ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?
അധ്യായം 5
ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?
1. ഒരു ശമര്യസ്ത്രീ ആരാധനയെക്കുറിച്ച് എന്തറിയാൻ ആഗ്രഹിച്ചു?
‘ദൈവം ആരുടെ ആരാധനയാണു സ്വീകരിക്കുന്നത്?’ അതറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ശമര്യയിലെ ഗെരിസീം പർവതത്തിനടുത്തുവെച്ച് ഒരു സ്ത്രീ യേശുക്രിസ്തുവുമായി സംസാരിച്ചപ്പോൾ അത്തരമൊരു ചോദ്യം അവളുടെ മനസ്സിൽ വന്നിരിക്കണം. ശമര്യരുടെയും യഹൂദൻമാരുടെയും ആരാധന തമ്മിലുളള ഒരു വ്യത്യാസത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു: “ഞങ്ങളുടെ പിതാക്കൻമാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു.” (യോഹന്നാൻ 4:20) ദൈവം എല്ലാ ആരാധനയും സ്വീകരിക്കുന്നുവെന്നു യേശു ശമര്യസ്ത്രീയോടു പറഞ്ഞോ? അതോ ദൈവത്തെ പ്രസാദിപ്പിക്കാൻ പ്രത്യേക കാര്യങ്ങൾ ആവശ്യമാണെന്ന് അവൻ പറഞ്ഞോ?
2. ശമര്യസ്ത്രീക്ക് ഉത്തരം കൊടുത്തപ്പോൾ, യേശു എന്തു പറഞ്ഞു?
2 യേശുവിന്റെ ഞെട്ടിക്കുന്ന ഉത്തരം ഇതായിരുന്നു: “നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുളള നാഴിക വരുന്നു.” (യോഹന്നാൻ 4:21) ശമര്യക്കാർ ദീർഘനാളായി യഹോവയെ ഭയപ്പെടുകയും ഗെരിസീം പർവതത്തിൽ മററു ദൈവങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു. (2 രാജാക്കൻമാർ 17:33) സത്യാരാധനയിൽ ആ സ്ഥലമോ യെരുശലേമോ പ്രധാനമായിരിക്കയില്ല എന്ന് ഇപ്പോൾ യേശുക്രിസ്തു പറഞ്ഞു.
ആത്മാവോടും സത്യത്തോടും കൂടെയുളള ആരാധന
3. (എ) ശമര്യക്കാർ യഥാർഥത്തിൽ ദൈവത്തെ അറിയാഞ്ഞത് എന്തുകൊണ്ട്? (ബി) വിശ്വസ്തരായ യഹൂദർക്കും മററുളളവർക്കും ദൈവത്തെ എങ്ങനെ അറിയാൻ കഴിയുമായിരുന്നു?
3 യേശു ശമര്യസ്ത്രീയോട് ഇങ്ങനെ തുടർന്നുപറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യഹൂദൻമാരുടെ ഇടയിൽനിന്നല്ലോ വരുന്നതു.” (യോഹന്നാൻ 4:22) ശമര്യക്കാർക്കു വ്യാജ മതാശയങ്ങൾ ഉണ്ടായിരുന്നു. അവർ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മാത്രമേ നിശ്വസ്തമായി സ്വീകരിച്ചിരുന്നുളളു, ശമര്യൻ പഞ്ചഗ്രന്ഥങ്ങൾ എന്നറിയപ്പെട്ടിരുന്ന അവരുടെ സ്വന്തം പരിഷ്കരിച്ച പതിപ്പിലേതു മാത്രം. തന്നിമിത്തം അവർ യഥാർഥത്തിൽ ദൈവത്തെ അറിഞ്ഞിരുന്നില്ല. യഹൂദൻമാർ പക്ഷേ തിരുവെഴുത്തുപരിജ്ഞാനം ഭരമേൽപ്പിക്കപ്പെട്ടവരായിരുന്നു. (റോമർ 3:1, 2) തിരുവെഴുത്തുകൾ വിശ്വസ്തരായ യഹൂദൻമാർക്കും ശ്രദ്ധിക്കുന്ന മററ് ഏവർക്കും ദൈവത്തെ അറിയാനാവശ്യമായ വിവരങ്ങൾ നൽകി.
4. യേശു പറയുന്നതനുസരിച്ച്, തങ്ങളുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ യഹൂദൻമാരും ശമര്യക്കാരും എന്തു ചെയ്യേണ്ടതുണ്ടായിരുന്നു?
4 യഥാർഥത്തിൽ, യഹൂദൻമാരും ശമര്യക്കാരും ദൈവത്തെ പ്രസാദിപ്പിക്കാൻ തക്കവണ്ണം തങ്ങളുടെ ആരാധനാരീതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവരുമെന്നു യേശു പ്രകടമാക്കി. അവൻ പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്ന നാഴിക വരുന്നു; അത് ഇപ്പോഴാണ്, എന്തെന്നാൽ തീർച്ചയായും തന്നെ ആരാധിക്കാൻ പിതാവ് അങ്ങനെയുളളവരെ അന്വേഷിക്കുകയാണ്. ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കേണ്ടതാണ്.” (യോഹന്നാൻ 4:23, 24, NW) വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയങ്ങളാൽ പ്രേരിതരായി ‘ആത്മാവോടെ’ നാം ദൈവത്തെ ആരാധിക്കേണ്ടതുണ്ട്. അവന്റെ വചനമായ ബൈബിൾ പഠിച്ചുകൊണ്ടും അവന്റെ വെളിപ്പെടുത്തപ്പെട്ട സത്യം അനുസരിച്ച് ആരാധിച്ചുകൊണ്ടും അവനെ ‘സത്യത്തോടുകൂടെ’ ആരാധിക്കുക സാധ്യമാണ്. അതു ചെയ്യാൻ നിങ്ങൾക്കു താത്പര്യമുണ്ടോ?
5. (എ) “ആരാധന” എന്നതിന്റെ അർഥമെന്ത്? (ബി) ദൈവം നമ്മുടെ ആരാധന സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
5 ദൈവം സത്യ ആരാധന ആഗ്രഹിക്കുന്നുവെന്നു യേശു ഊന്നിപ്പറഞ്ഞു. യഹോവക്കു സ്വീകാര്യമല്ലാത്ത ആരാധനാരീതികളുണ്ടെന്ന് ഇതു പ്രകടമാക്കുന്നു. ദൈവത്തെ ആരാധിക്കുക എന്നതിന്റെ അർഥം അവനു ഭക്തിപൂർവകമായ ബഹുമാനം കൊടുക്കുകയെന്നും അവനു വിശുദ്ധസേവനം അനുഷ്ഠിക്കുകയെന്നുമാണ്. ഒരു ശക്തനായ ഭരണാധികാരിയോട് ആദരവു പ്രകടമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തെ സേവിക്കാനും അദ്ദേഹത്തിനു പ്രസാദമുളളതു ചെയ്യാനും നിങ്ങൾ ആകാംക്ഷയുളളവനായിരിക്കാനിടയുണ്ട്. തീർച്ചയായും അപ്പോൾ, നാം ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, കേവലം ‘എന്റെ മതം എനിക്ക് ഇഷ്ടമാണ്’ എന്നു പറയാതെ നമ്മുടെ ആരാധന ദൈവത്തിന്റെ വ്യവസ്ഥകളിലെത്തുന്നുവെന്നു നാം തിട്ടപ്പെടുത്തേണ്ടതുണ്ട്.
പിതാവിന്റെ ഇഷ്ടം ചെയ്യൽ
6, 7. തന്റെ ശിഷ്യരാണെന്ന് അവകാശപ്പെടുന്ന ചിലരെ യേശു അംഗീകരിക്കാത്തത് എന്തുകൊണ്ട്?
6 നമുക്കു മത്തായി 7:21-23 വായിച്ച് എല്ലാ ആരാധനയും ദൈവത്തിനു സ്വീകാര്യമാണോയെന്നു നിശ്ചയിക്കുന്ന ഒരു നിർണായക ഘടകം വേർതിരിച്ചെടുക്കാൻ കഴിയുമോയെന്നു നോക്കാം. യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ [ദുഷ്ടാത്മ ജീവികളെ] പുറത്താക്കയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.”
7 സത്യാരാധനയിൽ യേശുക്രിസ്തുവിനെ കർത്താവായി ഏററുപറയേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ യേശുവിന്റെ ശിഷ്യരാണെന്ന് അവകാശപ്പെടുന്നവരിൽ അനേകരുടെ ആരാധനയിൽ ഒരു കുറവുണ്ട്. അത്ഭുത രോഗശാന്തികൾ എന്നു സങ്കല്പിക്കപ്പെടുന്നവ പോലുളള “വീര്യപ്രവൃത്തികൾ” ചിലർ ചെയ്യുമെന്ന് അവൻ പറഞ്ഞു. എന്നിരുന്നാലും, മർമപ്രധാനമാണെന്നു യേശു പറഞ്ഞ കാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെടും. അവർ “[അവന്റെ] പിതാവിന്റെ ഇഷ്ടം ചെയ്യു”ന്നില്ലായിരിക്കും. നാം ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, പിതാവിന്റെ ഇഷ്ടമെന്താണെന്നു മനസ്സിലാക്കുകയും അനന്തരം അതു ചെയ്യുകയും വേണം.
സൂക്ഷ്മപരിജ്ഞാനം—ഒരു സംരക്ഷണം
8. നാം ദൈവത്തിന്റെ ഇഷ്ടം ചെയ്യണമെങ്കിൽ എന്താവശ്യമാണ്, ഏതു തെററായ വീക്ഷണങ്ങൾ നാം ഒഴിവാക്കേണ്ടതാണ്?
8 ദൈവേഷ്ടം ചെയ്യുന്നതിനു യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുളള സൂക്ഷ്മപരിജ്ഞാനം ആവശ്യമാണ്. അത്തരം പരിജ്ഞാനം നിത്യജീവനിലേക്കു നയിക്കുന്നു. തീർച്ചയായും, അപ്പോൾ ദൈവവചനമായ ബൈബിളിൽനിന്നു സൂക്ഷ്മപരിജ്ഞാനം നേടുന്ന കാര്യം ഗൗരവമായി എടുക്കാൻ നമ്മളെല്ലാം ആഗ്രഹിക്കും. നമ്മുടെ ആരാധനയിൽ ആത്മാർഥതയും തീക്ഷ്ണതയുമുളളവരായിരിക്കുന്നടത്തോളം കാലം ഉത്കണ്ഠയ്ക്കു കാരണമില്ലെന്നു ചിലർ പറയുന്നു. ‘നിങ്ങൾ എത്ര കുറച്ച് അറിയുന്നുവോ അത്ര കുറച്ചേ നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നുളളു’ എന്നു മററു ചിലർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുളള പരിജ്ഞാനത്തിൽ വളർന്നുവരാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—എഫെസ്യർ 4:13; ഫിലിപ്പിയർ 1:9; കൊലൊസ്സ്യർ 1:9.
9. സൂക്ഷ്മപരിജ്ഞാനം നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ, നമുക്ക് അത്തരം സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
9 അത്തരം പരിജ്ഞാനം നമ്മുടെ ആരാധന ദുഷിക്കുന്നതിനെതിരെ ഒരു സംരക്ഷണമാണ്. ‘ഒരു വെളിച്ചദൂതനായി’ നടിക്കുന്ന ആത്മജീവിയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (2 കൊരിന്ത്യർ 11:14) അങ്ങനെ വേഷപ്രച്ഛന്നനായി ഈ ആത്മജീവിയായ സാത്താൻ ദൈവേഷ്ടത്തിനു വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതിലേക്കു നമ്മെ വഴിതെററിക്കാൻ ശ്രമിക്കുന്നു. സാത്താനോടു സഹവസിക്കുന്ന മററ് ആത്മജീവികളും ആളുകളുടെ ആരാധനയെ ദുഷിപ്പിച്ചുകൊണ്ടാണിരിക്കുന്നത്, എന്തെന്നാൽ പൗലോസ് ഇങ്ങനെ പറഞ്ഞു: “ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല, ഭൂതങ്ങൾക്കു കഴിക്കുന്നു.” (1 കൊരിന്ത്യർ 10:20) അനേകർ ദൈവം ആഗ്രഹിച്ചതു ചെയ്യുന്നില്ലായിരുന്നെങ്കിലും തങ്ങൾ ശരിയായ വിധത്തിലാണ് ആരാധിക്കുന്നത് എന്നു വിചാരിച്ചിട്ടുണ്ടായിരിക്കാം. അവർ അശുദ്ധമായ വ്യാജാരാധനയിലേക്കു വഴിതെററിക്കപ്പെടുകയായിരുന്നു. നമ്മൾ സാത്താനെയും ഭൂതങ്ങളെയും കുറിച്ചു പിന്നീടു കൂടുതൽ പഠിക്കുന്നതായിരിക്കും, എന്നാൽ ദൈവത്തിന്റെ ഈ ശത്രുക്കൾ തീർച്ചയായും മനുഷ്യവർഗത്തിന്റെ ആരാധനയെ ദുഷിപ്പിച്ചുകൊണ്ടാണിരിക്കുന്നത്.
10. ആരെങ്കിലും നിങ്ങളുടെ കുടിവെളളത്തിൽ മനഃപൂർവം വിഷം കലർത്തിയെങ്കിൽ നിങ്ങൾ എന്തു ചെയ്യും, ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം എന്തു ചെയ്യാൻ നമ്മെ സജ്ജരാക്കുന്നു?
10 ആരെങ്കിലും നിങ്ങളുടെ കുടിവെളളത്തിൽ മനഃപൂർവം വിഷം കലർത്തിയെന്നു നിങ്ങൾ അറിയുകയാണെങ്കിൽ നിങ്ങൾ അതിൽനിന്നു തുടർന്നു കുടിച്ചുകൊണ്ടിരിക്കുമോ? തീർച്ചയായും സുരക്ഷിതവും ശുദ്ധവുമായ വെളളത്തിന്റെ ഒരു ഉറവു കണ്ടെത്താൻ നിങ്ങൾ ഉടൻ നടപടി സ്വീകരിക്കും. ശരി, ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം സത്യമതത്തെ തിരിച്ചറിയാനും ആരാധനയെ ദൈവത്തിന് അസ്വീകാര്യമാക്കുന്ന മാലിന്യങ്ങളെ തളളിക്കളയാനും നമ്മെ സജ്ജരാക്കുന്നു.
ഉപദേശങ്ങളെന്ന നിലയിൽ മനുഷ്യകല്പനകൾ
11. യഹൂദൻമാരായ അനേകരുടെ ആരാധനയിലെ തെററ് എന്തായിരുന്നു?
11 യേശു ഭൂമിയിലായിരുന്നപ്പോൾ അനേകം യഹൂദൻമാർ സൂക്ഷ്മമായ ദൈവപരിജ്ഞാനപ്രകാരം പ്രവർത്തിച്ചില്ല. തന്നിമിത്തം അവർക്കു യഹോവയുടെ മുമ്പാകെ ശുദ്ധമായ നിലപാട് ഉണ്ടായിരിക്കാനുളള അവസരം നഷ്ടപ്പെട്ടു. അവരെ സംബന്ധിച്ചു പൗലോസ് ഇങ്ങനെ എഴുതി: “അവർക്കു ദൈവത്തിനുവേണ്ടി തീക്ഷ്ണത ഉണ്ടെന്നു ഞാൻ അവർക്കു സാക്ഷ്യംവഹിക്കുന്നു; എന്നാൽ സൂക്ഷ്മ പരിജ്ഞാനപ്രകാരമല്ല.” (റോമർ 10:2, NW) ദൈവം പറഞ്ഞതു ശ്രദ്ധിക്കുന്നതിനു പകരം ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് അവർ സ്വയം തീരുമാനിച്ചു.
12. ഇസ്രായേലിന്റെ ആരാധനയെ ദുഷിപ്പിച്ചത് എന്ത്, എന്തു ഫലത്തോടെ?
12 ഇസ്രായേല്യർ ആദ്യം ദൈവദത്തമായ ശുദ്ധമതം ആചരിച്ചിരുന്നു. എന്നാൽ അതു മനുഷ്യരുടെ ഉപദേശങ്ങളും തത്ത്വജ്ഞാനങ്ങളും കൊണ്ടു മലിനമായി. (യിരെമ്യാവു 8:8, 9; മലാഖി 2:8, 9; ലൂക്കൊസ് 11:52) പരീശൻമാർ എന്നറിയപ്പെട്ടിരുന്ന യഹൂദ മതനേതാക്കൻമാർ തങ്ങളുടെ ആരാധന ദൈവത്തിനു സ്വീകാര്യമാണെന്നു വിചാരിച്ചു എങ്കിലും യേശു അവരോട് ഇങ്ങനെ പറഞ്ഞു: ‘കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു. മാനുഷ കല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.’—മർക്കൊസ് 7:6, 7.
13. പരീശൻമാർ ചെയ്തതുപോലെ നാം എങ്ങനെ ചെയ്തേക്കാം?
13 പരീശൻമാർ ചെയ്തതുപോലെ നമ്മളും ചെയ്യാനുളള സാധ്യതയുണ്ടോ? ആരാധന സംബന്ധിച്ചു ദൈവം പറഞ്ഞിരിക്കുന്നതു പരിശോധിക്കുന്നതിനു പകരം നമുക്കു കൈമാറിക്കിട്ടിയിരിക്കുന്ന മതപാരമ്പര്യങ്ങൾ നാം അനുസരിക്കുകയാണെങ്കിൽ അതു സംഭവിച്ചേക്കാം. വളരെ യഥാർഥമായ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ടു പൗലോസ് ഇങ്ങനെ എഴുതി: “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.” (1 തിമൊഥെയൊസ് 4:1) അതുകൊണ്ടു നമ്മുടെ ആരാധന ദൈവത്തിനു പ്രസാദകരമാണ് എന്നു സങ്കല്പിച്ചാൽമാത്രം പോരാ. യേശുവിനെ കണ്ടുമുട്ടിയ ശമര്യസ്ത്രീയെപ്പോലെ നമ്മുടെ ആരാധനാരീതി നാം നമ്മുടെ മാതാപിതാക്കളിൽനിന്ന് അവകാശപ്പെടുത്തിയതായിരിക്കാം. എന്നാൽ ദൈവത്തിന്റെ അംഗീകാരമുളള കാര്യങ്ങളാണു നാം ചെയ്യുന്നതെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതുണ്ട്.
ദൈവത്തെ മുഷിപ്പിക്കുന്നതിനെതിരെ ജാഗരിക്കുക
14, 15. നമുക്കു ദൈവേഷ്ടത്തെക്കുറിച്ചു കുറേ പരിജ്ഞാനം ഉണ്ടെങ്കിലും നാം ശ്രദ്ധയുളളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
14 ശ്രദ്ധയുളളവരല്ലെങ്കിൽ നാം ദൈവത്തിന് അസ്വീകാര്യമായ എന്തെങ്കിലും ചെയ്തുപോയേക്കാം. ദൃഷ്ടാന്തത്തിന്, അപ്പോസ്തലനായ യോഹന്നാൻ ഒരു ദൂതനെ “ആരാധിക്കാൻ” അവന്റെ കാൽക്കൽ വീണു. പക്ഷേ ദൂതൻ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ജാഗ്രത പാലിക്കുക! അതു ചെയ്യരുത്! ഞാൻ നിന്റെയും യേശുവിനു സാക്ഷ്യം വഹിക്കുന്ന വേലയുളള നിന്റെ സഹോദരൻമാരുടെയും സഹയടിമ മാത്രമാണ്. ദൈവത്തെ ആരാധിക്കുക.” (വെളിപാട് 19:10, NW) അതുകൊണ്ട് നിങ്ങളുടെ ആരാധന ഏതെങ്കിലും തരം വിഗ്രഹാരാധനയാൽ മലിനപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത നിങ്ങൾ കാണുന്നുണ്ടോ?—1 കൊരിന്ത്യർ 10:14.
15 ചില ക്രിസ്ത്യാനികൾ ദൈവത്തെ പ്രീതിപ്പെടുത്താഞ്ഞ മതാചാരങ്ങൾ അനുഷ്ഠിച്ചുതുടങ്ങിയപ്പോൾ പൗലോസ് ഇങ്ങനെ ചോദിച്ചു: “നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.” (ഗലാത്യർ 4:8-11) ആ വ്യക്തികൾ ദൈവപരിജ്ഞാനം നേടിയിരുന്നു, എന്നാൽ യഹോവക്കു സ്വീകാര്യമല്ലാത്ത മതാചാരങ്ങളും വിശേഷദിവസങ്ങളും അനുഷ്ഠിച്ചുകൊണ്ടു പിന്നീടു തെററു ചെയ്തു. പൗലോസ് പറഞ്ഞതുപോലെ നാം “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചു”കൊണ്ടിരിക്കേണ്ടതുണ്ട്.—എഫെസ്യർ 5:9.
16. വിശേഷദിവസങ്ങളും ആചാരങ്ങളും ദൈവത്തെ പ്രസാദിപ്പിക്കുന്നുവോയെന്നു നിശ്ചയിക്കാൻ യോഹന്നാൻ 17:16-ഉം 1 പത്രൊസ് 4:3-ഉം നമ്മെ സഹായിക്കുന്നത് എങ്ങനെ?
16 ദൈവത്തിന്റെ തത്ത്വങ്ങൾ ലംഘിക്കുന്ന മതപരമായ വിശേഷദിവസങ്ങളും മററാചാരങ്ങളും നാം ഒഴിവാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. (1 തെസ്സലൊനീക്യർ 5:21) ഉദാഹരണത്തിന്, “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികൻമാരല്ല [“ലോകത്തിന്റെ ഭാഗമല്ല,” NW]” എന്നു യേശു തന്റെ അനുഗാമികളെക്കുറിച്ചു പറഞ്ഞു. (യോഹന്നാൻ 17:16) ഈ ലോകത്തിന്റെ കാര്യാദികൾ സംബന്ധിച്ച നിഷ്പക്ഷതയുടെ തത്ത്വത്തെ ലംഘിക്കുന്ന ചടങ്ങുകളിലും വിശേഷദിവസങ്ങളിലും നിങ്ങളുടെ മതം ഉൾപ്പെടുന്നുവോ? അല്ലെങ്കിൽ അപ്പോസ്തലനായ പത്രോസ് വർണിച്ചതിനോടു തുല്യമായ നടത്ത ഉൾപ്പെട്ടിരിക്കാവുന്ന ആചാരങ്ങളിലും ആഘോഷങ്ങളിലും നിങ്ങളുടെ മതാനുയായികൾ ചിലപ്പോൾ പങ്കെടുക്കുന്നുവോ? പത്രോസ് ഇങ്ങനെ എഴുതി: “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.”—1 പത്രൊസ് 4:3.
17. ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സർവതും നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
17 നമുക്കു ചുററുമുളള ഭക്തികെട്ട ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഏത് ആചാരവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അപ്പോസ്തലനായ യോഹന്നാൻ ഊന്നിപ്പറഞ്ഞു. യോഹന്നാൻ എഴുതി: “ലോകത്തെയും ലോകത്തിലുളളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുളളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) ‘ദൈവേഷ്ടം ചെയ്യുന്നവർ’ എന്നേക്കും ഇരിക്കുമെന്നതു നിങ്ങൾ ശ്രദ്ധിച്ചോ? അതേ, നാം ദൈവേഷ്ടം ചെയ്യുകയും ഈ ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്താൽ നമുക്കു നിത്യജീവന്റെ പ്രത്യാശ വെച്ചുപുലർത്താൻ കഴിയും!
ദൈവത്തിന്റെ ഉയർന്ന പ്രമാണങ്ങൾ അനുസരിക്കുക
18. ചില കൊരിന്ത്യർ നടത്ത സംബന്ധിച്ചു തെററിദ്ധരിച്ചിരുന്നത് എങ്ങനെ, ഇതിൽനിന്നു നാം എന്തു പഠിക്കണം?
18 തന്റെ ആരാധകരായി ദൈവം ആഗ്രഹിക്കുന്നതു തന്റെ ഉയർന്ന പ്രമാണങ്ങൾ അനുസരിക്കുന്നവരെയാണ്. ദൈവം അധാർമിക പെരുമാററം പൊറുക്കുമെന്നു പുരാതന കൊരിന്തിലെ ചിലർ തെററായി വിചാരിച്ചു. അവർ എത്ര തെററിപ്പോയിരുന്നുവെന്ന് 1 കൊരിന്ത്യർ 6:9, 10 വായിക്കുന്നതിനാൽ നമുക്കു കാണാൻ കഴിയും. ദൈവത്തെ സ്വീകാര്യമായി ആരാധിക്കണമെങ്കിൽ നാം അവനെ വാക്കിലും പ്രവൃത്തിയിലും പ്രസാദിപ്പിക്കണം. നിങ്ങളുടെ ആരാധനാരീതി അതു ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്നുണ്ടോ?—മത്തായി 15:8; 23:1-3.
19. സത്യാരാധന മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തെ എങ്ങനെ ബാധിക്കുന്നു?
19 മററുളളവരുമായുളള നമ്മുടെ ഇടപെടലുകളും ദൈവത്തിന്റെ പ്രമാണങ്ങളെ പ്രതിഫലിപ്പിക്കണം. മററുളളവർ നമ്മോട് എങ്ങനെ പെരുമാറാൻ നാം ആഹ്രിക്കുന്നുവോ അതുപോലെ നാം മററുളളവരോടും പെരുമാറാൻ യേശുക്രിസ്തു നമ്മെ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ടെന്നാൽ ഇതു സത്യാരാധനയുടെ ഭാഗമാണ്. (മത്തായി 7:12) സഹോദരസ്നേഹം പ്രകടമാക്കുന്നതിനെക്കുറിച്ച് അവൻ പറഞ്ഞതും കുറിക്കൊളളുക: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) യേശുവിന്റെ ശിഷ്യൻമാർ അന്യോന്യം സ്നേഹിക്കുകയും സഹാരാധകർക്കും മററുളളവർക്കും നൻമ ചെയ്യുകയും വേണം.—ഗലാത്യർ 6:10.
മുഴുദേഹിയോടുകൂടിയ ആരാധന
20, 21. (എ) ദൈവം ഏതു തരം ആരാധന ആവശ്യപ്പെടുന്നു? (ബി) മലാഖിയുടെ നാളിൽ യഹോവ ഇസ്രായേലിന്റെ ആരാധനയെ തളളിക്കളഞ്ഞത് എന്തുകൊണ്ട്?
20 ദൈവത്തെ സ്വീകാര്യമായി ആരാധിക്കാൻ നിങ്ങൾ ഹൃദയപൂർവം ആഗ്രഹിച്ചേക്കാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് ആരാധന സംബന്ധിച്ച യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കണം. നമ്മുടേതല്ല, ദൈവത്തിന്റെ വീക്ഷണമാണു പ്രധാനം എന്നു ശിഷ്യനായ യാക്കോബ് ഊന്നിപ്പറഞ്ഞു. യാക്കോബ് ഇങ്ങനെ പറഞ്ഞു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുളള ഭക്തിയോ: [“ആരാധനാരീതി,” NW] അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുളള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊളളുന്നതും ആകുന്നു.” (യാക്കോബ് 1:27) ദൈവത്തെ പ്രസാദിപ്പിക്കാനുളള ആഗ്രഹത്തോടെ, നമ്മുടെ ആരാധനാരീതി ഭക്തികെട്ട ആചാരങ്ങളാൽ മലിനപ്പെടുന്നില്ലെന്ന് അല്ലെങ്കിൽ ദൈവം മർമപ്രധാനമായി കരുതുന്ന എന്തെങ്കിലും നാം ഒഴിവാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നമ്മിലോരോരുത്തരും അതിനെ പരിശോധിക്കേണ്ടതുണ്ട്.—യാക്കോബ് 1:26.
21 ശുദ്ധവും മുഴുദേഹിയോടുകൂടിയതുമായ ആരാധന മാത്രമേ യഹോവക്കു പ്രസാദകരമായിരിക്കുന്നുളളു. (മത്തായി 22:37; കൊലൊസ്സ്യർ 3:23) ഇസ്രായേൽ ജനത ദൈവത്തിന് അതിൽ കുറഞ്ഞതു കൊടുത്തപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുളള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുളള ഭക്തി എവിടെ?” അവർ കണ്ണുപൊട്ടിയ, മുടന്തും രോഗവുമുളള മൃഗങ്ങളെ ബലിയർപ്പിച്ചുകൊണ്ടു ദൈവത്തെ മുഷിപ്പിക്കുകയായിരുന്നു, അത്തരം ആരാധനാക്രിയകൾ അവൻ നിരസിച്ചു. (മലാഖി 1:6-8) യഹോവ ഏററവും ശുദ്ധമായ രൂപത്തിലുളള ആരാധനക്ക് അർഹനാണ്, അവൻ സമ്പൂർണ ഭക്തിയിൽ കുറഞ്ഞ യാതൊന്നും സ്വീകരിക്കുന്നുമില്ല.—പുറപ്പാടു 20:5; സദൃശവാക്യങ്ങൾ 3:9; വെളിപ്പാടു 4:11.
22. നമ്മുടെ ആരാധന ദൈവം സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം എന്ത് ഒഴിവാക്കും, നാം എന്തു ചെയ്യും?
22 യേശുവുമായി സംസാരിച്ച ശമര്യസ്ത്രീ ദിവ്യാംഗീകാരമുളള വിധത്തിൽ ദൈവത്തെ ആരാധിക്കുന്നതിൽ തത്പരയായിരുന്നുവെന്നു തോന്നുന്നു. നമ്മുടെ ആഗ്രഹമതാണെങ്കിൽ നാം ദുഷിപ്പിക്കുന്ന സകല ഉപദേശങ്ങളും ആചാരങ്ങളും ഒഴിവാക്കും. (2 കൊരിന്ത്യർ 6:14-18) പകരം, നാം സൂക്ഷ്മമായ ദൈവപരിജ്ഞാനം നേടാൻ കഠിനാധ്വാനം ചെയ്യും, അവന്റെ ഇഷ്ടം നിറവേററുകയും ചെയ്യും. സ്വീകാര്യമായ ആരാധനക്കുളള അവന്റെ വ്യവസ്ഥകളോടു നാം അടുത്തു പററിനിൽക്കും. (1 തിമൊഥെയൊസ് 2:3, 4) അതുതന്നെ ചെയ്യാൻ യഹോവയുടെ സാക്ഷികൾ കഠിനശ്രമം ചെയ്യുകയാണ്. ദൈവത്തെ “ആത്മാവോടും സത്യത്തോടും കൂടെ” ആരാധിക്കുന്നതിൽ തങ്ങളോടു ചേരാൻ അവർ നിങ്ങളെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുന്നു. (യോഹന്നാൻ 4:24) “തന്നെ ആരാധിക്കാൻ പിതാവ് അങ്ങനെയുളളവരെ അന്വേഷിക്കുകയാണ്” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 4:23, NW) നിങ്ങൾ അങ്ങനെയുളള ഒരാളാണെന്ന് ആശിക്കുകയാണ്. ആ ശമര്യസ്ത്രീയെപ്പോലെ, നിങ്ങൾ നിത്യജീവൻ ലഭിക്കാൻ ആഗ്രഹിക്കുമെന്നുളളതിനു സംശയമില്ല. (യോഹന്നാൻ 4:13-15) എന്നാൽ ആളുകൾ വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും ആണു നിങ്ങൾ കാണുന്നത്. അടുത്ത അധ്യായം അത് എന്തുകൊണ്ടെന്നു നമ്മോടു പറയും.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
യോഹന്നാൻ 4:23, 24-ൽ പ്രകടമാക്കിയിരിക്കുന്ന പ്രകാരം, ഏതാരാധനയാണു ദൈവം സ്വീകരിക്കുന്നത്?
ദൈവം ചില ആചാരങ്ങളിലും ആഘോഷങ്ങളിലും പ്രസാദിക്കുന്നുണ്ടോയെന്നു നമുക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും?
സ്വീകാര്യമായ ആരാധനയുടെ ചില വ്യവസ്ഥകൾ ഏവ?
[അധ്യയന ചോദ്യങ്ങൾ]
[44-ാം പേജ് നിറയെയുള്ള ചിത്രം]