സാത്താന്റെ ലോകത്തെ അനുകൂലിക്കുന്നുവോ, അതോ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ?
അധ്യായം 25
സാത്താന്റെ ലോകത്തെ അനുകൂലിക്കുന്നുവോ, അതോ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ?
1. നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവെന്നു യഥാർഥമായി തെളിയിക്കുന്നതെന്ത്?
1 നിങ്ങൾ ദൈവത്തിന്റെ നീതിയുളള പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ, അതു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ? നിങ്ങൾ സാത്താന് എതിരാണോ? അവന്റെ ലോകം അവസാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഇരു ചോദ്യങ്ങൾക്കും ഉവ്വ് എന്നു നിങ്ങൾ ഉത്തരം പറഞ്ഞേക്കാം. എന്നാൽ അതു മതിയോ? പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു, എന്ന് ഒരു പഴമൊഴിയുണ്ട്. നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതരീതിയാണു യഥാർഥത്തിൽ അതു തെളിയിക്കേണ്ടത്.—മത്തായി 7:21-23; 15:7, 8.
2. (എ) നമുക്കു സേവിക്കാൻ കഴിയുന്ന രണ്ടു യജമാനൻമാർ ആർ? (ബി) നാം ആരുടെ അടിമ അഥവാ ദാസൻ ആണെന്നു പ്രകടമാക്കുന്നതെന്ത്?
2 നിങ്ങളുടെ ജീവിതരീതി രണ്ടു യജമാനൻമാരിൽ ഒരാൾക്കു മാത്രമേ പ്രസാദമായിരിക്കയുളളുവെന്നതാണു വാസ്തവം. ഒന്നുകിൽ നിങ്ങൾ യഹോവയാം ദൈവത്തെ സേവിക്കുന്നു, അല്ലെങ്കിൽ പിശാചായ സാത്താനെ സേവിക്കുന്നു. ഇതു മനസ്സിലാക്കാൻ ബൈബിളിൽ കാണപ്പെടുന്ന ഒരു തത്വം നമ്മെ സഹായിക്കുന്നു. അതു പറയുന്നു: “നിങ്ങൾ ആരെയെങ്കിലും അനുസരിക്കാൻ അടിമകളായി നിങ്ങളേത്തന്നെ ഏല്പിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുവെങ്കിൽ നിങ്ങൾ അയാളെ അനുസരിക്കുന്നതിനാൽ നിങ്ങൾ അയാളുടെ അടിമകളാണെന്നു നിങ്ങൾ അറിയുന്നില്ലേ?” (റോമർ 6:16) നിങ്ങൾ ആരെ അനുസരിക്കും? നിങ്ങൾ ആരുടെ ഇഷ്ടമാണു ചെയ്യുന്നത്? നിങ്ങളുടെ ഉത്തരം എന്തായിരുന്നാലും നിങ്ങൾ ലോകത്തിന്റെ നീതികെട്ട വഴികൾ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്കു സത്യദൈവമായ യഹോവയെ സേവിക്കാവുന്നതല്ല.
സാത്താന്റെ ലോകം—എന്താണത്?
3. (എ) ലോകത്തിന്റെ ഭരണാധിപനാരാണെന്നു ബൈബിൾ പ്രകടമാക്കുന്നു? (ബി) പ്രാർഥനയിൽ യേശു ലോകവും അവന്റെ ശിഷ്യൻമാരും തമ്മിൽ വ്യത്യാസമുണ്ടെന്നു കാണിച്ചതെങ്ങനെ?
3 യേശു സാത്താനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു വിളിച്ചു. “മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുകയാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാനും പറയുകയുണ്ടായി. (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) യേശു ദൈവത്തോടുളള പ്രാർഥനയിൽ തന്റെ ശിഷ്യൻമാരെ സാത്താന്റെ ലോകത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയില്ലെന്നു കാണുക. “ഞാൻ അവരെക്കുറിച്ച് [തന്റെ ശിഷ്യൻമാരെ] അപേക്ഷിക്കുന്നു; ലോകത്തെക്കുറിച്ചു ഞാൻ അപേക്ഷിക്കുന്നില്ല. . .ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് അവൻ പറയുകയുണ്ടായി. (യോഹന്നാൻ 17:9, 16; 15:18, 19) സത്യക്രിസ്ത്യാനികൾ ലോകത്തിൽനിന്നു വേർപെട്ടിരിക്കണമെന്ന് ഇതിൽനിന്നു വ്യക്തമാണ്.
4. (എ) യോഹന്നാൻ 3:16-ൽ “ലോകം” എന്ന പദം ആരെ പരാമർശിക്കുന്നു? (ബി) ക്രിസ്തുവിന്റെ അനുഗാമികൾ വേർപെട്ടിരിക്കേണ്ട “ലോകം” ഏത്?
4 എന്നാൽ “ലോകം” എന്നു പറഞ്ഞപ്പോൾ യേശു എന്തിനെയാണു പരാമർശിച്ചത്? ബൈബിളിൽ “ലോകം” എന്ന പദത്തിനു ചിലപ്പോൾ പൊതുമനുഷ്യവർഗം എന്നു മാത്രമേ അർഥമുളളു. ഈ മനുഷ്യവർഗലോകത്തിനുവേണ്ടി ഒരു മറുവിലയായി ജീവൻ കൊടുക്കാനാണു ദൈവം തന്റെ പുത്രനെ അയച്ചത്. (യോഹന്നാൻ 3:16) എന്നിരുന്നാലും മനുഷ്യവർഗത്തിൽ അധികപങ്കിനെയും സാത്താൻ ദൈവത്തോടുളള എതിർപ്പിൽ സംഘടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് സാത്താന്റെ ലോകം ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തിൽനിന്നു പുറത്തു സ്ഥിതിചെയ്യുന്ന ഈ സംഘടിത മനുഷ്യസമുദായമാണ്. ഈ ലോകത്തിൽനിന്നാണു സത്യക്രിസ്ത്യാനികൾ വേർപെട്ടിരിക്കേണ്ടത്.—യാക്കോബ് 1:27.
5. ലോകത്തിന്റെ ഒരു പ്രധാനഭാഗമേത്, ബൈബിളിൽ അതു പ്രതിനിധാനം ചെയ്യപ്പെടുന്നതെങ്ങനെ?
5 സാത്താന്റെ ലോകം—അവന്റെ സംഘടിതമനുഷ്യസമുദായം—അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വിവിധ ഭാഗങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതാണ്. ഒരു പ്രധാനഭാഗം മതമാണ്. ബൈബിളിൽ വ്യാജമതം “മഹാബാബിലോൻ” എന്നു പേരുളള ഒരു “മഹാവേശ്യ”യായി, ഒരു വ്യഭിചാരിണിയായി, പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അവൾക്ക് “ഭൂമിയിലെ രാജാക്കൻമാരുടെമേൽ ഒരു രാജ്യമുണ്ട്” എന്ന വസ്തുതയാൽ പ്രകടമാക്കപ്പെടുന്നപ്രകാരം അവൾ ഒരു ലോകസാമ്രാജ്യമാണ്. (വെളിപ്പാട് 17:1, 5, 18) എന്നാൽ മഹാബാബിലോൻ മതപരമായ ഒരു ലോകസാമ്രാജ്യമാണെന്നു തെളിയിക്കുന്നതെന്താണ്?
6, 7. (എ) മഹാബാബിലോൻ ഒരു മതപരമായ സാമ്രാജ്യമാണെന്നു തെളിയിക്കുന്നതെന്ത്? (ബി) വ്യാജമതത്തിനു രാഷ്ട്രീയ ഗവൺമെൻറുകളോട് എന്തു ബന്ധം ഉണ്ടായിരുന്നിട്ടുണ്ട്?
6 “ഭൂമിയിലെ രാജാക്കൻമാർ” അവളോടു ദുർവൃത്തിയിലേർപ്പെടുന്ന”തായി പറഞ്ഞിരിക്കുന്നതിനാൽ മഹാബാബിലോൻ ഒരു രാഷ്ട്രീയലോകസാമ്രാജ്യമായിരിക്കാവുന്നതല്ല. അവളുടെ നാശത്തിങ്കൽ ഭൂമിയിലെ “സഞ്ചാര വ്യാപാരികൾ” ദൂരെനിന്നു വിലപിക്കുന്നതിനാൽ അവൾ ഒരു വ്യാപാരലോകസാമ്രാജ്യമല്ല. (വെളിപ്പാട് 17:2; 18:15) എന്നിരുന്നാലും, “അവളുടെ ആത്മവിദ്യാനടപടിയാൽ സകല ജനതകളും വഴിതെററിക്കപ്പെട്ടു” എന്ന ബൈബിളിലെ പ്രസ്താവനയാൽ അവൾ യഥാർഥത്തിൽ ഒരു മതസാമ്രാജ്യമാണെന്നു പ്രകടമാക്കപ്പെടുന്നു.—വെളിപ്പാട് 18:23.
7 കൂടാതെ, ഒരു “കാട്ടുമൃഗ”ത്തോടുളള അവളുടെ ബന്ധവും മഹാബാബിലോൻ ഒരു മതപരമായ സാമ്രാജ്യമാണെന്നു തെളിയിക്കുന്നു. ബൈബിളിൽ അങ്ങനെയുളള മൃഗങ്ങൾ ലോകഗവൺമെൻറുകളെ പ്രതിനിധാനം ചെയ്യുന്നു. (ദാനിയേൽ 8:20, 21) മഹാബാബിലോൻ “ഏഴു തലയും പത്തു കൊമ്പുകളുമുളള. . .കടുഞ്ചുവപ്പുളള ഒരു കാട്ടുമൃഗത്തിൻമേൽ ഇരിക്കുന്ന”തായി വർണിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവൾ ഈ “കാട്ടുമൃഗ”ത്തിൻമേൽ അഥവാ ലോകഗവൺമെൻറിൻമേൽ സ്വാധീനം പ്രയോഗിക്കാൻ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. (വെളിപ്പാട് 17:3) ചരിത്രത്തിലുടനീളം മതം രാഷ്ട്രീയവുമായി കലർത്തപ്പെട്ടിട്ടുണ്ടെന്നും, മിക്കപ്പോഴും എന്തുചെയ്യണമെന്നു ഗവൺമെൻറുകളോടു മതം ആജ്ഞാപിച്ചിട്ടുണ്ടെന്നുമുളള വസ്തുത സുവിദിതമാണ്. തീർച്ചയായും അവൾ “ഭൂമിയിലെ രാജാക്കൻമാരുടെമേൽ ഒരു രാജ്യം” പ്രാവർത്തികമാക്കിയിട്ടുണ്ട്.—വെളിപ്പാട് 17:18.
8. സാത്താന്റെ ലോകത്തിന്റെ മറെറാരു പ്രധാനഭാഗം ഏതാണ്, അവ ബൈബിളിൽ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു?
8 ഈ രാഷ്ട്രീയഗവൺമെൻറുകളാണു സാത്താന്റെ ലോകത്തിന്റെ മറെറാരു പ്രധാനഭാഗം. നാം കണ്ടുകഴിഞ്ഞതുപോലെ, അവ മൃഗങ്ങളായിട്ടാണു ബൈബിളിൽ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. (ദാനിയേൽ 7:1-8, 17, 23) ഈ മൃഗതുല്യമായ ഗവൺമെൻറുകൾക്ക് അധികാരം കിട്ടുന്നതു സാത്താനിൽനിന്നാണെന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതിവെച്ചിരിക്കുന്ന ഒരു ദർശനത്തിൽനിന്നു തെളിയുന്നു. “പത്തു കൊമ്പും ഏഴു തലയുമുളള ഒരു കാട്ടുമൃഗം സമുദ്രത്തിൽനിന്നും കയറുന്നതു ഞാൻ കണ്ടു. . .മഹാസർപ്പം കാട്ടുമൃഗത്തിന് അതിന്റെ അധികാരം കൊടുത്തു.” (വെളിപ്പാട് 13:1, 2; 12:9) സാത്താൻ യേശുവിന് ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അവനെ പരീക്ഷിച്ചുവെന്ന വസ്തുത ഈ രാജ്യങ്ങൾ അഥവാ ഗവൺമെൻറുകൾ സാത്താന്റെ ലോകത്തിന്റെ ഭാഗമാണെന്നുളളതിന്റെ കൂടുതലായ തെളിവാണ്. സാത്താൻ അവയുടെ ഭരണാധികാരിയല്ലായിരുന്നെങ്കിൽ അവന് ഇതു ചെയ്യാൻ കഴിയുമായിരുന്നില്ല.—മത്തായി 4:8, 9.
9. (എ) വെളിപ്പാട് 18:11-ൽ സാത്താന്റെ ലോകത്തിന്റെ മറെറാരുഭാഗം വർണിക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) അതിന്റെ പിന്നിൽ സാത്താനാണുളളതെന്നു തെളിയിക്കത്തക്കവിധം അത് എന്തു ചെയ്യുകയും എന്തിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു?
9 സാത്താന്റെ ലോകത്തിന്റെ മറെറാരു പ്രമുഖഭാഗം അത്യാർത്തിയുളളതും ഞെരുക്കുന്നതുമായ വ്യാപാരപദ്ധതിയാണ്. അതിനെ “സഞ്ചാരവ്യാപാരികൾ” എന്നാണു വെളിപ്പാട് 18:11-ൽ പരാമർശിച്ചിരിക്കുന്നത്. ഈ വ്യാപാരസമ്പ്രദായം നിർമിക്കുന്ന വസ്തുക്കൾ ജനങ്ങൾക്കാവശ്യമില്ലാത്തവയായിരിക്കാമെങ്കിലും അവ വാങ്ങാൻ അവരിൽ ഒരു സ്വാർഥമോഹം വർധിപ്പിക്കുന്നു. അവ ഇല്ലാത്തതായിരിക്കാം ഒരുപക്ഷേ ജനങ്ങൾക്കു കൂടുതൽ മെച്ചം. അതേസമയം ഈ അത്യാർത്തി പിടിച്ച വ്യാപാരസമ്പ്രദായം സംഭരണശാലകളിൽ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെക്കുകയും, ഭക്ഷ്യവസ്തുക്കൾക്കു വില കൊടുക്കാൻ കഴിയാത്തതിനാൽ ദശലക്ഷക്കണക്കിനാളുകൾ പട്ടിണികിടന്നു മരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. മറിച്ച്, മുഴു മനുഷ്യരാശിയെയും നശിപ്പിക്കാൻ കഴിവുളള സൈനികായുധങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ലാഭത്തിനു വിൽക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ വ്യാജമതത്തോടും രാഷ്ട്രീയ ഗവൺമെൻറുകളോടും ചേർന്നു സാത്താന്റെ വ്യാപാരസമ്പ്രദായം സ്വാർഥതയ്ക്കും കുററകൃത്യത്തിനും ഭയങ്കര യുദ്ധങ്ങൾക്കും പ്രോത്സാഹിപ്പിക്കുന്നു.
10, 11. (എ) സാത്താന്റെ ലോകത്തിന്റെ മറെറാരു സവിശേഷത എന്ത്? (ബി) ഈ സവിശേഷതയിൽ ഉൾപ്പെടുന്നതിനെതിരെ ഏതു ബൈബിൾ മുന്നറിയിപ്പുകൾ ഉണ്ട്?
10 പിശാചായ സാത്താന്റെ കീഴിലെ സംഘടിത മനുഷ്യസമുദായം തീർച്ചയായും ദുഷ്ടവും അഴിമതിനിറഞ്ഞതുമാണ്. അതു ദൈവത്തിന്റെ നീതിയുളള നിയമങ്ങൾക്ക് എതിരാണ്. അതിൽ സകലതരം അധാർമിക നടപടികളും നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് സാത്താന്റെ ലോകത്തിന്റെ മറെറാരു സവിശേഷത അതിലെ അഴിഞ്ഞജീവിതം, അസാൻമാർഗികനടപടികൾ, ആണെന്നു പറയാൻ കഴിയും. ആ കാരണത്താൽ ജനതകളുടെ ദുർനടപടികൾ ഒഴിവാക്കാൻ അപ്പോസ്തലനായ പൗലോസും പത്രോസും ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പുകൊടുത്തു.—എഫേസ്യർ 2:1-3; 4:17-19; 1 പത്രോസ് 4:3, 4.
11 ലോകത്തിന്റെ ദുർമോഹങ്ങൾക്കും അധാർമികനടപടികൾക്കുമെതിരെ ക്രിസ്ത്യാനികൾ ജാഗരിക്കേണ്ടതിന്റെ ആവശ്യകത അപ്പോസ്തലനായ യോഹന്നാനും ഊന്നിപ്പറഞ്ഞു. അവൻ എഴുതി: “ലോകത്തെയോ ലോകത്തിലുളളവയെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെത സ്നേഹിക്കുന്നുവെങ്കിൽ പിതാവിന്റെ സ്നേഹം അവനിലില്ല; എന്തുകൊണ്ടെന്നാൽ ലോകത്തിലുളളതെല്ലാം—ജഡത്തിന്റെ മോഹവ കണ്ണുകളുടെ മോഹവും ഒരുവന്റെ ഉപജീവനമാർഗത്തിന്റെ പ്രകടനവും—പിതാവിൽനിന്ന് ഉത്ഭവിക്കുന്നില്ല, പിന്നെയോ ലോകത്തിൽനിന്ന് ഉത്ഭവിക്കുന്നു.” (1 യോഹന്നാൻ 2:15, 16) ‘ആരെങ്കിലും ലോകത്തിന്റെ ഒരു സ്നേഹിതനാകാനാഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നേത്തന്നെ ദൈവത്തിന്റെ ഒരു ശത്രു ആക്കിത്തീർക്കുകയാണ്’ എന്നു ശിഷ്യനായ യാക്കോബ് പറയുകയുണ്ടായി.—യാക്കോബ് 4:4.
ലോകത്തിന്റെ ഭാഗമാകാതിരിക്കുന്നതെങ്ങനെ?
12, 13. (എ) ക്രിസ്ത്യാനികൾ ലോകത്തിലായിരിക്കണമെന്നു യേശു പ്രകടമാക്കിയതെങ്ങനെ? (ബി) ലോകത്തിലായിരിക്കാനും എന്നാൽ ലോകത്തിന്റെ ഭാഗമല്ലാതിരിക്കാനും എങ്ങനെ സാധ്യമാണ്?
12 സാത്താന്റെ ലോകം സ്ഥിതിചെയ്യുന്നടത്തോളംകാലം ക്രിസ്ത്യാനികൾ അതിൽ ജീവിക്കേണ്ടിയിരിക്കുന്നു. “അവരെ ലോകത്തിൽനിന്ന് എടുക്കാനല്ല ഞാൻ നിന്നോട് അപേക്ഷിക്കുന്നത്” എന്നു തന്റെ പിതാവിനോടു പ്രാർഥിച്ചപ്പോൾ യേശു ഇതു പ്രകടമാക്കി. എന്നാൽ അനന്തരം തന്റെ അനുഗാമികളെ സംബന്ധിച്ച് “അവർ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു കൂട്ടിച്ചേർത്തു. (യോഹന്നാൻ 17:15, 16) സാത്താന്റെ ലോകത്തിലായിരിക്കാനും എന്നാൽ അതിന്റെ ഭാഗമല്ലാതിരിക്കാനും എങ്ങനെ സാധ്യമാകും?
13 ശരി, നിങ്ങൾ ഇന്നത്തെ സംഘടിത മനുഷ്യസമുദായമായിരിക്കുന്ന ജനങ്ങളുടെ ഇടയിലാണു വസിക്കുന്നത്. അവരിൽ ദുർവൃത്തരും അത്യാഗ്രഹികളും ദുഷ്കാര്യങ്ങൾ ചെയ്യുന്നവരും ഉൾപ്പെടുന്നു. നിങ്ങൾ അവരോടുകൂടെ ജോലിചെയ്തേക്കാം, അവരോടുകൂടെ സ്കൂളിൽ പോയേക്കാം, അവരോടുകൂടെ ഭക്ഷണം കഴിച്ചേക്കാം, അവരോടുകൂടെ അത്തരം മററു പ്രവർത്തനങ്ങളിൽ പങ്കുപററിയേക്കാം. (1 കൊരിന്ത്യർ 5:9, 10) ദൈവം ചെയ്യുന്നതുപോലെ നിങ്ങൾ അവരെ സ്നേഹിക്കുകപോലും ചെയ്യണം. (യോഹന്നാൻ 3:16) എന്നാൽ ഒരു സത്യക്രിസ്ത്യാനി ആളുകൾ ചെയ്യുന്ന ദുഷ്ടകാര്യങ്ങളെ സ്നേഹിക്കുന്നില്ല. അവൻ അവരുടെ മനോഭാവങ്ങളെയോ പ്രവൃത്തികളെയോ ജീവിതലക്ഷ്യങ്ങളെയോ സ്വീകരിക്കുന്നില്ല, അവൻ അവരുടെ ദുഷിച്ച മതത്തിലും രാഷ്ട്രീയത്തിലും പങ്കെടുക്കുന്നില്ല. ജീവസന്ധാരണത്തിനുവേണ്ടി അയാൾ മിക്കപ്പോഴും വ്യാപാരലോകത്തിൽ ജോലി ചെയ്യേണ്ടതുണ്ടെങ്കിലും അയാൾ വഞ്ചനാത്മകമായ വ്യാപാരനടപടികളിൽ ഏർപ്പെടുന്നില്ല; ഭൗതികവസ്തുക്കളുടെ സമ്പാദനം അയാളുടെ മുഖ്യജീവിതലക്ഷ്യവുമായിരിക്കുന്നില്ല. അയാൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ പക്ഷത്തായിരിക്കുന്നതിനാൽ അയാൾ സാത്താന്റെ ലോകത്തിനുവേണ്ടി ജീവിക്കുന്നവരോടുളള ദുഷിച്ച സഹവാസം ഒഴിവാക്കുന്നു. (1 കൊരിന്ത്യർ 15:33; സങ്കീർത്തനം 1:1; 26:3-6, 9, 10) തൽഫലമായി, അയാൾ സാത്താന്റെ ലോകത്തിലാണ്, എന്നാൽ അപ്പോഴും അതിന്റെ ഭാഗമല്ല.
14. നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ പക്ഷത്താണെങ്കിൽ നിങ്ങൾ ഏതു ബൈബിൾകല്പന അനുസരിക്കും?
14 നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ സാത്താന്റെ ലോകത്തിന്റെ ഭാഗമായിരിക്കാനാഗ്രഹിക്കുന്നുവോ? അതോ നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ? നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവെങ്കിൽ, നിങ്ങൾ വ്യാജമതം ഉൾപ്പെട്ടിരിക്കുന്ന ലോകത്തിൽനിന്നു വേർപെട്ടിരിക്കും. നിങ്ങൾ, “എന്റെ ജനമേ, അവളെ [മഹാബാബിലോനെ] വിട്ടുപോരുക” എന്ന ബൈബിൾ കല്പന അനുസരിക്കും. (വെളിപ്പാട് 18:4) എന്നിരുന്നാലും വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്നു പുറത്തുപോരുന്നതിൽ കേവലം വ്യാജമതസ്ഥാപനങ്ങളോടുളള ബന്ധങ്ങൾ വിച്ഛേദിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതിനു ലോകത്തിലെ മതപരമായ ആഘോഷങ്ങളോടു യാതൊരു ബന്ധവും പുലർത്താതിരിക്കുകയെന്നും അർഥമുണ്ട്.—2 കൊരിന്ത്യർ 6:14-18.
15. (എ) യേശുവിന്റെ ജനനത്തിനുപകരം എന്ത് ആചരിക്കാൻ ക്രിസ്ത്യാനികളോടു കല്പിക്കപ്പെട്ടു? (ബി) ശീതകാലത്തെ തണുപ്പിൽ യേശു ജനിച്ചിരിക്കാവുന്നതല്ലെന്നു തെളിയിക്കുന്നതെന്ത്? (സി) യേശുവിന്റെ ജനനം ആഘോഷിക്കാൻ ഡിസംബർ 25 എന്ന തീയതി തെരഞ്ഞെടുക്കപ്പെട്ടതെന്തുകൊണ്ട്?
15 ഇക്കാലത്തു ക്രിസ്മസ് ഒരു പ്രമുഖ മതവിശേഷദിവസമാണ്. എന്നാൽ അതു വളരെ ആദിമമായ കാലത്തെ ക്രിസ്ത്യാനികൾ ആചരിച്ചിരുന്ന ഒരു ആഘോഷമല്ലായിരുന്നുവെന്നു ചരിത്രം പ്രകടമാക്കുന്നു. യേശു തന്റെ ജനനത്തിന്റെയല്ല, മരണത്തിന്റെ സ്മാരകം ആഘോഷിക്കാനാണ് അവന്റെ അനുഗാമികളോടു പറഞ്ഞത്. (1 കൊരിന്ത്യർ 11:24-26) ഡിസംബർ 25 യേശുവിന്റെ ജനനദിവസമല്ലെന്നുളളതാണു യാഥാർഥ്യം. അവന്റെ ജനനസമയത്ത് ഇടയൻമാർ അപ്പോഴും രാത്രിയിൽ വയലുകളിലായിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നതുകൊണ്ടു ഡിസംബർ 25 അവന്റെ ജനനത്തീയതിയായിരിക്കാവുന്നതല്ല. അവർ ശീതകാലത്തെ തണുത്ത മഴക്കാലത്ത് അവിടെ ആയിരിക്കുമായിരുന്നില്ല. (ലൂക്കോസ് 2:8-12) യഥാർഥത്തിൽ യേശുവിന്റെ ജനനം ആഘോഷിക്കാൻ ഡിസംബർ 25 തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ വിശദീകരിക്കുന്നതുപോലെ “റോമിലെ ജനങ്ങൾ സൂര്യന്റെ ജൻമദിനം ആഘോഷിച്ചുകൊണ്ടു സാറേറൺ ഉത്സവമായി അതു നേരത്തെ ആചരിച്ചിരുന്നു” എന്നതാണ്.
16. (എ) വേറെ ഏതു പ്രമുഖ മതവിശേഷദിവസത്തിന് അക്രൈസ്തവ ഉത്ഭവം ഉണ്ടായിരുന്നു? (ബി) ഏതു നല്ല കാരണങ്ങളാൽ സത്യക്രിസ്ത്യാനി ക്രിസ്മസും ഈസ്റററും ആഘോഷിക്കുന്നില്ല?
16 ഈസ്റററാണ് മറെറാരു പ്രമുഖ മതവിശേഷദിവസം. ചില ലാററിൻ അമേരിക്കൻ രാജ്യങ്ങളിലെ വിശുദ്ധവാരം സമാനമായതാണ്. എന്നാൽ ഈസ്റററും ആദിമ ക്രിസ്ത്യാനികൾ ആഘോഷിച്ചിരുന്നില്ല. അതിന്റെയും ആരംഭം അക്രൈസ്തവ ആഘോഷങ്ങളിലാണ്. എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു: “പുതിയ നിയമത്തിൽ ഈസ്ററർ പെരുന്നാളാഘോഷത്തിന്റെ സൂചനയില്ല.” എന്നാൽ ക്രിസ്മസും ഈസ്റററും ക്രിസ്തീയ ആഘോഷങ്ങളല്ലെന്നും യഥാർഥത്തിൽ വ്യാജദൈവാരാധകരിലാണ് അവയുടെ ഉത്ഭവമെന്നുമുളളതു വാസ്തവത്തിൽ പ്രാധാന്യമർഹിക്കുന്നുവോ? “അല്പം പുളിപ്പ് മാവിൻപിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് സത്യവും വ്യാജവും തമ്മിൽ കൂട്ടിക്കലർത്തുന്നതിനെതിരായി മുന്നറിയിപ്പു നൽകി. (ഗലാത്യർ 5:9) മോശയുടെ നിയമപ്രകാരം ആചരിച്ചിരുന്നതും ക്രിസ്ത്യാനികൾക്കു ദൈവം റദ്ദുചെയ്തിരുന്നതുമായ ദിവസങ്ങൾ ആഘോഷിക്കുന്നതു തെററാണെന്ന് അവൻ ചില ആദിമ ക്രിസ്ത്യാനികളോടു പറഞ്ഞു. (ഗലാത്യർ 4:10, 11) ആഘോഷിക്കാൻ ഒരിക്കലും ദൈവം പറഞ്ഞിട്ടില്ലാത്തതും വ്യാജമതത്തിൽനിന്നു വന്നതുമായ വിശേഷദിവസങ്ങളിൽനിന്നു സത്യക്രിസ്ത്യാനികൾ ഇന്നു വിട്ടുനിൽക്കുന്നത് എത്രയധികം പ്രധാനമാണ്!
17. (എ) പ്രശസ്തരായ മനുഷ്യരെയോ രാഷ്ട്രങ്ങളെയോ ബഹുമാനിക്കുന്ന വിശേഷദിവസങ്ങളുടെ തെററ് എന്താണ്? (ബി) ക്രിസ്ത്യാനികൾ ഏതു ഗതി സ്വീകരിക്കണമെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
17 ലോകത്തിലെ മററുചില വിശേഷദിവസങ്ങൾ പ്രശസ്തരായ മനുഷ്യരെ ബഹുമാനിക്കുന്നു. മററുചിലതു രാഷ്ട്രങ്ങളെയോ ലോകസ്ഥാപനങ്ങളെയോ ബഹുമാനിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യർക്ക് ആരാധനാപരമായ ബഹുമാനം കൊടുക്കുന്നതിനെതിരായും ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നതു സാധിക്കാൻ മാനുഷസ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനെതിരായും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (പ്രവൃത്തികൾ 10:25, 26; 12:21-23; വെളിപ്പാട് 19:10; യിരെമ്യാവ് 17:5-7) അതുകൊണ്ട് ഒരു മനുഷ്യനെയോ മനുഷ്യസ്ഥാപനത്തെയോ പ്രകീർത്തിക്കാൻ പ്രവണതകാട്ടുന്ന വിശേഷദിവസങ്ങൾ ദൈവേഷ്ടത്തിന് അനുയോജ്യമല്ല. സത്യക്രിസ്ത്യാനികൾ അവയിൽ പങ്കെടുക്കുകയില്ല.—റോമർ 12:2.
18. (എ) ബഹുമാനിക്കാനോ ആരാധിക്കാനോ മനുഷ്യർ ഏതു വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്? (ബി) ഒരു വസ്തുവിന് ആരാധനാപരമായ ബഹുമാനം കൊടുക്കുന്നതു സംബന്ധിച്ചു ദൈവനിയമം എന്തു പറയുന്നു?
18 മനുഷ്യർ പല വസ്തുക്കളുണ്ടാക്കുകയും അവയെ ബഹുമാനിക്കാനോ ആരാധിക്കാനോ ആളുകളോടു പറയുകയും ചെയ്യുന്നുണ്ട്. അവയിൽ ചിലതു ലോഹംകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയിട്ടുളളവയാണ്. മററുചിലതു തുണികൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, അവയിൽ ആകാശത്തിലോ ഭൂമിയിലോ ഉളള ചിലതിന്റെ ചിത്രം തയിച്ചുചേർക്കുകയോ വരയ്ക്കുകയോ ചെയ്തിരിക്കും. അങ്ങനെയുളള ഒരു വസ്തുവിനു സകലരും ആരാധനാപരമായ ബഹുമാനം കൊടുക്കണമെന്ന് ഒരു രാഷ്ട്രം ഒരു നിയമം പാസാക്കിയേക്കാം. എന്നാൽ തന്റെ ദാസൻമാർ അതു ചെയ്യരുതെന്നു ദൈവനിയമം പറയുന്നു. (പുറപ്പാട് 20:4, 5; മത്തായി 4:10) അങ്ങനെയുളള ഒരു സാഹചര്യത്തിൽ ദൈവജനം എന്താണു ചെയ്തിട്ടുളളത്?
19. (എ) ബാബിലോൻ രാജാവ് എല്ലാവരോടും എന്തു ചെയ്യാൻ കല്പിച്ചു? (ബി) ക്രിസ്ത്യാനികൾ ആരുടെ ദൃഷ്ടാന്തം അനുസരിക്കുന്നതു നല്ലതാണ്?
19 പുരാതന ബാബിലോനിൽ നെബുഖദ്നേസ്സർ രാജാവ് ഒരു വലിയ സ്വർണ പ്രതിമ ഉണ്ടാക്കുകയും അതിന്റെ മുമ്പിൽ കുമ്പിടാൻ എല്ലാവരോടും ആജ്ഞാപിക്കുകയും ചെയ്തു. ‘കുമ്പിടാത്ത ഏതൊരാളെയും എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും’ എന്നു രാജാവു പറഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിങ്ങനെ മൂന്ന് എബ്രായ യുവാക്കൾ രാജാവു കല്പിച്ചതു ചെയ്യാൻ വിസമ്മതിച്ചുവെന്നു ബൈബിൾ പറയുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതിൽ ആരാധനയാണ് ഉൾപ്പെട്ടിരുന്നത്. അവരുടെ ആരാധന യഹോവക്കു മാത്രം ഉളളതായിരുന്നു. അവർ ചെയ്തതു ദൈവം അംഗീകരിച്ചു. രാജാവിന്റെ ക്രോധത്തിൽനിന്ന് അവൻ അവരെ രക്ഷിച്ചു. യഥാർഥത്തിൽ യഹോവയുടെ ഈ ദാസൻമാർ സംസ്ഥാനത്തിന് അപകടമല്ലെന്നു നെബുഖദ്നേസ്സർ മനസ്സിലാക്കാനിടയായി. അതുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ രാജാവ് ഒരു നിയമം പാസാക്കി. (ദാനിയേൽ 3:1-30) നിങ്ങൾ ഈ യുവാക്കളുടെ വിശ്വസ്തതയെ ആദരിക്കുന്നില്ലേ? ദൈവത്തിന്റെ സകല നിയമങ്ങളും അനുസരിച്ചുകൊണ്ടു നിങ്ങൾ യഥാർഥത്തിൽ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ പക്ഷത്താണെന്നു നിങ്ങൾ പ്രകടമാക്കുമോ?—പ്രവൃത്തികൾ 5:29.
20. ലൈംഗികസൻമാർഗം സംബന്ധിച്ച ദൈവനിയമങ്ങൾ നമ്മേക്കൊണ്ടു ലംഘിപ്പിക്കാൻ ശ്രമിക്കുന്നതിനു സാത്താൻ ഉപയോഗിക്കുന്ന വിവിധ മാർഗങ്ങളേവ?
20 തീർച്ചയായും നാം യഹോവയെ സേവിക്കാൻ സാത്താനാഗ്രഹിക്കുന്നില്ല. നാം സാത്താനെ സേവിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ ആഗ്രഹിക്കുന്നതു നമ്മേക്കൊണ്ടു ചെയ്യിക്കാൻ അവൻ ശ്രമിക്കുകയാണ്. കാരണം നാം ആരെ അനുസരിക്കുന്നുവോ അവരുടെ അടിമകളോ ദാസൻമാരോ ആയിത്തീരുന്നുവെന്ന് അവനറിയാം. (റോമർ 6:16) ടെലിവിഷൻ, ചലച്ചിത്രങ്ങൾ, ചിലതരം ഡാൻസുകൾ, അസാൻമാർഗികസാഹിത്യം എന്നിവ ഉൾപ്പെടെയുളള വിവിധ മുഖാന്തരങ്ങളാൽ അവിവാഹിതർ തമ്മിലുളള ലൈംഗികബന്ധങ്ങൾക്കും അതുപോലെതന്നെ വ്യഭിചാരത്തിനും സാത്താൻ പ്രോത്സാഹിപ്പിക്കുകയാണ്. അത്തരം നടത്ത സ്വീകാര്യമാണെന്ന്, ഉചിതംപോലുമാണെന്ന്, തോന്നാൻ ഇടയാക്കപ്പെടുന്നു. എന്നിരുന്നാലും, ഇതു ദൈവനിയമങ്ങൾക്ക് എതിരാണ്. (എബ്രായർ 13:4; എഫേസ്യർ 5:3-5) അത്തരം നടത്തയിൽ ഏർപ്പെടുന്ന ഒരു വ്യക്തി യഥാർഥത്തിൽ താൻ സാത്താന്റെ ലോകത്തിന്റെ പക്ഷമാണെന്നു പ്രകടമാക്കുകയാണ്.
21. ഒരു വ്യക്തി ഏതു നടപടികളിൽ ഏർപ്പെട്ടാൽ അയാൾ സാത്താന്റെ ലോകത്തിന് അനുകൂലമാണെന്നു പ്രകടമാക്കും?
21 സാത്താന്റെ ലോകം ജനസമ്മതിയുളളതാക്കിയിരിക്കുന്നതും എന്നാൽ ദൈവനിയമങ്ങൾക്കു വിരുദ്ധവുമായ മററു നടപടികളുണ്ട്. ലഹരിപാനീയങ്ങൾ കുടിച്ചു മത്തരാകുന്നത് അവയിലൊന്നാണ്. (1 കൊരിന്ത്യർ 6:9, 10) മറെറാന്ന് ഉല്ലാസത്തിനുവേണ്ടി കഞ്ചാവ്, ഹെറോയിൻ മുതലായ മയക്കുമരുന്നുകളും പുകയിലയും ഉപയോഗിക്കുന്നതാണ്. ഈ വസ്തുക്കൾ ശരീരത്തിനു ഹാനികരവും അശുദ്ധവുമാണ്. അവയുടെ ഉപയോഗം “ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യവും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കുക”യെന്ന ദൈവത്തിന്റെ പ്രബോധനത്തിന്റെ വ്യക്തമായ ലംഘനമാണ്. (2 കൊരിന്ത്യർ 7:1) പുകവലി അടുത്തുളളവരുടെ ആരോഗ്യത്തിനും തകരാറുവരുത്തുന്നു. കാരണം അവരും പുക ശ്വസിക്കേണ്ടിവരുന്നു. അതുകൊണ്ടു പുകവലിക്കുന്നയാൾ, ഒരു ക്രിസ്ത്യാനി തന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നുളള ദൈവനിയമത്തെ ലംഘിക്കുകയാണ്.—മത്തായി 22:39.
22. (എ) ബൈബിൾ രക്തത്തെക്കുറിച്ച് എന്തു പറയുന്നു? (ബി) ഒരു രക്തപ്പകർച്ച സ്വീകരിക്കുന്നതു യഥാർഥത്തിൽ രക്തം “ഭക്ഷിക്കുന്ന”തിൽനിന്നു വ്യത്യസ്തമല്ലാത്തതെന്തുകൊണ്ട്? (സി) ‘രക്തം വർജിക്കുക’യെന്നാൽ നിങ്ങളുടെ ശരീരത്തിലേക്ക് അത് അശേഷം സ്വീകരിക്കരുതെന്നാണ് അർഥമെന്ന് എന്തു പ്രകടമാക്കുന്നു?
22 ലോകത്തിന്റെ വിവിധഭാഗങ്ങളിലുളള മറെറാരു പൊതുനടപടി രക്തം ഭക്ഷിക്കലാണ്. അങ്ങനെ, ശരിയായി രക്തം കളഞ്ഞിട്ടില്ലാത്ത മൃഗങ്ങളെ ഭക്ഷിക്കുന്നു. അല്ലെങ്കിൽ രക്തം ഊററിയെടുത്തു ഭക്ഷണത്തിന്റെ ഭാഗമായി ഭക്ഷിക്കുന്നു. എങ്കിലും ദൈവവചനം രക്തം ഭക്ഷിക്കുന്നതിനെ വിലക്കുന്നു. (ഉല്പത്തി 9:3, 4; ലേവ്യപുസ്തകം 17:10) അപ്പോൾ ഒരു രക്തപ്പകർച്ച സ്വീകരിക്കുന്നതു സംബന്ധിച്ചെന്ത്? രക്തപ്പകർച്ച സ്വീകരിക്കുന്നതു യഥാർഥത്തിൽ “ഭക്ഷിക്കൽ” അല്ലെന്നു ചിലർ ന്യായവാദം ചെയ്തേക്കാം. എന്നാൽ ഒരു രോഗിക്കു വായിലൂടെ ഭക്ഷണം കഴിക്കാൻ പ്രാപ്തിയില്ലാത്തപ്പോൾ രക്തപ്പകർച്ച കൊടുക്കുന്ന വിധത്തിൽ തന്നെ അയാളെ പോഷിപ്പിക്കാൻ മിക്കപ്പോഴും ഡോക്ടർ ശുപാർശചെയ്യുന്നുവെന്നതു സത്യമല്ലേ? “രക്തം വർജിക്കാൻ” ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 15:20, 29) എന്താണതിന്റെ അർഥം? മദ്യം വർജിക്കാൻ ഒരു ഡോക്ടർ നിങ്ങളോടു പറയുകയാണെങ്കിൽ വായിലൂടെ അതു സ്വീകരിക്കരുതെന്നു മാത്രമേയുളളുവെന്നും എന്നാൽ നിങ്ങളുടെ സിരകളിലേക്ക് അതു നേരിട്ടു കടത്തിവിടാമെന്നും ആണോ അതിന്റെ അർഥം? തീർച്ചയായുമല്ല! അങ്ങനെതന്നെ, ‘രക്തം വർജിക്കുക’യെന്നാൽ അർഥം നിങ്ങളുടെ ശരീരത്തിലേക്ക് അത് അശേഷം പ്രവേശിപ്പിക്കരുതെന്നാണ്.
23. (എ) നിങ്ങൾ ഏതു തീരുമാനം എടുക്കേണ്ടയാവശ്യമുണ്ട്? (ബി) നിങ്ങൾ എടുത്തിരിക്കുന്ന തീരുമാനം എന്തു പ്രകടമാക്കും?
23 നിങ്ങൾ യഹോവയായ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവെന്നും ഈ ലോകത്തിന്റെ ഭാഗമല്ലെന്നും അവനും തെളിയിച്ചുകൊടുക്കേണ്ടതുണ്ട്. അതിന് ഒരു തീരുമാനം ആവശ്യമാണ്. നിങ്ങൾ ചെയ്യേണ്ട തീരുമാനം യഹോവയെ സേവിക്കാനാണ്, അവന്റെ ഇഷ്ടം ചെയ്യാനാണ്. പുരാതനകാലത്തെ ചില ഇസ്രായേല്യരെപ്പോലെ നിങ്ങൾക്ക് അനിശ്ചിതരായിരിക്കാവുന്നതല്ല. (1 രാജാക്കൻമാർ 18:21) എന്തെന്നാൽ നിങ്ങൾ യഹോവയെ സേവിക്കുന്നില്ലെങ്കിൽ നിങ്ങൾ പിശാചിനെയാണു സേവിക്കുന്നതെന്നോർക്കുക. നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിക്ക് അനുകൂലമാണെന്നു നിങ്ങൾ പറഞ്ഞേക്കാം, എന്നാൽ നിങ്ങളുടെ നടത്ത എന്തു പറയുന്നു? ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ പക്ഷത്ത് ആയിരിക്കുന്നതിൽ ദൈവം കുററംവിധിക്കുന്നതും അവന്റെ നീതിയുളള പുതിയ വ്യവസ്ഥിതിയിൽ ഉണ്ടായിരിക്കുകയില്ലാത്തതുമായ സകല നടപടികളും ഒഴിവാക്കുന്നത് ഉൾപ്പെടുന്നു.
[അധ്യയന ചോദ്യങ്ങൾ]
[209-ാം പേജിലെ ചിത്രം]
യേശു ഏതു ലോകത്തിനുവേണ്ടി പ്രാർഥിക്കാതിരിക്കയും അവന്റെ ശിഷ്യൻമാർ അതിന്റെ ഭാഗമാകാതിരിക്കുകയും ചെയ്തു?
[211-ാം പേജിലെ ചിത്രം]
ബൈബിളിൽ വ്യാജമതം മത്തുപിടിച്ച ഒരു വേശ്യയായി പ്രതിനിധാനം ചെയ്യപ്പെടുന്നു, അവൾ സവാരിചെയ്യുന്ന ലോകഗവൺമെൻറ് ഒരു കാട്ടുമൃഗമായും
അഴിഞ്ഞജീവിതം സാത്താന്റെ ലോകത്തിന്റെ ഒരു സവിശേഷതയാണ്. അത്യാർത്തിയുളള വ്യാപാരപദ്ധതിയും ഒരു പ്രമുഖ ഭാഗമാണ്
[213-ാം പേജിലെ ചിത്രം]
യേശുവിന്റെ ജനനസമയത്ത് ഇടയൻമാർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളുമായി അപ്പോഴും രാത്രിയിൽ വയലുകളിലായിരുന്നതിനാൽ അവൻ ഡിസംബർ 25-നു ജനിച്ചിരിക്കുകയില്ല
[214-ാം പേജിലെ ചിത്രം]
ഒരു രാജാവു സ്ഥാപിച്ച ഒരു പ്രതിമയെ ദൈവദാസൻമാർ ആരാധിക്കാൻ വിസമ്മതിച്ചു. സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും?