നിങ്ങൾ അതു വിശ്വസിക്കണമോ?
നിങ്ങൾ അതു വിശ്വസിക്കണമോ?
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുവോ? ക്രൈസ്‌തവലോകത്തിലെ മിക്കവരും വിശ്വസിക്കുന്നു. ഏതായാലും, അത് നൂററാണ്ടുകളായി സഭകളുടെ കേന്ദ്രോപദേശമാണ്.
ഇതിന്റെ വീക്ഷണത്തിൽ, അതു സംബന്ധിച്ച് സംശയമുണ്ടായിരിക്കാവുന്നതല്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ സംശയമുണ്ട്. അതിനെ പിന്താങ്ങിയവരിൽതന്നെ ചിലർ ഈയിടെ വിവാദത്തെ ആളിക്കത്തിച്ചിട്ടുണ്ട്.
ഇതുപോലെയുളള ഒരു വിഷയത്തിൽ ക്ഷണികമായതിൽ കവിഞ്ഞ താത്‌പര്യം എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യേശുതന്നെ ഇങ്ങനെ പറഞ്ഞു: “നിത്യജീവൻ ഇതാണ്: ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതുതന്നെ.” അതുകൊണ്ട് നമ്മുടെ മുഴു ഭാവിയും ചുററിത്തിരിയുന്നത് ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെ നാം അറിയുന്നതിലാണ്. അതിന്റെ അർത്ഥം ത്രിത്വവിവാദത്തിന്റെ അടിവേരിലേക്കുതന്നെ ഇറങ്ങേണ്ടതുണ്ടെന്നാണ്. അതുകൊണ്ട് നിങ്ങൾക്കുതന്നെ അത് എന്തുകൊണ്ടു പരിശോധിച്ചുകൂടാ?—യോഹന്നാൻ 17:3, കാത്തലിക്ക് ജറൂസലം ബൈബിൾ (JB).
വിവിധ ത്രിത്വ ധാരണകളുണ്ട്. എന്നാൽ പൊതുവേ ത്രിത്വോപദേശം ഇതാണ്: ദൈവശിരസ്സിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നാളുകളുണ്ട്; എന്നിരുന്നാലും അവരെല്ലാം ചേർന്ന് ഒരു ദൈവമേയുളളു. മൂന്നു പേരും ദൈവശിരസ്സിൽ നിത്യമായി സ്ഥിതിചെയ്‌തിരിക്കുന്ന സഹതുല്യരും സർവ്വശക്തൻമാരും സൃഷ്ടിക്കപ്പെടാത്തവരുമാണെന്നാണ് ഈ ഉപദേശം.
എന്നാൽ ത്രിത്വോപദേശം തെററാണെന്നും സർവ്വശക്തനായ ദൈവം നിത്യനും സമ്പൂർണ്ണശക്തനുമായി വേറിട്ട് ഏകനായി നിലകൊളളുന്നുവെന്നും മററു ചിലർ പറയുന്നു. മനുഷ്യനാകുന്നതിനു മുമ്പുളള യേശുവിന്റെ അസ്‌തിത്വത്തിൽ അവൻ, ദൂതൻമാരെപ്പോലെ, ദൈവത്താൽ സൃഷ്‌ടിക്കപ്പെട്ട ഒരു വേറിട്ട ആത്‌മവ്യക്തിയായിരുന്നുവെന്നും തന്നിമിത്തം അവന് ഒരു ആരംഭമുണ്ടായിരിക്കണമെന്നും അവർ പറയുന്നു. യേശു ഒരിക്കലും സർവ്വശക്തനായ ദൈവത്തോട് യാതൊരർത്ഥത്തിലും സമനായിരുന്നിട്ടില്ലെന്ന് അവർ പഠിപ്പിക്കുന്നു; അവൻ എല്ലായ്‌പ്പോഴും ദൈവത്തിന് കീഴ്‌പ്പെട്ടിരുന്നിട്ടുണ്ട്, ഇപ്പോഴും അങ്ങനെതന്നെ. പരിശുദ്ധാത്‌മാവ് ഒരു ആളല്ല, പിന്നെയോ ദൈവത്തിന്റെ ആത്മാവ്, അവന്റെ പ്രവർത്തനനിരതമായ ശക്തി, ആണെന്നും അവർ വിശ്വസിക്കുന്നു.
ത്രിത്വം മതപാരമ്പര്യത്തിൽ മാത്രമല്ല, ബൈബിളിലും അധിഷ്‌ഠിതമാണെന്ന് അതിനെ പിന്താങ്ങുന്നവർ പറയുന്നു. അത് ഒരു ബൈബിളുപദേശമല്ലെന്ന് അതിനെ വിമർശിക്കുന്നവർ പറയുന്നു, “[ത്രിത്വ]ത്തിന്റെ ഉത്ഭവം തികച്ചും പുറജാതീയമാണ്” എന്നു പോലും ഒരു ചരിത്രഗ്രന്ഥം പ്രഖ്യാപിക്കുന്നു.—നമ്മുടെ ക്രിസ്‌ത്യാനിത്വത്തിലെ പുറജാതീയത.
ത്രിത്വം ശരിയാണെങ്കിൽ, ഒരു ദൈവശിരസ്സിന്റെ ഭാഗമെന്ന നിലയിൽ യേശു ഒരിക്കലും ദൈവത്തോടു സമനായിരുന്നിട്ടില്ലെന്ന് പറയുന്നത് അവന് അപമാനകരമാണ്. എന്നാൽ ത്രിത്വം തെററാണെങ്കിൽ, ആരെയെങ്കിലും സർവ്വശക്തനായ ദൈവത്തോട് സമനെന്ന് വിളിക്കുന്നത് ദൈവത്തിന് അപമാനകരമാണ്, മറിയയെ “ദൈവമാതാവ്” എന്നു വിളിക്കുന്നത് അതിലും മോശമാണ്. ത്രിത്വം തെററാണെങ്കിൽ, കത്തോലിക്കാ മതം എന്ന പുസ്‌തകത്തിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ “[ആളുകൾ] ഈ വിശ്വാസത്തെ അവികലവും അമലവുമായി കാക്കാത്തപക്ഷം [അവർ] നിത്യമായി നശിച്ചുപോകും. കത്തോലിക്കാ വിശ്വാസം ഇതാണ്: ഞങ്ങൾ ത്രിത്വത്തിൽ ഏക ദൈവത്തെ ആരാധിക്കുന്നു” എന്നു പറയുന്നത് ദൈവത്തിന് അപമാനകരമാണ്.
അപ്പോൾ, നിങ്ങൾ ത്രിത്വത്തെക്കുറിച്ചുളള സത്യം അറിയാൻ ആഗ്രഹിക്കേണ്ടതിന് നല്ല കാരണങ്ങളുണ്ട്. എന്നാൽ അതിന്റെ ഉത്‌ഭവവും അതിന്റെ സത്യതയുടെ അവകാശവാദവും പരിശോധിക്കുന്നതിനു മുമ്പ് ഈ ഉപദേശത്തെ കൂടുതൽ കൃത്യമായി നിർവചിക്കുന്നത് സഹായകമായിരിക്കും. കൃത്യമായി, ത്രിത്വം എന്താണ്? അതിനെ പിന്താങ്ങുന്നവർ അതിനെ വിശദീകരിക്കുന്നതെങ്ങനെയാണ്?
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ “സത്യവേദപുസ്‌തക”വും NW വരുന്നിടത്ത് ഇംഗ്ലീഷിലുള്ള ന്യൂ വേൾഡ് ട്രാൻസലേഷൻ ഓഫ് ദ ഹോളി സ്‌ക്രിപ്‌ച്ചേഴ്‌സും (1984) ആണ്.
[2-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: (ക്രി. മു.) രണ്ടാം സഹസ്രാബ്ദത്തിലെ ഈജിപ്‌ഷ്യൻ കൊത്തുപണി. ആമോൻ റാ, രംസേസ് II, മട്ട് എന്നിവർ ചേർന്ന ത്രയം. വലത്ത്: (ക്രി.വ.) പതിന്നാലാം നൂററാണ്ടിലെ, യേശുക്രിസ്‌തുവും പിതാവും പരിശുദ്ധാത്മാവും ഉൾപ്പെടുന്ന ത്രിത്വ ശില്‌പം. മൂന്നു പേരുണ്ടെങ്കിലും നാലു കാലേ ഉളളുവെന്നു ശ്രദ്ധിക്കുക.