ദൈവത്തെ എന്നേക്കും സേവിക്കുകയെന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക
അധ്യായം 18
ദൈവത്തെ എന്നേക്കും സേവിക്കുകയെന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക
1, 2. ദൈവപരിജ്ഞാനം സമ്പാദിക്കുന്നതിനു പുറമേ, എന്താവശ്യമാണ്?
വലിയ നിക്ഷേപങ്ങളിരിക്കുന്ന ഒരു മുറിയുടെ അടച്ചു പൂട്ടിയ വാതിലിനു മുമ്പിൽ നിങ്ങൾ നിൽക്കുകയാണെന്നു സങ്കൽപ്പിക്കുക. അധികാരമുള്ള ഒരാൾ നിങ്ങൾക്കു താക്കോൽ തന്നിരിക്കുന്നുവെന്നും ഈ വിലയേറിയ വസ്തുക്കളിൽനിന്നു വേണ്ടതെല്ലാം എടുത്തുകൊള്ളാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നുമിരിക്കട്ടെ. നിങ്ങൾ ഉപയോഗിക്കാത്തപക്ഷം ആ താക്കോൽ നിങ്ങൾക്കു പ്രയോജനം ചെയ്യില്ല. അതുപോലെതന്നെ, പരിജ്ഞാനം നിങ്ങൾക്കു പ്രയോജനം ചെയ്യണമെങ്കിൽ, അത് ഉപയോഗിക്കണം.
2 ദൈവപരിജ്ഞാനത്തെക്കുറിച്ച് ഇതു വിശേഷാൽ സത്യമാണ്. വാസ്തവത്തിൽ, യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുളള സൂക്ഷ്മപരിജ്ഞാനം നിത്യജീവൻ കൈവരുത്തുന്നു. (യോഹന്നാൻ 17:3) പക്ഷേ, പരിജ്ഞാനം ഉളളതുകൊണ്ടുമാത്രം ആ പ്രതീക്ഷ സാക്ഷാത്കരിക്കപ്പെടുക സാധ്യമല്ല. വിലപ്പെട്ട ഒരു താക്കോൽ ഉപയോഗിക്കുന്നതുപോലെ, നിങ്ങൾ ജീവിതത്തിൽ ദൈവപരിജ്ഞാനം ബാധകമാക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ ‘രാജ്യത്തിൽ കടക്കു’മെന്നു യേശു പറഞ്ഞു. അങ്ങനെയുളള വ്യക്തികൾക്കു ദൈവത്തെ എന്നേക്കും സേവിക്കുന്നതിനുളള പദവി ലഭിക്കും!—മത്തായി 7:21; 1 യോഹന്നാൻ 2:17.
3. നമുക്കുവേണ്ടിയുളള ദൈവത്തിന്റെ ഇഷ്ടം എന്താണ്?
3 ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു പഠിച്ചശേഷം അതു ചെയ്യുന്നതു മർമപ്രധാനമാണ്. നിങ്ങളെ സംബന്ധിച്ചു ദൈവത്തിന്റെ ഇഷ്ടം എന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? അതിനെ ഈ വിധത്തിൽ ഉചിതമായി സംഗ്രഹിക്കാൻ കഴിയും: യേശുവിനെ അനുകരിക്കുക. ഒന്നു പത്രോസ് 2:21 (NW) നമ്മോടു പറയുന്നു: “ഈ പ്രവർത്തനഗതിക്കു നിങ്ങൾ വിളിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ തന്റെ ചുവടുകൾ നിങ്ങൾ അടുത്തുപിന്തുടരാൻ നിങ്ങൾക്ക് ഒരു മാതൃക വെച്ചുകൊണ്ടു ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടമനുഭവിച്ചു.” അപ്പോൾ ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നതിനു നിങ്ങൾ യേശുവിന്റെ മാതൃക കഴിയുന്നത്ര അടുത്തു പിന്തുടരേണ്ടതുണ്ട്. അങ്ങനെയാണു നിങ്ങൾ ദൈവപരിജ്ഞാനം ബാധകമാക്കുന്നത്.
യേശു ദൈവപരിജ്ഞാനം ഉപയോഗിച്ച വിധം
4. യേശുവിനു യഹോവയെക്കുറിച്ചു വളരെയധികം അറിയാവുന്നത് എന്തുകൊണ്ട്, അവൻ ഈ പരിജ്ഞാനം എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
4 യേശുക്രിസ്തുവിനു മററുള്ളവരെക്കാൾ കൂടുതൽ സൂക്ഷ്മമായ ദൈവപരിജ്ഞാനമുണ്ട്. ഭൂമിയിലേക്കു വരുന്നതിനുമുമ്പ് അവൻ സ്വർഗത്തിൽ യുഗങ്ങളോളം യഹോവയാം ദൈവത്തോടുകൂടെ ജീവിച്ചു വേലചെയ്തു. (കൊലൊസ്സ്യർ 1:15, 16) ആ പരിജ്ഞാനംകൊണ്ടെല്ലാം യേശു എന്തു ചെയ്തു? അവൻ അതുണ്ടായിരിക്കുന്നതുകൊണ്ടുമാത്രം സംതൃപ്തനായില്ല. യേശു അതനുസരിച്ചു ജീവിച്ചു. അതുകൊണ്ടാണ് അവൻ സഹമനുഷ്യരോടുളള തന്റെ ഇടപെടലുകളിൽ വളരെ ദയാലുവും ക്ഷമാശീലനും സ്നേഹസമ്പന്നനുമായിരുന്നത്. യേശു അങ്ങനെ തന്റെ സ്വർഗീയ പിതാവിനെ അനുകരിക്കുകയും യഹോവയുടെ വഴികളെയും വ്യക്തിത്വത്തെയുംകുറിച്ചുളള തന്റെ പരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു.—യോഹന്നാൻ 8:23, 28, 29, 38; 1 യോഹന്നാൻ 4:8.
5. യേശു സ്നാപനമേററത് എന്തുകൊണ്ട്, അവൻ തന്റെ സ്നാപനത്തിന്റെ അർഥത്തിന് അനുയോജ്യമായി ജീവിച്ചത് എങ്ങനെ?
5 യേശുവിന്റെ പരിജ്ഞാനം നിർണായകമായ ഒരു നടപടി സ്വീകരിക്കാനും അവനെ പ്രേരിപ്പിച്ചിരുന്നു. അവൻ ഗലീലയിൽനിന്നു യോർദാൻനദിയിലേക്കു വന്നു, അവിടെവച്ചു യോഹന്നാൻ അവനെ സ്നാനപ്പെടുത്തി. (മത്തായി 3:13-15) യേശുവിന്റെ സ്നാപനം എന്തിനെ പ്രതീകവൽക്കരിച്ചു? ഒരു യഹൂദനെന്ന നിലയിൽ അവൻ ദൈവത്തിനു സമർപ്പിതമായിരുന്ന ഒരു ജനതയിൽ ജനിച്ചു. അതുകൊണ്ടു യേശു ജനനം മുതൽതന്നെ സമർപ്പിതനായിരുന്നു. (പുറപ്പാടു 19:5, 6) സ്നാപനത്തിനു വിധേയനായതിനാൽ അവൻ തനിക്കുവേണ്ടിയുളള അക്കാലത്തെ ദൈവേഷ്ടം ചെയ്യാൻ തന്നേത്തന്നെ ഏല്പിച്ചുകൊടുക്കുകയായിരുന്നു. (എബ്രായർ 10:5, 7) യേശു തന്റെ സ്നാപനത്തിന്റെ അർഥത്തിന് അനുയോജ്യമായി ജീവിച്ചു. അവൻ യഹോവയുടെ സേവനത്തിൽ കഠിനാധ്വാനംചെയ്തു, ഏതവസരത്തിലും ആളുകൾക്കു ദൈവപരിജ്ഞാനം പങ്കുവെച്ചുകൊണ്ടുതന്നെ. യേശു ദൈവേഷ്ടം ചെയ്യുന്നതിൽ ഉല്ലാസം കണ്ടെത്തി, അത് അവന് ആഹാരം പോലെയാണെന്നു പറഞ്ഞുകൊണ്ടുപോലും.—യോഹന്നാൻ 4:34.
6. യേശു ഏതു വിധത്തിൽ തന്നേത്തന്നെ ത്യജിച്ചു?
6 യഹോവയുടെ ഇഷ്ടം ചെയ്യുന്നതു വളരെ ചെലവുവരുത്തുന്നതാണെന്ന്—അത് അവന്റെ ജീവൻപോലും നഷ്ടപ്പെടുത്തുന്നതാണെന്ന്—യേശു പൂർണമായും തിരിച്ചറിഞ്ഞു. എന്നുവരികിലും, യേശു തന്റെ വ്യക്തിപരമായ ആവശ്യങ്ങളെ രണ്ടാം സ്ഥാനത്തു വെച്ചുകൊണ്ടു തന്നെത്താൻ ത്യജിച്ചു. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു. ഈ കാര്യത്തിൽ, നമുക്ക് എങ്ങനെ യേശുവിന്റെ പൂർണതയുളള മാതൃക പിന്തുടരാൻ കഴിയും?
നിത്യജീവനിലേക്കു നയിക്കുന്ന പടികൾ
7. സ്നാപനത്തിനു യോഗ്യത നേടാൻ ഒരുവൻ സ്വീകരിക്കേണ്ട ചില പടികൾ ഏവ?
7 യേശുവിൽനിന്നു വ്യത്യസ്തമായി, നാം അപൂർണരാണ്, മററു മർമപ്രധാനമായ പടികൾ സ്വീകരിച്ചതിനുശേഷം മാത്രമേ നമുക്കു സ്നാപനമാകുന്ന നാഴികക്കല്ലിങ്കൽ എത്താൻ കഴികയുളളു. ഇതു യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുളള പരിജ്ഞാനം നമ്മുടെ ഹൃദയത്തിൽ ഉൾക്കൊളളുന്നതോടെ തുടങ്ങുന്നു. ഇതു ചെയ്യുന്നതു നാം വിശ്വാസം പ്രകടമാക്കാനും ദൈവത്തോട് അഗാധമായ സ്നേഹമുണ്ടായിരിക്കാനും ഇടയാക്കുന്നു. (മത്തായി 22:37-40; റോമർ 10:17; എബ്രായർ 11:6) ദൈവത്തിന്റെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും പ്രമാണങ്ങളുടെയും അനുസരണം നാം നമ്മുടെ കഴിഞ്ഞകാല പാപങ്ങൾ സംബന്ധിച്ചു ദൈവികദുഃഖം പ്രകടമാക്കി അനുതപിക്കാൻ നമ്മെ പ്രേരിപ്പിക്കണം. ഇതു പരിവർത്തനത്തിലേക്കു നയിക്കുന്നു, അതായതു നമുക്കു ദൈവപരിജ്ഞാനമില്ലാഞ്ഞപ്പോൾ പിന്തുടർന്നുപോന്ന ഏതു തെററായ ഗതിയും ഉപേക്ഷിച്ചു തിരിഞ്ഞുവരുന്നതിലേക്കു നയിക്കുന്നു. (പ്രവൃത്തികൾ 3:19) സ്വാഭാവികമായി, നീതി പ്രവർത്തിക്കുന്നതിനു പകരം നാം ഏതെങ്കിലും പാപം അപ്പോഴും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നമ്മൾ യഥാർഥത്തിൽ തിരിഞ്ഞുവന്നിട്ടില്ല. ദൈവത്തെ കബളിപ്പിച്ചെന്നു കരുതുകയും വേണ്ട. യഹോവ എല്ലാ കപടഭാവവും കണ്ടുപിടിക്കുന്നു.—ലൂക്കൊസ് 12:2, 3.
8. നിങ്ങൾ രാജ്യപ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുമ്പോൾ ഏതു നടപടി സ്വീകരിക്കണം?
8 നിങ്ങൾ ദൈവപരിജ്ഞാനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്കു വളരെ വ്യക്തിപരമായ ഒരു വിധത്തിൽ ആത്മീയ കാര്യങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നത് ഉചിതമല്ലേ? നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മററുളളവരോടും നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു പറയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടായിരിക്കാനിടയുണ്ട്. യഥാർഥത്തിൽ, നിങ്ങൾ ഇപ്പോൾത്തന്നെ ഇതു ചെയ്യുന്നുണ്ടായിരിക്കാം, യേശു അനൗപചാരിക പശ്ചാത്തലങ്ങളിൽ മററുളളവർക്കു സുവാർത്ത പങ്കുവെച്ചതുപോലെതന്നെ. (ലൂക്കൊസ് 10:38, 39; യോഹന്നാൻ 4:6-15) ഇപ്പോൾ നിങ്ങൾ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചേക്കാം. നിങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ നിരന്തര രാജ്യപ്രസംഗ പ്രവർത്തനത്തിൽ കുറെ പങ്കുവഹിക്കാൻ യോഗ്യതയും പ്രാപ്തിയുമുണ്ടോയെന്നു തിട്ടപ്പെടുത്തുന്നതിനു നിങ്ങളുമായി സംസാരിക്കാൻ ക്രിസ്തീയ മൂപ്പൻമാർക്കു സന്തോഷമുണ്ടായിരിക്കും. നിങ്ങൾ യോഗ്യനും പ്രാപ്തനുമാണെങ്കിൽ, നിങ്ങൾ ശുശ്രൂഷയിൽ ഒരു സാക്ഷിയോടുകൂടെ പോകാൻ മൂപ്പൻമാർ ക്രമീകരണം ചെയ്യും. ഒരു ക്രമീകൃതമായ വിധത്തിൽ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു യേശുവിന്റെ ശിഷ്യൻമാർ അവന്റെ നിർദേശങ്ങൾ അനുസരിച്ചു. (മർക്കൊസ് 6:7, 30; ലൂക്കൊസ് 10:1) നിങ്ങൾ വീടുതോറും മാത്രമല്ല, മററു വിധങ്ങളിലും രാജ്യസന്ദേശം പരത്തുന്നതിൽ പങ്കെടുക്കുമ്പോൾ നിങ്ങൾക്കു സമാനമായ സഹായത്തിൽനിന്നു പ്രയോജനം കിട്ടും.—പ്രവൃത്തികൾ 20:20, 21.
9. ഒരു വ്യക്തി ദൈവത്തിനു സമർപ്പിക്കുന്നത് എങ്ങനെ, സമർപ്പണം വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?
9 സഭയുടെ പ്രദേശത്ത് എല്ലാത്തരം ആളുകളോടും സുവാർത്ത പ്രസംഗിക്കുന്നതു നീതിപ്രകൃതമുളളവരെ കണ്ടെത്തുന്നതിനുളള ഒരു മാർഗമാണ്, നിങ്ങൾക്കു വിശ്വാസമുണ്ടെന്നു തെളിയിക്കുന്ന സത്പ്രവൃത്തികളിൽപ്പെടുന്നതുമാണത്. (പ്രവൃത്തികൾ 10:34, 35; യാക്കോബ് 2:17, 18, 26) ക്രിസ്തീയ യോഗങ്ങളിലെ ക്രമമായ ഹാജരും പ്രസംഗവേലയിലെ അർഥവത്തായ പങ്കുപററലും നിങ്ങൾ അനുതപിച്ചു തിരിഞ്ഞുവന്നിരിക്കുന്നുവെന്നും ഇപ്പോൾ ദൈവപരിജ്ഞാനത്തിന് അനുസൃതമായി ജീവിക്കാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും പ്രകടമാക്കുന്നതിനുളള മാർഗങ്ങളാണ്. യുക്തിപൂർവകമായ അടുത്ത പടി എന്താണ്? അതു യഹോവയാം ദൈവത്തിനു സമർപ്പണംചെയ്യുകയെന്നതാണ്. അതിന്റെ അർഥം നിങ്ങൾ മനസ്സോടെയും മുഴുഹൃദയത്തോടെയും ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നതിനു നിങ്ങളുടെ ജീവിതം അവന് അർപ്പിക്കുന്നുവെന്നു ഹൃദയംഗമമായ പ്രാർഥനയിൽ അവനോടു പറയുന്നു എന്നാണ്. നിങ്ങളെത്തന്നെ യഹോവക്കു സമർപ്പിക്കുന്നതിനും യേശുക്രിസ്തുവിന്റെ സൗമ്യമായ നുകം സ്വീകരിക്കുന്നതിനുമുളള മാർഗമാണിത്.—മത്തായി 11:29, 30.
സ്നാപനം—അതു നിങ്ങൾക്ക് അർഥമാക്കുന്നത്
10. നിങ്ങൾ യഹോവക്കു നിങ്ങളെത്തന്നെ സമർപ്പിച്ചശേഷം സ്നാപനമേൽക്കേണ്ടത് എന്തുകൊണ്ട്?
10 യേശു പറയുന്നതനുസരിച്ച് അവന്റെ ശിഷ്യരാകുന്നവരെല്ലാം സ്നാപനമേൽക്കണം. (മത്തായി 28:19, 20) ദൈവത്തിനു സമർപ്പണം ചെയ്തശേഷം ഇതാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? നിങ്ങൾ നിങ്ങളെത്തന്നെ യഹോവക്കു സമർപ്പിച്ചിരിക്കുന്നതുകൊണ്ടു നിങ്ങൾ അവനെ സ്നേഹിക്കുന്നുവെന്ന് അവനറിയാം. എന്നാൽ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരെ അറിയിക്കുന്നതിന് കൂടുതലായ നടപടി സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമെന്നുള്ളതിനു സംശയമില്ല. ശരി, സ്നാപനം യഹോവയാം ദൈവത്തിനായുളള നിങ്ങളുടെ സമർപ്പണത്തെ പരസ്യമായി അറിയിക്കാനുളള ഒരു അവസരം നിങ്ങൾക്കു നൽകുന്നു.—റോമർ 10:9, 10.
11. സ്നാപനത്തിന്റെ അർഥമെന്ത്?
11 സ്നാപനത്തിനു വമ്പിച്ച പ്രതീകാത്മക അർഥമുണ്ട്. നിങ്ങൾ വെളളത്തിൽ മുക്കപ്പെടുമ്പോൾ അല്ലെങ്കിൽ “കുഴിച്ചിടപ്പെടു”മ്പോൾ അതു നിങ്ങൾ മുൻ ജീവിതഗതി സംബന്ധിച്ചു മരിച്ചതുപോലെയാണ്. നിങ്ങൾ വെളളത്തിൽനിന്നു പുറത്തുവരുമ്പോൾ നിങ്ങൾ ഒരു പുതുജീവിതത്തിലേക്ക്, നിങ്ങളുടെ സ്വന്തം ഇഷ്ടത്താലല്ല ദൈവത്തിന്റെ ഇഷ്ടത്താൽ ഭരിക്കപ്പെടുന്ന ഒരു ജീവിതത്തിലേക്ക്, ഉയർന്നുവരുന്നതുപോലെയാണത്. തീർച്ചയായും, നിങ്ങൾ മേലാൽ തെററുകൾ ചെയ്യുകയില്ലെന്ന് അതിനർഥമില്ല, കാരണം നമ്മളെല്ലാം അപൂർണരാണ്, തന്നിമിത്തം അനുദിനം പാപം ചെയ്യുന്നു. എന്നിരുന്നാലും, സ്നാപനമേററ യഹോവയുടെ ഒരു സമർപ്പിത ദാസനോ ദാസിയോ എന്നനിലയിൽ നിങ്ങൾ അവനുമായി ഒരു പ്രത്യേക ബന്ധത്തിലേക്കു വന്നിരിക്കും. നിങ്ങളുടെ അനുതാപവും സ്നാപനത്തിനു നിങ്ങൾ വിനീതമായി വിധേയമായതും നിമിത്തം യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ പാപങ്ങൾ മോചിക്കാൻ യഹോവ സന്നദ്ധനാണ്. അങ്ങനെ സ്നാപനം ദൈവമുമ്പാകെ ഒരു ശുദ്ധമനസ്സാക്ഷിയിലേക്കു നയിക്കുന്നു.—1 പത്രൊസ് 3:21.
12. (എ) ‘പിതാവിന്റെ നാമത്തിൽ’ (ബി) ‘പുത്രന്റെ നാമത്തിൽ’ (സി) ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ,’ സ്നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്?
12 പുതിയ ശിഷ്യരെ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാപനം ചെയ്യാൻ യേശു തന്റെ അനുഗാമികളോടു കല്പിച്ചു. (മത്തായി 28:19) യേശു എന്തർഥമാക്കി? ‘പിതാവിന്റെ നാമത്തിലുളള’ സ്നാപനം സ്നാപനമേൽക്കുന്ന ആൾ യഹോവയാം ദൈവത്തെ സ്രഷ്ടാവും അഖിലാണ്ഡത്തിന്റെ നീതിയുക്തനായ പരമാധികാരിയുമായി മുഴുഹൃദയത്തോടെ സ്വീകരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. (സങ്കീർത്തനം 36:9; 83:18; സഭാപ്രസംഗി 12:1) ‘പുത്രന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നതു വ്യക്തി യേശുക്രിസ്തുവിനെ—വിശേഷാൽ അവന്റെ മറുവിലയാഗത്തെ—ദൈവം പ്രദാനംചെയ്യുന്ന ഏക രക്ഷാമാർഗമായി അംഗീകരിക്കുന്നുവെന്ന് അർഥമാക്കുന്നു. (പ്രവൃത്തികൾ 4:12) ‘പരിശുദ്ധാത്മാവിന്റെ നാമത്തിലുളള’ സ്നാപനം സ്നാപനാർഥി യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന സ്ഥാപനത്തോടുളള ബന്ധത്തിൽ അവന്റെ ഉദ്ദേശ്യങ്ങൾ നിറവേററുന്നതിനും അവന്റെ നീതിയുളള ഇഷ്ടം ചെയ്യുന്നതിന് അവന്റെ ദാസരെ ശക്തിപ്പെടുത്തുന്നതിനുമുളള ദൈവത്തിന്റെ ഉപകരണമെന്ന നിലയിൽ യഹോവയുടെ പരിശുദ്ധാത്മാവിനെ അഥവാ പ്രവർത്തനനിരതമായ ശക്തിയെ അംഗീകരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു.—ഉല്പത്തി 1:2; സങ്കീർത്തനം 104:30; യോഹന്നാൻ 14:26; 2 പത്രൊസ് 1:21.
നിങ്ങൾ സ്നാപനത്തിനു തയ്യാറാണോ?
13, 14. നാം യഹോവയാം ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നതിനു ഭയപ്പെടരുതാത്തത് എന്തുകൊണ്ട്?
13 സ്നാപനം വളരെ അർഥവത്തും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റം പ്രധാനപ്പെട്ട നാഴികക്കല്ലുമായതിനാൽ നിങ്ങൾ ഭയക്കേണ്ട ഒരു നടപടിയാണോ അത്? അശേഷമല്ല! സ്നാപനമേൽക്കാനുളള തീരുമാനം നിസ്സാരമായി കണക്കാക്കേണ്ടതല്ലെന്നു മാത്രമല്ല, അതു നിസ്തർക്കമായി നിങ്ങൾക്കു സ്വീകരിക്കാൻകഴിയുന്ന ഏററം ജ്ഞാനപൂർവകമായ നടപടിയുമാണ്.
14 സ്നാപനം യഹോവയാം ദൈവത്തെ സേവിക്കാനുളള നിങ്ങളുടെ തീരുമാനത്തിന്റെ തെളിവാണ്. നിങ്ങൾ സമ്പർക്കത്തിൽ വരുന്ന അറിയാവുന്ന ആളുകളെക്കുറിച്ചു ചിന്തിക്കുക. അവരിൽ ഓരോരുത്തരും ഒന്നല്ലെങ്കിൽ മറെറാരു വിധത്തിൽ ഒരു യജമാനനെ സേവിക്കുകയല്ലേ? ചിലർ ധനത്തിനുവേണ്ടി അടിമവേല ചെയ്യുന്നു. (മത്തായി 6:24) മററു ചിലർ പാടുപെട്ടു തങ്ങളുടെ ജീവിതവൃത്തി പിന്തുടരുന്നു, അല്ലെങ്കിൽ തങ്ങളുടെ മോഹങ്ങളുടെ തൃപ്തിപ്പെടുത്തലിനെ ജീവിതത്തിലെ പരമപ്രധാന സംഗതിയാക്കിക്കൊണ്ടു തങ്ങളെത്തന്നെ സേവിക്കുന്നു. വേറെ ചിലർ വ്യാജദൈവങ്ങളെ സേവിക്കുന്നു. എന്നാൽ നിങ്ങൾ സത്യദൈവമായ യഹോവയെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നു. വേറെ ആരും അവനെപ്പോലെ ഇത്ര ദയയും സഹതാപവും സ്നേഹവും പ്രകടമാക്കുന്നില്ല. മനുഷ്യരെ രക്ഷയിലേക്കു നയിക്കുന്ന ഉദ്ദേശ്യപൂർവകമായ വേല നൽകിക്കൊണ്ടു ദൈവം അവരെ മാനിക്കുന്നു. അവൻ തന്റെ ദാസൻമാർക്കു നിത്യജീവന്റെ പ്രതിഫലം നൽകുന്നു. തീർച്ചയായും, യേശുവിന്റെ മാതൃക പിന്തുടരുന്നതും യഹോവക്കു നിങ്ങളുടെ ജീവിതം അർപ്പിക്കുന്നതും ഭയക്കേണ്ട ഒരു ഗതിയല്ല. യഥാർഥത്തിൽ, അതുമാത്രമാണു ദൈവത്തെ പ്രസാദിപ്പിക്കുന്നതും പൂർണമായും അർഥവത്തായിരിക്കുന്നതുമായ ഗതി.—1 രാജാക്കൻമാർ 18:21.
15. സ്നാപനത്തിനുളള ചില സാധാരണ തടസ്സങ്ങളേവ?
15 എന്നിരുന്നാലും, സ്നാപനം സമ്മർദം നിമിത്തം സ്വീകരിക്കേണ്ട ഒരു നടപടിയല്ല. അതു നിങ്ങൾക്കും യഹോവക്കും മധ്യേയുളള വ്യക്തിപരമായ ഒരു സംഗതിയാണ്. (ഗലാത്യർ 6:4) നിങ്ങൾ ആത്മീയ പുരോഗതി വരുത്തിയിരിക്കുന്നതിനാൽ “സ്നാപനമേൽക്കുന്നതിൽനിന്ന് എന്നെ തടയുന്നത് എന്ത്?” എന്നറിയാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. (പ്രവൃത്തികൾ 8:35, 36, NW) നിങ്ങൾക്കു നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘കുടുംബത്തിലെ എതിർപ്പ് എന്നെ പിന്തിരിപ്പിക്കുകയാണോ? ഞാൻ ഇപ്പോഴും ഏതെങ്കിലും തിരുവെഴുത്തുവിരുദ്ധമായ സാഹചര്യത്തിലോ പാപപൂർണമായ നടപടിയിലോ ഉൾപ്പെട്ടിരിക്കുകയാണോ? ഞാൻ ജനസമുദായത്തിലെ പ്രീതി നഷ്ടപ്പെടുമെന്നു ഭയപ്പെടുകയായിരിക്കുമോ?’ ഇവ പരിചിന്തിക്കാനുളള ചില കാര്യങ്ങളാണ്, എന്നാൽ അവയെ യാഥാർഥ്യബോധത്തോടെ വിലയിരുത്തുക.
16. യഹോവയെ സേവിക്കുന്നതുകൊണ്ടു നിങ്ങൾക്ക് എങ്ങനെ പ്രയോജനം കിട്ടും?
16 യഹോവയെ സേവിക്കുന്നതിന്റെ പ്രയോജനങ്ങൾ പരിഗണിക്കാതെ നിഷേധാത്മകവശങ്ങൾ വിലയിരുത്തുന്നതു യാഥാർഥ്യബോധമല്ല. ഉദാഹരണത്തിന്, കുടുംബത്തിലെ എതിർപ്പിന്റെ കാര്യമെടുക്കുക. തന്നെ അനുഗമിക്കുന്നതു നിമിത്തം തന്റെ ശിഷ്യൻമാർക്കു ബന്ധുക്കളെ നഷ്ടപ്പെട്ടാലും അവർ വലിപ്പമേറിയ ഒരു ആത്മീയ കുടുംബത്തെ നേടുമെന്നു യേശു വാഗ്ദത്തം ചെയ്തു. (മർക്കൊസ് 10:29, 30) ഈ സഹവിശ്വാസികൾ നിങ്ങളോടു സഹോദരസ്നേഹം പ്രകടമാക്കും, പീഡനം സഹിക്കാൻ നിങ്ങളെ സഹായിക്കും, ജീവന്റെ മാർഗത്തിൽ നിങ്ങളെ പിന്താങ്ങുകയും ചെയ്യും. (1 പത്രൊസ് 5:9) വിശേഷാൽ സഭാമൂപ്പൻമാർക്കു പ്രശ്നങ്ങളെ നേരിടാനും മററു വെല്ലുവിളികളെ തരണംചെയ്യാനും നിങ്ങളെ സഹായിക്കാനാവും. (യാക്കോബ് 5:14-16) ഈ ലോകത്തിലെ പ്രീതി നഷ്ടപ്പെടുന്നതു സംബന്ധിച്ചാണെങ്കിൽ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ഞാൻ തിരഞ്ഞെടുത്ത ജീവിതഗതിയാൽ അഖിലാണ്ഡസ്രഷ്ടാവിനെ സന്തോഷിപ്പിച്ചുകൊണ്ട് അവന്റെ അംഗീകാരം നേടുന്നതിനോടു താരതമ്യപ്പെടുത്താവുന്ന മറെറന്താണുളളത്?’—സദൃശവാക്യങ്ങൾ 27:11.
നിങ്ങളുടെ സമർപ്പണത്തിനും സ്നാപനത്തിനും അനുസൃതമായി ജീവിക്കൽ
17. നിങ്ങൾ സ്നാപനത്തെ ഒരു അവസാനമായിട്ടല്ല, പിന്നെയോ ഒരു ആരംഭമായി വീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
17 സ്നാപനം നിങ്ങളുടെ ആത്മീയ പുരോഗതിയുടെ അവസാനമല്ലെന്ന് ഓർത്തിരിക്കുന്നതു പ്രധാനമാണ്. അത് ഒരു നിയമിത ശുശ്രൂഷകനും യഹോവയുടെ സാക്ഷികളിലൊരാളുമെന്ന നിലയിലുളള ആജീവനാന്ത ദൈവസേവനത്തിന്റെ തുടക്കത്തെ കുറിക്കുന്നു. സ്നാപനം മർമപ്രധാനമാണെങ്കിലും അതു രക്ഷയുടെ ഉറപ്പല്ല. ‘സ്നാപനമേൽക്കുന്ന ഏവനും രക്ഷിക്കപ്പെടും’ എന്നു യേശു പറഞ്ഞില്ല. മറിച്ച്, “അവസാനത്തോളം സഹിച്ചുനിന്നിരിക്കുന്നവനാണു രക്ഷിക്കപ്പെടുന്നവൻ” എന്നു അവൻ പറഞ്ഞു. (മത്തായി 24:13, NW) അതുകൊണ്ട്, ദൈവരാജ്യത്തെ നിങ്ങളുടെ ജീവിതത്തിലെ പരമപ്രധാനമായ താത്പര്യമാക്കിക്കൊണ്ട് ഒന്നാമത് അതന്വേഷിക്കുന്നതു മർമപ്രധാനമാണ്.—മത്തായി 6:25-34.
18. സ്നാപനത്തിനുശേഷം, പിന്തുടരാവുന്ന ചില ലാക്കുകൾ ഏവ?
18 യഹോവയുടെ സേവനത്തിൽ നിലനിൽക്കുന്നതിനു നിങ്ങൾ നിങ്ങൾക്കുവേണ്ടി ആത്മീയ ലാക്കുകൾ വെക്കാനാഗ്രഹിക്കും. മൂല്യവത്തായ ഒരു ലാക്ക് അവന്റെ വചനത്തിന്റെ വ്യക്തിപരമായ നിരന്തരപഠനത്താൽ നിങ്ങളുടെ ദൈവപരിജ്ഞാനം വർധിപ്പിക്കുക എന്നതാണ്. ദൈനംദിന ബൈബിൾവായനക്ക് ആസൂത്രണംചെയ്യുക. (സങ്കീർത്തനം 1:1, 2) ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുക, കാരണം നിങ്ങൾ അവിടെ കണ്ടെത്തുന്ന സഹവാസം നിങ്ങൾക്ക് ആത്മീയബലം നൽകാൻ സഹായിക്കും. സഭായോഗങ്ങളിൽ അഭിപ്രായം പറയുന്നതിനും അങ്ങനെ യഹോവയെ സ്തുതിക്കുന്നതിനും മററുളളവരെ പരിപുഷ്ടിപ്പെടുത്താൻ ശ്രമിക്കുന്നതിനും എന്തുകൊണ്ടു വ്യക്തിപരമായി ലാക്കുവെച്ചുകൂടാ? (റോമർ 1:11, 12) മറെറാരു ലാക്ക് നിങ്ങളുടെ പ്രാർഥനകളുടെ ഗുണം മെച്ചപ്പെടുത്തുക എന്നതായിരിക്കാം.—ലൂക്കൊസ് 11:2-4.
19. ഏതു ഗുണങ്ങൾ പ്രകടമാക്കാൻ പരിശുദ്ധാത്മാവിനു നിങ്ങളെ സഹായിക്കാനാവും?
19 നിങ്ങളുടെ സ്നാപനത്തിന്റെ അർഥമനുസരിച്ചു ജീവിക്കണമെങ്കിൽ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിങ്ങനെയുളള ഗുണങ്ങൾ നിങ്ങളിൽ ഉളവാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അനുവദിച്ചുകൊണ്ട്, നിങ്ങൾ ചെയ്യുന്നതിനു നിരന്തര ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. (ഗലാത്യർ 5:22, 23; 2 പത്രൊസ് 3:11) യഹോവയുടെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും തന്റെ വിശ്വസ്തദാസരായി തന്നെ അനുസരിക്കുകയും ചെയ്യുന്നവർക്കെല്ലാം അവൻ പരിശുദ്ധാത്മാവിനെ കൊടുക്കുന്നുവെന്ന് ഓർക്കുക. (ലൂക്കൊസ് 11:13; പ്രവൃത്തികൾ 5:32) അതുകൊണ്ടു ദൈവത്തിന്റെ ആത്മാവിനുവേണ്ടി അവനോടു പ്രാർഥിക്കുകയും അവനെ പ്രസാദിപ്പിക്കുന്ന ഗുണങ്ങൾ പ്രകടമാക്കുന്നതിൽ സഹായത്തിനായി അവനോടു യാചിക്കുകയും ചെയ്യുക. നിങ്ങൾ ദൈവാത്മാവിന്റെ സ്വാധീനത്തോടു പ്രതികരിക്കുമ്പോൾ നിങ്ങളുടെ സംസാരത്തിലും നടത്തയിലും അങ്ങനെയുളള ഗുണങ്ങൾ കൂടുതൽ പ്രകടമായിത്തീരും. തീർച്ചയായും, ക്രിസ്തീയ സഭയിലെ ഓരോ വ്യക്തിയും അധികമായി ക്രിസ്തുവിനെപ്പോലെയായിത്തീരത്തക്കവണ്ണം “പുതിയ വ്യക്തിത്വം” വളർത്തിയെടുക്കാൻ കഠിനശ്രമം ചെയ്യുകയാണ്. (കൊലോസ്യർ 3:9-14, NW) ഇതു ചെയ്യുന്നതിൽ നമ്മിൽ ഓരോരുത്തരും വ്യത്യസ്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, എന്തുകൊണ്ടെന്നാൽ നാം ആത്മീയപുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. നിങ്ങൾ അപൂർണനായിരിക്കുന്നതുകൊണ്ട് ഒരു ക്രിസ്തുതുല്യ വ്യക്തിത്വം നേടാൻ നിങ്ങൾ കഠിനവേല ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഒരിക്കലും നിരാശപ്പെടരുത്, കാരണം ദൈവസഹായത്താൽ അതു സാധ്യമാണ്.
20. ശുശ്രൂഷയിൽ നിങ്ങൾക്കു യേശുവിനെ ഏതു വിധങ്ങളിൽ അനുകരിക്കാനാവും?
20 നിങ്ങളുടെ ആത്മീയ ലാക്കുകളിൽ യേശുവിന്റെ സന്തോഷപൂർണമായ ദൃഷ്ടാന്തത്തെ കൂടുതൽ അടുത്ത് അനുകരിക്കുകയെന്ന ലാക്ക് ഉണ്ടായിരിക്കേണ്ടതാണ്. (എബ്രായർ 12:1-3) അവൻ ശുശ്രൂഷയെ ഇഷ്ടപ്പെട്ടു. രാജ്യപ്രസംഗ പ്രവർത്തനത്തിൽ പങ്കുപററാനുളള പദവി നിങ്ങൾക്കുണ്ടെങ്കിൽ, അപ്പോൾ അതു കേവലം ചടങ്ങ് ആയിത്തീരാൻ അനുവദിക്കരുത്. യേശു ചെയ്തതുപോലെ, ദൈവരാജ്യത്തെ സംബന്ധിച്ചു മററുളളവരെ പഠിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുക. ഒരു ഉപദേഷ്ടാവെന്ന നിലയിൽ മെച്ചപ്പെടാൻ നിങ്ങളെ സഹായിക്കുന്നതിനു സഭ നൽകുന്ന പ്രബോധനം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ശുശ്രൂഷ നിറവേററാൻ നിങ്ങൾക്കു ശക്തി നൽകുന്നതിനു യഹോവക്കു കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കുക.—1 കൊരിന്ത്യർ 9:19-23.
21. (എ) യഹോവ സ്നാപനമേററ വിശ്വസ്ത വ്യക്തികളെ വിലമതിക്കുന്നുവെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) ഈ ദുഷ്ട വ്യവസ്ഥിതിയുടെമേലുളള ദൈവത്തിന്റെ ന്യായവിധിനിർവഹണത്തെ അതിജീവിക്കുന്നതിൽ സ്നാപനം മൂല്യവത്താണെന്ന് എന്തു പ്രകടമാക്കുന്നു?
21 യേശുവിനെ അനുഗമിക്കാൻ വിശ്വസ്തമായി ശ്രമിക്കുന്ന സ്നാപനമേററ ഒരു സമർപ്പിത വ്യക്തി ദൈവത്തിനു വിലപ്പെട്ടവനാണ്. ശതകോടികൾവരുന്ന മനുഷ്യ ഹൃദയങ്ങളെയെല്ലാം യഹോവ പരിശോധിക്കുന്നു, അങ്ങനെയുളള വ്യക്തികൾ എത്ര വിരളമാണെന്ന് അവൻ അറിയുന്നു. അവരെ അവൻ നിക്ഷേപങ്ങളായി, ‘അഭികാമ്യരായി’ പരിഗണിക്കുന്നു. (ഹഗ്ഗായി 2:7, NW) അങ്ങനെയുളളവരെ ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ പെട്ടെന്നു വരാനിരിക്കുന്ന ന്യായവിധി നിർവഹണത്തെ അതിജീവിക്കാൻ അടയാളമിടപ്പെട്ടവരായി ദൈവം വീക്ഷിക്കുന്നുവെന്നു ബൈബിൾ പ്രവചനങ്ങൾ കാണിക്കുന്നു. (യെഹെസ്കേൽ 9:1-6; മലാഖി 3:16, 18) നിങ്ങൾ “നിത്യജീവന് അനുകൂലമായ സ്വഭാവമുളള” ആളാണോ? (പ്രവൃത്തികൾ 13:48, NW) ദൈവത്തെ സേവിക്കുന്ന ഒരാളായി അടയാളമിടപ്പെടണമെന്നുളളതു നിങ്ങളുടെ ആത്മാർഥമായ ആഗ്രഹമാണോ? സമർപ്പണവും സ്നാപനവും ആ അടയാളത്തിന്റെ ഭാഗമാണ്, അവ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
22. “മഹാപുരുഷാര”ത്തിന് ഏതു പ്രത്യാശക്കായി നോക്കിപ്പാർത്തിരിക്കാവുന്നതാണ്?
22 ആഗോളപ്രളയത്തിനുശേഷം, നോഹയും അവന്റെ കുടുംബവും പെട്ടകത്തിൽനിന്നു ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിലേക്കു പുറത്തുവന്നു. അതുപോലെതന്നെ ഇന്നു തങ്ങളുടെ ജീവിതത്തിൽ ദൈവപരിജ്ഞാനം ബാധകമാക്കുകയും ദൈവാംഗീകാരം നേടുകയും ചെയ്യുന്ന “ഒരു മഹാപുരുഷാര”ത്തിന് ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിച്ചു സ്ഥിരമായി ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള പ്രത്യാശയുണ്ട്. (വെളിപ്പാടു 7:9, 14) ആ പറുദീസയിലെ ജീവിതം എങ്ങനെയിരിക്കും?
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
യഹോവയെക്കുറിച്ചുളള നിങ്ങളുടെ പരിജ്ഞാനം എങ്ങനെ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നു?
സ്നാപനത്തിലേക്കു നയിക്കുന്ന ചില പടികൾ ഏവ?
സ്നാപനം ഒരു അവസാനമല്ല, ആരംഭമായിരിക്കുന്നത് എന്തുകൊണ്ട്?
നമുക്കു നമ്മുടെ സമർപ്പണത്തിനും സ്നാപനത്തിനും അനുസൃതമായി എങ്ങനെ ജീവിക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[172-ാം പേജിലെ ചിത്രം]
നിങ്ങൾ പ്രാർഥനയിൽ ദൈവത്തിന് ഒരു സമർപ്പണം നടത്തിയിട്ടുണ്ടോ?
[174-ാം പേജിലെ ചിത്രങ്ങൾ]
സ്നാപനമേൽക്കുന്നതിൽനിന്നു നിങ്ങളെ തടയുന്നത് എന്ത്?