വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

അധ്യായം 8

മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

1. ആളുകൾ മരിച്ച​വ​രെ​ക്കു​റി​ച്ചു മിക്ക​പ്പോ​ഴും ഏതു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു?

1 പ്രിയ​പ്പെട്ട ഒരാൾ മരണത്തിൽ നഷ്ടപ്പെ​ടു​മ്പോൾ ഉണ്ടാകുന്ന ശൂന്യ​താ​ബോ​ധം ഒരുപക്ഷേ നിങ്ങൾക്ക​റി​വു​ണ്ടാ​യി​രി​ക്കും. നിങ്ങൾക്ക്‌ എത്ര വളരെ സങ്കടവും നിസ്സഹാ​യ​ത​യു​മാണ്‌ അനുഭ​വ​പ്പെ​ടുക! ഒരു വ്യക്തി മരിക്കു​മ്പോൾ അയാൾക്ക്‌ എന്തു സംഭവി​ക്കു​ന്നു? അയാൾ എവി​ടെ​യെ​ങ്കി​ലും പിന്നെ​യും ജീവി​ക്കു​ന്നു​ണ്ടോ? ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ ഇപ്പോൾ മരിച്ചു​പോ​യി​രി​ക്കു​ന്ന​വ​രു​ടെ സഖിത്വം വീണ്ടും ഭൂമി​യിൽ ആസ്വദി​ക്കാൻ കഴിയു​മോ? എന്നിങ്ങനെ ചോദി​ച്ചു​പോ​വുക സ്വാഭാ​വി​കം മാത്ര​മാണ്‌.

2. ആദ്യമ​നു​ഷ്യ​നായ ആദാമി​നു മരണത്തി​ങ്കൽ എന്തു സംഭവി​ച്ചു?

2 അങ്ങനെ​യു​ളള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ന്ന​തി​നു നാം ആദാമി​നു മരണത്തി​ങ്കൽ എന്തു സംഭവി​ച്ചു​വെ​ന്ന​റി​യു​ന്നതു സഹായ​ക​മാ​യി​രി​ക്കും. അവൻ പാപം ചെയ്‌ത​പ്പോൾ ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞു: “നീ പൊടി​യി​ലേക്കു തിരികെ പോകും, എന്തെന്നാൽ നീ അതിൽനി​ന്നാണ്‌ എടുക്ക​പ്പെ​ട്ടത്‌. എന്തെന്നാൽ നീ പൊടി​യാ​കു​ന്നു, നീ പൊടി​യി​ലേക്കു തിരികെ പോകും.” (ഉല്‌പത്തി 3:19) അതിന്റെ അർഥ​മെ​ന്തെന്നു ചിന്തി​ക്കുക. ആദാമി​നെ ദൈവം പൊടി​യിൽനി​ന്നു സൃഷ്ടി​ച്ച​തി​നു മുമ്പ്‌ അവൻ ഇല്ലായി​രു​ന്നു. അവൻ സ്ഥിതി​ചെ​യ്‌തി​രു​ന്നില്ല. അതു​കൊണ്ട്‌, ആദാം മരിച്ച​ശേഷം അവൻ അസ്‌തി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ അതേ അവസ്ഥയി​ലേക്കു തിരി​കെ​പോ​യി.

3. (എ) മരണം എന്നാ​ലെന്ത്‌? (ബി) മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു സഭാ​പ്ര​സം​ഗി 9:5, 10 എന്തു പറയുന്നു?

3 ലളിത​മാ​യി പറഞ്ഞാൽ, മരണം ജീവന്റെ വിപരീ​ത​മാണ്‌. ബൈബിൾ സഭാ​പ്ര​സം​ഗി 9:5, 10-ൽ ഇതു തെളി​യി​ക്കു​ന്നു. അധികൃ​ത​ഭാ​ഷാ​ന്തരം അഥവാ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം അനുസ​രിച്ച്‌ ഈ വാക്യ​ങ്ങ​ളിൽ ഇങ്ങനെ പറയുന്നു: “എന്തെന്നാൽ ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെ​ന്ന​റി​യു​ന്നു; എന്നാൽ മരിച്ചവർ യാതൊ​ന്നും അറിയു​ന്നില്ല, അവർക്കു മേലാൽ യാതൊ​രു പ്രതി​ഫ​ല​വു​മില്ല; എന്തെന്നാൽ അവരുടെ ഓർമ വിസ്‌മ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നിന്റെ കൈയ്‌ക്കു ചെയ്യാൻ കിട്ടു​ന്ന​തെ​ല്ലാം നിന്റെ ശക്തി​യോ​ടെ ചെയ്യുക; എന്തെന്നാൽ നീ പോകുന്ന ശവക്കു​ഴി​യിൽ പ്രവൃ​ത്തി​യോ സൂത്ര​മോ അറിവോ ജ്ഞാനമോ ഇല്ല.”

4. (എ) മരണത്തി​ങ്കൽ ഒരു വ്യക്തി​യു​ടെ ചിന്താ​പ്രാ​പ്‌തി​കൾക്ക്‌ എന്തു സംഭവി​ക്കു​ന്നു? (ബി) മരണത്തി​ങ്കൽ ഒരു വ്യക്തി​യു​ടെ ഇന്ദ്രി​യ​ബോ​ധ​ങ്ങ​ളു​ടെ​യെ​ല്ലാം പ്രവർത്തനം നിലയ്‌ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

4 ഇതി​ന്റെ​യർഥം മരിച്ച​വർക്കു യാതൊ​ന്നും ചെയ്യാൻ കഴിയു​ക​യി​ല്ലെ​ന്നും യാതൊ​ന്നും അനുഭ​വി​ച്ച​റി​യാൻ കഴിക​യി​ല്ലെ​ന്നു​മാണ്‌. ബൈബിൾ പ്രസ്‌താ​വി​ക്കുന്ന പ്രകാരം അവർക്കു മേലാൽ യാതൊ​രു ചിന്തയു​മില്ല: “നിങ്ങൾ പ്രഭു​ക്കൻമാ​രിൽ ആശ്രയി​ക്ക​രുത്‌, ഭൗമിക മമനു​ഷ്യ​ന്റെ പുത്ര​നി​ലും അരുത്‌, രക്ഷ അവനു​ള​ള​ത​ല്ല​ല്ലോ. അവന്റെ ആത്മാവു പുറത്തു​പോ​കു​ന്നു, അവൻ തന്റെ നില​ത്തേക്കു തിരികെ പോകു​ന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കു​ക​തന്നെ ചെയ്യുന്നു.” (സങ്കീർത്തനം 146:3, 4) മരണത്തി​ങ്കൽ, ശ്വാ​സോ​ച്ഛ്വാ​സ​ത്താൽ നിലനിർത്ത​പ്പെ​ടുന്ന മമനു​ഷ്യ​ന്റെ ആത്മാവ്‌ അഥവാ ജീവശക്തി “പുറത്തു​പോ​കു​ന്നു.” അതു മേലാൽ സ്ഥിതി​ചെ​യ്യു​ന്നില്ല. അങ്ങനെ മനുഷ്യ​നു ചിന്തി​ക്കാ​നു​ളള കഴിവി​നെ ആശ്രയി​ച്ചു​ളള അവന്റെ കാഴ്‌ച​യു​ടെ​യും കേൾവി​യു​ടെ​യും സ്‌പർശ​ന​ത്തി​ന്റെ​യും ഘ്രാണ​ത്തി​ന്റെ​യും രസനയു​ടെ​യും ബോധ​ങ്ങ​ളെ​ല്ലാം പ്രവർത്തനം നിർത്തു​ന്നു. ബൈബി​ള​നു​സ​രിച്ച്‌ മരിച്ചവർ പൂർണ​മായ നിർബോ​ധാ​വ​സ്ഥ​യിൽ പ്രവേ​ശി​ക്കു​ന്നു.

5. (എ) മരിച്ച മനുഷ്യ​രു​ടെ​യും ചത്ത മൃഗങ്ങ​ളു​ടെ​യും അവസ്ഥ ഒന്നുത​ന്നെ​യാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ? (ബി) മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും ജീവി​പ്പി​ക്കുന്ന “ആത്മാവ്‌” എന്താണ്‌?

5 മരിക്കു​മ്പോൾ മനുഷ്യ​രും മൃഗങ്ങ​ളും പൂർണ​മായ ഒരേ നിർബോ​ധാ​വ​സ്ഥ​യി​ലാണ്‌. ബൈബിൾ ഈ ആശയത്തെ തെളി​യി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു കാണുക: “ഒന്നു മരിക്കു​ന്ന​തു​പോ​ലെ മറേറ​തും മരിക്കു​ന്നു; അവയ്‌ക്കെ​ല്ലാം ഒരു ആത്മാവു​മാ​ത്ര​മാ​ണു​ള​ളത്‌, തന്നിമി​ത്തം മനുഷ്യ​നു മൃഗ​ത്തെ​ക്കാൾ ശ്രേഷ്‌ഠ​ത​യില്ല, എന്തെന്നാൽ സകലവും മായയാണ്‌. എല്ലാം ഒരു സ്ഥലത്തേക്കു പോകു​ന്നു. അവയെ​ല്ലാം പൊടി​യിൽനി​ന്നു​ണ്ടാ​യി, അവയെ​ല്ലാം പൊടി​യി​ലേക്കു തിരികെ പോകു​ന്നു.” (സഭാ​പ്ര​സം​ഗി 3:19, 20) മൃഗങ്ങളെ ജീവി​പ്പി​ക്കുന്ന “ആത്മാവ്‌”തന്നെയാ​ണു മനുഷ്യ​രെ​യും ജീവി​പ്പി​ക്കു​ന്നത്‌. ഈ “ആത്മാവ്‌” അഥവാ അദൃശ്യ​ജീ​വ​ശക്തി പുറത്തു​പോ​കു​മ്പോൾ, മനുഷ്യ​നും മൃഗവും അവ നിർമി​ക്ക​പ്പെട്ട പൊടി​യി​ലേക്കു തിരികെ പോകു​ന്നു.

ദേഹി മരിക്കു​ന്നു

6. മൃഗങ്ങൾ ദേഹി​ക​ളാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

6 മനുഷ്യ​നെ മൃഗങ്ങ​ളിൽനി​ന്നു വ്യത്യാ​സ​പ്പെ​ടു​ത്തു​ന്നതു മനുഷ്യ​നു ദേഹി​യു​ണ്ടെ​ന്നും മൃഗങ്ങൾക്ക്‌ ഇല്ലെന്നു​മു​ളള വസ്‌തു​ത​യാ​ണെന്നു ചിലർ പറയുന്നു. എന്നിരു​ന്നാ​ലും, ദൈവം വെളള​ത്തിൽ ജീവി​ക്കാൻ “ജീവനു​ളള ദേഹി​കളെ” സൃഷ്ടി​ച്ചു​വെ​ന്നും മൃഗങ്ങൾക്ക്‌ “ഒരു ദേഹി​യാ​യു​ളള ജീവൻ” ഉണ്ടെന്നും ഉല്‌പത്തി 1:20-ഉം 30-ഉം പറയുന്നു. ഈ വാക്യ​ങ്ങ​ളിൽ ചില ബൈബി​ളു​കൾ “ദേഹി”ക്കുപകരം “ജന്തു” എന്നും “ജീവൻ” എന്നുമു​ളള പദങ്ങളാ​ണു​പ​യോ​ഗി​ക്കു​ന്നത്‌. എന്നാൽ മൂലഭാ​ഷ​യിൽ “ദേഹി” എന്ന പദമാണു കാണു​ന്ന​തെ​ന്നു​ള​ള​തി​നോട്‌ അവയുടെ മാർജി​നി​ലെ വായന യോജി​ക്കു​ന്നു. മൃഗങ്ങളെ ദേഹി​ക​ളെന്നു വിളി​ക്കുന്ന ബൈബിൾപ​രാ​മർശ​ന​ങ്ങ​ളിൽ പെട്ടതാ​ണു സംഖ്യാ​പു​സ്‌തകം 31:28. അവിടെ അതു “മനുഷ്യ​വർഗ​ത്തി​ലും കന്നുകാ​ലി​ക​ളി​ലും കഴുത​ക​ളി​ലും ആട്ടിൻകൂ​ട്ട​ത്തി​ലും​പെട്ട അഞ്ഞൂറിൽ ഒരു ദേഹി”യെക്കു​റി​ച്ചു പറയുന്നു.

7. മൃഗ​ദേ​ഹി​ക​ളും മനുഷ്യ​ദേ​ഹി​ക​ളും മരിക്കു​ന്നു​വെന്നു തെളി​യി​ക്കാൻ ബൈബിൾ എന്തു പറയുന്നു?

7 മൃഗങ്ങൾ ദേഹി​ക​ളാ​യ​തി​നാൽ അവ മരിക്കു​മ്പോൾ അവയുടെ ദേഹികൾ മരിക്കു​ന്നു. ബൈബിൾ പറയു​ന്ന​പ്ര​കാ​രം: “അതെ, സമു​ദ്ര​ജ​ന്തു​ക്ക​ളായ ജീവനു​ളള ഏതു ദേഹി​യും ചത്തു.” (വെളി​പ്പാട്‌ 16:3) മാനു​ഷ​ദേ​ഹി​കളെ സംബന്ധി​ച്ചെന്ത്‌? നാം മുൻ അധ്യാ​യ​ത്തിൽ പഠിച്ച​തു​പോ​ലെ, ദൈവം മനുഷ്യ​നെ ഒരു ദേഹി​സ​ഹി​തം സൃഷ്ടി​ച്ചില്ല. മനുഷ്യൻ ഒരു ദേഹി ആകുന്നു. അതു​കൊ​ണ്ടു നമുക്കു പ്രതീ​ക്ഷി​ക്കാ​വു​ന്ന​തു​പോ​ലെ, മനുഷ്യൻ മരിക്കു​മ്പോൾ അവന്റെ ദേഹി മരിക്കു​ന്നു. ഇതു സത്യമാ​ണെന്നു ബൈബിൾ എത്രയോ പ്രാവ​ശ്യം പറയുന്നു. ദേഹി മരണര​ഹി​ത​മാ​ണെന്ന്‌ അല്ലെങ്കിൽ അതിനു മരിക്കാൻ കഴിക​യി​ല്ലെന്നു ബൈബിൾ ഒരിക്കൽപോ​ലും പറയു​ന്നു​മില്ല. “പൊടി​യി​ലേക്കു പോകു​ന്ന​വ​രെ​ല്ലാം കുനി​യും, ആരും ഒരിക്ക​ലും തന്റെ ദേഹിയെ ജീവ​നോ​ടെ കാത്തു​സൂ​ക്ഷി​ക്കു​ക​യില്ല” എന്നു സങ്കീർത്തനം 22:29 പറയുന്നു. “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും” എന്നു യെഹെ​സ്‌ക്കേൽ 18:4 ഉം 20 ഉം വിശദീ​ക​രി​ക്കു​ന്നു. നിങ്ങൾ യോശു​വാ 10:28-39 ലേക്കു തിരി​ഞ്ഞാൽ ദേഹി കൊല്ല​പ്പെ​ടു​ന്ന​താ​യോ നശിപ്പി​ക്ക​പ്പെ​ടു​ന്ന​താ​യോ പറയുന്ന ഏഴു സ്ഥലങ്ങൾ കാണും.

8. മനുഷ്യ​ദേ​ഹി​യായ യേശു​ക്രി​സ്‌തു മരിച്ചു​വെന്നു നാം എങ്ങനെ അറിയു​ന്നു?

8 യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു​ളള ഒരു പ്രവച​ന​ത്തിൽ ബൈബിൾ പറയുന്നു: “അവൻ തന്റെ ദേഹിയെ മരണത്തി​ലേ​ക്കു​തന്നെ ഒഴുക്കി​ക്ക​ളഞ്ഞു . . . അവൻതന്നെ അനേകം ജനങ്ങളു​ടെ പാപങ്ങൾ വഹിച്ചു.” (യെശയ്യാവ്‌ 53:12) ഒരു ദേഹി​യാണ്‌ (ആദാം) പാപം ചെയ്‌ത​തെ​ന്നും മനുഷ്യ​രെ മറുവില കൊടു​ത്തു വീണ്ടെ​ടു​ക്കു​ന്ന​തി​നു തുല്യ​മായ ഒരു ദേഹി (ഒരു മനുഷ്യൻ) ബലി​ചെ​യ്യ​പ്പെ​ടേ​ണ്ടി​യി​രു​ന്നു​വെ​ന്നു​മാ​ണു മറുവി​ല​യു​ടെ ഉപദേശം. ക്രിസ്‌തു ‘തന്റെ ദേഹിയെ മരണത്തി​ലേക്ക്‌ ഒഴുക്കി​ക്കൊ​ണ്ടു’ മറുവില നൽകി. മാനു​ഷ​ദേ​ഹി​യായ യേശു മരിച്ചു.

9. ‘ആത്മാവു​തന്നെ അതിനെ നൽകിയ ദൈവ​ത്തി​ങ്ക​ലേക്കു തിരികെ പോകു​ന്നു’ എന്ന വാക്കു​ക​ളു​ടെ അർഥ​മെന്ത്‌?

9 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, “ആത്മാവ്‌” നമ്മുടെ ദേഹി​യിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌. ആത്മാവു നമ്മുടെ ജീവശ​ക്തി​യാണ്‌. ഈ ജീവശക്തി മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും ഓരോ ശരീര​കോ​ശ​ത്തി​ലു​മുണ്ട്‌. അതു ശ്വാ​സോ​ച്ഛ്വാ​സ​ത്താൽ നിലനിർത്ത​പ്പെ​ടു​ന്നു അഥവാ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കി നിർത്ത​പ്പെ​ടു​ന്നു. അപ്പോൾ മരണത്തി​ങ്കൽ “പൊടി ഭൂമി​യി​ലേക്കു തിരി​കെ​പ്പോ​കു​ന്നു . . . ആത്മാവ്‌ അതിനെ നൽകിയ സത്യ​ദൈ​വ​ത്തി​ങ്ക​ലേക്കു തിരി​കെ​പ്പോ​കു​ന്നു” എന്നു ബൈബിൾ പറയു​മ്പോൾ അതിന്റെ അർഥ​മെ​ന്താണ്‌? (സഭാ​പ്ര​സം​ഗി 12:7) മരണത്തി​ങ്കൽ ജീവശക്തി ക്രമേണ സകല ശരീര​കോ​ശ​ങ്ങ​ളിൽനി​ന്നും വിട്ടു​പോ​കു​ക​യും ശരീരം ജീർണി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്യുന്നു. എന്നാൽ ഇതിന്‌ നമ്മുടെ ജീവശക്തി അക്ഷരീ​യ​മാ​യി ഭൂമി വിട്ടു​പോ​കു​ന്നു​വെ​ന്നും ശൂന്യാ​കാ​ശ​ത്തി​ലൂ​ടെ ദൈവ​ത്തി​ങ്ക​ലേക്കു യാത്ര ചെയ്യു​ന്നു​വെ​ന്നും അർഥമില്ല എന്നാൽ ഭാവി​ജീ​വ​നു​വേ​ണ്ടി​യു​ളള നമ്മുടെ പ്രത്യാശ ഇപ്പോൾ മുഴു​വ​നാ​യി ദൈവ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വെന്ന അർഥത്തി​ലാണ്‌ ആത്മാവു ദൈവ​ത്തി​ങ്ക​ലേക്കു തിരികെ പോകു​ന്നത്‌. അവന്റെ ശക്തിയാൽ മാത്രമേ നാം വീണ്ടും ജീവി​ക്കേ​ണ്ട​തിന്‌ ആത്മാവ്‌ അഥവാ ജീവശക്തി തിരികെ ലഭിക്കാൻ കഴിയൂ.—സങ്കീർത്തനം 104:29, 30.

ലാസർ—നാലു ദിവസം മരിച്ച​വ​നാ​യി​രുന്ന ഒരു മനുഷ്യൻ

10. ലാസർ മരിച്ചു​വെ​ങ്കി​ലും അവന്റെ അവസ്ഥ​യെ​ക്കു​റി​ച്ചു യേശു എന്തു പറഞ്ഞു?

10 നാലു​ദി​വസം മരിച്ച​വ​നാ​യി​രുന്ന ലാസറി​നു സംഭവി​ച്ചതു മരിച്ച​വ​രു​ടെ അവസ്ഥ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. യേശു തന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞു: “നമ്മുടെ സ്‌നേ​ഹി​ത​നായ ലാസർ വിശ്ര​മി​ക്കു​ക​യാണ്‌. എന്നാൽ അവനെ ഉറക്കത്തിൽനിന്ന്‌ ഉണർത്താൻ ഞാൻ അവി​ടേക്കു യാത്ര​ചെ​യ്യു​ക​യാണ്‌.” എന്നുവ​രി​കി​ലും, “കർത്താവേ, അവൻ വിശ്ര​മി​ക്കു​ക​യാ​ണെ​ങ്കിൽ അവൻ സുഖം പ്രാപി​ക്കും” എന്നു ശിഷ്യൻമാർ മറുപടി പറഞ്ഞു. അതിങ്കൽ “ലാസർ മരിച്ചു” എന്നു യേശു അവരോ​ടു വ്യക്തമാ​യി പറഞ്ഞു. ലാസർ യഥാർഥ​ത്തിൽ മരിച്ചി​രി​ക്കെ, അവൻ ഉറങ്ങു​ക​യാ​ണെന്നു യേശു പറഞ്ഞ​തെ​ന്തു​കൊ​ണ്ടാ​യി​രു​ന്നു? നമുക്കു കാണാം.

11. മരിച്ച ലാസറി​നു​വേണ്ടി യേശു എന്തു ചെയ്‌തു?

11 യേശു ലാസർ പാർത്തി​രുന്ന ഗ്രാമ​ത്തോ​ട​ടു​ത്ത​പ്പോൾ ലാസറി​ന്റെ സഹോ​ദ​രി​യായ മാർത്ത അവനെ ചെന്നു സ്വീക​രി​ച്ചു. പെട്ടെന്നു മററ്‌ അനേക​രോ​ടു​കൂ​ടെ അവർ ലാസറി​നെ വെച്ചി​രുന്ന കല്ലറയ്‌ക്ക​ലേക്കു പോയി. അത്‌ ഒരു ഗുഹയാ​യി​രു​ന്നു, അതിന്റെ നേരെ ഒരു കല്ല്‌ ഇരുന്നി​രു​ന്നു. “കല്ല്‌ എടുത്തു മാററൂ” എന്നു യേശു പറഞ്ഞു. ലാസർ മരിച്ചി​ട്ടു നാലു ദിവസ​മാ​യി​രു​ന്ന​തു​കൊണ്ട്‌ “കർത്താവേ, ഇപ്പോൾ അവനു നാററം വച്ചിരി​ക്കും” എന്നു മാർത്ത തടസ്സം​പ​റഞ്ഞു. എന്നാൽ കല്ലു നീക്കി, “ലാസറേ, പുറത്തു വരിക!” എന്നു യേശു വിളി​ച്ചു​പ​റഞ്ഞു. അവൻ പുറത്തു വന്നു! അവൻ ശവത്തു​ണി​ക​ളിൽ പൊതി​യ​പ്പെ​ട്ട​വ​നാ​യി ജീവ​നോ​ടെ പുറത്തു വന്നു. “അവന്റെ കെട്ടഴി​ക്കുക, അവൻ പോകട്ടെ” എന്നു യേശു പറഞ്ഞു.—യോഹ​ന്നാൻ 11:11-44.

12, 13. (എ) ലാസർ മരിച്ച​പ്പോൾ അവൻ ബോധ​ര​ഹി​ത​നാ​യി എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) യഥാർഥ​ത്തിൽ ലാസർ മരിച്ചി​രു​ന്ന​പ്പോൾ അവൻ ഉറങ്ങു​ക​യാ​ണെന്നു യേശു പറഞ്ഞ​തെ​ന്തു​കൊണ്ട്‌?

12 ഇപ്പോൾ ചിന്തി​ക്കുക: ലാസർ മരിച്ചി​രുന്ന നാലു ദിവസം അവന്റെ അവസ്ഥ എന്തായി​രു​ന്നു? അവൻ സ്വർഗ​ത്തി​ലാ​യി​രു​ന്നോ? അവൻ ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. എന്നിട്ടും താൻ സ്വർഗ​ത്തി​ലാ​യി​രു​ന്ന​താ​യി ലാസർ യാതൊ​ന്നും പറഞ്ഞില്ല. അവൻ അവി​ടെ​യാ​യി​രു​ന്നു​വെ​ങ്കിൽ തീർച്ച​യാ​യും അവൻ അതി​നെ​ക്കു​റി​ച്ചു പറയു​മാ​യി​രു​ന്നു. ലാസർ യഥാർഥ​ത്തിൽ യേശു പറഞ്ഞതു​പോ​ലെ മരിച്ചി​രു​ന്നു. എന്നാൽ ലാസർ ഉറങ്ങു​ക​മാ​ത്ര​മാ​ണെന്നു യേശു തന്റെ ശിഷ്യൻമാ​രോട്‌ ആദ്യം പറഞ്ഞ​തെ​ന്തു​കൊ​ണ്ടാ​യി​രു​ന്നു?

13 മരിച്ച ലാസർ ബോധ​ര​ഹി​ത​നാ​ണെന്നു യേശു​വി​ന​റി​യാ​മാ​യി​രു​ന്നു. ബൈബിൾ പറയു​ന്ന​പ്ര​കാ​രം “മരിച്ച​വർക്കു . . . യാതൊ​ന്നി​നെ​ക്കു​റി​ച്ചും ഒരു ബോധ​വു​മി​ല്ല​തന്നെ.” (സഭാ​പ്ര​സം​ഗി 9:5) എന്നാൽ ജീവനു​ളള ഒരാളെ ഗാഢനി​ദ്ര​യിൽനിന്ന്‌ ഉണർത്താൻ കഴിയും. അതു​കൊണ്ട്‌ തനിക്കു നൽകപ്പെട്ട ദൈവി​ക​ശ​ക്തി​യാൽ തന്റെ സ്‌നേ​ഹി​ത​നായ ലാസറെ മരണത്തിൽനിന്ന്‌ ഉണർത്താൻ കഴിയു​മെന്നു യേശു പ്രകട​മാ​ക്കാൻ പോകു​ക​യാ​യി​രു​ന്നു.

14. മരിച്ച​വരെ ഉയിർപ്പി​ക്കാ​നു​ളള യേശു​വി​ന്റെ ശക്തി​യെ​ക്കു​റി​ച്ചു​ളള അറിവ്‌ എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌?

14 ഒരു വ്യക്തി ഗാഢനി​ദ്ര​യി​ലാ​യി​രി​ക്കു​മ്പോൾ അയാൾ യാതൊ​ന്നും ഓർക്കു​ന്നില്ല. മരിച്ച​വരെ സംബന്ധി​ച്ചും അങ്ങനെ​ത​ന്നെ​യാണ്‌. അവർക്കു വികാ​ര​ങ്ങളേ ഇല്ല. അവർ മേലാൽ സ്ഥിതി​ചെ​യ്യു​ന്നില്ല. എന്നാൽ ദൈവ​ത്തി​ന്റെ തക്കസമ​യത്തു ദൈവ​ത്താൽ വീണ്ടെ​ടു​ക്ക​പ്പെ​ടുന്ന മരിച്ചവർ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. (യോഹ​ന്നാൻ 5:28) തീർച്ച​യാ​യും ഈ അറിവു ദൈവ​പ്രീ​തി നേടാൻ ആഗ്രഹി​ക്കു​ന്ന​തി​നു നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌. നാം അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ നാം മരിച്ചാൽപോ​ലും ദൈവം നമ്മെ ഓർക്കു​ക​യും ജീവനി​ലേക്കു തിരികെ വരുത്തു​ക​യും ചെയ്യും.—1 തെസ്സ​ലോ​നീ​ക്യർ 4:13, 14.

[അധ്യയന ചോദ്യ​ങ്ങൾ]

[76-ാം പേജിലെ ചിത്രം]

ആദാം—പൊടി​യിൽനി​ന്നു നിർമി​ക്ക​പ്പെട്ടു . . . പൊടി​യി​ലേക്കു തിരി​കെ​പ്പോ​യി

[78-ാം പേജിലെ ചിത്രം]

യേശു ഉയിർപ്പി​ക്കു​ന്ന​തി​നു മുമ്പു ലാസറി​ന്റെ അവസ്ഥ​യെ​ന്താ​യി​രു​ന്നു?