വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശുദ്ധാത്മാവ്‌—ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി

പരിശുദ്ധാത്മാവ്‌—ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി

പരിശുദ്ധാത്മാവ്‌—ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി

ത്രിത്വോപദേശപ്രകാരം, പരിശുദ്ധാത്മാവ്‌ പിതാവിനോടും പുത്രനോടും സമനായ, ദൈവശിരസ്സിലെ മൂന്നാമത്തെ ആളാണ്‌. നമ്മുടെ ഓർത്തഡോക്‌സ്‌ ക്രിസ്‌തീയ വിശ്വാസം എന്ന പുസ്‌തകം പറയുന്ന പ്രകാരം: “പരിശുദ്ധാത്മാവ്‌ പൂർണ്ണമായി ദൈവമാണ്‌.”

എബ്രായ തിരുവെഴുത്തുകളിൽ “ആത്മാവ്‌” എന്നതിന്‌ ഏററവുമധികം ഉപയോഗിച്ചിരിക്കുന്ന പദം “ശ്വാസം; കാററ്‌; ആത്മാവ്‌” എന്നർത്ഥമുളള റൂവാ ആണ്‌. ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ പദം സമാനാർത്ഥമുളള ന്യൂമാ ആണ്‌. ഈ വാക്കുകൾ പരിശുദ്ധാത്‌മാവ്‌ ഒരു ത്രിത്വത്തിന്റെ ഭാഗമാണെന്ന്‌ സൂചിപ്പിക്കുന്നുവോ?

ഒരു പ്രവർത്തനനിരതമായ ശക്തി

യഹോവയായ ദൈവം വിവിധങ്ങളായ തന്റെ ഉദ്ദേശ്യങ്ങൾ നിർവഹിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു നിയന്ത്രിത ശക്തിയാണ്‌ “പരിശുദ്ധാത്‌മാവ്‌” എന്ന്‌ അതിന്റെ ബൈബിളുപയോഗം തെളിയിക്കുന്നു. ഒരു അളവു വരെ അതിനെ വൈദ്യുതിയോട്‌ ഉപമിക്കാം, അത്‌ വിവിധങ്ങളായ വളരെയേറെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അനുരൂപപ്പെടുത്താവുന്ന ഒരു ശക്തിയാണ്‌.

“ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി [“ആത്മാവ്‌” (എബ്രായ, റൂവാ)] വെളളങ്ങളുടെ ഉപരിതലത്തിൻമീതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു” എന്ന്‌ ഉല്‌പത്തി 1:2-ൽ (NW) ബൈബിൾ പ്രസ്‌താവിക്കുന്നു. ഇവിടെ, ദൈവാത്മാവ്‌ ഭൂമിയെ രൂപപ്പെടുത്താൻ പ്രവർത്തിച്ച അവന്റെ പ്രവർത്തനനിരതമായ ശക്തിയായിരുന്നു.

തന്നെ സേവിക്കുന്നവരെ പ്രബുദ്ധരാക്കാൻ ദൈവം തന്റെ ആത്മാവിനെ ഉപയോഗിക്കുന്നു. “നിന്റെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവ്‌ [റൂവാ] നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ” എന്ന്‌ ദാവീദ്‌ പ്രാർത്ഥിച്ചു. (സങ്കീർത്തനം 143:10) മോശയെ സഹായിക്കാൻ പ്രാപ്‌തിയുളള 70 പുരുഷൻമാർ നിയമിക്കപ്പെട്ടപ്പോൾ “ഞാൻ നിന്റെ മേലുളള ആത്മാവിൽ [റൂവാ] കുറെ എടുത്ത്‌ അവരുടെമേൽ പകരും” എന്ന്‌ ദൈവം അവനോടു പറഞ്ഞു.—സംഖ്യാപുസ്‌തകം 11:17.

ബൈബിൾപ്രവചനം രേഖപ്പെടുത്തപ്പെട്ടത്‌ ദൈവത്തിന്റെ മനുഷ്യർ “പരിശുദ്ധാത്മനിയോഗം [ഗ്രീക്ക്‌, ന്യൂമായിൽ നിന്ന്‌] പ്രാപിച്ച”പ്പോൾ ആയിരുന്നു. (2 പത്രോസ്‌ 1:20, 21) ഈ വിധത്തിൽ ബൈബിൾ “ദൈവശ്വാസീയ”മായിരുന്നു, അതിന്റെ ഗ്രീക്ക്‌പദം “ദൈവത്താൽ ശ്വസിക്കപ്പെട്ട” എന്നർത്ഥമുളള തിയോ ന്യൂസ്‌റേറാസ്‌ ആണ്‌. (2 തിമൊഥെയോസ്‌ 3:16) പരിശുദ്ധാത്മാവ്‌ ദർശനങ്ങൾ കാണാനോ പ്രാവചനിക സ്വപ്‌നങ്ങൾ കാണാനോ ചിലരെ നയിച്ചു.—2 ശമുവേൽ 23:2; യോവേൽ 2:28, 29; ലൂക്കോസ്‌ 1:67; പ്രവൃത്തികൾ 1:16; 2:32, 33.

യേശുവിന്റെ സ്‌നാപനത്തിനു ശേഷം മരുഭൂമിയിലേക്ക്‌ പോകാൻ പരിശുദ്ധാത്മാവ്‌ അവനെ പ്രേരിപ്പിച്ചു. (മർക്കോസ്‌ 1:12) ആത്മാവ്‌ ദൈവദാസൻമാരുടെ ഉളളിൽ ഒരു തീ പോലെ ആയിരുന്നു, ആ ശക്തിയാൽ അവർ ഊർജ്ജസ്വലരാകാൻ ഇടയാക്കി. നിർഭയം, സധൈര്യം സംസാരിക്കാൻ അത്‌ അവരെ പ്രാപ്‌തരാക്കി.—മീഖാ 3:8; പ്രവൃത്തികൾ 7:55-60; 18:25; റോമർ 12:11; 1 തെസ്സലോനീക്യർ 5:19.

ദൈവം തന്റെ ആത്മാവു മുഖേന മനുഷ്യരുടെമേലും ജനതകളുടെമേലും തന്റെ ന്യായവിധികൾ നടപ്പിലാക്കുന്നു. (യെശയ്യാവ്‌ 30:27, 28; 59:18, 19) ആളുകൾക്കനുകൂലമായോ എതിരായോ പ്രവർത്തിച്ചുകൊണ്ട്‌ ദൈവാത്‌മാവിന്‌ എല്ലായിടത്തും എത്തിച്ചേരാൻ കഴിയും.—സങ്കീർത്തനം 139:7-12.

‘അത്യന്തശക്തി’

തന്നെ സേവിക്കുന്നവർക്ക്‌ “അത്യന്തശക്തി” കൊടുക്കാനും ദൈവാത്‌മാവിനു കഴിയും. (2 കൊരിന്ത്യർ 4:7) ഇത്‌ വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കാൻ അല്ലെങ്കിൽ അവർക്ക്‌ മററു പ്രകാരത്തിൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്‌തരാക്കുന്നു.

ദൃഷ്ടാന്തത്തിന്‌, ശിംശോനെ സംബന്ധിച്ച്‌ ന്യായാധിപൻമാർ 14:6 ഇങ്ങനെ പ്രതിപാദിക്കുന്നു: “യാഹ്വേയുടെ ആത്മാവ്‌ അവന്റെമേൽ പ്രവേശിച്ചു, അവന്റെ കൈയിൽ ആയുധമില്ലാഞ്ഞിട്ടും അവൻ സിംഹത്തെ പറിച്ചുകീറിക്കളഞ്ഞു.” (JB) യഥാർത്ഥത്തിൽ ഒരു ദിവ്യനായ ആൾ ശിംശോനിൽ പ്രവേശിക്കുകയും അവൻ ചെയ്‌തതു ചെയ്യാൻ അവന്റെ ശരീരത്തെ കൈകാര്യം ചെയ്യുകയും ചെയ്‌തോ? ഇല്ല, യഥാർത്ഥത്തിൽ “കർത്താവിന്റെ ശക്തി ശിംശോനെ ശക്തീകരിച്ചു.”—TEV.

യേശു സ്‌നാപനമേററപ്പോൾ, പരിശുദ്ധാത്മാവ്‌ ഒരു മാനുഷരൂപമായിട്ടല്ല, ഒരു പ്രാവിനെപ്പോലെ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ അവന്റെമേൽ ഇറങ്ങി. (മർക്കോസ്‌ 1:10) ദൈവത്തിന്റെ പ്രവർത്തനനിരതമായ ഈ ശക്തി രോഗികളെ സൗഖ്യമാക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും യേശുവിനെ പ്രാപ്‌തനാക്കി. ലൂക്കോസ്‌ 5:17 പറയുന്നതുപോലെ, “കർത്താവിന്റെ [ദൈവത്തിന്റെ] ശക്തി അവന്റെ [യേശുവിന്റെ] സൗഖ്യമാക്കൽ പ്രവൃത്തികളുടെ പിന്നിൽ ഉണ്ടായിരുന്നു.”—JB.

ദൈവത്തിന്റെ ആത്മാവ്‌ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ യേശുവിന്റെ ശിഷ്യൻമാരെയും ശക്തീകരിച്ചു. ശിഷ്യൻമാർ പെന്തെക്കോസ്‌തിൽ ഒന്നിച്ചുകൂടിയിരുന്നു എന്ന്‌ പ്രവൃത്തികൾ 2:1-4 വിവരിക്കുന്നു, അപ്പോൾ “പെട്ടെന്ന്‌ കൊടിയ കാററടിക്കുന്നതുപോലെ ആകാശത്തുനിന്ന്‌ ഒരു മുഴക്കമുണ്ടായി. . . . എല്ലാവരും പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി, ആത്മാവ്‌ അവർക്ക്‌ ഉച്ചരിക്കാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.”

അതുകൊണ്ട്‌ പരിശുദ്ധാത്മാവ്‌ യേശുവിനും മററു ദൈവദാസൻമാർക്കും മനുഷ്യർക്ക്‌ സാധാരണ ചെയ്യാൻ കഴിയാത്തത്‌ ചെയ്യാനുളള ശക്തി കൊടുത്തു.

ഒരു ആൾ അല്ല

എന്നിരുന്നാലും, പരിശുദ്ധാത്മാവിനെക്കുറിച്ച്‌ ആളത്വപരമായ പദങ്ങളുപയോഗിച്ച്‌ സംസാരിക്കുന്ന ബൈബിൾവാക്യങ്ങളില്ലേ? ഉണ്ട്‌, എന്നാൽ ത്രിയേകദൈവത്തിൽ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ എഡ്‌മണ്ട്‌ ഫോർട്ട്‌മാൻ ഇതു സംബന്ധിച്ച്‌ പറയുന്നതു ശ്രദ്ധിക്കുക: “ഈ ആത്മാവ്‌ മിക്കപ്പോഴും ആളത്വപരമായ പദങ്ങൾകൊണ്ട്‌ വർണ്ണിക്കപ്പെടുന്നുവെങ്കിലും വിശുദ്ധ എഴുത്തുകാർ [എബ്രായ തിരുവെഴുത്തുകളുടെ] ഈ ആത്മാവിനെ ഒരിക്കലും ഒരു വ്യതിരിക്തനായ വ്യക്തിയായി മനസ്സിലാക്കുകയോ അവതരിപ്പിക്കുകയോ ചെയ്‌തിട്ടില്ല.”

തിരുവെഴുത്തുകളിൽ എന്തിനെങ്കിലും ആളത്വം ആരോപിക്കുന്നത്‌ അപൂർവമല്ല. ജ്ഞാനത്തിന്‌ മക്കളുളളതായി പറയപ്പെട്ടിരിക്കുന്നു. (ലൂക്കോസ്‌ 7:35) പാപവും മരണവും രാജാക്കൻമാരെന്നു വിളിക്കപ്പെട്ടിരിക്കുന്നു. (റോമർ 5:14, 21, NW) ഉല്‌പത്തി 4:7-ൽ ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ (NE) പറയുന്നു: “പാപം വാതിൽക്കൽ പതുങ്ങിക്കിടക്കുന്ന ഒരു ഭൂതം ആകുന്നു,” പാപത്തെ കയീന്റെ വാതിൽക്കൽ പതുങ്ങിക്കിടക്കുന്ന ഒരു ദുഷ്ടാത്മാവായി ആളത്വം ആരോപിക്കുകയാണ്‌. എന്നാൽ, തീർച്ചയായും പാപം ആത്മാവായ ഒരാളല്ല; പരിശുദ്ധാത്മാവിന്‌ ആളത്വമാരോപിക്കുന്നതും അതിനെ ആത്മാവായ ഒരു ആളാക്കുന്നില്ല.

അതുപോലെതന്നെ, 1 യോഹന്നാൻ 5:6-8-ൽ (NE) ആത്മാവു മാത്രമല്ല, “ജലവും രക്തവും” “സാക്ഷികളാ”ണെന്നു പറയപ്പെട്ടിരിക്കുന്നു. എന്നാൽ ജലവും രക്തവും ആളുകളല്ലെന്ന്‌ സ്‌പഷ്ടമാണ്‌, പരിശുദ്ധാത്മാവും ഒരു ആളല്ല.

ബൈബിൾ “പരിശുദ്ധാത്‌മാവ്‌” എന്ന്‌ വെളളത്തിനും രക്തത്തിനും സമാന്തരമായി ഉപയോഗിക്കുന്നതുപോലെ, ഒരു ആളത്വരഹിതമായ വിധത്തിൽ അതിനെ സാധാരണ ഉപയോഗിക്കുന്നത്‌ ഇതിനു ചേർച്ചയായിട്ടാണ്‌. (മത്തായി 3:11; മർക്കോസ്‌ 1:8) വീഞ്ഞിനു പകരം പരിശുദ്ധാത്‌മാവുകൊണ്ടു നിറയാൻ ആളുകൾ പ്രോത്‌സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (എഫേസ്യർ 5:18) അവർ ജ്ഞാനം, വിശ്വാസം, സന്തോഷം എന്നിങ്ങനെയുളള ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നതുപോലെതന്നെ പരിശുദ്ധാത്‌മാവുകൊണ്ടു നിറഞ്ഞിരിക്കുന്നതായി പറയപ്പെടുന്നു. (പ്രവൃത്തികൾ 6:3; 11:24; 13:52) 2 കൊരിന്ത്യർ 6:6-ൽ പരിശുദ്ധാത്‌മാവ്‌ ഒട്ടേറെ ഗുണങ്ങളോടുകൂടെ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്‌മാവ്‌ യഥാർത്ഥത്തിൽ ഒരു ആൾ ആയിരുന്നെങ്കിൽ അങ്ങനെയുളള പ്രയോഗങ്ങൾ ഇത്ര സാധാരണമായിരിക്കുമായിരുന്നില്ല.

കൂടാതെ, ആത്മാവു സംസാരിക്കുന്നതായി ചില ബൈബിൾവാക്യങ്ങൾ പറയുമ്പോൾ ഇത്‌ യഥാർത്ഥത്തിൽ ദൂതൻമാരിലൂടെയോ മനുഷ്യരിലൂടെയോ ആണ്‌ ചെയ്യപ്പെട്ടത്‌ എന്ന്‌ മററു വാക്യങ്ങൾ പ്രകടമാക്കുന്നു. (മത്തായി 10:19, 20; പ്രവൃത്തികൾ 4:24, 25; 28:25; എബ്രായർ 2:2) അങ്ങനെയുളള സന്ദർഭങ്ങളിലെ ആത്മാവിന്റെ പ്രവർത്തനം ഒരാളിൽനിന്നുളള സന്ദേശങ്ങൾ വിദൂരത്തിലുളള മറെറാരാളിലേക്ക്‌ പ്രേഷണം ചെയ്യുന്ന റേഡിയോ തരംഗങ്ങളുടേതുപോലെയാണ്‌.

മത്തായി 28:19-ൽ “പരിശുദ്ധാത്മാവിന്റെ . . . നാമത്തെ” പരാമർശിച്ചിരിക്കുന്നു. എന്നാൽ “നാമം” എന്ന പദം ഗ്രീക്കിലൊ മലയാളത്തിലൊ എല്ലായ്‌പ്പോഴും ഒരു വ്യക്തിപരമായ പേരിനെ അർത്ഥമാക്കുന്നില്ല. “നിയമത്തിന്റെ പേരിൽ” എന്നു നാം പറയുമ്പോൾ നാം ഒരാളിനെ പരാമർശിക്കുകയല്ല. നിയമം പ്രതിനിധാനം ചെയ്യുന്നതിനെ, അതിന്റെ അധികാരത്തെയാണ്‌ നാം അർത്ഥമാക്കുന്നത്‌. റോബർട്ട്‌സന്റെ പുതിയ നിയമത്തിലെ പദ ചിത്രങ്ങൾ ഇങ്ങനെ പറയുന്നു: “ഇവിടത്തെ നാമത്തിന്റെ (ഒനോമാ) ഉപയോഗം സെപ്‌ററുവജിൻറിലും ഓല എഴുത്തുകളിലും ശക്തിക്ക്‌ അല്ലെങ്കിൽ അധികാരത്തിന്‌ സാധാരണമായി ഉളളതാണ്‌.” അങ്ങനെ ‘പരിശുദ്ധാത്മാവിന്റെ നാമത്തിലുളള’ സ്‌നാപനം പരിശുദ്ധാത്മാവിന്റെ അധികാരത്തെ അംഗീകരിക്കുന്നു, അത്‌ ദൈവത്തിൽനിന്നുളളതാണെന്നും ദിവ്യേഷ്ടത്താൽ പ്രവർത്തിക്കുന്നുവെന്നും അംഗീകരിക്കുന്നു.

“സഹായി”

യേശു പരിശുദ്ധാത്മാവിനെക്കുറിച്ച്‌ ഒരു “സഹായി” എന്നു പറഞ്ഞു. അത്‌ പഠിപ്പിക്കുകയും വഴികാട്ടുകയും സംസാരിക്കുകയും ചെയ്യുമെന്ന്‌ അവൻ പറഞ്ഞു. (യോഹന്നാൻ 14:16, 26; 16:13) സഹായി (പാരക്ലീറേറാസ്‌) എന്നതിന്‌ അവൻ ഉപയോഗിച്ച ഗ്രീക്ക്‌ പദം പുല്ലിംഗമാണ്‌. അതുകൊണ്ട്‌ സഹായി ചെയ്യുന്നതിനെ യേശു പരാമർശിച്ചപ്പോൾ അവൻ പുല്ലിംഗത്തിലുളള സർവനാമങ്ങൾ ഉപയോഗിച്ചു. (യോഹന്നാൻ 16:7, 8) മറിച്ച്‌, ആത്മാവ്‌ (ന്യൂമാ) എന്നതിനുളള നപുംസക ഗ്രീക്കു പദം ഉപയോഗിക്കുന്നിടത്ത്‌ “അത്‌” എന്ന നപുംസക സർവനാമം ഉചിതമായി ഉപയോഗിച്ചിരിക്കുന്നു.

ത്രിത്വവാദികളായ മിക്ക വിവർത്തകരും ഈ വസ്‌തുതയെ മറച്ചുപിടിക്കുന്നു, കത്തോലിക്ക്‌ ന്യൂ അമേരിക്കൻ ബൈബിൾ യോഹന്നാൻ 14:17-നെക്കുറിച്ചു സമ്മതിക്കുന്ന പ്രകാരം “‘ആത്‌മാവ്‌’ എന്നതിനുളള ഗ്രീക്കുപദം നപുംസകമാണ്‌, നാം ഇംഗ്ലീഷിൽ ആളത്വപരമായ സർവനാമങ്ങൾ (‘അവൻ,’ ‘അവന്റെ’ ‘അവനെ’) ഉപയോഗിക്കുമ്പോൾ മിക്ക ഗ്രീക്കു കൈയെഴുത്തു പ്രതികളും ‘അത്‌’ എന്നു പ്രയോഗിക്കുന്നു.”

അതുകൊണ്ട്‌, ബൈബിൾ യോഹന്നാൻ 16:7, 8-ൽ പാരക്ലീറേറാസ്‌ എന്നതിനോടുളള ബന്ധത്തിൽ ആളത്വപരമായ സർവനാമങ്ങൾ ഉപയോഗിക്കുമ്പോൾ അത്‌ ഒരു ഉപദേശം വ്യക്തമാക്കുകയല്ല, വ്യാകരണനിയമങ്ങളോടു പൊരുത്തപ്പെടുകയാണ്‌.

ഒരു ത്രിത്വത്തിന്റെ ഭാഗമല്ല

പരിശുദ്ധാത്മാവ്‌ ഒരു ത്രിത്വത്തിലെ മൂന്നാമത്തെ ആളാണെന്നുളള ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ലെന്ന്‌ വിവിധ പ്രമാണങ്ങൾ സമ്മതിക്കുന്നു. ദൃഷ്ടാന്തമായി:

ദി കത്തോലിക്ക്‌ എൻസൈക്ലോപ്പീഡിയാ: “ഒരു മൂന്നാമത്തെ ആളിനെക്കുറിച്ചുളള ഏതെങ്കിലും വ്യക്തമായ സൂചന പഴയ നിയമത്തിൽ ഒരിടത്തും നാം കാണുന്നില്ല.”

കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ ഫോർട്ട്‌മാൻ: “യഹൂദൻമാർ ഒരിക്കലും ആത്മാവിനെ ഒരു ആളായി കരുതിയില്ല; ഏതെങ്കിലും പഴയ നിയമ എഴുത്തുകാർ ഈ വീക്ഷണം പുലർത്തിയിരുന്നതായി ഈടുററ യാതൊരു തെളിവുമില്ല. . . . സമാന സുവിശേഷങ്ങളിലും പ്രവൃത്തികളുടെ പുസ്‌തകത്തിലും സാധാരണയായി പരിശുദ്ധാത്മാവ്‌ അവതരിപ്പിക്കപ്പെടുന്നത്‌ ഒരു ദിവ്യ ശക്തിയായിട്ടാണ്‌.”

ദി ന്യൂ കത്തോലിക്ക്‌ എൻസൈക്ലോപ്പീഡിയാ: “പഴയ നിയമം വ്യക്തമായും പരിശുദ്ധാത്മാവിനെ ഒരാളെന്ന നിലയിൽ ചിത്രീകരിക്കുന്നില്ല. . . . ദൈവത്തിന്റെ ആത്മാവ്‌ കേവലം ദൈവത്തിന്റെ ശക്തിയാണ്‌. ചിലപ്പോൾ അതു ദൈവത്തിൽ നിന്ന്‌ ഭിന്നമായി പ്രതിനിധാനം ചെയ്യപ്പെടുന്നുവെങ്കിൽ അത്‌ യാഹ്വേയുടെ ശ്വാസം ബാഹ്യമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്‌.” അത്‌ ഇങ്ങനെയും പറയുന്നു: “പുതിയ നിയമ വാക്യങ്ങളിൽ ഭൂരിപക്ഷവും ദൈവത്തിന്റെ ആത്മാവിനെ ആരോ ഒരാൾ ആയിട്ടല്ല, എന്തോ ഒന്ന്‌ ആയിട്ടാണ്‌ വെളിപ്പെടുത്തുന്നത്‌; ഇത്‌ ആത്മാവും ദൈവശക്തിയും തമ്മിലുളള സമാന്തരതയിൽ വിശേഷാൽ കാണപ്പെടുന്നു.”—ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.

ഒരു കത്തോലിക്കാ നിഘണ്ടു: “മൊത്തത്തിൽ പഴയ നിയമത്തിലെപ്പോലെ പുതിയ നിയമവും, ആത്മാവിനെ സംബന്ധിച്ച്‌ ഒരു ദിവ്യ ഊർജ്ജം അഥവാ ശക്തിയെന്ന പോലെ സംസാരിക്കുന്നു.”

അതുകൊണ്ട്‌, യഹൂദൻമാരോ ആദിമ ക്രിസ്‌ത്യാനികളോ പരിശുദ്ധാത്മാവിനെ ത്രിത്വത്തിന്റെ ഒരു ഭാഗമായി വീക്ഷിച്ചില്ല. ആ പഠിപ്പിക്കൽ നൂററാണ്ടുകൾക്കുശേഷമാണ്‌ വന്നത്‌. ഒരു കത്തോലിക്കാ നിഘണ്ടു പറയുന്ന പ്രകാരം: “മൂന്നാമത്തെ ആൾ 362-ൽ അലക്‌സാണ്ട്രിയായിലെ ഒരു കൗൺസിലിലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. . . ഒടുവിൽ 381-ൽ കോൺസ്‌ററാൻറിനോപ്പിൾ കൗൺസിലിലും”—പരിശുദ്ധാത്മാവ്‌ പെന്തെക്കോസ്‌തിൽ ശിഷ്യൻമാരിൽ നിറഞ്ഞശേഷം ഏതാണ്ട്‌ മൂന്നര നൂററാണ്ടു കഴിഞ്ഞശേഷം!

അല്ല, പരിശുദ്ധാത്മാവ്‌ ഒരാളല്ല. അത്‌ ഒരു ത്രിത്വത്തിന്റെ ഭാഗമല്ല. പരിശുദ്ധാത്മാവ്‌ ദൈവം തന്റെ ഇഷ്ടം നിർവഹിക്കാൻ ഉപയോഗിക്കുന്ന അവന്റെ പ്രവർത്തനനിരതമായ ശക്തിയാണ്‌. അത്‌ ദൈവത്തോടു സമമല്ല, എന്നാൽ എല്ലായ്‌പ്പോഴും അവന്റെ സേവനത്തിൽ അവനു കീഴ്‌പ്പെട്ടിരിക്കുന്നതാണ്‌.

[22-ാം പേജിലെ ആകർഷകവാക്യം]

“മൊത്തത്തിൽ പഴയ നിയമത്തെപ്പോലെ, പുതിയ നിയമവും ആത്മാവിനെ സംബന്ധിച്ച്‌ ഒരു ദിവ്യ ഊർജ്ജം അഥവാ ശക്തി എന്നപോലെ സംസാരിക്കുന്നു.”—ഒരു കത്തോലിക്കാ നിഘണ്ടു

[21-ാം പേജിലെ ചിത്രങ്ങൾ]

ഒരു സന്ദർഭത്തിൽ പരിശുദ്ധാത്‌മാവ്‌ ഒരു പ്രാവിനെപ്പോലെ പ്രത്യക്ഷപ്പെട്ടു. മറെറാരു സന്ദർഭത്തിൽ അത്‌ തീനാവുകൾപോലെ പ്രത്യക്ഷപ്പെട്ടു—ഒരു വ്യക്തിയായി ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ല