ശരി ചെയ്യുന്നതിനുളള പോരാട്ടം
അധ്യായം 26
ശരി ചെയ്യുന്നതിനുളള പോരാട്ടം
1. ഏതു രണ്ടു കാര്യങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ പോരാടേണ്ടതാണ്?
1 സാത്താന്റെ ലോകം സ്ഥിതിചെയ്യുന്നിടത്തോളം കാലം ക്രിസ്ത്യാനികൾ അതിന്റെ ദുഷ്ടസ്വാധീനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പോരാടേണ്ടതുണ്ട്. “പിശാചിന്റെ തന്ത്രപ്രവൃത്തികൾക്കെതിരെ ഉറച്ചുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുളള പടക്കോപ്പു ധരിച്ചുകൊൾക” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എഫേസ്യർ 6:11-18) എന്നിരുന്നാലും, നമ്മുടെ പോരാട്ടം സാത്താനും അവന്റെ ലോകത്തിനും എതിരായി മാത്രമല്ല; അതു തിൻമചെയ്യാനുളള നമ്മുടെ സ്വന്തം ആഗ്രഹങ്ങൾക്കെതിരായിട്ടുകൂടെയാണ്. ബൈബിൾ പറയുന്നു: “മമനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് അവന്റെ ബാല്യം മുതൽ ചീത്തയാണ്.”—ഉല്പത്തി 8:21; റോമർ 5:12.
2. (എ) നമുക്കു മിക്കപ്പോഴും തെററുചെയ്യാനുളള ഒരു ശക്തമായ ആഗ്രഹമുളളതെന്തുകൊണ്ട്? (ബി) നാം ദുർമോഹങ്ങളോടു പോരാടേണ്ടതെന്തുകൊണ്ട്?
2 ഒന്നാം മനുഷ്യനായ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം നിമിത്തം നമ്മുടെ ഹൃദയങ്ങൾ തിൻമ ചെയ്യാൻ അഭിലഷിച്ചേക്കാം. നാം ആ മോഹത്തിനു വഴിപ്പെടുകയാണെങ്കിൽ നാം ദൈവത്തിന്റെ നീതിയുളള പുതിയ വ്യവസ്ഥിതിയിലെ നിത്യജീവൻ പ്രാപിക്കുകയില്ല. അതുകൊണ്ട് ശരി ചെയ്യാൻ നാം പോരാടേണ്ട ആവശ്യമുണ്ട്. അപ്പോസ്തലനായ പൗലോസിനുപോലും അത്തരമൊരു പോരാട്ടമുണ്ടായിരുന്നു. അവൻ വിശദീകരിച്ചപ്രകാരം “ഞാൻ ശരി ചെയ്യാനാഗ്രഹിക്കുമ്പോൾ തിൻമ എന്നോടുകൂടെയുണ്ട്.” (റോമർ 7:21-23) ഈ പോരാട്ടം കഠിനമാണെന്നു നിങ്ങളും കണ്ടെത്തിയേക്കാം. ചില സമയങ്ങളിൽ ഒരു ശക്തമായ പോരാട്ടം നിങ്ങളുടെ ഉളളിൽ നടക്കുന്നുണ്ടായിരിക്കാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിക്കും?
3. (എ) അനേകർക്ക് ഏത് ആന്തരികപോരാട്ടമുണ്ട്? (ബി) അനേകരും ശരി ചെയ്യാനാഗ്രഹിക്കുമ്പോൾ തെററു ചെയ്യുന്നു എന്ന വസ്തുത ഏതു ബൈബിൾസത്യത്തെ പ്രകടമാക്കുന്നു?
3 ഭൂമിയിലെ പൂർണതയുളള അവസ്ഥകളിൽ എന്നേക്കും ജീവിക്കുന്നതു സംബന്ധിച്ച ദൈവത്തിന്റെ അത്ഭുതാവഹമായ വാഗ്ദത്തങ്ങളെക്കുറിച്ചു നിങ്ങൾ അറിയാനിടയായിരിക്കുന്നു. ഈ വാഗ്ദത്തങ്ങൾ നിങ്ങൾ വിശ്വസിക്കുന്നു, നിങ്ങൾ ഈ നല്ല കാര്യങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവത്തെ സേവിക്കുന്നതു നിങ്ങളുടെ നിലനിൽക്കുന്ന അത്യുത്തമ താല്പര്യങ്ങൾക്കനുഗുണമാണെന്നു നിങ്ങൾക്കറിയാം. എന്നാൽ വഷളാണെന്നു നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ആഗ്രഹിച്ചേക്കാം. ചിലപ്പോൾ ദുർവൃത്തിയിലേർപ്പെടുന്നതിനോ മോഷ്ടിക്കുന്നതിനോ മററു ദുഷ്പ്രവൃത്തിയിലേർപ്പെടുന്നതിനോ നിങ്ങൾക്കു ശക്തമായ ആഗ്രഹമുണ്ടായേക്കാം. ഈ പുസ്തകം പഠിക്കുന്ന ചിലർ യഥാർഥത്തിൽ അത്തരം ദുർനടപടികളിൽ ഏർപ്പെടുന്നുണ്ടായിരിക്കാം, എന്നാൽ ഇവ ദൈവം കുററംവിധിക്കുന്ന കാര്യങ്ങളാണെന്ന് അവർക്കറിയാം. എന്നാൽ ശരി ചെയ്യാനാഗ്രഹിക്കുമ്പോൾ അവർ തെററു ചെയ്യുന്നുവെന്ന വസ്തുത “ഹൃദയം മറെറന്തിനെക്കാളും വഞ്ചനാത്മകവും സാഹസികവുമാണ്” എന്ന ബൈബിൾസത്യത്തെ പ്രകടമാക്കുന്നു.—യിരെമ്യാവ് 17:9.
പോരാട്ടത്തിൽ വിജയിക്കാൻ കഴിയും
4. (എ) പോരാട്ടത്തിൽ ജയിക്കുന്നുവോ തോൽക്കുന്നുവോ എന്നത് ആരെ ആശ്രയിച്ചിരിക്കുന്നു? (ബി) ശരി ചെയ്യാനുളള പോരാട്ടത്തിൽ വിജയിക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത്?
4 തെററുചെയ്യാനുളള ഒരാളുടെ ശക്തമായ ആഗ്രഹങ്ങളിൻമേൽ അയാൾക്കു നിയന്ത്രണമില്ലെന്ന് ഇതിനർഥമില്ല. നിങ്ങൾ യഥാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ ശരിയായ വഴിയിൽ നയിക്കത്തക്കവിധം നിങ്ങളുടെ ഹൃദയത്തെ ബലിഷ്ഠമാക്കാൻ നിങ്ങൾക്കു കഴിയും. എന്നാൽ അതു ചെയ്യേണ്ടതു നിങ്ങളാണ്. (സങ്കീർത്തനം 26:1, 11) മററാർക്കും നിങ്ങൾക്കുവേണ്ടി പോരാട്ടത്തിൽ വിജയിക്കാൻ സാധ്യമല്ല. അതുകൊണ്ട് ഒന്നാമതായി നിങ്ങൾക്കുവേണ്ടി ജീവദായകമായ ബൈബിൾ പരിജ്ഞാനം ഉൾക്കൊളളുന്നതിൽ തുടരുക. (യോഹന്നാൻ 17:3) എന്നിരുന്നാലും, കേവലം ആ അറിവു തലയിൽ കയററുന്നതിനെക്കാൾ കൂടുതൽ ആവശ്യമാണ്. അതു നിങ്ങളുടെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങേണ്ട ആവശ്യവുമുണ്ട്. നിങ്ങൾ പഠിക്കുന്നതു സംബന്ധിച്ചു പ്രവർത്തിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കത്തക്കവണ്ണം നിങ്ങൾക്ക് അതു സംബന്ധിച്ച് ആഴമായ വികാരമുണ്ടായിരിക്കണം.
5. നിങ്ങൾക്കു ദൈവനിയമങ്ങളോട് എങ്ങനെ ഹൃദയവിലമതിപ്പു നേടാൻ കഴിയും?
5 എന്നാൽ നിങ്ങൾക്കു ദൈവനിയമങ്ങളോട് എങ്ങനെ ഹൃദയവിലമതിപ്പു നേടാൻ കഴിയും? നിങ്ങൾ അവയെക്കുറിച്ചു ധ്യാനിക്കേണ്ടതുണ്ട്, അഥവാ ഗാഢമായി ചിന്തിക്കേണ്ടതുണ്ട്. ദൃഷ്ടാന്തമായി നിങ്ങളോടുതന്നെ ചോദിക്കുക: “ദൈവത്തെ അനുസരിക്കുന്നതു യഥാർഥത്തിൽ എന്തു വ്യത്യാസമുളവാക്കുന്നു?” അനന്തരം അവന്റെ നിയമങ്ങളെ അവഗണിച്ചിട്ടുളളവരുടെ ജീവിതത്തെ നോക്കുക. ഉദാഹരണമായി, ഒരു 19 വയസ്സുകാരി യുവതി എഴുതി: “എനിക്കു മൂന്നു പ്രാവശ്യം ലൈംഗികരോഗം പിടിപെട്ടു. ഒടുവിലത്തെ പ്രാവശ്യം എനിക്കു ഗർഭാശയഛേദനം നടത്തേണ്ടിവന്നതുകൊണ്ടു ശിശുക്കളെ പ്രസവിക്കാനുളള എന്റെ അവകാശം എനിക്കു നഷ്ടപ്പെട്ടു.” ആളുകൾ ദൈവനിയമം ലംഘിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ മുഴുവൻ പരിചിന്തിക്കുന്നതു വാസ്തവത്തിൽ സങ്കടകരമാണ്. (2 ശമുവേൽ 13:1-19) ദുർവൃത്തിയിലേർപ്പെട്ട ഒരു സ്ത്രീ സങ്കടപൂർവം പറഞ്ഞു: “അനുസരണക്കേടുനിമിത്തം ഉണ്ടാകുന്ന വേദനയ്ക്കും വൈകാരികത്തകർച്ചയ്ക്കും തക്ക വില അതിനില്ല. അതുനിമിത്തം ഞാൻ ഇപ്പോൾ കഷ്ടപ്പെടുകയാണ്.”
6. (എ) തിൻമ ചെയ്യുന്നതിൽനിന്നു സംജാതമാകുന്ന ഉല്ലാസം തക്ക വിലയില്ലാത്തതായിരിക്കുന്നതെന്തുകൊണ്ട്? (ബി) മോശയ്ക്ക് ഈജിപ്ററിൽ ഏതുതരം ജീവിതം ആസ്വദിക്കാൻ കഴിയുമായിരുന്നു?
6 എന്നിരുന്നാലും, ദുർവൃത്തിയും മദ്യലഹരിയും മയക്കുമരുന്നുകളുടെ ഉപയോഗവും രസമാണെന്ന് ആളുകൾ പറയുന്നതു നിങ്ങൾ കേട്ടേക്കാം. എന്നാൽ ആ രസം താല്ക്കാലികം മാത്രമാണ്. നിങ്ങളിൽനിന്നു യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടി കവർന്നെടുക്കുന്ന ഒരു പ്രവർത്തനഗതിയിലേക്കു വഴിതെററിക്കപ്പെടരുത്. “ഫറവോന്റെ പുത്രിയുടെ മകനാ”യി വളർത്തപ്പെട്ട മോശയെക്കുറിച്ചു ചിന്തിക്കുക. അവൻ പുരാതന ഈജിപ്ററിലെ രാജകീയ കുടുംബത്തിന്റെ സമ്പന്നതയിലാണു ജീവിച്ചത്. എന്നിരുന്നാലും, അവൻ വളർന്നപ്പോൾ “പാപത്തിന്റെ താൽക്കാലിക ആസ്വാദനം ലഭിക്കുന്നതിനുപകരം ദൈവജനത്തോടുകൂടെ പീഡിപ്പിക്കപ്പെടുന്നതി”നെയാണ് അവൻ തെരഞ്ഞെടുത്തത് എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:24, 25) അതുകൊണ്ട് പ്രത്യക്ഷത്തിൽ ഈജിപ്ഷ്യൻ രാജകീയകുടുംബത്തിൽ നിലവിലിരുന്ന അധാർമികമായ, അഴിഞ്ഞ, ജീവിതരീതിയിൽ ആസ്വാദനമോ രസമോ ഉണ്ടായിരുന്നു. അപ്പോൾ, അതിൽനിന്നെല്ലാം മോശ അകന്നുമാറിയത് എന്തുകൊണ്ടായിരുന്നു?
7. ഈജിപ്ഷ്യൻ രാജകുടുംബത്തിലെ “പാപത്തിന്റെ താൽക്കാലിക ആസ്വാദന”ത്തിൽനിന്നു മോശ വിട്ടുമാറിയതെന്തുകൊണ്ട്?
7 എന്തുകൊണ്ടെന്നാൽ, മോശ യഹോവയാം ദൈവത്തിൽ വിശ്വസിച്ചിരുന്നു. അവന് ഈജിപ്ഷ്യൻ രാജകുടുംബത്തിൽ അനുഭവിക്കാമായിരുന്ന പാപത്തിന്റെ ഏതു താല്ക്കാലിക ആസ്വാദനത്തെക്കാളും വളരെ മെച്ചപ്പെട്ട ഒന്നിനെക്കുറിച്ച് അവൻ അറിഞ്ഞിരുന്നു. ബൈബിൾ പറയുന്നു: “പ്രതിഫലലബ്ധിയിലേക്ക് അവൻ ഉററുനോക്കി.” ദൈവം വാഗ്ദത്തം ചെയ്തിരുന്ന കാര്യങ്ങളെക്കുറിച്ചു മോശ ധ്യാനിച്ചു, അഥവാ ഗാഢമായി ചിന്തിച്ചു. നീതിയുളള ഒരു പുതിയ വ്യവസ്ഥിതി സൃഷ്ടിക്കാനുളള ദൈവോദ്ദേശ്യത്തിൽ അവനു വിശ്വാസമുണ്ടായിരുന്നു. മനുഷ്യവർഗത്തോടുളള യഹോവയുടെ വലിയ സ്നേഹവും കരുതലും അവന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നു. മോശ യഹോവയെക്കുറിച്ചു കേവലം കേൾക്കുകയോ വായിക്കുകയോ ആയിരുന്നില്ല. “അവൻ അദൃശ്യനായവനെ കാണുന്നതുപോലെ തുടർന്ന് ഉറച്ചുനിന്നു” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:26, 27) യഹോവ മോശയ്ക്കു യഥാർഥമായിരുന്നു, നിത്യജീവനെക്കുറിച്ചുളള അവന്റെ വാഗ്ദത്തങ്ങളും അങ്ങനെയായിരുന്നു.
8. (എ) ശരി ചെയ്യാനുളള പോരാട്ടത്തിൽ വിജയിക്കുന്നതിനു നമുക്ക് എന്താവശ്യമാണ്? (ബി) ഒരു യുവാവ് പ്രകടമാക്കിയ ഏതു വീക്ഷണഗതി നമുക്കുണ്ടായിരിക്കുന്നതു ബുദ്ധിപൂർവകമാണ്?
8 നിങ്ങളെ സംബന്ധിച്ച് അതു സത്യമാണോ? നിങ്ങൾ യഹോവയെ ഒരു യഥാർഥ വ്യക്തിയായി, നിങ്ങളെ സ്നേഹിക്കുന്ന ഒരു പിതാവായി, വീക്ഷിക്കുന്നുവോ? ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ നല്കാനുളള അവന്റെ വാഗ്ദത്തങ്ങളെക്കുറിച്ചു നിങ്ങൾ വായിക്കുമ്പോൾ ആ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടു നിങ്ങൾ അവിടെ ആയിരിക്കുന്നതായി വിഭാവന ചെയ്യുന്നുവോ? (156 മുതൽ 162 വരെയുളള പേജുകൾ കാണുക.) തെററു ചെയ്യുന്നതിനുളള അനേകം സമ്മർദങ്ങൾക്കെതിരായുളള പോരാട്ടത്തിൽ വിജയിക്കുന്നതിനു യഹോവയോടു നമുക്ക് ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. മോശ ചെയ്തതുപോലെ, നാം “പ്രതിഫലലബ്ധിയിലേക്ക് ഉററുനോക്കേണ്ട”തുണ്ട്. ദുർവൃത്തിയിലേർപ്പെടാനുളള പ്രലോഭനത്തെ അഭിമുഖീകരിച്ച ഒരു 20 വയസ്സുകാരന് മോശയുടെ വീക്ഷണഗതി ഉണ്ടായിരുന്നു. അവൻ പറഞ്ഞു: “ദുർമാർഗത്തിന്റെ ചുരുക്കം ചില നിമിഷങ്ങൾക്കുവേണ്ടി നഷ്ടപ്പെടുത്താൻ പാടില്ലാത്തവിധം അത്ര വിലയേറിയതായിരുന്നു എന്റെ നിത്യജീവന്റെ പ്രത്യാശ.” അതല്ലേ ഉണ്ടായിരിക്കേണ്ട ശരിയായ മനോഭാവം?
മററുളളവരുടെ തെററുകളിൽനിന്നു പഠിക്കുക
9. ശരി ചെയ്യുന്നതിനുളള പോരാട്ടത്തിൽ ദാവീദ് രാജാവ് ഏതു വിധത്തിൽ പരാജയപ്പെട്ടു?
9 ഒരിക്കൽ ദാവീദ്രാജാവു ചെയ്തതുപോലെ നിങ്ങൾക്ക് ഒരിക്കലും ഈ പോരാട്ടത്തിൽ ജാഗ്രത വെടിയാവുന്നതല്ല. അവൻ ഒരിക്കൽ തന്റെ മട്ടുപ്പാവിൽനിന്നു നോക്കാനിടയായി. വിദൂരത്തിൽ സുന്ദരിയായ ബേത്ത്ശേബ കുളിക്കുന്നത് അവൻ കണ്ടു. അവന്റെ ഹൃദയത്തിൽ അനുചിതമായ ചിന്തകൾ പുഷ്ടിപ്പെടുന്നതിനുമുമ്പു മാറിക്കളയാതെ അവൻ നോക്കിക്കൊണ്ടിരുന്നു. ബേത്ത്ശേബയുമായി ലൈംഗികബന്ധങ്ങളിലേർപ്പെടാനുളള അവന്റെ മോഹം വളരെ ശക്തമായിത്തീർന്നതിനാൽ അവൻ അവളെ തന്റെ കൊട്ടാരത്തിലേക്കു വരുത്തി. പിന്നീട്, അവൾ ഗർഭിണിയായിത്തീർന്നതുകൊണ്ടും അവരുടെ വ്യഭിചാരത്തെ മറയ്ക്കാൻ കഴിയാഞ്ഞതുകൊണ്ടും അവളുടെ ഭർത്താവിനെ യുദ്ധത്തിൽ കൊല്ലിക്കാൻ അവൻ ഏർപ്പാടുചെയ്തു.—2 ശമുവേൽ 11:1-17.
10. (എ) ദാവീദ് അവന്റെ പാപത്തിന് എങ്ങനെ ശിക്ഷിക്കപ്പെട്ടു? (ബി) വ്യഭിചാരത്തിൽ വീണുപോകുന്നതിൽനിന്നു ദാവീദിനെ എന്തിനു തടയാൻ കഴിയുമായിരുന്നു?
10 അതു തീർച്ചയായും ഒരു ഭയങ്കര പാപമായിരുന്നു. ദാവീദ് അതു നിമിത്തം യഥാർഥമായി കഷ്ടത അനുഭവിച്ചു. അവൻ ചെയ്തതിൽ അവനു വലിയ പ്രയാസം അനുഭവപ്പെട്ടുവെന്നു മാത്രമല്ല, അവന്റെ ശേഷിച്ച ആയുഷ്ക്കാലത്ത് അവന്റെ കുടുംബത്തിൽ കുഴപ്പങ്ങൾ വരുത്തിക്കൊണ്ടു യഹോവ അവനെ ശിക്ഷിക്കുകയും ചെയ്തു. (സങ്കീർത്തനം 51:3, 4; 2 ശമുവേൽ 12:10-12) ദാവീദിന്റെ ഹൃദയം അവൻ തിരിച്ചറിഞ്ഞതിനെക്കാൾ വഞ്ചകമായിരുന്നു; അവന്റെ തെററായ മോഹങ്ങൾ അവനെ കീഴടക്കി. അതിനുശേഷം അവൻ പറഞ്ഞു: “നോക്കൂ! അകൃത്യത്തിൽ പ്രസവവേദനകളോടെ ഞാൻ ജനിപ്പിക്കപ്പെട്ടു, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീർത്തനം 51:5) എന്നാൽ ദാവീദ് ബേത്ത്ശേബയുമായി ചെയ്ത ദുഷ്ക്കാര്യം സംഭവിക്കേണ്ടതില്ലായിരുന്നു. അവൻ നോക്കിക്കൊണ്ടിരുന്നതാണു പ്രശ്നമായിത്തീർന്നത്; മറെറാരാളുടെ ഭാര്യയോട് അവനു ലൈംഗികതൃഷ്ണ വളരാനിടയാക്കിയ സാഹചര്യത്തെ അവൻ ഒഴിവാക്കിയില്ല.
11. (എ) ദാവീദിന്റെ അനുഭവത്തിൽനിന്നു നാം എന്തു പഠിക്കണം? (ബി) ഏതു പ്രവർത്തനങ്ങൾക്കു “ലൈംഗിക വിശപ്പ്” വർധിപ്പിക്കാൻ കഴിയുമെന്നു നിങ്ങൾ പറയുന്നു? (സി) ഒരു യുവാവ് പ്രസ്താവിച്ചപ്രകാരം ജ്ഞാനിയായ ആൾ എന്ത് ഒഴിവാക്കുന്നു?
11 ദാവീദിന്റെ അനുഭവത്തിൽനിന്ന്, അനുചിതമായ ലൈംഗികവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന സാഹചര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ നാം പഠിക്കേണ്ടതാണ്. ദൃഷ്ടാന്തമായി, നിങ്ങൾ ലൈംഗികതയ്ക്ക് ഊന്നൽ കൊടുക്കുന്ന പുസ്തകങ്ങൾ വായിക്കുകയോ ടെലിവിഷൻ പരിപാടികളും ചലച്ചിത്രങ്ങളും കാണുകയോ ആണെങ്കിൽ എന്തു സംഭവിക്കും? ലൈംഗികമോഹങ്ങൾ ഉത്തേജിപ്പിക്കപ്പെടാനിടയുണ്ട്. അതുകൊണ്ട് “ലൈംഗികതൃഷ്ണ” വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും വിനോദങ്ങളും ഒഴിവാക്കുക. (കൊലോസ്യർ 3:5; 1 തെസ്സലോനീക്യർ 4:3-5; എഫേസ്യർ 5:3-5) മറെറാരാളുമായി ദുർവൃത്തിയിലേക്കു നയിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിൽ നിങ്ങളേത്തന്നെ ആക്കിവെക്കരുത്. 17 വയസ്സുളള ഒരാൾ ബുദ്ധിപൂർവം ഇങ്ങനെ പ്രസ്താവിച്ചു: “‘എപ്പോൾ നിർത്തണമെന്നു ഞങ്ങൾക്കറിയാം’ എന്ന് ആർക്കും പറയാൻ കഴിയും. ശരിയാണ്, എപ്പോൾ നിർത്തണമെന്ന് ഒരാൾക്കറിയാമായിരിക്കും, എന്നാൽ എത്രപേർക്ക് അതു ചെയ്യാൻ കഴിയും? സാഹചര്യത്തെ ഒഴിവാക്കുന്നതാണു മെച്ചം.”
12. യോസേഫിന്റെ ഏതു ദൃഷ്ടാന്തം നാം ഓർക്കണം?
12 ദാവീദ് യോസേഫിന്റെ ദൃഷ്ടാന്തം ഓർത്തിരുന്നെങ്കിൽ അവൻ ഒരിക്കലും ദൈവത്തിനെതിരായി ആ വലിയ പാപം ചെയ്യുമായിരുന്നില്ല, ഈജിപ്ററിൽ യോസേഫിനു പോത്തീഫറിന്റെ ഭവനത്തിന്റെ ചുമതല ഏല്പിക്കപ്പെട്ടിരുന്നു. പോത്തീഫർ ദൂരെയായിരിക്കുമ്പോൾ അവന്റെ ലൈംഗികഭ്രാന്തുപിടിച്ച ഭാര്യ “എന്നോടുകൂടെ ശയിക്കുക” എന്നു പറഞ്ഞുകൊണ്ടു സുന്ദരനായ യോസേഫിനെ വശീകരിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ യോസേഫ് വിസമ്മതിച്ചു. എന്നാൽ ഒരിക്കൽ അവൾ അവനെ കടന്നുപിടക്കുകയും അവളോടുകൂടെ അവനെ ശയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യോസേഫ് കുതറി ഓടി. അവൻ സ്വന്തം ലൈംഗികമോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ചല്ല, പിന്നെയോ ദൈവദൃഷ്ടിയിൽ ശരിയായതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടു തന്റെ ഹൃദയത്തെ ബലിഷ്ഠമാക്കി നിർത്തി. “എനിക്ക് ഈ വലിയ ദോഷം ചെയ്യാനും യഥാർഥത്തിൽ ദൈവത്തിനെതിരായി പാപം ചെയ്യാനും എങ്ങനെ കഴിയും?” എന്ന് അവൻ ചോദിച്ചു.—ഉല്പത്തി 39:7-12.
നിങ്ങൾക്കു വിജയിക്കാനാവശ്യമായ സഹായം
13, 14. (എ) ഈ പോരാട്ടത്തിൽ വിജയിക്കാൻ ആവശ്യമായിരിക്കുന്നതെന്ത്? (ബി) കൊരിന്തിൽ ക്രിസ്ത്യാനികളായിത്തീർന്നവർ എന്തു മാററം വരുത്തി, എന്തു സഹായത്തോടെ? (സി) പൗലോസും തീത്തോസും ഏതുതരം ആളുകളായിരുന്നു?
13 ഈ പോരാട്ടത്തിൽ വിജയിക്കുന്നതിനു ബൈബിൾ പരിജ്ഞാനം നിങ്ങളുടെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങാൻ നിങ്ങൾ അനുവദിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അതനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങൾ പ്രേരിതനാകുകയുളളു. എന്നാൽ യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ ഒരു ഭാഗമായിത്തീരാൻ നിങ്ങൾ ദൈവജനത്തോടു സഹവസിക്കേണ്ടയാവശ്യവുമുണ്ട്. നിങ്ങൾ എത്ര ആഴമായി ദുഷ്പ്രവൃത്തിയിൽ ഉൾപ്പെട്ടിരുന്നാലും, ദൈവസ്ഥാപനത്തിന്റെ സഹായത്താൽ നിങ്ങൾക്കു മാററംവരുത്താൻ കഴിയും. മാററംവരുത്തിയ പുരാതന കൊരിന്തിലെ ആളുകളെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “വഴിതെററിയ്ക്കപ്പെടരുത്. ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ പ്രകൃതിവിരുധോപദേശങ്ങൾക്കു സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ കളളൻമാരോ അത്യാഗ്രഹികളോ മുഴുക്കുടിയൻമാരോ ചീത്തപറയുന്നവരോ പിടിച്ചുപറിക്കാരോ ദൈവരാജ്യത്തെ അവകാശമാക്കുകയില്ല. എന്നിരുന്നാലും, നിങ്ങളിൽ ചിലർ അങ്ങനെയുളളവർ ആയിരുന്നു. എന്നാൽ നിങ്ങൾ കഴുകി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
14 അതിനെക്കുറിച്ചു ചിന്തിക്കുക! ആ ആദിമ ക്രിസ്ത്യാനികളിൽ ചിലർ മുമ്പു ദുർവൃത്തരും വ്യഭിചാരികളും സ്വവർഗസംഭോഗികളും കളളൻമാരും മുഴുക്കുടിയൻമാരും ആയിരുന്നു. എന്നാൽ ക്രിസ്തീയ സ്ഥാപനത്തിന്റെ സഹായത്താൽ അവർ മാററം വരുത്തി. അപ്പോസ്തലനായ പൗലോസ്തന്നെ ഒരുകാലത്തു ദുഷ്പ്രവൃത്തികൾ ചെയ്തിരുന്നു. (1 തിമൊഥെയോസ് 1:15) തന്റെ കൂട്ടുക്രിസ്ത്യാനിയായിരുന്ന തീത്തോസിന് അവൻ എഴുതി: “എന്തെന്നാൽ ഒരിക്കൽ നാം പോലും വഴിതെററിക്കപ്പെട്ടു വിവിധ മോഹങ്ങൾക്കും ഉല്ലാസങ്ങൾക്കും അടിമകളായി ബുദ്ധിശൂന്യരും അനുസരണംകെട്ടവരും ആയിരുന്നു.”—തീത്തോസ് 3:3.
15. (എ) പൗലോസിനു ശരി ചെയ്യുന്നത് എളുപ്പമല്ലായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) പൗലോസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
15 പൗലോസ് ഒരു ക്രിസ്ത്യാനിയായിത്തീർന്നപ്പോൾ അവനു ശരി ചെയ്യുക എളുപ്പമായിരുന്നോ? അല്ലായിരുന്നു. പൗലോസ് ഒരുകാലത്ത് ഏതു മോഹങ്ങൾക്കും ഉല്ലാസങ്ങൾക്കും അടിമയായിരുന്നോ അവയ്ക്കെതിരെ ഒരു ആജീവനാന്തപോരാട്ടംതന്നെ അവൻ ചെയ്യേണ്ടിയിരുന്നു. അവൻ എഴുതി: “ഞാൻ മററുളളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ എങ്ങനെയെങ്കിലും അംഗീകാരമില്ലാത്തവനായിത്തീരാതിരിക്കേണ്ടതിനു ഞാൻ എന്റെ ശരീരത്തെ പ്രഹരിക്കുകയാണ്.” (1 കൊരിന്ത്യർ 9:27) പൗലോസ് തന്നോടുതന്നെ കഠിനനായിത്തീർന്നു. അവന്റെ ശരീരം തെററു ചെയ്യാനാഗ്രഹിച്ചപ്പോൾപോലും അവൻ ശരി ചെയ്യാൻ തന്നേത്തന്നെ നിർബന്ധിച്ചു. അവൻ ചെയ്തതുപോലെ നിങ്ങളും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്കും ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിയും.
16. ഏത് ആധുനികകാല ദൃഷ്ടാന്തങ്ങൾക്കു ശരി ചെയ്യുന്നതിനുളള പോരാട്ടത്തിൽ വിജയിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയും?
16 ഏതെങ്കിലും ദുശ്ശീലത്തെ തരണംചെയ്യുന്നതു പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ യഹോവയുടെ സാക്ഷികളുടെ അടുത്ത വലിയ സമ്മേളനത്തിനു ഹാജരാകുക. ഹാജരായിരിക്കുന്നവരുടെ നിർമലമായ നടത്തയിലും സന്തോഷത്തിലും നിങ്ങൾക്കു മതിപ്പുണ്ടാകും. എന്നിരുന്നാലും ഇവരിൽ അനേകരും ദുർവൃത്തിയും വ്യഭിചാരവും മദ്യാസക്തിയും സ്വവർഗസംഭോഗവും പുകവലിയും മയക്കുമരുന്നാസക്തിയും മോഷണവും വഞ്ചനയും ചൂതാട്ടവും വളരെ സാധാരണമായിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമായിരുന്നു. അവരിലനേകരും ഒരിക്കൽ ഈ നടപടികളിൽ ഏർപ്പെട്ടിരുന്നു. (1 പത്രോസ് 4:3, 4) കൂടാതെ, നിങ്ങൾ ചെറിയ സഭാമീററിംഗുകളിൽ യഹോവയുടെ സാക്ഷികളോടുകൂടെ സഹവസിക്കുമ്പോൾ—താമസംവിനാ അതു ചെയ്യേണ്ടതാണ്—നിങ്ങൾ ഇപ്പോൾ പോരാടിക്കൊണ്ടിരിക്കുന്ന അതേ ദുശ്ശീലങ്ങളെയും മോഹങ്ങളെയും തരണംചെയ്യാൻ പോരാടിയിട്ടുളളവരോടുകൂടെ ആയിരിക്കുന്നതാണ്. അതുകൊണ്ട് ധൈര്യപ്പെടുക! അവർ ശരിചെയ്യാനുളള പോരാട്ടത്തിൽ വിജയം വരിക്കുകയാണ്. ദൈവസഹായത്താൽ നിങ്ങൾക്കും അതുകഴിയും.
17. (എ) പോരാട്ടത്തിൽ നാം ജയിക്കണമെങ്കിൽ ഏതു സഹവാസം ആവശ്യമാണ്? (ബി) പ്രശ്നങ്ങൾ സംബന്ധിച്ചു നിങ്ങൾക്ക് ആരിൽനിന്നു സഹായം സ്വീകരിക്കാൻ കഴിയും?
17 നിങ്ങൾ ഇപ്പോൾ കുറേനാളായി യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിച്ചുകൊണ്ടാണിരിക്കുന്നതെങ്കിൽ നിങ്ങൾ രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായിട്ടുണ്ടെന്നുളളതിനു സംശയമില്ല. അങ്ങനെയുളള യോഗങ്ങൾക്കു ഹാജരാകൽ ക്രമമായ ശീലമാക്കുക. അത്തരം ക്രിസ്തീയസഹവാസത്തിൽനിന്നു ലഭിക്കുന്ന ആത്മീയ പ്രോത്സാഹനവും സഹായവും നമുക്കെല്ലാം ആവശ്യമാണ്. (എബ്രായർ 10:24, 25) സഭയിലെ “പ്രായമേറിയ പുരുഷൻമാരെ” അഥവാ മൂപ്പൻമാരെ പരിചയപ്പെടുക. അവരുടെ ഉത്തരവാദിത്തം “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക”യാണ്. (1 പത്രോസ് 5:1-3; പ്രവൃത്തികൾ 20:28) അതുകൊണ്ട് ദൈവനിയമങ്ങൾക്കു വിരുദ്ധമായ ഏതെങ്കിലും ശീലത്തെ തരണംചെയ്യാൻ നിങ്ങൾക്കു സഹായമാവശ്യമാണെങ്കിൽ അവരുടെ അടുക്കലേക്കു പോകാൻ മടിക്കരുത്. അവർ സ്നേഹവും ദയയും പരിഗണനയും ഉളളവരാണെന്നു നിങ്ങൾ കണ്ടെത്തും.—1 തെസ്സലോനീക്യർ 2:7, 8.
18. പോരാട്ടത്തിൽ തുടരുന്നതിന് ഏതു ഭാവിപ്രത്യാശ ശക്തി നൽകുന്നു?
18 സാത്താന്റെ ലോകത്തിൽനിന്നു മാത്രമല്ല, പാപപൂർണരായ നമ്മിൽനിന്നു തന്നെ തെററു ചെയ്യാനുളള സമ്മർദം നമ്മുടെമേലുണ്ട്. അതുകൊണ്ട് ദൈവത്തോടു വിശ്വസ്തത പാലിക്കുന്നത് ഒരു ദൈനംദിന പോരാട്ടമാണ്. എന്നാൽ ആ പോരാട്ടം എന്നേക്കും തുടരുകയില്ലെന്നുളളത് എത്ര ആശ്വാസം! പെട്ടെന്നുതന്നെ സാത്താൻ നീക്കം ചെയ്യപ്പെടും. അവന്റെ മുഴുദുഷ്ടലോകവും നശിപ്പിക്കപ്പെടും. അനന്തരം ഇപ്പോൾ സമീപിച്ചിരിക്കുന്ന ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ നമ്മുടെ ഗതിയെ വളരെയധികം അനായാസമാക്കുന്ന നീതിയുളള അവസ്ഥകൾ ഉണ്ടായിരിക്കും. ഒടുവിൽ പാപത്തിന്റെ സകല കണികകളും പൊയ്പ്പോയിരിക്കും. മേലാൽ ശരി ചെയ്യാനുളള ഈ കഠിനപോരാട്ടം ഉണ്ടായിരിക്കയില്ല.
19. യഹോവയെ പ്രസാദിപ്പിക്കാൻ ഏതു ശ്രമവും ചെയ്യുന്നതിനു നിങ്ങൾ മനസ്സുളളവരായിരിക്കേണ്ടതെന്തുകൊണ്ട്?
19 പുതിയ വ്യവസ്ഥിതിയിലെ അനുഗ്രഹങ്ങളെക്കുറിച്ചു നിരന്തരം ചിന്തിക്കുക. അതെ, “രക്ഷയുടെ പ്രത്യാശ ഒരു ശിരസ്ത്രമെന്നപോലെ” ധരിക്കുക. (1 തെസ്സലോനീക്യർ 5:8) നിങ്ങളുടെ മനോഭാവം ഇങ്ങനെ പറഞ്ഞ യുവതിയുടേതായിരിക്കട്ടെ: “യഹോവ എനിക്കുവേണ്ടി ചെയ്തിട്ടുളളതും വാഗ്ദത്തം ചെയ്തിട്ടുളളതുമായ സകലത്തെയുംകുറിച്ചു ഞാൻ ചിന്തിക്കുന്നു. അവൻ എന്നെ കൈവിട്ടിട്ടില്ല. അവൻ എന്നെ വളരെയേറെ വിധങ്ങളിൽ അനുഗ്രഹിച്ചിരിക്കുന്നു. എനിക്ക് ഏററവും നല്ലതു മാത്രമേ അവൻ ആഗ്രഹിക്കുന്നുളളുവെന്ന് എനിക്കറിയാം. അവനെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിത്യജീവൻ ഏതു ശ്രമത്തിനും തക്ക മൂല്യമുളളതാണ്.” നാം വിശ്വസ്തതയോടെ നീതി പിന്തുടരുകയാണെങ്കിൽ, യഹോവ തന്നെ സ്നേഹിക്കുന്നവർക്കായി നൽകിയിട്ടുളള സകല വാഗ്ദത്തങ്ങളും നിറവേറും.—യോശുവാ 21:45.
[അധ്യയന ചോദ്യങ്ങൾ]
[219-ാം പേജിലെ ചിത്രം]
പുരാതന ഈജിപ്ററിലെ ജീവിതശൈലിയിൽ ആസ്വാദനമുണ്ടായിരുന്നുവെന്നിരിക്കെ, മോശ അതു ത്യജിച്ചതെന്തുകൊണ്ട്?
[220,221 പേജുകളിലെ ചിത്രങ്ങൾ]
ദാവീദ് നോക്കിക്കൊണ്ടേയിരുന്നു; ദുർമാർഗത്തിലേക്കു നയിച്ച സാഹചര്യത്തെ അവൻ ഒഴിവാക്കിയില്ല
[222-ാം പേജിലെ ചിത്രം]
യോസേഫ് പോത്തീഫറിന്റെ ഭാര്യയുടെ അസാൻമാർഗിക മുന്നേററങ്ങളിൽനിന്ന് ഓടിപ്പോയി