വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥനയിലൂടെ എങ്ങനെ സഹായം നേടാം?

പ്രാർഥനയിലൂടെ എങ്ങനെ സഹായം നേടാം?

അധ്യായം 27

പ്രാർഥ​ന​യി​ലൂ​ടെ എങ്ങനെ സഹായം നേടാം?

1. ദൈവ​ത്തിൽനി​ന്നു നമുക്ക്‌ എന്തു സഹായം ആവശ്യ​മാണ്‌, നമുക്ക്‌ അത്‌ എങ്ങനെ ലഭിക്കു​ന്നു?

1 ലോക​ത്തി​ന്റെ ദുഷ്ടസ്വാ​ധീ​ന​ത്തിൽനി​ന്നു മാറി​നിൽക്കു​ന്ന​തി​നു ക്രിസ്‌ത്യാ​നി​കൾക്കു പ്രാർഥ​ന​യി​ലൂ​ടെ ലഭിക്കാ​വുന്ന സഹായം വിശേ​ഷാൽ ആവശ്യ​മാണ്‌. യേശു പറഞ്ഞു: “സ്വർഗ​സ്ഥ​നായ പിതാവു തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും.” (ലൂക്കോസ്‌ 11:13) നാം ദൈവ​വ​ചനം പഠിക്കു​ക​യും അവന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തോ​ടു സഹവസി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്ന​തു​പോ​ലെ, അവന്റെ പരിശു​ദ്ധാ​ത്മാ​വും അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയും നമുക്ക്‌ ആവശ്യ​മാണ്‌. എന്നാൽ പരിശു​ദ്ധാ​ത്മാ​വു ലഭിക്കു​ന്ന​തി​നു നാം അതിനു​വേണ്ടി പ്രാർഥി​ക്കേ​ണ്ട​താണ്‌.

2. (എ) പ്രാർഥന എന്താണ്‌? (ബി) പ്രാർഥ​ന​യു​ടെ വിവിധ രൂപങ്ങ​ളേവ? (സി) പ്രാർഥന പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 പ്രാർഥന ദൈവ​ത്തോ​ടു​ളള ആദരപൂർവ​ക​മായ സംസാ​ര​മാണ്‌. അതു ദൈവ​ത്തോ​ടു കാര്യങ്ങൾ ചോദി​ക്കു​ന്ന​തു​പോ​ലെ ഒരു അപേക്ഷ​യു​ടെ രൂപത്തി​ലാ​യി​രി​ക്കാ​വു​ന്ന​താണ്‌. എന്നാൽ പ്രാർഥന ദൈവ​ത്തോ​ടു​ളള ഒരു നന്ദി​പ്ര​ക​ട​ന​മോ സ്‌തു​തി​യോ കൂടെ ആയിരി​ക്കാ​വു​ന്ന​താണ്‌. (1 ദിനവൃ​ത്താ​ന്തം 29:10-13) നമ്മുടെ സ്വർഗീ​യ​പി​താ​വി​നോട്‌ ഒരു നല്ല ബന്ധം പുലർത്തു​ന്ന​തി​നു നാം പ്രാർഥ​ന​യിൽ അവനോ​ടു ക്രമമാ​യി സംസാ​രി​ക്കേ​ണ്ട​താണ്‌. (റോമർ 12:12; എഫേസ്യർ 6:18) നാം ചോദി​ക്കു​ന്ന​തി​നാൽ ലഭിക്കുന്ന അവന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിക്കു സാത്താ​നോ അവന്റെ ലോക​മോ നമ്മു​ടെ​മേൽ വരുത്തി​യേ​ക്കാ​വുന്ന ഏത്‌ അനർഥ​ങ്ങ​ളോ പരീക്ഷ​ക​ളോ ഗണ്യമാ​ക്കാ​തെ അവന്റെ ഇഷ്ടം ചെയ്യാൻ നമ്മെ ശക്തീക​രി​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 10:13; എഫേസ്യർ 3:20.

3. (എ) നമുക്കു ദൈവ​ത്തിൽനിന്ന്‌ എന്തു ശക്തി സ്വീക​രി​ക്കാൻ കഴിയും? (ബി) നമുക്കു ദൈവ​വു​മാ​യി എങ്ങനെ മാത്രമേ ഒരു നല്ല ബന്ധം നിലനിർത്താൻ കഴിയൂ?

3 നിങ്ങൾ ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മ​ല്ലാത്ത ഏതെങ്കി​ലും ശീലമോ ആചാര​മോ ഒഴിവാ​ക്കു​ന്ന​തിന്‌ ഒരു യഥാർഥ പോരാ​ട്ടം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ യഹോ​വ​യു​ടെ സഹായം തേടുക. പ്രാർഥ​ന​യിൽ അവനി​ലേക്കു തിരി​യുക. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതു ചെയ്‌തു. അവൻ എഴുതി: “എനിക്കു ബലം നൽകു​ന്നവൻ ഹേതു​വാ​യി എല്ലാറ​റി​നും എനിക്കു ശക്തിയുണ്ട്‌.” (ഫിലി​പ്യർ 4:13; സങ്കീർത്തനം 55:22; 121:1, 2) ദുർമാർഗ​ത്തിൽനി​ന്നു വിട്ടു​മാ​റിയ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ആ സാഹച​ര്യ​ത്തിൽനി​ന്നു പുറത്തു​വ​രാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു ശക്തിയു​ള​ളവൻ അവൻ മാത്ര​മാണ്‌. നിങ്ങൾക്കു യഹോ​വ​യു​മാ​യി ആ വ്യക്തി​പ​ര​മായ ബന്ധം ഉണ്ടായി​രി​ക്കണം, ആ വ്യക്തി​പ​ര​മായ ബന്ധം നിലനിർത്താ​നു​ളള ഏക മാർഗം പ്രാർഥ​ന​യാണ്‌.”

4. ഒരു മനുഷ്യ​നു പുകവ​ലി​ശീ​ല​ത്തിൽനി​ന്നു വിട്ടു​മാ​റു​ന്ന​തിന്‌ എങ്ങനെ ശക്തി കിട്ടി?

4 എന്നിരു​ന്നാ​ലും, ഒരു വ്യക്തി ഇങ്ങനെ പറഞ്ഞേ​ക്കാം: ‘ഞാൻ പല പ്രാവ​ശ്യം ദൈവ​സ​ഹാ​യ​ത്തി​നാ​യി പ്രാർഥി​ച്ചി​ട്ടുണ്ട്‌, എന്നിട്ടും എനിക്കു തെററു​ചെ​യ്യാ​തി​രി​ക്കാൻ കഴിയു​ന്നില്ല.’ പുകവ​ലി​ക്കു​ന്നവർ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. അങ്ങനെ​യു​ളള ഒരു മനുഷ്യ​നോട്‌: “നിങ്ങൾ എപ്പോ​ഴാ​ണു പ്രാർഥി​ക്കുന്ന”തെന്നു ചോദി​ച്ച​പ്പോൾ, “സന്ധ്യക്കു കിടക്കു​ന്ന​തി​നു​മു​മ്പും രാവിലെ എഴു​ന്നേൽക്കു​മ്പോ​ഴും ഞാൻ ദുർബ​ല​നാ​യി ഒരു പുക വിട്ട​ശേ​ഷ​വും ഞാൻ ചെയ്‌തു​പോ​യ​തിൽ എനിക്കു സങ്കടമുണ്ട്‌ എന്നു ഞാൻ യഹോ​വ​യോ​ടു പറയുന്നു” എന്ന്‌ അയാൾ ഉത്തരം പറഞ്ഞു. “നിങ്ങൾക്കു യഥാർഥ​ത്തിൽ ദൈവ​സ​ഹാ​യം ആവശ്യ​മു​ള​ളതു നിങ്ങൾ ഒന്നു വലിക്കാൻ വേണ്ടി കൈ നീട്ടു​മ്പോ​ഴാണ്‌, അല്ലേ? നിങ്ങളെ ശക്തീക​രി​ക്കാൻ ആ സമയത്താ​ണു നിങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ടത്‌” എന്ന്‌ അയാളു​ടെ സ്‌നേ​ഹി​തൻ പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ചെയ്‌ത​പ്പോൾ പുകവലി നിർത്താൻ അയാൾക്കു സഹായം ലഭിച്ചു.

5. (എ) ദൈവത്തെ ഉചിത​മാ​യി സേവി​ക്കു​ന്ന​തിന്‌ എന്ത്‌ ആവശ്യ​മാണ്‌? (ബി) പാപപൂർണ​മായ പ്രവർത്ത​ന​ത്തിൽനി​ന്നു പിൻമാ​റു​മ്പോൾ മിക്ക​പ്പോ​ഴും കഷ്ടപ്പാട്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്ന​തെന്ത്‌?

5 ദൈവ​ത്തോ​ടു​ളള പ്രാർഥ​ന​യും അതോ​ടൊ​പ്പം അവന്റെ വചനത്തി​ന്റെ പഠനവും അവന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തോ​ടു​ളള സഹവാ​സ​വും ശരി ചെയ്യു​ന്നതു നിങ്ങൾക്ക്‌ എളുപ്പ​മാ​ക്കി​ത്തീർക്കു​മെന്നല്ല പറയു​ന്നത്‌. അതിനു പിന്നെ​യും ശ്രമം ആവശ്യ​മാണ്‌. അതെ, കഠിന​പോ​രാ​ട്ടം​തന്നെ ആവശ്യ​മാണ്‌. അതിൽ കഷ്ടാനു​ഭ​വം​പോ​ലും ഉൾപ്പെ​ട്ടി​രി​ക്കാം. (1 കൊരി​ന്ത്യർ 9:27) ദുശ്ശീ​ലങ്ങൾ തിൻമ​യോ​ടു​ളള ഒരു കലശലായ ആശയിൽ കലാശി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ഒരു വ്യക്തി പാപപൂർണ​മായ പ്രവൃ​ത്തി​യിൽനി​ന്നു പിൻമാ​റു​മ്പോൾ സാധാ​ര​ണ​യാ​യി കഷ്ടാനു​ഭവം ഉണ്ടാകു​ന്നു. ശരി ചെയ്യു​ന്ന​തി​നു കഷ്ടപ്പെ​ടാൻ നിങ്ങൾ സന്നദ്ധനാ​ണോ?—1 പത്രോസ്‌ 2:20, 21.

ദൈവം കേൾക്കുന്ന പ്രാർഥ​ന​കൾ

6. (എ) പ്രാർഥി​ക്കു​ന്നതു പ്രയാ​സ​മാ​ണെന്ന്‌ അനേകർ കണ്ടെത്തു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) നമ്മുടെ പ്രാർഥ​നകൾ കേൾക്ക​പ്പെ​ടു​ന്ന​തി​നു നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ത്‌?

6 പലരും പ്രാർഥി​ക്കുക പ്രയാ​സ​മാ​ണെന്നു കണ്ടെത്തു​ന്നു. “എനിക്കു കാണാൻ കഴിയാത്ത ഒരാ​ളോട്‌ പ്രാർഥി​ക്കു​ന്ന​തിന്‌ എനിക്കു ബുദ്ധി​മു​ട്ടുണ്ട്‌” എന്ന്‌ ഒരു യുവതി ഏററു​പ​റഞ്ഞു. യാതൊ​രു മനുഷ്യ​നും ദൈവത്തെ കണ്ടിട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ പ്രാർഥി​ക്കു​ന്ന​തി​നും ദൈവം അതു കേൾക്കു​ന്ന​തി​നും നമുക്കു വിശ്വാ​സം ആവശ്യ​മാണ്‌. യഹോവ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വെ​ന്നും നാം ചോദി​ക്കു​ന്നതു ചെയ്‌തു​ത​രാൻ അവനു കഴിയു​മെ​ന്നും നാം വിശ്വ​സി​ക്കേ​ണ്ട​തുണ്ട്‌. (എബ്രായർ 11:6) നമുക്ക്‌ അത്തരം വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, നാം ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ സമീപി​ക്കു​ന്നു​വെ​ങ്കിൽ, അവൻ നമ്മെ സഹായി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (മർക്കോസ്‌ 9:23) അങ്ങനെ, റോമൻ സൈനി​കോ​ദ്യോ​ഗ​സ്ഥ​നാ​യി​രുന്ന കോർന്നേ​ലി​യോസ്‌ ദൈവ​സ്ഥാ​പ​ന​ത്തി​ന്റെ ഒരു ഭാഗമാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അയാൾ മാർഗ​നിർദേ​ശ​ത്തി​നാ​യി ആത്മാർഥ​മാ​യി പ്രാർഥി​ച്ച​പ്പോൾ ദൈവം അയാളു​ടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരമ​രു​ളി.—പ്രവൃ​ത്തി​കൾ 10:30-33.

7. (എ) ഏതുതരം പ്രാർഥ​ന​ക​ളാ​ണു ദൈവ​ത്തി​നു പ്രസാ​ദ​കരം? (ബി) ഏതുതരം പ്രാർഥ​നകൾ ദൈവം ശ്രദ്ധി​ക്കു​ക​യില്ല?

7 ചിലർക്ക്‌ ആശയ​പ്ര​ക​ടനം നടത്തു​ന്ന​തി​നു പ്രയാ​സ​മുണ്ട്‌. എന്നിരു​ന്നാ​ലും, ഇതു പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു സംസാ​രി​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടയരുത്‌. അവൻ നമ്മുടെ ആവശ്യങ്ങൾ അറിയു​ന്നു​വെ​ന്നും നാം പറയാ​നാ​ഗ്ര​ഹി​ക്കു​ന്നത്‌ അവനു മനസ്സി​ലാ​കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (മത്തായി 6:8) ചിന്തി​ക്കുക: ഒരു കുട്ടി​യിൽനിന്ന്‌ ഏതുതരം സംസാ​ര​മാ​ണു നിങ്ങൾ ഏററവു​മ​ധി​കം വിലമ​തി​ക്കു​ന്നത്‌—ആത്മാർഥ​മായ നന്ദി​പ്ര​ക​ട​ന​മോ, ആരെങ്കി​ലും പറഞ്ഞു പറയി​ക്കുന്ന പ്രത്യേക വാക്കു​ക​ളോ? അതു​പോ​ലെ സ്വർഗ​സ്ഥ​നായ നമ്മുടെ പിതാവു നമ്മിൽനി​ന്നു​ളള ആത്മാർഥ​വും ലളിത​വു​മായ ആശയ​പ്ര​ക​ട​ന​ങ്ങളെ വിലമ​തി​ക്കു​ന്നു. (യാക്കോബ്‌ 4:6; ലൂക്കോസ്‌ 18:9-14) പ്രത്യേക വാക്കു​ക​ളോ മതപര​മായ ഭാഷയോ ആവശ്യ​മാ​യി​രി​ക്കു​ന്നില്ല. മററു​ള​ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ അസാധാ​ര​ണ​മോ ശബ്ദഗം​ഭീ​ര​മോ ആയ ഭാഷയിൽ പ്രാർഥി​ക്കു​ന്ന​വരെ അല്ലെങ്കിൽ ആത്മാർഥ​ത​യി​ല്ലാത്ത വിധത്തിൽ ഒരേകാ​ര്യ​ങ്ങൾ വീണ്ടും വീണ്ടും പറയു​ന്ന​വരെ അവൻ ശ്രദ്ധി​ക്കു​ക​പോ​ലു​മില്ല.—മത്തായി 6:5, 7.

8. (എ) മൗന​പ്രാർഥ​നകൾ ദൈവ​ത്തി​നു കേൾക്കാൻ കഴിയു​മെന്നു പ്രകട​മാ​ക്കു​ന്ന​തെന്ത്‌? (ബി) നാം ഏതെങ്കി​ലും പ്രത്യേ​ക​നി​ല​യി​ലോ സ്ഥലത്തോ പ്രാർഥി​ക്കേ​ണ്ട​താ​ണെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

8 നിങ്ങൾ മൗനമാ​യി പ്രാർഥി​ക്കു​മ്പോൾപോ​ലും ദൈവ​ത്തി​നു കേൾക്കാൻ കഴിയും. നെഹെ​മ്യാവ്‌ അങ്ങനെ ചെയ്‌ത​പ്പോൾ ദൈവം അവന്റെ ആത്മാർഥ​മായ അപേക്ഷ അനുസ​രി​ച്ചു പ്രവർത്തി​ച്ചു. ഹന്നായു​ടെ കാര്യ​ത്തി​ലും അങ്ങനെ ചെയ്‌തു. (നെഹെ​മ്യാവ്‌ 2:4-8; 1 ശമുവേൽ 1:11-13, 19, 20) പ്രാർഥി​ക്കുന്ന സമയത്തെ ഒരുവന്റെ ശാരീ​രി​ക​നി​ല​യു​മല്ല പ്രധാ​ന​സം​ഗതി. നിങ്ങൾക്ക്‌ ഏതുസ്ഥ​ല​ത്തും ഏതുസ​മ​യ​ത്തും ഏതു നിലയി​ലും പ്രാർഥി​ക്കാം. എന്നിരു​ന്നാ​ലും, തലകു​നി​ച്ചോ മുട്ടു​കു​ത്തി​യോ ഉളള വിനയ​ത്തി​ന്റെ ഒരു നില ഉചിത​മാ​ണെന്നു ബൈബിൾ പറയുന്നു. (1 രാജാ​ക്കൻമാർ 8:54; നെഹെ​മ്യാവ്‌ 8:6; ദാനി​യേൽ 6:10; മർക്കോസ്‌ 11:25; യോഹ​ന്നാൻ 11:41) വ്യക്തി​പ​ര​മായ പ്രാർഥ​നകൾ മനുഷ്യർ കാണാതെ ഒരു സ്വകാ​ര്യ​സ്ഥ​ല​ത്തു​വച്ചു നടത്തു​ന്നതു നല്ലതാ​ണെന്നു യേശു സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി.—മത്തായി 6:6.

9. (എ) നമ്മുടെ പ്രാർഥ​ന​ക​ളെ​ല്ലാം ആരോ​ടാ​യി​രി​ക്കണം, എന്തു​കൊണ്ട്‌? (ബി) നമ്മുടെ പ്രാർഥ​നകൾ ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്ന​തിന്‌ അവ ആരുടെ നാമത്തിൽ അർപ്പി​ക്ക​പ്പെ​ടണം?

9 പ്രാർഥന നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാണ്‌. ഈ കാരണ​ത്താൽ നമ്മുടെ പ്രാർഥ​നകൾ നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തോ​ടു മാത്ര​മാ​യി​രി​ക്കണം, മററാ​രോ​ടു​മാ​യി​രി​ക്ക​രുത്‌. (മത്തായി 4:10) ക്രിസ്‌ത്യാ​നി​കൾ യേശു മുഖേന ദൈവത്തെ സമീപി​ക്കേ​ണ്ട​താ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. നമ്മുടെ പാപങ്ങൾ നീക്കി​ക്ക​ള​യാൻ തന്റെ ജീവൻ നൽകി​യത്‌ യേശു​വാണ്‌. അതിന്റെ അർഥം നാം യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്ക​ണ​മെ​ന്നാണ്‌.—യോഹ​ന്നാൻ 14:6, 14; 16:23; എഫേസ്യർ 5:20; 1 യോഹ​ന്നാൻ 2:1, 2.

10. (എ) ആരുടെ പ്രാർഥ​നകൾ ദൈവ​ത്തി​നു പ്രസാ​ദ​ക​രമല്ല? (ബി) നമ്മുടെ പ്രാർഥ​നകൾ ദൈവം കേൾക്ക​ണ​മെ​ങ്കിൽ നാം ഏത്‌ അടിസ്ഥാ​ന​വ്യ​വസ്ഥ പാലി​ക്കണം?

10 എന്നിരു​ന്നാ​ലും, എല്ലാ പ്രാർഥ​ന​ക​ളും യഹോ​വക്കു പ്രസാ​ദ​ക​ര​മാ​ണോ? ബൈബിൾ പറയുന്നു: “നിയമം കേൾക്കാ​തെ ചെവി തിരി​ച്ചു​ക​ള​യു​ന്നവൻ—അവന്റെ പ്രാർഥ​ന​പോ​ലും വെറു​പ്പാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 28:9; 15:29; യെശയ്യാവ്‌ 1:15) അതു​കൊണ്ട്‌ ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്ക​ണ​മെന്നു നാം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, അടിസ്ഥാ​ന​പ​ര​മായ ഒരു വ്യവസ്ഥ നാം അവന്റെ ഇഷ്ടം ചെയ്യണം, അവന്റെ നിയമങ്ങൾ അനുസ​രി​ക്കണം എന്നുള​ള​താണ്‌. അതല്ലെ​ങ്കിൽ ദൈവം നമ്മെ ശ്രദ്ധി​ക്കു​ക​യില്ല, ഒരു നിഷ്‌ക്ക​ള​ങ്ക​നായ ആൾ താൻ അസാൻമാർഗി​ക​മെന്നു കരുതുന്ന ഒരു റേഡി​യോ പരിപാ​ടി ശ്രദ്ധി​ക്കു​ക​യി​ല്ലാ​ത്ത​തു​പോ​ലെ​തന്നെ. ബൈബിൾ പറയുന്നു: “നാം ചോദി​ക്കുന്ന എന്തും നമുക്ക്‌ അവനിൽനി​ന്നു കിട്ടുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ നാം അവന്റെ കല്‌പ​ന​ക​ള​നു​സ​രി​ക്കു​ക​യും അവന്റെ ദൃഷ്ടി​യിൽ പ്രസാ​ദ​ക​ര​മായ കാര്യങ്ങൾ ചെയ്യു​ക​യും ചെയ്യുന്നു.”—1 യോഹ​ന്നാൻ 3:22.

11. നാം പ്രാർഥി​ക്കു​ന്ന​തി​നു​വേണ്ടി പ്രവർത്തി​ക്ക​ണ​മെ​ന്നു​ള​ള​തി​ന്റെ അർഥ​മെന്ത്‌?

11 അതിന്റെ അർഥം നാം പ്രാർഥി​ക്കു​ന്ന​തി​നു​വേണ്ടി പ്രവർത്തി​ക്ക​ണ​മെ​ന്നാണ്‌. ദൃഷ്ടാ​ന്ത​മാ​യി, ഒരുവൻ പുകയി​ല​യോ കഞ്ചാവോ ഉപയോ​ഗി​ക്കു​ന്നതു നിർത്താൻ ദൈവ​ത്തോ​ടു സഹായം അഭ്യർഥി​ക്കു​ന്ന​തും അനന്തരം പോയി അവ വാങ്ങു​ന്ന​തും തെററാ​യി​രി​ക്കും. അയാൾക്കു ദുർമാർഗം ഒഴിവാ​ക്കാൻ തന്നെ സഹായി​ക്കു​ന്ന​തി​നു യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നും അനന്തരം ദുർമാർഗത്തെ വിശേ​ഷി​പ്പി​ക്കുന്ന സാഹി​ത്യം വായി​ക്കാ​നും ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും കാണാ​നും പാടു​ള​ളതല്ല. അല്ലെങ്കിൽ ചൂതാ​ട്ട​മാണ്‌ ഒരു വ്യക്തി​യു​ടെ ദൗർബ​ല്യ​മെ​ങ്കിൽ അതു നിർത്താൻ തന്നെ സഹായി​ക്കു​ന്ന​തി​നു ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നും അനന്തരം കുതി​ര​പ്പ​ന്ത​യം​ന​ട​ക്കുന്ന സ്ഥലങ്ങളി​ലും ചൂതാ​ട്ടം​ന​ട​ക്കുന്ന മററു സ്ഥലങ്ങളി​ലും സന്ദർശി​ക്കാ​നും പാടില്ല. നമ്മുടെ പ്രാർഥ​നകൾ ദൈവം കേൾക്ക​ണ​മെ​ങ്കിൽ, നാം പറയു​ന്നതു യഥാർഥ​ത്തിൽ അർഥമാ​ക്കു​ന്നു​ണ്ടെന്നു നമ്മുടെ പ്രവൃ​ത്തി​ക​ളാൽ നാം അവനു കാണി​ച്ചു​കൊ​ടു​ക്കേ​ണ്ട​താണ്‌.

12. (എ) നമുക്കു പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്താൻക​ഴി​യുന്ന കാര്യ​ങ്ങ​ളേവ? (ബി) നമ്മുടെ പ്രാർഥ​നകൾ ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യി​രി​ക്കു​ന്ന​തി​നു നാം എന്തു പഠി​ക്കേ​ണ്ട​താണ്‌?

12 അപ്പോൾ യഹോ​വ​യോ​ടു​ളള നമ്മുടെ പ്രാർഥ​ന​യിൽ നമുക്ക്‌ ഉൾപ്പെ​ടു​ത്താൻ കഴിയുന്ന വ്യക്തി​പ​ര​മായ കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? യഥാർഥ​ത്തിൽ ദൈവ​ത്തോ​ടു​ളള നമ്മുടെ ബന്ധത്തെ ബാധി​ക്കുന്ന എന്തും പ്രാർഥ​ന​യ്‌ക്ക്‌ ഉചിത​മായ വിഷയ​മാണ്‌. അവയിൽ നമ്മുടെ ശാരീ​രി​കാ​രോ​ഗ്യ​വും മക്കളെ വളർത്ത​ലും ഉൾപ്പെ​ടു​ന്നു. (2 രാജാ​ക്കൻമാർ 20:1-3; ന്യായാ​ധി​പൻമാർ 13:8) “നാം അവന്റെ ഇഷ്ടപ്ര​കാ​രം എന്തു ചോദി​ച്ചാ​ലും അവൻ നമ്മെ കേൾക്കു​ന്നു” എന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. (1 യോഹ​ന്നാൻ 5:14) അതു​കൊണ്ട്‌ പ്രധാന സംഗതി നമ്മുടെ അപേക്ഷകൾ ദൈ​വേ​ഷ്ട​ത്തിന്‌ അനു​യോ​ജ്യ​മാ​യി​രി​ക്കുക എന്നതാണ്‌. അതിന്റെ അർഥം നാം ആദ്യം അവന്റെ ഇഷ്ടം എന്തെന്നു പഠിക്കേണ്ട ആവശ്യ​മു​ണ്ടെ​ന്നാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) അനന്തരം പ്രാർഥി​ക്കു​മ്പോൾ നമ്മുടെ വ്യക്തി​പ​ര​മായ താല്‌പ​ര്യ​ങ്ങ​ളിൽ മാത്രം ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കാ​തെ, ദൈവ​ത്തി​ന്റെ ഇഷ്ടത്തെ​യും ഉദ്ദേശ്യ​ത്തെ​യും നാം പരിഗ​ണി​ക്കു​ന്നു​വെ​ങ്കിൽ, നമ്മുടെ പ്രാർഥ​നകൾ യഹോ​വക്കു സ്വീകാ​ര്യ​മാ​യി​രി​ക്കും. യഹോവ നൽകുന്ന നല്ല വസ്‌തു​ക്കൾക്കു​വേണ്ടി ദിവസ​വും അവനു നന്ദി​കൊ​ടു​ക്കു​ന്നത്‌ ഉചിത​മാണ്‌.—യോഹ​ന്നാൻ 6:11, 23; പ്രവൃ​ത്തി​കൾ 14:16, 17.

13. (എ) നമ്മുടെ പ്രാർഥ​ന​ക​ളിൽ പ്രഥമ​താ​ല്‌പ​ര്യ​മു​ളള കാര്യങ്ങൾ എന്തായി​രി​ക്ക​ണ​മെന്നു യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ? (ബി) നാം പ്രാർഥി​ക്കേണ്ട രണ്ടാമത്തെ പ്രധാന കാര്യങ്ങൾ ഏവ?

13 ദൈവം സ്വീക​രി​ക്കു​ന്ന​തരം പ്രാർഥന സംബന്ധി​ച്ചു തന്റെ അനുഗാ​മി​കളെ നയിക്കാൻ യേശു അവർക്ക്‌ ഒരു മാതൃ​കാ​പ്രാർഥന നൽകി. (മത്തായി 6:9-13) ദൈവ​ത്തി​ന്റെ നാമവും അവന്റെ രാജ്യ​വും ഭൂമി​യിൽ അവന്റെ ഇഷ്ടം ചെയ്യു​ന്ന​തു​മാണ്‌ ഒന്നാമ​തു​വ​രു​ന്ന​തെന്ന്‌ ഈ പ്രാർഥന പ്രകട​മാ​ക്കു​ന്നു. അടുത്ത​താ​യി നമുക്കു നമ്മുടെ ദൈനം​ദിന ആഹാരം, പാപങ്ങ​ളു​ടെ മോചനം, പരീക്ഷ​യിൽനി​ന്നും പിശാ​ചായ സാത്താ​നെന്ന ദുഷ്ടനിൽനി​ന്നു​മു​ളള വിടുതൽ എന്നിങ്ങനെ നമ്മുടെ വ്യക്തി​പ​ര​മായ ആവശ്യങ്ങൾ ചോദി​ക്കാ​വു​ന്ന​താണ്‌.

മററു​ള​ള​വരെ സഹായി​ക്കാൻ പ്രാർഥ​ന​കൾ

14. മററു​ള​ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം ബൈബിൾ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

14 യേശു തന്റെ ദൃഷ്ടാ​ന്ത​ത്താൽ മററു​ള​ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം പ്രകട​മാ​ക്കി. (ലൂക്കോസ്‌ 22:32; 23:34; യോഹ​ന്നാൻ 17:20) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അത്തരം പ്രാർഥ​ന​ക​ളു​ടെ മൂല്യം അറിഞ്ഞു​കൊ​ണ്ടു മിക്ക​പ്പോ​ഴും തനിക്കു​വേണ്ടി പ്രാർഥി​ക്കാൻ മററു​ള​ള​വ​രോട്‌ അപേക്ഷി​ച്ചു. (1 തെസ്സ​ലോ​നീ​ക്യർ 5:25; 2 തെസ്സ​ലോ​നീ​ക്യർ 3:1; റോമർ 15:30) അവൻ ജയിലി​ലാ​യി​രു​ന്ന​പ്പോൾ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ പ്രാർഥ​ന​യാൽ ഞാൻ സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ക​യാണ്‌.” (ഫിലേ​മോൻ 22; എഫേസ്യർ 6:18-20) പിന്നീടു താമസി​യാ​തെ പൗലോസ്‌ തടവിൽനി​ന്നു വിമു​ക്ത​നാ​യെ​ന്നു​ളള വസ്‌തുത അവനു​വേ​ണ്ടി​യു​ളള പ്രാർഥ​ന​യു​ടെ പ്രയോ​ജ​നത്തെ സൂചി​പ്പി​ക്കു​ന്നു.

15. നാം സ്‌നേ​ഹി​ക്കുന്ന ആളുകളെ സംബന്ധി​ച്ചു നമുക്ക്‌ ഏതുതരം അപേക്ഷകൾ നടത്താ​വു​ന്ന​താണ്‌?

15 പൗലോ​സും മററു​ള​ള​വർക്കു​വേണ്ടി സഹായ​ക​മായ പ്രാർഥ​നകൾ നടത്തി​യി​ട്ടുണ്ട്‌. “നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യ​രാ​യി എണ്ണേണ്ട​തി​നു ഞങ്ങൾ എല്ലായ്‌പ്പോ​ഴും ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നു” എന്ന്‌ അവൻ എഴുതി. (2 തെസ്സ​ലോ​നീ​ക്യർ 1:11) മറെറാ​രു സഭയോട്‌ അവൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “നിങ്ങൾ യാതൊ​രു തെററും ചെയ്യാ​തി​രി​ക്കേ​ണ്ട​തിന്‌ . . . എന്നാൽ നിങ്ങൾ നൻമ ചെയ്‌തു​കൊ​ണ്ടി​രി​ക്കേ​ണ്ട​തി​നു ഞങ്ങൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 13:7) തീർച്ച​യാ​യും പൗലോ​സി​ന്റെ ദൃഷ്ടാന്തം പിന്തു​ട​രു​ന്ന​തും നാം സ്‌നേ​ഹി​ക്കുന്ന ആളുകൾക്കു​വേണ്ടി പ്രത്യേക അപേക്ഷകൾ കഴിക്കു​ന്ന​തും നല്ലതാണ്‌. തീർച്ച​യാ​യും, “ഒരു നീതി​മാ​നായ മമനു​ഷ്യ​ന്റെ അഭ്യർഥ​ന​യ്‌ക്ക്‌ [ആത്മാർഥ​മായ അപേക്ഷ​യ്‌ക്ക്‌] അതു പ്രവർത്ത​ന​ത്തി​ലി​രി​ക്കു​മ്പോൾ, വളരെ ശക്തിയുണ്ട്‌.”—യാക്കോബ്‌ 5:13-16.

16. (എ) ആവശ്യ​മായ സഹായം നേടു​ന്ന​തി​നു നാം എപ്പോൾ പ്രാർഥി​ക്കേ​ണ്ട​താണ്‌? (ബി) പ്രാർഥന വളരെ വലിയ പദവി ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

16 ഒരു ബൈബി​ള​ധ്യ​യനം നടത്തു​മ്പോൾ ഒരു ശുശ്രൂ​ഷകൻ മിക്ക​പ്പോ​ഴും ചോദി​ക്കു​ന്നു: “നിങ്ങളു​ടെ വാരം​തോ​റു​മു​ളള ബൈബി​ള​ധ്യ​യ​ന​ത്തി​ന്റെ സന്ദർഭ​ത്തി​ല​ല്ലാ​തെ മററു സമയങ്ങ​ളി​ലും നിങ്ങൾ പ്രാർഥി​ക്കു​ന്നു​ണ്ടോ?” നമുക്കാ​വ​ശ്യ​മായ സഹായം നേടു​ന്ന​തി​നു നാം മിക്ക​പ്പോ​ഴും പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു സംസാ​രി​ക്കേ​ണ്ട​താണ്‌. (1 തെസ്സ​ലോ​നീ​ക്യർ 5:17; ലൂക്കോസ്‌ 18:1-8) പ്രിയ​പ്പെ​ട്ട​വ​നും വിശ്വ​സ്‌ത​നു​മായ ഒരു സുഹൃ​ത്തി​നോ​ടെ​ന്ന​പോ​ലെ അവനോ​ടു വിനീ​ത​മാ​യി സംസാ​രി​ക്കാൻ പഠിക്കുക. വാസ്‌ത​വ​ത്തിൽ മുഴു​പ്ര​പ​ഞ്ച​ത്തി​ന്റെ​യും മഹത്വ​മു​ളള ഭരണാ​ധി​കാ​രി​യോട്‌, പ്രാർഥന കേൾക്കു​ന്ന​വ​നോട്‌, പ്രാർഥി​ക്കാൻ കഴിയു​ന്ന​തും അവൻ നിങ്ങളെ കേൾക്കു​ന്നു​വെ​ന്ന​റി​യു​ന്ന​തും എത്ര വിശി​ഷ്ട​മായ പദവി​യാണ്‌!—സങ്കീർത്തനം 65:2.

[അധ്യയന ചോദ്യ​ങ്ങൾ]

[227-ാം പേജിലെ ചതുരം]

പുകവലിക്കാൻ പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ ഒരാൾ എന്തു ചെയ്യണം—സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ക​യോ വഴങ്ങു​ക​യോ?

[229-ാം പേജിലെ ചതുരം]

നിങ്ങൾ സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ക​യും അനന്തരം ദുഷ്‌പ്ര​വൃ​ത്തി​യി​ലേക്കു നയിക്കാ​വുന്ന പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യു​ന്നു​വോ?

[230-ാം പേജിലെ ചതുരം]

നിങ്ങൾ സ്വകാ​ര്യ​മാ​യി പ്രാർഥി​ക്കു​ന്നു​വോ അതോ മററു​ള​ള​വ​രോ​ടു​കൂ​ടെ മാത്ര​മാ​ണോ?