വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എല്ലായ്‌പ്പോഴും യേശുവിനെക്കാൾ ഉയർന്നവനാണോ?

ദൈവം എല്ലായ്‌പ്പോഴും യേശുവിനെക്കാൾ ഉയർന്നവനാണോ?

ദൈവം എല്ലായ്‌പ്പോഴും യേശുവിനെക്കാൾ ഉയർന്നവനാണോ?

താൻ ദൈവമാണെന്ന്‌ യേശു ഒരിക്കലും അവകാശപ്പെട്ടില്ല. ശക്തിയിലൊ അറിവിലൊ പ്രായത്തിലൊ ഏതെങ്കിലും വിധത്തിൽ താൻ ദൈവത്തോടു സമനാണെന്ന്‌ അവൻ പരിഗണിച്ചില്ലെന്ന്‌ അവൻ തന്നേക്കുറിച്ചു പറഞ്ഞതെല്ലാം സൂചിപ്പിക്കുന്നു.

സ്വർഗ്ഗത്തിലൊ ഭൂമിയിലൊ ആയാലും അവന്റെ അസ്‌തിത്വത്തിന്റെ ഏതു ഘട്ടത്തിലും അവന്റെ സംസാരവും നടത്തയും ദൈവത്തോടുളള കീഴ്‌പ്പെടലിനെ പ്രതിഫലിപ്പിക്കുന്നു. എല്ലായ്‌പ്പോഴും ഉയർന്നവൻ ദൈവമാണ്‌, യേശു ദൈവത്താൽ സൃഷ്‌ടിക്കപ്പെട്ട താണവനാണ്‌.

യേശു ദൈവത്തിൽ നിന്ന്‌ വ്യത്യാസപ്പെട്ടവൻ

താൻ ദൈവത്തിൽ നിന്നു വേറിട്ട ഒരു ജീവിയാണെന്നും, തനിക്കു മുകളിൽ താൻ ആരാധിക്കുന്ന ഒരു ദൈവം, താൻ “പിതാവ്‌” എന്നു വിളിക്കുന്ന ഒരു ദൈവം, ഉണ്ടെന്നും യേശു കൂടെക്കൂടെ പ്രകടമാക്കി. ദൈവത്തോടുളള അതായത്‌ പിതാവിനോടുളള പ്രാർത്ഥനയിൽ “ഏക സത്യ ദൈവമായ നിന്നെയും” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 17:3) യോഹന്നാൻ 20:17-ൽ “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്ന്‌ അവൻ മഗ്‌ദലന മറിയയോടു പറഞ്ഞു. (RS, കത്തോലിക്കാ പതിപ്പ്‌) അപ്പോസ്‌തലനായ പൗലോസ്‌ 2 കൊരിന്ത്യർ 1:3-ൽ ഈ ബന്ധത്തെ സ്ഥിരീകരിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.” യേശുവിന്‌ തന്റെ പിതാവായ ഒരു ദൈവമുണ്ടായിരുന്നതുകൊണ്ട്‌ അവന്‌ അതേ സമയത്തുതന്നെ ആ ദൈവം ആയിരിക്കാൻ കഴികയില്ല.

യേശുവിനെയും ദൈവത്തെയും സംബന്ധിച്ച്‌ വ്യക്തമായും വേറിട്ടവരെന്ന്‌ പറയാൻ അപ്പോസ്‌തലനായ പൗലോസിന്‌ മടിയില്ലായിരുന്നു: “നമുക്കു പിതാവായ ഒരു ദൈവമുണ്ട്‌, . . . യേശുക്രിസ്‌തു എന്ന ഒരു കർത്താവുമുണ്ട്‌.” (1 കൊരിന്ത്യർ 8:6, JB) “ദൈവത്തിന്റെയും ക്രിസ്‌തുയേശുവിന്റെയും ശ്രേഷ്‌ഠ ദൂതൻമാരുടെയും സാന്നിദ്ധ്യ”ത്തെക്കുറിച്ചു പറയുമ്പോൾ അപ്പോസ്‌തലൻ വേർതിരിവു പ്രകടമാക്കുന്നു. (1 തിമൊഥെയോസ്‌ 5:21, RS കോമൺ ബൈബിൾ) യേശുവും ദൂതൻമാരും സ്വർഗ്ഗത്തിൽ അന്യോന്യം വ്യത്യസ്‌തരായിരിക്കുന്നതായി പൗലോസ്‌ പറയുന്നതുപോലെതന്നെയാണ്‌ യേശുവും ദൈവവും.

യോഹന്നാൻ 8:17, 18-ലെ യേശുവിന്റെ വാക്കുകളും അർത്ഥവത്താണ്‌: “‘രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം’ എന്ന്‌ നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലൊ. ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച്‌ സാക്ഷ്യം പറയുന്നു” എന്ന്‌ അവൻ പ്രസ്‌താവിക്കുന്നു. ഇവിടെ താനും പിതാവും അതായത്‌ സർവ്വശക്തനായ ദൈവവും, രണ്ടു വ്യത്യസ്‌ത അസ്‌തിത്വങ്ങളായിരിക്കണമെന്ന്‌ യേശു പ്രകടമാക്കുന്നു, അല്ലെങ്കിൽ യഥാർത്ഥത്തിൽ എങ്ങനെ രണ്ടു സാക്ഷികളുണ്ടായിരിക്കാൻ കഴിയും?

“നീ എന്നെ നല്ലവനെന്ന്‌ വിളിക്കുന്നതെന്തുകൊണ്ട്‌? ദൈവം മാത്രമല്ലാതെ നല്ലവൻ ആരുമില്ല” എന്നു പറഞ്ഞുകൊണ്ട്‌ താൻ ദൈവത്തിൽനിന്ന്‌ വേറിട്ടവനാണെന്ന്‌ യേശു കൂടുതലായി പ്രകടമാക്കി. (മർക്കോസ്‌ 10:18 JB) ആരും, യേശു പോലും, ദൈവത്തെപ്പോലെ നല്ലവനല്ലെന്ന്‌ യേശു പറയുകയായിരുന്നു. തന്നെ യേശുവിൽനിന്ന്‌ വേർതിരിക്കത്തക്ക ഒരു വിധത്തിൽ ദൈവം നല്ലവനാണ്‌.

ദൈവത്തിന്റെ അനുസരണയുളള ദാസൻ

യേശു കൂടെക്കൂടെ “സ്വന്ത ഇഷ്ടപ്രകാരം പുത്രന്‌ യാതൊന്നും ചെയ്യാൻ കഴികയില്ല, തന്റെ പിതാവു ചെയ്‌തു കാണുന്നതു മാത്രമേ അവന്‌ ചെയ്യാൻ കഴികയുളളു” എന്നിങ്ങനെയുളള പ്രസ്‌താവനകൾ ചെയ്‌തു. (യോഹന്നാൻ 5:19, ദി ഹോളി ബൈബിൾ, മോൺസിഞ്ഞോർ ആർ. എ. നോക്‌സിന്റേത്‌) “ഞാൻ എന്റെ ഇഷ്‌ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്‌വാൻ സ്വർഗ്ഗത്തിൽ നിന്ന്‌ ഇറങ്ങി വന്നിരിക്കുന്നത്‌.” (യോഹന്നാൻ 6:38) “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹന്നാൻ 7:16) അയക്കുന്നവൻ അയക്കപ്പെട്ടവനേക്കാൾ ഉയർന്നവനല്ലയോ?

മുന്തിരിത്തോട്ടത്തെക്കുറിച്ചുളള യേശുവിന്റെ ദൃഷ്‌ടാന്തത്തിൽ ഈ ബന്ധം പ്രകടമാണ്‌. അവൻ തന്റെ പിതാവായ ദൈവത്തെ മുന്തിരിത്തോട്ടത്തിന്റെ ഉടമയോട്‌ ഉപമിച്ചു. അവൻ മുന്തിരിത്തോട്ടം കൃഷിക്കാരെ ഏല്‌പിച്ചിട്ട്‌ വിദേശ യാത്ര ചെയ്‌തു. കൃഷിക്കാർ യഹൂദ വൈദികരെ പ്രതിനിധാനം ചെയ്‌തു. മുന്തിരിത്തോട്ടത്തിന്റെ ഫലത്തിൽ കുറെ വാങ്ങാൻ യജമാനൻ പിന്നീട്‌ ഒരു അടിമയെ അയച്ചപ്പോൾ, കൃഷിക്കാർ അടിമയെ അടിക്കുകയും അവനെ വെറുംകൈയോടെ അയക്കുകയും ചെയ്‌തു. അപ്പോൾ ഉടമസ്ഥൻ രണ്ടാമതൊരടിമയെ അയച്ചു, പിന്നീട്‌ മൂന്നാമതൊരാളെയും; ഇരുവർക്കും അതേ പെരുമാററം ലഭിച്ചു. ഒടുവിൽ ഉടമസ്ഥൻ പറഞ്ഞു: “ഞാൻ എന്റെ പ്രിയപ്പെട്ട പുത്രനെ [യേശുവിനെ] അയക്കും. അവർ ഇവനെ ആദരിക്കാനിടയുണ്ട്‌.” എന്നാൽ ദുഷിച്ച കൃഷിക്കാർ പറഞ്ഞു: “‘ഇത്‌ അവകാശിയാണ്‌; അവകാശം നമ്മുടേതായിത്തീരേണ്ടതിന്‌ നമുക്ക്‌ അവനെ കൊല്ലാം.’ അതോടെ അവർ അവനെ മുന്തിരിത്തോട്ടത്തിന്‌ പുറത്തു തളളുകയും അവനെ കൊല്ലുകയും ചെയ്‌തു.” (ലൂക്കോസ്‌ 20:9-16, NW) അങ്ങനെ ദൈവേഷ്ടം ചെയ്യാൻ ദൈവത്താൽ അയക്കപ്പെട്ടവനെന്ന നിലയിലുളള തന്റെ സ്ഥാനത്തെ യേശു ദൃഷ്ടാന്തീകരിച്ചു, ഒരു പിതാവ്‌ അനുസരണയുളള ഒരു പുത്രനെ അയക്കുന്നതുപോലെതന്നെ.

യേശുവിന്റെ അനുഗാമികൾ, ദൈവത്തോടു സമനായിട്ടല്ല, അനുസരണയുളള ദൈവത്തിന്റെ ഒരു ദാസനായി യേശുവിനെ എല്ലായ്‌പ്പോഴും വീക്ഷിച്ചു. “അങ്ങ്‌ അഭിഷേകം ചെയ്‌ത അങ്ങയുടെ പരിശുദ്ധ ദാസനായ യേശു” വിനെക്കുറിച്ച്‌ അവർ ദൈവത്തോടു പ്രാർത്ഥിച്ചു. “അങ്ങയുടെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമം മുഖാന്തരം അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യപ്പെടുന്നു.”—പ്രവൃത്തികൾ 4:23, 27, 30, RS, കാത്തലിക്‌ എഡീഷൻ.

എല്ലാ കാലങ്ങളിലും ദൈവം ഉയർന്നവൻ

യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ തന്നെ, അവൻ സ്‌നാപനജലത്തിൽനിന്ന്‌ പുറത്തു വന്നപ്പോൾ സ്വർഗ്ഗത്തിൽനിന്നുളള ദൈവത്തിന്റെ ശബ്ദം ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:16,17) താൻ തന്റെ സ്വന്തം പുത്രനാണെന്നും താൻ തന്നിൽതന്നെ പ്രസാദിച്ചുവെന്നും, താൻ തന്നെത്തന്നെ അയച്ചുവെന്നും ദൈവം പറയുകയായിരുന്നോ? അല്ലായിരുന്നു, ഉയർന്നവൻ എന്ന നിലയിൽ താൻ ഭാവി വേലക്കുവേണ്ടി താണ ഒരുവനെ, തന്റെ പുത്രനായ യേശുവിനെ, അംഗീകരിക്കുന്നതായി സ്രഷ്ടാവായ ദൈവം പറയുകയായിരുന്നു.

“ദരിദ്രരോട്‌ സുവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തതുകൊണ്ട്‌ അവന്റെ ആത്‌മാവ്‌ എന്റെമേൽ ഉണ്ട്‌” എന്ന്‌ യേശു പറഞ്ഞപ്പോൾ അവൻ തന്റെ പിതാവിന്റെ ശ്രേഷ്‌ഠത സൂചിപ്പിച്ചു. (ലൂക്കോസ്‌ 4:18, NW) അപ്പോൾത്തന്നെ അധികാരമില്ലാത്ത ഒരാൾക്ക്‌ ഉയർന്ന ഒരാൾ അധികാരമൊ ഒരു നിയോഗമൊ കൊടുക്കുന്നതാണ്‌ അഭിഷേകം ചെയ്യൽ. ഇവിടെ ദൈവമാണ്‌ വ്യക്തമായും ഉയർന്നവൻ, എന്തെന്നാൽ അവൻ യേശുവിന്‌ നേരത്തെയില്ലാഞ്ഞ അധികാരം കൊടുത്തുകൊണ്ട്‌ അവനെ അഭിഷേകം ചെയ്‌തു.

യേശു തന്റെ രാജ്യത്തിലേക്കു വരുമ്പോൾ തന്റെ പുത്രൻമാരിൽ ഒരുത്തൻ അവന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ അനുവദിക്കണമെന്ന്‌ ആ രണ്ടു ശിഷ്യൻമാരുടെ അമ്മ അപേക്ഷിച്ചപ്പോൾ യേശു തന്റെ പിതാവിന്റെ ശ്രേഷ്‌ഠത വ്യക്തമാക്കുകയുണ്ടായി. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “എന്റെ വലതുവശത്തെയും ഇടതുവശത്തെയും ഇരിപ്പിടങ്ങളേ സംബന്ധിച്ചാണെങ്കിൽ, ഇവ അനുവദിക്കുന്നത്‌ എനിക്കുളളതല്ല; അവ എന്റെ പിതാവിനാൽ അനുവദിച്ചുകൊടുക്കപ്പെട്ടവർക്കുളളതാണ്‌,” അതായത്‌ ദൈവത്താൽ. (മത്തായി 20:23, JB) യേശു സർവശക്തനായ ദൈവമായിരുന്നെങ്കിൽ, ആ സ്ഥാനങ്ങൾ കൊടുക്കുന്നത്‌ അവനായിരിക്കുമായിരുന്നു. എന്നാൽ യേശുവിന്‌ ആ സ്ഥാനങ്ങൾ കൊടുക്കാൻ കഴിയുമായിരുന്നില്ല, എന്തെന്നാൽ അവ കൊടുക്കേണ്ടത്‌ ദൈവമായിരുന്നു, യേശു ദൈവമായിരുന്നില്ല.

യേശുവിന്റെ സ്വന്തം പ്രാർത്ഥനകൾ അവന്റെ താണ സ്ഥാനത്തിന്റെ ശക്തമായ ഒരു ദൃഷ്‌ടാന്തമാണ്‌. യേശു മരിക്കാറായപ്പോൾ തന്റെ മേലാവ്‌ ആരാണെന്ന്‌ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട്‌ പ്രകടമാക്കി: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്ന്‌ നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കോസ്‌ 22:42) അവൻ ആരോട്‌ പ്രാർത്ഥിക്കുകയായിരുന്നു? അവന്റെതന്നെ ഒരു ഭാഗത്തോടോ? അല്ല, അവൻ തികച്ചും വേറിട്ട ഒരാളോട്‌, ദൈവമായ തന്റെ പിതാവിനോട്‌, പ്രാർത്ഥിക്കുകയായിരുന്നു, അവന്റെ ഇഷ്‌ടം ശ്രേഷ്‌ഠമായിരുന്നു, തന്റെ ഇഷ്‌ടത്തിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കാനും കഴിയുമായിരുന്നു. “ഈ പാനപാത്രം നീക്കാൻ” പ്രാപ്‌തനായ ഏകൻ അവനായിരുന്നു.

അനന്തരം യേശു മരണത്തോടടുത്തപ്പോൾ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന്‌ നിലവിളിച്ചു. (മർക്കോസ്‌ 15:34, JB) യേശു നിലവിളിച്ചതാരോടായിരുന്നു? തന്നോടുതന്നെയോ, അതോ തന്റെതന്നെ ഒരു ഭാഗത്തോടോ? തീർച്ചയായും “എന്റെ ദൈവമേ” എന്ന വിളി സ്വയം ദൈവമാണെന്നു കരുതിയ ഒരുവനിൽനിന്നായിരിക്കുകയില്ല. യേശു ദൈവമായിരുന്നെങ്കിൽ അവൻ ആരാലായിരുന്നു ഉപേക്ഷിക്കപ്പെട്ടത്‌? തന്നാൽ തന്നെയോ? അത്‌ അർത്ഥവത്തായിരിക്കയില്ല. “പിതാവേ, ഞാൻ എന്റെ ആത്‌മാവിനെ തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്നും യേശു പറഞ്ഞു. (ലൂക്കോസ്‌ 23:46) യേശു ദൈവമായിരുന്നെങ്കിൽ, ഏതു കാരണത്താൽ അവൻ തന്റെ ആത്മാവിനെ പിതാവിനെ ഏല്‌പിക്കണം?

യേശു മരിച്ചശേഷം അവൻ മൂന്നു ദിവസങ്ങളുടെ ഭാഗങ്ങളിൽ കല്ലറയിലായിരുന്നു. അവൻ ദൈവമാണെങ്കിൽ “എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ നീ മരിക്കുന്നില്ല” എന്നു പറയുന്ന ഹബക്കൂക്ക്‌ 1:12 (NW) തെററാണ്‌. എന്നാൽ യേശു മരിക്കുക തന്നെ ചെയ്‌തുവെന്നും കല്ലറയിൽ നിർബോധവാനായിരുന്നുവെന്നും ബൈബിൾ പറയുന്നു. യേശുവിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചതാരായിരുന്നു? അവൻ യഥാർത്ഥത്തിൽ മരിച്ചിരുന്നെങ്കിൽ അവനു തന്നേത്തന്നെ ഉയിർപ്പിക്കാൻ കഴിയുമായിരുന്നില്ല. മറിച്ച്‌, അവൻ യഥാർത്ഥത്തിൽ മരിച്ചിട്ടില്ലായിരുന്നെങ്കിൽ അവന്റെ നാട്യമായ മരണം ആദാമിന്റെ പാപത്തിന്‌ മറുവില കൊടുത്തിരിക്കുകയില്ല. എന്നാൽ അവൻ തന്റെ യഥാർത്ഥ മരണത്താൽ ആ വില പൂർണ്ണമായും കൊടുത്തു. അതുകൊണ്ട്‌ “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട്‌ [യേശുവിനെ] ഉയിർപ്പിച്ചു.” (പ്രവൃത്തികൾ 2:24) ഉയർന്നവനായ സർവ്വശക്തനാം ദൈവം താണ തന്റെ ദാസനായ യേശുവിനെ മരിച്ചവരിൽ നിന്ന്‌ ഉയിർപ്പിച്ചു.

ആളുകളെ ഉയിർപ്പിക്കുന്നതുപോലെയുളള അത്‌ഭുതങ്ങൾ ചെയ്യാനുളള യേശുവിന്റെ പ്രാപ്‌തി അവൻ ദൈവമായിരുന്നുവെന്ന്‌ തെളിയിക്കുന്നുവോ? ശരി, അപ്പോസ്‌തലൻമാർക്കും ഏലിയാവ്‌, എലീശാ എന്നീ പ്രവാചകൻമാർക്കും ആ ശക്തിയുണ്ടായിരുന്നു. എന്നാൽ അത്‌ അവരെ മനുഷ്യരേക്കാൾ കവിഞ്ഞവരാക്കിയില്ല. പ്രവാചകൻമാരെയും യേശുവിനെയും അപ്പോസ്‌തലൻമാരെയും താൻ പിൻതാങ്ങുന്നുണ്ടെന്ന്‌ കാണിക്കാൻ അത്ഭുതങ്ങൾ ചെയ്യാനുളള ശക്തി ദൈവം അവർക്കു കൊടുത്തു. എന്നാൽ അത്‌ അവരിൽ ഒരുവനെയും ഒരു ബഹുദൈവ ശിരസ്സിന്റെ ഭാഗമാക്കിയില്ല.

യേശുവിന്‌ പരിമിതമായ അറിവാണുണ്ടായിരുന്നത്‌

യേശു ഈ വ്യവസ്ഥിതിയുടെ അവസാനത്തെ സംബന്ധിച്ച തന്റെ പ്രവചനം നൽകിയപ്പോൾ “ആ ദിവസത്തെയോ ആ മണിക്കൂറിനെയോ സംബന്ധിച്ച്‌ പിതാവു മാത്രമല്ലാതെ, ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനോ പോലും, അറിയുന്നില്ല” എന്ന്‌ അവൻ പ്രസ്‌താവിച്ചു. (മർക്കോസ്‌ 13:32, RS, കത്തോലിക്കാ പതിപ്പ്‌) യേശു ഒരു ദൈവശിരസ്സിന്റെ തുല്യ പുത്രഭാഗമായിരുന്നെങ്കിൽ, പിതാവിനറിയാവുന്നത്‌ അവന്‌ അറിയാമായിരിക്കുമായിരുന്നു. എന്നാൽ യേശുവിന്‌ അറിയാൻ പാടില്ലായിരുന്നു, എന്തെന്നാൽ അവൻ ദൈവത്തോടു സമനല്ലായിരുന്നു.

സമാനമായി, യേശു “അനുഭവിച്ച കാര്യങ്ങളിൽ നിന്ന്‌ അനുസരണം പഠിച്ചു” എന്ന്‌ നാം എബ്രായർ 5:8-ൽ വായിക്കുന്നു. ദൈവത്തിന്‌ എന്തെങ്കിലും പഠിക്കേണ്ടതുണ്ടായിരുന്നു എന്ന്‌ നമുക്ക്‌ ഊഹിക്കാൻ കഴിയുമോ? ഇല്ല, എന്നാൽ യേശുവിന്‌ പഠിക്കേണ്ടതുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ ദൈവത്തിന്‌ അറിയാവുന്നതെല്ലാം അവന്‌ അറിയാൻ പാടില്ലായിരുന്നു. ദൈവം ഒരിക്കലും പഠിക്കേണ്ടതില്ലാത്ത ഒന്ന്‌ അവൻ പഠിക്കേണ്ടതുണ്ടായിരുന്നു—അനുസരണം. ദൈവം ഒരിക്കലും ആരെയും അനുസരിക്കേണ്ടതില്ല.

ദൈവത്തോടു കൂടെയായിരിക്കാൻ യേശു സ്വർഗ്ഗത്തിലേക്ക്‌ പുനരുത്ഥാനം പ്രാപിച്ചപ്പോൾ ദൈവത്തിന്‌ അറിയാവുന്നതും ക്രിസ്‌തുവിനറിയാവുന്നതും തമ്മിലുളള വ്യത്യാസം സ്ഥിതിചെയ്‌തിരുന്നു. ബൈബിളിലെ അവസാനത്തെ പുസ്‌തകത്തിന്റെ ആദ്യ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവം കൊടുത്ത യേശുക്രിസ്‌തുവിന്റെ വെളിപ്പാട്‌.” (വെളിപ്പാട്‌ 1:1, RS കത്തോലിക്കാ പതിപ്പ്‌) യേശുതന്നെ ഒരു ദൈവശിരസ്സിന്റെ ഭാഗമായിരുന്നെങ്കിൽ, ദൈവശിരസ്സിന്റെ മറെറാരു ഭാഗത്താൽ—ദൈവത്താൽ—അവന്‌ ഒരു വെളിപ്പാടു കൊടുക്കപ്പെടേണ്ടതുണ്ടോ? തീർച്ചയായും അതു സംബന്ധിച്ചു സകലവും അവന്‌ അറിയാമായിരിക്കും, എന്തെന്നാൽ ദൈവത്തിന്‌ അറിയാമായിരുന്നു. എന്നാൽ യേശുവിന്‌ അറിയാൻ പാടില്ലായിരുന്നു, എന്തെന്നാൽ യേശു ദൈവമല്ലായിരുന്നു.

യേശു കീഴ്‌പ്പെട്ടു തുടരുന്നു

യേശു തന്റെ മാനുഷപൂർവ അസ്‌തിത്വത്തിലും, ഭൂമിയിലായിരുന്നപ്പോഴും ദൈവത്തിന്‌ കീഴ്‌പ്പെട്ടിരുന്നു. അവന്റെ പുനരുത്ഥാനശേഷം അവൻ കീഴ്‌പ്പെട്ടവനായി രണ്ടാം സ്ഥാനത്ത്‌ തുടരുന്നു.

പത്രോസും തന്നോടുകൂടെ ഉണ്ടായിരുന്നവരും യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ യഹൂദ സന്നദ്രീമിനോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവം അവനെ [യേശുവിനെ] പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കൈയാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃത്തികൾ 5:31) “ദൈവവും അവനെ ഏററവും ഉയർത്തി” യെന്ന്‌ പൗലോസ്‌ പറഞ്ഞു. (ഫിലിപ്യർ 2:9) യേശു ദൈവമായിരുന്നെങ്കിൽ, അവന്‌ നേരത്തെ ഉണ്ടായിരുന്നതിലും ഉയർന്ന ഒരു സ്ഥാനത്തേക്ക്‌ അവനെ എങ്ങനെ ഉയർത്താൻ കഴിയുമായിരുന്നു? അവൻ അപ്പോൾത്തന്നെ ത്രിത്വത്തിലെ ഉയർന്ന ഒരു ഭാഗമായിരിക്കുമായിരുന്നു. അവന്റെ ഉയർത്തലിനു മുമ്പ്‌ അവൻ ദൈവത്തോട്‌ സമനായിരുന്നെങ്കിൽ അവനെ അല്‌പമെങ്കിലും കൂടുതലായി ഉയർത്തുന്നത്‌ അവനെ ദൈവത്തെക്കാൾ ഉയർന്നവനാക്കുമായിരുന്നു.

“നമുക്കുവേണ്ടി ദൈവത്തിന്റെ യഥാർത്ഥ സന്നിധിയിൽ പ്രത്യക്ഷനാവാൻ കഴിയേണ്ടതിന്‌ സ്വർഗ്ഗത്തിലേക്കുതന്നെ” ക്രിസ്‌തു പ്രവേശിച്ചുവെന്ന്‌ പൗലോസ്‌ പറഞ്ഞു. (എബ്രായർ 9:24, JB) നിങ്ങൾ വേറൊരാളുടെ സന്നിധിയിൽ പ്രത്യക്ഷനാകുന്നുവെങ്കിൽ, നിങ്ങൾക്ക്‌ ആ ആളായിരിക്കാൻ എങ്ങനെ കഴിയും? നിങ്ങൾക്കു കഴികയില്ല. നിങ്ങൾ വ്യത്യസ്‌തനും വേർപെട്ടവനും ആയിരിക്കണം.

അതുപോലെതന്നെ, കല്ലെറിഞ്ഞുകൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ്‌, രക്തസാക്ഷിയായ സ്‌തേഫാനോസ്‌ “സ്വർഗ്ഗത്തിലേക്ക്‌ ഉററുനോക്കി ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത്‌ യേശു നിൽക്കുന്നതും കണ്ടു.” (പ്രവൃത്തികൾ 7:55) വ്യക്തമായും, അവൻ രണ്ടു വേറിട്ട വ്യക്തികളെ കണ്ടു—എന്നാൽ പരിശുദ്ധാത്മാവിനെ കണ്ടില്ല, ത്രിത്വ ദൈവശിരസ്സിനെ കണ്ടില്ല.

വെളിപ്പാട്‌ 4:8 മുതൽ 5:7 വരെയുളള വിവരണത്തിൽ ദൈവം അവന്റെ സ്വർഗ്ഗീയ സിംഹാസനത്തിലിരിക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ യേശു ഇല്ല. ദൈവത്തിന്റെ വലംകൈയിൽനിന്ന്‌ ഒരു ചുരുൾ വാങ്ങാൻ അവൻ ദൈവത്തെ സമീപിക്കേണ്ടിയിരുന്നു. സ്വർഗ്ഗത്തിൽ യേശു ദൈവമല്ല, പിന്നെയോ ദൈവത്തിൽനിന്ന്‌ വേറിട്ടവനാണെന്ന്‌ ഇതു പ്രകടമാക്കുന്നു.

മേൽ പ്രസ്‌താവിച്ചതിനോടുളള യോജിപ്പിൽ ഇംഗ്ലണ്ട്‌, മാഞ്ചസ്‌റററിലെ ബുളളററിൻ ഓഫ്‌ ദി ജോൺ റൈലാൻഡ്‌സ്‌ ലൈബ്രറി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യേശു തന്റെ പുനരുത്ഥാനാനന്തര സ്വർഗ്ഗീയ ജീവിതത്തിൽ, ഭൗമിക യേശു എന്ന നിലയിലുളള അവന്റെ ഭൂമിയിലെ ജീവിതംപോലെ ദൈവ വ്യക്തിയിൽനിന്ന്‌ തികച്ചും വ്യതിരിക്തവും വേറിട്ടതുമായ ആളത്വപരമായ വ്യക്തിഗതത്വം നിലനിർത്തുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തോടുകൂടെ, ദൈവത്തോടുളള താരതമ്യത്തിൽ, അവൻ ദൂതൻമാരെപ്പോലെ മറെറാരു സ്വർഗ്ഗീയ ജീവിയായി ദൈവത്തിന്റെ സ്വർഗ്ഗീയ സദസ്സിൽ പ്രത്യക്ഷപ്പെടുന്നു—ദൈവപുത്രനായിട്ടാണെങ്കിലും അവൻ ഒരു വ്യത്യസ്‌ത വിഭാഗത്തിൽ പെടുന്നു, ദൂതൻമാരെക്കാൾ വളരെ ഉയർന്നവനായിത്തന്നെ.”—ഫിലിപ്യർ 2:11 താരതമ്യപ്പെടുത്തുക.

ബുളളററിൻ ഇങ്ങനെയും പറയുന്നു: “എന്നാൽ സ്വർഗ്ഗീയ ക്രിസ്‌തു എന്ന നിലയിലുളള അവന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചു പറഞ്ഞിരിക്കുന്നത്‌ ആ ദിവ്യ പദവിയിൽ അവൻ ദൈവത്തോടു തന്നെ സമനാണെന്നും പൂർണ്ണമായും ദൈവമാണെന്നും അർത്ഥമാക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌, അവന്റെ സ്വർഗ്ഗീയ വ്യക്തിത്വത്തിന്റെയും ശുശ്രൂഷയുടെയും പുതിയ നിയമ ചരിത്രത്തിൽ നാം ദൈവത്തിൽനിന്ന്‌ വിഭിന്നനും അവനു കീഴ്‌പ്പെട്ടിരിക്കുന്നവനുമായ ഒരു ആളെ കാണുന്നു.”

സ്വർഗ്ഗത്തിലെ നിത്യ ഭാവിയിൽ യേശു ഒരു വിഭിന്നനായ, കീഴ്‌പ്പെട്ടിരിക്കുന്ന, ദൈവദാസനായി തുടരും. ബൈബിൾ അത്‌ ഈ വിധത്തിൽ പ്രസ്‌താവിക്കുന്നു: “അതിനുശേഷം അവസാനം വരും, അന്ന്‌ അവൻ [സ്വർഗ്ഗത്തിലെ യേശു] രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കും . . . അനന്തരം ദൈവം സകലത്തിലും സകലവുമായിരിക്കേണ്ടതിന്‌ പുത്രൻ തന്നെ സകലവും തനിക്കു കീഴ്‌പ്പെടുത്തിക്കൊടുത്തിരിക്കുന്നവന്‌ കീഴ്‌പ്പെടുത്തപ്പെടും.”—1 കൊരിന്ത്യർ 15:24, 28, NJB.

യേശു ഒരിക്കലും ദൈവമാണെന്ന്‌ അവകാശപ്പെട്ടില്ല

ബൈബിളിന്റെ നിലപാട്‌ വ്യക്തമാണ്‌. സർവ്വശക്തനാം ദൈവമായ യഹോവ യേശുവിൽനിന്ന്‌ വേറിട്ട ഒരു വ്യക്തിയാണെന്നു മാത്രമല്ല, അവൻ എല്ലായ്‌പ്പോഴും അവന്റെ മേലാവുമാണ്‌. യേശു എല്ലായ്‌പ്പോഴും വേറിട്ടവനും താണവനുമായി, ഒരു എളിയ ദൈവദാസനായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ “ഏതു മനുഷ്യന്റെയും തല ക്രിസ്‌തു” ആയിരിക്കുന്നതുപോലെ “ക്രിസ്‌തുവിന്റെ തല ദൈവമാകുന്നു” എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നത്‌. (1 കൊരിന്ത്യർ 11:3) അതുകൊണ്ടാണ്‌ “പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു” എന്ന്‌ യേശുതന്നെ പറഞ്ഞത്‌.—യോഹന്നാൻ 14:28, RS, കത്തോലിക്കാ പതിപ്പ്‌.

യേശു ദൈവമല്ലെന്നും, ഒരിക്കലും അങ്ങനെയാണെന്ന്‌ അവകാശപ്പെട്ടില്ലെന്നുമുളളതാണ്‌ പരമാർത്ഥം. പണ്ഡിതൻമാരുടെ വർദ്ധിച്ചുവരുന്ന ഒരു സംഖ്യ ഇതു തിരിച്ചറിയുന്നുണ്ട്‌. റൈലാൻഡ്‌സ്‌ ബുളളററിൻ പ്രസ്‌താവിക്കുന്നതുപോലെ: “കഴിഞ്ഞ ഏതാണ്ട്‌ മുപ്പതൊ നാൽപതൊ വർഷത്തെ പുതിയ നിയമ ഗവേഷണം, കീർത്തിപ്പെട്ട പുതിയ നിയമ പണ്ഡിതൻമാരുടെ വർദ്ധിച്ചുവരുന്ന ഒരു സംഖ്യയെ യേശു . . . ഒരിക്കലും താൻ ദൈവമാണെന്നു വിശ്വസിച്ചില്ലെന്നുളള നിഗമനത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്‌തുതയെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.”

ബുളളററിൻ ഒന്നാം നൂററാണ്ടിലെ ക്രിസ്‌ത്യാനികളെക്കുറിച്ചും പറയുന്നു: “അതുകൊണ്ട്‌ അവർ [യേശുവിന്‌] ക്രിസ്‌തു, മനുഷ്യപുത്രൻ, ദൈവപുത്രൻ എന്നിങ്ങനെയുളള ബഹുമതിയുടെ സ്ഥാനപ്പേരുകൾ കൊടുത്തപ്പോൾ, അവ അവൻ ദൈവമാണെന്നു പറയുന്നതിന്റെയല്ല, പിന്നെയോ അവൻ ദൈവവേല ചെയ്‌തു എന്നു പറയുന്നതിന്റെ വിധങ്ങളായിരുന്നു.”

അങ്ങനെ, യേശു ദൈവമാണെന്നുളള ആശയം ബൈബിളിന്റെ മുഴു സാക്ഷ്യത്തിനും എതിരാണെന്ന്‌ ചില മതപണ്ഡിതൻമാർ പോലും സമ്മതിക്കുന്നു. ബൈബിളിൽ ദൈവം എല്ലായ്‌പ്പോഴും ഉയർന്നവനാണ്‌, യേശു കീഴ്‌പ്പെട്ടിരിക്കുന്ന ദാസനുമാണ്‌.

[19-ാം പേജിലെ ആകർഷകവാക്യം]

‘യേശു താൻ ദൈവമാണെന്ന്‌ തീർച്ചയായും ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നുളള നിഗമനത്തിലേക്ക്‌ പുതിയ നിയമഗവേഷണം പണ്ഡിതൻമാരുടെ വർദ്ധിച്ചുവരുന്ന സംഖ്യയെ നയിച്ചുകൊണ്ടാണിരിക്കുന്നത്‌.’ബുളളററിൻ ഓഫ്‌ ദി ജോൺ റൈലാൻഡ്‌സ്‌ ലൈബ്രറി

[17-ാം പേജിലെ ചിത്രം]

യേശു യഹൂദൻമാരോടു പറഞ്ഞു: “ഞാൻ എന്റെ ഇഷ്‌ടമല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമത്രെ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്ന്‌ ഇറങ്ങിവന്നിരിക്കുന്നത്‌.”—യോഹന്നാൻ 6:38

[18-ാം പേജിലെ ചിത്രം]

“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നതെന്തുകൊണ്ട്‌?” എന്ന്‌ യേശു നിലവിളിച്ചപ്പോൾ താൻ തന്നെ ദൈവമാണെന്ന്‌ അവൻ തീർച്ചയായും വിശ്വസിച്ചില്ല