വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെയും യേശുവിനെയും സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദൈവത്തെയും യേശുവിനെയും സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദൈവത്തെയും യേശുവിനെയും സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ത്രിത്വത്തിന്റെ ഏതെങ്കിലും മുൻ ധാരണ കൂടാതെ ആളുകൾ പുറഞ്ചട്ട മുതൽ പുറഞ്ചട്ട വരെ ബൈബിൾ വായിക്കുകയാണെങ്കിൽ അവർ സ്വന്തമായി ഇത്തരമൊരു ധാരണയിലെത്തുമോ? അശേഷമില്ല.

നിഷ്‌പക്ഷനായ ഒരു വായനക്കാരന്‌ സുവ്യക്തമായി മനസ്സിലാകുന്നത്‌ ദൈവം മാത്രമാണ്‌ മറേറതൊരുവനിൽനിന്നും വേർപെട്ടവനും വ്യതിരിക്തനും ആയ സർവ്വശക്തനും സ്രഷ്ടാവുമായവൻ എന്നും യേശുവും തന്റെ മാനുഷപൂർവ അസ്‌തിത്വത്തിൽപോലും ദൈവത്തിനു കീഴ്‌പ്പെട്ടിരിക്കുന്ന വേർപെട്ടവനും വ്യതിരിക്തനുമായ ഒരു സൃഷ്ടിയാണ്‌ എന്നുമത്രെ.

ദൈവം മൂന്നല്ല, ഒന്നാണ്‌

ദൈവം ഒന്നാണെന്നുളള ബൈബിളുപദേശം ഏകദൈവ വാദമെന്നു വിളിക്കപ്പെടുന്നു. സഭാചരിത്ര പ്രൊഫസ്സറായ എൽ. എൽ. പൈൻ അതിശുദ്ധമായ രൂപത്തിലുളള ഏകദൈവ വാദം ത്രിത്വത്തിനനുവദിക്കുന്നില്ലെന്ന്‌ സൂചിപ്പിക്കുന്നു: “പഴയ നിയമം കർശനമായ ഏകദൈവവാദപരമാണ്‌. ദൈവം ഒററയായ ഒരു ആൾ ആണ്‌. അവിടെ ഒരു ത്രിത്വം കാണാനുണ്ടെന്നുളള ആശയം . . . തികച്ചും അടിസ്ഥാന രഹിതമാണ്‌.”

യേശു ഭൂമിയിൽ വന്നശേഷം ഏകദൈവ വാദത്തിൽനിന്ന്‌ ഏതെങ്കിലും മാററമുണ്ടായിട്ടുണ്ടോ? പൈൻ ഉത്തരം നൽകുന്നു: “ഈ പോയിൻറ്‌ സംബന്ധിച്ച്‌ പഴയ നിയമവും പുതിയ നിയമവും തമ്മിൽ ഭിന്നതയില്ല. ഏകദൈവവാദ പാരമ്പര്യം തുടരുന്നു. യേശു പഴയ നിയമ തിരുവെഴുത്തുകളനുസരിച്ച്‌ യഹൂദ മാതാപിതാക്കളാൽ പരിശീലിപ്പിക്കപ്പെട്ട ഒരു യഹൂദനായിരുന്നു. അവന്റെ പഠിപ്പിക്കൽ ഉൾക്കാമ്പുവരെ യഹൂദ്യമായിരുന്നു; തീർച്ചയായും ഒരു പുതിയ സുവിശേഷം, എന്നാൽ ഒരു പുതിയ ദൈവശാസ്‌ത്രമല്ല. . . . “ഇസ്രായേലേ കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ” എന്ന യഹൂദ ഏകദൈവവാദത്തിന്റെ വലിയ വാക്യത്തെ അവൻ സ്വന്ത വിശ്വാസമായി അംഗീകരിച്ചു.

ആ വാക്കുകൾ ആവർത്തനം 6:4-ലാണ്‌ കാണപ്പെടുന്നത്‌. ദി കാത്തലിക്ക്‌ ന്യൂ ജറൂസലം ബൈബിൾ (NJB) ഇവിടെ ഇങ്ങനെ വായിക്കപ്പെടുന്നു: “ഇസ്രായേലേ ശ്രദ്ധിക്കുക: നമ്മുടെ ദൈവമായ യാഹ്വേ ഒരുവനായ, ഏക യാഹ്വേ ആകുന്നു.” a ആ വാക്യത്തിന്റെ വ്യാകരണത്തിൽ, ഒരു വ്യക്തി എന്നല്ലാതെ മറെറന്തെങ്കിലും അർത്ഥമാക്കുന്നതായി സൂചിപ്പിക്കാൻ “ഒരുവൻ” എന്ന പദത്തിന്‌ ബഹുവചന വിശേഷണങ്ങളില്ല.

യേശു ഭൂമിയിൽ വന്നശേഷം പോലും ദൈവപ്രകൃതിയിൽ ഏതെങ്കിലും മാററമുളളതായി ക്രിസ്‌തീയ അപ്പോസ്‌തലനായ പൗലോസ്‌ സൂചിപ്പിച്ചില്ല. “ദൈവമോ ഒരുത്തൻ മാത്രം” എന്ന്‌ അവൻ എഴുതി.—ഗലാത്യർ 3:20; 1 കൊരിന്ത്യർ 8:4-6 കൂടെ കാണുക.

ബൈബിളിലുടനീളം ആയിരക്കണക്കിനു പ്രാവശ്യം ദൈവത്തെ ഒരു ആളായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌. അവൻ സംസാരിക്കുന്നത്‌ ഒരു അവിഭക്ത വ്യക്തിയായിട്ടാണ്‌. ബൈബിളിന്‌ ഇതു സംബന്ധിച്ച്‌ അതിനേക്കാൾ വ്യക്തമായി പറയാൻ കഴിയുമായിരുന്നില്ല. ദൈവം പ്രസ്‌താവിക്കുന്ന പ്രകാരം “ഞാൻ യഹോവ അതു തന്നേ എന്റെ നാമം. ഞാൻ എന്റെ മഹത്വം മറെറാരുത്തനും വിട്ടുകൊടുക്കുകയില്ല.” (യെശയ്യാവ്‌ 42:8) “ഞാൻ നിന്റെ ദൈവമായ യാഹ്വേ ആകുന്നു . . . നിനക്ക്‌ ഞാൻ അല്ലാതെ ദൈവങ്ങൾ ഉണ്ടായിരിക്കരുത്‌.” (ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.)—പുറപ്പാട്‌ 20:2, 3, JB.

ദൈവം യഥാർത്ഥത്തിൽ മൂന്നു പേരാണെങ്കിൽ സകല ദൈവനിശ്വസ്‌ത ബൈബിളെഴുത്തുകാരും ദൈവത്തെ ഒരു ആൾ എന്ന്‌ പറയുന്നതെന്തുകൊണ്ട്‌? ആളുകളെ വഴിതെററിക്കാനല്ലാതെ മറെറന്തുദ്ദേശ്യം അതുകൊണ്ടു സാധിക്കാനാണ്‌? തീർച്ചയായും ദൈവം മൂന്നുപേർ ചേർന്നതാണെങ്കിൽ അവൻ അതു സംബന്ധിച്ച്‌ സംശയം ഉണ്ടായിരിക്കാത്ത വിധം തന്റെ ബൈബിളെഴുത്തുകാരെക്കൊണ്ട്‌ അത്‌ വേണ്ടുവോളം വ്യക്തമാക്കിക്കുമായിരുന്നു. ദൈവത്തിന്റെ സ്വന്തം പുത്രനുമായി വ്യക്തിപരമായ സമ്പർക്കമുണ്ടായിരുന്ന, ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ എഴുത്തുകാരെങ്കിലും അങ്ങനെ ചെയ്യുമായിരുന്നു. എന്നാൽ അവർ അതു ചെയ്‌തില്ല.

പകരം, ദൈവം അനുപമനും അവിഭജിതനുമായ ഒരു അതുല്യ വ്യക്തിയാണെന്ന്‌ ബൈബിളെഴുത്തുകാർ വേണ്ടുവോളം വ്യക്തമാക്കുകയുണ്ടായി: “ഞാൻ യഹോവയാകുന്നു, മറെറാരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശയ്യാവ്‌ 45:5) “അങ്ങനെ അവർ യഹോവ എന്ന്‌ നാമമുളള നീ മാത്രം സർവഭൂമിക്കും മീതെ അത്യുന്നതനെന്ന്‌ അറിയും.”—സങ്കീർത്തനം 83:18.

ഒരു ബഹു ദൈവമല്ല

യേശു ദൈവത്തെ “ഏക സത്യദൈവം” എന്നു വിളിച്ചു. (യോഹന്നാൻ 17:3) ദൈവത്തെ ബഹുമൂർത്തികൾ അടങ്ങിയ ഒരു ദൈവമെന്ന്‌ അവൻ ഒരിക്കലും പരാമർശിച്ചില്ല. അതുകൊണ്ടാണ്‌ യഹോവയല്ലാതെ മററാരും ബൈബിളിലൊരിടത്തും സർവ്വശക്തനെന്ന്‌ വിളിക്കപ്പെടാത്തത്‌. അങ്ങനെയല്ലെങ്കിൽ, അത്‌ “സർവ്വശക്തൻ” എന്ന പദത്തിന്റെ അർത്ഥത്തെ പൊളളയാക്കുകയാണ്‌. യഹോവ മാത്രം പരമോന്നതനായിരിക്കുന്നതുകൊണ്ട്‌ യേശുവോ പരിശുദ്ധാത്‌മാവോ അങ്ങനെ ഒരിക്കലും വിളിക്കപ്പെടുന്നില്ല. ഉല്‌പത്തി 17:1-ൽ അവൻ പ്രഖ്യാപിക്കുന്നു: “ഞാൻ സർവ്വശക്തനായ ദൈവമാകുന്നു.” “യഹോവ മറെറല്ലാ ദൈവങ്ങളേക്കാളും വലിയവനാകുന്നു” എന്ന്‌ പുറപ്പാട്‌ 18:11 പറയുന്നു.—ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ, NW.

എബ്രായ തിരുവെഴുത്തുകളിൽ, എലോഹാ (ദൈവം) എന്ന പദത്തിന്‌ രണ്ടു ബഹുവചന രൂപങ്ങളുണ്ട്‌, എലോഹിം എന്നും (ദൈവങ്ങൾ) എലോഹേ (. . .ടെ ദൈവങ്ങൾ) എന്നും. ഈ ബഹുവചന രൂപങ്ങൾ പൊതുവേ യഹോവയെ പരാമർശിക്കുന്നു, അപ്പോൾ അവ “ദൈവം” എന്ന്‌ ഏകവചന രൂപത്തിൽ വിവർത്തനം ചെയ്യപ്പെടുന്നു. ഈ ബഹുവചന രൂപങ്ങൾ ഒരു ത്രിത്വത്തെ സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഒരു ബൈബിൾ നിഘണ്ടുവിൽ വില്യം സ്‌മിത്ത്‌ ഇങ്ങനെ പറയുന്നു: “[എലോഹിം] ദൈവശിരസ്സിലെ ത്രിത്വത്തെ പരാമർശിക്കുന്നു എന്ന വിചിത്രമായ ആശയത്തെ പിന്താങ്ങുന്ന ഒരാളെ പോലും ഇപ്പോൾ പണ്ഡിതൻമാരുടെ ഇടയിൽ കാണാനില്ല. അത്‌ ഒന്നുകിൽ വൈയാകരണൻമാർ പൂജക ബഹുവചനം എന്ന്‌ വിളിക്കുന്നതാണ്‌, അല്ലെങ്കിൽ അത്‌ ദിവ്യ ശക്തിയുടെ പൂർണ്ണതയെ, ദൈവം പ്രകടമാക്കുന്ന ശക്തികളുടെ ആകെ തുകയെ, സൂചിപ്പിക്കുന്നു.

ശേമ്യ ഭാഷകളുടെയും സാഹിത്യങ്ങളുടെയും അമേരിക്കൻ ജേണൽ എലോഹിമിനെ സംബന്ധിച്ചു പറയുന്നു: “അത്‌ മിക്കപ്പോഴും മാററമില്ലാതെ ഒരു ഏക വചന ക്രിയാരൂപത്തിലുളള ആഖ്യാതത്തോടെ വിവർത്തനം ചെയ്യപ്പെടുന്നു, ഏക വചനത്തിലുളള ഒരു നാമവിശേഷണവും സ്വീകരിക്കുന്നു.” ഇതു ചിത്രീകരിക്കുന്നതിന്‌, എലോഹിം എന്ന സ്ഥാനപ്പേർ സൃഷ്ടിപ്പിൻ വിവരണത്തിൽ തനിരൂപത്തിൽ 35 പ്രാവശ്യം കാണപ്പെടുന്നു, ഓരോ പ്രാവശ്യവും ദൈവം പറഞ്ഞതിനെയും ചെയ്‌തതിനെയും വർണ്ണിക്കുന്ന ക്രിയ ഏക വചനമാണ്‌. (ഉല്‌പത്തി 1:1-2:4) അങ്ങനെ, ആ പ്രസിദ്ധീകരണം ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്‌: “[എലോഹിം] മഹത്വത്തെയും പ്രതാപത്തെയും സൂചിപ്പിക്കുന്ന തീവ്രബഹുവചനമെന്ന നിലയിൽ വിശദീകരിക്കപ്പെടേണ്ടതാണ്‌.”

എലോഹിം എന്നതിന്റെ അർത്ഥം “ആളുകൾ” എന്നല്ല, “ദൈവങ്ങൾ” എന്നാണ്‌. അതുകൊണ്ട്‌ ആ പദം ഒരു ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന്‌ വാദിക്കുന്നവർ തങ്ങളേത്തന്നെ ഒന്നിലധികം ദൈവങ്ങളെ ആരാധിക്കുന്നവരായ ബഹുദൈവ വിശ്വാസികളാക്കിത്തീർക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ത്രിത്വത്തിൽ മൂന്നു ദൈവങ്ങളുണ്ടെന്ന്‌ അത്‌ അർത്ഥമാക്കും. എന്നാൽ ത്രിത്വം മൂന്നു വേറിട്ട ദൈവങ്ങൾ ചേർന്നുളളതാണെന്ന വീക്ഷണത്തെ മിക്കവാറുമെല്ലാ ത്രിത്വവാദികളും നിരസിക്കുന്നു.

നിരവധി വ്യാജ വിഗ്രഹദൈവങ്ങളെ പരാമർശിക്കുമ്പോഴും ബൈബിൾ എലോഹിം, എലോഹേ എന്നീ പദങ്ങൾ ഉപയോഗിക്കുന്നു. (പുറപ്പാട്‌ 12:12; 20:23) എന്നാൽ മററു സന്ദർഭങ്ങളിൽ, ഫെലിസ്‌ത്യർ “തങ്ങളുടെ ദൈവമായ [എലോഹേ] ദാഗോനെ” പരാമർശിച്ചപ്പോഴെന്നപോലെ അത്‌ ഒററ വ്യാജദൈവത്തെ മാത്രം പരാമർശിച്ചേക്കാം. (ന്യായാധിപൻമാർ 16:23, 24) ബാൽ “ഒരു ദൈവം [എലോഹിം]” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (1 രാജാക്കൻമാർ 18:27) കൂടാതെ, ഈ പദം മനുഷ്യർക്കും ഉപയോഗിക്കപ്പെടുന്നു. (സങ്കീർത്തനം 82:1, 6) മോശ അഹരോനും ഫറവോനും “ദൈവ”മായി [എലോഹിം] സേവിക്കേണ്ടതാണെന്ന്‌ അവനോട്‌ പറയപ്പെട്ടു.—പുറപ്പാട്‌ 4:16; 7:1.

വ്യാജദൈവങ്ങൾക്ക്‌, മനുഷ്യർക്കുപോലും, എലോഹിം എന്നും എലോഹേ എന്നുമുളള സ്ഥാനപ്പേരുകൾ ഉപയോഗിച്ചതുകൊണ്ട്‌, അങ്ങനെയുളളവർ ഓരോരുത്തരും ബഹുദൈവങ്ങളാണെന്ന്‌ അർത്ഥമാക്കിയില്ല എന്നു സ്‌പഷ്ടമാണ്‌; എലോഹിം അല്ലെങ്കിൽ എലോഹേ യഹോവയ്‌ക്ക്‌ പ്രയോഗിക്കുന്നതും അവൻ ഒന്നിലധികം ആളുകളാണെന്ന്‌ അർത്ഥമാക്കുന്നില്ല, വിശേഷിച്ച്‌ ഈ വിഷയം സംബന്ധിച്ച്‌ ബൈബിളിന്റെ ശേഷിച്ച ഭാഗത്തിന്റെ സാക്ഷ്യം നാം പരിചിന്തിക്കുമ്പോൾ.

യേശു ഒരു വ്യത്യസ്‌ത സൃഷ്ടി

യേശു ഭൂമിയിലായിരുന്നപ്പോൾ ഒരു മനുഷ്യനായിരുന്നു. എന്നാൽ യേശുവിന്റെ ജീവശക്തിയെ മറിയയുടെ ഗർഭപാത്രത്തിലേക്ക്‌ മാററിയത്‌ ദൈവമായിരുന്നതുകൊണ്ട്‌ അവൻ പൂർണ്ണനായിരുന്നു. (മത്തായി 1:18-25) എന്നാൽ അവന്റെ ആരംഭം അങ്ങനെയായിരുന്നില്ല. അവൻ “സ്വർഗ്ഗത്തിൽ നിന്ന്‌ ഇറങ്ങി”വന്നിരുന്നുവെന്ന്‌ അവൻ തന്നെ പ്രഖ്യാപിച്ചു. (യോഹന്നാൻ 3:13) അതുകൊണ്ട്‌ അവൻ തന്റെ അനുഗാമികളോട്‌ മനുഷ്യപുത്രൻ [യേശു] മുമ്പെ ആയിരുന്നിടത്തേക്ക്‌ കയറിപ്പോകുന്നത്‌ നിങ്ങൾ കാണുകയാണെങ്കിലോ?” എന്നു പിന്നീടു പറയുന്നത്‌ സ്വാഭാവികം മാത്രമായിരുന്നു.—യോഹന്നാൻ 6:62, NJB

അതുകൊണ്ട്‌, ഭൂമിയിൽ വരുന്നതിനു മുമ്പ്‌ യേശുവിന്‌ സ്വർഗ്ഗത്തിൽ ഒരു അസ്‌തിത്വം ഉണ്ടായിരുന്നു. എന്നാൽ അത്‌ സർവ്വശക്തനും നിത്യനുമായ ഒരു ത്രിയേക ദൈവശിരസ്സിലെ ആളുകളിൽ ഒന്ന്‌ എന്ന നിലയിലായിരുന്നോ? അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ യേശു തന്റെ മാനുഷപൂർവ അസ്‌തിത്വത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ആത്മജീവി ആയിരുന്നു എന്ന്‌ ബൈബിൾ വ്യക്തമായി പ്രഖ്യാപിക്കുന്നു, ദൂതൻമാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ആത്മജീവികളായിരുന്നതുപോലെ തന്നേ. ദൂതൻമാരൊ യേശുവൊ അവരുടെ സൃഷ്ടിപ്പിനു മുമ്പ്‌ സ്ഥിതിചെയ്‌തിരുന്നില്ല.

യേശു, തന്റെ മാനുഷപൂർവ അസ്‌തിത്വത്തിൽ, “സർവ സൃഷ്ടിക്കും ആദ്യജാതൻ” ആയിരുന്നു. (കൊലോസ്യർ 1:15, NJB) അവൻ “ദൈവസൃഷ്ടിയുടെ ആരംഭം” ആയിരുന്നു. (വെളിപ്പാട്‌ 3:14, RS, കത്തോലിക്കാ പതിപ്പ്‌) “ആരംഭ”ത്തെ [ഗ്രീക്ക്‌, ആർക്കെ] യേശു ദൈവസൃഷ്ടിയുടെ ‘ആരംഭകൻ’ ആയിരുന്നു എന്ന്‌ ഉചിതമായി വ്യാഖ്യാനിക്കാവുന്നതല്ല. യോഹന്നാൻ തന്റെ ബൈബിളെഴുത്തുകളിൽ ആർക്കെ എന്ന ഗ്രീക്കുപദത്തിന്റെ വിവിധ രൂപങ്ങൾ 20-ൽ പരം പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്‌, ഇവക്കെല്ലാം “ആരംഭം” എന്ന സാധാരണ അർത്ഥമാണുളളത്‌. അതെ, ദൈവത്തിന്റെ അദൃശ്യ സൃഷ്ടികളുടെ ആരംഭമെന്ന നിലയിൽ യേശു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടു.

യേശുവിന്റെ ഉത്ഭവത്തെ സംബന്ധിച്ച ആ പരാമർശങ്ങൾ സദൃശവാക്യങ്ങൾ എന്ന ബൈബിൾപുസ്‌തകത്തിൽ ആലങ്കാരിക “ജ്ഞാന”ത്താൽ ഉപയോഗിക്കപ്പെട്ട പദപ്രയോഗങ്ങളുമായി പരസ്‌പരം അടുത്തു ബന്ധപ്പെടുന്നതു കാണുക: “യാഹ്വേ തന്റെ പ്രവൃത്തികളിൽ ഏററവും പഴക്കമുളളവക്കു മുമ്പേ, തന്റെ രൂപപ്പെടുത്തലിന്റെ ആദ്യഫലങ്ങളായി എന്നെ സൃഷ്ടിച്ചു. പർവ്വതങ്ങൾ സ്ഥാപിക്കപ്പെടുന്നതിനു മുമ്പ്‌, കുന്നുകൾക്കു മുമ്പ്‌, ഞാൻ ജനിച്ചു; അവൻ ഭൂമിയെയും നാട്ടിൻപുറത്തെയും ലോകത്തിലെ ആദ്യ മൂലകങ്ങളെയും നിർമ്മിച്ചതിനു മുമ്പു തന്നെ.” (സദൃശവാക്യങ്ങൾ 8:12, 22, 25, 26, NJB) ദൈവം സൃഷ്ടിച്ചവന്‌ ആളത്വമാരോപിക്കാൻ “ജ്ഞാനം” എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെന്നിരിക്കെ, അത്‌ യേശുവിന്റെ മനുഷ്യാസ്‌തിത്വത്തിനു മുമ്പത്തെ ഒരു ആത്മീയ ജീവിയെന്ന നിലയിൽ അവനെ സംബന്ധിച്ച ഒരു ആലങ്കാരിക പ്രയോഗമാണെന്ന്‌ മിക്ക പണ്ഡിതൻമാരും സമ്മതിക്കുന്നു.

തന്റെ മാനുഷപൂർവ അസ്‌തിത്വത്തിൽ, “ജ്ഞാനം” എന്ന നിലയിൽ താൻ “അവന്റെ [ദൈവത്തിന്റെ] അടുക്കൽ ഒരു വിദഗ്‌ദ്ധശില്‌പി ആയിരുന്നു”വെന്ന്‌ യേശു തുടർന്നുപറയുന്നു. (സദൃശവാക്യങ്ങൾ 8:30, JB) ഒരു വിദഗ്‌ദ്ധശില്‌പിയെന്ന നിലയിലുളള ഈ ധർമ്മത്തിനു ചേർച്ചയായി “അവൻ മുഖാന്തരം ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമുളള സകലത്തെയും സൃഷ്ടിച്ചു”വെന്ന്‌ യേശുവിനെക്കുറിച്ച്‌ കൊലോസ്യർ 1:16 പറയുന്നു.—ററുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ (TEV).

അതുകൊണ്ട്‌, ഈ വിദഗ്‌ദ്ധ ശില്‌പി, തന്റെ കീഴിലെ പങ്കാളി, മുഖാന്തരമാണ്‌ സർവ്വശക്തനായ ദൈവം മറെറല്ലാം സൃഷ്ടിച്ചത്‌. ബൈബിൾ സംഗതി ഈ വിധത്തിൽ സംഗ്രഹിച്ചുപറയുന്നു: “നമുക്കു പിതാവായ ഏക ദൈവമാണുളളത്‌, അവനിൽ നിന്നാണ്‌ സകലവും . . . ഏക കർത്താവായ യേശുക്രിസ്‌തുവും ഉണ്ട്‌, അവൻ മുഖാന്തരമാണ്‌ സകലവും.” (ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.)—1 കൊരിന്ത്യർ 8:6, RS, കത്തോലിക്കാപതിപ്പ്‌.

“നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക” എന്നു ദൈവം പറഞ്ഞത്‌ ഈ വിദഗ്‌ദ്ധ ശില്‌പിയോടായിരുന്നു എന്നതിന്‌ സംശയമില്ല. (ഉല്‌പത്തി 1:26) ഈ വാചകത്തിലെ “നാം” “നമ്മുടെ” എന്നിവ ഒരു ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന്‌ ചിലർ അവകാശപ്പെട്ടിട്ടുണ്ട്‌. എന്നാൽ ‘നമുക്ക്‌ ചിലത്‌ ഉണ്ടാക്കാം’ എന്ന്‌ നിങ്ങൾ പറയുകയാണെങ്കിൽ, നിങ്ങളുടെ ഉളളിൽ പലയാളുകൾ ഒന്നായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന്‌ അതു സൂചിപ്പിക്കുന്നതായി സാധാരണ ഗതിയിൽ ആരും മനസ്സിലാക്കുകയില്ല. എന്തെങ്കിലും കാര്യത്തിന്‌ രണ്ടോ അധികമോ വ്യക്തികൾ ഒത്തുചേർന്നു പ്രവർത്തിക്കുന്നുവെന്നു മാത്രമെ നിങ്ങൾ അർത്ഥമാക്കുന്നുളളു. അങ്ങനെതന്നെ, ദൈവം “നാം” “നമ്മുടെ” എന്നിങ്ങനെ ഉപയോഗിച്ചപ്പോൾ അവൻ കേവലം മറെറാരു വ്യക്തിയെ സംബോധന ചെയ്യുകയായിരുന്നു, തന്റെ ആദ്യത്തെ ആത്മസൃഷ്ടിയെ, മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവായ വിദഗ്‌ദ്ധ ശില്‌പിയെത്തന്നെ.

ദൈവത്തിന്‌ പരീക്ഷിക്കപ്പെടാൻ കഴിയുമോ?

മത്തായി 4:1-ൽ യേശു “പിശാചിനാൽ പരീക്ഷിക്ക”പ്പെടുന്നതായി പറയപ്പെട്ടിരിക്കുന്നു. “ലോകത്തിലുളള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” യേശുവിനെ കാണിച്ചശേഷം “വീണ്‌ എന്നെ നമസ്‌കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം” എന്ന്‌ സാത്താൻ പറഞ്ഞു. (മത്തായി 4:8, 9) യേശു ദൈവത്തോട്‌ അവിശ്വസ്‌തനാകാൻ ഇടയാക്കുന്നതിന്‌ സാത്താൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, യേശു ദൈവമായിരുന്നെങ്കിൽ അതു വിശ്വസ്‌തതയുടെ എന്ത്‌ പരീക്ഷ ആയിരിക്കുമായിരുന്നു? ദൈവത്തിന്‌ തന്നോടുതന്നെ മത്സരിക്കാൻ കഴിയുമോ? ഇല്ല, എന്നാൽ ദൂതൻമാർക്കും മനുഷ്യർക്കും ദൈവത്തിനെതിരെ മത്സരിക്കാൻ കഴിയും, മത്സരിക്കുകയും ചെയ്‌തു. യേശു, ദൈവമായിരിക്കാതെ ഒരു ദൂതനെയോ മനുഷ്യനെയോ പോലെ, ഇഷ്ടപ്പെടുന്ന പക്ഷം അവിശ്വസ്‌തനാകാൻ കഴിയുമായിരുന്ന, ഇച്ഛാ സ്വാതന്ത്ര്യമുളള ഒരു വേറിട്ട വ്യക്തിയായിരുന്നെങ്കിൽ മാത്രമേ അവനു പരീക്ഷ അർത്ഥവത്തായിരിക്കുമായിരുന്നുളളു.

മറിച്ച്‌ ദൈവത്തിനു പാപം ചെയ്യാനും തന്നോടുതന്നെ അവിശ്വസ്‌തനാകാനും കഴിയുമെന്നുളളത്‌ അചിന്ത്യമാണ്‌. “അവന്റെ പ്രവർത്തനം പൂർണ്ണമാകുന്നു . . . വിശ്വസ്‌തതയുളള ഒരു ദൈവം, . . . നീതിമാനും നേരുളളവനുമാകുന്നു അവൻ.” (ആവർത്തനം 32:4, NW.) അതുകൊണ്ട്‌ യേശു ദൈവമായിരുന്നെങ്കിൽ, അവനെ പരീക്ഷിക്കാൻ കഴിയുമായിരുന്നില്ല.—യാക്കോബ്‌ 1:13.

ദൈവമല്ലാഞ്ഞതിനാൽ യേശുവിന്‌ അവിശ്വസ്‌തനാകാൻ കഴിയുമായിരുന്നു. എന്നാൽ “സാത്താനേ ദൂരെ പോകൂ! എന്തെന്നാൽ ‘നിന്റെ ദൈവമായ യഹോവയെ മാത്രമേ ആരാധിക്കാവൂ, അവനു മാത്രമേ നീ വിശുദ്ധസേവനം അർപ്പിക്കാവൂ’ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അവൻ വിശ്വസ്‌തനായി നിലകൊണ്ടു.—മത്തായി 4:10, NW.

മറുവില എന്തായിരുന്നു?

യേശു ഭൂമിയിലേക്ക്‌ വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നിന്‌ ത്രിത്വവുമായി നേരിട്ട്‌ ബന്ധമുണ്ട്‌. ബൈബിൾ പ്രസ്‌താവിക്കുന്നു: “ദൈവം ഒരുവനല്ലൊ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ; എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്‌തുയേശു തന്നെ.”—1 തിമൊഥെയോസ്‌ 2:5, 6.

ഒരു പൂർണ്ണ മനുഷ്യനിൽ കൂടിയവനൊ കുറഞ്ഞവനൊ അല്ലാഞ്ഞ യേശു, ആദാം നഷ്ടപ്പെടുത്തിയതിന്‌—ഭൂമിയിലെ പൂർണ്ണ മനുഷ്യജീവനുവേണ്ടിയുളള അവകാശത്തിന്‌—പരിഹാരം വരുത്തിയ ഒരു മറുവില ആയിത്തീർന്നു. അതുകൊണ്ട്‌ അപ്പോസ്‌തലനായ പൗലോസിന്‌ യേശുവിനെ “ഒടുക്കത്തെ ആദാം” എന്ന്‌ ശരിയായിത്തന്നെ വിളിക്കാൻ കഴിയുമായിരുന്നു. അവൻ അതേ സന്ദർഭത്തിൽത്തന്നെ “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്ന്‌ പറയുകയുണ്ടായി. (1 കൊരിന്ത്യർ 15:22, 45) യേശുവിന്റെ പൂർണ്ണ മനുഷ്യജീവനായിരുന്നു ദിവ്യനീതി ആവശ്യപ്പെട്ട “മറുവില,” കൂടുതലുമല്ല, കുറവുമല്ല. മനുഷ്യനീതിയുടെ പോലും ഒരു അടിസ്ഥാന തത്വം കൊടുക്കപ്പെടുന്ന വില ചെയ്യപ്പെട്ട കുററത്തിന്‌ യോജിക്കണമെന്നുളളതാണ്‌.

എന്നാൽ, യേശു ദൈവശിരസ്സിന്റെ ഒരു ഭാഗമായിരുന്നെങ്കിൽ, മോചനമൂല്യം ദൈവത്തിന്റെ സ്വന്തം ന്യായപ്രമാണം ആവശ്യപ്പെട്ടതിനേക്കാൾ അതിരററ വിധം ഉയർന്നതായിരിക്കുമായിരുന്നു. (പുറപ്പാട്‌ 21:23-25; ലേവ്യപുസ്‌തകം 24:19-21) ഏദെനിൽ പാപം ചെയ്‌തത്‌ ദൈവമല്ല, ഒരു പൂർണ്ണ മനുഷ്യൻ മാത്രമായിരുന്ന ആദാം ആയിരുന്നു. അതുകൊണ്ട്‌ ദൈവനീതിയുമായി യഥാർത്ഥത്തിൽ ചേർച്ചയിലായിരിക്കുന്നതിന്‌, മറുവില കൃത്യമായും തുല്യമായിരിക്കണമായിരുന്നു—ഒരു പൂർണ്ണ മനുഷ്യൻ, “ഒടുക്കത്തെ ആദാം” തന്നെ. അങ്ങനെ, ദൈവം യേശുവിനെ ഒരു മറുവിലയായി ഭൂമിയിലേക്കയച്ചപ്പോൾ അവൻ യേശുവിനെ ഒരു അവതാരമൊ ഒരു ദൈവ-മനുഷ്യനൊ അല്ല, പിന്നെയൊ “ദൂതൻമാരെക്കാൾ താണ” ഒരു പൂർണ്ണ മനുഷ്യനാക്കി. (എബ്രായർ 2:9; സങ്കീർത്തനം 8:5, 6 താരതമ്യപ്പെടുത്തുക.) ഒരു സർവ്വശക്തനാം ദൈവശിരസ്സിന്റെ ഭാഗത്തിന്‌—പിതാവിനൊ പുത്രനൊ പരിശുദ്ധാത്മാവിനൊ—എന്നെങ്കിലും ദൂതൻമാരേക്കാൾ താണവനായിരിക്കാൻ എങ്ങനെ കഴിയും?

“ഏകജാതനായ പുത്രൻ” ആയിരിക്കുന്നതെങ്ങനെ?

ബൈബിൾ യേശുവിനെ “ദൈവത്തിന്റെ ഏകജാതനായ പുത്രൻ” എന്നു വിളിക്കുന്നു. (യോഹന്നാൻ 1:14; 3:16, 18; 1 യോഹന്നാൻ 4:9) ദൈവം നിത്യനായിരിക്കുന്നതുകൊണ്ട്‌ ദൈവപുത്രനും നിത്യനാണെന്ന്‌ ത്രിത്വ വാദികൾ പറയുന്നു. എന്നാൽ ഒരാൾക്ക്‌ ഒരു പുത്രനായിരിക്കാനും അതേ സമയം അയാളുടെ പിതാവിനോളം പ്രായമുളളവനായിരിക്കാനും എങ്ങനെ കഴിയും?

യേശുവിന്റെ കാര്യത്തിൽ, “ഏകജാതൻ” എന്നതിന്‌ “ഒരു പിതാവെന്ന നിലയിൽ ഉല്‌പാദിപ്പിക്കുക” എന്ന “ജനിപ്പിക്ക”ലിന്റെ അതേ നിഘണ്ടുനിർവചനമല്ലുളളതെന്ന്‌ ത്രിത്വവാദികൾ അവകാശപ്പെടുന്നു. (വെബ്‌സ്‌റററിന്റെ പുതിയ ഒൻപതാം കൊളീജിയററ്‌ ഡിക്‌ഷണറി) യേശുവിന്റെ കാര്യത്തിൽ, അതിന്റെ അർത്ഥം “ഉത്ഭവിക്കാത്ത ബന്ധം” എന്നാണെന്ന്‌, ജനിപ്പിക്കൽ കൂടാതെയുളള ഏക പുത്രൻ എന്നാണെന്ന്‌, അവർ പറയുന്നു. (വൈനിന്റെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും പദങ്ങളുടെ വ്യാഖ്യാന നിഘണ്ടു) അത്‌ യുക്തിസഹമെന്ന്‌ നിങ്ങൾക്കു തോന്നുന്നുവോ? ഒരു മനുഷ്യന്‌ ഒരു പുത്രനെ ജനിപ്പിക്കാതെ അവന്റെ പിതാവായിരിക്കാൻ കഴിയുമോ?

തന്നെയുമല്ല, യിസ്‌ഹാക്കിന്‌ അബ്രാഹാമിനോടുളള ബന്ധത്തെ വർണ്ണിക്കാൻ ബൈബിൾ “ഏകജാതൻ” (വൈൻ യാതൊരു വിശദീകരണവും കൂടാതെ സമ്മതിക്കുന്ന പ്രകാരം) എന്നതിന്റെ അതേ ഗ്രീക്ക്‌ പദം തന്നെ ഉപയോഗിക്കുന്നതെന്തുകൊണ്ട്‌? എബ്രായർ 11:17 യിസ്‌ഹാക്കിനെ സംബന്ധിച്ച്‌ അബ്രാഹാമിന്റെ “ഏകജാതനായ പുത്രൻ” എന്നു പറയുന്നു. യിസ്‌ഹാക്കിന്റെ സംഗതിയിൽ അവൻ സാധാരണ അർത്ഥത്തിൽ ഏകജാതനായിരുന്നു, അവന്റെ പിതാവിനോട്‌ സമയത്തിലൊ സ്ഥാനത്തിലൊ സമനല്ലായിരുന്നു എന്നതിന്‌ സംശയമുണ്ടായിരിക്കാവുന്നതല്ല.

യേശുവിനും യിസ്‌ഹാക്കിനും വേണ്ടി ഉപയോഗിച്ചിരിക്കുന്ന “ഏകജാതൻ” എന്നതിന്റെ അടിസ്ഥാന ഗ്രീക്ക്‌പദം മോണോജനസ്‌ ആണ്‌, അത്‌ “ഏക” എന്നർത്ഥമുളള മോണോസിൽ നിന്നും “ഉല്‌പാദിപ്പിക്കുക” “ആയിത്തീരുക (ഉളവാകുക)” എന്നർത്ഥമുളള ഒരു മൂല പദമായ ജിനോമായ്‌ എന്നതിൽ നിന്നും വന്നതാണെന്ന്‌ സ്‌ട്രോംഗിന്റെ സമ്പൂർണ്ണ ശബ്ദകോശം പറയുന്നു. അതുകൊണ്ട്‌ മോണോജനസ്‌ “ഏകനായി ജനിച്ച, ഏകജാതനായ, അതായത്‌ ഒരു ഏക കുട്ടി” എന്ന്‌ നിർവചിക്കപ്പെട്ടിരിക്കുന്നു.—ഈ റോബിൻസനിന്റെ ഏ ഗ്രീക്ക്‌ ആൻഡ്‌ ഇംഗ്ലീഷ്‌ ലക്‌സിക്കൻ ഓഫ്‌ ദ ന്യൂ റെറസ്‌ററമെൻറ്‌.

ഗേഹാഡ്‌ കിററൽ പ്രസാധനം ചെയ്‌ത പുതിയ നിയമത്തിന്റെ ദൈവശാസ്‌ത്ര നിഘണ്ടു പറയുന്നു: “[മോണോജനസിന്റെ] അർത്ഥം ‘തനിച്ച ജൻമം’ അതായത്‌ സഹോദരൻമാരൊ സഹോദരിമാരൊ ഇല്ലാത്തത്‌ എന്നാകുന്നു.” യോഹന്നാൻ 1:18; 3:16, 18; 1 യോഹന്നാൻ 4:9 എന്നിവിടങ്ങളിൽ “യേശുവിന്റെ ബന്ധം ഒരു ഏക കുട്ടിക്ക്‌ അതിന്റെ പിതാവിനോടുളള ബന്ധത്തോട്‌ താരതമ്യപ്പെടുന്നതു മാത്രമല്ല. അത്‌ ഏകജാതന്‌ പിതാവിനോട്‌ ഉളള ബന്ധമാകുന്നു” എന്നും ഈ പുസ്‌തകം പ്രസ്‌താവിക്കുന്നു.

അതുകൊണ്ട്‌ ഏകജാതപുത്രനായ യേശുവിന്‌ ഒരു ജീവിതാരംഭമുണ്ടായിരുന്നു. അബ്രാഹാമിനെപ്പോലെയുളള ഒരു ഭൗമിക പിതാവ്‌ ഒരു പുത്രനെ ജനിപ്പിക്കുന്നു എന്ന അതേ അർത്ഥത്തിൽ സർവ്വശക്തനായ ദൈവത്തെ അവന്റെ ജനകൻ, പിതാവ്‌, എന്ന്‌ ഉചിതമായി വിളിക്കാൻ കഴിയും. (എബ്രായർ 11:17) അതുകൊണ്ട്‌, ബൈബിൾ ദൈവത്തെ യേശുവിന്റെ “പിതാവ്‌” എന്ന്‌ പറയുമ്പോൾ, അതിന്റെ അർത്ഥം അതു പറയുന്നതു തന്നെയാണ്‌—അവർ രണ്ടു ഭിന്ന വ്യക്തികളാണെന്നു തന്നെ. ദൈവമാണ്‌ മൂത്തവൻ, യേശുവാണ്‌ ഇളയവൻ, സമയത്തിലും സ്ഥാനത്തിലും അധികാരത്തിലും അറിവിലും.

സ്വർഗ്ഗത്തിൽ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ ഏക ആത്മപുത്രൻ യേശു ആയിരുന്നില്ല എന്ന്‌ ഒരുവൻ പരിചിന്തിക്കുമ്പോൾ, “ഏകജാതനായ പുത്രൻ” എന്ന പദം അവന്റെ കാര്യത്തിൽ ഉപയോഗിക്കപ്പെട്ടത്‌ എന്തുകൊണ്ടെന്ന്‌ സ്‌പഷ്ടമായിത്തീരുന്നു. സൃഷ്ടിക്കപ്പെട്ട എണ്ണമററ മററ്‌ ആത്മജീവികളായ ദൂതൻമാരും ആദാമിന്റേതുപോലെയുളള അതേ അർത്ഥത്തിൽ “ദൈവപുത്രൻമാർ” എന്നു വിളിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവരുടെ ജീവശക്തി ജീവന്റെ ഉറവൊ ഉറവയൊ ആയ യഹോവയാം ദൈവത്തിൽനിന്നാണ്‌ ഉത്ഭവിച്ചത്‌. (ഇയ്യോബ്‌ 38:7; സങ്കീർത്തനം 36:9; ലൂക്കോസ്‌ 3:38) എന്നാൽ ദൈവത്താൽ നേരിട്ട്‌ ജനിപ്പിക്കപ്പെട്ട ഏകനായിരുന്ന “ഏകജാതനായ പുത്രൻ” മുഖാന്തരമാണ്‌ അവരെല്ലാം സൃഷ്ടിക്കപ്പെട്ടത്‌.—കൊലോസ്യർ 1:15-17.

യേശു ദൈവമെന്ന്‌ പരിഗണിക്കപ്പെട്ടിരുന്നോ?

ബൈബിളിൽ യേശുവിനെ മിക്കപ്പോഴും ദൈവപുത്രനെന്ന്‌ വിളിക്കുന്നുവെങ്കിലും, ഒന്നാം നൂററാണ്ടിൽ ആരും അവൻ പുത്രനായ ദൈവമായിരിക്കുന്നതായി വിചാരിച്ചില്ല. “ഒരു ദൈവമുണ്ടെന്ന്‌” വിശ്വസിക്കുന്ന ഭൂതങ്ങൾ പോലും, ആത്മമണ്ഡലത്തിലെ അവരുടെ അനുഭവത്തിൽ നിന്ന്‌ യേശു ദൈവമായിരുന്നില്ലെന്ന്‌ അറിഞ്ഞിരുന്നു. അതുകൊണ്ട്‌, അവർ യേശുവിനെ വേറിട്ട “ദൈവപുത്രൻ” എന്ന്‌ ശരിയായി സംബോധന ചെയ്‌തു. (യാക്കോബ്‌ 2:19; മത്തായി 8:29) യേശു മരിച്ചപ്പോൾ, അടുത്തു നിന്നിരുന്ന വിജാതീയ റോമാ പടയാളികൾക്ക്‌ യേശു ദൈവമാണെന്നല്ല, പിന്നെയോ “തീർച്ചയായും ഇത്‌ ദൈവപുത്രനായിരുന്നു” എന്ന്‌ അവന്റെ അനുഗാമികളിൽ നിന്ന്‌ കേട്ടതു ശരിയായിരുന്നു എന്ന്‌ പറയാൻ തക്ക അറിവുണ്ടായിരുന്നു.—മത്തായി 27:54, NW.

അതുകൊണ്ട്‌, “ദൈവപുത്രൻ” എന്ന പദപ്രയോഗം ഒരു ത്രിത്വത്തിന്റെ ഭാഗമെന്ന നിലയിലല്ല, പിന്നെയോ സൃഷ്ടിക്കപ്പെട്ട ഒരു വേറിട്ട ജീവി എന്ന നിലയിൽ യേശുവിനെ പരാമർശിക്കുന്നു. ദൈവപുത്രനെന്ന നിലയിൽ അവന്‌ ദൈവംതന്നെ ആയിരിക്കാൻ കഴിയുമായിരുന്നില്ല, എന്തെന്നാൽ “ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല” എന്ന്‌ യോഹന്നാൻ 1:18 പറയുന്നു.—RS, കത്തോലിക്കാ പതിപ്പ്‌.

ദൈവംതന്നെ ആയിട്ടല്ല, “ദൈവത്തിനും മനുഷ്യർക്കും ഇടയിലെ ഏക മദ്ധ്യസ്ഥൻ” ആയിട്ടാണ്‌ ശിഷ്യൻമാർ യേശുവിനെ വീക്ഷിച്ചത്‌. (1 തിമൊഥെയോസ്‌ 2:5, NW) നിർവചനം അനുസരിച്ച്‌ ഒരു മദ്ധ്യസ്ഥൻ മദ്ധ്യസ്ഥത ആവശ്യമുളളവരിൽ നിന്ന്‌ വേറിട്ട ഒരാളായതുകൊണ്ട്‌ യേശു താൻ രഞ്‌ജിപ്പിക്കാൻ ശ്രമിക്കുന്ന കക്ഷികളിലാരെങ്കിലുമായി ഏക സത്തയായിരിക്കുന്നത്‌ ഒരു വൈരുദ്ധ്യമായിരിക്കും. അത്‌ താൻ ആയിരിക്കാത്ത എന്തോ ആയി നടിക്കുകയായിരിക്കും.

ദൈവത്തിന്‌ യേശുവുമായുളള ബന്ധം സംബന്ധിച്ച്‌ ബൈബിൾ വ്യക്തമാണ്‌, പരസ്‌പരയോജിപ്പുളളതാണ്‌. യഹോവയാം ദൈവം മാത്രമാണ്‌ സർവ്വശക്തൻ. മനുഷ്യനാകുന്നതിന്‌ മുമ്പത്തെ യേശുവിനെ അവൻ നേരിട്ട്‌ സൃഷ്ടിച്ചു. അങ്ങനെ യേശുവിന്‌ ഒരു ആരംഭമുണ്ടായിരുന്നു, അവന്‌ ശക്തിയിലൊ നിത്യതയിലൊ ഒരിക്കലും ദൈവത്തോടു സഹതുല്യനായിരിക്കാൻ കഴിയുമായിരുന്നില്ല.

[അടിക്കുറിപ്പുകൾ]

a ദൈവനാമം ചില ഭാഷാന്തരങ്ങളിൽ “യാഹ്വേ” എന്നും മററു ചിലതിൽ “യഹോവ” എന്നും വിവർത്തനം ചെയ്യപ്പെടുന്നു.

[14-ാം പേജിലെ ആകർഷകവാക്യം]

ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ട്‌ യേശു കാലത്തിലും ശക്തിയിലും അറിവിലും രണ്ടാം സ്ഥാനത്താണ്‌

[15-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ അദൃശ്യ സൃഷ്‌ടികളുടെ ആരംഭമെന്ന നിലയിൽ ദൈവത്താൽ സൃഷ്‌ടിക്കപ്പെട്ടതുകൊണ്ട്‌ തനിക്ക്‌ ഒരു മാനുഷ പൂർവ്വ അസ്‌തിത്വമുണ്ടായിരുന്നുവെന്ന്‌ യേശു പറഞ്ഞു