്ടില്ലെന്നു നാം എങ്ങനെ അറിയുന്നു?
7 യഹോവ ഏതെങ്കിലും കാലഘട്ടത്തിൽ ഒന്നിലധികം സ്ഥാപനങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ? നോഹയുടെ നാളിൽ നോഹയ്ക്കും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവർക്കും മാത്രമേ ദൈവത്തിന്റെ സംരക്ഷണം ലഭിച്ചുളളു. അവർ മാത്രമേ ജലപ്രളയത്തെ അതിജീവിച്ചുളളു. (1 പത്രോസ് 3:20) കൂടാതെ ഒന്നാം നൂററാണ്ടിൽ രണ്ടോ അധികമോ ക്രിസ്തീയസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. ദൈവം ഒന്നുമായി മാത്രമേ ഇടപെട്ടുളളു. “ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു സ്നാനം” മാത്രമേ ഉണ്ടായിരുന്നുളളു. (എഫേസ്യർ 4:5) അതുപോലെതന്നെ, നമ്മുടെ നാളിൽ ദൈവജനത്തിനുവേണ്ടി ആത്മീയപ്രബോധനത്തിന്റെ ഒരു ഉറവു മാത്രമേ ഉണ്ടായിരിക്കയുളളുവെന്നു യേശുക്രിസ്തു മുൻകൂട്ടിപ്പറയുകയുണ്ടായി.
8. നമ്മുടെ നാളിൽ ഭൂമിയിൽ ദൈവത്തിന് ഒരു ദൃശ്യസ്ഥാപനമേ ഉണ്ടായിരിക്കയുളളുവെന്നു യേശു എങ്ങനെ പ്രകടമാക്കി?
8 തന്റെ രാജ്യാധികാരത്തിലുളള സാന്നിധ്യത്തെക്കുറിച്ചു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രസ്താവിച്ചു: “തന്റെ വീട്ടുകാർക്കു തക്കസമയത്ത് ആഹാരം കൊടുക്കേണ്ടതിനു യജമാനൻ അവരുടെമേൽ നിയമിച്ച വിശ്വസ്തനും വിവേകിയുമായ അടിമ യഥാർഥത്തിൽ ആരാണ്? അവന്റെ യജമാനൻ വന്നെത്തുമ്പോൾ ആ അടിമ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്നുവെങ്കിൽ അവൻ സന്തുഷ്ടനാകുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തനിക്കുളള സകല സ്വത്തുക്കളിൻമേലും അവനെ നിയമിക്കും.” (മത്തായി 24:45-47) ക്രിസ്തു 1914-ൽ രാജ്യാധികാരത്തിൽ മടങ്ങിവന്നപ്പോൾ “വിശ്വസ്തനും വിവേകിയുമായ ഒരു അടിമ”വർഗം ആത്മീയ “ആഹാരം” അഥവാ വിവരങ്ങൾ കൊടുത്തുകൊണ്ടിരുന്നതായി അവൻ കണ്ടെത്തിയോ? ഉവ്വ്, അവൻ തന്റെ 1,44,000 “സഹോദരൻമാരു”ടെ ഭൂമിയിലെ ശേഷിപ്പ് ആയ അത്തരമൊരു “അടിമ”യെ കണ്ടെത്തി. (വെളിപ്പാട് 12:10; 14:1, 3) 1914 മുതൽ ദശലക്ഷക്കണക്കിനാളുകൾ അവർ കൊടുക്കുന്ന “ആഹാരം” സ്വീകരിച്ചിരിക്കുന്നു. അവരോടൊത്ത് അവർ സത്യാരാധന ആചരിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. ദൈവദാസൻമാരുടെ ഈ സ്ഥാപനം യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു.
9. (എ) ദൈവദാസൻമാർ യഹോവയുടെ സാക്ഷികൾ എന്ന പേർ വഹിക്കുന്നതെന്തുകൊണ്ട്? (ബി) അവർ തങ്ങളുടെ ആരാധനാസ്ഥലങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നതെന്തുകൊണ്ട്?
9 യഹോവയുടെ സാക്ഷികൾ തങ്ങൾ ചെയ്യുന്നതിലെല്ലാം മാർഗനിർദേശത്തിനായി ദൈവത്തിലേക്കും അവന്റെ വചനത്തിലേക്കുമാണ് നോക്കുന്നത്. യഹോവയുടെ സാക്ഷികൾ എന്ന അവരുടെ പേർതന്നെ അവരുടെ മുഖ്യപ്രവർത്തനം ക്രിസ്തു ചെയ്തതുപോലെ യഹോവയാം ദൈവത്തിന്റെ രാജ്യത്തെയും നാമത്തെയുംകുറിച്ചു സാക്ഷീകരിക്കുകയാണെന്നു തെളിയിക്കുന്നു. (യോഹന്നാൻ 17:6; വെളിപ്പാട് 1:5) കൂടാതെ, അവർ ആരാധനയ്ക്കായി കൂടിവരുന്ന സ്ഥലത്തെ രാജ്യഹാൾ എന്ന് അവർ വിളിക്കുന്നു, എന്തുകൊണ്ടെന്നാൽ മിശിഹാ അഥവാ ക്രിസ്തു മൂലമുളള ദൈവരാജ്യമാണു മുഴു ബൈബിളിന്റെയും പ്രതിപാദ്യം. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനിത്വത്തിനു ദൈവാംഗീകാരമുണ്ടായിരുന്നുവെന്നു വ്യക്തമായതുകൊണ്ടു യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്ഥാപനത്തെ അതിന്റെ മാതൃകയിൽ രൂപപ്പെടുത്തുന്നു. നമുക്ക് ആ ആദിമ ക്രിസ്തീയസ്ഥാപനത്തിലേക്കൊന്നു കണ്ണോടിച്ചിട്ടു ദൈവത്തിന്റെ ഇന്നത്തെ ദൃശ്യസ്ഥാപനവുമായുളള സാദൃശങ്ങൾ ശ്രദ്ധിക്കാം.
ഒന്നാം നൂററാണ്ടിലെ മാതൃക
10. ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസ്ഥാപനത്തിന്റെ ചില സവിശേഷതകളേവ?
10 ഒന്നാം നൂററാണ്ടിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നിടത്തെല്ലാം അവർ ആരാധനയ്ക്കു കൂട്ടങ്ങളായി ഒന്നിച്ചുകൂടിയിരുന്നു. ഈ സഭകൾ കൂട്ടായ്മക്കും പഠനത്തിനുമായി ക്രമമായി ഒന്നിച്ചുകൂടിയിരുന്നു. (എബ്രായർ 10:24, 25) അവരുടെ മുഖ്യ പ്രവർത്തനം ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയുമായിരുന്നു, യേശുക്രിസ്തു ചെയ്തതുപോലെതന്നെ. (മത്തായി 4:17; 28:19, 20) സഭയിലെ ഒരു അംഗം ഒരു ദുഷിച്ച ജീവിതരീതിയിലേക്കു തിരിഞ്ഞാൽ അയാളെ സഭയിൽനിന്നു പുറത്താക്കിയിരുന്നു.—1 കൊരിന്ത്യർ 5:9-13; 2 യോഹന്നാൻ 10, 11.
11, 12. (എ) ആദിമ ക്രിസ്തീയ സഭകൾക്കു യരുശലേമിലെ അപ്പോസ്തലൻമാരിൽനിന്നും “പ്രായമേറിയ പുരുഷൻമാരിൽ”നിന്നും മാർഗനിർദേശവും നടത്തിപ്പും ലഭിച്ചിരുന്നുവെന്ന് എന്തു തെളിയിക്കുന്നു? (ബി) “ദിവ്യാധിപത്യ” മാർഗനിർദേശം എന്നതിനാൽ അർഥമാക്കപ്പെടുന്നതെന്ത്? (സി) സഭകൾ അത്തരം മാർഗനിർദേശം സ്വീകരിച്ചതിന്റെ ഫലമെന്തായിരുന്നു?
11 ഒന്നാം നൂററാണ്ടിലെ ആ ക്രിസ്തീയസഭകൾ കാര്യങ്ങൾ സംബന്ധിച്ചു സ്വന്തതീരുമാനങ്ങൾ ചെയ്തുകൊണ്ട് ഓരോന്നും സ്വതന്ത്രമായി നിലകൊളളുകയായിരുന്നോ? അല്ലായിരുന്നു. അവ ഒരേ ക്രിസ്തീയവിശ്വാസത്തിൽ ഏകീഭവിച്ചിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. എല്ലാ സഭകൾക്കും ഒരേ ഉറവിൽനിന്നാണു മാർഗനിർദേശവും നടത്തിപ്പും ലഭിച്ചിരുന്നത്. അങ്ങനെ, പരിച്ഛേദന സംബന്ധിച്ച് ഒരു തർക്കം ഉയർന്നുവന്നപ്പോൾ എന്തുചെയ്യണമെന്നു സഭകളോ വ്യക്തികളോ സ്വയം തീരുമാനിച്ചില്ല. എന്നാൽ, പൗലോസും ബർന്നബാസും മററുളളവരും “ഈ സംഗതി സംബന്ധിച്ചു യരുശലേമിലെ അപ്പോസ്തലൻമാരുടെയും പ്രായമേറിയ പുരുഷൻമാരുടെയും അടുക്കൽ പോകാൻ” നിർദേശിക്കപ്പെട്ടു. ഈ പക്വതയുളള പുരുഷൻമാർ ദൈവവചനത്തിന്റെയും അവന്റെ “പരിശുദ്ധാത്മാവി”ന്റെയും സഹായത്തോടെ തീരുമാനം എടുത്തപ്പോൾ, സഭകളെ അറിയിക്കാൻ അവർ വിശ്വസ്തരായ ആളുകളെ അയച്ചു.—പ്രവൃത്തികൾ 15:2, 27-29.
12 ഈ ദിവ്യാധിപത്യപരമായ അഥവാ ദൈവദത്തമായ മാർഗനിർദേശവും നടത്തിപ്പും ലഭിച്ചപ്പോൾ എന്തു ഫലമുണ്ടായി? ബൈബിൾ പറയുന്നു: “ഇപ്പോൾ അവർ [അപ്പോസ്തലനായ പൗലോസും അവന്റെ സഹപ്രവർത്തകരും] നഗരങ്ങളിലൂടെ സഞ്ചരിക്കവേ യരുശലേമിലെ അപ്പോസ്തലൻമാരും പ്രായമേറിയ പുരുഷൻമാരും തീരുമാനിച്ച വിധികൾ അവർ അനുഷ്ഠാനത്തിനായി അവരെ ഏൽപ്പിക്കുമായിരുന്നു. അതുകൊണ്ട്, തീർച്ചയായും സഭകൾ വിശ്വാസത്തിൽ ഉറയ്ക്കുന്നതിലും അനുദിനം എണ്ണത്തിൽ പെരുകുന്നതിലും തുടർന്നു.” (പ്രവൃത്തികൾ 16:4, 5) അതെ, യരുശലേമിലെ ആ പ്രായമേറിയ പുരുഷൻമാരുടെ സംഘം തീരുമാനിച്ചതിനോടു സകല സഭകളും സഹകരിച്ചു, അവ വിശ്വാസത്തിൽ പ്രബലപ്പെട്ടു.
ദിവ്യാധിപത്യ മാർഗനിർദേശം ഇന്ന്
13. (എ)ഭൂമിയിലെ ഏതു സ്ഥലത്തുനിന്നും ഏത് ആളുകളുടെ സംഘത്തിൽനിന്നും ഇന്നു ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തിനു മാർഗനിർദേശം ലഭിക്കുന്നു? (ബി) ഭരണസംഘത്തിനു “വിശ്വസ്തനും വിവേകിയുമായ അടിമ”യോട് എന്തു ബന്ധമുണ്ട്?
13 ഇന്നും ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തിനു ദിവ്യാധിപത്യ മാർഗനിർദേശവും നടത്തിപ്പും ലഭിക്കുന്നുണ്ട്. ബ്രൂക്ക്ളിൻ ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽനിന്നുളള പ്രായമേറിയ ക്രിസ്തീയ പുരുഷൻമാരുടെ ഒരു ഭരണസംഘമുണ്ട്, അവരാണു ദൈവജനത്തിന്റെ ലോകവ്യാപക പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേൽനോട്ടം വഹിക്കുന്നത്. ഈ ഭരണസംഘം “വിശ്വസ്തനും വിവേകിയുമായ അടിമ”യിലെ അംഗങ്ങൾ ചേർന്നുണ്ടായിട്ടുളളതാണ്. അത് ആ വിശ്വസ്ത “അടിമ”യുടെ ഒരു വക്താവായി സേവിക്കുന്നു.
14. ദൈവജനത്തിന്റെ ഭരണസംഘം അതിന്റെ തീരുമാനങ്ങൾ ചെയ്യുന്നതിന് എന്തിനെ ആശ്രയിക്കുന്നു?
14 അപ്പോസ്തലൻമാരെയും യരുശലേമിലെ പ്രായമേറിയ പുരുഷൻമാരെയും പോലെ, ആ ഭരണസംഘത്തിലുളളവർക്കു ദൈവസേവനത്തിൽ അനേക വർഷങ്ങളിലെ അനുഭവപരിചയമുണ്ട്. എന്നാൽ അവർ തീരുമാനങ്ങളെടുക്കുന്നതിൽ മാനുഷജ്ഞാനത്തെ ആശ്രയിക്കുന്നില്ല. ഇല്ല, ദിവ്യാധിപത്യപരമായി ഭരിക്കപ്പെടുന്നതിനാൽ അവർ യരുശലേമിലെ ആദിമ ഭരണസംഘത്തിന്റെ ദൃഷ്ടാന്തമാണ് പിന്തുടരുന്നത്, അവരുടെ തീരുമാനങ്ങൾ ദൈവവചനത്തിൽ അധിഷ്ഠിതമായിരുന്നു. പരിശുദ്ധാത്മാവിന്റെ മാർഗനിർദേശപ്രകാരമാണു തീരുമാനങ്ങൾ എടുക്കപ്പെട്ടിരുന്നത്.—പ്രവൃത്തികൾ 15:13-17, 28, 29.
ഒരു ലോകവ്യാപക സ്ഥാപനത്തെ നയിക്കൽ
15. അന്ത്യകാലത്തു ഭൂമിയിൽ ഒരു വലിയ സ്ഥാപനമുണ്ടായിരിക്കുമെന്നു മത്തായി 24:14-ലെ യേശുവിന്റെ വാക്കുകൾ തെളിയിക്കുന്നതെന്തുകൊണ്ട്?
15 “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നു യേശുക്രിസ്തു പറഞ്ഞപ്പോൾ ഈ അന്ത്യകാലത്തു ദൈവത്തിനു ഭൂമിയിലുണ്ടായിരിക്കുന്ന സ്ഥാപനത്തിന്റെ വലിപ്പത്തെക്കുറിച്ച് അവൻ ഒരു ധാരണ നൽകുകയുണ്ടായി. (മത്തായി 24:14) ദൈവത്തിന്റെ സ്ഥാപിതരാജ്യത്തെക്കുറിച്ചു ഭൂമിയിലെ സഹസ്രലക്ഷക്കണക്കിനാളുകളോടു പറയുന്നതിനാവശ്യമായ വേലയുടെ ബൃഹത്തായ അളവിനെക്കുറിച്ചു ചിന്തിക്കുക. മാർഗനിർദേശത്തിനും നടത്തിപ്പിനുമായി ഭരണസംഘത്തിലേക്കു നോക്കുന്ന ആധുനികനാളിലെ ക്രിസ്തീയസ്ഥാപനം യേശു പറഞ്ഞ ഈ വലിയ വേല ചെയ്യാൻ സജ്ജമാണോ?
16. (എ) യഹോവയുടെ സാക്ഷികൾ അനേകം വലിയ അച്ചടിശാലകൾ സ്ഥാപിച്ചിട്ടുളളതെന്തിന്? (ബി) ഈ ഫാക്റററികളിൽ എന്ത് ഉല്പാദിപ്പിക്കപ്പെടുന്നു?
16 യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഭൂമിയിലെങ്ങും 200-ൽപരം രാജ്യങ്ങളിലും സമുദ്രത്തിലെ ദ്വീപുകളിലും രാജ്യസന്ദേശം പ്രസംഗിക്കുന്നുണ്ട്. ഈ വേല ചെയ്യാൻ 35,00,000ത്തിൽപരം വരുന്ന (1988-ൽ) രാജ്യപ്രഘോഷകരെ സഹായിക്കുന്നതിന് അനേകം രാജ്യങ്ങളിൽ വലിയ അച്ചടിശാലകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വളരെ വലിയ അളവിൽ ബൈബിളുകളും ബൈബിൾസാഹിത്യവും ഉല്പാദിപ്പിക്കപ്പെടുന്നു. ഓരോ പ്രവൃത്തിദിവസവും വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ ശരാശരി ഇരുപതുലക്ഷത്തിലധികം പ്രതികൾ ഈ ഫാക്ടറികളിൽ അച്ചടിക്കുകയും കയററിയയയ്ക്കുകയും ചെയ്യുന്നുണ്ട്.
17. (എ) ഈ ബൈബിൾസാഹിത്യം തയ്യാറാക്കപ്പെടുന്നതെന്തിന്? (ബി) നിങ്ങൾ എന്തുചെയ്യാൻ ക്ഷണിക്കപ്പെടുന്നു?
17 യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചുളള അറിവിൽ വളരുന്നതിന് ആളുകളെ സഹായിക്കുന്നതിനാണ് ഈ ബൈബിൾസാഹിത്യമെല്ലാം തയ്യാറാക്കുന്നത്. യഥാർഥത്തിൽ “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന വാക്കുകൾ വീക്ഷാഗോപുരം മാസികയുടെ ശീർഷകത്തിന്റെ ഭാഗമാണ്. ഈ ബൈബിൾസാഹിത്യം വിതരണം ചെയ്യുന്നതിനും അതിലടങ്ങിയിരിക്കുന്ന ബൈബിൾസത്യങ്ങൾ മററുളളവർക്കു വിശദീകരിച്ചുകൊടുക്കുന്നതിനും നിങ്ങൾ ക്ഷണിക്കപ്പെടുകയാണ്. ദൃഷ്ടാന്തത്തിന് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന ഈ പുസ്തകത്തിൽനിന്നു നിങ്ങൾ പഠിച്ച മർമപ്രധാനമായ വിവരങ്ങൾ നിങ്ങൾക്കു പങ്കുവെയ്ക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ?
18. (എ) ദൈവത്തിന്റെ സ്ഥാപനം ഇന്ന് ഏതുതരം സ്ഥാപനമാണ്? (ബി) ദൈവത്തിന്റെ ജനത്തിന് ഇന്നു വളരെ പ്രോത്സാഹനം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
18 ഒന്നാം നൂററാണ്ടിലെന്നപോലെ, ഇന്നത്തെ ദൈവസ്ഥാപനവും സമർപ്പിതരും സ്നാനമേററവരുമായ രാജ്യപ്രസംഗകരുടെ ഒരു സ്ഥാപനമാണ്. അതു സ്ഥാപിതമായിരിക്കുന്നത് ഈ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ അതിലെ സകല അംഗങ്ങളെയും സഹായിക്കുന്നതിനാണ്. സാത്താനും അവനു സ്വാധീനിക്കാൻ കഴിയുന്നവരും രാജ്യദൂതിനെ എതിർക്കുന്നതുകൊണ്ട് അവർക്കു വളരെയധികം പ്രോത്സാഹനവും ആത്മീയ ബലപ്പെടുത്തലും ആവശ്യമാണ്. രാജ്യദൂതു പ്രസംഗിച്ചതിനാൽ യേശുവിനെ അങ്ങനെയുളള എതിരാളികൾ കൊല്ലിച്ചു. അവന്റെ അനുഗാമികളും പീഡിപ്പിക്കപ്പെടുമെന്നു ബൈബിൾ മുന്നറിയിപ്പുനൽകുന്നു.—യോഹന്നാൻ 15:19, 20; 2 തിമൊഥെയോസ് 3:12.
19. (എ) ദൈവജനത്തെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഇപ്പോൾ ആർ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു? (ബി) സഭയെ ദുഷിപ്പിക്കാൻ കഴിയുന്ന ദുഷിച്ചസ്വാധീനങ്ങളിൽനിന്ന് അതു സംരക്ഷിക്കപ്പെടുന്നതെങ്ങനെ?
19 ഒന്നാം നൂററാണ്ടിലെപ്പോലെ, ഓരോ സഭയെയും സഹായിക്കുന്നതിനും ബലപ്പെടുത്തുന്നതിനും “പ്രായമേറിയ പുരുഷൻമാർ” അഥവാ മൂപ്പൻമാർ നിയമിക്കപ്പെടുന്നു. വിവിധ പ്രശ്നങ്ങളെ നേരിടുന്നതിനു ബൈബിൾബുദ്ധ്യുപദേശത്താൽ നിങ്ങളെയും സഹായിക്കുന്നതിന് അവർക്കു കഴിയും. ഈ മൂപ്പൻമാർ “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ, ഒരു സഭാംഗം ഒരു ദുഷിച്ച ജീവിതരീതിയിലേക്കു തിരിയുകയും മാററംവരുത്താൻ വിസമ്മതിക്കുകയുമാണെങ്കിൽ അയാളെ സഭയിൽനിന്നു ബഹിഷ്കരിക്കുന്നതിൽ അഥവാ പുറത്താക്കുന്നതിൽ “പ്രായമേറിയ പുരുഷൻമാർ” ശ്രദ്ധിക്കുന്നു. അങ്ങനെ ആരോഗ്യമുളള, ആത്മീയമായി ശുദ്ധിയുളള ഒരു സഭ നിലനിർത്തപ്പെടുന്നു.—തീത്തോസ് 1:5; 1 പത്രോസ് 5:1-3; യെശയ്യാവ് 32:1, 2; 1 കൊരിന്ത്യർ 5:13.
20. (എ) ഒന്നാം നൂററാണ്ടിൽ ആർ യരുശലേമിലെ ഭരണസംഘത്താൽ അയയ്ക്കപ്പെട്ടിരുന്നു, ഏതു കാരണത്താൽ? (ബി) ഇന്നു ഭരണസംഘം ആരെ അയയ്ക്കുന്നു?
20 കൂടാതെ, യരുശലേമിലെ ഭരണസംഘം ദൈവജനത്തിനു പ്രബോധനങ്ങളും പ്രോത്സാഹനവും കൊടുക്കാൻ പൗലോസിനെയും ശീലാസിനെയുംപോലെയുളള പ്രത്യേക പ്രതിനിധികളെ അയച്ചതുപോലെ ഇന്നത്തെ ഭരണസംഘവും ഈ അന്ത്യകാലത്ത് അങ്ങനെ ചെയ്യുന്നുണ്ട്. (പ്രവൃത്തികൾ 15:24-27, 30-32) സർക്കിട്ട് മേൽവിചാരകൻ എന്നു വിളിക്കപ്പെടുന്ന പരിചയസമ്പന്നനായ ഒരു ശുശ്രൂഷകൻ സംവത്സരത്തിൽ രണ്ടു പ്രാവശ്യം അയാളുടെ സർക്കിട്ടിലെ ഓരോ സഭയോടൊത്തും ഓരോ വാരം ചെലവഴിക്കാൻ അയക്കപ്പെടുന്നു.
21. സർക്കിട്ടു മേൽവിചാരകൻ ദൈവജനത്തിന്റെ സഭകളെ സഹായിക്കുന്നതെങ്ങനെ?
21 ലോകത്തിലാസകലം യഹോവയുടെ സാക്ഷികളുടെ 60,000-ത്തിൽപരം സഭകളുണ്ട്. അവ ഏതാണ്ട് 20 സഭകൾ വീതമുളള സർക്കിട്ടുകളായി വിഭജിക്കപ്പെടുന്നു. സർക്കിട്ടു മേൽവിചാരകൻ തന്റെ സർക്കിട്ടിലെ സഭകളെ സന്ദർശിക്കുമ്പോൾ പ്രസംഗവേലയിലും പഠിപ്പിക്കൽവേലയിലും രാജ്യസാക്ഷികളോടുകൂടെത്തന്നെ പോയി അവരെ കെട്ടുപണി ചെയ്യുന്നു. ഈ വിധത്തിൽ അവരെ ഉത്തേജിപ്പിക്കുന്നതിനുപുറമേ, ശുശ്രൂഷയിൽ മെച്ചപ്പെടാൻ അവരെ സഹായിക്കുന്നതിന് അയാൾ അവർക്കു നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 20:20, 21.
22. (എ) ദൈവജനത്തെ ശക്തീകരിക്കാൻ വർഷത്തിൽ രണ്ടു പ്രാവശ്യം കൂടുതലായ ഏതു ക്രമീകരണം ചെയ്യപ്പെടുന്നു? (ബി) നിങ്ങൾക്ക് ഏതു ക്ഷണം നൽകുന്നു?
22 സാധാരണയായി ആണ്ടിൽ രണ്ടു പ്രാവശ്യം ഓരോ സർക്കിട്ടിലെയും സഭകൾ ഒന്നോ രണ്ടോ ദിവസത്തെ ഒരു സമ്മേളനത്തിന് ഒന്നിച്ചുകൂടുമ്പോൾ കൂടുതലായ പ്രോത്സാഹനവും, ശക്തീകരണവും പ്രദാനം ചെയ്യപ്പെടുന്നു. ഈ സന്ദർഭങ്ങളിൽ ഇരുന്നൂറോ മുന്നൂറോ മുതൽ 2,000-മോ അധികമോ വരെ ആളുകൾ ഹാജരുണ്ടായിരിക്കാം. നിങ്ങളുടെ പ്രദേശത്തെ അടുത്ത സമ്മേളനത്തിനു ഹാജരാകാൻ നിങ്ങളെ ക്ഷണിക്കുന്നു. സമ്മേളനം ആത്മീയമായി നവോത്തേജകവും വ്യക്തിപരമായി പ്രയോജനകരവുമാണെന്നു നിങ്ങൾ കണ്ടെത്തുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.
23. (എ) വർഷത്തിൽ ഒരു പ്രാവശ്യം വേറെ ഏതു സമ്മേളനങ്ങൾ നടത്തുന്നു? (ബി) ഈ കൺവെൻഷനുകളിൽ ഒന്നിന്റെ വലിപ്പം എന്തായിരുന്നു?
23 കൂടാതെ, ആണ്ടിലൊരിക്കൽ ഡിസ്ട്രിക്ട് കൺവെൻഷൻ എന്നു വിളിക്കപ്പെടുന്ന കുറേക്കൂടി വലിയ ഒരു സമ്മേളനം പല ദിവസങ്ങളിൽ നടത്തപ്പെട്ടേക്കാം. അത്തരമൊരു കൺവെൻഷൻ എത്ര ഉല്ലാസപ്രദവും ആത്മീയമായി പ്രതിഫലദായകവുമാണെന്നു കാണാൻ ഹാജരാകുന്നതിന് ഒരു യഥാർഥശ്രമം ചെയ്തുകൂടേ? ചില വർഷങ്ങളിൽ ഡിസ്ട്രിക്ററ് കൺവെൻഷനുപകരം വലിപ്പമേറിയ ദേശീയ കൺവെൻഷനോ സാർവദേശീയ കൺവെൻഷനോ നടത്തപ്പെട്ടിട്ടുണ്ട്. ഒരു സ്ഥലത്തു നടത്തപ്പെട്ടിട്ടുളളതിലേക്കും ഏററവും വലിയത് 1958-ൽ ന്യൂയോർക്ക് നഗരത്തിലെ യാങ്കീസ്റേറഡിയത്തിലും പോളോഗ്രൗണ്ടിലുമായി എട്ടു ദിവസം നടന്ന കൺവെൻഷൻ ആയിരുന്നു. ആ സന്ദർഭത്തിൽ “ദൈവരാജ്യം ഭരിക്കുന്നു—ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നുവോ?” എന്ന പരസ്യപ്രസംഗത്തിന് 2,53,922 പേർ ഹാജരുണ്ടായിരുന്നു. അതിനുശേഷം അത്തരം വലിയ ജനക്കൂട്ടങ്ങളെ കൈകാര്യം ചെയ്യാൻതക്ക സ്ഥലമില്ലാത്തതുകൊണ്ട് വലിയ കൺവെൻഷനുകൾക്ക് ഉപയോഗിക്കാൻ പല മുഖ്യനഗരങ്ങളിലെ സൗകര്യങ്ങൾ ഏർപ്പാടുചെയ്തിട്ടുണ്ട്.
സഭകൾക്കുളളിലെ യോഗങ്ങൾ
24. ദൈവജനത്തിന്റെ സഭകൾ വാരംതോറുമുളള ഏത് അഞ്ചു മീററിംഗുകൾ നടത്തുന്നു?
24 യഹോവയുടെ സാക്ഷികളുടെ ഭരണസംഘം യഹോവയുടെ ജനത്തിന്റെ എല്ലാ സഭകളിലും ഏകീകൃതമായ ബൈബിൾപ്രബോധനപരിപാടി നടത്താനും ഏർപ്പാടുചെയ്യുന്നുണ്ട്. ഓരോ സഭയ്ക്കും വാരത്തിൽ അഞ്ചു മീററിംഗുകൾ ഉണ്ട്. ഇവ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗം, പരസ്യയോഗം, വീക്ഷാഗോപുരാധ്യയനം, സഭാപുസ്തകാധ്യയനം എന്നിവയാണ്. നിങ്ങൾക്ക് ഈ യോഗങ്ങൾ ഇതുവരെയും പരിചിതമായിരിക്കുകയില്ലാത്തതിനാൽ ഞങ്ങൾ അവയെ ചുരുക്കി വിവരിക്കാം.
25, 26. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും എന്ത് ഉദ്ദേശ്യം സാധിക്കുന്നു?
25 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ദൈവരാജ്യത്തെക്കുറിച്ചു മററുളളവരോടു സംസാരിക്കുന്നതിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ വിദ്യാർഥികളെ സഹായിക്കാനുദ്ദേശിച്ചുളളതാണ്. പേർ ചേർത്തിട്ടുളളവർ കാലാകാലങ്ങളിൽ മുഴുകൂട്ടത്തോടും ബൈബിൾവിഷയങ്ങളെ ആസ്പദമാക്കി ചെറുപ്രസംഗങ്ങൾ നടത്തുന്നു. അനന്തരം പരിചയസമ്പന്നനായ ഒരു മൂപ്പൻ മെച്ചപ്പെടുന്നതിനുളള നിർദേശങ്ങൾ കൊടുക്കുന്നു.
26 സാധാരണയായി അതേ വൈകുന്നേരത്ത് ഒരു സേവനയോഗവും നടത്തപ്പെടുന്നു. ഈ യോഗത്തിനുളള ബാഹ്യരേഖ, ഭരണസംഘം പ്രസാധനം ചെയ്യുന്ന രണ്ടോ അധികമോ പേജുളള ഒരു പ്രതിമാസപ്രസിദ്ധീകരണമായ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ യോഗത്തിൽ രാജ്യസന്ദേശത്തെക്കുറിച്ചു മററുളളവരോടു സംസാരിക്കുന്നതിനുളള ഫലകരമായ വിധങ്ങൾ സംബന്ധിച്ചു പ്രായോഗികമായ നിർദേശങ്ങളും പ്രകടനങ്ങളും അവതരിപ്പിക്കപ്പെടുന്നു. ഇതേ രീതിയിൽ ക്രിസ്തു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ ശുശ്രൂഷ എങ്ങനെ നിറവേററാമെന്നു നിർദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു.—യോഹന്നാൻ 21:15-17; മത്തായി 10:5-14.
27, 28. പരസ്യയോഗവും വീക്ഷാഗോപുരാധ്യയനവും സഭാപുസ്തകാധ്യയനവും ഏതുതരം യോഗങ്ങളാണ്?
27 പരസ്യയോഗവും വീക്ഷാഗോപുരാധ്യയനവും സാധാരണയായി ഞായറാഴ്ചയാണു നടത്തപ്പെടുന്നത്. പുതിയ താൽപ്പര്യക്കാരെ പരസ്യയോഗത്തിനു ക്ഷണിക്കാൻ പ്രത്യേകശ്രമം ചെയ്യപ്പെടുന്നു. അത് യോഗ്യതയുളള ഒരു ശുശ്രൂഷകൻ നടത്തുന്ന ഒരു ബൈബിൾപ്രസംഗമാണ്. വീക്ഷാഗോപുരാധ്യയനം വീക്ഷാഗോപുരം മാസികയുടെ അടുത്തകാലത്തെ ഒരു ലക്കത്തിൽ പ്രതിപാദിക്കപ്പെട്ട ഒരു ബൈബിൾലേഖനത്തിന്റെ ചോദ്യോത്തരചർച്ചയാണ്.
28 മേൽവിവരിച്ച യോഗങ്ങൾക്കു മുഴുസഭയും രാജ്യഹാളിൽകൂടിവരുമെന്നിരിക്കെ, കുറേക്കൂടെ ചെറിയ കൂട്ടങ്ങൾ വാരംതോറുമുളള സഭാപുസ്തകാധ്യയനത്തിനു സ്വകാര്യഭവനങ്ങളിൽ സമ്മേളിക്കുന്നു. നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകംപോലെയുളള ഒരു ബൈബിൾപഠനസഹായി ആ ബൈബിൾചർച്ചക്കുളള അടിസ്ഥാനമായി ഉപയോഗിക്കപ്പെടുന്നു. ചർച്ച ഒരു മണിക്കൂർവരെ നീണ്ടേക്കാം.
29. (എ) സത്യക്രിസ്ത്യാനികൾ ഓരോ വർഷവും ഏതു സ്മാരകം ആഘോഷിക്കുന്നു? (ബി) ആർ ഉചിതമായി അപ്പവീഞ്ഞുകളിൽ പങ്കുപററുന്നു?
29 ഈ ക്രമമായ യോഗങ്ങൾക്കുപുറമേ, യഹോവയുടെ സാക്ഷികൾ ഓരോവർഷവും യേശുവിന്റെ മരണത്തിന്റെ വാർഷികത്തിൽ ഒരു പ്രത്യേകയോഗം നടത്തുന്നു, തന്റെ മരണത്തിന്റെ ഈ സ്മാരകം ആദ്യം ഏർപ്പെടുത്തിയപ്പോൾ യേശു പറഞ്ഞു: “എന്റെ ഓർമക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.” (ലൂക്കോസ് 22:19, 20) ഒരു ലളിതമായ ചടങ്ങിൽ, യേശു മനുഷ്യവർഗത്തിനുവേണ്ടി താൻ ബലിചെയ്യാനിരുന്ന ജീവന്റെ പ്രതീകങ്ങളായി വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും ഉപയോഗിച്ചു. അതുകൊണ്ട് ഈ വാർഷികസ്മാരക ഭക്ഷണവേളയിൽ ക്രിസ്തുവിന്റെ 1,44,000 അഭിഷിക്താനുഗാമികളിൽ ഭൂമിയിൽ ശേഷിച്ചിട്ടുളളവർ അപ്പവീഞ്ഞുകളിൽ പങ്കുപററിക്കൊണ്ടു തങ്ങളുടെ സ്വർഗീയ പ്രത്യാശ പ്രകടമാക്കുന്നു.
30. (എ) വേറെ ആരും ഉചിതമായി സ്മാരകത്തിനു ഹാജരാകുന്നു? അവരുടെ പ്രത്യാശകളെന്ത്? (ബി) യേശു അങ്ങനെയുളളവരെ എങ്ങനെ വർണിക്കുന്നു?
30 ഭൂമിയിലാസകലമുളള രാജ്യഹാളുകളിൽ ഈ സ്മാരകത്തിനു ഹാജരാകുന്ന ദശലക്ഷക്കണക്കിനു മററുളളവർ നിരീക്ഷകരായിരിക്കാൻ സന്തോഷമുളളവരാണ്. അവരും പാപത്തിൽനിന്നും മരണത്തിൽനിന്നുമുളള തങ്ങളുടെ ഉദ്ധാരണം സാധ്യമാക്കുന്നതിനു യഹോവയാം ദൈവവും യേശുക്രിസ്തുവും ചെയ്തതിനെക്കുറിച്ച് അനുസ്മരിപ്പിക്കപ്പെടുന്നു. എന്നാൽ അവർ സ്വർഗീയ ജീവിതത്തിനു നോക്കിപ്പാർത്തിരിക്കുന്നതിനു പകരം ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുളള പ്രത്യാശയിൽ സന്തോഷിക്കുന്നു. അവർ മണവാളന്റെ 1,44,000 അംഗങ്ങളുളള സംയുക്തമണവാട്ടിയുടെ ഭാഗമായിരിക്കാതെ “മണവാളന്റെ സ്നേഹിതൻ” എന്നു തന്നെക്കുറിച്ചുതന്നെ പറഞ്ഞ യോഹന്നാൻ സ്നാപകനെപ്പോലെയാണ്. (യോഹന്നാൻ 3:29) ഈ ദശലക്ഷക്കണക്കിനാളുകൾ യേശുക്രിസ്തു പ്രസ്താവിച്ച “വേറെ ആടുകളുടെ” ഭാഗമാണ്. അവർ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ അംഗങ്ങളല്ല. എന്നിരുന്നാലും, യേശു പറഞ്ഞതുപോലെ, അവർ “ചെറിയ ആട്ടിൻകൂട്ട”ത്തോടു ചേർന്ന് ഒററക്കെട്ടായി സേവിക്കുന്നതുകൊണ്ട് എല്ലാവരും “ഒരു ആട്ടിൻകൂട്ട”മായിത്തീരുന്നു.—യോഹന്നാൻ 10:16; ലൂക്കോസ് 12:32.
ദൈവത്തെ അവന്റെ സ്ഥാപനത്തോടൊത്തു സേവിക്കൽ
31. വ്യാജമതത്തിന്റെ ഭാഗമായി നിലകൊളളുകയും അപ്പോഴും ദൈവസ്ഥാപനത്തിന്റെ ഭാഗമായിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ അവൻ അംഗീകരിക്കുന്നില്ലെന്ന് എന്തു തെളിവുണ്ട്?
31 പഴയകാലങ്ങളിലെപ്പോലെ, യഹോവയാം ദൈവത്തിന് ഇന്ന് ഒരു ദൃശ്യസ്ഥാപനമുണ്ടെന്ന് എത്ര വ്യക്തമാണ്! അവൻ ഇപ്പോൾ തന്റെ നീതിയുളള നൂതനവ്യവസ്ഥിതിയിലെ ജീവിതത്തിനുവേണ്ടി ആളുകളെ പരിശീലിപ്പിക്കാൻ അതിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, നമുക്കു ദൈവസ്ഥാപനത്തിന്റെ ഭാഗമായിരിക്കാനും അതേസമയം വ്യാജമതത്തിന്റെ ഭാഗമായിരിക്കാനും കഴിയുകയില്ല. ദൈവവചനം പറയുന്നു: “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്. എന്തെന്നാൽ നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്മയാണുളളത്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുളുമായി എന്തു പങ്കാണുളളത്?. . .അല്ലെങ്കിൽ ഒരു വിശ്വസ്തനായ ആൾക്ക് ഒരു അവിശ്വാസിയുമായി എന്ത് ഓഹരിയാണുളളത്? അതുകൊണ്ട് ദൈവം കൽപ്പിക്കുന്നു: “ആകയാൽ അവരുടെ ഇടയിൽനിന്നു പുറത്തുകടന്നു നിങ്ങളെത്തന്നെ വേർപെടുത്തുക.”—2 കൊരിന്ത്യർ 6:14-17.
32. (എ) നാം “അവരുടെ ഇടയിൽനിന്നു പുറത്തുകടക്കണ”മെങ്കിൽ നാം എന്തു ചെയ്യണം? (ബി) നാം ദൈവത്തിന്റെ ദൃശ്യദിവ്യാധിപത്യസ്ഥാപനത്തോടൊത്ത് അവനെ സേവിക്കാൻ സുനിശ്ചിത നടപടി സ്വീകരിക്കുന്നുവെങ്കിൽ നമുക്ക് എന്ത് അനുഗ്രഹം ലഭിക്കും?
32 “അവരുടെ ഇടയിൽനിന്നു പുറത്തുകടക്കുക”യെന്നാൽ അർഥമെന്താണ്? ശരി, നമുക്കു യഹോവയാം ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കാത്ത ഒരു മതസ്ഥാപനത്തിന്റെ ഭാഗമായിരുന്നുകൊണ്ടോ അതിനെ പിന്തുണച്ചുകൊണ്ടോ ആ കല്പന അനുസരിക്കാൻ സാധ്യമല്ല. അതുകൊണ്ട്, നമ്മിലാരെങ്കിലും ഇപ്പോഴും അത്തരമൊരു മതസ്ഥാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ നാം അതിൽനിന്നു പിൻമാറുകയാണെന്നു നാം അറിയിപ്പുകൊടുക്കേണ്ടതാണ്. നാം ഇപ്പോൾ വ്യാജമതം ആചരിക്കുന്നവരുടെ ഇടയിൽനിന്നു പുറത്തുകടക്കുകയും അവന്റെ ദൃശ്യദിവ്യാധിപത്യസ്ഥാപനത്തോടൊത്തു ദൈവത്തെ സേവിക്കാൻ സുനിശ്ചിത നടപടി സ്വീകരിക്കുകയുമാണെങ്കിൽ നാം “ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും, ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്റെ ജനമായിരിക്കും” എന്നു ദൈവം പറയുന്നവരോടുകൂടെ ആയിരിക്കും.—2 കൊരിന്ത്യർ 6:16.
[അധ്യയന ചോദ്യങ്ങൾ]
[192-ാം പേജിലെ ചിത്രം]
പ്രളയസമയത്തു ദൈവത്തിന് ഒന്നിലധികം സ്ഥാപനങ്ങളുണ്ടായിരുന്നോ?
[196-ാം പേജിലെ ചിത്രങ്ങൾ]
കാര്യനിർവഹണ ആപ്പീസുകൾ
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം
കംപ്യൂട്ടർ പദ്ധതികൾ
റോട്ടറി അച്ചടി
ബുക്ക് ബയൻഡിംഗ് ശാല
കയററി അയയ്ക്കൽ
ബ്രൂക്ക്ളിൻ അച്ചടിശാല
[197-ാം പേജിലെ ചിത്രങ്ങൾ]
മററനേകം വാച്ച്ററവർ അച്ചടിശാലകളിൽ ചിലത്
ബ്രസീൽ
ഇംഗ്ലണ്ട്
സൗത്താഫ്രിക്ക
വാൾക്കിൽ, ന്യൂയോർക്ക്
കാനഡാ
[198-ാം പേജിലെ ചിത്രങ്ങൾ]
ന്യൂയോർക്കിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ ഹാജരായ 253922 പേരിൽ ചിലർ
പോളോഗ്രൗണ്ട്സ്
യാങ്കീസ്റേറഡിയം
[201-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ ഒരു ബൈബിൾപ്രബോധനപരിപാടി ആസ്വദിക്കപ്പെടുന്നു