ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്തകം
അധ്യായം 2
ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്തകം
1, 2. നമുക്കു നമ്മുടെ സ്രഷ്ടാവിന്റെ മാർഗനിർദേശം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് മനുഷ്യവർഗത്തിനു പ്രബോധനത്തിന്റെയും മാർഗനിർദേശത്തിന്റെയും ഒരു പുസ്തകം പ്രദാനംചെയ്യുന്നതു ന്യായയുക്തം മാത്രമാണ്. മനുഷ്യർക്കു മാർഗനിർദേശം ആവശ്യമാണെന്നുളളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
2 ‘നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്നു 2,500-ൽപ്പരം വർഷം മുമ്പ് ഒരു പ്രവാചകനായ ചരിത്രകാരൻ എഴുതി. (യിരെമ്യാവു 10:23) ഇന്ന്, ആ പ്രസ്താവനയുടെ സത്യത എന്നെത്തേതിലുമധികം വ്യക്തമാണ്. അതുകൊണ്ട്, ചരിത്രകാരനായ വില്യം എച്ച്. മക്ക്നീൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഭൂമിയിൽ മനുഷ്യാനുഭവം പ്രായേണ പ്രതിസന്ധികളുടെയും സ്ഥാപിത സാമൂഹിക ക്രമത്തിന്റെ തകർച്ചകളുടെയും ഇടമുറിയാത്ത ഒരു പരമ്പരയായി ഭവിച്ചിരിക്കുന്നു.”
3, 4. (എ) നാം ബൈബിൾപഠനത്തെ എങ്ങനെ സമീപിക്കണം? (ബി) നാം ബൈബിൾപരിശോധനയുമായി എങ്ങനെ മുന്നോട്ടുപോകും?
3 ജ്ഞാനപൂർവകമായ മാർഗദർശനത്തിനുളള നമ്മുടെ സകല ആവശ്യങ്ങളും ബൈബിൾ നിറവേററുന്നു. ചിലർ ആദ്യമായി ബൈബിൾ പരിശോധിക്കുമ്പോൾ പരിഭ്രമിച്ചുപോകുന്നുവെന്നതു സത്യംതന്നെ. അത് ഒരു വലിയ പുസ്തകമാണ്. അതിന്റെ ചില ഭാഗങ്ങൾ മനസ്സിലാക്കുക എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു വിലപ്പെട്ട ഒരു സ്വത്തവകാശം ലഭിക്കുന്നതിന് എന്തു ചെയ്യണമെന്നു വിവരിക്കുന്ന ഒരു നിയമപരമായ പ്രമാണം കിട്ടുന്നുവെങ്കിൽ അതു ശ്രദ്ധാപൂർവം പഠിക്കാൻ നിങ്ങൾ സമയമെടുക്കുകയില്ലേ? പ്രമാണത്തിന്റെ ചില ഭാഗങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ, അങ്ങനെയുളള കാര്യങ്ങളിൽ അനുഭവപരിചയമുളള ഒരാളുടെ സഹായം നിങ്ങൾ തേടാനിടയുണ്ട്. അത്തരമൊരു മനോഭാവത്തോടെ ബൈബിളിനെ എന്തുകൊണ്ടു സമീപിച്ചുകൂടാ? (പ്രവൃത്തികൾ 17:11) ഒരു ഭൗതിക സ്വത്തവകാശത്തെക്കാൾ കൂടിയ സംഗതി ഉൾപ്പെട്ടിരിക്കുന്നു. നാം മുൻ അധ്യായത്തിൽ മനസ്സിലാക്കിയതുപോലെ, ദൈവപരിജ്ഞാനത്തിനു നിത്യജീവനിലേക്കു നയിക്കാൻ കഴിയും.
4 ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്തകം നമുക്കു പരിശോധിക്കാം. ആദ്യമായി ബൈബിളിന്റെ ഒരു ഹ്രസ്വമായ സംഗ്രഹം ഞങ്ങൾ തരാം. പിന്നീട് അറിവുളള അനേകമാളുകൾ അതു ദൈവത്തിന്റെ നിശ്വസ്തവചനമാണെന്നു വിശ്വസിക്കുന്നതിന്റെ കാരണങ്ങൾ നാം ചർച്ചചെയ്യുന്നതായിരിക്കും.
ബൈബിളിന്റെ ഉളളടക്കം
5. (എ) എബ്രായ തിരുവെഴുത്തുകളിൽ എന്തടങ്ങിയിരിക്കുന്നു? (ബി) ഗ്രീക്ക് തിരുവെഴുത്തുകളിൽ എന്തടങ്ങിയിരിക്കുന്നു?
5 മിക്കപ്പോഴും പഴയ നിയമം എന്നും പുതിയ നിയമം എന്നും വിളിക്കപ്പെടുന്ന രണ്ടു ഭാഗങ്ങളിലായി 66 പുസ്തകങ്ങളാണു ബൈബിളിലടങ്ങിയിരിക്കുന്നത്. 39 ബൈബിൾ പുസ്തകങ്ങൾ മുഖ്യമായി എബ്രായയിലും 27 എണ്ണം ഗ്രീക്കിലും എഴുതപ്പെട്ടു. ഉൽപ്പത്തി മുതൽ മലാഖി വരെയുളള പുസ്തകങ്ങളടങ്ങിയ എബ്രായ തിരുവെഴുത്തുകൾ സൃഷ്ടിപ്പും ആദ്യത്തെ 3,500 വർഷത്തെ മനുഷ്യചരിത്രവും പ്രതിപാദിക്കുന്നു. ബൈബിളിന്റെ ഈ ഭാഗം പരിശോധിക്കുമ്പോൾ, പൊ.യു.മു. a 16-ാം നൂററാണ്ടിൽ ഇസ്രായേല്യർ ഒരു ജനതയായി പിറന്നതു മുതൽ പൊ.യു.മു. 5-ാം നൂററാണ്ടുവരെ അവരുമായുളള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചു നാം പഠിക്കുന്നു. മത്തായി മുതൽ വെളിപാടുവരെയുളള പുസ്തകങ്ങളടങ്ങിയ ഗ്രീക്ക് തിരുവെഴുത്തുകൾ പൊ.യു. ഒന്നാം നൂററാണ്ടിലെ യേശുക്രിസ്തുവിന്റെയും അവന്റെ ശിഷ്യൻമാരുടെയും ഉപദേശങ്ങളിലും പ്രവർത്തനങ്ങളിലും കേന്ദ്രീകരിക്കുന്നു.
6. നാം മുഴുബൈബിളും പഠിക്കേണ്ടത് എന്തുകൊണ്ട്?
6 “പഴയ നിയമം” യഹൂദൻമാർക്കും “പുതിയ നിയമം” ക്രിസ്ത്യാനികൾക്കും വേണ്ടിയുളളതാണെന്നു ചിലർ അവകാശപ്പെടുന്നു. എന്നാൽ 2 തിമൊഥെയൊസ് 3:16 പറയുന്നപ്രകാരം ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുളളതും ആകുന്നു.’ തന്നിമിത്തം, തിരുവെഴുത്തുകളുടെ ഉചിതമായ പഠനത്തിൽ മുഴു ബൈബിളും ഉൾപ്പെടണം. യഥാർഥത്തിൽ, ബൈബിളിന്റെ ഇരു ഭാഗങ്ങളും പരസ്പരപൂരകങ്ങളാണ്, ഒരു ആകമാന പ്രതിപാദ്യവിഷയം വികസിപ്പിച്ചുകൊണ്ട് അവ യോജിപ്പോടെ ഇണങ്ങിച്ചേർന്നിരിക്കുന്നു.
7. ബൈബിളിന്റെ പ്രതിപാദ്യവിഷയം എന്താണ്?
7 ഒരുപക്ഷേ നിങ്ങൾ വർഷങ്ങളോളം മതശുശ്രൂഷകൾക്കു ഹാജരാകുകയും ബൈബിളിന്റെ ചില ഭാഗങ്ങൾ ഉച്ചത്തിൽ വായിച്ചുകേൾക്കുകയും ചെയ്തിരിക്കാം. അല്ലെങ്കിൽ അതിലെ ഭാഗങ്ങൾ നിങ്ങൾതന്നെ വായിച്ചിട്ടുണ്ടായിരിക്കാം. ബൈബിളിന് ഉൽപ്പത്തിമുതൽ വെളിപാടുവരെ വേരോടിയിരിക്കുന്ന ഒരു പൊതുവിഷയം ഉണ്ടെന്നു നിങ്ങൾക്കറിയാമോ? അതേ, ഒരു യോജിപ്പുളള പ്രതിപാദ്യവിഷയം ബൈബിളിൽ വ്യാപിച്ചുകിടക്കുന്നു. ആ പ്രതിപാദ്യവിഷയം എന്താണ്? അതു മനുഷ്യവർഗത്തെ ഭരിക്കാനുളള ദൈവത്തിന്റെ അവകാശത്തിന്റെ സംസ്ഥാപനവും അവന്റെ രാജ്യം മുഖാന്തരമുളള അവന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യത്തിന്റെ സാക്ഷാത്കാരവുമാണ്. ദൈവം ഈ ഉദ്ദേശ്യം എങ്ങനെ നിറവേററുമെന്നു നാം പിന്നീടു മനസ്സിലാക്കുന്നതായിരിക്കും.
8. ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചു ബൈബിൾ എന്തു വെളിപ്പെടുത്തുന്നു?
8 ദൈവോദ്ദേശ്യം വിവരിക്കുന്നതിനു പുറമേ, ബൈബിൾ ദൈവത്തിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ദൈവത്തിനു വികാരങ്ങളുണ്ടെന്നും നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തെ ബാധിക്കുന്നുവെന്നും ബൈബിളിൽനിന്നു നാം മനസ്സിലാക്കുന്നു. (സങ്കീർത്തനം 78:40, 41; സദൃശവാക്യങ്ങൾ 27:11; യെഹെസ്കേൽ 33:11) ദൈവം “കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉളളവൻ തന്നേ” എന്നു സങ്കീർത്തനം 103:8-14 പറയുന്നു. ‘നാം കേവലം പൊടികൊണ്ടു നിർമിക്കപ്പെട്ടവരാണെന്നും’ മരണത്തിങ്കൽ അതിലേക്കു മടങ്ങിപ്പോകുന്നുവെന്നും ഓർത്തുകൊണ്ട് അവൻ നമ്മോടു സഹതാപപൂർവം ഇടപെടുന്നു. (ഉല്പത്തി 2:7; 3:19) അവൻ എത്ര അത്ഭുതകരമായ ഗുണങ്ങളാണു പ്രദർശിപ്പിക്കുന്നത്! അങ്ങനെയുളള ദൈവത്തെയല്ലേ നിങ്ങൾ ആരാധിക്കാനാഗ്രഹിക്കുന്നത്?
9. ബൈബിൾ ദൈവത്തിന്റെ പ്രമാണങ്ങളെക്കുറിച്ചു നമുക്കു വ്യക്തമായ കാഴ്ചപ്പാടു നൽകുന്നത് എങ്ങനെ, അത്തരം പരിജ്ഞാനത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
9 ദൈവത്തിന്റെ പ്രമാണങ്ങളുടെ വ്യക്തമായ ഒരു കാഴ്ചപ്പാട് ബൈബിൾ നമുക്കു നൽകുന്നു. ഇവ ചിലപ്പോൾ നിയമങ്ങളായി പ്രസ്താവിക്കപ്പെടുന്നു. എന്നിരുന്നാലും, ഒട്ടു മിക്കപ്പോഴും, ഇവ ദൃഷ്ടാന്തപാഠങ്ങളിലൂടെ പഠിപ്പിക്കുന്ന തത്ത്വങ്ങളിൽ പ്രതിഫലിക്കുന്നു. നമ്മുടെ പ്രയോജനത്തിനുവേണ്ടി ദൈവം പുരാതന ഇസ്രായേല്യ ചരിത്രത്തിലെ ചില സംഭവങ്ങൾ എഴുതിച്ചിട്ടുണ്ട്. ആളുകൾ ദൈവോദ്ദേശ്യത്തോടു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നതെന്തെന്നും അതുപോലെതന്നെ അവർ സ്വന്തവഴിയിൽ പോകുമ്പോഴുണ്ടാകുന്ന സങ്കടകരമായ പരിണതഫലമെന്തെന്നും ഈ നിഷ്കപടമായ വിവരണങ്ങൾ കാണിച്ചുതരുന്നു. (1 രാജാക്കൻമാർ 5:4; 11:4-6; 2 ദിനവൃത്താന്തം 15:8-15) അത്തരം യഥാർഥ-ജീവിത വിവരണങ്ങളുടെ വായന നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്നുളളതിനു സംശയമില്ല. രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെ വിഭാവനചെയ്യാൻ നാം ശ്രമിക്കുന്നുവെങ്കിൽ അവയിൽ ഉൾപ്പെട്ടിരുന്ന ആളുകളോടു നമുക്ക് അനുരൂപപ്പെടാൻ കഴിയും. അങ്ങനെ, നല്ല ദൃഷ്ടാന്തങ്ങളിൽനിന്നു പ്രയോജനമനുഭവിക്കാനും ദുഷ്പ്രവൃത്തിക്കാരെ കുരുക്കിയ കെണികളെ ഒഴിവാക്കാനും നമുക്കു കഴിയും. എന്നിരുന്നാലും, ഈ മർമപ്രധാനമായ ചോദ്യത്തിന് ഒരു ഉത്തരം ആവശ്യമാണ്: നാം ബൈബിളിൽ വായിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ ദൈവനിശ്വസ്തമാണെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
നിങ്ങൾക്കു ബൈബിൾ വിശ്വസിക്കാനാവുമോ?
10. (എ) ബൈബിൾ കാലഹരണപ്പെട്ടതാണെന്നു ചിലർ വിചാരിക്കുന്നത് എന്തുകൊണ്ട്? (ബി) ബൈബിളിനെ സംബന്ധിച്ചു 2 തിമൊഥെയൊസ് 3:16, 17 നമ്മോട് എന്തു പറയുന്നു?
10 ബുദ്ധ്യുപദേശം നൽകുന്ന അനേകം പുസ്തകങ്ങൾ ചുരുക്കംചില വർഷങ്ങൾകൊണ്ടു കാലഹരണപ്പെടുന്നതായി ഒരുപക്ഷേ നിങ്ങൾ നിരീക്ഷിച്ചിരിക്കാം. ബൈബിളിനെ സംബന്ധിച്ചെന്ത്? അതു വളരെ പഴക്കമുളളതാണ്, അതിലെ അവസാനത്തെ വാക്കുകൾ എഴുതിയിട്ട് ഏതാണ്ട് 2,000 വർഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അതു നമ്മുടെ ആധുനികയുഗത്തിനു ബാധകമല്ലെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ ബൈബിൾ ദൈവനിശ്വസ്തമാണെങ്കിൽ, അതിനു വളരെ പഴക്കമുണ്ടെങ്കിലും അതിലെ ഉപദേശം എല്ലായ്പോഴും കാലാനുസൃതമായിരിക്കണം. തിരുവെഴുത്തുകൾ ഇപ്പോഴും “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുളളതു” ആയിരിക്കണം.—2 തിമൊഥെയൊസ് 3:16, 17.
11-13. ബൈബിൾ നമ്മുടെ നാളിൽ പ്രായോഗികമാണെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
11 ബൈബിൾതത്ത്വങ്ങൾ അവ എഴുതപ്പെട്ട കാലത്തെന്നപോലെതന്നെ ഇന്നും ബാധകമാണെന്നു സൂക്ഷ്മപരിശോധന വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ബൈബിൾ മനുഷ്യസ്വഭാവം സംബന്ധിച്ചു സൂക്ഷ്മഗ്രാഹ്യം പ്രതിഫലിപ്പിക്കുന്നു, അത് ഏതൊരു മനുഷ്യതലമുറയ്ക്കും ബാധകമാണ്. ഇതു നമുക്കു മത്തായിയുടെ പുസ്തകം 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ കൊടുത്തിരിക്കുന്ന യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ അനായാസം കാണാവുന്നതാണ്. പൊതു അറിവനുസരിച്ച്, ഇന്ത്യൻനേതാവായിരുന്ന മോഹൻദാസ് കെ. ഗാന്ധി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട്, “ക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ നൽകിയിരിക്കുന്ന ഉപദേശങ്ങളിൽ നിങ്ങളുടെ രാജ്യവും എന്റേതും ഒത്തുചേരുമ്പോൾ നാം നമ്മുടെ രാജ്യങ്ങളിലെ മാത്രമല്ല, മുഴു ലോകത്തിലെയും പ്രശ്നങ്ങൾ പരിഹരിച്ചിരിക്കും” എന്നു പറയത്തക്കവണ്ണം ഈ പ്രഭാഷണം അദ്ദേഹത്തിൽ വളരെ മതിപ്പുളവാക്കി.
12 ആളുകൾക്കു യേശുവിന്റെ ഉപദേശങ്ങളിൽ മതിപ്പുളവാകുന്നത് ആശ്ചര്യമല്ല! ഗിരിപ്രഭാഷണത്തിൽ, യഥാർഥ സന്തുഷ്ടി നേടാനുളള മാർഗം അവൻ നമുക്കു കാണിച്ചുതന്നു. തർക്കങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അവൻ വിശദീകരിച്ചു. പ്രാർഥിക്കേണ്ടത് എങ്ങനെയെന്ന നിർദേശം യേശു നൽകി. ഭൗതികാവശ്യങ്ങളോട് ഉണ്ടായിരിക്കേണ്ട ഏററവും ജ്ഞാനപൂർവകമായ മനോഭാവം അവൻ ചൂണ്ടിക്കാട്ടി, മററുളളവരുമായി ഉചിതമായ ബന്ധങ്ങൾ നിലനിർത്താനുളള സുവർണനിയമം നൽകുകയും ചെയ്തു. മതപരമായ വഞ്ചനകൾ കണ്ടുപിടിക്കുന്ന വിധവും ഒരു സുരക്ഷിതഭാവി നേടുന്ന വിധവും ഈ പ്രഭാഷണത്തിലെ ആശയങ്ങളിൽ ഉൾപ്പെട്ടിരുന്നു.
13 ഗിരിപ്രഭാഷണത്തിലും ബൈബിളിന്റെ ശേഷിച്ച താളുകളിലുടനീളവും അതു നമ്മുടെ ജീവിതഭാഗധേയത്തെ മെച്ചപ്പെടുത്തുന്നതിന് എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും വ്യക്തമായി നമ്മോടു പറയുന്നു. “ഒരു ബിരുദവും ബിരുദാനന്തരബിരുദവും നേടുകയും മാനസികാരോഗ്യവും മനഃശാസ്ത്രവും സംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടുളള ഒരു ഹൈസ്കൂൾ ഉപദേശകനാണെങ്കിലും, വിജയപ്രദമായ വിവാഹം, ബാലജനദുഷ്കൃത്യ നിവാരണം, സുഹൃത്തുക്കളെ നേടുകയും നിലനിർത്തുകയും ചെയ്യുന്ന വിധം എന്നിവ സംബന്ധിച്ച ബൈബിളിന്റെ ബുദ്ധ്യുപദേശം ഞാൻ കോളെജിൽവെച്ചു വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുളള എന്തിനെക്കാളും വളരെ മികച്ചതാണെന്നു ഞാൻ കണ്ടെത്തി” എന്ന് ഒരു വിദ്യാഭ്യാസപ്രവർത്തകൻ പറയാൻ പ്രേരിതനാകത്തക്കവണ്ണം അതിലെ ബുദ്ധ്യുപദേശം അത്ര പ്രായോഗികമാണ്. പ്രായോഗികവും കാലാനുസൃതവുമായിരിക്കുന്നതിനു പുറമേ ബൈബിൾ ആശ്രയയോഗ്യവുമാണ്.
കൃത്യതയുളളതും ആശ്രയയോഗ്യവും
14. ബൈബിൾ ശാസ്ത്രസംബന്ധമായി കൃത്യതയുളളതാണെന്നു പ്രകടമാക്കുന്നതെന്ത്?
14 ബൈബിൾ ഒരു ശാസ്ത്ര പാഠപുസ്തകമല്ലെങ്കിലും, അതു ശാസ്ത്രസംബന്ധമായി കൃത്യതയുളളതാണ്. ദൃഷ്ടാന്തത്തിന്, ഭൂമി പരന്നതാണെന്നു മിക്കവരും വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ പ്രവാചകനായ യെശയ്യാവ് അതിനെ ഒരു “വൃത്ത”മായി (എബ്രായ, ചഗ്ഗ്, ഇവിടെ അതിന്റെ ആശയം “ഗോളം” എന്നാണ്) പരാമർശിച്ചു. (യെശയ്യാവ് 40:22, NW) യെശയ്യാവിന്റെ കാലശേഷം ആയിരക്കണക്കിനു വർഷങ്ങൾ കഴിയുന്നതുവരെ ഒരു ഗോളാകാര ഭൂമിയുടെ ആശയം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. കൂടാതെ, 3,000-ത്തിൽപ്പരം വർഷം മുമ്പ് എഴുതപ്പെട്ട ഇയ്യോബ് 26:7, ദൈവം “ഭൂമിയെ നാസ്തിത്വത്തിൻമേൽ തൂക്കുന്നു” എന്നു പ്രസ്താവിക്കുന്നു. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ഭൂമി ശൂന്യസ്ഥലത്തു ദൃശ്യ താങ്ങില്ലാതെ തൂങ്ങിനിൽക്കുന്നുവെന്ന, വാനശാസ്ത്രത്താൽ തെളിയിക്കപ്പെട്ട സത്യം ഇയ്യോബ് എങ്ങനെ അറിഞ്ഞുവെന്നതു വിശുദ്ധ തിരുവെഴുത്തുകളുടെ നിശ്വസ്തതയെ നിഷേധിക്കുന്നവർക്ക് അനായാസം ഉത്തരം നൽകാവുന്ന ഒരു ചോദ്യമല്ല.”
15. ബൈബിളിലെ വിവരണരീതി അതിലുളള വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
15 ബൈബിളിൽ കാണപ്പെടുന്ന വിവരണരീതിയും യുഗ-പഴക്കമുളള ഈ പുസ്തകത്തിലുളള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. കെട്ടുകഥകളിൽനിന്നു വ്യത്യസ്തമായി, ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ നിശ്ചിത ആളുകളോടും തീയതികളോടും ബന്ധപ്പെട്ടിരിക്കുന്നു. (1 രാജാക്കൻമാർ 14:25; യെശയ്യാവു 36:1; ലൂക്കൊസ് 3:1, 2) പുരാതന ചരിത്രകാരൻമാർ മിക്കവാറും എല്ലായ്പോഴും തങ്ങളുടെ ഭരണാധികാരികളുടെ വിജയങ്ങളെ പെരുപ്പിച്ചുകാണിക്കുകയും അവരുടെ പരാജയങ്ങളെയും തെററുകളെയും മൂടിവെക്കുകയും ചെയ്തപ്പോൾ ബൈബിളെഴുത്തുകാർ നിഷ്കപടരും സത്യസന്ധരുമായിരുന്നു—തങ്ങളുടെ ഗുരുതരമായ സ്വന്തം പാപങ്ങൾ സംബന്ധിച്ചുപോലും.—സംഖ്യാപുസ്തകം 20:7-13; 2 ശമൂവേൽ 12:7-14; 24:10.
പ്രവചനങ്ങളടങ്ങിയ ഒരു പുസ്തകം
16. ബൈബിൾ ദൈവനിശ്വസ്തമാണെന്നുളളതിന്റെ അതിശക്തമായ തെളിവ് എന്താണ്?
16 ബൈബിൾ ദൈവനിശ്വസ്തമാണെന്നുളളതിനു നിവൃത്തിയായ പ്രവചനം തർക്കമററ തെളിവു നൽകുന്നു. വിശദാംശങ്ങളെല്ലാം കൃത്യതയോടെ നിവൃത്തിയേറിയ അനേകം പ്രവചനങ്ങൾ ബൈബിളിലടങ്ങിയിരിക്കുന്നു. പ്രസ്പഷ്ടമായി, വെറും മനുഷ്യർ ഇതിന് ഉത്തരവാദികളായിരിക്കാവുന്നതല്ല. അപ്പോൾ ഈ പ്രവചനങ്ങൾക്കു പിന്നിൽ എന്താണുളളത്? ബൈബിൾതന്നെ ഇങ്ങനെ പറയുന്നു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മ [അഥവാ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ] നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് 1:21) ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
17. ഏതു പ്രവചനങ്ങൾ ബാബിലോന്റെ പതനത്തെ മുൻകൂട്ടിപ്പറഞ്ഞു, ഇവ എങ്ങനെ നിറവേറി?
17 ബാബിലോന്റെ പതനം. മേദ്യരും പാർസ്യരും മൂലമുളള ബാബിലോന്റെ പതനത്തെക്കുറിച്ചു യെശയ്യാവും യിരെമ്യാവും മുൻകൂട്ടിപ്പറഞ്ഞു. ശ്രദ്ധേയമായ കാര്യം ഈ സംഭവത്തെക്കുറിച്ചുളള യെശയ്യാവിന്റെ പ്രവചനം ബാബിലോൻ കീഴടക്കപ്പെടുന്നതിന് ഏതാണ്ട് 200 വർഷം മുമ്പാണ് രേഖപ്പെടുത്തിയത് എന്നതാണ്! പ്രവചനത്തിന്റെ പിൻവരുന്ന വശങ്ങൾ ഇപ്പോൾ ചരിത്രരേഖയാണ്: ഒരു കൃത്രിമ തടാകത്തിലേക്കു വെളളം തിരിച്ചുവിട്ടു യൂഫ്രട്ടീസ് നദിയിലെ വെളളം വററിച്ചത് (യെശയ്യാവു 44:27; യിരെമ്യാവു 50:38); അശ്രദ്ധ നിമിത്തം ബാബിലോന്റെ നദീകവാടങ്ങളിൽ കാവൽ ഇല്ലാതെപോയത് (യെശയ്യാവു 45:1); സൈറസ് (കോരേശ്) എന്നു പേരുളള ഒരു ഭരണാധികാരി ജയിച്ചടക്കിയത്.—യെശയ്യാവു 44:28.
18. ‘യവനരാജാവിന്റെ’ ഉയർച്ചയിലും വീഴ്ചയിലും ബൈബിൾപ്രവചനം നിവൃത്തിയേറിയത് എങ്ങനെ?
18 ‘യവന രാജാവിന്റെ’ ഉയർച്ചയും വീഴ്ചയും. ഒരു ദർശനത്തിൽ ഒരു കോലാട്ടുകൊററൻ ഒരു ആട്ടുകൊററന്റെ രണ്ടു കൊമ്പുകളും തകർത്തുകൊണ്ട് അതിനെ ഇടിച്ചുവീഴിക്കുന്നതു ദാനിയേൽ കണ്ടു. പിന്നെ, കോലാട്ടുകൊററന്റെ വലിയ കൊമ്പു തകർന്നു, തൽസ്ഥാനത്തു നാലു കൊമ്പുകൾ മുളച്ചുവന്നു. (ദാനീയേൽ 8:1-8) ദാനിയേലിനോട് ഇങ്ങനെ വിശദീകരിക്കപ്പെട്ടു: “രണ്ടുകൊമ്പുളളതായി നീ കണ്ട ആട്ടുകൊററൻ പാർസ്യരാജാക്കൻമാരെ [“മേദ്യയിലെയും പേർഷ്യയിലെയും രാജാക്കൻമാരെ,” NW] കുറിക്കുന്നു. പരുപരുത്ത കോലാട്ടുകൊററൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുളള വലിയ കൊമ്പു ഒന്നാമത്തെ രാജാവുമാകുന്നു. അതു തകർന്ന ശേഷം അതിനു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.” (ദാനീയേൽ 8:20-22) ഈ പ്രവചനത്തിനനുസൃതമായി, ഏതാണ്ടു രണ്ടു നൂററാണ്ടു കഴിഞ്ഞു “യവന രാജാവു,” മഹാനായ അലക്സാണ്ടർ, രണ്ടു കൊമ്പുളള മേദോ-പേർഷ്യ സാമ്രാജ്യത്തെ മറിച്ചിട്ടു. പൊ.യു.മു. 323-ൽ അലക്സാണ്ടർ മരിച്ചു, ഒടുവിൽ അദ്ദേഹത്തിനു പകരം അദ്ദേഹത്തിന്റെ നാലു സൈന്യാധിപൻമാർ ഭരണമേററു. എന്നിരുന്നാലും, തുടർന്നുളള രാജ്യങ്ങളൊന്നും അലക്സാണ്ടറിന്റെ ശക്തിയോടു കിടനിൽക്കുന്നതല്ലായിരുന്നു.
19. യേശുക്രിസ്തുവിൽ ഏതു പ്രവചനങ്ങൾ നിവൃത്തിയേറി?
19 യേശുക്രിസ്തുവിന്റെ ജീവിതം. യേശുവിന്റെ ജനനം, ശുശ്രൂഷ, മരണം, പുനരുത്ഥാനം എന്നിവയിൽ നിവൃത്തിയായ ധാരാളം പ്രവചനങ്ങൾ എബ്രായ തിരുവെഴുത്തുകളിലുണ്ട്. ദൃഷ്ടാന്തത്തിന്, 700-ൽപ്പരം വർഷം മുമ്പുകൂട്ടി മിശിഹാ അഥവാ ക്രിസ്തു ബേത്ലഹേമിൽ ജനിക്കുമെന്നു മീഖാ പ്രവചിച്ചു. (മീഖാ 5:2; ലൂക്കൊസ് 2:4-7) മിശിഹായെ അടിക്കുകയും തുപ്പുകയും ചെയ്യുമെന്നു മീഖായുടെ സമകാലീനനായ യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 50:6; മത്തായി 26:67) മിശിഹായെ 30 വെളളിക്കാശിന് ഒററിക്കൊടുക്കുമെന്ന് അഞ്ഞൂറു വർഷം മുമ്പുകൂട്ടി സെഖര്യാവു പ്രവചിച്ചു. (സെഖര്യാവു 11:12; മത്തായി 26:15) യേശുമിശിഹായുടെ മരണത്തോടു ബന്ധപ്പെട്ട സാഹചര്യങ്ങൾ ദാവീദ് ആയിരത്തിൽപ്പരം വർഷം മുമ്പുകൂട്ടി വർണിച്ചു. (സങ്കീർത്തനം 22:7, 8, 18; മത്തായി 27:35, 39-43) മിശിഹാ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നും അതുപോലെതന്നെ അവന്റെ ശുശ്രൂഷയുടെ ദൈർഘ്യവും മരണത്തിന്റെ സമയവും ദാനിയേലിന്റെ പ്രവചനം വെളിപ്പെടുത്തി. (ദാനീയേൽ 9:24-27) ഇതു യേശുക്രിസ്തുവിൽ നിവൃത്തിയേറിയ പ്രവചനങ്ങളുടെ ഏതാനും ദൃഷ്ടാന്തങ്ങൾ മാത്രമാണ്. അവനെക്കുറിച്ചു പിന്നീടു വളരെക്കൂടുതൽ വായിക്കുന്നതു പ്രതിഫലദായകമാണെന്നു നിങ്ങൾ കണ്ടെത്തും.
20. നിവൃത്തിയേറിയ പ്രവചനം സംബന്ധിച്ച ബൈബിളിലെ പൂർണതയുളള രേഖ നമുക്ക് എന്തു വിശ്വാസം പകർന്നുതരേണ്ടതാണ്?
20 മററനേകം ദീർഘകാല ബൈബിൾപ്രവചനങ്ങൾ ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കഴിഞ്ഞിട്ടുണ്ട്. ‘എന്നാൽ ഇത് എന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ശരി, ആരെങ്കിലും നിങ്ങളോട് അനേകം വർഷക്കാലമായി സത്യമാണു പറഞ്ഞിരുന്നതെങ്കിൽ, അയാൾ പുതിയ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ നിങ്ങൾ പെട്ടെന്ന് അയാളെ സംശയിക്കുമോ? ഇല്ല! ബൈബിളിലുടനീളം ദൈവം സത്യം പറഞ്ഞിരിക്കുന്നു. ഇതു വരാനിരിക്കുന്ന പറുദീസയെക്കുറിച്ചുളള പ്രവചനങ്ങൾ പോലെയുളള ബൈബിൾവാഗ്ദത്തങ്ങളിൽ നിങ്ങളുടെ വിശ്വാസത്തെ കെട്ടുപണിചെയ്യേണ്ടതല്ലേ? തീർച്ചയായും, ‘ദൈവത്തിനു ഭോഷ്കു പറയാൻ കഴിയില്ല’ എന്ന് എഴുതിയ, യേശുവിന്റെ ഒന്നാം നൂററാണ്ടിലെ ശിഷ്യൻമാരിലൊരാളായ പൗലോസിന്റെ അതേ വിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും. (തീത്തോസ് 1:2, NW) തന്നെയുമല്ല, നാം തിരുവെഴുത്തുകൾ വായിക്കുകയും അവയിലെ ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്യുമ്പോൾ, മനുഷ്യർക്കു സ്വന്തമായി നേടാൻ കഴിയാത്ത ജ്ഞാനമാണു നാം പ്രയോഗിക്കുന്നത്, എന്തുകൊണ്ടെന്നാൽ ബൈബിളാണു നിത്യജീവനിലേക്കു നയിക്കുന്ന ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്തകം.
ദൈവപരിജ്ഞാനത്തിനുവേണ്ടി “വാഞ്ഛിപ്പിൻ”
21. നിങ്ങൾ ബൈബിളിൽനിന്നു പഠിക്കുന്ന ചില കാര്യങ്ങൾ പരിഭ്രമിപ്പിക്കുന്നതായി തോന്നുന്നുവെങ്കിൽ എന്തു ചെയ്യണം?
21 നിങ്ങൾ ബൈബിൾ പഠിക്കുമ്പോൾ, കഴിഞ്ഞ കാലത്തു നിങ്ങളെ പഠിപ്പിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കാനിടയുണ്ട്. നിങ്ങൾക്കു പ്രിയങ്കരമായ ചില മതാചാരങ്ങൾ ദൈവത്തിന് ഇഷ്ടമില്ല എന്നുപോലും നിങ്ങൾ കണ്ടെത്തിയേക്കാം. ഈ അനുവാദാത്മക ലോകത്തിൽ സർവസാധാരണമായ പ്രമാണങ്ങളെക്കാൾ ഉയർന്ന, തെററും ശരിയും സംബന്ധിച്ച പ്രമാണങ്ങൾ ദൈവത്തിനുണ്ടെന്നു നിങ്ങൾ മനസ്സിലാക്കും. ഇത് ആദ്യം പരിഭ്രമിപ്പിച്ചേക്കാം. എന്നാൽ ക്ഷമയോടിരിക്കുക! ദൈവപരിജ്ഞാനം കണ്ടെത്താൻ ശ്രദ്ധാപൂർവം തിരുവെഴുത്തുകൾ പരിശോധിക്കുക. ബൈബിളിന്റെ ബുദ്ധ്യുപദേശം നിങ്ങളുടെ ചിന്തയിലും പ്രവർത്തനങ്ങളിലും ചില ക്രമീകരണങ്ങൾ ആവശ്യമാക്കിത്തീർക്കാനുളള സാധ്യതയെ അംഗീകരിക്കുക.
22. നിങ്ങൾ എന്തിനാണു ബൈബിൾ പഠിക്കുന്നത്, ഇതു ഗ്രഹിക്കാൻ നിങ്ങൾക്കു മററുളളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
22 സദുദ്ദേശ്യമുളളവരെങ്കിലും തെററിദ്ധാരണയുളള സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളുടെ ബൈബിൾപഠനത്തെ എതിർത്തേക്കാം, എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യരുടെ മുമ്പിൽ എന്നെ ഏററുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏററുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തളളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തളളിപ്പറയും.” (മത്തായി 10:32, 33) നിങ്ങൾ ഒരു വ്യാജ മതവിഭാഗത്തിൽ ഉൾപ്പെട്ടുപോയേക്കുമെന്നോ ഒരു മതഭ്രാന്തനായിത്തീർന്നേക്കുമെന്നോ ചിലർ ഭയന്നേക്കാം. എന്നിരുന്നാലും, യഥാർഥത്തിൽ നിങ്ങൾ ദൈവത്തെയും അവന്റെ സത്യത്തെയും കുറിച്ചു സൂക്ഷ്മപരിജ്ഞാനം നേടാൻ കഠിനശ്രമം ചെയ്യുന്നതേയുളളു. (1 തിമൊഥെയൊസ് 2:3, 4) ഇതു മനസ്സിലാക്കാൻ മററുളളവരെ സഹായിക്കുന്നതിന്, നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു മററുളളവരോടു സംസാരിക്കുമ്പോൾ തർക്കിക്കാതെ ന്യായബോധമുളളവരായിരിക്കുക. (ഫിലിപ്പിയർ 4:5) ബൈബിൾപരിജ്ഞാനം യഥാർഥത്തിൽ ആളുകൾക്കു പ്രയോജനംചെയ്യുന്നുവെന്നതിനു തെളിവു കാണുമ്പോൾ അനേകർ ‘വചനം കൂടാതെ ചേർന്നുവരുന്നു’ എന്ന് ഓർക്കുക.—1 പത്രൊസ് 3:1, 2.
23. നിങ്ങൾക്കു ദൈവപരിജ്ഞാനത്തിനുവേണ്ടി എങ്ങനെ ‘വാഞ്ഛിക്കാൻ’ കഴിയും?
23 ‘ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛി’ക്കുന്നതിനു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ് 2:2) ഒരു ശിശു അതിന്റെ അമ്മയിൽനിന്നുളള പോഷണത്തിൽ ആശ്രയിക്കുന്നു; ആ ആവശ്യം സാധിച്ചുകിട്ടുന്നതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, നാം ദൈവത്തിൽനിന്നുളള പരിജ്ഞാനത്തിൽ ആശ്രയിക്കേണ്ടവരാണ്. നിങ്ങളുടെ പഠനം തുടർന്നുകൊണ്ട് അവന്റെ വചനത്തിനുവേണ്ടി “വാഞ്ഛിപ്പിൻ.” തീർച്ചയായും ദിവസേന ബൈബിൾ വായിക്കാൻ ലക്ഷ്യമിടുക. (സങ്കീർത്തനം 1:1-3) ഇതു നിങ്ങൾക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും, എന്തുകൊണ്ടെന്നാൽ “അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു” എന്നു ദൈവനിയമങ്ങളെക്കുറിച്ചു സങ്കീർത്തനം 19:11 പറയുന്നു.
[അടിക്കുറിപ്പ്]
a പൊ.യു.മു. എന്നതിന്റെ അർഥം “പൊതുയുഗത്തിനുമുമ്പ്” എന്നാണ്, അത് ബി.സി. (“ക്രിസ്തുവിനു മുമ്പ്”) എന്നതിനെക്കാൾ കൃത്യതയുളളതാണ്. പൊ.യു. എന്നത്, “ക്രിസ്തുവർഷത്തിൽ” എന്നർഥമുളള ആനോ ഡോമിനിയെ പ്രതിനിധാനംചെയ്യുന്ന ഏ.ഡി. എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന പൊതുയുഗത്തെ സൂചിപ്പിക്കുന്നു.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ഏതു വിധത്തിലാണു ബൈബിൾ അനുപമമായിരിക്കുന്നത്?
നിങ്ങൾക്കു ബൈബിൾ വിശ്വസിക്കാനാവുന്നത് എന്തുകൊണ്ട്?
ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നു നിങ്ങൾക്കു തെളിയിച്ചുതരുന്നത് എന്ത്?
[അധ്യയന ചോദ്യങ്ങൾ]
[14-ാം പേജിലെ ചതുരം]
ബൈബിൾ നന്നായി വിനിയോഗിക്കുക
ബൈബിൾ പരിചിതമാക്കുക എന്നതു പ്രയാസമായിരിക്കേണ്ടതില്ല. ബൈബിൾപുസ്തകത്തിന്റെ ക്രമവും സ്ഥാനവും മനസ്സിലാക്കാൻ അതിന്റെ ഉളളടക്കപ്പട്ടിക ഉപയോഗിക്കുക.
എളുപ്പം പരിശോധിക്കുന്നതിനു ബൈബിൾ പുസ്തകങ്ങൾക്ക് അധ്യായങ്ങളും വാക്യങ്ങളുമുണ്ട്. അധ്യായവിഭജനം കൂട്ടിച്ചേർത്തതു 13-ാം നൂററാണ്ടിലായിരുന്നു, 16-ാം നൂററാണ്ടിലെ ഒരു ഫ്രഞ്ച് അച്ചടിക്കാരൻ പ്രത്യക്ഷത്തിൽ ഗ്രീക്ക് തിരുവെഴുത്തുകളെ ഇപ്പോഴുള്ള വാക്യങ്ങളായി തിരിച്ചു. അധ്യായങ്ങളും വാക്യങ്ങളും സഹിതമുളള ആദ്യത്തെ പൂർണ ബൈബിൾ 1553-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഫ്രഞ്ച് പതിപ്പായിരുന്നു.
ഈ പുസ്തകത്തിൽ തിരുവെഴുത്തുകൾ ഉദ്ധരിക്കുമ്പോൾ ആദ്യത്തെ സംഖ്യ അധ്യായത്തെ സൂചിപ്പിക്കുന്നു, അടുത്തതു വാക്യത്തെ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, “സദൃശവാക്യങ്ങൾ 2:5” എന്ന പരാമർശം സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ 2-ാം അധ്യായം 5-ാം വാക്യം എന്നർഥമാക്കുന്നു. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുന്നതിനാൽ പെട്ടെന്നു ബൈബിൾവാക്യങ്ങൾ കണ്ടുപിടിക്കുന്നതു നിങ്ങൾക്ക് എളുപ്പമായിത്തീരും.
ബൈബിൾ പരിചിതമാക്കുന്നതിനുളള ഏററവും നല്ല മാർഗം അതു ദിവസവും വായിക്കുന്നതാണ്. ആദ്യമൊക്കെ ഇതു വെല്ലുവിളിയാണെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങൾ ദിവസേന ദൈർഘ്യത്തിന്റെ ഏററക്കുറച്ചിൽ അനുസരിച്ചു മൂന്നു മുതൽ അഞ്ചുവരെ അധ്യായങ്ങൾ വായിക്കുകയാണെങ്കിൽ നിങ്ങൾ ഒരു വർഷംകൊണ്ടു മുഴു ബൈബിളിന്റെയും വായന പൂർത്തിയാക്കും. ഇന്നുതന്നെ തുടങ്ങരുതോ?
[19-ാം പേജിലെ ചതുരം]
ബൈബിൾ—ഒരു അതുല്യമായ പുസ്തകം
• ബൈബിൾ “ദൈവശ്വാസീയ”മാണ്. (2 തിമൊഥെയൊസ് 3:16) വാക്കുകൾ മനുഷ്യർ എഴുതിയെങ്കിലും അവരുടെ ചിന്തകളെ ദൈവം നയിച്ചു, തന്നിമിത്തം ബൈബിൾ യഥാർഥത്തിൽ “ദൈവവചനം” ആകുന്നു.—1 തെസ്സലൊനീക്യർ 2:13.
• വിഭിന്ന പശ്ചാത്തലങ്ങളിൽനിന്നുളള ഏതാണ്ടു 40 എഴുത്തുകാർ 16 നൂററാണ്ടുവരുന്ന ഒരു കാലഘട്ടംകൊണ്ടാണു ബൈബിൾ എഴുതിയത്. എന്നിരുന്നാലും, പൂർത്തിയായ ബൈബിൾ ആദ്യവസാനം പൊരുത്തമുളളതാണ്.
• ബൈബിൾ മറേറതൊരു പുസ്തകത്തെക്കാളുമധികമായി വിവാദത്തെ അതിജീവിച്ചിരിക്കുന്നു. മധ്യയുഗത്തിൽ തിരുവെഴുത്തുകളുടെ ഒരു പ്രതി കൈവശംവെച്ചു എന്ന ഏക കാരണം ചൊല്ലി ആളുകൾ സ്തംഭത്തിൽ ചുട്ടെരിക്കപ്പെട്ടു.
• ബൈബിൾ ലോകത്തിൽ ഏററവും കൂടുതൽ വില്പനയുളള പുസ്തകങ്ങളിൽ ഒന്നാമതു നിൽക്കുന്നു. അതു മുഴുവനായോ ഭാഗികമായോ 2,000-ത്തിൽപ്പരം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നു. കോടിക്കണക്കിനു പ്രതികൾ അച്ചടിക്കപ്പെട്ടിരിക്കുന്നു, ഒരു ബൈബിൾപ്രതി കണ്ടെത്താൻ കഴിയാത്ത ഒരു സ്ഥലം ഭൂമിയിൽ ഇല്ലതന്നെ.
• ബൈബിളിന്റെ ഏററവും പഴക്കമുളള ഭാഗം പൊ.യു.മു. 16-ാം നൂററാണ്ടിലേതാണ്. ഇതു ഹൈന്ദവ ഋഗ്വേദം (പൊ.യു.മു. ഏതാണ്ട് 1300-ലുള്ളത്) അല്ലെങ്കിൽ ബൗദ്ധ “ത്രിപിടക കാനോൻ” (പൊ.യു.മു. അഞ്ചാം നൂററാണ്ടിലേത്) അല്ലെങ്കിൽ ഇസ്ലാമിക ഖുറാൻ (പൊ.യു. ഏഴാം നൂററാണ്ടിലേത്) എന്നിവയും ഷിന്റോ നിഹോംഗിയും (പൊ.യു. 720) പ്രത്യക്ഷപ്പെടുന്നതിനു മുമ്പായിരുന്നു.
[20-ാം പേജ് നിറയെയുള്ള ചിത്രം]