നാം പത്തു കല്പനകളിൻ കീഴിലാണോ?
അധ്യായം 24
നാം പത്തു കല്പനകളിൻ കീഴിലാണോ?
1. മോശ ജനത്തിന് ഏതു നിയമം ഏൽപ്പിച്ചുകൊടുത്തു?
1 നാം ഏതു നിയമങ്ങൾ അനുസരിക്കണമെന്നാണു യഹോവയാം ദൈവം നമ്മോടാവശ്യപ്പെടുന്നത്? ബൈബിൾ “മോശയുടെ നിയമം” അഥവാ “ന്യായപ്രമാണം” എന്നു ചിലപ്പോൾ വിളിക്കുന്നതു നാം അനുസരിക്കേണ്ടതുണ്ടോ? (1 രാജാക്കൻമാർ 2:3; തീത്തോസ് 3:9) അത് “യഹോവയുടെ നിയമം” എന്നും വിളിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവനാണ് അതു നൽകിയത്. (1 ദിനവൃത്താന്തം 16:40) മോശ ന്യായപ്രമാണം ജനത്തിന് ഏൽപ്പിച്ചുകൊടുത്തുവെന്നേയുളളു.
2. ഈ നിയമത്തിൽ എന്തടങ്ങിയിരിക്കുന്നു?
2 മോശയുടെ നിയമത്തിൽ 600-ലധികം നിയമങ്ങൾ അഥവാ കല്പനകൾ ഉൾപ്പെട്ടിരിക്കുന്നു, അവയിൽ മുഖ്യമായിട്ടുളളതു 10 ആണ്. മോശ പറഞ്ഞപ്രകാരം: “അവൻ [യഹോവ] പത്തു കല്പനകൾതന്നെ അനുഷ്ഠിക്കാൻ നിങ്ങളോടു കൽപ്പിച്ചു; അവൻ രണ്ടു കല്പലകകളിൻമേൽ അവ എഴുതി.” (ആവർത്തനം 4:13; പുറപ്പാട് 31:18, ജയിംസ് രാജാവിന്റെ ഭാഷാന്തരം) എന്നാൽ പത്തു കല്പനകൾ ഉൾപ്പെടുന്ന ന്യായപ്രമാണം യഹോവ ആർക്കാണു കൊടുത്തത്? അവൻ സകല മനുഷ്യവർഗത്തിനും അതു കൊടുത്തോ? ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ ഇസ്രായേലിന്
3. ന്യായപ്രമാണം ഇസ്രായേലിനു മാത്രമാണു കൊടുക്കപ്പെട്ടതെന്നു നാം എങ്ങനെ അറിയുന്നു?
3 ന്യായപ്രമാണം കൊടുക്കപ്പെട്ടതു സകല മനുഷ്യവർഗത്തിനുമല്ല. യഹോവ ഇസ്രായേൽജനതയായിത്തീർന്ന യാക്കോബിന്റെ സന്തതികളുമായി ഒരു ഉടമ്പടി, ഒരു കരാർ ചെയ്തു. യഹോവ ഈ ജനതയ്ക്കു മാത്രമാണ് തന്റെ നിയമങ്ങൾ കൊടുത്തത്. ബൈബിൾ ആവർത്തനം 5:1-3 ലും സങ്കീർത്തനം 147:19, 20 ലും ഇതു വ്യക്തമാക്കുന്നുണ്ട്.
4. ന്യായപ്രമാണം ഇസ്രായേലിനു കൊടുക്കപ്പെട്ടതെന്തുകൊണ്ട്?
4 “അപ്പോൾ ന്യായപ്രമാണം എന്തിനാണ്?” എന്ന ചോദ്യം അപ്പോസ്തലനായ പൗലോസ് ചോദിച്ചു. അതെ, എന്ത് ഉദ്ദേശ്യത്തിലാണു യഹോവ ഇസ്രായേലിനു തന്റെ നിയമം കൊടുത്തത്? പൗലോസ് ഉത്തരം നൽകി: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വന്നെത്തുന്നതുവരെ ലംഘനങ്ങൾ പ്രത്യക്ഷമാകേണ്ടതിന്. . .തൽഫലമായി, ന്യായപ്രമാണം ക്രിസ്തുവിലേക്കു നയിക്കുന്ന നമ്മുടെ ഗുരു [അഥവാ അധ്യാപകൻ] ആയിത്തീർന്നു.” (ഗലാത്യർ 3:19-24) ന്യായപ്രമാണത്തിന്റെ പ്രത്യേക ഉദ്ദേശ്യം ക്രിസ്തു വന്നെത്തുമ്പോൾ ഇസ്രായേൽജനത അവനെ സ്വീകരിക്കാൻ തയ്യാറായിരിക്കേണ്ടതിന് അവരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുകയെന്നതായിരുന്നു. ന്യായപ്രമാണം ആവശ്യപ്പെട്ട അനേകം ബലികൾ തങ്ങൾ ഒരു രക്ഷകന്റെ ആവശ്യമുളള പാപികളാണെന്ന് ഇസ്രായേല്യരെ അനുസ്മരിപ്പിച്ചു.—എബ്രായർ 10:1-4.
“ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു”
5. ക്രിസ്തു വരുകയും നമുക്കുവേണ്ടി മരിക്കുകയും ചെയ്തപ്പോൾ ന്യായപ്രമാണത്തിന് എന്തു സംഭവിച്ചു?
5 യേശുക്രിസ്തു തീർച്ചയായും ആ വാഗ്ദത്ത രക്ഷകൻ ആയിരുന്നു, അവന്റെ ജനനസമയത്തു ദൂതൻ പ്രഖ്യാപിച്ചതുപോലെതന്നെ. (ലൂക്കോസ് 2:8-24) അതുകൊണ്ട് ക്രിസ്തു വന്ന് തന്റെ പൂർണജീവൻ ബലിയായി നൽകിയപ്പോൾ ന്യായപ്രമാണത്തിന് എന്തു സംഭവിച്ചു? അതു നീക്കപ്പെട്ടു. “നാം മേലാൽ ഒരു ഗുരുവിന്റെ കീഴിലല്ല” എന്നു പൗലോസ് വിശദീകരിച്ചു. (ഗലാത്യർ 3:25) ന്യായപ്രമാണത്തിന്റെ നീക്കം ചെയ്യൽ ഇസ്രായേല്യർക്ക് ഒരു ആശ്വാസമായിരുന്നു. അവർ പാപികളാണെന്ന് അതു പ്രകടമാക്കിയിരുന്നു, എന്തുകൊണ്ടെന്നാൽ ആ ന്യായപ്രമാണം പൂർണമായി അനുസരിക്കുന്നതിൽ അവരെല്ലാം കുറവുളളവരായിത്തീർന്നു. “ക്രിസ്തു വിലയ്ക്കുവാങ്ങലിനാൽ നമ്മെ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു മോചിപ്പിച്ചു”വെന്നു പൗലോസ് പറഞ്ഞു. (ഗലാത്യർ 3:10-14) അതുകൊണ്ട് “ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു” എന്നും ബൈബിൾ പറയുന്നു.—റോമർ 10:4; 6:14.
6. (എ) ന്യായപ്രമാണം അവസാനിച്ചപ്പോൾ ഇസ്രായേല്യരുടെമേലും ഇസ്രായേല്യേതരരുടെമേലുമുണ്ടായ ഫലമെന്തായിരുന്നു? എന്തുകൊണ്ട്? (ബി) ന്യായപ്രമാണം സംബന്ധിച്ചു യഹോവ എന്തു നടപടി സ്വീകരിച്ചു?
6 യഥാർഥത്തിൽ ന്യായപ്രമാണം ഇസ്രായേല്യർക്കും അതിൻകീഴിലല്ലാഞ്ഞ മററു ജനങ്ങൾക്കും ഇടയിൽ ഒരു പ്രതിബന്ധം അഥവാ “ചുവർ” ആയി ഉതകി. ഏതായാലും, ക്രിസ്തു തന്റെ ബലിയാൽ “ഇരു ജനങ്ങളെയും [ഇസ്രായേല്യരെയും ഇസ്രായേല്യേതരരെയും] തന്നോടുളള ഐക്യത്തിൽ ഒരു പുതുമനുഷ്യനായി സൃഷ്ടിക്കേണ്ടതിനു വിധികൾ അടങ്ങിയിരുന്ന കല്പനകളാകുന്ന ന്യായപ്രമാണത്തെ നീക്കം ചെയ്തു.” (എഫേസ്യർ 2:11-18) യഹോവയാം ദൈവംതന്നെ മോശയുടെ ന്യായപ്രമാണം സംബന്ധിച്ച് എടുത്ത നടപടിയെക്കുറിച്ചു നാം വായിക്കുന്നു: “അവൻ ദയാപൂർവം നമ്മുടെ സകല ലംഘനങ്ങളും നമ്മോടു ക്ഷമിക്കുകയും നമുക്കെതിരായ കൈയെഴുത്തുപ്രമാണം മായിച്ചുകളയുകയും ചെയ്തു, അതിൽ വിധികളാണ് [പത്തു കല്പനകൾ ഉൾപ്പെടെ] ഉൾപ്പെട്ടിരുന്നത്, അതു നമുക്ക് എതിരുമായിരുന്നു [ഇസ്രായേല്യരെ പാപികൾ എന്നു കുററം വിധിച്ചതിനാൽ]; അതിനെ ദണ്ഡനസ്തംഭത്തിൽ തറച്ചുകൊണ്ട് അതിനെ അവൻ വഴിയിൽനിന്നു നീക്കം ചെയ്തിരിക്കുന്നു.” (കൊലോസ്യർ 2:13, 14) അതുകൊണ്ട്, ക്രിസ്തുവിന്റെ പൂർണതയുളള ബലി നടന്നതോടെ, ന്യായപ്രമാണത്തിന് അന്തം വരുത്തപ്പെട്ടു.
7, 8. ന്യായപ്രമാണം രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടില്ലെന്നു തെളിയിക്കുന്നതെന്ത്?
7 എന്നിരുന്നാലും, പത്തു കല്പനകളും ശേഷിച്ച നിയമങ്ങളും എന്നു ന്യായപ്രമാണത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നു. ശേഷിച്ച നിയമങ്ങളാണ് അവസാനിച്ചതെന്നും പത്തു കല്പനകൾ നിലനിൽക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ അതു ശരിയല്ല. യേശു മലമ്പ്രസംഗത്തിൽ പത്തു കല്പനകളിൽനിന്നും ന്യായപ്രമാണത്തിന്റെ മററു ഭാഗങ്ങളിൽനിന്നും ഉദ്ധരിക്കുകയും അവ തമ്മിൽ യാതൊരു വ്യത്യാസവും കൽപ്പിക്കാതിരിക്കുകയും ചെയ്തു. അങ്ങനെ മോശയുടെ നിയമം രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടില്ലെന്നു യേശു പ്രകടമാക്കി.—മത്തായി 5:21-42.
8 ദൈവനിശ്വസ്തനായി അപ്പോസ്തലനായ പൗലോസ് എഴുതിയതും ശ്രദ്ധിക്കുക: “ഇപ്പോൾ നാം ന്യായപ്രമാണത്തിൽനിന്നു വിമുക്തരായിരിക്കുന്നു.” പത്തു കല്പനകൾക്കുപുറമേയുളള മററു നിയമങ്ങളിൽനിന്നു മാത്രമാണോ യഹൂദൻമാർ വിമുക്തരായത്? അല്ല, എന്തുകൊണ്ടെന്നാൽ പൗലോസ് തുടർന്നു പറയുന്നു: “യഥാർഥത്തിൽ ന്യായപ്രമാണം നിമിത്തമല്ലായിരുന്നെങ്കിൽ ഞാൻ പാപത്തെ അറിയാനിടയാകുകയില്ലായിരുന്നു; ദൃഷ്ടാന്തമായി ന്യായപ്രമാണം ‘നീ മോഹിക്കരുത്’ എന്നു പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മോഹത്തെക്കുറിച്ച് അറിയുകയില്ലായിരുന്നു.” (റോമർ 7:6, 7; പുറപ്പാട് 20:17) “നീ മോഹിക്കരുത്” എന്നതു പത്തു കല്പനകളിൽ അവസാനത്തേതാകയാൽ ഇസ്രായേല്യർ പത്തു കല്പനകളിൽനിന്നും വിമുക്തരായെന്നു സിദ്ധിക്കുന്നു.
9. വാരന്തോറുമുളള ശബത്തുനിയമവും നീക്കപ്പെട്ടുവെന്ന് എന്തു പ്രകടമാക്കുന്നു?
9 ഇതിന്റെ അർഥം പത്തു കല്പനകളിൽ നാലാമത്തേതായി വാരംതോറുമുളള ശബത്ത് ആചരിക്കാനുളള നിയമവും നീക്കപ്പെട്ടുവെന്നാണോ? അതെ, അങ്ങനെതന്നെ. ക്രിസ്ത്യാനികൾ വാരംതോറുമുളള ശബത്തും വർഷത്തിലെ പ്രത്യേക ദിവസങ്ങളും ആചരിക്കാനുളള വ്യവസ്ഥസഹിതം ഇസ്രായേല്യർക്കു കൊടുക്കപ്പെട്ട ദൈവനിയമത്തിൻകീഴിലല്ലെന്നു ഗലാത്യർ 4:8-11ലും കൊലോസ്യർ 2:16, 17 ലും ബൈബിൾ പറയുന്നതു തെളിയിക്കുന്നു. വാരംതോറുമുളള ശബത്താചരണം ഒരു ക്രിസ്തീയ വ്യവസ്ഥയല്ലെന്നു റോമർ 14:5-ൽനിന്നും കാണാവുന്നതാണ്.
ക്രിസ്ത്യാനികൾക്കു ബാധകമാകുന്ന നിയമങ്ങൾ
10. (എ) ക്രിസ്ത്യാനികൾ ഏതു നിയമങ്ങളിൻകീഴിലാണ്? (ബി) എവിടെനിന്നാണ് ഈ നിയമങ്ങളിലനേകവും എടുക്കപ്പെട്ടത്, അവ അവിടെനിന്ന് എടുക്കപ്പെട്ടതു ന്യായയുക്തമായിരിക്കുന്നതെന്തുകൊണ്ട്?
10 ക്രിസ്ത്യാനികൾ പത്തു കല്പനകളിൻകീഴിലല്ലാത്തതിനാൽ അവർ യാതൊരു നിയമവും അനുസരിക്കേണ്ടതില്ലെന്ന് അതിനർഥമുണ്ടോ? അശേഷമില്ല. യേശു തന്റെ സ്വന്തം പൂർണമാനുഷജീവന്റെ മെച്ചപ്പെട്ട ബലിയിൽ അധിഷ്ഠിതമായ ഒരു “പുതിയ ഉടമ്പടി” അവതരിപ്പിച്ചു. ക്രിസ്ത്യാനികൾ ഈ പുതിയ ഉടമ്പടിയിൻ കീഴിൽ വരുന്നു. അവർ ക്രിസ്തീയ നിയമങ്ങൾക്കു വിധേയരാണ്. (എബ്രായർ 8:7-13; ലൂക്കോസ് 22:20) ഈ നിയമങ്ങളിലനേകവും മോശയുടെ നിയമത്തിൽനിന്ന് എടുത്തിരിക്കുന്നതാണ്. ഇത് അപ്രതീക്ഷിതമല്ല, അഥവാ, അസാധാരണമല്ല. ഒരു പുതിയ ഗവൺമെൻറ് ഒരു രാജ്യത്തിന്റെ ഭരണം ഏറെറടുക്കുമ്പോൾ സമാനമായ സംഗതി മിക്കപ്പോഴും സംഭവിക്കുന്നു. പഴയ ഗവൺമെൻറിൻകീഴിലെ ഭരണഘടന റദ്ദു ചെയ്യുകയും മാറിയെഴുതുകയും ചെയ്തേക്കാം. എന്നാൽ പുതിയ ഭരണഘടന പഴയതിലെ അനേകം നിയമങ്ങൾ സ്വീകരിച്ചേക്കാം. സമാനമായ വിധത്തിൽ ന്യായപ്രമാണ ഉടമ്പടി അവസാനിച്ചു, അതിലെ അടിസ്ഥാനനിയമങ്ങളിലും തത്വങ്ങളിലും പലതും ക്രിസ്ത്യാനിത്വത്തിലേക്കു സ്വീകരിക്കപ്പെട്ടു.
11. ക്രിസ്ത്യാനികൾക്കു കൊടുക്കപ്പെട്ട ഏതു നിയമങ്ങൾ അഥവാ ഉപദേശങ്ങൾ പത്തു കല്പനകളോടു വളരെ സമാനമാണ്?
11 നിങ്ങൾ 203-ാം പേജിൽ പത്തു കല്പനകൾ വായിക്കുമ്പോൾ ഇതു വാസ്തവമായിരിക്കുന്നതെങ്ങനെയെന്നു കാണുക. അനന്തരം അവയെ ചുവടെ ചേർക്കുന്ന ക്രിസ്തീയ നിയമങ്ങളോടും ഉപദേശങ്ങളോടും താരതമ്യപ്പെടുത്തുക: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെയാണ് ആരാധിക്കേണ്ടത്.” (മത്തായി 4:10; 1 കൊരിന്ത്യർ 10:20-22) “വിഗ്രഹങ്ങളിൽനിന്നു നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾക.” (1 യോഹന്നാൻ 5:21; 1 കൊരിന്ത്യർ 10:14) “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ [വിലയില്ലാത്തവിധം കരുതരുത്].” (മത്തായി 6:9) “കുട്ടികളെ, നിങ്ങളുടെ മാതാപിതാക്കൻമാരെ അനുസരിക്കുക.” (എഫേസ്യർ 6:1, 2) കൊലപാതകവും വ്യഭിചാരവും മോഷണവും വ്യാജംപറച്ചിലും മോഹിക്കലും ക്രിസ്ത്യാനികൾക്കുളള നിയമങ്ങൾക്കെതിരാണെന്നു ബൈബിൾ വ്യക്തമാക്കുന്നു.—വെളിപ്പാട് 21:8; 1 യോഹന്നാൻ 3:15; എബ്രായർ 13:4; 1 തെസ്സലോനീക്യർ 4:3-7; എഫേസ്യർ 4:25, 28; 1 കൊരിന്ത്യർ 6:9-11; ലൂക്കോസ് 12:15; കൊലോസ്യർ 3:5.
12. ശബത്തുനിയമത്തിന്റെ തത്വം ക്രിസ്തീയ ക്രമീകരണത്തിലേക്കു മാററപ്പെട്ടതെങ്ങനെ?
12 വാരംതോറുമുളള ശബത്ത് അനുഷ്ഠിക്കാൻ ക്രിസ്ത്യാനികളോടു കല്പിച്ചിട്ടില്ലെങ്കിലും നമുക്ക് ആ ക്രമീകരണത്തിൽനിന്നു ചിലതു പഠിക്കാവുന്നതാണ്. ഇസ്രായേല്യർ അക്ഷരീയമായ ഒരു വിധത്തിൽ വിശ്രമമെടുത്തിരുന്നു, എന്നാൽ ക്രിസ്ത്യാനികൾ ഒരു ആത്മീയവിധത്തിൽ വിശ്രമിക്കണം. എങ്ങനെ? വിശ്വാസവും അനുസരണവും നിമിത്തം സത്യക്രിസ്ത്യാനികൾ സ്വാർഥപ്രവൃത്തികൾ ഉപേക്ഷിക്കുന്നു. ഈ സ്വാർഥപ്രവൃത്തികളിൽ സ്വന്തം നീതി സ്ഥാപിക്കാനുളള ശ്രമങ്ങളും ഉൾപ്പെടുന്നു. (എബ്രായർ 4:10) ഈ ആത്മീയ വിശ്രമം വാരത്തിലെ ഒരു ദിവസമല്ല, പിന്നെയോ ഏഴു ദിവസവും എടുക്കുന്നു. ആത്മീയ താൽപ്പര്യങ്ങൾക്കുവേണ്ടി ഒരു ദിവസം വേർതിരിക്കാനുളള അക്ഷരീയ ശബത്തുനിയമത്തിന്റെ വ്യവസ്ഥ സ്വന്തം ഭൗതികപ്രയോജനത്തിനുവേണ്ടി സ്വാർഥപൂർവം തങ്ങളുടെ മുഴുസമയവും ഉപയോഗിക്കുന്നതിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിച്ചു. ഒരു ആത്മീയവിധത്തിൽ ഈ തത്വം എല്ലാ ദിവസവും ബാധകമാക്കുന്നതു ഭൗതികത്വത്തിനെതിരായി അതിനെക്കാൾ ഫലപ്രദമായ സംരക്ഷണമാണ്.
13. (എ) ക്രിസ്ത്യാനികൾ ഏതു നിയമം നിവർത്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അവർ അത് എങ്ങനെ നിവർത്തിക്കുന്നു? (ബി) യേശു ഏതു നിയമം ഊന്നിപ്പറഞ്ഞു? (സി) മോശയുടെ മുഴുനിയമത്തിന്റെയും അടിസ്ഥാനം ഏതു നിയമമാണ്?
13 അതുകൊണ്ട് ക്രിസ്ത്യാനികൾ പത്തു കല്പനകൾ അനുസരിക്കുന്നതിനുപകരം “ക്രിസ്തുവിന്റെ നിയമം നിവർത്തിക്കാൻ” പ്രോത്സാഹിപ്പിക്കപ്പെടുന്നു. (ഗലാത്യർ 6:2) യേശു അനേകം കല്പനകളും നിർദേശങ്ങളും നൽകി. നാം അവ അനുസരിക്കുന്നതിനാൽ നാം അവന്റെ നിയമം പാലിക്കുകയോ നിവർത്തിക്കുകയോ ആണു ചെയ്യുന്നത്. യേശു വിശേഷാൽ സ്നേഹത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. (മത്തായി 22:36-40; യോഹന്നാൻ 13:34, 35) അതെ, മററുളളവരെ സ്നേഹിക്കുകയെന്നത് ഒരു ക്രിസ്തീയനിയമമാണ്. മോശയുടെ മുഴുനിയമത്തിന്റെയും അടിസ്ഥാനം അതാണ്. ബൈബിൾ പറയുന്നതുപോലെ: “‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’ എന്ന ഏകമൊഴിയിൽ മുഴുന്യായപ്രമാണവും നിവൃത്തിയേറിയിരിക്കുന്നു.”—ഗലാത്യർ 5:13, 14; റോമർ 13:8-10.
14. (എ) മോശയുടെ നിയമത്തിലെ തത്വങ്ങൾ നാം പഠിക്കുന്നതിനാലും ബാധകമാക്കുന്നതിനാലും എന്തു നൻമ കൈവരും? (ബി) സ്നേഹം എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
14 പത്തു കല്പനകൾ ഉൾപ്പെടെ മോശ മുഖാന്തരം കൊടുക്കപ്പെട്ട നിയമം ദൈവത്തിൽനിന്നുളള നീതിനിഷ്ഠമായ ഒരു നിയമസംഹിതയാണ്. ഇന്നു നാം ആ നിയമത്തിൻകീഴിലല്ലെങ്കിലും അതിന്റെ പിമ്പിലെ ദിവ്യതത്വങ്ങൾ നമുക്ക് ഇപ്പോഴും വലിയ മൂല്യമുളളതാണ്. അവ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിനാൽ നാം വലിയ നിയമദാതാവായ യഹോവയാം ദൈവത്തോടുളള വിലമതിപ്പിൽ വളരും. എന്നാൽ നാം വിശേഷാൽ ക്രിസ്തീയനിയമങ്ങളും ഉപദേശങ്ങളും പഠിക്കുകയും ജീവിതത്തിൽ ബാധകമാക്കുകയും വേണം. യഹോവയോടുളള സ്നേഹം അവൻ ഇപ്പോൾ നമ്മോട് ആവശ്യപ്പെടുന്നതെല്ലാം അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കും.—1 യോഹന്നാൻ 5:3.
[അധ്യയന ചോദ്യങ്ങൾ]
[203-ാം പേജിലെ ചതുരം]
പത്തു കല്പനകൾ
1. “ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു . . . നിനക്ക് എന്റെ മുഖത്തിനെതിരെ മററു ദൈവങ്ങൾ ഉണ്ടായിരിക്കരുത്.
2. “നീ നിനക്കുവേണ്ടി ഒരു കൊത്തപ്പെട്ട പ്രതിമയോ മീതെ ആകാശങ്ങളിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെളളങ്ങളിലോ ഉളള എന്തെങ്കിലും പോലെ ഒരു രൂപമോ ഉണ്ടാക്കരുത്. നീ അവയുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കാൻ പ്രേരിതനാകുകയോ അരുത് . . .
3. “നീ നിന്റെ ദൈവമായ യഹോവയുടെ നാമം വിലയില്ലാത്തവിധം എടുക്കരുത് . . .
4. “ശബത്തുദിവസത്തെ പവിത്രമായി കരുതാൻ ഓർത്തുകൊണ്ടു നീ സേവനമനുഷ്ഠിക്കേണ്ടതാണ്, നീ ആറുദിവസം നിന്റെ വേലയെല്ലാം ചെയ്യേണ്ടതാണ്. എന്നാൽ ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ശബത്ത് ആകുന്നു. നീ യാതൊരു വേലയും ചെയ്യരുത്, നീയോ നിന്റെ പുത്രനോ നിന്റെ പുത്രിയോ . . .
5. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നാളുകൾ ദീർഘമെന്നു തെളിയേണ്ടതിനു നിന്റെ അപ്പനേയും നിന്റെ അമ്മയേയും ബഹുമാനിക്കുക.
6. “നീ കൊലപാതകം ചെയ്യരുത്.
7. “നീ വ്യഭിചാരം ചെയ്യരുത്.
8. “നീ മോഷ്ടിക്കരുത്.
9. “നീ നിന്റെ സമസൃഷ്ടിക്കെതിരെ ഒരു സാക്ഷിയായി വ്യാജമായി സാക്ഷ്യം പറയരുത്.
10. “നീ നിന്റെ സമസൃഷ്ടിയുടെ വീട് ആഗ്രഹിക്കരുത്, [മോഹിക്കരുത്]. നീ നിന്റെ സമസൃഷ്ടിയുടെ ഭാര്യയേയോ അവന്റെ ദാസനേയോ അവന്റെ ദാസിയേയോ അവന്റെ കാളയേയോ അവന്റെ കഴുതയേയോ നിന്റെ സമസൃഷ്ടിയുടേതായ യാതൊന്നിനെയുമോ ആഗ്രഹിക്കരുത് [മോഹിക്കരുത്].”—പുറപ്പാട് 20:2-17.
[204, 205 പേജുകളിലെ ചിത്രങ്ങൾ]
ന്യായപ്രമാണം ഇസ്രായേല്യർക്കും മററു ജനതയ്ക്കും ഇടയ്ക്ക് ഒരു ചുവരായി ഉതകി