ത്രിത്വം എങ്ങനെ വിശദീകരിക്കപ്പെടുന്നു?
ത്രിത്വം എങ്ങനെ വിശദീകരിക്കപ്പെടുന്നു?
റോമൻ കത്തോലിക്കാസഭ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ത്രിത്വം എന്നത് ക്രിസ്‌തീയ മതത്തിന്റെ കേന്ദ്രോപദേശത്തെ അർത്ഥമാക്കാൻ ഉപയോഗിക്കപ്പെടുന്ന പദമാണ് . . . അങ്ങനെ അത്താനാസ്യോസിന്റെ വിശ്വാസപ്രമാണത്തിലെ വാക്കുകളിൽ: ‘പിതാവും ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്; എന്നിരുന്നാലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുളളു.’ ഈ ത്രിത്വത്തിൽ . . . ആളുകൾ സഹനിത്യൻമാരും സഹതുല്യൻമാരുമാണ്: എല്ലാവരും ഒരുപോലെ സൃഷ്ടിക്കപ്പെടാത്തവരും സർവ്വശക്തൻമാരുമാണ്.”—ദി കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ.
ക്രൈസ്‌തവലോകത്തിലെ മിക്കവാറും മറെറല്ലാ സഭകളും ഇതിനോട് യോജിക്കുന്നു. ദൃഷ്ടാന്തത്തിന്, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയും ത്രിത്വത്തെ “ക്രിസ്‌ത്യാനിത്വത്തിന്റെ അടിസ്ഥാന ഉപദേശം” എന്നു വിളിക്കുന്നു, “ക്രിസ്‌ത്യാനികൾ ക്രിസ്‌തുവിനെ ദൈവമായി സ്വീകരിക്കുന്നവർ ആണ്” എന്നു പോലും പറയുന്നു. നമ്മുടെ ഓർത്തഡോക്‌സ് ക്രിസ്‌തീയ വിശ്വാസ എന്ന പുസ്‌തകത്തിൽ അതേ സഭ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ദൈവം ത്രിയേകനാണ്. . . . പിതാവ് പൂർണ്ണമായി ദൈവമാണ്. പുത്രൻ പൂർണ്ണമായി ദൈവമാണ്. പരിശുദ്ധാത്മാവ് പൂർണ്ണമായി ദൈവമാണ്.”
അങ്ങനെ, ത്രിത്വം “മൂന്നാളുകളിലുളള ഒരു ദൈവ”മാണെന്ന് പരിഗണിക്കപ്പെടുന്നു. ഓരോരുത്തരും ആരംഭമില്ലാത്തവരായി നിത്യം സ്ഥിതിചെയ്‌തിരിക്കുന്നുവെന്ന്
പറയപ്പെടുന്നു. ഓരോരുത്തനും സർവ്വശക്തനാണെന്നും ഓരോരുത്തനും മററവരെക്കാൾ വലിയവനോ ചെറിയവനോ അല്ലെന്നും പറയപ്പെടുന്നു.ഇങ്ങനെയുളള ന്യായവാദം മനസ്സിലാക്കാൻ പ്രയാസമാണോ? ആത്മാർത്ഥതയുളള അനേകം വിശ്വാസികൾ അതു കുഴപ്പിക്കുന്നതും സാധാരണ ഗതിയിലുളള യുക്തിക്ക് വിരുദ്ധവും തങ്ങളുടെ അനുഭവത്തിലുളള എന്തിൽനിന്നും വ്യത്യസ്‌തവുമാണെന്ന് കണ്ടെത്തിയിരിക്കുന്നു. പിതാവും ദൈവം, യേശുവും ദൈവം, പരിശുദ്ധാത്മാവും ദൈവം ആയിരിക്കാനും, എന്നാലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുളളു എന്നത് സത്യമായിരിക്കാനും എങ്ങനെ കഴിയുമെന്ന് അവർ ചോദിക്കുന്നു.
“മാനുഷ യുക്തിയുടെ ഗ്രാഹ്യത്തിനതീതം”
ഈ കുഴപ്പം വിപുലവ്യാപകമാണ്. ത്രിത്വോപദേശം “മാനുഷ യുക്തിയുടെ ഗ്രാഹ്യത്തിനതീത”മെന്ന് പരിഗണിക്കപ്പെടുന്നതായി അമേരിക്കാനാ വിജ്ഞാനകോശം കുറിക്കൊളളുന്നു.
ത്രിത്വത്തെ അംഗീകരിക്കുന്ന അനേകരും അതിനെ ആ വിധത്തിൽത്തന്നെയാണ് വീക്ഷിക്കുന്നത്. മോൺസിഞ്ഞോർ യൂജീൻ ക്ലാർക്ക് പറയുന്നു: “ദൈവം ഒന്നാണ്, ദൈവം മൂന്നാണ്. സൃഷ്‌ടിയിലിതുപോലെ യാതൊന്നുമില്ലാത്തതുകൊണ്ട്, നമുക്കതു മനസ്സിലാക്കാൻ കഴിയുകയില്ല, അംഗീകരിക്കാൻ മാത്രമേ കഴിയൂ.” കർദ്ദിനാൾ ജോൺ ഓ കോണോർ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അതു വളരെ ഗഹനമായ ഒരു മർമ്മമാണെന്ന് നമുക്കറിയാം, അതു നാം മനസ്സിലാക്കിത്തുടങ്ങുന്നില്ല.” ജോൺ പോൾ രണ്ടാമൻ പാപ്പാ “ത്രിത്വ ദൈവത്തിന്റെ ദുർഗ്രാഹ്യമായ മർമ്മ”ത്തെക്കുറിച്ചു പറയുന്നു.
അതുകൊണ്ട്, ഒരു മതവിജ്ഞാന നിഘണ്ടു പറയുന്നു: “കൃത്യമായി ആ ഉപദേശമെന്താണെന്നോ, അല്ലെങ്കിൽ കൃത്യമായി അത് എങ്ങനെ വിശദീകരിക്കേണ്ടതാണെന്നോ ഉളളതിൽ ത്രിത്വ വിശ്വാസികളുടെ ഇടയിൽത്തന്നെ യോജിപ്പില്ല.”
ആ സ്ഥിതിക്ക്, ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പ്രസ്‌താവിക്കുന്നതെന്തുകൊണ്ടെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും: “‘എന്നാൽ ഒരുവൻ എങ്ങനെയാണ് ത്രിത്വം പ്രസംഗിക്കുക’ എന്ന ചോദ്യത്താൽ ഏതെങ്കിലും ഒരു സമയത്ത് ശല്യപ്പെടുത്തപ്പെടാത്ത ത്രിത്വ ദൈവശാസ്‌ത്രത്തിന്റെ ഉപദേഷ്ടാക്കൾ റോമൻ കത്തോലിക്കാ സെമിനാരികളിലില്ല. ഈ ചോദ്യം വിദ്യാർത്ഥികളുടെ ഭാഗത്തെ കുഴച്ചിലിന്റെ ലക്ഷണമാണെങ്കിൽ, ഒരുപക്ഷെ അത് അവരുടെ പ്രൊഫസർമാരുടെ ഭാഗത്തെ സമാനമായ കുഴച്ചിലിന്റെ ലക്ഷണമായിരിക്കുന്നത് അതിൽ കുറഞ്ഞ തോതിലല്ല.”
ഒരു ലൈബ്രറിയിലേക്കു പോയി ത്രിത്വത്തെ പിന്താങ്ങുന്ന പുസ്‌തകങ്ങൾ പരിശോധിക്കുന്നതിനാൽ ആ പ്രസ്‌താവനയുടെ സത്യതയെ സ്ഥിരീകരിക്കാൻ കഴിയും. അതിനെ വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ട് എണ്ണമററ പേജുകൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കുഴപ്പിക്കുന്ന ദൈവശാസ്‌ത്ര പദങ്ങളുടെയും വിശദീകരണങ്ങളുടെയും നൂലാമാലയിലൂടെ പോരാട്ടം കഴിച്ചശേഷം ഗവേഷകർ പിന്നെയും അസംതൃപ്‌തരായി മടങ്ങുകയാണ്.
ഈ സംഗതി സംബന്ധിച്ച്, ജസ്യൂട്ട് ജോസഫ് ബ്രാക്കൻ അവർ ത്രിത്വത്തെക്കുറിച്ച് എന്തു പറയുന്നു? എന്ന തന്റെ പുസ്‌തകത്തിൽ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “തങ്ങളുടെ സെമിനാരിവർഷങ്ങളിൽ ഗണ്യമായ പരിശ്രമത്താൽ . . . ത്രിത്വം പഠിച്ചവർ ത്രിത്വ ഞായറാഴ്‌ച പോലും അതു പ്രസംഗപീഠത്തിൽനിന്ന് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാൻ സ്വാഭാവികമായും മടിച്ചു. . . . ഏതായാലും ഒടുവിൽ ആളുകൾക്ക് ശരിയായി മനസ്സിലാകുകയില്ലാത്ത എന്തെങ്കിലുംകൊണ്ട് അവരെ ഒരുവൻ മുഷിപ്പിക്കുന്നതെന്തിന്?” “ത്രിത്വം ഔപചാരികമായ വിശ്വാസത്തിന്റെ ഒരു സംഗതിയാണ്, എന്നാൽ അനുദിന ക്രിസ്‌തീയ ജീവിതത്തിലും ആരാധനയിലും അതിനു തീർത്തും [ഫലം] ഇല്ല” എന്നും അദ്ദേഹം പറയുന്നു. എന്നാലും, അത് സഭകളുടെ “കേന്ദ്രോപദേശ”മാണ്!
അക്രൈസ്‌തവ ജനങ്ങളുടെ ഇടയിൽ സഭകൾക്ക് ഗണ്യമായ പുരോഗതി നേടാൻ കഴിയാത്തതിന്റെ ഒരു കാരണം ത്രിത്വമാണെന്ന് ക്രിസ്‌ത്യാനിത്വവും ലോകമതങ്ങളും എന്ന തന്റെ പുസ്‌തകത്തിൽ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ ഹാൻസ് കുംഗ് പ്രസ്‌താവിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “നല്ല അറിവുളള മുസ്ലീങ്ങൾക്കുപോലും ത്രിത്വത്തിന്റെ ആശയം മനസ്സിലാക്കാൻ കേവലം കഴിയുന്നില്ല, ഇത്രയുംനാൾ യഹൂദൻമാരും അതു ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതുപോലെതന്നെ. . . . ത്രിത്വോപദേശം ഏക ദൈവവും മുന്നു ആളത്വങ്ങളും തമ്മിൽ വരുത്തിയിരിക്കുന്ന വ്യത്യാസങ്ങൾ മുസ്ലീങ്ങളെ തൃപ്‌തിപ്പെടുത്തുന്നില്ല. സിറിയക്ക്, ഗ്രീക്ക്, ലത്തീൻ എന്നീ ഭാഷകളിൽനിന്ന് എടുത്ത ദൈവശാസ്‌ത്രപദങ്ങളാൽ അവർ പ്രബുദ്ധരാകുന്നതിനു പകരം കുഴഞ്ഞുപോകുകയാണ്. അതു പദങ്ങൾകൊണ്ടുളള ഒരു കളിയാണെന്ന് മുസ്ലീങ്ങൾ കണ്ടെത്തുന്നു. . . . ദൈവത്തിന്റെ ഏകതയെയും അദ്വിതീയതയെയും നിർവീര്യമാക്കാൻ അഥവാ നിരാകരിക്കാൻ മാത്രം കഴിയുന്ന എന്തെങ്കിലും ആ ഏകതയോടും അദ്വിതീയതയോടും കൂട്ടിച്ചേർക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നതെന്തിന്?”
“കുഴപ്പത്തിന്റെ ഒരു ദൈവമല്ല”
കുഴപ്പിക്കുന്ന ഇത്തരം ഒരു ഉപദേശത്തിന് എങ്ങനെ ഉദ്‌ഭൂതമാകാൻ കഴിയും? “ഇത്ര ദുർജ്ഞേയമായ ഒരു ഉപദേശം ദിവ്യ വെളിപ്പാടിനെ സൂചിപ്പിക്കുന്നു” എന്ന് കത്തോലിക്കാ വിജ്ഞാനകോശം അവകാശപ്പെടുന്നു. കത്തോലിക്കാ പണ്ഡിതൻമാരായ കാൾ റാണരും ഹേർബട്ട് വോർഗ്രിംമ്ലറും തങ്ങളുടെ ദൈവശാസ്‌ത്ര നിഘണ്ഡുവിൽ പ്രസ്‌താവിക്കുന്ന പ്രകാരം: “പൂർണ്ണമായ അർത്ഥത്തിൽ . . . ത്രിത്വം ഒരു മർമ്മമാണ് . . . വെളിപ്പാടു കൂടാതെ അത് അറിയാൻ കഴിയുമായിരുന്നില്ല, വെളിപ്പാടിനുശേഷം പോലും
മുഴുവനായി മനസ്സിലാക്കാവുന്നതായിത്തീരാവുന്നതുമല്ല.”എന്നിരുന്നാലും, ത്രിത്വം ഇത്ര കുഴപ്പിക്കുന്ന ഒരു മർമ്മമായിരിക്കുന്നതുകൊണ്ട് അത് ദിവ്യ വെളിപ്പാടിനാൽ ലഭിച്ചതാണെന്നുളള വാദം മറെറാരു വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദിവ്യ വെളിപ്പാടുതന്നെ ദൈവത്തെക്കുറിച്ച് അത്തരമൊരു വീക്ഷണത്തിന് അനുവദിക്കുന്നില്ല: “ദൈവം കുഴപ്പത്തിന്റെ ഒരു ദൈവമല്ല.”—1 കൊരിന്ത്യർ 14:33, പരിഷ്‌കരിച്ച പ്രമാണ ഭാഷാന്തരം (RS).
ആ പ്രസ്‌താവനയുടെ വീക്ഷണത്തിൽ, എബ്രായ, ഗ്രീക്ക്, ലത്തീൻ പണ്ഡിതൻമാർക്കുപോലും വിശദീകരിക്കാൻ കഴിയാത്ത, തന്നേക്കുറിച്ചുളള ഒരു ഉപദേശത്തിന് ദൈവം ഉത്തരവാദിയായിരിക്കുമോ?
തന്നെയുമല്ല, ‘ഏക സത്യദൈവത്തെയും അവൻ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതിന്’ ആളുകൾ ദൈവശാസ്‌ത്രജ്ഞൻമാരായിരിക്കേണ്ടതുണ്ടോ? (യോഹന്നാൻ 17:3, JB) അതാണു വാസ്‌തവമെങ്കിൽ, വിദ്യാഭ്യാസമുണ്ടായിരുന്ന യഹൂദ മതപണ്ഡിതൻമാരിൽ വളരെ കുറച്ചുപേർ മാത്രം യേശുവിനെ മശിഹായായി അംഗീകരിച്ചതെന്തുകൊണ്ട്? പകരം, അവന്റെ വിശ്വസ്‌ത ശിഷ്യൻമാർ എളിയ കർഷകരും മീൻപിടുത്തക്കാരും നികുതിപിരിവുകാരും വീട്ടമ്മമാരും ആയിരുന്നു. ആ സാധാരണക്കാർക്ക് യേശു ദൈവത്തെക്കുറിച്ച് പഠിപ്പിച്ചതു സംബന്ധിച്ച് വളരെ ഉറപ്പുണ്ടായിരുന്നു, തന്നിമിത്തം അവർക്ക് അത് മററുളളവരെ പഠിപ്പിക്കാൻ കഴിഞ്ഞു, തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിക്കാൻ പോലും അവർ സന്നദ്ധരുമായിരുന്നു.—മത്തായി 15:1-9; 21:23-32, 43; 23:13-36; യോഹന്നാൻ 7:45-49; പ്രവൃത്തികൾ 4:13.
[4-ാം പേജിലെ ചിത്രം]
യേശുവിന്റെ ശിഷ്യൻമാർ എളിയ സാധാരണക്കാരായിരുന്നു, മത നേതാക്കൻമാരല്ലായിരുന്നു