വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ത്രിത്വത്തിന്റെ “തെളിവുകളായ വാക്യങ്ങൾ” സംബന്ധിച്ചെന്ത്‌?

ത്രിത്വത്തിന്റെ “തെളിവുകളായ വാക്യങ്ങൾ” സംബന്ധിച്ചെന്ത്‌?

ത്രിത്വത്തിന്റെ “തെളിവുകളായ വാക്യങ്ങൾ” സംബന്ധിച്ചെന്ത്‌?

ചില ബൈബിൾവാക്യങ്ങൾ ത്രിത്വത്തെ പിന്താങ്ങുന്ന തെളിവുകൾ നൽകുന്നതായി പറയപ്പെടുന്നു. എന്നിരുന്നാലും, അങ്ങനെയുളള വാക്യങ്ങൾ വായിക്കുമ്പോൾ ബൈബിൾപരവും ചരിത്രപരവുമായ തെളിവ്‌ ത്രിത്വത്തെ പിന്താങ്ങുന്നില്ലെന്ന്‌ നാം മനസ്സിൽ പിടിക്കണം.

തെളിവായി സമർപ്പിക്കപ്പെടുന്ന ഏതു ബൈബിൾ പരാമർശവും മുഴു ബൈബിളിന്റെയും പരസ്‌പരയോജിപ്പുളള പഠിപ്പിക്കലിന്റെ സംബന്ധത്തിൽ വേണം മനസ്സിലാക്കാൻ. ഒട്ടുമിക്കപ്പോഴും അത്തരം ഒരു വാക്യത്തിന്റെ യഥാർത്ഥ അർത്ഥം ചുററുപാടുമുളള വാക്യങ്ങളുടെ സന്ദർഭത്താൽ വിശദീകരിക്കപ്പെടുന്നു.

ഒന്നിൽ മൂന്ന്‌

ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപ്പീഡിയാ അത്തരം മൂന്ന്‌ “തെളിവു വാക്യങ്ങൾ” നൽകുന്നു, എന്നാൽ ഇങ്ങനെ സമ്മതിക്കുന്നു: “വിശുദ്ധ ത്രിത്വോപദേശം പഴയ നിയമത്തിൽ പഠിപ്പിക്കപ്പെടുന്നില്ല. പുതിയ നിയമത്തിൽ, ഏററവും പഴക്കമുളള തെളിവ്‌ പൗലോസിന്റെ ലേഖനങ്ങളിലാണ്‌, വിശേഷിച്ച്‌ 2 കൊരിന്ത്യർ 13:13-ലും [ചില ബൈബിളുകളിൽ 14-ാം വാക്യം] 1 കൊരിന്ത്യർ 12:4-6-ലും. സുവിശേഷങ്ങളിൽ ത്രിത്വത്തിന്റെ തെളിവ്‌ മത്തായി 28:19-ലെ സ്‌നാപന ഫോർമുലായിൽ മാത്രമാണ്‌ സ്‌പഷ്ടമായി കാണപ്പെടുന്നത്‌.”

ആ വാക്യങ്ങളിൽ മൂന്ന്‌ “ആളുകൾ” ദി ന്യൂ ജറൂസലം ബൈബിളിൽ ചുവടെ ചേർക്കുന്ന പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നു. 2 കൊരിന്ത്യർ 13:13 (14) ഈ വിധത്തിൽ മൂന്നു പേരെ ഒന്നിച്ചു പറയുന്നു: “കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്‌മയും നിങ്ങളോട്‌ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.” ഒന്നു കൊരിന്ത്യർ 12:4-6 ഇങ്ങനെ പറയുന്നു: “അനേകം വ്യത്യസ്‌ത വരങ്ങളുണ്ട്‌, എന്നാൽ എല്ലായ്‌പ്പോഴും അത്‌ ഒരേ ആത്മാവാണ്‌: സേവിക്കലിന്റെ അനേകം വ്യത്യസ്‌ത വിധങ്ങളുണ്ട്‌, എന്നാൽ എല്ലായ്‌പ്പോഴും അത്‌ ഒരേ കർത്താവാണ്‌. വ്യത്യസ്‌ത രൂപങ്ങളിലുളള അനേകം പ്രവർത്തനങ്ങളുണ്ട്‌, എന്നാൽ ഓരോരുത്തരിലും ഒരേ ദൈവമാണ്‌ അവരിലെല്ലാം പ്രവർത്തിക്കുന്നത്‌.” മത്തായി 28:19 ഇങ്ങനെ വായിക്കപ്പെടുന്നു: “അതുകൊണ്ട്‌, പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സകല ജനതകളെയും സ്‌നാനപ്പെടുത്തി ശിഷ്യരാക്കിക്കൊൾക.”

ആ വാക്യങ്ങൾ, ദൈവവും ക്രിസ്‌തുവും പരിശുദ്ധാത്‌മാവും ചേർന്ന്‌ ഒരു ത്രിത്വദൈവശിരസ്സായിത്തീരുന്നുവെന്നും മൂന്നും തത്വത്തിലും ശക്തിയിലും നിത്യതയിലും സമൻമാരാണെന്നും പറയുന്നുണ്ടോ? ഇല്ല, റേറാം, ഡിക്ക്‌, ഹാരി എന്നിങ്ങനെ മൂന്നുപേരെ ഒന്നിച്ചു പറയുന്നതുകൊണ്ട്‌ അവർ ഒന്നിൽ മൂന്നാണെന്ന്‌ അർത്ഥമില്ലാത്തതുപോലെതന്നെ.

ഇങ്ങനെയുളള പരാമർശം “പേർപറയപ്പെട്ട മൂന്നു വിഷയങ്ങളുണ്ടെന്നു മാത്രം തെളിയിക്കുന്നു, . . . എന്നാൽ മൂന്നും അവശ്യം ദിവ്യപ്രകൃതിയിൽ പെട്ടതാണെന്നും മൂന്നിനും തുല്യ ദിവ്യബഹുമതിയുണ്ടെന്നും അത്‌ അതിൽത്തന്നെ തെളിയിക്കുന്നില്ല” എന്ന്‌ മക്ലിന്റോക്കിന്റെയും സ്‌ട്രോംഗിന്റെയും സൈക്ലോപ്പീഡിയാ ഓഫ്‌ ബിബ്ലിക്കൽ, തിയൊളോജിക്കൽ ആൻഡ്‌ എക്ലിസ്യാസ്‌ററിക്കൽ ലിറററേച്ചർ സമ്മതിക്കുന്നു.

ആ പ്രമാണഗ്രന്ഥം ത്രിത്വത്തെ പിന്താങ്ങുന്നതാണെങ്കിലും 2 കൊരിന്ത്യർ 13:13 (14) നെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അവർക്ക്‌ തുല്യാധികാരമോ ഒരേ പ്രകൃതിയോ ഉണ്ടെന്ന്‌ നമുക്ക്‌ ന്യായമായി നിഗമനംചെയ്യാൻ കഴിയുകയില്ല.” മത്തായി 28:18-20നെക്കുറിച്ച്‌ അതു പറയുന്നു: “ എന്നിരുന്നാലും, ഈ വാക്യം തനിച്ചെടുത്താൽ അത്‌, പറയപ്പെട്ട മൂന്നു വിഷയങ്ങളുടെ ആളത്വമോ അവയുടെ സമത്വമോ ദിവ്യത്വമോ നിർണ്ണായകമായി തെളിയിക്കുകയില്ല.”

യേശു സ്‌നാപനമേററപ്പോഴും ദൈവവും യേശുവും പരിശുദ്ധാത്മാവും ഒരേ സന്ദർഭത്തിൽ പറയപ്പെട്ടു. “ദൈവത്തിന്റെ ആത്മാവ്‌ ഒരു പ്രാവിനെപ്പോലെ തന്റെമേൽ ഇറങ്ങുന്നത്‌” യേശു കണ്ടു. (മത്തായി 3:16) എന്നാൽ മൂന്നും ഒന്നാണെന്ന്‌ ഇതു പറയുന്നില്ല. അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും പല പ്രാവശ്യം ഒന്നിച്ചു പറയപ്പെട്ടിരിക്കുന്നു, എന്നാൽ അത്‌ അവരെ ഒന്നാക്കുന്നില്ല. പത്രോസും യാക്കോബും യോഹന്നാനും ഒരുമിച്ചു പേർപറയപ്പെട്ടിരിക്കുന്നു, എന്നാൽ അത്‌ അവരെയും ഒന്നാക്കുന്നില്ല. കൂടാതെ, സ്‌നാപനസമയം വരെ യേശു ആത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടിരുന്നില്ലെന്ന്‌ പ്രകടമാക്കിക്കൊണ്ട്‌ അവന്റെ സ്‌നാപനത്തിങ്കൽ ദൈവാത്മാവ്‌ അവന്റെ മേൽ ഇറങ്ങി. അങ്ങനെയാകയാൽ അവൻ പരിശുദ്ധാത്മാവുമായി എല്ലായ്‌പോഴും ഒന്നായിരുന്നിട്ടുളള ഒരു ത്രിത്വത്തിന്റെ ഭാഗമായിരിക്കാൻ അവന്‌ എങ്ങനെ കഴിയും?

മൂന്നും ഒന്നിച്ചു പറഞ്ഞിരിക്കുന്ന മറെറാരു പരാമർശം ചില പഴക്കമേറിയ ബൈബിൾ വിവർത്തനങ്ങളിൽ 1 യോഹന്നാൻ 5:7-ൽ കാണപ്പെടുന്നു. എന്നാൽ ഈ വാക്കുകൾ ആദ്യം ബൈബിളിൽ ഇല്ലായിരുന്നുവെന്നും, എന്നാൽ വളരെ കാലത്തിനുശേഷം കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും പണ്ഡിതൻമാർ സമ്മതിച്ചുപറയുന്നു. മിക്ക ആധുനിക വിവർത്തനങ്ങളും ഉചിതമായി ഈ കളളവാക്യം വിട്ടുകളയുന്നു.

മററു “തെളിവു വാക്യങ്ങൾ” രണ്ടു പേർ—പിതാവും യേശുവും—തമ്മിലുളള ബന്ധത്തെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുളളു. നമുക്ക്‌ അവയിൽ ചിലതു പരിചിന്തിക്കാം.

“ഞാനും പിതാവും ഒന്നാകുന്നു”

യോഹന്നാൻ 10:30-ൽ മൂന്നാമത്തെ ആളിനെക്കുറിച്ചു പറയുന്നില്ലെങ്കിലും ത്രിത്വത്തെ പിന്താങ്ങാൻ ആ വാക്യം മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്നു. എന്നാൽ താൻ പിതാവുമായി “ഒന്നാ”യിരിക്കുന്നുവെന്നതിനാൽ എന്താണർത്ഥമാക്കിയതെന്ന്‌ യേശു തന്നെ പ്രകടമാക്കി. യോഹന്നാൻ 17:21, 22-ൽ അവൻ ദൈവത്തോട്‌ തന്റെ ശിഷ്യൻമാർ “എല്ലാവരും ഒന്നാകേണ്ടതിന്‌, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനു തന്നെ” എന്നു പ്രാർത്ഥിച്ചു. തന്റെ ശിഷ്യൻമാരെല്ലാം ഒരൊററ സത്തയായിത്തീരുമെന്ന്‌ യേശു പ്രാർത്ഥിക്കുകയായിരുന്നോ? അല്ലായിരുന്നു, താനും പിതാവും ആയിരുന്നതുപോലെ, അവർ ചിന്തയിലും ഉദ്ദേശ്യത്തിലും ഐക്യപ്പെട്ടിരിക്കണമെന്ന്‌ യേശു പ്രാർത്ഥിക്കയായിരുന്നു എന്ന്‌ സ്‌പഷ്ടമാണ്‌.—1 കൊരിന്ത്യർ 1:10 കൂടെ കാണുക.

ഒന്നു കൊരിന്ത്യർ 3:6, 8-ൽ പൗലോസ്‌ പറയുന്നു: “ഞാൻ നട്ടു, അപ്പല്ലോസ്‌ നനച്ചു, . . . നടുന്നവനും നനക്കുന്നവനും ഒന്നാണ്‌.” (NW) താനും അപ്പല്ലോസും ഒന്നിലെ രണ്ടാളുകളാണെന്ന്‌ പൗലോസ്‌ അർത്ഥമാക്കിയില്ല; അവർക്ക്‌ ഉദ്ദേശ്യത്തിൽ ഐക്യമുണ്ടായിരുന്നുവെന്നാണ്‌ അവൻ അർത്ഥമാക്കിയത്‌. “ഒന്ന്‌” (ഹെൻ) എന്നതിന്‌ പൗലോസ്‌ ഇവിടെ ഉപയോഗിച്ച ഗ്രീക്ക്‌ പദം നപുംസകമാണ്‌, അക്ഷരീയമായി സഹകരണത്തിലെ ഒന്നിപ്പിനെ സൂചിപ്പിക്കുന്ന “ഒരു (സംഗതി).” തനിക്ക്‌ തന്റെ പിതാവിനോടുണ്ടായിരുന്ന ബന്ധത്തെ വർണ്ണിക്കാൻ യോഹന്നാൻ 10:30-ൽ യേശു ഇതേ പദമാണ്‌ ഉപയോഗിച്ചത്‌. യോഹന്നാൻ 17:21, 22-ലും യേശു ഉപയോഗിച്ചത്‌ ഇതേ പദമായിരുന്നു. അതുകൊണ്ട്‌, ഈ സന്ദർഭങ്ങളിൽ “ഒന്ന്‌” (ഹെൻ) എന്ന പദം അവൻ ഉപയോഗിച്ചപ്പോൾ അവൻ ചിന്തയുടെയും ഉദ്ദേശ്യത്തിന്റെയും ഐക്യത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു.

യോഹന്നാന്റെ സുവിശേഷ ഭാഷ്യം എന്ന പുസ്‌തകത്തിൽ (ഒരു ത്രിത്വവിശ്വാസിയായിരുന്ന) ജോൺ കാൽവിൻ യോഹന്നാൻ 10:30നെ സംബന്ധിച്ച്‌ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തുവിന്‌ . . . പിതാവിന്റെ അതേ സാരാംശമാണുളളതെന്നു തെളിയിക്കാൻ പ്രാചീനർ ഈ വാക്യം തെററായി ഉപയോഗിച്ചു. എന്തെന്നാൽ ക്രിസ്‌തു തത്വത്തിലെ ഐക്യത്തെക്കുറിച്ച്‌ വാദിക്കുന്നില്ല, എന്നാൽ പിതാവിനോടു തനിക്കുളള യോജിപ്പിനെക്കുറിച്ചാണ്‌.”

യോഹന്നാൻ 10:30നു ശേഷമുളള വാക്യങ്ങളുടെ സന്ദർഭത്തിൽത്തന്നെ തന്റെ വാക്കുകൾ താൻ ദൈവമാണെന്നുളള അവകാശവാദമല്ലെന്ന്‌ യേശു ശക്തമായി വാദിച്ചു. തെററായി ആ നിഗമനത്തിലെത്തുകയും അവനെ കല്ലെറിയാനാഗ്രഹിക്കുകയും ചെയ്‌ത യഹൂദൻമാരോട്‌ അവൻ ചോദിച്ചു: “പിതാവിനാൽ പ്രതിഷ്‌ഠിക്കപ്പെടുകയും ലോകത്തിലേക്ക്‌ അയയ്‌ക്കപ്പെടുകയും ചെയ്‌ത ഞാൻ ‘ഞാൻ ദൈവപുത്രനാകുന്നു’ എന്നു പറഞ്ഞതുകൊണ്ട്‌ നിങ്ങൾ എന്റെമേൽ ദൈവദൂഷണം ചുമത്തുന്നതെന്തുകൊണ്ട്‌?” (യോഹന്നാൻ 10:31-36, NE) അല്ല, താൻ പുത്രനായ ദൈവമാണെന്നല്ല, പിന്നെയോ ദൈവപുത്രനാണെന്നാണ്‌ യേശു അവകാശപ്പെട്ടത്‌.

“തന്നെത്താൻ ദൈവത്തോട്‌ സമനാക്കി”?

ത്രിത്വത്തിനു തെളിവായി പറയുന്ന മറെറാരു തിരുവെഴുത്ത്‌ യോഹന്നാൻ 5:18 ആണ്‌. (യോഹന്നാൻ 10:31-36 ലേതുപോലെ) “ദൈവം സ്വന്ത പിതാവ്‌ എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോട്‌ സമനാക്കിയതുകൊണ്ട്‌” യഹൂദൻമാർ യേശുവിനെ കൊല്ലാനാഗ്രഹിച്ചുവെന്ന്‌ അതു പറയുന്നു.

എന്നാൽ യേശു തന്നെത്താൻ ദൈവത്തോടു സമനാക്കുകയാണെന്ന്‌ പറഞ്ഞതാരായിരുന്നു? യേശു അല്ലായിരുന്നു. അവൻ അടുത്ത വാക്യത്തിൽത്തന്നെ (19) ഈ വ്യാജാരോപണത്തിനെതിരെ വാദിച്ചു. “ഈ ആരോപണത്തിന്‌ യേശു ഇങ്ങനെ മറുപടി പറഞ്ഞു: . . . ‘പുത്രനു തനിയെ യാതൊന്നും ചെയ്യാൻ കഴികയില്ല, പിതാവു ചെയ്‌തുകാണുന്നതു മാത്രമേ അവനു ചെയ്യാൻ കഴിയൂ.’”—JB.

ഇതിനാൽ, താൻ ദൈവത്തോടു സമനല്ലെന്നും തന്നിമിത്തം സ്വന്തമായി മുൻകൈ എടുത്ത്‌ പ്രവർത്തിക്കാനാവില്ലെന്നും യേശു യഹൂദൻമാർക്കു കാണിച്ചുകൊടുത്തു. സർവ്വശക്തനായ ദൈവത്തോടു സമനായ ഒരുവൻ “തനിയെ യാതൊന്നും ചെയ്യാൻ കഴികയില്ല” എന്നു പറയുന്നതിനെക്കുറിച്ച്‌ നമുക്കു സങ്കൽപ്പിക്കാൻ കഴിയുമോ? (ദാനിയേൽ 4:34, 35 താരതമ്യപ്പെടുത്തുക.) ത്രിത്വവാദികളെപ്പോലെ തെററായ നിഗമനങ്ങളിലെത്തുന്ന യഹൂദൻമാരുടെ വ്യാജാരോപണങ്ങൾക്കെതിരെ യേശു പ്രതിവാദം നടത്തുകയായിരുന്നുവെന്ന്‌ യോഹന്നാൻ 5:18-ന്റെയും 10:30-ന്റെയും സന്ദർഭം തെളിയിക്കുന്നുവെന്നത്‌ കൗതുകകരമാണ്‌.

“ദൈവത്തോടു സമൻ”?

ഫിലിപ്യർ 2:6-ൽ 1609-ലെ കാത്തലിക്ക്‌ ഡുവേ വേർഷൻ (Dy) യേശുവിനെ സംബന്ധിച്ച്‌ ഇങ്ങനെ പറയുന്നു: “അവൻ ദൈവരൂപത്തിലായിരിക്കെ, ദൈവത്തോടു സമനായിരിക്കുന്നതു കവർച്ചയെന്നു വിചാരിച്ചില്ല.” 1611-ലെ ജയിംസുരാജാവിന്റെ ഭാഷാന്തരം (KJ) ഏറെയും അങ്ങനെതന്നെ വായിക്കപ്പെടുന്നു. യേശു ദൈവത്തോടു സമനായിരുന്നുവെന്ന ആശയത്തെ പിന്താങ്ങാൻ ചിലർ ഇപ്പോഴും അങ്ങനെയുളള നിരവധി വിവർത്തനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ മററു ഭാഷാന്തരങ്ങൾ ഈ വാക്യം വിവർത്തനം ചെയ്യുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക:

1869: “അവൻ ദൈവരൂപത്തിലായിരിക്കെ, ദൈവത്തോടുളള ഒരു സമത്വത്തിലായിരിക്കുന്നതിന്‌, അത്‌ കടന്നുപിടിക്കപ്പെടേണ്ട ഒരു സംഗതിയാണെന്നു കരുതിയില്ല.” ജി. ആർ. നോയസിന്റെ ദി ന്യൂ റെറസ്‌ററമെൻറ്‌.

1965: “അവൻ—യഥാർത്ഥത്തിൽ ദിവ്യപ്രകൃതിയുളളവൻ!—ഒരിക്കലും ആത്മധൈര്യത്തോടെ തന്നെത്താൻ ദൈവത്തോടു സമനാക്കിയില്ല.” ഡാസ്‌ നിയൂ റെറസ്‌ററമെൻറ്‌ ഫ്രീഡ്‌റിച്ച്‌ ഫാഫിനാലുളള പരിഷ്‌ക്കരിച്ച പതിപ്പ്‌.

1968: “അവൻ ദൈവരൂപത്തിലായിരുന്നെങ്കിലും, ദൈവത്തോടു സമനായിരിക്കുന്നത്‌ അത്യാഗ്രഹത്തോടെ സ്വന്തമാക്കേണ്ട കാര്യമാണെന്നു കരുതിയില്ല.” ലാ ബിബ്ലിയാ കോൺകോഡാററാ.

1976: “അവന്‌ എല്ലായ്‌പ്പോഴും ദൈവത്തിന്റെ പ്രകൃതി ഉണ്ടായിരുന്നു, എന്നാൽ ദൈവത്തോടു സമനായിരിക്കാൻ അവൻ ബലമായി ശ്രമിക്കണമെന്ന്‌ അവൻ വിചാരിച്ചില്ല.” ററുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

1984: “അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്‌തിരുന്നിട്ടും, ദൈവത്തോട്‌ സമനായിരിക്കേണ്ടതിന്‌ ഒരു പിടിച്ചെടുക്കലിന്‌ പരിഗണന കൊടുത്തില്ല.” വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം.

1985: “അവൻ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുളള സമത്വം കടന്നുപിടിക്കപ്പെടേണ്ട ഒന്നാണെന്ന്‌ കരുതിയില്ല.” ദി ന്യൂ ജറൂസലം ബൈബിൾ.

എന്നിരുന്നാലും, കൂടുതൽ കൃത്യതയുളള ഈ വിവർത്തനങ്ങൾപോലും (1) യേശുവിന്‌ അപ്പോൾതന്നെ സമത്വമുണ്ടായിരുന്നു, അല്ലെങ്കിൽ (2) അവന്‌ നേരത്തെ സമത്വമുണ്ടായിരുന്നതുകൊണ്ട്‌ അവൻ അതിനെ കടന്നുപിടിക്കേണ്ടതില്ലായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്നതായി ചിലർ അവകാശപ്പെടുന്നു.

ഈ കാര്യത്തിൽ, ഫിലിപ്യർക്കുളള പൗലോസിന്റെ ലേഖനത്തിൽ റാൾഫ്‌ മാർട്ടിൻ മൂലഗ്രീക്കിനെ സംബന്ധിച്ച്‌ ഇങ്ങനെ പറയുന്നു: “ഈ ക്രിയയുടെ അർത്ഥത്തിന്‌, ‘പിടിച്ചെടുക്കുക,’ ‘അക്രമാസക്തമായി തട്ടിയെടുക്കുക’ എന്ന അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന്‌ ‘മുറുകെ പിടിക്കുക’ എന്ന അർത്ഥത്തിലേക്ക്‌ വഴുതിപ്പോകാൻ കഴിയുമോ എന്ന്‌ ചോദ്യം ചെയ്യാവുന്നതാണ്‌.” വ്യാഖ്യാതാവിന്റെ ഗ്രീക്ക്‌ നിയമവും പറയുന്നു: “αρπαζω [ഹാർപ്പാസോ]യിക്കോ അതിന്റെ ഏതെങ്കിലും വ്യുൽപ്പന്നങ്ങൾക്കോ ‘കൈവശം വെച്ചുകൊണ്ടിരിക്കുക’ ‘വെച്ചുകൊണ്ടിരിക്കുക’ എന്ന അർത്ഥമുളള ഏതെങ്കിലും വാക്യം നമുക്കു കണ്ടെത്താൻ കഴിയുകയില്ല. അതിന്‌ സുനിശ്ചിതമായി ‘പിടിച്ചെടുക്കുക’ ‘അക്രമാസക്തമായി തട്ടിപ്പറിക്കുക’ എന്നാണർത്ഥമെന്നു തോന്നുന്നു. അങ്ങനെ, ‘കടന്നു പിടിക്കുക’ എന്ന അർത്ഥത്തിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ‘മുറുകെ പിടിക്കുക’ എന്നതിലേക്ക്‌ വഴുതി മാറുന്നത്‌ അനുവദനീയമല്ല.”

ഡുവേ, കിംഗ്‌ ജയിംസ്‌ മുതലായ ഭാഷാന്തരങ്ങളുടെ വിവർത്തകർ ത്രിത്വ ലക്ഷ്യങ്ങളെ പിന്തുണക്കാൻ നിയമങ്ങളെ വളച്ചൊടിക്കുകയാണെന്ന്‌ മേൽപ്രസ്‌താവിച്ചതിൽ നിന്ന്‌ പ്രകടമാകുന്നു. ദൈവത്തോടു സമനായിരിക്കുന്നത്‌ ഉചിതമാണെന്ന്‌ യേശു വിചാരിച്ചതായി അശേഷവും പറയാതെ, വസ്‌തുനിഷ്‌ഠമായി വായിക്കുമ്പോൾ നേരേ മറിച്ചാണ്‌ ഫിലിപ്യർ 2:6-ലെ ഗ്രീക്ക്‌ പ്രകടമാക്കുന്നത്‌, അത്‌ ഉചിതമാണെന്ന്‌ യേശു വിചാരിച്ചില്ലെന്നു തന്നെ.

ചുററുപാടുമുളള വാക്യങ്ങളുടെ (3-5,7,8,Dy) സന്ദർഭം 6-ാം വാക്യം എങ്ങനെ മനസ്സിലാക്കണമെന്ന്‌ വ്യക്തമാക്കുന്നു. “താഴ്‌മയോടെ, ഓരോരുത്തനും മററുളളവരെ തങ്ങളെക്കാൾ മെച്ചമെന്ന്‌ വിലമതിക്കട്ടെ” എന്ന്‌ ഫിലിപ്യർ പ്രോത്സാഹിപ്പിക്കപ്പെട്ടു. പിന്നീട്‌, പൗലോസ്‌ ഈ മനോഭാവത്തിന്റെ മുന്തിയ ദൃഷ്ടാന്തമായി ക്രിസ്‌തുവിനെ ഉപയോഗിക്കുന്നു. “ക്രിസ്‌തുയേശുവിലുളള ഈ മനസ്സ്‌ നിങ്ങളിലുണ്ടായിരിക്കട്ടെ.” ഏതു മനസ്സ്‌? ‘ദൈവത്തോടു സമനായിരിക്കുന്നത്‌ കവർച്ചയെന്നു വിചാരിക്കാത്ത’തോ? അല്ല, അത്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന ആശയത്തിനു നേരെ എതിരായിരിക്കും! പകരം, ‘തന്നെക്കാൾ ശ്രേഷ്‌ഠനാണ്‌ ദൈവമെന്ന്‌ വിലമതിച്ച’ യേശു ഒരിക്കലും ‘ദൈവത്തോടുളള സമത്വത്തിനായി കടന്നു പിടിക്കുകയില്ല.’ എന്നാൽ, പകരം, അവൻ “മരണത്തോളം വിശ്വസ്‌തനായിത്തീർന്നുകൊണ്ട്‌ തന്നെത്താൻ താഴ്‌ത്തി.”

തീർച്ചയായും, അത്‌ സർവ്വശക്തനായ ദൈവത്തിന്റെ ഏതെങ്കിലും ഭാഗമായിരിക്കുന്നതിനെക്കുറിച്ചുളള സംസാരം ആയിരിക്കാവുന്നതല്ല. അതു പൗലോസിന്റെ ഇവിടത്തെ ആശയത്തെ—അതായത്‌, താഴ്‌മയുടെയും ഒരുവന്റെ മേലാവും സ്രഷ്ടാവുമായ യഹോവയാം ദൈവത്തോടുളള അനുസരണത്തിന്റെയും പ്രാധാന്യത്തെ—ദൃഷ്ടാന്തത്താൽ പൂർണ്ണമായി വിശദമാക്കിയ യേശു ക്രിസ്‌തുവിനെക്കുറിച്ചുളള സംസാരമായിരുന്നു.

“ഞാൻ ആകുന്നു”

യോഹന്നാൻ 8:58-ൽ ദി ജറൂസലം ബൈബിൾ പോലെയുളള നിരവധി വിവർത്തനങ്ങൾ “അബ്രാഹാം ഉണ്ടായിരുന്നതിന്‌ മുമ്പേ ഞാൻ ഉണ്ട്‌” എന്ന്‌ യേശു പറയുന്നതായി കാണിക്കുന്നു. ത്രിത്വവാദികൾ തറപ്പിച്ചു പറയുന്നതുപോലെ, “ഞാൻ ആകുന്നു” എന്ന സ്ഥാനപ്പേരിനാൽ താൻ അറിയപ്പെട്ടിരുന്നുവെന്ന്‌ യേശു അവിടെ പഠിപ്പിക്കുകയായിരുന്നോ? പുറപ്പാട്‌ 3:14-ൽ കിംഗ്‌ ജയിംസ്‌ വേർഷൻ “ദൈവം മോശയോട്‌ ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു പറഞ്ഞു” എന്ന്‌ പ്രസ്‌താവിക്കുന്നതുകൊണ്ട്‌, അവർ അവകാശപ്പെടുന്നതുപോലെ അവൻ എബ്രായ തിരുവെഴുത്തുകളിലെ യഹോവ ആയിരുന്നു എന്ന്‌ ഇതിനർത്ഥമുണ്ടോ?

പുറപ്പാട്‌ 3:14-ൽ (KJ) ദൈവം യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും അവൻ വാഗ്‌ദത്തം ചെയ്‌തത്‌ നിറവേററുമെന്നും സൂചിപ്പിക്കാൻ ദൈവത്തിന്റെ ഒരു സ്ഥാനപ്പേരായി “ഞാൻ ആകുന്നു” എന്ന പദപ്രയോഗം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഡോ. ജെ. എച്ച്‌. ഹെർട്ട്‌സ്‌ പ്രസാധനംചെയ്‌ത പഞ്ചഗ്രന്‌ഥിയും ഹഫ്‌ത്തോറായും ഈ പദപ്രയോഗത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അടിമത്വത്തിലിരുന്ന ഇസ്രായേല്യരെ സംബന്ധിച്ചു അർത്ഥമിതായിരിക്കും: ‘അവൻ ഇതു വരെയും നിങ്ങളോടായി തന്റെ ശക്തി പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും അവൻ അങ്ങനെ ചെയ്യും; അവൻ നിത്യനാണ്‌, തീർച്ചയായും നിങ്ങളെ വീണ്ടെടുക്കും.’ മിക്ക ആധുനികരും [പുറപ്പാട്‌ 3:14] ‘ഞാനായിരിക്കുന്നത്‌, ഞാനാകുന്നതാണ്‌’ എന്ന്‌ വിവർത്തനം ചെയ്യുന്നതിൽ റഷിയെ [ഫ്രഞ്ചു ബൈബിളിന്റെയും തല്‌മൂദിന്റെയും ഒരു വ്യാഖ്യാതാവ്‌] അനുകരിക്കുന്നു.”

യോഹന്നാൻ 8:58-ലെ പദപ്രയോഗം പുറപ്പാട്‌ 3:14-ൽ ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. യേശു ഒരു പേരോ സ്ഥാനപ്പേരോ ആയിട്ടല്ല അതു ഉപയോഗിച്ചത്‌, പിന്നെയോ തന്റെ മാനുഷ പൂർവ അസ്‌തിത്വത്തെ വിശദീകരിക്കാനുളള ഒരു മാർഗ്ഗമായിട്ടാണ്‌ ഉപയോഗിച്ചത്‌. അതുകൊണ്ട്‌ മററു ചില ബൈബിൾ ഭാഷാന്തരങ്ങൾ യോഹന്നാൻ 8:58 വിവർത്തനം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ ശ്രദ്ധിക്കുക:

1869: “അബ്രാഹാം ഉണ്ടായിരുന്നതിനു മുമ്പു മുതൽ ഞാൻ ഉണ്ട്‌.” ജി. ആർ. നോയസിന്റെ ദി ന്യൂ റെറസ്‌ററമെൻറ്‌.

1935: “അബ്രാഹാം ജനിച്ചതിനു മുമ്പ്‌ ഞാൻ സ്ഥിതിചെയ്‌തിരുന്നു!” ദി ബൈബിൾ—ആൻ അമേരിക്കൻ ട്രാൻസ്‌ലേഷൻ, ജെ. എം. പി. സ്‌മിത്തിന്റെയും ഈ. ജെ. ഗുഡ്‌സ്‌പീഡിന്റെയും.

1965: “അബ്രാഹാം ജനിച്ചതിനു മുമ്പ്‌, നേരത്തെ തന്നെ ഞാൻ ഞാൻ ആയിരിക്കുന്നവൻ ആയിരുന്നു.” ഡാസ്‌ നിയൂ റെറസ്‌ററമെൻറ്‌, ജോർജ്ജ്‌ സിങ്കിനാലുളളത്‌.

1981: “അബ്രാഹാം ജനിച്ചതിനു മുമ്പ്‌ ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു!” ദി സിമ്പിൾ ഇംഗ്ലീഷ്‌ ബൈബിൾ.

1984: “അബ്രാഹാം അസ്‌തിത്വത്തിലേക്കു വരുന്നതിനു മുമ്പ്‌ ഞാൻ ഉണ്ടായിട്ടുണ്ട്‌.” വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം.

അങ്ങനെ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗ്രീക്കിന്റെ യഥാർത്ഥ ആശയം, അബ്രാഹാം ജനിച്ചതിനു വളരെനാൾ മുമ്പേ ദൈവത്തിന്റെ സൃഷ്ടിക്കപ്പെട്ട “ആദ്യജാത”നായിരുന്ന യേശു സ്ഥിതിചെയ്‌തിരുന്നുവെന്നാണ്‌.—കൊലോസ്യർ 1:15; സദൃശവാക്യങ്ങൾ 8:22, 23, 30; വെളിപ്പാട്‌ 3:14.

വീണ്ടും, ശരിയായ ഗ്രാഹ്യം ഇതാണെന്ന്‌ സന്ദർഭം പ്രകടമാക്കുന്നു. യഹൂദൻമാർ പറഞ്ഞതുപോലെ, യേശുവിന്‌ 50 വയസ്സുപോലും ആയിട്ടില്ലായിരുന്നെങ്കിലും അവൻ “അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്ന്‌” അവകാശപ്പെട്ടതു നിമിത്തം, ഈ പ്രാവശ്യം അവർ അവനെ കൊല്ലാനാഗ്രഹിച്ചു. (വാക്യം 57) യേശുവിന്റെ സ്വാഭാവികപ്രതികരണം തന്റെ പ്രായത്തെക്കുറിച്ചുളള സത്യം പറയുകയെന്നതായിരുന്നു. അതുകൊണ്ട്‌ അവൻ സ്വാഭാവികമായി “അബ്രാഹാം ജനിച്ചതിനു മുമ്പ്‌ ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു!” എന്ന്‌ അവരോടു പറഞ്ഞു.—ദി സിമ്പിൾ ഇംഗ്ലീഷ്‌ ബൈബിൾ.

“വചനം ദൈവമായിരുന്നു”

യോഹന്നാൻ 1:1-ൽ ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കപ്പെടുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു.” യേശുക്രിസ്‌തു എന്ന നിലയിൽ ഭൂമിയിലേക്കു വന്ന “വചനം” (ഗ്രീക്ക്‌, ഹോ ലോഗോസ്‌) സർവ്വശക്തനായ ദൈവംതന്നെ ആയിരുന്നു എന്നാണ്‌ ഇതിന്റെ അർത്ഥമെന്ന്‌ ത്രിത്വവാദികൾ അവകാശപ്പെടുന്നു.

എന്നിരുന്നാലും, ഇവിടെയും സന്ദർഭം സൂക്ഷ്‌മഗ്രാഹ്യത്തിനുളള അടിത്തറ പാകുന്നുവെന്ന്‌ കുറിക്കൊളളുക. ജയിംസ്‌രാജാവിന്റെ ഭാഷാന്തരം പോലും “വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്ന്‌ പറയുന്നു. (ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.) മറെറാരാളോടു“കൂടെ” ആയിരിക്കുന്ന ഒരാളിന്‌ മറേറയാൾതന്നെയായിരിക്കാൻ കഴികയില്ല. ഇതിനു ചേർച്ചയായി, ജസ്യൂട്ട്‌ ജോസഫ്‌ എ. ഫിററ്‌സ്‌മയർ പ്രസാധനം ചെയ്‌ത ജേണൽ ഓഫ്‌ ബിബ്ലിക്കൽ ലിറററേച്ചർ, യോഹന്നാൻ 1:1-ന്റെ അവസാന ഭാഗം സർവ്വശക്തനായ ദൈവത്തെ അർത്ഥമാക്കത്തക്കവണ്ണം വ്യാഖ്യാനിച്ചാൽ, അത്‌ “മുൻ വാചകത്തിനു വിരുദ്ധമായിരിക്കും” എന്നു കുറിക്കൊളളുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്നാണ്‌ അതു പറയുന്നത്‌.

മററു ഭാഷാന്തരങ്ങൾ വാക്യത്തിന്റെ ഈ ഭാഗത്തെ എങ്ങനെ വിവർത്തനം ചെയ്യുന്നുവെന്നും ശ്രദ്ധിക്കുക:

1808: “വചനം ഒരു ദൈവമായിരുന്നു.” ആർച്ച്‌ ബിഷപ്പ്‌ ന്യൂ കമിന്റെ പുതിയ ഭാഷാന്തരത്തിന്റെ അടിസ്ഥാനത്തിലുളള ഒരു മെച്ചപ്പെട്ട പരിഭാഷയിലെ പുതിയ നിയമം: തിരുത്തിയ ഒരു പാഠത്തോടു കൂടിയത്‌.

1864: “ഒരു ദൈവമായിരുന്നു വചനം.” ബഞ്ചമിൻ വിൽസനാലുളള ദി എംഫാററിക്ക്‌ ഡയഗ്ലട്ടിന്റെ വരിമദ്ധ്യ വായന.

1928: “വചനം ഒരു ദിവ്യജീവിയായിരുന്നു.” ലാ ബൈബിൾ ഡു സെൻറനെയർ, എൽ ഇവാൻഗൈൽ സെലോൺ ജീൻ, മോറീസ്‌ ഗോഗ്വലിനാലുളളത്‌.

1935: “വചനം ദിവ്യനായിരുന്നു.” ജെ. എം. പി. സ്‌മിത്തിനാലും ഈ. ജെ. ഗുഡ്‌സ്‌പീഡിനാലുമുളള ദി ബൈബിൾ—ആൻ അമേരിക്കൻ വിവർത്തനം.

1946: “വചനം ഒരു ദിവ്യ തരത്തിലുളളവനായിരുന്നു.” ലഡ്‌വിഗ്‌ തിമ്മിനാലുളള ഡാസ്‌ നിയൂ റെറസ്‌ററമെൻറ്‌.

1950: “വചനം ഒരു ദൈവമായിരുന്നു.” ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം.

1958: “വചനം ഒരു ദൈവമായിരുന്നു.” ജയിംസ്‌ എൽ. റേറാമനക്കിന്റെ ദി ന്യൂ റെറസ്‌ററമെൻറ്‌.

1975: “ഒരു ദൈവം (അല്ലെങ്കിൽ ഒരു ദിവ്യ തരത്തിലുളളവൻ) ആയിരുന്നു വചനം.” സീഗ്‌ ഫ്രൈഡ്‌ ഷുൽസിനാലുളള ഡാസ്‌ ഇവാൻജലിയം നാഷ്‌ ജോഹാനസ്‌.

1978: “ദൈവസമാന രൂപത്തിലുളളവനായിരുന്നു ലോഗോസ്‌.” ജോഹാനസ്‌ ഷ്‌നീസറിന്റെ ഡാസ്‌ ഇവാൻജലിയം നാഷ്‌ ജോഹാനസ്‌.

യോഹന്നാൻ 1:1-ൽ തിയോസ്‌ (ദൈവം) എന്ന ഗ്രീക്ക്‌ നാമം രണ്ടു പ്രാവശ്യമുണ്ട്‌. ആദ്യത്തേത്‌ സർവ്വശക്തനായ ദൈവത്തെ പരാമർശിക്കുന്നു, വചനം അവനോടുകൂടെ ആയിരുന്നു (“വചനം [ലോഗോസ്‌] ദൈവത്തോടു [തിയോസിന്റെ ഒരു രൂപം] കൂടെ ആയിരുന്നു”). ഈ ആദ്യത്തെ തിയോസിനു മുൻപ്‌ റേറാൺ (ദി) എന്ന പദം വരുന്നു, ഒരു വ്യതിരിക്ത താദാത്മ്യത്തിലേക്ക്‌, ഈ സന്ദർഭത്തിൽ സർവ്വശക്തനായ ദൈവത്തിലേക്ക്‌, വിരൽചൂണ്ടുന്ന ഗ്രീക്ക്‌ നിശ്ചയോപപദത്തിന്റെ ഒരു രൂപംതന്നെ (“വചനം [സർവ്വശക്തനായ] ദൈവത്തോടു [the God] കൂടെയായിരുന്നു”).

മറിച്ച്‌, യോഹന്നാൻ 1:1-ലെ രണ്ടാമത്തെ തിയോസിനു മുമ്പ്‌ ഉപപദമില്ല. അതുകൊണ്ട്‌ ഒരു അക്ഷരീയ വിവർത്തനം “ദൈവമായിരുന്നു വചനം” എന്നു വായിക്കപ്പെടും. എന്നിരുന്നാലും, അനേകം ഭാഷാന്തരങ്ങൾ ഈ രണ്ടാമത്തെ തിയോസിനെ (ഒരു ആഖ്യാത നാമം) “ദിവ്യൻ,” “ദൈവസമാനൻ,” അല്ലെങ്കിൽ “ഒരു ദൈവം” എന്ന്‌ വിവർത്തനം ചെയ്യുന്നതായി നാം കണ്ടു. അവർ ഇതു ചെയ്യുന്നതിനുളള ആധാരം എന്താണ്‌? കൊയ്‌നി ഗ്രീക്ക്‌ ഭാഷക്ക്‌ ഒരു നിശ്ചയോപപദമുണ്ട്‌ (“ദി”), എന്നാൽ അതിന്‌ ഒരു അനിശ്ചയോപ പദമില്ലായിരുന്നു (“എ” അല്ലെങ്കിൽ “ആൻ,” “ഒരു”). അതുകൊണ്ട്‌ ഒരു ആഖ്യാത നാമത്തിനു മുമ്പ്‌ ഒരു നിശ്ചയോപപദമില്ലെങ്കിൽ അതു സന്ദർഭത്തെ ആശ്രയിച്ച്‌ അനിശ്ചിതമായിരിക്കാം.

“ക്രിയക്കു മുമ്പ്‌ ഉപപദമില്ലാത്ത ആഖ്യാതത്തോടുകൂടിയ” പദപ്രയോഗങ്ങൾ “മുഖ്യമായി വിശേഷണപരമായ അർത്ഥമുളളവയാണ്‌” എന്ന്‌ ദി ജേണൽ ഓഫ്‌ ബിബ്ലിക്കൽ ലിറററേച്ചർ പറയുന്നു. ജേണൽ കുറിക്കൊളളുന്ന പ്രകാരം ലോഗോസിനെ ഒരു ദൈവത്തോട്‌ ഉപമിക്കാൻ കഴിയുമെന്ന്‌ ഇതു സൂചിപ്പിക്കുന്നു. യോഹന്നാൻ 1:1-നെക്കുറിച്ച്‌ അത്‌ ഇങ്ങനെയും പറയുന്നു: “നാമത്തെ [തിയോസ്‌] നിശ്ചിതമെന്നു കരുതാൻ കഴിയാത്ത വിധം ആഖ്യാതത്തിന്റെ വിശേഷണപരമായ ശക്തി വളരെ പ്രമുഖമാണ്‌.”

അതുകൊണ്ട്‌ യോഹന്നാൻ 1:1 വചനത്തിന്റെ ഗുണത്തെ ഊന്നിപ്പറയുന്നു, അവൻ “ദിവ്യൻ,” “ദൈവസമാനൻ,” “ഒരു ദൈവം” ആയിരുന്നു എന്നുതന്നെ; എന്നാൽ സർവശക്തനായ ദൈവം എന്നല്ല. ഇത്‌ ബൈബിളിന്റെ ശേഷം ഭാഗത്തോടും യോജിക്കുന്നു, അത്‌ ഇവിടെ ദൈവത്തിന്റെ വക്താവെന്ന തന്റെ റോളിൽ “വചനം” എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശു തന്റെ മേലാവായ സർവ്വശക്തനായ ദൈവത്താൽ ഭൂമിയിലേക്ക്‌ അയക്കപ്പെട്ട അനുസരണമുളള ഒരു താണവനായിരുന്നു എന്ന്‌ പ്രകടമാക്കുന്നു.

മററു ഭാഷകളിലെ മിക്കവാറുമെല്ലാ വിവർത്തകരും ഇതേ ഘടനയോടുകൂടിയ ഗ്രീക്കു വാക്യങ്ങൾ വിവർത്തനം ചെയ്യുമ്പോൾ പൊരുത്തത്തോടെ “ഒരു” എന്ന ഉപപദം ചേർക്കുന്ന മററനേകം ബൈബിൾ വാക്യങ്ങൾ ഉണ്ട്‌. ദൃഷ്ടാന്തമായി, മർക്കോസ്‌ 6:49-ൽ യേശു വെളളത്തിൻമേൽ നടക്കുന്നത്‌ ശിഷ്യൻമാർ കണ്ടപ്പോൾ “അത്‌ ഒരു ആത്മാവ്‌ ആയിരുന്നു എന്ന്‌ അവർ സങ്കല്‌പിച്ച”തായി കിംഗ്‌ ജയിംസ്‌ വേർഷൻ പറയുന്നു. കൊയ്‌നി ഗ്രീക്കിൽ “ആത്മാവി”നു മുമ്പ്‌ “ഒരു” ഇല്ല. എന്നാൽ മററു ഭാഷകളിലെ മിക്കവാറും എല്ലാ വിവർത്തനങ്ങളും സന്ദർഭത്തോടു യോജിക്കാൻ വേണ്ടി “ഒരു” എന്ന്‌ കൂട്ടിച്ചേർക്കുന്നു. അതേ വിധത്തിൽ, വചനം ദൈവത്തോടുകൂടെയായിരുന്നു എന്ന്‌ യോഹന്നാൻ 1:1 പ്രകടമാക്കുന്നതുകൊണ്ട്‌, അവന്‌ ദൈവമായിരിക്കാൻ കഴികയില്ല, എന്നാൽ അവൻ “ഒരു ദൈവ”മോ “ദിവ്യനോ” ആയിരുന്നു.

അമേരിക്കൻ പ്രമാണ ഭാഷാന്തരം തയ്യാറാക്കാൻ പ്രവർത്തിച്ച ഒരു ദൈവശാസ്‌ത്രജ്ഞനും പണ്ഡിതനുമായിരുന്ന ജോസഫ്‌ ഹെൻട്രി തായർ ലളിതമായി ഇങ്ങനെ പ്രസ്‌താവിച്ചു: “ലോഗോസ്‌ ദിവ്യനായിരുന്നു, ദൈവംതന്നെയായിരുന്നില്ല.” തന്റെ ബൈബിൾ നിഘണ്ടുവിൽ ജസ്യൂട്ട്‌ ജോൺ എൽ മക്കൻസി ഇങ്ങനെ എഴുതി: “യോഹന്നാൻ 1:1 കർശനമായി . . . ‘വചനം ഒരു ദിവ്യ ജീവിയായിരുന്നു’ എന്ന്‌ വിവർത്തനം ചെയ്യപ്പെടണം.”

ഒരു നിയമം ലംഘിക്കുന്നുവോ?

എന്നിരുന്നാലും അങ്ങനെയുളള വിവർത്തനങ്ങൾ ഗ്രീക്ക്‌ പണ്ഡിതനായ ഈ. സി. കോൾവെൽ പണ്ട്‌ 1933-ൽ പ്രസിദ്ധപ്പെടുത്തിയ കൊയ്‌നി ഗ്രീക്ക്‌ വ്യാകരണത്തിന്റെ ഒരു നിയമം ലംഘിക്കുന്നു എന്ന്‌ ചിലർ അവകാശപ്പെടുന്നു. ഗ്രീക്കിൽ ഒരു ആഖ്യാത നാമം ഒരു ക്രിയക്കു പിന്നാലെ വരുമ്പോൾ അതിന്‌ [നിശ്ചയ] ഉപപദം ഉണ്ട്‌; അത്‌ ക്രിയക്ക്‌ മുമ്പേ വരുമ്പോൾ അതിന്‌ [നിശ്ചയ] ഉപപദമില്ല” എന്ന്‌ അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇതിനാൽ അദ്ദേഹം അർത്ഥമാക്കിയത്‌ ക്രിയക്കു മുമ്പേ വരുന്ന ഒരു ആഖ്യാത നാമം അതിന്‌ (“ദി”) എന്ന ഉപപദം ഉളളതുപോലെ മനസ്സിലാക്കപ്പെടണം എന്നാണ്‌. യോഹന്നാൻ 1:1-ൽ രണ്ടാമത്തെ നാമം (തിയോസ്‌), ആഖ്യാതം, ക്രിയക്കു മുമ്പേ വരുന്നു—“[തിയോസ്‌] ആയിരുന്നു വചനം.” അതുകൊണ്ട്‌ “ദൈവം [ദി ഗോഡ്‌] ആയിരുന്നു വചനം” എന്ന്‌ യേഹന്നാൻ 1:1 വായിക്കപ്പെടണമെന്ന്‌ കോൾവെൽ അവകാശപ്പെട്ടു.

എന്നാൽ യോഹന്നാൻ 8:44-ൽ കാണപ്പെടുന്ന രണ്ടു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. അവിടെ യേശു പിശാചിനെക്കുറിച്ച്‌: “അവൻ ഒരു കൊലപാതകി ആയിരുന്നു” എന്നും “അവൻ ഭോഷ്‌കു പറയുന്നവൻ . . . ആകുന്നു” എന്നും പറയുന്നു. യോഹന്നാൻ 1:1-ലേതുപോലെ ആഖ്യാത നാമങ്ങൾ (“കൊലപാതകി”യും “ഭോഷ്‌കു പറയുന്നവനും”) ഗ്രീക്കിൽ ക്രിയക്കു മുമ്പ്‌ (“ആയിരുന്നു” എന്നും “ആകുന്നു” എന്നും) വരുന്നു. രണ്ടു നാമങ്ങളുടെയും മുമ്പിൽ അനിശ്ചയോപ പദം ഇല്ല, എന്തുകൊണ്ടെന്നാൽ കൊയ്‌നി ഗ്രീക്കിൽ അനിശ്ചയോപപദം ഇല്ലായിരുന്നു. എന്നാൽ ഗ്രീക്കു വ്യാകരണവും സന്ദർഭവും ആവശ്യപ്പെടുന്നതുകൊണ്ട്‌ മിക്ക ഭാഷാന്തരങ്ങളും “ഒരു” എന്ന പദം ചേർക്കുന്നു.—മർക്കോസ്‌ 11:32; യോഹന്നാൻ 4:19; 6:70; 9:17; 10:1; 12:6 കൂടെ കാണുക.

കോൾവെൽ ആഖ്യാത നാമത്തെക്കുറിച്ച്‌ ഇതു സമ്മതിക്കേണ്ടിവന്നു, എന്തുകൊണ്ടെന്നാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സന്ദർഭം ആവശ്യപ്പെടുമ്പോൾ മാത്രമേ ഈ സ്ഥാനത്ത്‌ അത്‌ അനിശ്ചിതം [ഒരു] ആയിരിക്കുന്നുളളു.” അതുകൊണ്ട്‌ ഇത്തരം വാചകഘടനയിൽ, സന്ദർഭം ആവശ്യപ്പെടുമ്പോൾ വിവർത്തകർക്ക്‌ നാമത്തിനു മുമ്പ്‌ ഒരു അനിശ്ചയോപപദം ചേർക്കാവുന്നതാണെന്ന്‌ അദ്ദേഹം പോലും സമ്മതിക്കുന്നു.

യോഹന്നാൻ 1:1-ൽ സന്ദർഭം ഒരു അനിശ്ചയോപപദം ആവശ്യമാക്കിത്തീർക്കുന്നുണ്ടോ? ഉവ്വ്‌, എന്തുകൊണ്ടെന്നാൽ മുഴു ബൈബിളിന്റെയും സാക്ഷ്യം യേശു സർവ്വശക്തനായ ദൈവമല്ലെന്നാണ്‌. അതുകൊണ്ട്‌ കോൺവെല്ലിന്റെ സംശയാസ്‌പദമായ വ്യാകരണ നിയമമല്ല, സന്ദർഭമാണ്‌ ഇങ്ങനെയുളള കേസുകളിൽ വിവർത്തകനെ നയിക്കേണ്ടത്‌. അത്തരം കൃത്രിമ നിയമത്തോട്‌ അനേകം പണ്ഡിതൻമാർ വിയോജിക്കുന്നുവെന്ന്‌ യോഹന്നാൻ 1:1-ലും മററു സ്ഥലങ്ങളിലും അനിശ്ചയോപപദം ചേർക്കുന്ന അനേകം ഭാഷാന്തരങ്ങളിൽ നിന്ന്‌ സ്‌പഷ്ടമാണ്‌. ദൈവവചനവും വിയോജിക്കുന്നു.

വൈരുദ്ധ്യമില്ല

യേശുക്രിസ്‌തു “ഒരു ദൈവ”മാണെന്നു പറയുന്നത്‌ ഒരു ദൈവമേയുളളു എന്ന ബൈബിളിന്റെ പഠിപ്പിക്കലിനു വിരുദ്ധമാണോ? അല്ല, എന്തുകൊണ്ടെന്നാൽ ശക്തിയുളള ജീവികളെ പരാമർശിക്കാൻ ചിലപ്പോൾ ബൈബിൾ ആ പദം ഉപയോഗിക്കുന്നുണ്ട്‌. സങ്കീർത്തനം 8:5 ഇങ്ങനെ വായിക്കപ്പെടുന്നു: “നീ അവനെ [മനുഷ്യനെ] ദൈവത്തെപ്പോലെയുളളവരെക്കാൾ [എബ്രായ, എലോഹിം] അല്‌പം താഴ്‌ത്തി ഉണ്ടാക്കാൻ തുടങ്ങി,” അതായത്‌ ദൂതൻമാരെക്കാൾ താഴ്‌ത്തി. യേശു ദൈവമാണെന്ന്‌ അവകാശപ്പെട്ടതായുളള യഹൂദൻമാരുടെ കുററാരോപണത്തിനെതിരായ അവന്റെ പ്രതിവാദത്തിൽ “ന്യായപ്രമാണം ദൈവവചനം സംബോധനചെയ്യപ്പെട്ടവർക്ക്‌” അതായത്‌ മനുഷ്യ ന്യായാധിപൻമാർക്ക്‌, “ദൈവങ്ങൾ എന്ന പദം ഉപയോഗിക്കുന്നു” എന്ന്‌ അവൻ കുറിക്കൊണ്ടു. (യോഹന്നാൻ 10:34, 35, JB; സങ്കീർത്തനം 82:1-6) സാത്താൻപോലും 2 കൊരിന്ത്യർ 4:4-ൽ “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു.

യേശുവിന്‌ ദൂതൻമാരെക്കാളോ അപൂർണ്ണ മനുഷ്യരെക്കാളോ സാത്താനെക്കാളോ വളരെ ഉയർന്ന ഒരു സ്ഥാനമുണ്ട്‌. അവരെ “ദൈവങ്ങൾ,” ശക്തൻമാർ, എന്ന്‌ പരാമർശിക്കുന്നതുകൊണ്ട്‌, തീർച്ചയായും യേശുവിന്‌ “ഒരു ദൈവ”മായിരിക്കാൻ കഴിയും, ആകുന്നുതാനും. യഹോവയോടുളള ബന്ധത്തിൽ യേശുവിനുളള അനുപമമായ സ്ഥാനം നിമിത്തം അവൻ “ശക്തനായ ഒരു ദൈവ”മാണ്‌.—യോഹന്നാൻ 1:1; യെശയ്യാവ്‌ 9:6.

എന്നാൽ ഇംഗ്ലീഷിൽ വലിയക്ഷരങ്ങളോടുകൂടിയ ശക്തനായ ദൈവം [“Mighty God”] ഏതെങ്കിലും വിധത്തിൽ യേശു യഹോവയാം ദൈവത്തോട്‌ സമനാണെന്ന്‌ തെളിയിക്കുന്നുവോ? അശേഷമില്ല. യെശയ്യാവ്‌ കേവലം ഇത്‌ യേശുവിനു വിളിക്കപ്പെടുന്ന നാലു പേരുകളിൽ ഒന്നായിരിക്കുമെന്ന്‌ പ്രവചിക്കുകമാത്രമായിരുന്നു. ഇംഗ്ലീഷ്‌ ഭാഷയിൽ അങ്ങനെയുളള പേരുകൾക്ക്‌ വലിയക്ഷരം കൊടുക്കപ്പെടുന്നു. എന്നാൽ യേശു “ശക്ത”നെന്ന്‌ വിളിക്കപ്പെട്ടാലും “സർവ്വശക്തനായ” ഒരാൾ മാത്രമേ ഉണ്ടായിരിക്കാൻ കഴിയൂ. ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവരും എന്നാൽ താണ സ്ഥാനമുളളവരുമായ മററുളളവർ സ്ഥിതിചെയ്യാത്തപക്ഷം യഹോവയെ “സർവ്വശക്തൻ” എന്നു വിളിക്കുന്നതിന്‌ അർത്ഥമുണ്ടായിരിക്കയില്ല.

യേശുവിനെ പരാമർശിച്ച്‌ യോഹന്നാൻ 1:1ലേതു പോലുളള തിരുവെഴുത്തുകളിൽ തിയോസ്‌ ഉപയോഗിക്കപ്പെടുന്നുവെന്നിരിക്കെ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ കാൾ റാണർ പറയുന്നതനുസരിച്ച്‌, “പുതിയ നിയമത്തിൽ മററുളളടങ്ങളിൽ ‘ഹോ തിയോസ്‌,’ അതായത്‌ പരമോന്നത ദൈവമായിരിക്കുന്നവനായി യേശുവിനെ തിരിച്ചറിയിക്കത്തക്കവണ്ണം ഈ ഉദാഹരണങ്ങളിലൊന്നിലും ‘തിയോസ്‌’ ഉപയോഗിക്കപ്പെടുന്നില്ല” എന്ന്‌ ഇംഗ്ലണ്ടിലെ ദി ബുളളററിൻ ഓഫ്‌ ദി ജോൺ റൈലാൻഡ്ഡ്‌ ലൈബ്രറി കുറിക്കൊളളുന്നു. ബുളളററിൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വിശ്വസ്‌തർ യേശുവിനെ ‘ദൈവ’മെന്ന്‌ ഏററുപറയുന്നത്‌ ജീവൽപ്രധാനമാണെന്ന്‌ പുതിയ നിയമ എഴുത്തുകാർ വിശ്വസിച്ചിരുന്നുവെങ്കിൽ, പുതിയ നിയമത്തിലെ ഇത്തരത്തിലുളള ഏററുപറച്ചിലിന്റെ മിക്കവാറും പൂർണ്ണമായ അഭാവത്തെ വിശദീകരിക്കാനാവുമോ?”

എന്നാൽ അപ്പോസ്‌തലനായ തോമസ്‌ യോഹന്നാൻ 20:28-ൽ യേശുവിനോട്‌ “എന്റെ കർത്താവും എന്റെ ദൈവവും!” എന്നു പറയുന്നതു സംബന്ധിച്ചെന്ത്‌? തോമസിന്‌ യേശു ഒരു ദൈവത്തെപ്പോലെ ആയിരുന്നു, വിശേഷിച്ച്‌ അവന്റെ ഉദ്‌ഘോഷത്തെ പ്രേരിപ്പിച്ച അത്ഭുതകരമായ സാഹചര്യങ്ങളിൽ. തോമസ്‌ പറയുന്നത്‌ യേശുവിനോടാണെങ്കിലും, ദൈവത്തിലേക്കു നയിക്കപ്പെട്ട അതിശയത്തിന്റെ ഒരു വൈകാരിക ഉദ്‌ഘോഷം തോമസ്‌ നടത്തുക മാത്രമായിരിക്കാമെന്ന്‌ ചില പണ്ഡിതൻമാർ സൂചിപ്പിക്കുന്നു. എങ്ങനെയായാലും, യേശു സർവ്വശക്തനായ ദൈവമാണെന്ന്‌ തോമസ്‌ വിചാരിച്ചില്ല, എന്തുകൊണ്ടെന്നാൽ താൻ ദൈവമാണെന്ന്‌ യേശു ഒരിക്കലും അവകാശപ്പെട്ടിരുന്നില്ലെന്നും യഹോവ മാത്രമാണ്‌ “ഏക സത്യദൈവ”മെന്ന്‌ പഠിപ്പിച്ചുവെന്നും അവനും മറെറല്ലാ അപ്പോസ്‌തലൻമാർക്കും അറിയാമായിരുന്നു.—യോഹന്നാൻ 17:3.

വീണ്ടും, ഇതു മനസ്സിലാക്കാൻ സന്ദർഭം നമ്മെ സഹായിക്കുന്നു. പുനരുത്ഥാനം പ്രാപിച്ച യേശു “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്ന്‌ ചുരുക്കം ചില ദിവസങ്ങൾക്കു മുമ്പ്‌ ശിഷ്യൻമാരോടു പറയാൻ മഗ്‌ദലന മറിയയോടു പറഞ്ഞിരുന്നു. (യോഹന്നാൻ 20:17) യേശു അപ്പോൾ തന്നെ ഒരു ശക്തനായ ആത്മാവായി പുനരുത്ഥാനം പ്രാപിച്ചിരുന്നുവെങ്കിലും അപ്പോഴും യഹോവ അവന്റെ ദൈവമായിരുന്നു. യേശു മഹത്വീകരിക്കപ്പെട്ടശേഷം ബൈബിളിലെ അവസാനത്തെ പുസ്‌തകത്തിൽപോലും യേശു അവനെ അങ്ങനെ തുടർന്നു പരാമർശിച്ചു.—വെളിപ്പാട്‌ 1:5, 6; 3:2, 12.

തോമസിന്റെ ഉദ്‌ഘോഷത്തിനു ശേഷം കേവലം മൂന്നു വാക്യങ്ങൾക്കു പിന്നാലെ, യോഹന്നാൻ 20:31-ൽ “യേശു” സർവ്വശക്തനായ ദൈവമാണെന്നല്ല, “ദൈവപുത്രനായ ക്രിസ്‌തു ആകുന്നുവെന്ന്‌ നിങ്ങൾ വിശ്വസിക്കേണ്ടതിന്‌ ഇവ എഴുതപ്പെട്ടിരിക്കുന്നു” എന്ന്‌ പറഞ്ഞുകൊണ്ട്‌ ബൈബിൾ സംഗതി കൂടുതലായി വ്യക്തമാക്കുന്നു. ഒരു സ്വാഭാവിക പിതാവിന്റെയും പുത്രന്റെയും സംഗതിയിലെന്നപോലെ, ഒരു അക്ഷരീയ വിധത്തിൽതന്നെ “പുത്രൻ” എന്ന്‌ അതർത്ഥമാക്കി, അല്ലാതെ ഒരു ത്രിത്വ ദൈവശിരസ്സിലെ ഏതെങ്കിലും ദുർഗ്രഹമായ ഭാഗം എന്നല്ല.

ബൈബിളിനോട്‌ യോജിക്കണം

മററ്‌ പല തിരുവെഴുത്തുകൾ ത്രിത്വത്തെ പിന്താങ്ങുന്നുവെന്ന്‌ അവകാശപ്പെടുന്നുണ്ട്‌. എന്നാൽ ഇവ മുകളിൽ ചർച്ച ചെയ്‌തവയോട്‌ സമാനമാണ്‌, അതായത്‌ ശ്രദ്ധാപൂർവം പരിശോധിക്കുമ്പോൾ അവ യഥാർത്ഥ തെളിവായിരിക്കുന്നില്ല. ത്രിത്വത്തിന്റെ തെളിവെന്ന്‌ അവകാശപ്പെടുന്ന ഏതു വാക്യവും പരിചിന്തിക്കുമ്പോൾ, വ്യാഖ്യാനം യഹോവയാം ദൈവം മാത്രം പരമോന്നതനാകുന്നുവെന്ന മുഴു ബൈബിളിന്റെയും പൂർവാപര യോജിപ്പുളള ഉപദേശത്തോട്‌ യോജിക്കുന്നുവോ എന്നു ഒരുവൻ ചോദിക്കേണ്ടതാണ്‌ എന്നുമാത്രമേ അങ്ങനെയുളള വാക്യങ്ങൾ വിശദമാക്കുന്നുളളു. യോജിക്കുന്നില്ലെങ്കിൽ അപ്പോൾ ആ വ്യാഖ്യാനം തെററായിരിക്കണം.

ഒരു “തെളിവു വാക്യം”പോലും ദൈവവും യേശുവും പരിശുദ്ധാത്മാവും ഏതെങ്കിലും ദുർഗ്രാഹ്യമായ ദൈവശിരസ്സിൽ ഒന്നാണെന്ന്‌ പറയുന്നില്ലെന്നു നാം മനസ്സിൽ പിടിക്കേണ്ടതാണ്‌. മൂന്നും തത്വത്തിലും ശക്തിയിലും നിത്യതയിലും ഒന്നുതന്നെയെന്ന്‌ ബൈബിളിൽ ഒരിടത്തും ഒരു തിരുവെഴുത്തുപോലും പറയുന്നില്ല. സർവ്വശക്തനാം ദൈവമായ യഹോവയെ മാത്രം പരമോന്നതനായും യേശുവിനെ അവന്റെ സൃഷ്ടിക്കപ്പെട്ട പുത്രനായും പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയായും വെളിപ്പെടുത്തുന്നതിൽ ബൈബിൾ പൂർവാപരയോജിപ്പുളളതാണ്‌.

[24-ാം പേജിലെ ആകർഷകവാക്യം]

“ക്രിസ്‌തുവിന്‌ . . . പിതാവിന്റെ അതേ സാരാംശമാണുളളതെന്നു തെളിയിക്കാൻ പ്രാചീനർ ഈ വാക്യം [യോഹന്നാൻ 10:30] തെററായി ഉപയോഗിച്ചു.”—ജോൺ കാൽവിനാലുളള യോഹന്നാന്റെ സുവിശേഷ ഭാഷ്യം

[27-ാം പേജിലെ ആകർഷകവാക്യം]

മറെറാരാളോടു “കൂടെ” ആയിരിക്കുന്ന ഒരാൾക്ക്‌ ആ മറേറ ആൾതന്നെ ആയിരിക്കാൻ കഴികയില്ല

[28-ാം പേജിലെ ആകർഷകവാക്യം]

“ലോഗോസ്‌ ദിവ്യനായിരുന്നു, ദൈവം തന്നെ ആയിരുന്നില്ല.”—ജോസഫ്‌ ഹെൻട്രി തായർ, ബൈബിൾ പണ്ഡിതൻ

[24, 25 പേജുകളിലെ ചിത്രങ്ങൾ]

താനും തന്റെ പിതാവും “ഒന്നായിരിക്കുന്നതു”പോലെ തന്റെ ശിഷ്യൻമാരും “എല്ലാവരും ഒന്നാക”ണമെന്ന്‌ യേശു ദൈവത്തോടു പ്രാർത്ഥിച്ചു

[26-ാം പേജിലെ ചിത്രം]

തനിക്ക്‌ ‘തനിയെ യാതൊന്നും ചെയ്യാൻ കഴിയുകയില്ല, എന്നാൽ പിതാവു ചെയ്‌തു കാണുന്നതു മാത്രമാണ്‌’ ചെയ്യുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ താൻ ദൈവത്തോടു സമനല്ലെന്ന്‌ യേശു യഹൂദൻമാർക്കു കാണിച്ചുകൊടുത്തു

[29-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യരെയും ദൂതൻമാരെയും സാത്താനെപ്പോലും, ബൈബിൾ “ദൈവങ്ങൾ” അഥവാ ശക്തൻമാർ എന്നു വിളിക്കുന്നതുകൊണ്ട്‌ സ്വർഗ്ഗത്തിൽ ശ്രേഷ്‌ഠനായ യേശുവിനെ ഉചിതമായി “ഒരു ദൈവം” എന്ന്‌ വിളിക്കാൻ കഴിയും