ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 8
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
1, 2. ആളുകൾ മിക്കപ്പോഴും മാനുഷ കഷ്ടപ്പാടിനോട് എങ്ങനെ പ്രതികരിക്കുന്നു?
വസ്തുവിനും ജീവനും നാശം വരുത്തിക്കൊണ്ടു വിപത്തുകൾ ഉണ്ടാകുമ്പോൾ ഇത്തരം ഭയങ്കര കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടെന്നു പലർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. മററു ചിലർ കുററകൃത്യം, അക്രമം എന്നിവയുടെ വ്യാപ്തിയിലും ക്രൂരതയിലും ദ്രോഹത്തിലും അസ്വസ്ഥരാകുന്നു. ‘ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?’ എന്നു നിങ്ങളും അതിശയിച്ചിട്ടുണ്ടായിരിക്കാം.
2 ഈ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ലാത്തതിനാൽ പലർക്കും ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവൻ മനുഷ്യവർഗത്തിൽ തത്പരനല്ലെന്ന് അവർ വിചാരിക്കുന്നു. കഷ്ടപ്പാടിനെ ഒരു ജീവിത യാഥാർഥ്യമായി അംഗീകരിക്കുന്ന മററു ചിലർ മനുഷ്യസമുദായത്തിലെ സകല തിൻമയും നിമിത്തം കുപിതരാകയും ദൈവത്തെ പഴിക്കയും ചെയ്യുന്നു. നിങ്ങൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, ഈ കാര്യങ്ങൾ സംബന്ധിച്ചുളള ബൈബിളിലെ പ്രസ്താവനകളിൽ നിങ്ങൾ വളരെ തത്പരനായിരിക്കാനിടയുണ്ട്.
കഷ്ടപ്പാടു ദൈവത്തിൽനിന്നല്ല
3, 4. തിൻമയും കഷ്ടപ്പാടും യഹോവയിൽനിന്നല്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
3 നമ്മുടെ ചുററുപാടും കാണുന്ന കഷ്ടപ്പാടു യഹോവയാം ദൈവം വരുത്തുന്നതല്ലെന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. ഉദാഹരണത്തിന്, “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല” എന്നു ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 1:13) അങ്ങനെയാകയാൽ, മനുഷ്യവർഗത്തെ ബാധിക്കുന്ന നിരവധി ദുരിതങ്ങൾ വരുത്തിയിരിക്കുന്നതു ദൈവമായിരിക്കാവുന്നതല്ല. അവൻ സ്വർഗത്തിലെ ജീവിതത്തിന് ആളുകളെ യോഗ്യരാക്കാൻ പരിശോധനകൾ വരുത്തുന്നില്ല. ഒരു മുൻ ജീവിതത്തിൽ ചെയ്തതായി സങ്കൽപ്പിക്കപ്പെടുന്ന ദുഷ്കർമങ്ങൾക്ക് അവൻ അവരെ കഷ്ടപ്പെടുത്തുന്നുമില്ല.—റോമർ 6:7.
4 കൂടാതെ, ദൈവത്തിന്റെയോ ക്രിസ്തുവിന്റെയോ നാമത്തിൽ ഭയങ്കര കാര്യങ്ങൾ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം നടപടികളെ അവരിലാരെങ്കിലും എന്നെങ്കിലും അംഗീകരിച്ചിട്ടുളളതായി സൂചിപ്പിക്കുന്ന യാതൊന്നും ബൈബിളിലില്ല. തങ്ങളെ സേവിക്കുന്നു എന്ന് അവകാശപ്പെടുന്നവരെങ്കിലും വഞ്ചിക്കുകയും മോഷ്ടിക്കുകയും കൊല്ലുകയും കൊളളയടിക്കുകയും മാനുഷ കഷ്ടപ്പാടുകൾക്കിടയാക്കുന്ന മററനേകം കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരുമായി ദൈവത്തിനും ക്രിസ്തുവിനും യാതൊരു പങ്കാളിത്തവും ഇല്ല. യഥാർഥത്തിൽ, “ദുഷ്ടൻമാരുടെ വഴി യഹോവക്കു വെറുപ്പു” ആകുന്നു. ദൈവം “ദുഷ്ടൻമാരോടു അകന്നിരിക്കുന്നു.”—സദൃശവാക്യങ്ങൾ 15:9, 29.
5. യഹോവയുടെ ഗുണങ്ങളിൽ ചിലതേവ, അവൻ തന്റെ സൃഷ്ടികളെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
5 യഹോവയെ “മഹാ കരുണയും മനസ്സലിവുമുളളവ”നായി ബൈബിൾ വർണിക്കുന്നു. (യാക്കോബ് 5:11) “യഹോവ ന്യായപ്രിയനാകുന്നു” എന്ന് അതു പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 37:28; യെശയ്യാവു 61:8) അവൻ പ്രതികാരപ്രിയനല്ല. അവൻ സഹാനുഭൂതിയോടെ തന്റെ സൃഷ്ടികൾക്കായി കരുതുകയും അവരുടെ ക്ഷേമത്തിന് ഏററവും നല്ലത് അവർക്കെല്ലാം കൊടുക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 14:16, 17) ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതു മുതൽതന്നെ ദൈവം അതു ചെയ്തിരിക്കുന്നു.
ഒരു പൂർണതയുളള തുടക്കം
6. മനുഷ്യവർഗത്തിന്റെ ആദിമചരിത്രത്തെ ചില ഐതിഹ്യങ്ങൾ പരാമർശിക്കുന്നത് എങ്ങനെ?
6 നമ്മളെല്ലാം വേദനയും കഷ്ടപ്പാടും കണ്ടും അനുഭവിച്ചും പരിചയമുളളവരാണ്. തന്നിമിത്തം കഷ്ടപ്പാടില്ലാത്ത ഒരു കാലത്തെക്കുറിച്ചു സങ്കൽപ്പിക്കുക പ്രയാസമായിരിക്കാം; എന്നാൽ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ സ്ഥിതി അങ്ങനെയായിരുന്നു. ചില ജനതകളുടെ ഐതിഹ്യങ്ങൾപോലും അത്തരം സന്തുഷ്ടമായ ഒരു തുടക്കത്തിലേക്കു വിരൽ ചൂണ്ടുന്നു. ഗ്രീക്ക് പുരാണത്തിൽ, “അഞ്ചു മനുഷ്യ യുഗങ്ങ”ളിൽ ഒന്നാമത്തേതു “സുവർണയുഗം” എന്നു വിളിക്കപ്പെട്ടു. അതിൽ മനുഷ്യർ അധ്വാനം, വേദന, വാർധക്യത്തിന്റെ കെടുതികൾ എന്നിവയില്ലാതെ സന്തുഷ്ടജീവിതം നയിച്ചു. പുരാണത്തിലെ മഞ്ഞ ചക്രവർത്തിയുടെ (ഹുവാൻ-ഡീ) വാഴ്ചക്കാലത്തു ജനങ്ങൾ സമാധാനത്തിൽ ജീവിക്കുകയും പ്രകൃതിശക്തികളോടും കാട്ടുമൃഗങ്ങളോടും പോലുമുളള ഐക്യം ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നു ചൈനാക്കാർ പറയുന്നു. പേർഷ്യക്കാർ, ഈജിപ്തുകാർ, ടിബററുകാർ, പെറൂവ്യർ, മെക്സിക്കോക്കാർ എന്നിവർക്കെല്ലാം മനുഷ്യവർഗചരിത്രത്തിന്റെ തുടക്കത്തിലെ സന്തുഷ്ടിയുടെയും പൂർണതയുടെയും ഒരു കാലത്തെക്കുറിച്ചുളള ഐതിഹ്യങ്ങളുണ്ട്.
7. ദൈവം ഭൂമിയെയും മനുഷ്യവർഗത്തെയും സൃഷ്ടിച്ചത് എന്തിന്?
7 ജനതകളുടെ പുരാണകഥകൾ മനുഷ്യചരിത്രത്തിന്റെ ഏററവും പഴക്കമുളള ലിഖിതരേഖയായ ബൈബിളിനെ കേവലം പ്രതിധ്വനിപ്പിക്കുകയാണു ചെയ്യുന്നത്. ആദ്യ മനുഷ്യജോടിയായ ആദാമിനെയും ഹവ്വായെയും ദൈവം ഏദെൻതോട്ടം എന്നു വിളിച്ചിരുന്ന പറുദീസയിൽ ആക്കിവെച്ചുവെന്നും ‘സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കാൻ’ അവരോടു കല്പിച്ചുവെന്നും അതു നമ്മെ അറിയിക്കുന്നു. (ഉല്പത്തി 1:28) നമ്മുടെ ആദ്യ മാതാപിതാക്കൾ പൂർണത ആസ്വദിച്ചു, അവർക്കു മുഴു ഭൂമിയും നിലനിൽക്കുന്ന സമാധാനത്തിലും സന്തുഷ്ടിയിലും ജീവിക്കുന്ന പൂർണതയുളള ഒരു മനുഷ്യകുടുംബം വസിക്കുന്ന ഒരു പറുദീസയായിത്തീരുന്നതു കാണാനുളള പ്രതീക്ഷയുമുണ്ടായിരുന്നു. ഭൂമിയെയും മനുഷ്യവർഗത്തെയും സൃഷ്ടിച്ചതിലുളള ദൈവോദ്ദേശ്യം അതായിരുന്നു.—യെശയ്യാവു 45:18.
ദ്രോഹപൂർവകമായ ഒരു വെല്ലുവിളി
8. ആദാമും ഹവ്വായും ഏതു കല്പന അനുസരിക്കാൻ പ്രതീക്ഷിക്കപ്പെട്ടു, എന്നാൽ എന്തു സംഭവിച്ചു?
8 ദൈവപ്രീതിയിൽ നിലനിൽക്കുന്നതിന്, ആദാമും ഹവ്വായും “നൻമതിൻമകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നാതിരിക്കണമായിരുന്നു. (ഉല്പത്തി 2:16, 17) അവർ യഹോവയുടെ നിയമം അനുസരിച്ചിരുന്നെങ്കിൽ, മനുഷ്യജീവിതത്തെ കളങ്കപ്പെടുത്താൻ കഷ്ടപ്പാട് ഉണ്ടായിരിക്കുമായിരുന്നില്ല. ദൈവകല്പന അനുസരിക്കുന്നതിനാൽ അവർ യഹോവയോടുളള സ്നേഹവും ഭക്തിയും പ്രകടമാക്കുമായിരുന്നു. (1 യോഹന്നാൻ 5:3) എന്നാൽ നാം 6-ാം അധ്യായത്തിൽ പഠിച്ചതുപോലെ, കാര്യങ്ങൾ ആ വിധത്തിൽ നടന്നില്ല. സാത്താന്റെ പ്രേരണയാൽ ഹവ്വാ ആ വൃക്ഷഫലം തിന്നു. പിന്നീട് ആദാമും വിലക്കപ്പെട്ട ഫലം തിന്നു.
9. യഹോവ ഉൾപ്പെടുന്ന ഏതു വാദവിഷയം സാത്താൻ ഉന്നയിച്ചു?
9 സംഭവിച്ചതിന്റെ ഗൗരവം നിങ്ങൾ കാണുന്നുവോ? സാത്താൻ അത്യുന്നതനെന്ന നിലയിലുളള യഹോവയുടെ സ്ഥാനത്തെ ആക്രമിക്കുകയായിരുന്നു. “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്നു പറയുകവഴി പിശാച് “നീ മരിക്കും” എന്ന ദൈവത്തിന്റെ വാക്കുകൾക്കു വിരുദ്ധമായി സംസാരിച്ചു. നൻമതിൻമകൾ എന്താണെന്നു തീരുമാനിക്കാൻ ദൈവത്തിന്റെ ആവശ്യമില്ലാതെവണ്ണം ആദാമിനും ഹവ്വായ്ക്കും ദൈവത്തെപ്പോലെയായിത്തീരാനുളള സാധ്യതയെക്കുറിച്ച് അവരെ യഹോവ അജ്ഞരാക്കി നിർത്തിയിരിക്കുകയാണെന്നു സാത്താന്റെ കൂടുതലായ വാക്കുകൾ ധ്വനിപ്പിച്ചു. അതുകൊണ്ടു സാത്താന്റെ വെല്ലുവിളി സാർവത്രിക പരമാധികാരിയെന്ന നിലയിലുളള യഹോവയുടെ സ്ഥാനത്തിന്റെ ഔചിത്യത്തെയും സാധുതയെയും ചോദ്യംചെയ്തു.—ഉല്പത്തി 2:17; 3:1-6.
10. മനുഷ്യരെ സംബന്ധിച്ചു സാത്താൻ ഏതു ദുരാരോപണങ്ങൾ ഉന്നയിച്ചു?
10 ദൈവത്തോടുളള അനുസരണം ആളുകൾക്കു പ്രയോജനകരം ആയിരിക്കുന്നടത്തോളം കാലം മാത്രമേ അവർ യഹോവയോട് അനുസരണത്തിൽ നിലനിൽക്കുകയുളളുവെന്നും പിശാചായ സാത്താൻ സൂചിപ്പിച്ചു. മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യനിർമലത ചോദ്യംചെയ്യപ്പെട്ടു. ഒരു മനുഷ്യനും സ്വമനസ്സാലെ ദൈവത്തോടു വിശ്വസ്തതയിൽ നിലനിൽക്കുകയില്ലെന്നു സാത്താൻ ആരോപിച്ചു. സാത്താന്റെ ദുരുദ്ദേശ്യത്തോടുകൂടിയ ഈ അവകാശവാദം ഇയ്യോബിനെക്കുറിച്ചുളള ബൈബിളിലെ വിവരണത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു. പൊ.യു.മു. 1600-നുമുമ്പ് ഒരു സമയത്ത് ഒരു വലിയ പരിശോധനക്കു വിധേയനായ യഹോവയുടെ ഒരു വിശ്വസ്ത ദാസനായിരുന്നു ഇയ്യോബ്. ഇയ്യോബിന്റെ പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ വായിക്കുമ്പോൾ മനുഷ്യ കഷ്ടപ്പാടിന്റെയും ദൈവം അത് അനുവദിക്കുന്നതിന്റെയും കാരണം സംബന്ധിച്ചു നിങ്ങൾക്ക് ഉൾക്കാഴ്ച നേടാനാവും.
11. ഇയ്യോബ് ഏതു തരം മനുഷ്യനായിരുന്നു, എന്നാൽ സാത്താൻ ഏത് ആരോപണം കൊണ്ടുവന്നു?
11 “നിഷ്കളങ്കനും നേരുളളവനും” ആയ ഇയ്യോബ് സാത്താന്റെ ആക്രമണത്തിനു വിധേയനായി. ആദ്യം, “വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടു സാത്താൻ ഇയ്യോബിനു മോശമായ ആന്തരങ്ങൾ ഉണ്ടായിരുന്നതായി ആരോപിച്ചു. പിന്നീട്, ഇയ്യോബിനെ സംരക്ഷിച്ചും അനുഗ്രഹിച്ചും കൊണ്ട് യഹോവ അവന്റെ ഭക്തി വിലയ്ക്കു വാങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് പിശാച് ഉപായത്തിൽ ദൈവത്തെയും ഇയ്യോബിനെയും അപകീർത്തിപ്പെടുത്തി. “എന്നാൽ തൃക്കൈ നീട്ടി അവന്നുളളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും” എന്നു സാത്താൻ യഹോവയെ വെല്ലുവിളിച്ചു.—ഇയ്യോബ് 1:8-11.
12. (എ) ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിച്ചാൽ മാത്രമേ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയുമായിരുന്നുളളു? (ബി) ഇയ്യോബിന്റെ പരീക്ഷ എന്തിൽ കലാശിച്ചു?
12 ഇയ്യോബ് യഹോവയെ സേവിച്ചതു ദൈവത്തിൽനിന്ന് അവനു ലഭിച്ച എല്ലാ നൻമകൾക്കുംവേണ്ടി മാത്രം ആയിരുന്നോ? പരിശോധിക്കപ്പെട്ടാൽ ഇയ്യോബിന്റെ നിർമലത കോട്ടംതട്ടാതെ നിലനിൽക്കുമോ? യഹോവയെ സംബന്ധിച്ചാണെങ്കിൽ, അവനു തന്റെ ദാസനെ പരിശോധനക്ക് അനുവദിക്കുന്നതിന് അവനിൽ വേണ്ടത്ര വിശ്വാസമുണ്ടായിരുന്നോ? ഇയ്യോബിൻമേൽ അതികഠിന പരിശോധന വരുത്താൻ യഹോവ സാത്താനെ അനുവദിക്കുമെങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയുമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നപ്രകാരം ദൈവം അനുവദിച്ച പരിശോധനയിൻകീഴിലെ അവന്റെ വിശ്വസ്തഗതി യഹോവയുടെ നീതിയുടെയും മമനുഷ്യന്റെ നിർമലതയുടെയും സമ്പൂർണ സംസ്ഥാപനമായി ഭവിച്ചു.—ഇയ്യോബ് 42:1, 2, 12.
13. ഏദെനിൽവെച്ചും ഇയ്യോബിനും സംഭവിച്ചതിൽ നാം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
13 ഏതായാലും, ഏദെൻതോട്ടത്തിൽ സംഭവിച്ചതിനും ഇയ്യോബ് എന്ന മനുഷ്യനു സംഭവിച്ചതിനും ആഴമേറിയ അർഥമുണ്ട്. സാത്താൻ ഉന്നയിച്ച വാദവിഷയങ്ങളിൽ ഇന്നത്തെ നാം ഉൾപ്പെടെ സകല മനുഷ്യവർഗവും ഉൾപ്പെടുന്നു. ദൈവത്തിന്റെ നാമം അപകീർത്തിപ്പെട്ടും അവന്റെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടുമിരിക്കുന്നു. ദൈവസൃഷ്ടിയായ മമനുഷ്യന്റെ നിഷ്കളങ്കത ചോദ്യംചെയ്യപ്പെട്ടു. ഈ വാദവിഷയങ്ങൾക്കു തീർപ്പുകല്പിക്കണമായിരുന്നു.
വാദവിഷയങ്ങൾക്കു തീർപ്പുകല്പിക്കുന്ന വിധം
14. ദ്രോഹപൂർവകമായ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ കുററമാരോപിക്കപ്പെടുന്ന ഒരു വ്യക്തിക്ക് എന്തു ചെയ്യാവുന്നതാണ്?
14 ഒരു ദൃഷ്ടാന്തം പറഞ്ഞാൽ, നിങ്ങൾ ഒരു സന്തുഷ്ടകുടുംബത്തിൽ പല മക്കളുളള സ്നേഹനിധിയായ ഒരു പിതാവാണെന്നിരിക്കട്ടെ. നിങ്ങളുടെ അയൽക്കാരിലൊരാൾ നിങ്ങൾ ദുഷിച്ച ഒരു പിതാവാണെന്നു കുററമാരോപിച്ചുകൊണ്ട് നുണകൾ പരത്തുന്നുവെന്നു സങ്കൽപ്പിക്കുക. നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും ഒരു മെച്ചപ്പെട്ട സാഹചര്യത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു മാത്രമാണ് അവർ നിങ്ങളോടൊത്തു വസിക്കുന്നതെന്നും ആരെങ്കിലും അവസരമുണ്ടാക്കിക്കൊടുത്താൽ അവർ വീടുവിട്ടുപോകുമെന്നും അയൽക്കാരൻ പറയുന്നുവെങ്കിലെന്ത്? ‘അപഹാസ്യം!’, നിങ്ങൾ പറഞ്ഞേക്കാം. അതേ, എന്നാൽ നിങ്ങൾ അത് എങ്ങനെ തെളിയിക്കും? ചില പിതാക്കൻമാർ ഉഗ്രകോപത്തോടെ പ്രതികരിച്ചേക്കാം. അത്തരം അക്രമാസക്തമായ പ്രതികരണം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു പുറമേ, നുണകൾക്കു തെളിവും നൽകും. ഇത്തരമൊരു പ്രശ്നം കൈകാര്യം ചെയ്യുന്നതിനുളള തൃപ്തികരമായ ഒരു മാർഗം തന്റെ ആരോപണം തെളിയിക്കുന്നതിനു നിങ്ങളുടെ ആരോപകനും നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നുവെന്നു സാക്ഷ്യം പറയുന്നതിനു നിങ്ങളുടെ മക്കൾക്കും അവസരം അനുവദിക്കുക എന്നതായിരിക്കും.
15. സാത്താന്റെ വെല്ലുവിളിയെ എങ്ങനെ കൈകാര്യം ചെയ്യാൻ യഹോവ തീരുമാനിച്ചു?
15 യഹോവ സ്നേഹവാനായ പിതാവിനെപ്പോലെയാണ്. ആദാമിനെയും ഹവ്വായെയും മക്കളോടു താരതമ്യപ്പെടുത്താവുന്നതാണ്. നുണപറയുന്ന അയൽക്കാരന്റെ സ്ഥാനത്തു സാത്താൻ യോജിക്കുന്നു. ദൈവം ജ്ഞാനപൂർവം സാത്താനെയും ആദാമിനെയും ഹവ്വായെയും ഉടനെ നശിപ്പിച്ചില്ല, പിന്നെയോ കുറേക്കാലം തുടർന്നു ജീവിക്കാൻ ഈ ദുഷ്പ്രവൃത്തിക്കാരെ അനുവദിച്ചു. ഇതു മനുഷ്യകുടുംബത്തിനു തുടക്കമിടാൻ നമ്മുടെ ആദ്യമാതാപിതാക്കൾക്കു സമയം അനുവദിച്ചു. വാദവിഷയങ്ങൾക്കു തീർപ്പുകൽപ്പിക്കാൻ കഴിയത്തക്കവണ്ണം തന്റെ ആരോപണം ശരിയാണോയെന്നു തെളിയിക്കാൻ പിശാചിന് ഇത് ഒരു അവസരം കൊടുത്തിരിക്കുന്നു. എന്നിരുന്നാലും, ചില മനുഷ്യർ തന്നോടു വിശ്വസ്തരായിരിക്കുമെന്നും അങ്ങനെ സാത്താൻ നുണയനാണെന്നു തെളിയിക്കുമെന്നും ആരംഭം മുതൽ ദൈവത്തിന് അറിയാമായിരുന്നു. തന്നെ സ്നേഹിക്കുന്നവരെ യഹോവ തുടർന്ന് അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്തിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുളളവരാണ്!—2 ദിനവൃത്താന്തം 16:9; സദൃശവാക്യങ്ങൾ 15:3.
എന്തു തെളിയിക്കപ്പെട്ടിരിക്കുന്നു?
16. ലോകം സാത്താന്റെ അധികാരത്തിൻകീഴിൽ വന്നിരിക്കുന്നത് എങ്ങനെ?
16 മിക്കവാറും മുഴു മനുഷ്യചരിത്രത്തിലും, മനുഷ്യവർഗത്തിൻമേൽ ആധിപത്യത്തിനുളള സാത്താന്റെ പദ്ധതികൾ പ്രാവർത്തികമാക്കാൻ അവനു സമ്പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. മററുളളവയുടെ കൂട്ടത്തിൽ, അവൻ രാഷ്ട്രീയശക്തികളുടെമേൽ സ്വാധീനം പ്രയോഗിച്ചിട്ടുണ്ട്; യഹോവക്കു പകരം തന്നിലേക്കു കൗശലപൂർവം ആരാധന തിരിച്ചുവിടുന്ന മതങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ പിശാച് “ഈ ലോകത്തിന്റെ ദൈവം” ആയിത്തീർന്നിരിക്കുന്നു. അവൻ “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നു വിളിക്കപ്പെടുന്നു. (2 കൊരിന്ത്യർ 4:4; യോഹന്നാൻ 12:31, NW) തീർച്ചയായും, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) സകല മനുഷ്യവർഗത്തെയും യഹോവയാം ദൈവത്തിൽനിന്ന് അകററാൻ കഴിയുമെന്നുളള തന്റെ അവകാശവാദത്തെ സാത്താൻ തെളിയിച്ചിരിക്കുന്നുവെന്ന് ഇതിനർഥമുണ്ടോ? തീർച്ചയായുമില്ല! സാത്താൻ നിലനിൽക്കാൻ അനുവദിച്ചിരിക്കെ, യഹോവ തന്റെ സ്വന്തം ഉദ്ദേശ്യം നിറവേററാൻ നടപടികളെടുത്തിരിക്കുന്നു. അപ്പോൾ ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതു സംബന്ധിച്ചു ബൈബിൾ എന്തു വെളിപ്പെടുത്തുന്നു?
17. ദുഷ്ടതയുടെയും കഷ്ടപ്പാടിന്റെയും കാരണം സംബന്ധിച്ച് നാം എന്തു മനസ്സിൽ പിടിച്ചുകൊളളണം?
17 ദുഷ്ടതയും കഷ്ടപ്പാടും യഹോവ വരുത്തുന്നതല്ല. സാത്താൻ ഈ ലോകത്തിന്റെ ഭരണാധികാരിയും ഈ വ്യവസ്ഥിതിയുടെ ദൈവവും ആയിരിക്കുന്നതുകൊണ്ട് അവനും അവന്റെ പക്ഷത്തുളളവരുമാണു മനുഷ്യസമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്കും മനുഷ്യവർഗം അനുഭവിച്ചിരിക്കുന്ന സകല ദുരിതത്തിനും ഉത്തരവാദികൾ. അങ്ങനെയുളള ദുരിതത്തിന് ഉത്തരവാദി ദൈവമാണെന്ന് ആർക്കും ഉചിതമായി പറയാവുന്നതല്ല.—റോമർ 9:14.
18. ദൈവത്തെ വിട്ടുളള സ്വാതന്ത്ര്യത്തിന്റെ ആശയം സംബന്ധിച്ചു ദുഷ്ടതക്കും കഷ്ടപ്പാടിനുമുളള യഹോവയുടെ അനുവാദം എന്തു തെളിയിച്ചിരിക്കുന്നു?
18 ദുഷ്ടതക്കും ദുരിതത്തിനുമുളള യഹോവയുടെ അനുവാദം ദൈവത്തെ വിട്ടുളള സ്വാതന്ത്ര്യം ഒരു മെച്ചപ്പെട്ട ലോകം കൈവരുത്തിയിട്ടില്ല എന്നു തെളിയിച്ചിരിക്കുന്നു. ചരിത്രത്തിൽ അതിന്റെ സവിശേഷതയെന്നോണം ഒന്നിനുപിറകേ മറ്റൊന്നായി വിപത്തുകൾ സംഭവിച്ചിട്ടുണ്ടെന്നുള്ളത് അനിഷേധ്യമാണ്. മനുഷ്യർ സ്വന്തം സ്വതന്ത്രഗതി പിന്തുടരാൻ ഇഷ്ടപ്പെടുകയും ദൈവത്തിന്റെ വചനത്തോടും ഇഷ്ടത്തോടും യഥാർഥ ആദരവു കാട്ടാതിരിക്കയും ചെയ്തിരിക്കുന്നു എന്നതാണ് അതിന്റെ കാരണം. യഹോവയുടെ പുരാതന ജനവും അവരുടെ നേതാക്കളും അവിശ്വസ്തമായി “ജനപ്രീതിയുള്ള ഗതി” പിന്തുടരുകയും അവന്റെ വചനത്തെ ത്യജിക്കുകയും ചെയ്തപ്പോൾ ഫലങ്ങൾ വിപത്കരമായിരുന്നു. തന്റെ പ്രവാചകനായ യിരെമ്യാവ് മുഖാന്തരം ദൈവം അവരോട്: “ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളൂ?” എന്നു പറഞ്ഞു. (യിരെമ്യാവു 8:5, 6, 9) യഹോവയുടെ പ്രമാണങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതിനാൽ മനുഷ്യവർഗം പൊതുവേ ഒരു കടൽക്ഷോഭത്തിൽ ആടിയുലയുന്ന ചുക്കാനില്ലാത്ത കപ്പൽപോലെയായിത്തീർന്നിരിക്കുന്നു.
19. സകല മനുഷ്യരെയും ദൈവത്തിനെതിരെ തിരിക്കാൻ സാത്താനു കഴിയില്ലെന്നുളളതിന് എന്തു തെളിവുണ്ട്?
19 ദുഷ്ടതയും കഷ്ടപ്പാടും സംബന്ധിച്ച ദൈവത്തിന്റെ അനുവാദം സകല മനുഷ്യവർഗത്തെയും യഹോവയിൽനിന്ന് അകററാൻ സാത്താനു കഴിഞ്ഞിട്ടില്ല എന്നും തെളിയിച്ചിരിക്കുന്നു. തങ്ങളുടെമേൽ ഏതു പരിശോധനകളും അല്ലെങ്കിൽ വിപത്തുകളും വരുത്തിയിട്ടും ദൈവത്തോടു വിശ്വസ്തരായി നിലനിന്നിട്ടുളള വ്യക്തികൾ എല്ലായ്പോഴും ഉണ്ടായിരുന്നിട്ടുണ്ടെന്നു ചരിത്രം പ്രകടമാക്കുന്നു. ഈ നൂററാണ്ടുകളിലെല്ലാം തന്റെ ദാസൻമാർക്കുവേണ്ടി യഹോവയുടെ ശക്തി പ്രകടമായിട്ടുണ്ട്; അവന്റെ നാമം സർവഭൂമിയിലും ഘോഷിക്കപ്പെട്ടിട്ടുമുണ്ട്. (പുറപ്പാടു 9:16; 1 ശമൂവേൽ 12:22) ഹാബേൽ, ഹാനോക്ക്, നോഹ, അബ്രഹാം, മോശ എന്നിവർ ഉൾപ്പെടെയുളള വിശ്വസ്തരുടെ ഒരു നീണ്ടനിരയെക്കുറിച്ച് എബ്രായർ 11-ാം അധ്യായം നമ്മോടു പറയുന്നു. എബ്രായർ 12:1 അവരെ ‘സാക്ഷികളുടെ ഒരു വലിയ സമൂഹം’ എന്നു വിളിക്കുന്നു. അവർ യഹോവയിലുളള അചഞ്ചലമായ വിശ്വാസത്തിന്റെ മാതൃകകളായിരുന്നു. ആധുനിക കാലത്തും അനേകർ ദൈവത്തോടുളള അഭഞ്ജമായ നിർമലതയിൽ തങ്ങളുടെ ജീവൻ അർപ്പിച്ചിട്ടുണ്ട്. സാത്താനു സകല മനുഷ്യരെയും ദൈവത്തിനെതിരെ തിരിക്കാൻ കഴിയില്ലെന്നു തങ്ങളുടെ വിശ്വാസത്താലും സ്നേഹത്താലും അങ്ങനെയുളള വ്യക്തികൾ നിസ്തർക്കമായി തെളിയിക്കുന്നു.
20. ദുഷ്ടതയും കഷ്ടപ്പാടും തുടരാനുളള യഹോവയുടെ അനുവാദം ദൈവത്തെയും മനുഷ്യവർഗത്തെയും സംബന്ധിച്ച് എന്തു തെളിയിച്ചിരിക്കുന്നു?
20 ഒടുവിൽ, ദുഷ്ടതയും കഷ്ടപ്പാടും തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നത്, നിത്യാനുഗ്രഹവും സന്തുഷ്ടിയും കൈവരുത്തുമാറു മനുഷ്യവർഗത്തിൻമേൽ ഭരിക്കാനുളള പ്രാപ്തിയും അവകാശവും സ്രഷ്ടാവായ യഹോവക്കു മാത്രമേ ഉളളു എന്നതിന്റെ തെളിവു നൽകിയിരിക്കുന്നു. നൂററാണ്ടുകളോളം മനുഷ്യവർഗം അനേകം ഭരണരൂപങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാൽ ഫലമെന്താണ്? ഇന്നു ജനതകളെ അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നങ്ങളും പ്രതിസന്ധികളും, ബൈബിൾ ചൂണ്ടിക്കാണിക്കുന്നതുപോലെ, സത്യമായി ‘മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി മനുഷ്യൻ അധികാരം പ്രയോഗിച്ചിരിക്കുന്നു’ എന്നുളളതിന്റെ മതിയായ തെളിവാണ്. (സഭാപ്രസംഗി 8:9) യഹോവക്കു മാത്രമേ നമ്മുടെ രക്ഷക്ക് എത്താനും തന്റെ ആദിമോദ്ദേശ്യം നിറവേററാനും കഴികയുളളു. അവൻ ഇത് എങ്ങനെ, എപ്പോൾ ചെയ്യും?
21. സാത്താനെ എന്തു ചെയ്യും, ഇതു സാധിക്കാൻ ആരെ ഉപയോഗിക്കും?
21 ആദാമും ഹവ്വായും സാത്താന്റെ പദ്ധതിക്കു വശംവദരായ ഉടനെ ദൈവം ഒരു രക്ഷാമാർഗത്തെക്കുറിച്ചുളള തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചു. സാത്താനെ സംബന്ധിച്ചു യഹോവ പ്രഖ്യാപിച്ചത് ഇതാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) ആ പ്രഖ്യാപനം തന്റെ ദുഷ്ട പ്രവൃത്തികൾ എന്നേക്കും ചെയ്തുകൊണ്ടിരിക്കാൻ പിശാചിനെ അനുവദിക്കുകയില്ലെന്ന് ഉറപ്പുനൽകി. മിശിഹൈകരാജ്യത്തിന്റെ രാജാവെന്ന നിലയിൽ വാഗ്ദത്ത സന്തതിയായ യേശുക്രിസ്തു ‘സാത്താന്റെ തല ചതയ്ക്കും.’ അതേ, “താമസിയാതെ” യേശു മത്സരിയായ സാത്താനെ തകർക്കും!—റോമർ 16:20, NW.
നിങ്ങൾ എന്തു ചെയ്യും?
22. (എ) നിങ്ങൾ ഏതു ചോദ്യങ്ങളെ അഭിമുഖീകരിക്കണം? (ബി) സാത്താൻ ദൈവത്തോടു വിശ്വസ്തരായിരിക്കുന്നവരുടെമേൽ തന്റെ ക്രോധം ചൊരിയുന്നുവെങ്കിലും, അവർക്ക് എന്തു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
22 ഉൾപ്പെട്ടിരിക്കുന്ന വാദവിഷയങ്ങൾ മനസ്സിലാക്കിയിരിക്കേ, നിങ്ങൾ ആരുടെ പക്ഷത്തു നിലകൊളളും? നിങ്ങൾ യഹോവയുടെ ഒരു വിശ്വസ്ത പിന്തുണക്കാരനാണെന്നു നിങ്ങളുടെ പ്രവർത്തനങ്ങളാൽ തെളിയിക്കുമോ? തന്റെ സമയം ചുരുങ്ങിയിരിക്കുന്നുവെന്നു സാത്താന് അറിയാമെന്നുളളതുകൊണ്ട് അവൻ ദൈവത്തോടു നിർമലത പാലിക്കാൻ ആഗ്രഹിക്കുന്നവരുടെമേൽ ക്രോധം ചൊരിയാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. (വെളിപ്പാടു 12:12) എന്നാൽ “ദൈവഭക്തിയുളളവരെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാം” എന്നുളളതുകൊണ്ടു സഹായത്തിനുവേണ്ടി നിങ്ങൾക്കു ദൈവത്തിലേക്കു നോക്കാൻ കഴിയും. (2 പത്രോസ് 2:9, NW) നിങ്ങൾക്കു സഹിക്കാവുന്നതിലധികമായി പരീക്ഷിക്കപ്പെടാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല, നിങ്ങൾക്കു പരീക്ഷകൾ സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന് അവൻ പോംവഴി ഉണ്ടാക്കുകയും ചെയ്യും.—1 കൊരിന്ത്യർ 10:13.
23. നമുക്ക് എന്തിനായി ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാൻ കഴിയും?
23 സാത്താനും അവനെ അനുഗമിക്കുന്ന സകലർക്കുമെതിരായി രാജാവായ യേശുക്രിസ്തു നടപടി എടുക്കുന്ന സമയത്തിനായി നമുക്കു ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാം. (വെളിപ്പാടു 20:1-3) മനുഷ്യവർഗം അനുഭവിച്ചിട്ടുളള കഷ്ടതകൾക്കും കലാപങ്ങൾക്കും ഉത്തരവാദികളായ എല്ലാവരെയും യേശു നീക്കംചെയ്യും. ആ സമയംവരെ വിശേഷാൽ വേദനാജനകമായ കഷ്ടപ്പാടിന്റെ ഒരു രൂപമാണു നമ്മുടെ പ്രിയപ്പെട്ടവർ മരണത്തിൽ നഷ്ടപ്പെടുന്നത്. അവർക്ക് എന്തു സംഭവിക്കുന്നുവെന്നു കണ്ടെത്താൻ അടുത്ത അധ്യായം വായിക്കുക.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
യഹോവ മനുഷ്യ കഷ്ടപ്പാടു വരുത്തിക്കൂട്ടുന്നില്ലെന്നു നാം എങ്ങനെ അറിയുന്നു?
ഏദെൻതോട്ടത്തിൽവെച്ചു സാത്താനാൽ ഏതു വാദവിഷയങ്ങൾ ഉന്നയിക്കപ്പെടുകയും ഇയ്യോബിന്റെ നാളിൽ വ്യക്തമാക്കപ്പെടുകയും ചെയ്തു?
കഷ്ടപ്പാടിനുളള ദൈവത്തിന്റെ അനുവാദം എന്തു തെളിയിച്ചിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]