ദൈവജനത്തിന്റെ ഇടയിൽ സുരക്ഷിതത്വം കണ്ടെത്തുക
അധ്യായം 17
ദൈവജനത്തിന്റെ ഇടയിൽ സുരക്ഷിതത്വം കണ്ടെത്തുക
1, 2. മനുഷ്യവർഗത്തിന്റെ അവസ്ഥ കൊടുങ്കാററു നാശം വിതച്ച ഒരു പ്രദേശത്തെ ആളുകളുടേതുപോലെയായിരിക്കുന്നത് എങ്ങനെ?
നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് ഒരു ഉഗ്രമായ കൊടുങ്കാററു നാശം വിതച്ചുവെന്നു സങ്കൽപ്പിക്കുക. നിങ്ങളുടെ വീടു നശിപ്പിക്കപ്പെടുന്നു, നിങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടുന്നു. ആഹാരം ദുർലഭമാണ്. സാഹചര്യം ആശയററതായി തോന്നുന്നു. അങ്ങനെയിരിക്കെ, അപ്രതീക്ഷിത ദുരിതാശ്വാസവിഭവങ്ങൾ വന്നെത്തുന്നു. ഭക്ഷണവും വസ്ത്രവും ധാരാളമായി പ്രദാനം ചെയ്യുന്നു. നിങ്ങൾക്കുവേണ്ടി ഒരു പുതിയ വീടു പണിയുന്നു. ഈ വിഭവങ്ങൾ ലഭ്യമാക്കിയ ആളിനോടു നിങ്ങൾക്കു നന്ദിയുണ്ടായിരിക്കുമെന്നു തീർച്ചയാണ്.
2 സമാനമായ ചിലത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ കൊടുങ്കാററുപോലെ, ആദാമിന്റെയും ഹവ്വായുടെയും മത്സരം മനുഷ്യവർഗത്തിനു വലിയ കെടുതി വരുത്തിക്കൂട്ടി. മനുഷ്യവർഗത്തിന്റെ പറുദീസാഭവനം നഷ്ടപ്പെട്ടു. അന്നുമുതൽ, മനുഷ്യഗവൺമെൻറുകൾ ആളുകളെ യുദ്ധത്തിൽനിന്നും കുററകൃത്യത്തിൽനിന്നും അനീതിയിൽനിന്നും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. പുരുഷാരങ്ങൾ ആരോഗ്യാവഹമായ ആത്മീയാഹാരമില്ലാതെ വിശപ്പുകൊണ്ടു വലയാൻ മതം ഇടയാക്കിയിരിക്കുന്നു. എന്നിരുന്നാലും, ആത്മീയമായി പറഞ്ഞാൽ, യഹോവയാം ദൈവം ഇപ്പോൾ ആഹാരവും വസ്ത്രവും അഭയവും പ്രദാനംചെയ്യുകയാണ്. ഇത് അവൻ എങ്ങനെയാണു ചെയ്യുന്നത്?
“വിശ്വസ്തനും വിവേകിയുമായ അടിമ”
3. മനുഷ്യവർഗത്തിനുവേണ്ടി യഹോവ വിഭവങ്ങൾ പ്രദാനംചെയ്യുന്നത് എങ്ങനെ, ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നതുപോലെ?
3 സാധാരണമായി ഒരു സംഘടിത സരണിയിലൂടെയാണു ദുരിതാശ്വാസവിഭവങ്ങൾ വിതരണം ചെയ്യുന്നത്. സമാനമായി യഹോവയാം ദൈവം തന്റെ ജനത്തിനുവേണ്ടി ആത്മീയ കരുതലുകൾ ചെയ്തിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഇസ്രായേല്യർ ഏതാണ്ട് 1,500 വർഷക്കാലം “യഹോവയുടെ സഭ” ആയിരുന്നു. ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കാൻ അവന്റെ സരണിയായി സേവിച്ചവർ അവരുടെ ഇടയിൽ ഉണ്ടായിരുന്നു. (1 ദിനവൃത്താന്തം 28:8; 2 ദിനവൃത്താന്തം 17:7-9) പൊ.യു. ഒന്നാം നൂററാണ്ടിൽ യഹോവ ക്രിസ്തീയ സ്ഥാപനത്തെ ഉളവാക്കി. സഭകൾ രൂപവൽക്കരിക്കപ്പെട്ടു, അവ അപ്പോസ്തലൻമാരും പ്രായമേറിയ പുരുഷൻമാരുമടങ്ങിയ ഒരു ഭരണസംഘത്തിന്റെ മാർഗനിർദേശത്തിൻകീഴിൽ പ്രവർത്തിച്ചു. (പ്രവൃത്തികൾ 15:22-31) അതുപോലെ, ഇന്നു യഹോവ തന്റെ ജനത്തോട് ഒരു സംഘടിതഗണം മുഖേന ഇടപെടുന്നു. നാം ഇത് എങ്ങനെ അറിയുന്നു?
4. ആധുനിക കാലങ്ങളിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” ആരാണെന്നു തെളിഞ്ഞിരിക്കുന്നു, ദൈവത്തിന്റെ ആത്മീയ കരുതലുകൾ എങ്ങനെ ലഭ്യമാക്കപ്പെട്ടിരിക്കുന്നു?
4 രാജ്യാധികാരത്തിലുളള തന്റെ സാന്നിധ്യകാലത്തു “വിശ്വസ്തനും വിവേകിയുമായ അടിമ” തന്റെ അനുഗാമികൾക്കു “തക്ക സമയത്തെ ആഹാരം” പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നതായി കണ്ടെത്തപ്പെടുമെന്നു യേശു പറഞ്ഞു. (മത്തായി 24:45-47, NW) യേശു 1914-ൽ സ്വർഗീയരാജാവായി അവരോധിക്കപ്പെട്ടപ്പോൾ ഈ “അടിമ” ആരാണെന്നു തെളിഞ്ഞു? തീർച്ചയായും ക്രൈസ്തവലോകത്തിലെ വൈദികർ അല്ലായിരുന്നു. അവരിൽ അധികപങ്കും ഒന്നാം ലോകമഹായുദ്ധത്തിൽ തങ്ങളുടെ സ്വന്തം ദേശീയ ഗവൺമെൻറുകളെ പിന്താങ്ങിയ പ്രചാരണംകൊണ്ടു തങ്ങളുടെ ആട്ടിൻകൂട്ടത്തെ പോഷിപ്പിക്കുകയായിരുന്നു. എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരും “ചെറിയ ആട്ടിൻകൂട്ട”മെന്നു യേശു വിളിച്ചതിന്റെ ഒരു ഭാഗം ആയിരുന്നവരുമായ സത്യക്രിസ്ത്യാനികളുടെ കൂട്ടം ഉചിതവും കാലാനുസൃതവുമായ ആത്മീയാഹാരം വിതരണം ചെയ്തുകൊണ്ടിരുന്നു. (ലൂക്കൊസ് 12:32) ഈ അഭിഷിക്ത ക്രിസ്ത്യാനികൾ മനുഷ്യ ഗവൺമെൻറുകൾക്കു പകരം ദൈവരാജ്യം പ്രസംഗിച്ചു. തത്ഫലമായി, നീതിപ്രകൃതമുളള ‘വേറെ ആടുകളിൽ’പ്പെട്ട ദശലക്ഷങ്ങൾ ഈ വർഷങ്ങളിൽ സത്യമതം ആചരിക്കുന്നതിൽ അഭിഷിക്ത “അടിമ”യോടു ചേർന്നിരിക്കുന്നു. (യോഹന്നാൻ 10:16) ‘വിശ്വസ്തനായ അടിമ’യെയും അതിന്റെ ഏതൽക്കാല ഭരണസംഘത്തെയും ഉപയോഗിച്ചുകൊണ്ട്, ആഗ്രഹിക്കുന്ന എല്ലാവർക്കും ആത്മീയമായ ആഹാരവും വസ്ത്രവും അഭയവും ലഭ്യമാക്കാൻ ദൈവം തന്റെ സംഘടിതജനത്തെ നയിക്കുന്നു.
“തക്ക സമയത്തെ ആഹാരം”
5. ഇന്നു ലോകത്തിൽ ഏത് ആത്മീയാവസ്ഥ നിലവിലിരിക്കുന്നു, എന്നാൽ ഇതു സംബന്ധിച്ചു യഹോവ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
5 “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 4:4) എന്നിരുന്നാലും, സങ്കടകരമെന്നു പറയട്ടെ, ബഹുഭൂരിപക്ഷം ആളുകളും ദൈവത്തിന്റെ വചനത്തിനു ശ്രദ്ധ കൊടുക്കുന്നില്ല. യഹോവയുടെ പ്രവാചകനായ ആമോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെ, “അപ്പത്തിന്നായുളള ക്ഷാമമല്ല, വെളളത്തിനായുളള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കുന്നതിനുളള ക്ഷാമം” ഉണ്ട്. (ആമോസ് 8:11, NW) വളരെ മതഭക്തരായ ആളുകൾപോലും ആത്മീയക്ഷാമം അനുഭവിക്കുകയാണ്. എന്നിരുന്നാലും, യഹോവയുടെ ഇഷ്ടം ‘എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടുകയും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തുകയും ചെയ്യണ’മെന്നുളളതാണ്. (1 തിമോത്തി 2:3, 4, NW) അതിൻപ്രകാരം, അവൻ ധാരാളമായി ആത്മീയാഹാരം പ്രദാനംചെയ്യുന്നു. എന്നാൽ അത് എവിടെ നിന്നു കിട്ടും?
6. കഴിഞ്ഞ കാലങ്ങളിൽ യഹോവ തന്റെ ജനത്തെ എങ്ങനെ പോഷിപ്പിച്ചിരിക്കുന്നു?
6 ചരിത്രത്തിലുടനീളം, യഹോവ ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തിന് ആത്മീയാഹാരം വിതരണം ചെയ്തിട്ടുണ്ട്. (യെശയ്യാവു 65:13) ഉദാഹരണത്തിന്, ഇസ്രായേല്യ പുരോഹിതൻമാർ ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ സമൂഹപരമായ ഉദ്ബോധനത്തിനായി പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടിവരുത്തി. (ആവർത്തനപുസ്തകം 31:9, 12) ഭരണസംഘത്തിന്റെ മാർഗനിർദേശത്തിൻകീഴിൽ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ സഭകൾ സംഘടിപ്പിക്കുകയും എല്ലാവരുടെയും പ്രബോധനത്തിനും പ്രോത്സാഹനത്തിനുമായി യോഗങ്ങൾ നടത്തുകയും ചെയ്തു. (റോമർ 16:5; ഫിലേമോൻ 1, 2) യഹോവയുടെ സാക്ഷികൾ ഈ മാതൃക പിൻപററുന്നു. അവരുടെ എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുകയാണ്.
7. ക്രിസ്തീയ യോഗങ്ങളിലെ ക്രമമായ ഹാജർ പരിജ്ഞാനത്തോടും വിശ്വാസത്തോടും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 തീർച്ചയായും, വ്യക്തിപരമായ ബൈബിൾ പഠനത്തിൽ നിങ്ങൾ ഇതിനകം വളരെയധികം പഠിച്ചിരിക്കാം. ഒരുപക്ഷേ ആരെങ്കിലും നിങ്ങളെ സഹായിച്ചിരിക്കാം. (പ്രവൃത്തികൾ 8:30-35) എന്നാൽ യഥായോഗ്യമായ പരിചരണം കൊടുത്തില്ലെങ്കിൽ വാടിക്കരിഞ്ഞുപോകുന്ന ഒരു ചെടിയോടു നിങ്ങളുടെ വിശ്വാസത്തെ ഉപമിക്കാവുന്നതാണ്. അതുകൊണ്ട്, നിങ്ങൾക്ക് ഉചിതമായ ആത്മീയപോഷണം ലഭിക്കേണ്ടതുണ്ട്. (1 തിമൊഥെയൊസ് 4:6) ക്രിസ്തീയ യോഗങ്ങൾ നിങ്ങളെ ആത്മീയമായി പോഷിപ്പിക്കുന്നതിനും നിങ്ങളുടെ ദൈവപരിജ്ഞാനം വർധിച്ചുവരുമ്പോൾ വിശ്വാസത്തിൽ വളരുന്നതിനു നിങ്ങളെ സഹായിക്കുന്നതിനും ഉദ്ദേശിച്ചിട്ടുളള പ്രബോധനത്തിന്റെ ഒരു തുടർച്ചയായ പരിപാടി ഒരുക്കിത്തരുന്നു.—കൊലൊസ്സ്യർ 1:9, 10.
8. യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്?
8 യോഗങ്ങൾ മറെറാരു മർമപ്രധാനമായ ഉദ്ദേശ്യം സാധിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: ‘നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കുന്നതിനു നമുക്ക് അന്യോന്യം പരിഗണിക്കാം.’ (എബ്രായർ 10:24, 25, NW) “പ്രചോദിപ്പിക്കുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിനു “മൂർച്ചയുളളതാക്കുക” എന്നും അർഥമുണ്ടായിരിക്കാവുന്നതാണ്. “ഇരുമ്പു ഇരുമ്പിന്നു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു” എന്ന് ഒരു ബൈബിൾസദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 27:17) നമുക്കെല്ലാം തുടർച്ചയായ ‘മൂർച്ചകൂട്ടൽ’ ആവശ്യമാണ്. ലോകത്തിൽനിന്നുളള ദൈനംദിന സമ്മർദത്തിനു നമ്മുടെ വിശ്വാസത്തിന്റെ മൂർച്ച കുറയ്ക്കാൻ കഴിയും. നാം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുമ്പോൾ ഒരു പ്രോത്സാഹനകൈമാററം നടക്കുന്നു. (റോമർ 1:11, 12) “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർദ്ധന വരുത്തിയും പോരുവിൻ” എന്ന അപ്പോസ്തലനായ പൗലോസിന്റെ മുന്നറിയിപ്പ് സഭാംഗങ്ങൾ അനുസരിക്കുന്നു, അങ്ങനെയുളള കാര്യങ്ങൾ നമ്മുടെ വിശ്വാസത്തിനു മൂർച്ച കൂട്ടുന്നു. (1 തെസ്സലൊനീക്യർ 5:11) ക്രിസ്തീയ യോഗങ്ങളിലെ ക്രമമായ ഹാജർ നാം ദൈവത്തെ സ്നേഹിക്കുന്നുവെന്നും സൂചിപ്പിക്കുന്നു, അത് അവനെ സ്തുതിക്കുന്നതിനുളള അവസരം നമുക്കു നൽകുകയും ചെയ്യുന്നു.—സങ്കീർത്തനം 35:18.
“സ്നേഹം ധരിപ്പിൻ”
9. സ്നേഹം പ്രകടിപ്പിക്കുന്നതിൽ യഹോവ ദൃഷ്ടാന്തം വെച്ചിരിക്കുന്നത് എങ്ങനെ?
9 “എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” എന്നു പൗലോസ് എഴുതി. (കൊലൊസ്സ്യർ 3:14) യഹോവ കൃപാപൂർവം നമുക്ക് ഈ വസ്ത്രം ഒരുക്കിത്തന്നിട്ടുണ്ട്. ഏതു വിധത്തിൽ? സ്നേഹം യഹോവയുടെ പരിശുദ്ധാത്മാവിന്റെ ദൈവദത്ത ഫലങ്ങളിലൊന്നാകയാൽ ക്രിസ്ത്യാനികൾക്ക് അതു പ്രകടമാക്കാൻ കഴിയും. (ഗലാത്യർ 5:22, 23) നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനു തന്റെ ഏകജാതനായ പുത്രനെ അയച്ചുകൊണ്ടു യഹോവതന്നെ ഏററവും മഹത്തായ സ്നേഹം പ്രകടമാക്കിയിരിക്കുന്നു. (യോഹന്നാൻ 3:16) സ്നേഹത്തിന്റെ ഈ പരമോന്നതപ്രകടനം ഈ ഗുണം പ്രകടമാക്കുന്നതിൽ നമുക്ക് ഒരു മാതൃക പ്രദാനം ചെയ്തു. “ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 4:11.
10. “സഹോദരൻമാരുടെ മുഴു സമൂഹ”ത്തിൽനിന്നും നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
10 രാജ്യഹാളിൽ നിങ്ങൾ യോഗങ്ങൾക്കു ഹാജരാകുന്നതു സ്നേഹം പ്രകടമാക്കുന്നതിനു നിങ്ങൾക്ക് ഒരു വിശിഷ്ടമായ അവസരം നൽകും. അവിടെ നിങ്ങൾ പല തരക്കാരായ ആളുകളെ കാണും. അവരിൽ പലരിലും നിങ്ങൾ പെട്ടെന്നുതന്നെ ആകൃഷ്ടരാകുമെന്നുളളതിനു സംശയമില്ല. തീർച്ചയായും, യഹോവയെ സേവിക്കുന്നവരുടെ ഇടയിൽപോലും വ്യക്തിത്വങ്ങൾ വ്യത്യസ്തമാണ്. ഒരുപക്ഷേ കഴിഞ്ഞ കാലത്തു നിങ്ങളുടെ താത്പര്യങ്ങൾ അല്ലെങ്കിൽ സ്വഭാവവിശേഷങ്ങൾ ഇല്ലാഞ്ഞ ആളുകളിൽനിന്നു നിങ്ങൾ കേവലം ഒഴിഞ്ഞുമാറിയിരിക്കാം. എന്നിരുന്നാലും ക്രിസ്ത്യാനികൾ “സഹോദരൻമാരുടെ മുഴു സമൂഹത്തെയും സ്നേഹി”ക്കേണ്ടതാണ്. (1 പത്രോസ് 2:17, NW) അതുകൊണ്ട്, രാജ്യഹാളിൽ കാണുന്നവരെ—പ്രായമോ വ്യക്തിത്വമോ വർഗമോ വിദ്യാഭ്യാസ നിലവാരമോ നിങ്ങളുടേതിൽനിന്നു വിഭിന്നമായിട്ടുളളവരെപ്പോലും—പരിചയപ്പെടുന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. ഓരോരുത്തരും പ്രിയങ്കരമായ ഏതെങ്കിലും ഗുണത്തിൽ മികച്ചുനിൽക്കുന്നതായി നിങ്ങൾ കണ്ടെത്താനിടയുണ്ട്.
11. യഹോവയുടെ ജനത്തിന്റെ ഇടയിലെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കരുതാത്തത് എന്തുകൊണ്ട്?
11 സഭയിലെ വ്യക്തിത്വങ്ങളിലുളള വൈവിധ്യം നിങ്ങളെ അസ്വസ്ഥരാക്കേണ്ടതില്ല. ദൃഷ്ടാന്തത്തിന്, ഒരു റോഡിൽ നിരവധി വാഹനങ്ങൾ നിങ്ങളുടെ വശത്തു സഞ്ചരിക്കുന്നതായി സങ്കൽപ്പിക്കുക. എല്ലാം ഒരേ വേഗത്തിലല്ല നീങ്ങുന്നത്, എല്ലാം ഒരേ കണ്ടീഷനിലുമല്ല. ചിലത് അനേകം കിലോമീറററുകൾ സഞ്ചരിച്ചിരിക്കുന്നു, മററു ചിലത് നിങ്ങളെപ്പോലെ തുടക്കമിട്ടതേയുളളു. എന്നിരുന്നാലും ഈ വ്യത്യാസങ്ങൾ ഗണ്യമാക്കാതെ, എല്ലാം റോഡിലൂടെ സഞ്ചരിക്കുകയാണ്. ഒരു സഭയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ചും ഇങ്ങനെതന്നെയാണ്. എല്ലാവരും ഒരേ വേഗത്തിൽ ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കുന്നില്ല. കൂടാതെ, എല്ലാവരും ശാരീരികമോ വൈകാരികമോ ആയ ഒരേ അവസ്ഥയിലുമല്ല. ചിലർ അനേകവർഷമായി യഹോവയെ ആരാധിച്ചുകൊണ്ടാണിരിക്കുന്നത്; മററു ചിലർ തുടക്കമിട്ടതേയുളളു. എന്നിരുന്നാലും എല്ലാവരും നിത്യജീവനിലേക്കുളള പാതയിൽ യാത്ര ചെയ്യുകയാണ്, “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജി”ച്ചുതന്നെ. (1 കൊരിന്ത്യർ 1:10) അതുകൊണ്ട്, സഭയിലുളളവരുടെ ദൗർബല്യങ്ങളല്ല, സദ്ഗുണങ്ങൾ അന്വേഷിക്കുക. അങ്ങനെ ചെയ്യുന്നതു നിങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കും, എന്തുകൊണ്ടെന്നാൽ ദൈവം യഥാർഥത്തിൽ ഈ ആളുകളുടെ ഇടയിൽ ഉണ്ടെന്നു നിങ്ങൾ തിരിച്ചറിയും. തീർച്ചയായും നിങ്ങൾ ഇവിടെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.—1 കൊരിന്ത്യർ 14:25.
12, 13. (എ) സഭയിലെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? (ബി) നീരസം വെച്ചുപുലർത്താതിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 എല്ലാ മനുഷ്യരും അപൂർണരായതുകൊണ്ട്, ചില സമയങ്ങളിൽ ആരെങ്കിലും നിങ്ങളെ അസ്വസ്ഥനാക്കുന്ന എന്തെങ്കിലും പറഞ്ഞേക്കാം അല്ലെങ്കിൽ ചെയ്തേക്കാം. (റോമർ 3:23) ശിഷ്യനായ യാക്കോബ് യാഥാർഥ്യബോധത്തോടെ ഇങ്ങനെ എഴുതി: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുളള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2) ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ച,” NW] മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” (സദൃശവാക്യങ്ങൾ 19:11) ഉൾക്കാഴ്ച ഉണ്ടായിരിക്കയെന്നാൽ ഒരു സാഹചര്യത്തെ ആഴത്തിൽ നോക്കിക്കാണുക, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയാക്കുന്ന അടിസ്ഥാനവസ്തുതകൾ എന്താണെന്നു ഗ്രഹിക്കുക എന്നാണ്. നമ്മുടെ സ്വന്തം തെററുകൾക്ക് ഒഴികഴിവു കാണുന്നതിൽ നമ്മിൽ മിക്കവരും വളരെയധികം ഉൾക്കാഴ്ച ഉപയോഗിക്കുന്നു. മററുളളവരുടെ അപൂർണതകൾ മനസ്സിലാക്കാനും മറയ്ക്കാനുംകൂടെ അത് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?—മത്തായി 7:1-5; കൊലൊസ്സ്യർ 3:13.
13 നമുക്കു യഹോവയുടെ ക്ഷമ ലഭിക്കണമെങ്കിൽ, നാം മററുളളവരോടു ക്ഷമിക്കണമെന്നത് ഒരിക്കലും മറക്കരുത്. (മത്തായി 6:9, 12, 14, 15) നാം സത്യം ആചരിക്കുന്നുവെങ്കിൽ നാം മററുളളവരോടു സ്നേഹപൂർവകമായ ഒരു വിധത്തിൽ പെരുമാറും. (1 യോഹന്നാൻ 1:6, 7; 3:14-16; 4:20, 21) അതുകൊണ്ട്, നിങ്ങൾ സഭയിലെ ഒരാളുമായുളള ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ നീരസം വെച്ചുപുലർത്തുന്നതിനെതിരെ പോരാടുക. നിങ്ങൾ സ്നേഹം ധരിക്കുന്നുവെങ്കിൽ നിങ്ങൾ പ്രശ്നം പരിഹരിക്കാൻ കഠിനശ്രമം ചെയ്യും; നിങ്ങളാണ് ഇടർച്ച വരുത്തിയതെങ്കിൽ ക്ഷമായാചനം ചെയ്യാൻ നിങ്ങൾ മടിക്കില്ല.—മത്തായി 5:23, 24; 18:15-17.
14. നാം ഏതു ഗുണങ്ങൾ ധരിക്കണം?
14 നമ്മുടെ ആത്മീയ വസ്ത്രത്തിൽ സ്നേഹത്തോട് അടുത്തു ബന്ധമുളള മററു ഗുണങ്ങൾ ഉൾപ്പെടണം. പൗലോസ് ഇങ്ങനെ എഴുതി: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു”കൊൾക. സ്നേഹത്തിൽ പൊതിഞ്ഞ ഈ സ്വഭാവഗുണങ്ങൾ ദൈവികമായ ‘പുതു മനുഷ്യന്റെ’ (പുതിയ വ്യക്തിത്വം, NW) ഭാഗമാണ്. (കൊലൊസ്സ്യർ 3:10, 12) നിങ്ങൾ ഈ വിധത്തിൽ വസ്ത്രം ധരിക്കാൻ ശ്രമിക്കുമോ? നിങ്ങൾ വിശേഷാൽ സഹോദരസ്നേഹം ധരിക്കുന്നുവെങ്കിൽ നിങ്ങൾക്കു യേശുവിന്റെ ശിഷ്യരുടെ ഒരു തിരിച്ചറിയൽ അടയാളം ഉണ്ടായിരിക്കും, എന്തുകൊണ്ടെന്നാൽ “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 13:35.
ഒരു സുരക്ഷിതസ്ഥാനം
15. സഭ ഒരു അഭയസ്ഥാനം പോലെയായിരിക്കുന്നത് എങ്ങനെ?
15 നിങ്ങൾക്കു സുരക്ഷിതത്വം തോന്നാൻ കഴിയുന്ന ഒരു അഭയം, ഒരു സങ്കേതം, ആയും സഭ സേവിക്കുന്നു. അതിൽ ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ കഠിനശ്രമം ചെയ്യുന്ന പരമാർഥഹൃദയരായ ആളുകളെ നിങ്ങൾ കണ്ടെത്തും. അവരിൽ അനേകർ നിങ്ങൾ തരണംചെയ്യാൻ ശ്രമിക്കുകയായിരിക്കാവുന്ന ദുശ്ശീലങ്ങളെയും മനോഭാവങ്ങളെയും നീക്കം ചെയ്തിരിക്കുന്നു. (തീത്തൊസ് 3:3) അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ” എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. (ഗലാത്യർ 6:2) സ്വാഭാവികമായി, നിത്യജീവനിലേക്കു നയിക്കുന്ന ഒരു ഗതി പിന്തുടരുന്നത് അന്തിമമായി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണ്. (ഗലാത്യർ 6:5; ഫിലിപ്പിയർ 2:12) എന്നിരുന്നാലും, സഹായത്തിനും പിന്തുണയ്ക്കുമുളള ഒരു വിശിഷ്ട മാർഗമെന്ന നിലയിൽ യഹോവ ക്രിസ്തീയ സഭയെ പ്രദാനംചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ എത്ര ക്ലേശകരമായിരുന്നാലും നിങ്ങൾക്കു വിലപ്പെട്ട സഹായം ലഭ്യമാണ്—ക്ലേശകാലങ്ങളിൽ അല്ലെങ്കിൽ ഞെരുക്കകാലങ്ങളിൽ നിങ്ങളോടൊപ്പം നിലകൊളളുന്ന ഒരു സഭ.—ലൂക്കൊസ് 10:29-37 താരതമ്യം ചെയ്യുക; പ്രവൃത്തികൾ 20:35.
16. സഭാമൂപ്പൻമാർ ഏതു സഹായം പ്രദാനംചെയ്യുന്നു?
16 നിങ്ങളെ പിന്തുണയ്ക്കാൻ ഒരുക്കമുളളവരുടെ ഇടയിൽ “മനുഷ്യരാം ദാനങ്ങൾ”—മനസ്സോടെയും ആകാംക്ഷാപൂർവവും ആട്ടിൻകൂട്ടത്തെ മേയിക്കുന്ന നിയമിത സഭാമൂപ്പൻമാർ അഥവാ മേൽവിചാരകൻമാർ—ഉണ്ട്. (എഫെസ്യർ 4:8, 11, 12; പ്രവൃത്തികൾ 20:28; 1 പത്രൊസ് 5:2, 3) അവരെ സംബന്ധിച്ചു യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “ഓരോരുത്തനും കാററിൽനിന്ന് ഒരു മറവിടവും പിശറിൽനിന്ന് ഒരു ഒളിപ്പിടവും പോലെയെന്ന്, വെളളമില്ലാത്ത ഒരു ദേശത്ത് നീരൊഴുക്കുകൾപോലെയെന്ന്, ക്ഷീണിതദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയെന്ന്, തെളിയണം.”—യെശയ്യാവ് 32:2, NW.
17. (എ) യേശു വിശേഷാൽ ഏതു തരം സഹായം കൊടുക്കാൻ ആഗ്രഹിച്ചു? (ബി) ദൈവം തന്റെ ജനത്തിനുവേണ്ടി എന്തു കരുതൽ ചെയ്യുമെന്നു വാഗ്ദാനംചെയ്തു?
17 യേശു ഭൂമിയിലായിരുന്നപ്പോൾ, മതനേതാക്കൻമാരുടെ ഭാഗത്ത് സ്നേഹപൂർവകമായ മേൽവിചാരണയുടെ പരിതാപകരമായ അഭാവമുണ്ടായിരുന്നു. ജനങ്ങളുടെ അവസ്ഥ അവനെ അഗാധമായി വികാരാധീനനാക്കി. അവൻ അവരെ ആത്മീയമായി സഹായിക്കാൻ വിശേഷാൽ ആഗ്രഹിച്ചു. അവർ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരു”മായിരുന്നതുകൊണ്ടു യേശു അവരെക്കുറിച്ചു സഹതപിച്ചു. (മത്തായി 9:36) ഇത് ആത്മീയ സഹായത്തിനും ആശ്വാസത്തിനുമായി ആരിലേക്കും തിരിയാനില്ലാതെ ഹൃദയഭേദകമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന അനേകരുടെ ഇക്കാലത്തെ ദുരവസ്ഥയെ എത്ര നന്നായി വർണിക്കുന്നു! എന്നാൽ യഹോവയുടെ ജനത്തിനു തീർച്ചയായും ആത്മീയ സഹായമുണ്ട്, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ വാഗ്ദത്തംചെയ്തു: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയൻമാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെ പോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 23:4.
18. നമുക്ക് ആത്മീയ സഹായം ആവശ്യമാകുന്നുവെങ്കിൽ നാം ഒരു മൂപ്പനെ സമീപിക്കേണ്ടത് എന്തുകൊണ്ട്?
18 സഭയിലെ നിയമിത മൂപ്പൻമാരെ പരിചയപ്പെടുക. ദൈവപരിജ്ഞാനം ബാധകമാക്കുന്നതിൽ അവർക്കു വളരെയധികം അനുഭവജ്ഞാനമുണ്ട്, കാരണം അവർ ബൈബിളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേർന്നിരിക്കുന്നു. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) ദൈവത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഒരു ശീലമോ ഒരു സ്വഭാവവിശേഷമോ തരണംചെയ്യുന്നതിനു നിങ്ങൾക്ക് ആത്മീയ സഹായം ആവശ്യമാണെങ്കിൽ അവരിൽ ഒരാളെ സമീപിക്കാൻ മടിക്കരുത്. “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്നുളള പൗലോസിന്റെ ബുദ്ധ്യുപദേശം മൂപ്പൻമാർ അനുസരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.—1 തെസ്സലൊനീക്യർ 2:7, 8; 5:14.
യഹോവയുടെ ജനത്തോടൊത്തു സുരക്ഷിതത്വം ആസ്വദിക്കുക
19. തന്റെ സ്ഥാപനത്തിനുളളിൽ സുരക്ഷിതത്വം തേടുന്നവർക്കു യഹോവ എന്തനുഗ്രഹങ്ങൾ നൽകിയിരിക്കുന്നു?
19 നാമിപ്പോൾ അപൂർണാവസ്ഥകളിലാണു ജീവിക്കുന്നതെങ്കിലും യഹോവ നമുക്ക് ആത്മീയ ഭക്ഷണവും വസ്ത്രവും അഭയവും നൽകുന്നു. തീർച്ചയായും ഒരു ഭൗതികപറുദീസയുടെ പ്രയോജനങ്ങൾ അനുഭവിക്കുന്നതിനു നാം വാഗ്ദത്തം ചെയ്യപ്പെട്ട ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടി കാത്തിരിക്കണം. എന്നാൽ യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നവർ ഇക്കാലത്ത് ഒരു ആത്മീയ പറുദീസയുടെ സുരക്ഷിതത്വം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ച് എസെക്കിയേൽ ഇങ്ങനെ പ്രവചിച്ചു: “അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.”—യെഹെസ്കേൽ 34:28; സങ്കീർത്തനം 4:8.
20. യഹോവയുടെ ആരാധനയ്ക്കുവേണ്ടി നാം ചെയ്തേക്കാവുന്ന ഏതു ത്യാഗത്തിനും യഹോവ എങ്ങനെ പ്രതിഫലം നൽകും?
20 യഹോവ തന്റെ വചനത്തിലൂടെയും സ്ഥാപനത്തിലൂടെയും സ്നേഹപുരസ്സരമായ ആത്മീയകരുതലുകൾ ചെയ്യുന്നതിൽ നമുക്ക് എത്ര നന്ദിയുളളവരായിരിക്കാൻ കഴിയും! ദൈവജനത്തോട് അടുത്തുചെല്ലുക. ദൈവപരിജ്ഞാനം ഉൾക്കൊണ്ടാൽ സുഹൃത്തുക്കളോ ബന്ധുക്കളോ എന്തു വിചാരിക്കുമെന്നുളള ഭയത്താൽ പിൻമാറിനിൽക്കരുത്. നിങ്ങൾ യഹോവയുടെ സാക്ഷികളോടു സഹവസിക്കുന്നതുകൊണ്ടും രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്നതുകൊണ്ടും ചിലർ ആക്ഷേപിച്ചേക്കാം. എന്നാൽ ദൈവാരാധനയ്ക്കുവേണ്ടി നിങ്ങൾ അനുഷ്ഠിക്കുന്ന ഏതു ത്യാഗത്തിനും ദൈവം ഉദാരമായി പ്രതിഫലം നൽകും. (മലാഖി 3:10) തന്നെയുമല്ല, “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരൻമാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുളള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല” എന്നു യേശു പറഞ്ഞു. (മർക്കൊസ് 10:29, 30) അതേ, നിങ്ങൾ എന്തു വിട്ടുകളഞ്ഞാലും അല്ലെങ്കിൽ സഹിക്കേണ്ടിവന്നാലും നിങ്ങൾക്കു ദൈവജനത്തിന്റെ ഇടയിൽ ഉല്ലാസപ്രദമായ സഖിത്വവും ആത്മീയ സുരക്ഷിതത്വവും കണ്ടെത്താനാവും.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
“വിശ്വസ്തനും വിവേകിയുമായ അടിമ” ആരാണ്?
നമ്മെ ആത്മീയമായി പോഷിപ്പിക്കുന്നതിനു യഹോവ എന്തു കരുതൽ ചെയ്തിരിക്കുന്നു?
ക്രിസ്തീയ സഭയിലുളളവർക്കു നമ്മെ എങ്ങനെ സഹായിക്കാനാവും?
[അധ്യയന ചോദ്യങ്ങൾ]
[165-ാം പേജ് നിറയെയുള്ള ചിത്രം]