നരകം ഏതുതരം സ്ഥലമാണ്?
അധ്യായം 9
നരകം ഏതുതരം സ്ഥലമാണ്?
1. നരകത്തെക്കുറിച്ചു മതങ്ങൾ എന്തു പഠിപ്പിച്ചിരിക്കുന്നു?
1 നരകം ആളുകളെ ദണ്ഡിപ്പിക്കുന്ന ഒരു സ്ഥലമാണെന്നു ദശലക്ഷക്കണക്കിനാളുകളെ അവരുടെ മതങ്ങൾ പഠിപ്പിച്ചിരിക്കുന്നു. എൻസൈക്ളോപ്പീഡിയാ ബ്രിട്ടാനിക്കാ അനുസരിച്ച് “നരകം . . . എന്നേക്കും നിലനിൽക്കുമെന്നും അതിലെ ദുരിതങ്ങൾക്ക് അവസാനമില്ലെന്നും റോമൻ കത്തോലിക്കാസഭ പഠിപ്പിക്കുന്നു.” ഈ കത്തോലിക്കാ ഉപദേശത്തെ “അനേകം യാഥാസ്ഥിതിക പ്രോട്ടസ്ററൻറ് സമൂഹങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നു” എന്ന് എൻസൈക്ലോപ്പീഡിയാ തുടർന്നു പറയുന്നു. നരകം ഒരു ദണ്ഡനസ്ഥലമാണെന്നു ഹിന്ദുക്കളും ബുദ്ധമതക്കാരും മഹമ്മദീയരും പഠിപ്പിക്കുന്നു. ഈ ഉപദേശം പഠിച്ചിട്ടുളള ആളുകൾ നരകം ഇത്തരമൊരു ചീത്ത സ്ഥലമാണെങ്കിൽ അതിനെക്കുറിച്ചു സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്നു മിക്കപ്പോഴും പറയുന്നത് അതിശയമല്ല.
2. കുട്ടികളെ തീയിൽ ദഹിപ്പിക്കുന്നതിനെക്കുറിച്ചു ദൈവം എന്തു വിചാരിച്ചു?
2 ഇത് ഈ ചോദ്യം ഉദിപ്പിക്കുന്നു: സർവശക്തനായ ദൈവം ഇത്തരമൊരു ദണ്ഡനസ്ഥലം സൃഷ്ടിച്ചിട്ടുണ്ടോ? ശരി, ഇസ്രായേല്യർ സമീപവാസികളായ ജനങ്ങളുടെ ദൃഷ്ടാന്തം പിന്തുടർന്നുകൊണ്ടു തങ്ങളുടെ മക്കളെ തീയിൽ ദഹിപ്പിക്കാൻ തുടങ്ങിയപ്പോൾ ദൈവത്തിന്റെ വീക്ഷണം എന്തായിരുന്നു? അവൻ തന്റെ വചനത്തിൽ വിശദീകരിക്കുന്നതിങ്ങനെയാണ്: “തങ്ങളുടെ പുത്രീപുത്രൻമാരെ തീയിൽ ദഹിപ്പിക്കാൻ അവർ ഹിന്നോമിന്റെ പുത്രന്റെ താഴ്വരയിലെ തോഫെത്തിൽ ഉന്നതസ്ഥലങ്ങൾ പണിതിരിക്കുന്നു, ഞാൻ കല്പിച്ചിട്ടില്ലാത്തതും എന്റെ ഹൃദയത്തിൽ തോന്നിയിട്ടില്ലാത്തതുമായ ഒരു കാര്യമാണത്.”—യിരെമ്യാവ് 7:31.
3. ദൈവം മനുഷ്യരെ ദണ്ഡിപ്പിക്കുമെന്നു വിചാരിക്കുന്നതു ന്യായരഹിതവും തിരുവെഴുത്തു വിരുദ്ധവുമായിരിക്കുന്നതെന്തുകൊണ്ട്?
3 ഇതിനെക്കുറിച്ചു ചിന്തിക്കുക. ആളുകളെ തീയിലിട്ടു വറക്കുന്ന ആശയം ദൈവത്തിന്റെ ഹൃദയത്തിൽ ഒരിക്കലും തോന്നിയിട്ടില്ലെങ്കിൽ, തന്നെ സേവിക്കാത്തവർക്കുവേണ്ടി അവൻ ഒരു അഗ്നിനരകം സൃഷ്ടിച്ചുവെന്നതു ന്യായയുക്തമായി തോന്നുന്നുവോ? “ദൈവം സ്നേഹം ആകുന്നു” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) ഒരു സ്നേഹവാനായ ദൈവം യഥാർഥത്തിൽ ആളുകളെ എന്നേക്കും ദണ്ഡിപ്പിക്കുമോ? നിങ്ങൾ അങ്ങനെ ചെയ്യുമോ? ദൈവസ്നേഹത്തെക്കുറിച്ചുളള അറിവു നരകം കൃത്യമായി എന്താണെന്നു കണ്ടുപിടിക്കാൻ അവന്റെ വചനത്തിലേക്കു തിരിയുന്നതിനു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. അവിടെ പോകുന്നതാർ? എത്ര കാലത്തേക്ക്?
ഷീയോളും ഹേഡീസും
4. (എ) ഏത് എബ്രായപദവും ഗ്രീക്കുപദവുമാണ് “നരകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്? (ബി) ജയിംസ് രാജാവിന്റെ ഭാഷാന്തരം ഷീയോളിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്ങനെ?
4 വെബ്സ്റററുടെ [ഇംഗ്ലീഷ്] നിഘണ്ടു “നരകം” [ഇംഗ്ലീഷ്, hell] എന്ന പദം ഷീയോൾ എന്ന എബ്രായപദത്തിനും ഹേഡീസ് എന്ന ഗ്രീക്കുപദത്തിനും തുല്യമാണെന്നു പറയുന്നു. “നരക”ത്തിനു പകരം ജർമൻ ബൈബിളുകൾ ഹോയില്ലെ എന്ന പദമുപയോഗിക്കുന്നു; പോർച്ചുഗീസ് ഭാഷയിൽ ഇൻഫെർണോ, സ്പാനീഷിൽ ഇൻഫിയെർണോ, ഫ്രഞ്ചിൽ ഇൻഫെർ ഇവയാണു തുല്യപദങ്ങൾ. അധികൃത ഭാഷാന്തരത്തിന്റെ അഥവാ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിന്റെ വിവർത്തകർ ഷീയോളിനെ 31 പ്രാവശ്യം “നരകം” എന്നും 31 പ്രാവശ്യം “ശവക്കുഴി” എന്നും 3 പ്രാവശ്യം “കുഴി” എന്നുമാണു ഭാഷാന്തരം ചെയ്തിരിക്കുന്നത്. കത്തോലിക്കാ ഡുവേ ഭാഷാന്തരം ഷീയോളിനെ 64 പ്രാവശ്യം “നരകം” എന്നാണു വിവർത്തനം ചെയ്തിട്ടുളളത്. (സാധാരണയായി “പുതിയ നിയമം” എന്നു വിളിക്കപ്പെടുന്ന) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ജയിംസ് രാജാവിന്റെ ഭാഷാന്തരം ഹേഡീസ് വരുന്ന 10 സ്ഥലങ്ങളിലും അതിനെ “നരകം” എന്നു വിവർത്തനം ചെയ്തിരിക്കുന്നു.—മത്തായി 11:23; 16:18; ലൂക്കോസ് 10:15; 16:23; പ്രവൃത്തികൾ 2:27, 31; വെളിപ്പാട് 1:18; 6:8; 20:13, 14.
5. ഷീയോളിനെയും ഹേഡീസിനെയും സംബന്ധിച്ച് എന്തു ചോദ്യമുദിക്കുന്നു?
5 ഷീയോൾ അഥവാ ഹേഡീസ് എങ്ങനെയുളള സ്ഥലമാണ്? ഇതാണു പ്രശ്നം. ജയിംസ് രാജാവിന്റെ ഭാഷാന്തരം ഷീയോൾ എന്ന ഒരു എബ്രായപദത്തെ നരകം, ശവക്കുഴി, കുഴി എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിധങ്ങളിൽ പരിഭാഷപ്പെടുത്തുന്നത് ആ മൂന്നും ഒരേ സംഗതിതന്നെയാണെന്നു തെളിയിക്കുന്നു. നരകം മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ അർഥമാക്കുന്നപക്ഷം അതിന് അതേസമയം ഒരു അഗ്നിദണ്ഡനസ്ഥലത്തെ കുറിക്കാൻ സാധ്യമല്ല. കൊളളാം, ആ സ്ഥിതിക്ക് ഷീയോളും ഹേഡീസും ശവക്കുഴിയെ ആണോ അർഥമാക്കുന്നത്, അതോ ഒരു ദണ്ഡനസ്ഥലത്തെയാണോ?
6. (എ) ഷീയോളിനും ഹേഡീസിനും ഒരേ അർഥമാണുളളതെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) യേശു ഹേഡീസിലായിരുന്നുവെന്ന വസ്തുത എന്തു തെളിയിക്കുന്നു?
6 ഈ ചോദ്യത്തിനുളള ഉത്തരം നൽകുന്നതിനു മുമ്പു ഷീയോൾ എന്ന എബ്രായപദവും ഹേഡീസ് എന്ന ഗ്രീക്കുപദവും ഒരേ സംഗതിയെയാണ് അർഥമാക്കുന്നതെന്നു ഞങ്ങൾ വ്യക്തമാക്കിക്കൊളളട്ടെ. എബ്രായതിരുവെഴുത്തുകളിൽ സങ്കീർത്തനം 16:10 ലും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പ്രവൃത്തികൾ 2:31ലും നോക്കുന്നതിനാൽ ഇതു തെളിയും. നിങ്ങൾക്ക് ആ വാക്യങ്ങൾ അടുത്തപേജിൽ കാണാവുന്നതാണ്. ഷീയോൾ എന്ന പദം വരുന്ന സങ്കീർത്തനം 16:10-ൽനിന്ന് ഉദ്ധരിക്കുമ്പോൾ, പ്രവൃത്തികൾ 2:31 ഹേഡീസ് എന്ന പദം ഉപയോഗിക്കുന്നുവെന്നു ഗൗനിക്കുക. യേശുക്രിസ്തു ഹേഡീസിൽ അഥവാ നരകത്തിൽ ആയിരുന്നുവെന്നും ഗൗനിക്കുക. ദൈവം ക്രിസ്തുവിനെ ഒരു അഗ്നിനരകത്തിൽ ദണ്ഡിപ്പിച്ചുവെന്നു നാം വിശ്വസിക്കണമോ? തീർച്ചയായും പാടില്ല! യേശു കേവലം തന്റെ ശവക്കുഴിയിലായിരുന്നു.
7, 8. യാക്കോബിനെയും അദ്ദേഹത്തിന്റെ പുത്രനായ യോസേഫിനെയും ഇയ്യോബിനെയുംകുറിച്ചു പറഞ്ഞിരിക്കുന്നതു ഷീയോൾ ഒരു ദണ്ഡനസ്ഥലമല്ലെന്നു തെളിയിക്കുന്നതെങ്ങനെ?
7 യാക്കോബ് തന്റെ പ്രിയ പുത്രനായ യോസേഫ് കൊല്ലപ്പെട്ടതായി വിചാരിച്ച് അവനെക്കുറിച്ചു വിലപിക്കുകയിൽ ഇങ്ങനെ പറഞ്ഞു: “ഞാൻ വിലപിച്ചുകൊണ്ട് എന്റെ മകന്റെയടുക്കൽ ഷീയോളിലേക്കു പോകും!” (ഉല്പത്തി 37:35) എന്നാൽ ജയിംസ് രാജാവിന്റെ ഭാഷാന്തരം ഇവിടെ ഷീയോളിനെ “ശവക്കുഴി” എന്നും ഡുവേ ഭാഷാന്തരം “നരകം” എന്നും പരിഭാഷപ്പെടുത്തുന്നു. ഇപ്പോൾ ഒരു നിമിഷം നിന്നു ചിന്തിക്കുക. തന്റെ പുത്രനായ യോസേഫ് നിത്യത കഴിച്ചുകൂട്ടുവാൻ ഒരു ദണ്ഡനസ്ഥലത്തേക്കുപോയി എന്നു യാക്കോബ് വിശ്വസിച്ചിരുന്നുവോ? കൂടാതെ, അവിടെ പോയി അവനെ കണ്ടുമുട്ടുവാൻ യാക്കോബ് ആഗ്രഹിക്കുമായിരുന്നുവോ? അതോ, മറിച്ച്, തന്റെ പ്രിയപുത്രൻ മരിച്ചു ശവക്കുഴിയിലാണെന്നു യാക്കോബ് കരുതുകയും അവനും മരിക്കുവാൻ ആഗ്രഹിക്കുകയും ആയിരുന്നുവോ?
8 അതെ, നല്ല ആളുകൾ ബൈബിൾനരകത്തിൽ പോകുന്നു. ദൃഷ്ടാന്തമായി, വളരെയധികം കഷ്ടപ്പാടനുഭവിച്ച നല്ല മനുഷ്യനായ ഇയ്യോബ് ദൈവത്തോടിങ്ങനെ പ്രാർഥിച്ചപേക്ഷിച്ചു: “നീ എന്നെ ഷീയോളിൽ [ശവക്കുഴി, ജയിംസ് രാജാവിന്റെ ഭാഷാന്തരം; നരകം, ഡുവേ ഭാഷാന്തരം] മറച്ചുവെച്ചിരുന്നെങ്കിൽ, . . . നീ എനിക്കുവേണ്ടി ഒരു സമയപരിധിവെച്ച് എന്നെ ഓർത്തിരുന്നെങ്കിൽ!” (ഇയ്യോബ് 14:13) ഇപ്പോൾ ചിന്തിക്കുക: ഷീയോളിന്റെ അർഥം തീയും ദണ്ഡനവുമുളള സ്ഥലമെന്നാണെങ്കിൽ അവിടെ പോകാനും തന്നെ ദൈവം ഓർക്കുന്നതുവരെ അവിടെ സമയം ചെലവഴിക്കാനും ഇയ്യോബ് ആഗ്രഹിക്കുമോ? വ്യക്തമായി, തന്റെ കഷ്ടപ്പാടുകൾ അവസാനിക്കുന്നതിനു മരിക്കാനും ശവക്കുഴിയിലേക്കു പോകാനുമാണ് ഇയ്യോബ് ആഗ്രഹിച്ചത്.
9. (എ) ഷീയോളിലുളളവരുടെ അവസ്ഥ എന്താണ്? (ബി) അതുകൊണ്ട് ഷീയോളും ഹേഡീസും എന്താണ്?
9 ബൈബിളിൽ ഷീയോൾ എന്ന പദം കാണപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും അത് ഒരിക്കലും ജീവനോടോ പ്രവർത്തനത്തോടോ ദണ്ഡനത്തോടോ ബന്ധപ്പെട്ടിരിക്കുന്നില്ല. പകരം, അതു മിക്കപ്പോഴും മരണത്തോടും നിഷ്ക്രിയത്വത്തോടുമാണു ബന്ധപ്പെട്ടിരിക്കുന്നത്. ദൃഷ്ടാന്തത്തിന് സഭാപ്രസംഗി 9:10-നെക്കുറിച്ചു ചിന്തിക്കുക. അതിങ്ങനെ വായിക്കുന്നു: “നിന്റെ കൈക്കു ചെയ്യാൻ കിട്ടുന്നതെല്ലാം നിന്റെ ശക്തിയോടെതന്നെ ചെയ്യുക, എന്തെന്നാൽ നീ പോകുന്ന സ്ഥലമായ ഷീയോളിൽ [ശവക്കുഴി, ജയിംസ് രാജാവിന്റെ ഭാഷാന്തരം; നരകം, ഡുവേ ഭാഷാന്തരം] പ്രവൃത്തിയോ ആസൂത്രണമോ അറിവോ ജ്ഞാനമോ ഇല്ല.” അതുകൊണ്ട് ഉത്തരം സുവ്യക്തമായിത്തീരുന്നു. ഷീയോളും ഹേഡീസും പരാമർശിക്കുന്നതു ദണ്ഡനസ്ഥലത്തെയല്ല, പിന്നെയോ മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെയാണ്. (സങ്കീർത്തനം 139:8) നല്ലവരും കൊളളരുതാത്തവരും ബൈബിൾനരകത്തിൽ പോകുന്നു.
നരകത്തിൽനിന്നു പുറത്തുവരുന്നു
10, 11. യോനാ മത്സ്യത്തിന്റെ വയററിലായിരുന്നപ്പോൾ അവൻ നരകത്തിലായിരുന്നുവെന്നു പറഞ്ഞതെന്തുകൊണ്ട്?
10 ആളുകൾക്കു നരകത്തിൽനിന്നു പുറത്തുവരുവാൻ കഴിയുമോ? യോനായുടെ കാര്യം പരിചിന്തിക്കുക. യോനായെ മുങ്ങിമരിക്കാതെ രക്ഷിക്കാൻ ദൈവം ഒരു വലിയ മത്സ്യം അവനെ വിഴുങ്ങുവാനിടയാക്കിയപ്പോൾ യോനാ ആ മത്സ്യത്തിന്റെ വയററിൽ കിടന്നു പ്രാർഥിച്ചു: “എന്റെ അരിഷ്ടതയിൽനിന്നു ഞാൻ യഹോവയോടു നിലവിളിച്ചു, അവൻ എനിക്ക് ഉത്തരം നൽകാൻ പുറപ്പെട്ടു. ഷീയോളിന്റെ [നരകത്തിന്റെ, ജയിംസ് രാജാവിന്റെ ഭാഷാന്തരം, ഡുവേ ഭാഷാന്തരം (2:3)] വയററിൽനിന്നു ഞാൻ സഹായത്തിനായി നിലവിളിച്ചു. നീ എന്റെ ശബ്ദം കേട്ടു.”—യോനാ 2:2.
11 “നരകത്തിന്റെ വയററിൽനിന്ന്” എന്നതിനാൽ യോനാ എന്താണർഥമാക്കിയത്? തീർച്ചയായും ആ മത്സ്യത്തിന്റെ വയറ് ഒരു അഗ്നിദണ്ഡനസ്ഥലമായിരുന്നില്ല. എന്നാൽ അതിനു യോനായുടെ ശവക്കുഴിയായിത്തീരാൻ കഴിയുമായിരുന്നു. യഥാർഥത്തിൽ യേശുക്രിസ്തു തന്നേക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “യോനാ മത്സ്യത്തിന്റെ വയററിൽ മൂന്നു പകലും മൂന്നു രാത്രിയും ഇരുന്നതുപോലെ മനുഷ്യപുത്രൻ ഭൂമിക്കുളളിൽ മൂന്നു പകലും മൂന്നു രാത്രിയും ഇരിക്കുന്നതാണ്.”—മത്തായി 12:40.
12. (എ) നരകത്തിലുളളവർക്കു പുറത്തുവരാൻ കഴിയുമെന്ന് എന്തു തെളിവുണ്ട്? (ബി) “നരകം” “ശവക്കുഴി”യെ അർഥമാക്കുന്നുവെന്നു വേറെ എന്തു തെളിവുണ്ട്?
12 യേശു മൂന്നു ദിവസം മരിച്ചു ശവക്കുഴിയിലായിരുന്നു. എന്നാൽ ബൈബിൾ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “അവന്റെ ദേഹിയെ നരകത്തിൽ ഉപേക്ഷിച്ചുകളഞ്ഞില്ല . . . ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃത്തികൾ 2:31, 32, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അതുപോലെതന്നെ, ദൈവത്തിന്റെ നടത്തിപ്പിനാൽ യോനാ നരകത്തിൽനിന്ന്, അതായത് അവന്റെ ശവക്കുഴി ആകാമായിരുന്നടത്തുനിന്ന്, ഉയിർപ്പിക്കപ്പെട്ടു. ഇതു സംഭവിച്ചതു മത്സ്യം അവനെ ഉണങ്ങിയ നിലത്തേക്കു ഛർദിച്ചപ്പോഴായിരുന്നു. അതെ, ആളുകൾക്കു നരകത്തിൽനിന്നു പുറത്തുവരാൻ കഴിയും! വാസ്തവത്തിൽ, ഹൃദയോദ്ദീപകമായ വാഗ്ദത്തം നരകത്തിൽ (ഹേഡീസിൽ) ഉളള മൃതൻമാരെ മുഴുവൻ ഒഴിപ്പിച്ച് അതിനെ ശൂന്യമാക്കും എന്നാണ്. വെളിപ്പാട് 20:13 വായിച്ചാൽ ഇതു മനസ്സിലാക്കാവുന്നതാണ്. അതിങ്ങനെ വായിക്കുന്നു: “സമുദ്രം അതിലുളള മരിച്ചവരെ വിട്ടുകൊടുത്തു; മരണവും നരകവും (ഹേഡീസും) അവയിലുളള മരിച്ചവരെയും ഏൽപ്പിച്ചുകൊടുത്തു: അവരോരോരുത്തരും തങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ചു ന്യായവിധി പ്രാപിച്ചു.”—ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ഗീഹെന്നായും തീത്തടാകവും
13. ബൈബിളിൽ 12 പ്രാവശ്യം കാണുന്ന ഏതു ഗ്രീക്കുപദം കിംഗ് ജയിംസ് വേർഷനിൽ “നരകം” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു?
13 എന്നിരുന്നാലും, ‘ബൈബിൾ തീനരകത്തെയും തീത്തടാകത്തെയും കുറിച്ചു പ്രസ്താവിക്കുകതന്നെ ചെയ്യുന്നു. നരകം ഒരു ദണ്ഡനസ്ഥലമാണെന്ന് അതു തെളിയിക്കുന്നില്ലേ?’ എന്നു പറഞ്ഞുകൊണ്ടു ചിലർ എതിർത്തേക്കാം. കിംഗ് ജയിംസ് വേർഷൻ പോലെയുളള ചില ബൈബിൾഭാഷാന്തരങ്ങൾ “തീനരക”ത്തെക്കുറിച്ചും “ഒരിക്കലും കെടുത്താത്ത തീയായ നരകത്തിലേക്ക് എറിയപ്പെടുന്ന”തിനെക്കുറിച്ചും പറയുന്നുണ്ടെന്നുളളതു സത്യംതന്നെ. (മത്തായി 5:22; മർക്കോസ് 9:45) ജയിംസ് രാജാവിന്റെ ഭാഷാന്തരം ഗീഹെന്നാ എന്ന ഗ്രീക്കു പദത്തെ വിവർത്തനം ചെയ്യാൻ “നരകം” എന്ന പദം ഉപയോഗിക്കുന്ന മൊത്തം 12 വാക്യങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലുണ്ട്. ഹേഡീസ് “നരകം” എന്നു പരിഭാഷപ്പെടുത്തുമ്പോൾ അതു കേവലം ശവക്കുഴിയെ അർഥമാക്കുമ്പോൾ ഗീഹെന്നാ യഥാർഥത്തിൽ ഒരു അഗ്നിദണ്ഡനസ്ഥലമാണോ?
14. ഗീഹെന്നാ എന്താണ്? അവിടെ എന്താണു ചെയ്യപ്പെട്ടിരുന്നത്?
14 ഷീയോൾ എന്ന എബ്രായപദവും ഹേഡീസ് എന്ന ഗ്രീക്കുപദവും ശവക്കുഴിയെ അർഥമാക്കുകതന്നെ ചെയ്യുന്നുവെന്നു വ്യക്തമാണ്. അപ്പോൾ ഗീഹെന്നായുടെ അർഥമെന്താണ്? എബ്രായതിരുവെഴുത്തുകളിൽ ഗീഹെന്നാ “ഹിന്നോം താഴ്വര”യാണ്. ഹിന്നോം യെരുശലേമിന്റെ മതിലുകൾക്കു തൊട്ടുവെളിയിലുണ്ടായിരുന്ന താഴ്വരയുടെ പേരായിരുന്നുവെന്ന് ഓർക്കുക. അവിടെ ഇസ്രയേല്യർ തങ്ങളുടെ മക്കളെ അഗ്നിയിൽ ബലി ചെയ്തിരുന്നു. കാലക്രമത്തിൽ, നല്ല രാജാവായിരുന്ന യോശീയാവ് അത്തരമൊരു ഭീകര നടപടിക്ക് ഈ താഴ്വര ഉപയോഗപ്പെടുത്തുന്നതിനു പററാത്തതാക്കി. (2 രാജാക്കൻമാർ 23:10) അത് ഒരു വലിയ ചവററുകുപ്പ ആക്കപ്പെട്ടു.
15. (എ) യേശുവിന്റെ നാളിൽ ഗീഹെന്നാ എന്തിന് ഉപയോഗിക്കപ്പെട്ടിരുന്നു? (ബി) അവിടേക്ക് എന്ത് ഒരിക്കലും എറിയപ്പെട്ടിരുന്നില്ല?
15 അതുകൊണ്ട് യേശു ഭൂമിയിലായിരുന്ന കാലത്തു ഗീഹെന്നാ യെരുശലേമിലെ ചപ്പുചവറുകളിടുന്ന സ്ഥലമായിരുന്നു. ചപ്പുചവറുകൾ ചുട്ടെരിക്കുന്നതിനു ഗന്ധകം ചേർത്തിരുന്നതിനാൽ അവിടെ തീ കെടാതെ കത്തിക്കൊണ്ടിരുന്നു. സ്മിത്തിന്റെ ബൈബിൾ നിഘണ്ടു, വാല്യം 1 ഇങ്ങനെ വിശദീകരിക്കുന്നു: “അതു നഗരത്തിന്റെ പൊതു ചവററുകുപ്പ ആയിത്തീർന്നു, അവിടേക്ക് കുററപ്പുളളികളുടെ ശവങ്ങളും ചത്ത മൃഗങ്ങളുടെ ഉടലുകളും മറെറല്ലാത്തരം മലിനവസ്തുക്കളും എറിയപ്പെട്ടിരുന്നു.” എന്നിരുന്നാലും, ജീവനുളള യാതൊരു ജീവിയെയും അവിടെ ഇട്ടിരുന്നില്ല.
16. ഗീഹെന്നാ നിത്യനാശത്തിന്റെ ഒരു പ്രതീകമായി ഉപയോഗിക്കപ്പെട്ടുവെന്ന് എന്തു തെളിവുണ്ട്?
16 “സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന് എങ്ങനെ ഓടിപ്പോകാനാണ്?” എന്നു യേശു ദുഷ്ട മതനേതാക്കൻമാരോടു പറഞ്ഞപ്പോൾ അവൻ അർഥമാക്കിയതെന്താണെന്നു തങ്ങളുടെ നഗരത്തിന്റെ ചവററുകുപ്പയെക്കുറിച്ച് അറിവുണ്ടായിരുന്നതിനാൽ യെരൂശലേം നിവാസികൾക്കു മനസ്സിലായി. (മത്തായി 23:33) ആ മതനേതാക്കൻമാർ ദണ്ഡിപ്പിക്കപ്പെടുമെന്നു യേശു അർഥമാക്കിയില്ലെന്നു വ്യക്തമാണ്. ആ താഴ്വരയിൽ ഇസ്രായേല്യർ തങ്ങളുടെ മക്കളെ ജീവനോടെ ദഹിപ്പിച്ചപ്പോൾ അത്തരമൊരു ഭയങ്കര പ്രവൃത്തി തന്റെ ഹൃദയത്തിൽ ഒരിക്കലും തോന്നിയിട്ടില്ലെന്നു ദൈവം പറയുകയുണ്ടായി! അതുകൊണ്ട് യേശു പൂർണവും നിത്യവുമായ നാശത്തിന്റെ ഒരു ഉചിതമായ പ്രതീകമായി ഗീഹെന്നായെ ഉപയോഗിക്കുകയായിരുന്നുവെന്നു വ്യക്തമായിരുന്നു. ആ ദുഷ്ട മതനേതാക്കൻമാർ ഒരു പുനരുത്ഥാനത്തിനു യോഗ്യരല്ലെന്ന് അവൻ അർഥമാക്കി. ഗീഹെന്നായിലേക്കു പോകുന്നവർ വെറും ചപ്പുചവറുപോലെ എന്നേക്കുമായി നശിപ്പിക്കപ്പെടുമെന്നു യേശുവിനെ ശ്രദ്ധിച്ചവർക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
17. “തീത്തടാകം” എന്താണ്, ഇതിന് എന്തു തെളിവുണ്ട്?
17 അപ്പോൾ വെളിപ്പാട് എന്ന ബൈബിൾപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന “തീത്തടാകം” എന്താണ്? അതിനു ഗീഹെന്നായോടു സമാനമായ ഒരു അർഥമാണുളളത്. അതിന്റെ അർഥം ബോധപൂർവകമായ ദണ്ഡനമെന്നല്ല, പിന്നെയോ നിത്യമരണം അഥവാ നാശം എന്നാണ്. ബൈബിൾതന്നെ ഇതു വെളിപ്പാട് 20:14-ൽ പറയുന്നതു ശ്രദ്ധിക്കുക: “മരണവും ഹേഡീസും [നരകവും, ജയിംസ് രാജാവിന്റെ ഭാഷാന്തരം, ഡുവേ ഭാഷാന്തരം] തീത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതിന്റെ അർഥം രണ്ടാം മരണമെന്നാണ്, തീത്തടാകംതന്നെ.” അതെ, തീത്തടാകത്തിന്റെ അർഥം “രണ്ടാം മരണം” എന്നാണ്, ആ മരണത്തിൽനിന്നു പുനരുത്ഥാനം ഇല്ല. ഈ “തടാകം” ഒരു പ്രതീകമാണെന്നു സ്പഷ്ടമാണ്, എന്തുകൊണ്ടെന്നാൽ മരണവും നരകവുമാണു (ഹേഡീസ്) അതിലേക്ക് എറിയപ്പെടുന്നത്. മരണത്തെയും നരകത്തെയും അക്ഷരീയമായി ദഹിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ അവയെ നീക്കാൻ അഥവാ നശിപ്പിക്കാൻ കഴിയും, നശിപ്പിക്കുകയും ചെയ്യും.
18. പിശാച് “തീത്തടാക”ത്തിൽ എന്നേക്കും ദണ്ഡിപ്പിക്കപ്പെടും എന്നുളളതിന്റെ അർഥമെന്ത്?
18 ‘എന്നാൽ തീത്തടാകത്തിൽ പിശാചിനെ എന്നേക്കും ദണ്ഡിപ്പിക്കുമെന്നു ബൈബിൾ പറയുന്നുണ്ടല്ലോ’ എന്നു ചിലർ ചൂണ്ടിക്കാണിച്ചേക്കാം. (വെളിപ്പാട് 20:10) അതിന്റെ അർഥമെന്താണ്? യേശു ഭൂമിയിലായിരുന്നപ്പോൾ ജയിലർമാർ ചിലപ്പോൾ “ദണ്ഡിപ്പിക്കുന്നവർ” എന്നു വിളിക്കപ്പെട്ടിരുന്നു. യേശു തന്റെ ഉപമകളിലൊന്നിൽ ഒരു പ്രത്യേക മനുഷ്യനെക്കുറിച്ചു പറഞ്ഞപ്രകാരം: “അവന്റെ യജമാനൻ കോപിച്ചു, അവനു ചെല്ലേണ്ടതെല്ലാം കൊടുക്കുന്നതുവരെ അവനെ ദണ്ഡിപ്പിക്കുന്നവരെ ഏല്പിച്ചു.” (മത്തായി 18:34, ജയിംസ് രാജാവിന്റെ ഭാഷാന്തരം) “തീത്തടാക”ത്തിലേക്ക് എറിയപ്പെടുന്നവർ “രണ്ടാം മരണ”ത്തിലേക്കു പോകുന്നതിനാൽ അവർ എന്നേക്കും മരണത്തിൽ ജയിലിലാക്കപ്പെടുകയാണ്, എന്നുതന്നെ പറയട്ടെ. “രണ്ടാം മരണ”ത്തിൽനിന്നു പുനരുത്ഥാനമില്ല. അവർ ജയിലർമാരുടെ ബന്തവസ്സിലെന്നപോലെ, സകല നിത്യതയിലും മരണത്തിൽ സ്ഥിതിചെയ്യുന്നു. തീർച്ചയായും ദുഷ്ടൻമാർ അക്ഷരീയമായി ദണ്ഡിപ്പിക്കപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ നാം കണ്ടുകഴിഞ്ഞതുപോലെ, ഒരു വ്യക്തി മരിക്കുമ്പോൾ അയാൾ തികച്ചും അസ്തിത്വരഹിതനായിത്തീരുന്നു. അയാൾക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല.
ധനവാനും ലാസറും
19. ധനവാനെയും ലാസറിനെയുംകുറിച്ചുളള യേശുവിന്റെ വാക്കുകൾ ഒരു ദൃഷ്ടാന്തമാണെന്നു നാം എങ്ങനെ അറിയുന്നു?
19 അപ്പോൾ യേശു തന്റെ ഉപമകളിലൊന്നിൽ പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ എന്താണർഥമാക്കിയത്: “യാചകൻ മരിച്ചു, അവനെ ദൂതൻമാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി: കൂടാതെ, ധനവാനും മരിച്ചു, അടക്കപ്പെട്ടു; നരകത്തിൽ [ഹേഡീസിൽ] ദണ്ഡനത്തിൽ സ്ഥിതിചെയ്തുകൊണ്ട് അവൻ തന്റെ കണ്ണുകളുയർത്തി വിദൂരത്തിൽ അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു.” (ലൂക്കോസ് 16:19-31, ജയിംസ് രാജാവിന്റെ ഭാഷാന്തരം) ഹേഡീസ് ഒരു ദണ്ഡനസ്ഥലത്തെയല്ല, മനുഷ്യവർഗത്തിന്റെ ശവക്കുഴിയെ പരാമർശിക്കുന്നുവെന്നു നാം കണ്ടുകഴിഞ്ഞതിനാൽ യേശു ഇവിടെ ഒരു ദൃഷ്ടാന്തമോ കഥയോ പറയുകയായിരുന്നുവെന്നു വ്യക്തമാണ്. ഇത് ഒരു അക്ഷരീയ വിവരണമല്ല, പിന്നെയോ ഒരു ദൃഷ്ടാന്തമാണെന്നുളളതിനു കൂടുതൽ തെളിവിലേക്ക് ഇതു പരിചിന്തിക്കുക: ഇങ്ങനെയുളള ഒരു യഥാർഥ സംഭാഷണം നടത്താൻ കഴിയതക്കവണ്ണം നരകം അക്ഷരീയമായി സ്വർഗത്തിൽനിന്നു സംസാരിക്കാവുന്ന അകലത്തിലാണോ? തന്നെയുമല്ല, ധനവാൻ അക്ഷരീയമായി തീ എരിയുന്ന ഒരു തടാകത്തിലായിരുന്നെങ്കിൽ ലാസറിന്റെ വിരലിന്റെ അഗ്രത്തിലെ വെറും ഒരുതുളളി വെളളംകൊണ്ട് അവന്റെ നാവിനെ തണുപ്പിക്കാൻ അബ്രാഹാമിന് എങ്ങനെ ലാസറിനെ അയയ്ക്കാൻ കഴിയും? അപ്പോൾ യേശു എന്തു ദൃഷ്ടാന്തീകരിക്കുകയായിരുന്നു?
20. ദൃഷ്ടാന്തത്തിൽ (എ) ധനവാന്റെയും (ബി) ലാസറിന്റെയും (സി) ഓരോരുത്തരുടെയും മരണത്തിന്റെയും (ഡി) ധനവാന്റെ ദണ്ഡനങ്ങളുടെയും അർഥമെന്ത്?
20 ദൃഷ്ടാന്തത്തിലെ ധനവാൻ യേശുവിനെ തളളിക്കളയുകയും പിന്നീടു കൊല്ലുകയും ചെയ്ത ഗർവിഷ്ഠരായിരുന്ന മതനേതാക്കൻമാരെ പ്രതിനിധാനം ചെയ്യുന്നു. ലാസർ ദൈവപുത്രനെ സ്വീകരിച്ച സാമാന്യജനത്തെ ചിത്രീകരിച്ചു. ധനവാന്റെയും ലാസറിന്റെയും മരണം അവരുടെ അവസ്ഥയിലെ ഒരു മാററത്തെ പ്രതിനിധാനം ചെയ്തു. ഈ മാററം സംഭവിച്ചത് അവഗണിക്കപ്പെട്ടിരുന്ന ലാസർ തുല്യരായ ആളുകളെ യേശു ആത്മീയമായി പോഷിപ്പിക്കുകയും തന്നിമിത്തം അവർ വലിപ്പമേറിയ അബ്രാഹാമായ യഹോവയാം ദൈവത്തിന്റെ പ്രീതിയിലേക്കു വരികയും ചെയ്തപ്പോഴായിരുന്നു. അതേസമയം, വ്യാജമതനേതാക്കൻമാർ ദൈവപ്രീതി സംബന്ധിച്ചു മരിച്ചു. തളളപ്പെട്ടതിനാൽ അവർ ക്രിസ്തുവിന്റെ അനുഗാമികൾ അവരുടെ ദുഷ്പ്രവൃത്തികളെ വെളിച്ചത്തുകൊണ്ടുവന്നപ്പോൾ ദണ്ഡനമനുഭവിച്ചു. (പ്രവൃത്തികൾ 7:51-57) അതുകൊണ്ട് ചില മരിച്ചവർ ഒരു അക്ഷരീയ തീനരകത്തിൽ ദണ്ഡിപ്പിക്കപ്പെടുന്നുവെന്ന് ഈ ദൃഷ്ടാന്തം പഠിപ്പിക്കുന്നില്ല.
ഭൂതനിശ്വസ്തമായ ഉപദേശങ്ങൾ
21. (എ) പിശാച് ഏതു ഭോഷ്കുകൾ പരത്തിയിരിക്കുന്നു? (ബി) ശുദ്ധീകരണസ്ഥലത്തിന്റെ ഉപദേശം വ്യാജമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
21 “നിങ്ങൾ തീർച്ചയായും മരിക്കുകയില്ല” എന്നു ഹവ്വായോടു പറഞ്ഞതു പിശാചായിരുന്നു. (ഉല്പത്തി 3:4; വെളിപ്പാട് 12:9) എന്നാൽ അവൾ മരിക്കുകതന്നെ ചെയ്തു. അവളുടെ ഒരു ഭാഗവും തുടർന്നു ജീവിച്ചില്ല. മരണത്തിനുശേഷം ദേഹി തുടർന്നു ജീവിക്കുന്നുവെന്നതു പിശാച് തുടക്കമിട്ട ഒരു ഭോഷ്കാണ്. ദുഷ്ടൻമാരുടെ ദേഹികൾ ഒരു നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ദണ്ഡിപ്പിക്കപ്പെടുന്നുവെന്നതും പിശാചു പരത്തിയ ഒരു ഭോഷ്ക്കാണ്. മരിച്ചവർക്കു ബോധമില്ലെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നതുകൊണ്ട് ഈ ഉപദേശങ്ങൾ സത്യമായിരിക്കാവുന്നതല്ല. യഥാർഥത്തിൽ, “ശുദ്ധീകരണസ്ഥലം” എന്ന പദമോ ഒരു ശുദ്ധീകരണസ്ഥലത്തിന്റെ ആശയമോ ബൈബിളിൽ കാണപ്പെടുന്നില്ല.
22. (എ) ഈ അധ്യായത്തിൽനിന്നു നാം എന്തു പഠിച്ചിരിക്കുന്നു? (ബി) ഈ അറിവിനു നിങ്ങളുടെമേൽ എന്തു ഫലമുണ്ടായിട്ടുണ്ട്?
22 നരകം (ഷീയോൾ, അഥവാ ഹേഡീസ്) മരിച്ചവർ പ്രത്യാശയിൽ വിശ്രമിക്കുന്ന ഒരു സ്ഥലമാണെന്നു നാം കണ്ടുകഴിഞ്ഞു. പുനരുത്ഥാനത്തിനായി കാത്തിരുന്നുകൊണ്ട് നല്ലവരും ചീത്തയാളുകളും അവിടേക്കു പോകുന്നു. ഗീഹെന്നാ ഒരു ദണ്ഡനസ്ഥലത്തെ അർഥമാക്കുന്നില്ല, പിന്നെയോ നിത്യനാശത്തിന്റെ ഒരു പ്രതീകമായി ബൈബിളിലുപയോഗിക്കപ്പെട്ടിരിക്കുന്നുവെന്നും നാം മനസ്സിലാക്കി. അപ്രകാരംതന്നെ “തീത്തടാകം” ഒരു അക്ഷരീയ അഗ്നിസ്ഥലമല്ല. അത് “രണ്ടാം മരണ”ത്തെ പ്രതിനിധാനം ചെയ്യുന്നു, അതിൽനിന്നു പുനരുത്ഥാനം ഉണ്ടായിരിക്കയില്ല. നരകം ഒരു ദണ്ഡനസ്ഥലമായിരിക്കാവുന്നതല്ല. എന്തുകൊണ്ടെന്നാൽ അത്തരമൊരു ആശയം ദൈവത്തിന്റെ മനസ്സിലോ ഹൃദയത്തിലോ ഒരിക്കലും തോന്നിയിട്ടില്ല. മാത്രവുമല്ല, ചുരുക്കം ചില വർഷങ്ങളിൽ ഭൂമിയിൽ തെററു ചെയ്തതുകൊണ്ട് ഒരാളെ നിത്യം ദണ്ഡിപ്പിക്കുന്നതു നീതിക്കു വിരുദ്ധമാണ്. മരിച്ചവരെക്കുറിച്ചുളള സത്യം അറിയുന്നത് എത്ര പ്രയോജനകരമാണ്! അതിനു വാസ്തവത്തിൽ ഒരുവനെ ഭയത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും സ്വതന്ത്രനാക്കാൻ കഴിയും.—യോഹന്നാൻ 8:32.
[അധ്യയന ചോദ്യങ്ങൾ]
[83-ാം പേജിലെ ചതുരം]
“ഷീയോൾ” എന്ന എബ്രായപദവും “ഹേഡീസ്” എന്ന ഗ്രീക്കുപദവും ഒരേ സംഗതിയെ അർഥമാക്കുന്നു
അമേരിക്കൻ പ്രമാണഭാഷാന്തരത്തിന്റെ വിവർത്തനം
10 എന്തുകൊണ്ടെന്നാൽ നീ എന്റെ ദേഹിയെ ഷീയോളിൽ ഉപേക്ഷിച്ചു വിടുകയില്ല; നിന്റെ പരിശുദ്ധനെ ജീർണത കാണുവാൻ നീ അനുവദിക്കുകയുമില്ല.
31 ഇതു മുൻകണ്ടുകൊണ്ട് അവൻ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു സംസാരിച്ചു; തദനുസരണം അവൻ ഹേഡീസിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയോ അവന്റെ ജഡം ജീർണത കാണുകയോ ഉണ്ടായില്ല.
[84, 85 പേജുകളിലെ ചതുരം]
യോനായെ ഒരു മത്സ്യം വിഴുങ്ങിയശേഷം, ‘നരകത്തിന്റെ വയററിൽനിന്നു ഞാൻ നിലവിളിച്ചു’ എന്ന് അവൻ പറഞ്ഞതെന്തുകൊണ്ട്?
[86-ാം പേജിലെ ചതുരം]
ഗീഹെന്നാ യെരുശലേമിനു വെളിയിലുളള ഒരു താഴ്വരയായിരുന്നു. അത് നിത്യമരണത്തിന്റെ ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നു