സ്വർഗത്തിൽ പോകുന്നതാര്, എന്തിന്?
അധ്യായം 14
സ്വർഗത്തിൽ പോകുന്നതാര്, എന്തിന്?
1. സ്വർഗത്തിൽ പോകുന്നതാര്, എന്തിന് എന്ന ചോദ്യത്തിന് അനേകർ എങ്ങനെ ഉത്തരം പറയും?
1 ‘സകല നല്ല ആളുകളും സ്വർഗത്തിൽ പോകുന്നു’ എന്ന് അനേകർ പറയുന്നു. എന്നിരുന്നാലും, അവർ സ്വർഗത്തിൽ പോകുന്നതെന്തിനാണെന്നു ചോദിക്കുമ്പോൾ ‘ദൈവത്തോടുകൂടെ ആയിരിക്കാൻ’ എന്ന് അവർ പറഞ്ഞേക്കാം. അല്ലെങ്കിൽ ‘നല്ലവരായിരിക്കുന്നതിന്റെ പ്രതിഫലമാണത്’ എന്ന് അവർ പറഞ്ഞേക്കാം. ബൈബിൾ ഇതു സംബന്ധിച്ച് എന്തു പഠിപ്പിക്കുന്നു?
2, 3. (എ) കുറേ മനുഷ്യർ സ്വർഗത്തിൽ പോകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ഏതു ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്?
2 യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്നും അവൻ സ്വർഗത്തിലേക്കു പോയെന്നും ബൈബിൾ വ്യക്തമാക്കുന്നു. മററു ചില മനുഷ്യരേയും അങ്ങോട്ടു കൊണ്ടുപോകുമെന്നു ബൈബിൾ പറയുന്നു. യേശു തന്റെ മരണത്തിന്റെ തലേ രാത്രി തന്റെ വിശ്വസ്ത അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വസതികളുണ്ട്. ഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി ഒരു സ്ഥലം ഒരുക്കാൻ പോവുകയാണ്. കൂടാതെ ഞാൻ പോയി നിങ്ങൾക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുന്നപക്ഷം ഞാൻ വീണ്ടും വന്നു നിങ്ങളെ എന്റെ അടുക്കൽ വീട്ടിൽ ചേർത്തുകൊളളും, ഞാൻ ഇരിക്കുന്നടത്തു നിങ്ങളും ഇരിക്കേണ്ടതിനുതന്നെ.”—യോഹന്നാൻ 14:1-3.
3 യേശു തന്റെ അപ്പോസ്തലൻമാരെ തന്നോടുകൂടെയിരിക്കാൻ സ്വർഗത്തിലേക്കു കൊണ്ടുപോകുമെന്നു പറയുകയായിരുന്നുവെന്നു വ്യക്തമാണ്. ആ അത്ഭുതകരമായ പ്രത്യാശയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് മിക്കപ്പോഴും ആദിമ ക്രിസ്ത്യാനികളോടു പറഞ്ഞിരുന്നു. ദൃഷ്ടാന്തമായി, അവൻ എഴുതി: “നമ്മെ സംബന്ധിച്ചാണെങ്കിൽ, നമ്മുടെ പൗരത്വം സ്വർഗത്തിലാണു സ്ഥിതിചെയ്യുന്നത്, നമ്മൾ ആ സ്ഥലത്തുനിന്ന് ഒരു രക്ഷകനുവേണ്ടി ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്, അതു കർത്താവായ യേശുക്രിസ്തുവാകുന്നു.” (ഫിലിപ്യർ 3:20, 21; റോമർ 6:5; 2 കൊരിന്ത്യർ 5:1, 2) അങ്ങനെയുളള വാഗ്ദത്തങ്ങളെ അടിസ്ഥാനപ്പെടുത്തി ദശലക്ഷക്കണക്കിനാളുകൾ സ്വർഗീയജീവിതം കാംക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമോ?
എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുന്നുവോ?
4, 5. ദാവീദും ഇയ്യോബും സ്വർഗത്തിൽ പോയില്ലെന്ന് എന്തു തെളിവുണ്ട്?
4 യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം താമസിയാതെ അപ്പോസ്തലനായ പത്രോസ് യഹൂദൻമാരുടെ ഒരു കൂട്ടത്തോട് ഇങ്ങനെ പറഞ്ഞു: “കുടുംബത്തലവനായ ദാവീദ് . . .മരിച്ച് അടക്കപ്പെട്ടു, അവന്റെ കല്ലറ ഇന്നോളം നമ്മുടെ ഇടയിലുണ്ട്. യഥാർഥത്തിൽ ദാവീദ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തില്ല.” (പ്രവൃത്തികൾ 2:29, 34) അതുകൊണ്ട് നല്ല മനുഷ്യനായിരുന്ന ദാവീദ് സ്വർഗത്തിലേക്കു പോയില്ല. നീതിമാനായിരുന്ന ഇയ്യോബിനെ സംബന്ധിച്ചെന്ത്?
5 കഷ്ടപ്പാടനുഭവിച്ചുകൊണ്ടിരുന്നപ്പോൾ ഇയ്യോബ് ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ കോപം പിന്തിരിയുന്നതുവരെ നീ എന്നെ ഷീയോളിൽ [ശവക്കുഴി] മറച്ചുവെച്ചിരുന്നെങ്കിൽ, നീ എന്നെ രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിൽ, നീ എനിക്കുവേണ്ടി ഒരു സമയപരിധിവെച്ച് എന്നെ ഓർത്തിരുന്നെങ്കിൽ കൊളളായിരുന്നു!” താൻ മരിക്കുമ്പോൾ ശവക്കുഴിയിൽ നിർബോധവാനായിത്തീരാൻ ഇയ്യോബ് പ്രതീക്ഷിച്ചിരുന്നു. താൻ സ്വർഗത്തിൽ പോകുകയില്ലെന്ന് അവന് അറിയാമായിരുന്നു. എന്നാൽ അവൻ വിശദീകരിച്ചപ്രകാരം അവനു പ്രത്യാശ ഉണ്ടായിരുന്നു: “ഒരു ദൃഢഗാത്രനായ മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവനു വീണ്ടും ജീവിക്കാൻ കഴിയുമോ? എന്റെ നിർബന്ധിതസേവനത്തിന്റെ നാളുകളെല്ലാം [ശവക്കുഴിയിലെ നിയമിതകാലം] ഞാൻ കാത്തിരിക്കും, എന്റെ വിടുതൽ വരുന്നതുവരെ. നീ വിളിക്കും, ഞാൻതന്നെ നിനക്ക് ഉത്തരം നൽകും.”—ഇയ്യോബ് 14:13-15.
6, 7. (എ) ക്രിസ്തുവിനുമുമ്പു മരിച്ച ആരും സ്വർഗത്തിൽ പോയില്ലെന്ന് എന്തു പ്രകടമാക്കുന്നു? (ബി) ക്രിസ്തുവിനുമുമ്പു മരിച്ച എല്ലാ വിശ്വസ്തർക്കും എന്തു സംഭവിക്കും?
6 യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാനും ഒരു നല്ല മനുഷ്യനായിരുന്നു. എന്നിട്ടും “സ്വർഗരാജ്യത്തിലെ ഒരു താണവ്യക്തി അവനെക്കാൾ വലിയവനാണ്” എന്നു യേശു പറയുകയുണ്ടായി. (മത്തായി 11:11) കാരണം യോഹന്നാൻ സ്നാപകൻ സ്വർഗത്തിൽ പോകുകയില്ല. യേശു ഭൂമിയിലായിരുന്നപ്പോൾ “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ ഒരു മനുഷ്യനും സ്വർഗത്തിലേക്കു കയറിപ്പോയിട്ടില്ല” എന്ന് അവൻ പറയുകയുണ്ടായി. അത് ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനുശേഷം 4000 വർഷം കഴിഞ്ഞായിരുന്നു.—യോഹന്നാൻ 3:13.
7 അതുകൊണ്ട് യേശുവിന്റെ സ്വന്തം വാക്കുകളനുസരിച്ച്, അവന്റെ നാൾവരെയുളള ആ 4000 വർഷങ്ങളിൽ യാതൊരു മനുഷ്യനും സ്വർഗത്തിൽ പോയിരുന്നില്ല. ദാവീദിനും ഇയ്യോബിനും യോഹന്നാൻ സ്നാപകനും ഭൂമിയിലെ ജീവിതത്തിലേക്ക് ഒരു പുനരുത്ഥാനം കിട്ടും. യഥാർഥത്തിൽ, യേശു മരിക്കുന്നതിനുമുമ്പു മരിച്ച വിശ്വസ്തരായ സകല സ്ത്രീപുരുഷൻമാർക്കും സ്വർഗത്തിലല്ല, ഭൂമിയിൽ ജീവിക്കാനുളള പ്രത്യാശയാണുണ്ടായിരുന്നത്. അവർ ദൈവരാജ്യത്തിലെ പ്രജകളിൽ ചിലരായിത്തീരാൻ പുനരുത്ഥാനം പ്രാപിക്കും.—സങ്കീർത്തനം 72:7, 8; പ്രവൃത്തികൾ 17:31.
ചില വിശ്വസ്തർ സ്വർഗത്തിലേക്കു പോകുന്നതിന്റെ കാരണം?
8. ഏതു ചോദ്യങ്ങളുടെ ഉത്തരം പ്രധാനമാണ്, എന്തുകൊണ്ട്?
8 യേശു സ്വർഗത്തിലേക്കു പോയതെന്തിനാണ്? അവിടെ അവന് എന്തു വേലയാണു ചെയ്യാനുളളത്? ഈ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ പ്രധാനമാണ്. കാരണം സ്വർഗത്തിലേക്കു പോകുന്നവർ യേശുവിനോടുകൂടെ അവന്റെ വേലയിൽ പങ്കുപററും. അവർ ആ ഉദ്ദേശ്യത്തിൽത്തന്നെയാണു സ്വർഗത്തിലേക്കു പോകുന്നത്.
9, 10. ദാനിയേൽ പറയുന്നതനുസരിച്ചു ദൈവത്തിന്റെ ഗവൺമെൻറിൽ ക്രിസ്തുവിനുപുറമേ ആരും ഭരിക്കും?
9 ദൈവത്തിന്റെ സ്വർഗീയഗവൺമെൻറിലെ രാജാവെന്നനിലയിൽ യേശു പുതിയ പറുദീസാഭൂമിമേൽ ഭരിക്കുമെന്നു മുൻ അധ്യായങ്ങളിൽ നാം പഠിച്ചു. യേശു ഭൂമിയിലേക്കു വരുന്നതിനു ദീർഘനാൾമുമ്പു ദാനിയേൽ എന്ന ബൈബിൾ പുസ്തകം “മനുഷ്യപുത്രന്” “ഭരണാധിപത്യം” കൊടുക്കപ്പെടുമെന്നു മുൻകൂട്ടിപ്പറഞ്ഞു. “മനുഷ്യപുത്രൻ” യേശുക്രിസ്തു ആണ്. (മർക്കോസ് 14:41, 62) ദാനിയേൽ തുടർന്നു പറയുന്നു: “അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകുകയില്ലാത്ത, അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ഭരണാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടുകയില്ലാത്തതുമാകുന്നു.”—ദാനിയേൽ 7:13, 14.
10 ഏതായാലും, “മനുഷ്യപുത്രൻ” ഒററയ്ക്കല്ല ഭരിക്കുന്നതെന്ന് ഇവിടെ ദാനിയേലിന്റെ പുസ്തകത്തിൽനിന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്. ബൈബിൾ പറയുന്നു: “രാജ്യവും ഭരണാധിപത്യവും. . .പരമോന്നതന്റെ വിശുദ്ധൻമാരായിരിക്കുന്ന ജനത്തിനു കൊടുക്കപ്പെട്ടു. അവരുടെ രാജ്യം അനിശ്ചിതമായി നിലനിൽക്കുന്ന ഒരു രാജ്യമാകുന്നു.” (ദാനിയേൽ 7:27) “ജനം” എന്നും “അവരുടെ രാജ്യം” എന്നുമുളള പദപ്രയോഗങ്ങൾ ദൈവത്തിന്റെ ഗവൺമെൻറിൽ മററുളളവരും ക്രിസ്തുവിനോടുകൂടെ ഭരിക്കുമെന്നു നമ്മെ അറിയിക്കുന്നു.
11. ക്രിസ്തുവിന്റെ ആദിമ അനുഗാമികൾ അവനോടുകൂടെ ഭരിക്കുമെന്ന് എന്തു പ്രകടമാക്കുന്നു?
11 യേശു തന്റെ വിശ്വസ്തരായ 11 അപ്പോസ്തലൻമാരോടുകൂടെ ചെലവഴിച്ച അവസാനത്തെ രാത്രിയിൽ അവർ തന്നോടുകൂടെ ദൈവരാജ്യത്തിൽ ഭരണാധികാരികളായിരിക്കുമെന്ന് അവൻ പ്രകടമാക്കുകയുണ്ടായി. അവൻ അവരോടു പറഞ്ഞു: “നിങ്ങളാകുന്നു എന്റെ പീഡാനുഭവങ്ങളിൽ എന്നോടു പററിനിന്നവർ; എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തതുപോലെ ഞാൻ നിങ്ങളോട് ഒരു രാജ്യത്തിനായി ഒരു ഉടമ്പടി ചെയ്യുന്നു.” (ലൂക്കോസ് 22:28, 29) പിന്നീട്, അപ്പോസ്തലനായ പൗലോസും തിമോഥെയോസും ഒരു രാജ്യത്തിനായുളള ഈ ഉടമ്പടിയിൽ അഥവാ കരാറിൽ ഉൾപ്പെടുത്തപ്പെട്ടു. ആ കാരണത്താൽ “നാം തുടർന്നു സഹിക്കുന്നുവെങ്കിൽ നാം രാജാക്കൻമാരായി ഒരുമിച്ചു ഭരിക്കുകയും ചെയ്യും” എന്നു പൗലോസ് തിമൊഥെയോസിനെഴുതി. (2 തിമൊഥെയോസ് 2:12) കൂടാതെ, യേശുക്രിസ്തുവിനോടുകൂടെ “ഭൂമിമേൽ രാജാക്കൻമാരായി ഭരിക്കുന്ന”വരെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാനും എഴുതി.—വെളിപ്പാട് 5:9, 10; 20:6.
12. അബ്രാഹാമിന്റെ “സന്തതി”യെക്കുറിച്ചുളള ഏതു വസ്തുത ക്രിസ്തുവിനു കൂട്ടുഭരണാധികാരികൾ ഉണ്ടായിരിക്കുമെന്നു വെളിപ്പെടുത്തുന്നു?
12 അതുകൊണ്ട് സ്വർഗത്തിലേക്കു പോകുന്നവർ ദൈവത്തിന്റെ സ്വർഗീയഗവൺമെൻറിൽ ക്രിസ്തുവിനോടുകൂടെ കൂട്ടുഭരണാധികാരികളായി സേവിക്കാനാണ് അവിടെ പോകുന്നത്. മുഖ്യവാഗ്ദത്ത “സന്തതി” ക്രിസ്തു ആയിരിക്കെ, രാജ്യത്തിൽ യേശുവിനോടുകൂടെ ഭരിക്കാൻ മനുഷ്യവർഗത്തിന്റെ ഇടയിൽനിന്നു മററുളളവരെയും തെരഞ്ഞെടുക്കുന്നു. അങ്ങനെ അവർ സന്തതിയുടെ ഭാഗമായിത്തീരുന്നു. ബൈബിൾ പറയുന്നതുപോലെ: “നിങ്ങൾ ക്രിസ്തുവിനുളളവർ എങ്കിൽ നിങ്ങൾ യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതി, ഒരു വാഗ്ദത്തം സംബന്ധിച്ച അവകാശികൾ ആകുന്നു”.—ഗലാതർ 3:16, 29; യാക്കോബ് 2:5.
എത്രപേർ സ്വർഗത്തിലേക്കു പോകുന്നു?
13. (എ) ശിശുക്കൾ സ്വർഗത്തിൽ പോകുകയില്ലാത്തതെന്തുകൊണ്ട്? (ബി) രാജ്യം ലഭിക്കുന്നവരുടെ എണ്ണത്തെ യേശു വർണിച്ചതെങ്ങനെ?
13 സ്വർഗത്തിലേക്കു പോകുന്നവർ ഭൂമിമേൽ ഭരിക്കേണ്ടതാകയാൽ അവർ ക്രിസ്തുവിന്റെ പരീക്ഷിക്കപ്പെട്ടവരും പരിശോധിക്കപ്പെട്ടവരുമായ അനുഗാമികളായിരിക്കുമെന്നു വ്യക്തമാണ്. അതുകൊണ്ട് ക്രിസ്തീയ സേവനത്തിന്റെ വർഷങ്ങളിൽ പൂർണമായി പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ശിശുക്കളെയോ കൊച്ചുകുട്ടികളെയോ സ്വർഗത്തിലേക്കു കൊണ്ടുപോകുകയില്ലെന്നാണ് ഇതിന്റെ അർഥം. (മത്തായി 16:24) എന്നിരുന്നാലും അങ്ങനെയുളള കുഞ്ഞുങ്ങൾക്കു ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നതിനുളള പ്രത്യാശയുണ്ട്. (യോഹന്നാൻ 5:28, 29) അതുകൊണ്ട് സ്വർഗത്തിലേക്കു പോകുന്നവരുടെ മൊത്തം എണ്ണം രാജ്യഭരണത്തിൻകീഴിൽ ഭൂമിയിൽ ജീവൻ ലഭിക്കുന്ന അനേകരോടു താരതമ്യപ്പെടുത്തുമ്പോൾ ചെറുതായിരിക്കും. യേശു തന്റെ ശിഷ്യൻമാരോട്: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ പിതാവു നിങ്ങൾക്കു രാജ്യം നൽകുന്നതിനെ അംഗീകരിച്ചിരിക്കുന്നു” എന്നു പറയുകയുണ്ടായി.—ലൂക്കോസ് 12:32.
14. സ്വർഗത്തിലേക്കു പോകുന്ന “ചെറിയ ആട്ടിൻകൂട്ട”മായിത്തീരുന്നത് എത്രപേർ?
14 ആ രാജ്യഭരണാധികാരിവർഗത്തിന്റെ എണ്ണം എത്ര ചെറുതായിരിക്കും? അതിൽ അപ്പോസ്തലൻമാരും യേശുവിന്റെ ആദിമ അനുഗാമികളും മാത്രമേ ഉൾപ്പെടുകയുളേളാ? അല്ല, ചെറിയ “ആട്ടിൻകൂട്ട”ത്തിൽ കൂടുതൽ പേർ ഉൾപ്പെടുമെന്നു ബൈബിൾ പ്രകടമാക്കുന്നു. വെളിപ്പാട് 14:1, 3-ൽ ബൈബിൾ പറയുന്നു: “നോക്കൂ! [യേശുക്രിസ്തുവാകുന്ന] കുഞ്ഞാടും അവനോടുകൂടെ നൂററിനാല്പത്തിനാലായിരം പേരും [സ്വർഗീയ] സീയോൻ മലയിൽ നില്ക്കുന്നതു ഞാൻ കണ്ടു. . .ഭൂമിയിൽനിന്നു വിലയ്ക്കു വാങ്ങപ്പെട്ടവർ” [എടുക്കപ്പെട്ടവർ] തന്നെ. സ്വർഗീയ സീയോൻ മലയിൽ കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ 1,44,000 പേരെ മാത്രമേ കാണുന്നുളളുവെന്നു ഗൗനിക്കുക. (എബ്രായർ 12:22) അതുകൊണ്ട് എല്ലാ നല്ലവരും സ്വർഗത്തിൽ പോകുന്നതിനുപകരം പരീക്ഷിക്കപ്പെട്ടവരും വിശ്വസ്തരുമായ 1,44,000 പേരെ മാത്രമേ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ കൊണ്ടുപോകുന്നുളളുവെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.
ഭൂമിയിൽനിന്നു തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്?
15. ദൈവം മനുഷ്യവർഗത്തിന്റെ ഇടയിൽനിന്നു രാജ്യഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്?
15 എന്നാൽ ദൈവം ഈ ഭരണാധികാരികളെ മനുഷ്യവർഗത്തിന്റെ ഇടയിൽനിന്നു തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്? ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൂതൻമാരെ എടുക്കരുതോ? ശരി, ഇവിടെ ഭൂമിയിലാണു ഭരിക്കാനുളള യഹോവയുടെ അവകാശം വെല്ലുവിളിക്കപ്പെട്ടത്. ഇവിടെയാണു പിശാചിൽനിന്നുളള എതിർപ്പിൻകീഴിൽ ദൈവത്തോടുളള മനുഷ്യരുടെ വിശ്വസ്തത പരിശോധിക്കപ്പെടാൻ കഴിയുന്നത്. ഇവിടെയാണു യേശു പരിശോധനയിൽ ദൈവത്തോടുളള തന്റെ പൂർണവിശ്വസ്തത തെളിയിച്ചതും തന്റെ ജീവനെ മനുഷ്യവർഗത്തിനുവേണ്ടി ഒരു മറുവിലയായി നൽകിയതും. അതുകൊണ്ട് ഭൂമിയിൽനിന്നാണു സ്വർഗീയ രാജ്യത്തിൽ തന്റെ പുത്രനോടുകൂടെ സഹവസിക്കാൻ ആളുകളുടെ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തെ എടുക്കാൻ യഹോവ ക്രമീകരിച്ചത്. സ്വാർഥകാരണങ്ങളാൽ മാത്രമാണു മനുഷ്യർ ദൈവത്തെ സേവിക്കുന്നതെന്നുളള പിശാചിന്റെ ആരോപണം തെററാണെന്നു ദൈവത്തോടുളള വിശ്വസ്തതയാൽ തെളിയിച്ചവരാണവർ. അതുകൊണ്ട് യഹോവ ഈ മനുഷ്യരെ തന്റെ മഹത്വത്തിനായി ഉപയോഗിക്കുന്നത് ഉചിതമാണ്.—എഫേസ്യർ 1:9-12.
16. രാജ്യഭരണാധികാരികൾ ഭൂമിയിൽ ജീവിച്ചിട്ടുളളതിൽ നമുക്കു നന്ദിയുളളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
16 കൂടാതെ, ഭൂമിയിൽ ദൈവത്തോടു വിശ്വസ്തരെന്നു തെളിയിച്ചവരെ ഭരണാധികാരികളാക്കുന്നത് എത്ര വിശിഷ്ടമായിരിക്കുമെന്നു ചിന്തിക്കുക, അവരിലനേകർ രാജ്യത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലിചെയ്യുകപോലും ചെയ്തിട്ടുണ്ട്. (വെളിപ്പാട് 12:10, 11; 20:4) ദൂതൻമാർ അത്തരം പരിശോധനകളെ അഭിമുഖീകരിച്ചിട്ടില്ല. മനുഷ്യവർഗത്തിനു പൊതുവിലുളള പ്രശ്നങ്ങൾ അവർ അനുഭവിച്ചറിഞ്ഞിട്ടുമില്ല. അതുകൊണ്ട് ഒരു പാപിയായ മനുഷ്യൻ ആയിരിക്കുകയെന്നാലെന്താണെന്നും മനുഷ്യരായ നമുക്കുളള പ്രശ്നങ്ങളെന്താണെന്നും അവർക്കു പൂർണമായി മനസ്സിലാകുകയില്ല. എന്നാൽ ഈ 1,44,000 പേർക്കു മനസ്സിലാകും, എന്തുകൊണ്ടെന്നാൽ ഈ പ്രശ്നങ്ങൾതന്നെ അവർക്കുണ്ടായിട്ടുണ്ട്. അവരിൽ ചിലർക്ക് വളരെ പാപപൂർണമായ ശീലങ്ങളെ തരണംചെയ്യേണ്ടിവന്നിട്ടുണ്ട്, അത് എത്ര പ്രയാസമായിരിക്കാമെന്ന് അവർക്കറിയാം. (1 കൊരിന്ത്യർ 6:9-11) അതുകൊണ്ട്, അവർ തങ്ങളുടെ ഭൗമിക പ്രജകളോടു വിവേകപൂർവം ഇടപെടും.—എബ്രായർ 2:17, 18.
ദൈവത്തിന്റെ സഭ
17. “സഭ” എന്ന പദം എന്തിനെ പരാമർശിക്കുന്നു?
17 ക്രിസ്തു ദൈവത്തിന്റെ സഭയുടെ ശിരസ്സാണെന്നും അതിലെ അംഗങ്ങൾ യേശുവിനു കീഴ്പെട്ടിരിക്കുന്നുവെന്നും ബൈബിൾ പറയുന്നു. (എഫേസ്യർ 5:23, 24) അതുകൊണ്ട്, “ചർച്ച്” അഥവാ “ദൈവത്തിന്റെ സഭ” എന്ന പദം ഏതെങ്കിലും കെട്ടിടത്തെ പരാമർശിക്കുന്നില്ല. എന്നാൽ അതു ക്രിസ്ത്യാനികളുടെ ഒരു കൂട്ടത്തെ പരാമർശിക്കുന്നു. (1 കൊരിന്ത്യർ 15:9) ഇക്കാലത്തു നാം സഹവസിക്കുന്ന ക്രിസ്ത്യാനികളുടെ സഭയെക്കുറിച്ചു നാം സംസാരിച്ചേക്കാം. അതേവിധത്തിൽ നാം ബൈബിളിൽ “ലവോദിക്യരുടെ സഭ”യെക്കുറിച്ചും ഫിലേമോനുളള അപ്പോസ്തലനായ പൗലോസിന്റെ ലേഖനത്തിൽ “[അവന്റെ] വീട്ടിലെ സഭ”യെക്കുറിച്ചും വായിക്കുന്നു.—കൊലോസ്യർ 4:16; ഫിലേമോൻ 2.
18. (എ) “ജീവനുളള ദൈവത്തിന്റെ സഭ” ആയിത്തീരുന്നതാര്? (ബി) ഈ സഭയെ ബൈബിളിൽ ഏതു പേരുകളാലും പരാമർശിച്ചിട്ടുണ്ട്?
18 എന്നിരുന്നാലും, ബൈബിൾ “ജീവനുളള ദൈവത്തിന്റെ സഭ”യെക്കുറിച്ചു പറയുമ്പോൾ അതു ക്രിസ്തുവിന്റെ അനുഗാമികളുടെ ഒരു പ്രത്യേക കൂട്ടത്തെയാണു പരാമർശിക്കുന്നത്. (1 തിമൊഥെയോസ് 3:15) അവർ “സ്വർഗത്തിൽ പേർ ചാർത്തപ്പെട്ടിരിക്കുന്ന ആദ്യജാതൻമാരുടെ സഭ” എന്നും വിളിക്കപ്പെടുന്നു. (എബ്രായർ 12:23) അതുകൊണ്ട് ഈ “ദൈവത്തിന്റെ സഭ” സ്വർഗീയജീവന്റെ പ്രത്യാശയുളള ഭൂമിയിലെ സകല ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ്. ഒടുവിൽ എല്ലാംകൂടെ 1,44,000 പേർ മാത്രമേ “ദൈവത്തിന്റെ സഭ”യിൽ ഉൾപ്പെടുകയുളളു. ഇന്ന് ഇവരിൽ ചുരുക്കം ചിലർ മാത്രം, ഒരു ശേഷിപ്പ്, ഇപ്പോഴും ഭൂമിയിലുണ്ട്. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ക്രിസ്ത്യാനികൾ ഈ “ജീവനുളള ദൈവത്തിന്റെ സഭ”യിലെ അംഗങ്ങളിൽനിന്ന് ആത്മീയ മാർഗദർശനം തേടുന്നു. ബൈബിൾ 1,44,000 അംഗങ്ങളുളള ഈ സഭയെ “കുഞ്ഞാടിന്റെ ഭാര്യയായ മണവാട്ടി,” “ക്രിസ്തുവിന്റെ ശരീരം,” “ദൈവത്തിന്റെ ആലയം,” “ദൈവത്തിന്റെ ഇസ്രായേൽ,” “പുതിയ യരൂശലേം” എന്നിങ്ങനെയുളള പേരുകളാലും പരാമർശിക്കുന്നുണ്ട്.—വെളിപ്പാട് 21:9; എഫേസ്യർ 4:12; 1 കൊരിന്ത്യർ 3:17; ഗലാത്യർ 6:16; വെളിപ്പാട് 21:2.
ദൈവോദ്ദേശ്യത്തിലെ പുതിയ സംഗതി
19. ഭൂമിയെ സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യം നിറവേററുന്നതിനു ദൈവം ഏതു പുതിയ സംഗതി അവതരിപ്പിച്ചു?
19 ആദാം പാപത്തിന്റെയും മരണത്തിന്റെയും പാതയിൽ മനുഷ്യവർഗത്തിനു തുടക്കമിട്ടശേഷം യഹോവയായ ദൈവം ഭൂമിയെയും അതിലെ മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തിനു മാററം വരുത്തിയിട്ടില്ല. ദൈവം അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൻ തന്റെ ആദ്യ ഉദ്ദേശ്യം നടപ്പിലാക്കാൻ പ്രാപ്തനല്ലെന്ന് അത് അർഥമാക്കുമായിരുന്നു. ആദിമുതൽതന്നെ അവന്റെ ഉദ്ദേശ്യം സന്തോഷവും ആരോഗ്യവുമുളള ജനങ്ങൾ നിറഞ്ഞ ഭൂവ്യാപകമായ ഒരു പറുദീസാ ഉണ്ടായിരിക്കണമെന്നായിരുന്നു. ആ ഉദ്ദേശ്യം ഇപ്പോഴും നിലനിൽക്കുകയാണ്. തന്റെ ഉദ്ദേശ്യം നിറവേററാൻ ഒരു പുതിയ ഗവൺമെൻറിനുവേണ്ടി ചെയ്ത ക്രമീകരണമാണു ദൈവം അവതരിപ്പിച്ച ഏക പുതിയ സംഗതി. നാം കണ്ടുകഴിഞ്ഞതുപോലെ, അവന്റെ പുത്രനായ യേശുക്രിസ്തുവാണ് ഈ ഗവൺമെൻറിലെ മുഖ്യ ഭരണാധികാരി; സ്വർഗത്തിൽ അവനോടുകൂടെ ഭരിക്കാൻ 1,44,000 പേർ മനുഷ്യവർഗത്തിന്റെ ഇടയിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുന്നതാണ്.—വെളിപ്പാട് 7:4.
20. (എ) “പുതിയ ആകാശങ്ങളും” “പുതിയ ഭൂമി”യും ആയിത്തീരുന്നതാര്? (ബി) “പുതിയ ഭൂമി”യുടെ ഭാഗമായിത്തീരാൻ നിങ്ങൾ എന്തു ചെയ്യേണ്ടതാണ്?
20 സ്വർഗത്തിലെ ഈ ഭരണാധികാരികൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ “പുതിയ ആകാശങ്ങൾ” ആയിത്തീരും. എന്നിരുന്നാലും, ഭൂമിമേൽ അങ്ങനെയുളള നീതിമാൻമാരായ ഭരണാധികാരികൾ ഉണ്ടായിരിക്കണമെങ്കിൽ, അവർ ഭരിക്കുന്ന പ്രജകൾ ഉണ്ടായിരിക്കണമെന്നു വ്യക്തമാണ്. ഈ ആളുകളെ ബൈബിൾ “പുതിയ ഭൂമി” എന്നു പരാമർശിക്കുന്നു. (2 പത്രോസ് 3:13; വെളിപ്പാട് 21:1-4) അവരിൽ ഇയ്യോബും ദാവീദും യോഹന്നാൻ സ്നാപകനും—അതെ, ക്രിസ്തു ഭൂമിയിലേക്കു വരുന്നതിനുമുമ്പു ജീവിച്ചിരുന്ന സകല വിശ്വസ്തരും ഉൾപ്പെടും. എന്നാൽ “പുതിയ ഭൂമി” ആയിത്തീരുന്ന അനേകർകൂടെ ഉണ്ടായിരിക്കും. അവരിൽ ഈ ദുഷ്ട വ്യവസ്ഥതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവരും ഉൾപ്പെടും. നിങ്ങൾ അതിജീവിക്കുന്നവരിൽ ഒരാൾ ആയിരിക്കുമോ? നിങ്ങൾ ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജ ആയിരിക്കാനാഗ്രഹിക്കുന്നുവോ? എങ്കിൽ, നിങ്ങൾ പാലിക്കേണ്ട വ്യവസ്ഥകളുണ്ട്.
[അധ്യയന ചോദ്യങ്ങൾ]
[121-ാം പേജിലെ ചിത്രങ്ങൾ]
ഈ നല്ല മനുഷ്യർ സ്വർഗത്തിൽ പോയോ?
ദാവീദു രാജാവ്
ഇയ്യോബ്
യോഹന്നാൻ സ്നാപകൻ
[122-ാം പേജിലെ ചിത്രങ്ങൾ]
അപ്പോസ്തലൻമാരോടൊത്തുളള തന്റെ അന്ത്യരാത്രിയിൽ അവർ തന്റെ പിതാവിന്റെ രാജ്യത്തിൽ തന്നോടൊത്തു ഭരണാധികാരികളായിരിക്കുമെന്നു യേശു പറഞ്ഞു