വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്‌ വ്യക്തമായ ഒരു ബൈബിൾ പഠിപ്പിക്കലാണോ?

അത്‌ വ്യക്തമായ ഒരു ബൈബിൾ പഠിപ്പിക്കലാണോ?

അത്‌ വ്യക്തമായ ഒരു ബൈബിൾ പഠിപ്പിക്കലാണോ?

ത്രിത്വം സത്യമാണെങ്കിൽ അത്‌ ബൈബിളിൽ വ്യക്തമായും പരസ്‌പരവൈരുദ്ധ്യമില്ലാതെയും പഠിപ്പിക്കപ്പെടണം. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, അപ്പോസ്‌തലൻമാർ ഉറപ്പിച്ചുപറഞ്ഞപ്രകാരം, ദൈവം തന്നെക്കുറിച്ചു മനുഷ്യവർഗ്ഗത്തിനു കൊടുത്ത വെളിപ്പാടാണ്‌ ബൈബിൾ. നാം സ്വീകാര്യമായി ദൈവത്തെ ആരാധിക്കുന്നതിന്‌ അവനെ അറിയേണ്ടതുളളതുകൊണ്ട്‌ അവൻ ആരാണെന്ന്‌ ബൈബിൾ നമ്മോടു വ്യക്തമായി പറയേണ്ടതാണ്‌.

ഒന്നാം നൂററാണ്ടിലെ വിശ്വാസികൾ തിരുവെഴുത്തുകളെ ദൈവത്തിന്റെ വിശ്വാസ്യമായ വെളിപ്പാടായി സ്വീകരിച്ചു. അത്‌ അവരുടെ വിശ്വാസങ്ങളുടെ ആധാരം, അന്തിമ പ്രമാണം, ആയിരുന്നു. ദൃഷ്ടാന്തത്തിന്‌, അപ്പോസ്‌തലനായ പൗലോസ്‌ ബരോവാ നഗരത്തിലെ ആളുകളോട്‌ പ്രസംഗിച്ചപ്പോൾ “അവർ വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത്‌ അങ്ങനെതന്നെയോ എന്ന്‌ ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.”—പ്രവൃത്തികൾ 17:10, 11.

ആ കാലത്തെ പ്രമുഖ ദൈവഭക്തർ തങ്ങളുടെ പ്രമാണമായി എന്തിനെയാണുപയോഗിച്ചത്‌? പ്രവൃത്തികൾ 17:2, 3 നമ്മോടു പറയുന്നു: “പൗലോസ്‌ പതിവുപോലെ . . . [തിരുവെഴുത്തുകളിൽ നിന്നുളള] പരാമർശനങ്ങളാൽ തെളിയിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടും, തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.”

യേശു തന്നെ തന്റെ പഠിപ്പിക്കലിന്റെ ആധാരമായി “എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു” എന്ന്‌ ആവർത്തിച്ചു പറഞ്ഞുകൊണ്ട്‌ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിൽ മാതൃകവെച്ചു. അവൻ “എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുളളത്‌ അവർക്ക്‌ വ്യാഖ്യാനിച്ചുകൊടുത്തു.”—മത്തായി 4:4, 7; ലൂക്കോസ്‌ 24:27.

അങ്ങനെ യേശുവും പൗലോസും ഒന്നാം നൂററാണ്ടിലെ വിശ്വാസികളും തങ്ങളുടെ പഠിപ്പിക്കലിന്റെ അടിസ്ഥാനമായി തിരുവെഴുത്തുകളെ ഉപയോഗിച്ചു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതാകുന്നു” എന്ന്‌ അവർ അറിഞ്ഞിരുന്നു.—2 തിമൊഥെയോസ്‌ 3:16, 17; 1 കൊരിന്ത്യർ 4:6; 1 തെസ്സലോനീക്യർ 2:13; 2 പത്രോസ്‌ 1:20, 21 എന്നിവ കുടെ കാണുക.

ബൈബിളിന്‌ കാര്യങ്ങളെ ‘ഗുണീകരിക്കാൻ’ കഴിയുന്നതിനാൽ, ത്രിത്വത്തെ സംബന്ധിച്ച്‌ അവകാശപ്പെടുന്നതുപോലെ അത്ര അടിസ്ഥാനപരമായ ഒരു കാര്യം സംബന്ധിച്ച വിവരങ്ങൾ അത്‌ വ്യക്തമായി വെളിപ്പെടുത്തേണ്ടതാണ്‌. എന്നാൽ അത്‌ വ്യക്തമായ ഒരു ബൈബിൾ പഠിപ്പിക്കലാണെന്ന്‌ ദൈവശാസ്‌ത്രജ്ഞൻമാരും ചരിത്രകാരൻമാരും പറയുന്നുണ്ടോ?

“ത്രിത്വം” ബൈബിളിൽ?

ഒരു പ്രോട്ടസ്‌ററൻറ്‌ പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “ത്രിത്വം എന്ന പദം ബൈബിളിൽ കാണുന്നില്ല . . . നാലാം നൂററാണ്ടുവരെ സഭയുടെ ദൈവശാസ്‌ത്രത്തിൽ അതിന്‌ ഔപചാരികമായ സ്ഥാനമില്ലായിരുന്നു.” (സചിത്ര ബൈബിൾ നിഘണ്ടു) ത്രിത്വം “നേരിട്ടും അടിയന്തിരമായും ദൈവവചനമായിരിക്കുന്നില്ല” എന്ന്‌ ഒരു കത്തോലിക്കാപ്രമാണം പറയുന്നു.—ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപ്പീഡിയാ.

ദി കാത്തലിക്ക്‌ എൻസൈക്ലോപ്പീഡിയാ ഇങ്ങനെയും പ്രസ്‌താവിക്കുന്നു: “തിരുവെഴുത്തിൽ മൂന്ന്‌ ദിവ്യ ആളുകളെ ഒരുമിച്ചു സൂചിപ്പിക്കുന്ന ഒരൊററ പദമില്ല. τριας [ട്രയസ്‌] എന്ന പദം (അതിന്റെ വിവർത്തനമാണ്‌ ലത്തീൻ ട്രിനിററാസ്‌) ക്രി.വ. 180-നോടടുത്ത . . . അന്ത്യോക്യയിലെ തിയോഫിലസിന്റെ എഴുത്തുകളിൽ ആദ്യമായി കാണുന്നു. പിന്നീട്‌ അധികം താമസിയാതെ അത്‌ ട്രിനിററാസ്‌ എന്ന അതിന്റെ ലത്തീൻ രൂപത്തിൽ തെർത്തുല്യന്റെ എഴുത്തുകളിൽ കാണുന്നു.”

എന്നിരുന്നാലും, തെർത്തുല്യൻ ത്രിത്വം പഠിപ്പിച്ചുവെന്നതിന്‌ ഇത്‌ ഇതിൽതന്നെ തെളിവായിരിക്കുന്നില്ല. ദൃഷ്ടാന്തത്തിന്‌, ത്രിത്വത്തെ വർണ്ണിക്കാൻ മററുളളവർ പിന്നീട്‌ തെർത്തുല്യന്റെ പദങ്ങളിൽ ചിലത്‌ ഉപയോഗിച്ചുവെന്ന്‌ ട്രിനിററാസ്‌വിശുദ്ധ ത്രിത്വത്തിന്റെ ഒരു ദൈവശാസ്‌ത്രവിജ്ഞാനകോശം എന്ന ഒരു കത്തോലിക്കാ കൃതി പറയുന്നു. പിന്നീട്‌ അത്‌ ഇങ്ങനെ മുന്നറിയിപ്പ്‌ നൽകുന്നു: “എന്നാൽ ഈ പ്രയോഗത്തിൽനിന്ന്‌ തിടുക്കത്തിലുളള നിഗമനങ്ങളിൽ എത്താൻ കഴിയുകയില്ല, എന്തുകൊണ്ടെന്നാൽ അദ്ദേഹം ഈ പദങ്ങൾ ത്രിത്വ ദൈവശാസ്‌ത്രത്തിന്‌ ബാധകമാക്കുന്നില്ല.”

എബ്രായ തിരുവെഴുത്തുകളുടെ സാക്ഷ്യം

ത്രിത്വം എന്ന പദം ബൈബിളിൽ കാണപ്പെടുന്നില്ലെന്നിരിക്കെ ത്രിത്വത്തിന്റെ ആശയമെങ്കിലും അതിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ടോ? ഉദാഹരണത്തിന്‌, എബ്രായ തിരുവെഴുത്തുകൾ (“പഴയ നിയമം”) എന്തു വെളിപ്പെടുത്തുന്നു?

മതവിജ്ഞാനകോശം ഇങ്ങനെ സമ്മതിക്കുന്നു: “എബ്രായ ബൈബിളിൽ ഒരു ത്രിത്വോപദേശം അടങ്ങിയിട്ടില്ലെന്നുളളതിൽ ഇന്നത്തെ ദൈവശാസ്‌ത്രജ്ഞൻമാർക്ക്‌ യോജിപ്പുണ്ട്‌.” “വിശുദ്ധ ത്രിത്വത്തിന്റെ ഉപദേശം പഴയ നിയമത്തിൽ പഠിപ്പിക്കുന്നില്ല” എന്ന്‌ പുതിയ കത്തോലിക്കാ വിജ്ഞാനകോശവും പറയുന്നു.

അതുപോലെതന്നെ ത്രിയേക ദൈവം എന്ന തന്റെ പുസ്‌തകത്തിൽ ജസ്യൂട്ട്‌ എഡ്‌മണ്ട്‌ ഫോർട്ട്‌മാൻ ഇങ്ങനെ സമ്മതിക്കുന്നു: “പിതാവും പുത്രനും പരിശുദ്ധാത്മാവുമായിരിക്കുന്ന ഒരു ത്രിയേക ദൈവത്തെക്കുറിച്ച്‌ പഴയനിയമം നമ്മോട്‌ . . . വ്യക്തമായൊ അത്യന്താപേക്ഷിത സൂചനയാലൊ യാതൊന്നും പറയുന്നില്ല. . . . ദൈവശിരസ്സിലെ ഒരു [ത്രിത്വത്തിന്റെ] അസ്‌തിത്വത്തെക്കുറിച്ച്‌ ഏതെങ്കിലും വിശുദ്ധ എഴുത്തുകാരൻ സംശയിക്കുകപോലും ചെയ്‌തതായി തെളിവില്ല. . . . [“പഴയ നിയമത്തിൽ”] ആളുകളുടെ ത്രിത്വത്തിന്റെ സൂചനകളൊ മുൻനിഴലുകളൊ ‘മറഞ്ഞിരിക്കുന്ന ലക്ഷണങ്ങളൊ’ കാണുന്നതുതന്നെ വിശുദ്ധ എഴുത്തുകാരുടെ പദങ്ങൾക്കും ഉദ്ദേശ്യത്തിനും അതീതമായി പോകുകയാണ്‌.”—ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.

എബ്രായ തിരുവെഴുത്തുകളുടെ ഒരു പരിശോധനതന്നെ ഈ പ്രസ്‌താവനകളുടെ സത്യത തെളിയിക്കും. അതുകൊണ്ട്‌ നിശ്വസ്‌ത എബ്രായ തിരുവെഴുത്തുകളുടെ യഥാർത്ഥ കാനോനായിരിക്കുന്ന ആദ്യത്തെ 39 ബൈബിൾ പുസ്‌തകങ്ങളിൽ ഒരു ത്രിത്വത്തിന്റെ വ്യക്തമായ പഠിപ്പിക്കലില്ല.

ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ സാക്ഷ്യം

ശരി, അപ്പോൾ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ (“പുതിയ നിയമം”) ഒരു ത്രിത്വത്തെക്കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ടോ?

മതവിജ്ഞാനകോശം പറയുന്നു: “പുതിയ നിയമത്തിലും വ്യക്തമായ ത്രിത്വോപദേശം അടങ്ങിയിട്ടില്ലെന്നുളളതിൽ ദൈവശാസ്‌ത്രജ്ഞൻമാർക്ക്‌ യോജിപ്പുണ്ട്‌.”

ജസ്യൂട്ട്‌ ഫോർട്ട്‌മാൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പുതിയനിയമ എഴുത്തുകാർ . . . നമുക്ക്‌ ഔപചാരികമൊ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടതൊ ആയ ത്രിത്വോപദേശം നൽകുന്നില്ല, ഒരു ദൈവത്തിൽ സഹതുല്യൻമാരായ മൂന്നു ദിവ്യ ആളുകൾ ഉണ്ടെന്നുളള വ്യക്തമായ ഉപദേശമില്ല. . . . ദിവ്യ ജീവിതവും പ്രവർത്തനവുമുളള മൂന്നു വ്യത്യസ്‌ത വ്യക്തികൾ ഒരേ ദൈവശിരസ്സിലുണ്ടെന്നുളള ഏതെങ്കിലും ത്രിത്വോപദേശം നാം ഒരിടത്തും കാണുന്നില്ല.”

ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ത്രിത്വം എന്ന പദമോ അത്തരം വ്യക്തമായ ഉപദേശമോ പുതിയ നിയമത്തിൽ കാണുന്നില്ല.”

ക്രിസ്‌തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വ ചരിത്രത്തിൽ ബേണാഡ്‌ ലോസേ പറയുന്നു: “പുതിയ നിയമത്തെ സംബന്ധിച്ചിടത്തോളം, അതിൽ ഒരുവൻ യഥാർത്ഥ ത്രിത്വോപദേശം കാണുന്നില്ല.”

ദി ന്യൂ ഇൻറർനാഷനൽ ഡിക്‌ഷനറി ഓഫ്‌ ന്യൂ റെറസ്‌ററമെൻറ്‌ തിയോളജി സമാനമായി പ്രസ്‌താവിക്കുന്നു: “പുതിയ നിയമത്തിൽ ത്രിത്വത്തിന്റെ വികസിത ഉപദേശം അടങ്ങിയിട്ടില്ല. ‘പിതാവും പുത്രനും പരിശുദ്ധാത്മാവും സാരാംശത്തിൽ സമത്വമുളളവരാണെന്നുളള വ്യക്തമായ പ്രഖ്യാപനം ബൈബിളിലില്ല’ [എന്ന്‌ പ്രോട്ടസ്‌ററൻറ്‌ ദൈവശാസ്‌ത്രജ്ഞനായ കാൾ ബാർത്ത്‌ പറയുകയുണ്ടായി].”

“യേശുവിനും പൗലോസിനും ത്രിത്വോപദേശം പ്രത്യക്ഷത്തിൽ അറിയപ്പെട്ടിരുന്നില്ല; . . . അവർ അതിനെക്കുറിച്ച്‌ യാതൊന്നും പറയുന്നില്ല.”—മതത്തിന്റെ ഉത്ഭവവും പരിണാമവും.

ചരിത്രകാരനായ ആർതർ വേയ്‌ഗാൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യേശുക്രിസ്‌തു അത്തരമൊരു പ്രതിഭാസത്തെക്കുറിച്ച്‌ ഒരിക്കലും പറഞ്ഞിട്ടില്ല, പുതിയ നിയമത്തിൽ ‘ത്രിത്വം’ എന്ന പദം ഒരിടത്തുമില്ല. നമ്മുടെ കർത്താവിന്റെ മരണശേഷം മുന്നൂറു വർഷം കഴിഞ്ഞുമാത്രമാണ്‌ ഈ ആശയം സഭ സ്വീകരിച്ചത്‌.”—പേഗനിസം ഇൻ ഔവർ ക്രിസ്‌ററ്യാനിററി.

അങ്ങനെ എബ്രായ തിരുവെഴുത്തുകളുടെ 39 പുസ്‌തകങ്ങളോ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ 27 നിശ്വസ്‌ത പുസ്‌തകങ്ങളുടെ കാനോനോ ത്രിത്വത്തിന്റെ യാതൊരു വ്യക്തമായ ഉപദേശവും പ്രദാനം ചെയ്യുന്നില്ല.

ആദിമ ക്രിസ്‌ത്യാനികൾ പഠിപ്പിച്ചിരുന്നോ?

ആദിമ ക്രിസ്‌ത്യാനികൾ ത്രിത്വം പഠിപ്പിച്ചിരുന്നോ? ചരിത്രകാരൻമാരുടെയും ദൈവശാസ്‌ത്രജ്ഞൻമാരുടെയും ചുവടെ ചേർക്കുന്ന പ്രസ്‌താവനകൾ ശ്രദ്ധിക്കുക:

“ആദിമ ക്രിസ്‌ത്യാനിത്വത്തിന്‌ പിൽക്കാലത്ത്‌ വിശ്വാസപ്രമാണങ്ങളിൽ വിപുലീകരിക്കപ്പെട്ട തരം സ്‌പഷ്ടമായ ഒരു ത്രിത്വോപദേശം ഉണ്ടായിരുന്നില്ല.”—പുതിയനിയമ ദൈവശാസ്‌ത്രത്തിന്റെ പുതിയ അന്തർദ്ദേശീയ നിഘണ്ടു.

“എന്നിരുന്നാലും, ആദിമ ക്രിസ്‌ത്യാനികൾ ആദ്യം, [ത്രിത്വത്തിന്റെ] ആശയം തങ്ങളുടെ സ്വന്തം വിശ്വാസത്തിന്‌ ബാധകമാക്കുന്നതിനെക്കുറിച്ചു ചിന്തിച്ചില്ല. അവർ പിതാവായ ദൈവത്തിനും ദൈവപുത്രനായ യേശുക്രിസ്‌തുവിനും തങ്ങളുടെ ഭക്തികളർപ്പിച്ചു, അവർ . . . പരിശുദ്ധാത്മാവിനെ അംഗീകരിച്ചു; എന്നാൽ ഈ മൂന്നും സഹതുല്യവും ഒന്നിൽ ഏകീകൃതവുമായ ഒരു യഥാർത്ഥ ത്രിത്വമാണെന്നുളള ചിന്ത ഇല്ലായിരുന്നു.”—ദി പേഗനിസം ഇൻ ഔവർ ക്രിസ്‌ററ്യാനിററി.

“ആദ്യം ക്രിസ്‌തീയ വിശ്വാസം ത്രിത്വപരമല്ലായിരുന്നു. . . . പുതിയ നിയമത്തിലും മററ്‌ ആദിമ ക്രിസ്‌തീയ എഴുത്തുകളിലും പ്രതിഫലിച്ചിരുന്ന പ്രകാരം അത്‌ അപ്പോസ്‌തലിക, അപ്പോസ്‌തലാനന്തര യുഗങ്ങളിൽ അങ്ങനെയായിരുന്നില്ല.”—എൻസൈക്ലോപ്പീഡിയാ ഓഫ്‌ റിലിജിയൻ ആൻഡ്‌ എത്തിക്ക്‌സ്‌.

‘മൂന്ന്‌ ആളുകളിലുളള ഒരു ദൈവം’ എന്ന പ്രസ്‌താവന സുസ്ഥാപിതമായിരുന്നില്ല, തീർച്ചയായും 4-ാം നൂററാണ്ടിനു മുമ്പ്‌ ക്രിസ്‌തീയ ജീവിതത്തിലേക്കും അതിന്റെ വിശ്വാസപ്രഖ്യാപനത്തിലേക്കും സ്വീകരിക്കപ്പെട്ടിരുന്നില്ല . . . അപ്പോസ്‌തലിക പിതാക്കൻമാരുടെ ഇടയിൽ അത്തരമൊരു മനോഭാവത്തോടോ കാഴ്‌ചപ്പാടിനോടോ വിദൂരസാമീപ്യമെങ്കിലും ഉളള യാതൊന്നുമില്ലായിരുന്നു.”—ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപ്പീഡിയാ.

നിഖ്യായിക്കു മുമ്പത്തെ പിതാക്കൻമാർ പഠിപ്പിച്ചത്‌

നിഖ്യായിക്കു മുമ്പത്തെ പിതാക്കൻമാർ ക്രിസ്‌തുവിന്റെ ജനനശേഷമുളള ആദ്യ നൂററാണ്ടുകളിലെ പ്രമുഖ മതോപദേഷ്ടാക്കളായിരുന്നതായി അംഗീകരിക്കപ്പെട്ടിരുന്നു. അവർ എന്തു പഠിപ്പിച്ചുവെന്നത്‌ താല്‌പര്യജനകമാണ്‌.

ക്രി.വ. ഏതാണ്ട്‌ 165-ൽ മരിച്ച ജസ്‌ററിൻ മാർട്ടെർ, മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിനെ “സകലവും സൃഷ്‌ടിച്ച ദൈവത്തിൽനിന്നു വേറിട്ട,” സൃഷ്‌ടിക്കപ്പെട്ട ഒരു ദൂതൻ എന്നു വിളിച്ചു. യേശു ദൈവത്തെക്കാൾ താണവനായിരുന്നുവെന്നും “അവൻ ചെയ്യണമെന്നും പറയണമെന്നും സ്രഷ്‌ടാവ്‌ ഇച്‌ഛിച്ചതല്ലാതെ യാതൊന്നും അവൻ ഒരിക്കലും ചെയ്‌തിരുന്നില്ലെ”ന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിന്‌ ദൈവത്തിൽനിന്ന്‌ വേർപെട്ട ഒരു അസ്‌തിത്വമുണ്ടായിരുന്നുവെന്നും അവൻ ദൈവത്തെക്കാൾ താണവനായിരുന്നുവെന്നും ക്രി.വ. ഏതാണ്ട്‌ 200-ൽ മരിച്ച ഐറേനിയസ്‌ പറയുകയുണ്ടായി. “എല്ലാവർക്കും മീതെ പരമോന്നതനും തനിക്കു പുറമേ മററാരുമില്ലാത്തവനുമായ” “സത്യേക ദൈവ”ത്തോട്‌ യേശു സമനല്ലെന്ന്‌ അദ്ദേഹം പ്രകടമാക്കി.

ക്രി.വ. ഏതാണ്ട്‌ 215-ൽ മരിച്ച, അലക്‌സാണ്ട്രിയായിലെ ക്ലെമൻറ്‌, മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിനെ “ഒരു സൃഷ്ടി” എന്നു വിളിച്ചു, എന്നാൽ ദൈവത്തെ “സൃഷ്ടിക്കപ്പെടാത്തവനും നാശമില്ലാത്തവനും ഏക സത്യദൈവവും” എന്നു വിളിച്ചു. പുത്രൻ “സർവ്വശക്തനായ ഏക പിതാവിന്റെ അടുത്തയാളാണെന്നും” എന്നാൽ അവനോടു സമനല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രി.വ. 230-ൽ മരിച്ച തെർത്തുല്യൻ ദൈവത്തിന്റെ പരമോന്നതത്വം പഠിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പ്രസ്‌താവിച്ചു: “പിതാവു വലിപ്പമേറിയവനാകയാൽ പുത്രനിൽനിന്ന്‌ (മറെറാരുവൻ) വ്യത്യസ്‌തനാണ്‌; ജനിപ്പിക്കുന്നവൻ ജനിപ്പിക്കപ്പെടുന്നവനിൽ നിന്ന്‌ വ്യത്യസ്‌തനായിരിക്കുന്നതുപോലെ; അയയ്‌ക്കുന്നവൻ അയയ്‌ക്കപ്പെടുന്നവനിൽ നിന്ന്‌ വ്യത്യസ്‌തനായിരിക്കുന്നതുപോലെയും.” “പുത്രൻ ഇല്ലാതിരുന്ന ഒരു സമയമുണ്ടായിരുന്നു. . . . സകലത്തിനും മുമ്പ്‌ ദൈവം തനിച്ചായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

ക്രി.വ. ഏതാണ്ട്‌ 235-ൽ മരിച്ച ഹിപ്പൊലൈററസ്‌ പറഞ്ഞു: ദൈവം “ഏക ദൈവം, ആദ്യനും ഒരേയൊരുവനും, എല്ലാവരുടെയും നിർമ്മാതാവും കർത്താവുമാകുന്നു,” “അവനോടു സമപ്രായമുളള യാതൊന്നുമില്ലായിരുന്നു . . . എന്നാൽ അവൻ ഏകനായിരുന്നു, താൻമാത്രം; അവൻ ഇച്ഛിക്കുകയാൽ മുമ്പില്ലാഞ്ഞവരെ അസ്‌തിത്വത്തിലേക്കു വരുത്തി,” മനുഷ്യനാകുന്നതിനു മുമ്പത്തെ, സൃഷ്ടിക്കപ്പെട്ട യേശുവിനെപ്പോലെയുളളവരെ.

“പിതാവും പുത്രനും രണ്ടു തത്വങ്ങളാണ്‌ . . . തങ്ങളുടെ സാരാംശത്തിൽ രണ്ട്‌ അസ്‌തിത്വങ്ങൾ തന്നെ”യെന്നും “പിതാവിനോടു താരതമ്യപ്പെടുത്തുമ്പോൾ [പുത്രൻ] വളരെ ചെറിയ ഒരു വെളിച്ചമാണെന്നും” ക്രി.വ. ഏതാണ്ട്‌ 250-ൽ മരിച്ച ഓറിജൻ പറഞ്ഞു.

ചരിത്രപരമായ തെളിവു സംക്ഷേപിച്ചുകൊണ്ട്‌ ആൽവൻ ലാംസൻ ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ സഭയിൽ പറയുന്നു: “ജനപ്രീതിയുളള ആധുനിക ത്രിത്വോപദേശത്തിന്‌ ജസ്‌ററിൻ [മാർട്ടെറുടെ] ഭാഷാരീതിയിൽ തെളിവില്ല. ഈ പ്രസ്‌താവന നിഖ്യായിക്കുമുമ്പത്തെ സകല പിതാക്കൻമാരെ സംബന്ധിച്ചും നടത്താവുന്നതാണ്‌; അതായത്‌ ക്രിസ്‌തുവിന്റെ മരണശേഷമുളള മൂന്നു നൂററാണ്ടുകളിലെ സകല ക്രിസ്‌തീയ എഴുത്തുകാരെ സംബന്ധിച്ചും. അവർ പിതാവിനെയും പുത്രനെയും . . . പരിശുദ്ധാത്മാവിനെയും കുറിച്ചു പറയുന്നുവെന്നതു സത്യം തന്നെ, എന്നാൽ സഹതുല്യരായിട്ടല്ല, സംഖ്യാപരമായ ഏക സാരാംശമായിട്ടല്ല, ത്രിത്വവാദികൾ ഇപ്പോൾ സ്വീകരിക്കുന്ന ഏതെങ്കിലുമർത്ഥത്തിൽ ഏകത്വത്തിൽ ത്രിത്വമായിട്ടല്ല. നേരെ മറിച്ചാണ്‌ യാഥാർത്ഥ്യം.”

അങ്ങനെ, ബൈബിളിന്റെ സാക്ഷ്യവും ചരിത്രസാക്ഷ്യവും, ബൈബിൾകാലങ്ങളിലുടനീളവും പിന്നീടുളള പല നൂററാണ്ടുകളിലും ത്രിത്വം അറിയപ്പെട്ടിരുന്നില്ലെന്ന്‌ വ്യക്തമാക്കുന്നു.

[7-ാം പേജിലെ ആകർഷകവാക്യം]

“ദൈവശിരസ്സിലെ ഒരു [ത്രിത്വത്തിന്റെ] അസ്‌തിത്വത്തെക്കുറിച്ച്‌ ഏതെങ്കിലും വിശുദ്ധ എഴുത്തുകാരൻ സംശയിക്കുകപോലും ചെയ്‌തതായി തെളിവില്ല.”—ത്രിയേക ദൈവം