വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം ഭരിക്കുന്നു

ദൈവരാജ്യം ഭരിക്കുന്നു

അധ്യായം 10

ദൈവ​രാ​ജ്യം ഭരിക്കു​ന്നു

1, 2. മനുഷ്യ ഗവൺമെൻറു​കൾ അപര്യാ​പ്‌ത​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

 ഒരുപക്ഷേ ഒരു യന്ത്രോ​പ​ക​രണം വാങ്ങി​യിട്ട്‌ അതു പ്രവർത്തി​ക്കാത്ത അനുഭവം നിങ്ങൾക്ക്‌ ഉണ്ടായി​ട്ടുണ്ട്‌. കേടു​പോ​ക്കുന്ന ഒരാളെ നിങ്ങൾ വിളി​ച്ചു​വെ​ന്നു​ത​ന്നെ​യി​രി​ക്കട്ടെ. പക്ഷേ, അയാൾ ഉപകരണം “നന്നാക്കി”യ ശേഷം താമസി​യാ​തെ അതു പിന്നെ​യും തകരാ​റി​ലാ​യി. അത്‌ എത്ര നിരാ​ശാ​ജ​ന​ക​മാ​യി​രു​ന്നു!

2 മനുഷ്യ ഗവൺമെൻറു​കളെ സംബന്ധിച്ച്‌ അങ്ങനെ​ത​ന്നെ​യാണ്‌. സമാധാ​ന​ത്തി​നും സന്തുഷ്ടി​ക്കും ഉറപ്പു​നൽകുന്ന ഒരു ഭരണകൂ​ടം മനുഷ്യ​വർഗം എല്ലായ്‌പോ​ഴും ആഗ്രഹി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, സമൂഹ​ത്തി​ലെ തകരാ​റു​കൾ നീക്കു​ന്ന​തി​നു​ളള തീവ്ര​ശ്ര​മങ്ങൾ ഒന്നും യഥാർഥ​ത്തിൽ വിജയി​ച്ചി​ട്ടില്ല. നിരവധി സമാധാന ഉടമ്പടി​കൾ ഉണ്ടാക്കി​യി​ട്ടുണ്ട്‌—പിന്നെ അവ ലംഘി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. കൂടാതെ, ഏതു ഭരണകൂ​ട​ത്തി​നാ​ണു ദാരി​ദ്ര്യ​വും മുൻവി​ധി​യും കുററ​കൃ​ത്യ​വും രോഗ​വും പരിസ്ഥി​തി​നാ​ശ​വും ഉച്ചാട​നം​ചെ​യ്യാൻ കഴിഞ്ഞി​ട്ടു​ള​ളത്‌? മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ കേടു​പോ​ക്കുക സാധ്യമല്ല. ഇസ്രാ​യേ​ലി​ലെ ജ്ഞാനി​യായ ശലോ​മോൻരാ​ജാ​വു പോലും “മനുഷ്യ​ന്നു തന്റെ വഴി എങ്ങനെ ഗ്രഹി​ക്കാം” എന്നു ചോദി​ച്ചു​പോ​യി.—സദൃശ​വാ​ക്യ​ങ്ങൾ 20:24.

3. (എ) യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ വിഷയം എന്തായി​രു​ന്നു? (ബി) ചില ആളുകൾ ദൈവ​രാ​ജ്യ​ത്തെ വർണി​ക്കു​ന്നത്‌ എങ്ങനെ?

3 നിരാ​ശ​പ്പെ​ട​രുത്‌! ഒരു ഉറച്ച ലോക​ഗ​വൺമെൻറ്‌ വെറും ഒരു സ്വപ്‌നമല്ല. അതു യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ വിഷയ​മാ​യി​രു​ന്നു. അവൻ അതിനെ “ദൈവ​രാ​ജ്യം” എന്നു വിളിച്ചു. അതിനു​വേണ്ടി പ്രാർഥി​ക്കാൻ അവൻ തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. (ലൂക്കൊസ്‌ 11:2; 21:31) തീർച്ച​യാ​യും മതവൃ​ത്ത​ങ്ങ​ളിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു ചില​പ്പോ​ഴൊ​ക്കെ പറയാ​റുണ്ട്‌. യഥാർഥ​ത്തിൽ, ദശലക്ഷങ്ങൾ കർത്താ​വി​ന്റെ പ്രാർഥന (മാതൃ​കാ​പ്രാർഥന എന്നും വിളി​ക്ക​പ്പെ​ടു​ന്നു) ആവർത്തി​ക്കു​മ്പോൾ അവർ അതിനു​വേണ്ടി ദിവസ​വും പ്രാർഥി​ക്കു​ന്നു. എന്നാൽ “ദൈവ​രാ​ജ്യം എന്താണ്‌?” എന്നു ചോദി​ക്കു​മ്പോൾ ആളുകൾ വിവിധ വിധങ്ങ​ളി​ലാണ്‌ ഉത്തരം നൽകുക. “അതു നിങ്ങളു​ടെ ഹൃദയ​ത്തി​ലാണ്‌” എന്നു ചിലർ പറയുന്നു. മററു ചിലർ അതിനെ സ്വർഗ​മെന്നു വിളി​ക്കു​ന്നു. ബൈബിൾ വ്യക്തമായ ഒരു ഉത്തരം നൽകുന്നു, നാം അതു കാണാൻപോ​ക​യാണ്‌.

ഒരു ഉദ്ദേശ്യ​ത്തോ​ടു​കൂ​ടിയ രാജ്യം

4, 5. യഹോവ തന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഒരു പുതിയ പ്രകട​രൂ​പം അവതരി​പ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌, അത്‌ എന്തു സാധി​ക്കും?

4 യഹോ​വ​യാം ദൈവം എല്ലായ്‌പോ​ഴും അഖിലാ​ണ്ഡ​ത്തി​ന്റെ രാജാവ്‌ അഥവാ പരമാ​ധി​കാ​രി​യായ ഭരണകർത്താവ്‌ ആയിരു​ന്നി​ട്ടുണ്ട്‌. അവൻ സകലവും സൃഷ്ടി​ച്ചു​വെന്ന വസ്‌തുത അവനെ ആ ഉത്‌കൃഷ്ട സ്ഥാന​ത്തേക്ക്‌ ഉയർത്തു​ന്നു. (1 ദിനവൃ​ത്താ​ന്തം 29:11; സങ്കീർത്തനം 103:19; പ്രവൃ​ത്തി​കൾ 4:24) എന്നാൽ യേശു പ്രസം​ഗിച്ച രാജ്യം ദൈവ​ത്തി​ന്റെ അഖിലാണ്ഡ പരമാ​ധി​കാ​ര​ത്തി​ന്റെ ഉപഘട​ക​മാണ്‌. ആ മിശി​ഹൈ​ക​രാ​ജ്യ​ത്തിന്‌ ഒരു പ്രത്യേക ഉദ്ദേശ്യ​മുണ്ട്‌, അത്‌ എന്താണ്‌?

5 ആറാം അധ്യാ​യ​ത്തിൽ വിശദീ​ക​രി​ച്ച​തു​പോ​ലെ, ആദ്യ മനുഷ്യ​ജോ​ടി ദൈവ​ത്തി​ന്റെ അധികാ​ര​ത്തി​നെ​തി​രെ മത്സരിച്ചു. ഉന്നയി​ക്ക​പ്പെട്ട വാദവി​ഷ​യങ്ങൾ നിമിത്തം യഹോവ തന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഒരു പുതിയ പ്രകട​രൂ​പം അവതരി​പ്പി​ക്കാൻ തീരു​മാ​നി​ച്ചു. സർപ്പത്തെ, സാത്താനെ, തകർക്കു​ക​യും മനുഷ്യ​വർഗം അവകാ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ ഫലങ്ങളെ നീക്കു​ക​യും ചെയ്യുന്ന ഒരു “സന്തതി”യെ ഉളവാ​ക്കാ​നു​ളള ഉദ്ദേശ്യം ദൈവം പ്രഖ്യാ​പി​ച്ചു. മുഖ്യ “സന്തതി” യേശു​ക്രി​സ്‌തു ആണ്‌. സാത്താനെ പൂർണ​മാ​യും പരാജ​യ​പ്പെ​ടു​ത്തുന്ന ഏജൻസി “ദൈവ​രാ​ജ്യ”മാണ്‌. ഈ രാജ്യം മുഖേന യേശു​ക്രി​സ്‌തു യഹോ​വ​യു​ടെ നാമത്തിൽ ഭൂമി​മേ​ലു​ളള ഭരണാ​ധി​പ​ത്യം പുനഃ​സ്ഥാ​പി​ക്ക​യും ദൈവ​ത്തി​ന്റെ നീതി​യു​ക്ത​മായ പരമാ​ധി​കാ​രം എന്നേക്കു​മാ​യി സംസ്ഥാ​പി​ക്ക​യും ചെയ്യും.—ഉല്‌പത്തി 3:15; സങ്കീർത്തനം 2:2-9.

6, 7. (എ) രാജ്യം എവി​ടെ​യാണ്‌, രാജാ​വും സഹഭര​ണാ​ധി​കാ​രി​ക​ളും ആരാണ്‌? (ബി) രാജ്യ​ത്തി​ന്റെ പ്രജകൾ ആരാണ്‌?

6 ദുഷ്ടരായ പരീശൻമാ​രോ​ടു​ളള യേശു​വി​ന്റെ വാക്കു​ക​ളു​ടെ ഒരു പരിഭാ​ഷ​പ്ര​കാ​രം, “ദൈവ​രാ​ജ്യം നിങ്ങളി​ലാണ്‌” എന്ന്‌ അവൻ പറഞ്ഞു. (ലൂക്കോസ്‌ 17:21, കിങ്‌ ജയിംസ്‌ വേർഷൻ) ആ ദുഷിച്ച മനുഷ്യ​രു​ടെ ദുഷ്ട ഹൃദയ​ങ്ങ​ളി​ലാ​യി​രു​ന്നു ദൈവ​രാ​ജ്യം എന്നു യേശു അർഥമാ​ക്കി​യോ? ഇല്ല. മൂല ഗ്രീക്കി​ന്റെ കൂടുതൽ കൃത്യ​ത​യു​ളള ഒരു വിവർത്തനം “ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽ തന്നേ ഉണ്ടല്ലോ” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സത്യ​വേ​ദ​പു​സ്‌തകം) എന്നു വായി​ക്ക​പ്പെ​ടു​ന്നു. അവരുടെ ഇടയിൽ ഉണ്ടായി​രുന്ന യേശു അങ്ങനെ തന്നേത്തന്നെ ഭാവി​രാ​ജാ​വെന്ന നിലയിൽ പരാമർശി​ച്ചു. ദൈവ​രാ​ജ്യം ഒരു വ്യക്തിക്കു തന്റെ ഹൃദയ​ത്തി​ലു​ളള എന്തെങ്കി​ലു​മൊ​ന്നാ​യി​രി​ക്കാ​തെ, അത്‌ ഒരു ഭരണാ​ധി​കാ​രി​യും പ്രജക​ളു​മു​ളള പ്രവർത്ത​ന​ക്ഷ​മ​മായ ഒരു യഥാർഥ ഭരണകൂ​ട​മാണ്‌. അത്‌ ഒരു സ്വർഗീയ ഭരണകൂ​ട​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അതു “സ്വർഗ്ഗ​രാ​ജ്യം” എന്നും “ദൈവ​രാ​ജ്യം” എന്നും വിളി​ക്ക​പ്പെ​ടു​ന്നു. (മത്തായി 13:11; ലൂക്കൊസ്‌ 8:10) സർവശ​ക്ത​നായ ദൈവ​ത്തിൻമു​മ്പാ​കെ വരുത്ത​പ്പെ​ട്ട​വ​നും ‘സകല വംശങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​ന്നു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും കൊടു​ക്ക​പ്പെ​ട്ട​വ​നു​മായ’ “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ ഒരുത്തൻ” ആയി അതിന്റെ ഭരണാ​ധി​കാ​രി​യെ ദർശന​ത്തിൽ പ്രവാ​ച​ക​നായ ദാനി​യേൽ കാണു​ക​യു​ണ്ടാ​യി. (ദാനീ​യേൽ 7:13, 14) ഈ രാജാവ്‌ ആരാണ്‌? ശരി, ബൈബിൾ യേശു​ക്രി​സ്‌തു​വി​നെ “മനുഷ്യ​പു​ത്രൻ” എന്നു വിളി​ക്കു​ന്നു. (മത്തായി 12:40; ലൂക്കൊസ്‌ 17:26) അതേ, യഹോവ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യാ​ണു രാജാ​വാ​യി നിയോ​ഗി​ച്ചത്‌.

7 യേശു ഒററക്കല്ല ഭരിക്കു​ന്നത്‌. അവനോ​ടൊ​പ്പം അവന്റെ സഹരാ​ജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാ​യി​രി​ക്കു​ന്ന​തി​നു “ഭൂമി​യിൽനി​ന്നു വിലക്കു വാങ്ങിയ” 1,44,000 പേർ ഉണ്ട്‌. (വെളി​പ്പാ​ടു 5:9, 10; 14:1, 3; ലൂക്കൊസ്‌ 22:28-30) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജകൾ ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തി​നു കീഴ്‌പ്പെ​ട്ടി​രി​ക്കുന്ന ഒരു ആഗോള മനുഷ്യ​കു​ടും​ബം ആയിരി​ക്കും. (സങ്കീർത്തനം 72:7, 8) എന്നാൽ രാജ്യം യഥാർഥ​മാ​യി ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ സംസ്ഥാ​പി​ക്കു​ക​യും നമ്മുടെ ഭൂമി​യിൽ പറുദീ​സാ​യ​വ​സ്ഥകൾ പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

ദൈവ​രാ​ജ്യ​ത്തി​ന്റെ യാഥാർഥ്യം

8, 9. (എ) ദൈവ​ത്തി​ന്റെ രാജ്യ​വാ​ഗ്‌ദാ​ന​ങ്ങ​ളു​ടെ വിശ്വാ​സ്യ​തയെ നമുക്ക്‌ എങ്ങനെ വിശദ​മാ​ക്കാം? (ബി) നമുക്കു രാജ്യ​യാ​ഥാർഥ്യ​ത്തെ​ക്കു​റിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

8 ഒരു തീപി​ടു​ത്ത​ത്തിൽ നിങ്ങളു​ടെ വീടു നശിച്ചു​വെ​ന്നി​രി​ക്കട്ടെ. ഇപ്പോൾ നിങ്ങളു​ടെ വീടു വീണ്ടും പണിയാ​നും നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ആഹാരം നൽകാ​നും കഴിവു​ളള ഒരു സുഹൃത്ത്‌ സഹായി​ക്കാ​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. ആ സുഹൃത്ത്‌ എല്ലായ്‌പോ​ഴും നിങ്ങ​ളോ​ടു സത്യമാ​ണു പറഞ്ഞി​ട്ടു​ള​ളത്‌ എങ്കിൽ നിങ്ങൾ അയാളെ വിശ്വ​സി​ക്കു​ക​യി​ല്ലേ? നിങ്ങൾ അടുത്ത ദിവസം ജോലി​ക​ഴി​ഞ്ഞു വീട്ടിൽ മടങ്ങി​യെ​ത്തി​യ​പ്പോൾ തീപി​ടി​ച്ച​തി​ന്റെ ശൂന്യ​ശി​ഷ്ടങ്ങൾ വെടി​പ്പാ​ക്കാൻ ജോലി​ക്കാർ പണി തുടങ്ങി​യ​താ​യും നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ആഹാരം കൊണ്ടു​വ​ന്നി​രി​ക്കു​ന്ന​താ​യും നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. കാല​ക്ര​മ​ത്തിൽ കാര്യങ്ങൾ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മെന്നു മാത്രമല്ല സ്ഥിതി മുമ്പ​ത്തേ​തി​ലും മെച്ചമാ​യി​രി​ക്കു​മെ​ന്നും നിങ്ങൾക്കു പൂർണ​ബോ​ധ്യം ഉണ്ടായി​രി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല.

9 അതു​പോ​ലെ​തന്നെ, രാജ്യ​ത്തി​ന്റെ യാഥാർഥ്യ​ത്തെ​ക്കു​റി​ച്ചു യഹോവ നമുക്ക്‌ ഉറപ്പു നൽകുന്നു. എബ്രായർ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ, ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അനേകം വശങ്ങൾ രാജ്യ​ക്ര​മീ​ക​ര​ണത്തെ മുൻനി​ഴ​ലാ​ക്കി. (എബ്രായർ 10:1) ഇസ്രാ​യേ​ലി​ന്റെ ഭൗമിക രാജ്യ​ത്തി​ലും ദൈവ​രാ​ജ്യ​ത്തി​ന്റെ പൂർവ​ദൃ​ശ്യ​ങ്ങൾ കാണാ​മാ​യി​രു​ന്നു. അതു സാധാരണ ഭരണകൂ​ട​മാ​യി​രു​ന്നില്ല, കാരണം ഭരണാ​ധി​കാ​രി​കൾ “യഹോ​വ​യു​ടെ സിംഹാ​സന”ത്തിലാണ്‌ ഇരുന്നത്‌. (1 ദിനവൃ​ത്താ​ന്തം 29:23) തന്നെയു​മല്ല, “അവകാ​ശ​മു​ള​ളവൻ [“ശീലോ,” NW] വരു​വോ​ളം ചെങ്കോൽ യഹൂദ​യിൽനി​ന്നും രാജദണ്ഡു അവന്റെ കാലു​ക​ളു​ടെ ഇടയിൽനി​ന്നും നീങ്ങി​പ്പോ​ക​യില്ല; ജാതി​ക​ളു​ടെ അനുസ​രണം അവനോ​ടു ആകും” എന്നു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (ഉല്‌പത്തി 49:10) a അതേ, ഈ യഹൂദാ രാജവം​ശ​ത്തി​ലാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഗവൺമെൻറി​ലെ ശാശ്വത രാജാ​വായ യേശു ജനി​ക്കേ​ണ്ടി​യി​രു​ന്നത്‌.—ലൂക്കൊസ്‌ 1:32, 33.

10. (എ) ദൈവ​ത്തി​ന്റെ മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ അടിസ്ഥാ​നം എപ്പോൾ ഇട്ടു? (ബി) യേശു​വി​ന്റെ ഭാവി സഹഭര​ണാ​ധി​കാ​രി​കൾ ഭൂമി​യിൽ ഏതു പ്രധാ​ന​പ്പെട്ട വേലക്കു നേതൃ​ത്വം വഹിക്കും?

10 യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രെ തിര​ഞ്ഞെ​ടു​ത്ത​തോ​ടെ ദൈവ​ത്തി​ന്റെ മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ അടിസ്ഥാ​നം ഇടപ്പെട്ടു. (എഫെസ്യർ 2:19, 20; വെളി​പ്പാ​ടു 21:14) ഇവരാ​യി​രു​ന്നു യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടു​രാ​ജാ​ക്കൻമാ​രാ​യി സ്വർഗ​ത്തിൽ വാഴുന്ന 1,44,000 പേരിൽ ആദ്യത്തവർ. ഈ ഭാവി ഭരണാ​ധി​കാ​രി​കൾ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ “പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം കഴിപ്പി​ച്ചു . . . സകല ജാതി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്ന യേശു​വി​ന്റെ കല്‌പ​നക്കു ചേർച്ച​യിൽ ഒരു സാക്ഷീ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​നു നേതൃ​ത്വം വഹിക്കു​മാ​യി​രു​ന്നു.—മത്തായി 28:19.

11. ഇന്നു രാജ്യ​പ്ര​സം​ഗ​വേല എങ്ങനെ നിർവ​ഹി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു, അത്‌ എന്തു സാധി​ക്കു​ന്നു?

11 ശിഷ്യരെ ഉളവാ​ക്കാ​നു​ളള കല്‌പന ഇപ്പോൾ അഭൂത​പൂർവ​മായ തോതിൽ അനുസ​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാണ്‌. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകല ജാതി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും” എന്ന യേശു​വി​ന്റെ പ്രാവ​ച​നിക വാക്കു​ക​ളോ​ടു​ളള ചേർച്ച​യിൽ യഹോ​വ​യു​ടെ സാക്ഷികൾ രാജ്യ​ത്തി​ന്റെ സുവാർത്ത ഭൂമി​യി​ലെ​മ്പാ​ടും ഘോഷി​ക്കു​ക​യാണ്‌. (മത്തായി 24:14) രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ ഒരു വശമെന്ന നിലയിൽ ഒരു വലിയ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി നിർവ​ഹി​ക്ക​പ്പെ​ടു​ന്നുണ്ട്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും കീഴ്‌പ്പെ​ടു​ന്ന​വർക്ക്‌ ഇപ്പോൾത്തന്നെ മാനുഷ ഗവൺമെൻറു​കൾക്കു നേടാൻ കഴിയാത്ത സമാധാ​ന​വും ഐക്യ​വും അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാ​ണെ​ന്നു​ള​ള​തിന്‌ ഇതെല്ലാം വ്യക്തമായ തെളിവു നൽകുന്നു!

12. (എ) രാജ്യ​പ്ര​ഘോ​ഷ​കരെ യഹോ​വ​യു​ടെ സാക്ഷികൾ എന്നു വിളി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​രാ​ജ്യം മനുഷ്യ ഗവൺമെൻറു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 “നിങ്ങൾ എന്റെ സാക്ഷി​ക​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ ദാസനു​മാ​കു​ന്നു” എന്നു യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. (യെശയ്യാ​വു 43:10-12) “വിശ്വ​സ്‌ത​സാ​ക്ഷി”യായ യേശു തീക്ഷ്‌ണ​മാ​യി രാജ്യ​സു​വാർത്ത പ്രഘോ​ഷി​ച്ചു. (വെളി​പ്പാ​ടു 1:5; മത്തായി 4:17) അതു​കൊണ്ട്‌ ഇക്കാലത്തെ രാജ്യ​പ്ര​ഘോ​ഷകർ യഹോ​വ​യു​ടെ സാക്ഷികൾ എന്ന ദിവ്യ​ക​ല്‌പിത നാമം വഹിക്കു​ന്നത്‌ ഉചിത​മാണ്‌. എന്നാൽ സാക്ഷികൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു മററു​ള​ള​വ​രോ​ടു സംസാ​രി​ച്ചു​കൊ​ണ്ടു വളരെ​യ​ധി​കം സമയവും ശ്രമവും ചെലവ​ഴി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അവർ ഇതു ചെയ്യു​ന്നതു ദൈവ​രാ​ജ്യം മനുഷ്യ​വർഗ​ത്തി​ന്റെ ഏക പ്രത്യാശ ആയതു​കൊ​ണ്ടാണ്‌. മനുഷ്യ ഭരണകൂ​ടങ്ങൾ കാല​ക്ര​മ​ത്തിൽ തകർന്നു​പോ​കു​ന്നു; എന്നാൽ ദൈവ​രാ​ജ്യം ഒരിക്ക​ലും തകരു​ക​യില്ല. അതിന്റെ ഭരണാ​ധി​കാ​രി​യായ യേശു​വി​നെ യെശയ്യാ​വു 9:6, 7 “സമാധാ​ന​പ്രഭു” എന്നു വിളി​ക്കു​ന്നു; “അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​നും അവസാനം ഉണ്ടാക​യില്ല” എന്നു കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു. ദൈവ​രാ​ജ്യം ഇന്നു കാണു​ന്ന​തും നാളെ മറിച്ചി​ട​പ്പെ​ടു​ന്ന​തു​മായ മനുഷ്യ ഗവൺമെൻറു​കൾ പോ​ലെയല്ല. തീർച്ച​യാ​യും ദാനീ​യേൽ 2:44 ഇങ്ങനെ പറയുന്നു: “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല. അതു . . . എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.”

13. (എ) ദൈവ​ത്തി​ന്റെ രാജ്യം വിജയ​പ്ര​ദ​മാ​യി കൈകാ​ര്യം ചെയ്യാ​നി​രി​ക്കുന്ന ചില പ്രശ്‌ന​ങ്ങ​ളേവ? (ബി) ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ നിറ​വേ​റു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

13 ഏതു മനുഷ്യ​രാ​ജാ​വി​നാ​ണു യുദ്ധം, രോഗം, പട്ടിണി, ഭവനരാ​ഹി​ത്യം എന്നിവ നീക്കം ചെയ്യാൻ കഴിയു​ന്നത്‌? തന്നെയു​മല്ല, ഏതു ഭൗമി​ക​രാ​ജാ​വി​നാ​ണു മരിച്ചു​പോ​യി​രി​ക്കു​ന്ന​വരെ ഉയിർപ്പി​ക്കാൻ കഴിയുക? ദൈവ​ത്തി​ന്റെ രാജ്യ​വും അതിന്റെ രാജാ​വും ഈ കാര്യങ്ങൾ കൈകാ​ര്യം ചെയ്യും. തുടർച്ച​യായ കേടു​പോ​ക്കൽ ആവശ്യ​മാ​യി​രി​ക്കുന്ന തകരാ​റു​ളള ഉപകര​ണം​പോ​ലെ രാജ്യം പിഴവു​ള​ള​താ​യി​രി​ക്ക​യില്ല. മറിച്ച്‌, ദൈവ​രാ​ജ്യം വിജയി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ ഇങ്ങനെ വാഗ്‌ദത്തം ചെയ്യുന്നു: “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള​ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 55:11) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം പരാജ​യ​പ്പെ​ടു​ക​യില്ല, എന്നാൽ രാജ്യ​ഭ​രണം തുട​ങ്ങേ​ണ്ടി​യി​രു​ന്നത്‌ എപ്പോ​ഴാ​യി​രു​ന്നു?

രാജ്യ​ഭ​രണം—എപ്പോൾ?

14. യേശു​വി​ന്റെ ശിഷ്യൻമാർക്കു രാജ്യ​ത്തെ​ക്കു​റിച്ച്‌ എന്തു തെററി​ദ്ധാ​രണ ഉണ്ടായി​രു​ന്നു, എന്നാൽ തന്റെ ഭരണാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു യേശു​വിന്‌ എന്തറി​യാ​മാ​യി​രു​ന്നു?

14 “കർത്താവേ, നീ യിസ്രാ​യേ​ലി​ന്നു ഈ കാലത്തി​ലോ രാജ്യം യഥാസ്ഥാ​ന​ത്താ​ക്കി​ക്കൊ​ടു​ക്കു​ന്നത്‌?” യേശു​വി​ന്റെ ശിഷ്യൻമാർ ചോദിച്ച ഈ ചോദ്യം ദൈവ​രാ​ജ്യ​ത്തി​ന്റെ ഉദ്ദേശ്യ​വും അതിന്റെ ഭരണം തുടങ്ങാ​നു​ളള നിയമി​ത​സ​മ​യ​വും അവർ അതുവ​രെ​യും അറിഞ്ഞി​രു​ന്നി​ല്ലെന്നു വെളി​പ്പെ​ടു​ത്തി. ഈ കാര്യം​സം​ബ​ന്ധിച്ച്‌ ഊഹാ​പോ​ഹം നടത്താ​തി​രി​ക്കാൻ മുന്നറി​യി​പ്പു കൊടു​ത്തു​കൊ​ണ്ടു യേശു പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാ​ര​ത്തിൽ വെച്ചി​ട്ടു​ളള കാലങ്ങ​ളെ​യോ സമയങ്ങ​ളെ​യോ അറിയു​ന്നതു നിങ്ങൾക്കു​ള​ളതല്ല.” ഭൂമി​മേ​ലു​ളള തന്റെ ഭരണാ​ധി​പ​ത്യം തന്റെ പുനരു​ത്ഥാ​ന​ത്തി​നും സ്വർഗാ​രോ​ഹ​ണ​ത്തി​നും ദീർഘ​കാ​ലം കഴിഞ്ഞു​ളള ഭാവി​യി​ലേക്കു നീക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണെന്നു യേശു അറിഞ്ഞി​രു​ന്നു. (പ്രവൃ​ത്തി​കൾ 1:6-11; ലൂക്കൊസ്‌ 19:11, 12, 15) തിരു​വെ​ഴു​ത്തു​കൾ ഇതു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. എങ്ങനെ?

15. സങ്കീർത്തനം 110:1 യേശു​വി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ സമയത്തിൻമേൽ വെളിച്ചം വീശു​ന്നത്‌ എങ്ങനെ?

15 യേശു​വി​നെ ‘കർത്താവ്‌’ എന്നു പ്രാവ​ച​നി​ക​മാ​യി പരാമർശി​ച്ചു​കൊ​ണ്ടു ദാവീ​ദു​രാ​ജാവ്‌ ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ കർത്താ​വി​നോ​ടു അരുളി​ച്ചെ​യ്യു​ന്നതു: ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​വോ​ളം നീ എന്റെ വലത്തു​ഭാ​ഗ​ത്തി​രിക്ക.” (സങ്കീർത്തനം 110:1; പ്രവൃ​ത്തി​കൾ 2:34-36 താരത​മ്യം ചെയ്യുക.) യേശു​വി​ന്റെ ഭരണാ​ധി​പ​ത്യം അവന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു ശേഷം ഉടനെ തുടങ്ങു​ക​യി​ല്ലെന്ന്‌ ഈ പ്രവചനം സൂചി​പ്പി​ക്കു​ന്നു. മറിച്ച്‌, അവൻ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്തു കാത്തി​രി​ക്കും. (എബ്രായർ 10:12, 13) ഈ കാത്തി​രുപ്പ്‌ എത്ര കാലം തുടരും? അവന്റെ ഭരണാ​ധി​പ​ത്യം എപ്പോൾ തുടങ്ങും? ഉത്തരങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തി​നു ബൈബിൾ നമ്മെ സഹായി​ക്കു​ന്നു.

16. പൊ.യു.മു. 607-ൽ എന്തു സംഭവി​ച്ചു, ഇതു ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെ​ട്ടി​രു​ന്നത്‌ എങ്ങനെ?

16 സർവഭൂ​മി​യി​ലും വെച്ചു യെരു​ശ​ലേ​മാ​യി​രു​ന്നു യഹോവ തന്റെ നാമം സ്ഥാപിച്ച ഏക നഗരം. (1 രാജാ​ക്കൻമാർ 11:36) അതു ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ന്റെ മാതൃ​ക​യാ​യി​രുന്ന ദൈവാം​ഗീ​കാ​ര​മു​ളള ഒരു ഭൗമി​ക​രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​വു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, പൊ.യു.മു. 607-ൽ ബാബി​ലോ​ന്യ​രാ​ലു​ണ്ടായ യെരു​ശ​ലേ​മി​ന്റെ നാശം വളരെ പ്രധാ​ന​മാ​യി​രു​ന്നു. ഈ സംഭവം ഭൂമി​യി​ലെ ദൈവ​ജ​ന​ത്തിൻമേ​ലു​ളള ദൈവ​ത്തി​ന്റെ നേരി​ട്ടു​ളള ഭരണത്തി​ന്റെ ദീർഘ​കാ​ലത്തെ മുടക്ക​ത്തി​നു തുടക്കം കുറിച്ചു. ഭരണം മുടങ്ങിയ ഈ കാലഘട്ടം ഏതാണ്ട്‌ ആറു നൂററാ​ണ്ടി​നു​ശേഷം പിന്നെ​യും തുടരു​ക​യാ​ണെന്നു യേശു സൂചി​പ്പി​ച്ചു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “ജാതി​ക​ളു​ടെ കാലം [“ജനതക​ളു​ടെ നിയമിത കാലങ്ങൾ,” NW] തികയു​വോ​ളം ജാതികൾ യെരൂ​ശ​ലേം ചവിട്ടി​ക്ക​ള​ക​യും ചെയ്യും.”—ലൂക്കൊസ്‌ 21:24.

17. (എ) “ജനതക​ളു​ടെ നിയമിത കാലങ്ങൾ” എന്താണ്‌, അവ എത്ര നാൾ നീണ്ടു​നിൽക്ക​ണ​മാ​യി​രു​ന്നു? (ബി) “ജനതക​ളു​ടെ നിയമിത കാലങ്ങൾ” എപ്പോൾ തുടങ്ങി, എപ്പോൾ അവസാ​നി​ച്ചു?

17 “ജനതക​ളു​ടെ നിയമിത കാലങ്ങ”ളിൽ ദൈവാം​ഗീ​കാ​ര​മു​ളള ഭരണാ​ധി​പ​ത്യ​ത്തി​നു മുടക്കം​വ​രു​ത്തി തൽസ്ഥാ​നത്തു വാഴു​ന്ന​തി​നു ലോക​ഗ​വൺമെൻറു​കൾ അനുവ​ദി​ക്ക​പ്പെ​ടും. ആ കാലഘട്ടം പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ നാശ​ത്തോ​ടെ തുടങ്ങി, അത്‌ “ഏഴു കാലം” തുടരു​മെന്നു ദാനി​യേൽ സൂചി​പ്പി​ച്ചു. (ദാനീ​യേൽ 4:23-25) അത്‌ എത്ര ദീർഘ​മാണ്‌? മൂന്നര ‘കാലങ്ങൾ’ 1,260 ദിവസ​ത്തി​നു തുല്യ​മാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. (വെളി​പ്പാ​ടു 12:6, 14) അതിന്റെ ഇരട്ടി, അല്ലെങ്കിൽ ഏഴു കാലം, 2,520 ദിവസ​മാ​യി​രി​ക്കും. എന്നാൽ ആ ഹ്രസ്വ​മായ കാലഘ​ട്ട​ത്തി​ന്റെ അവസാ​ന​ത്തിൽ ശ്രദ്ധാർഹ​മായ യാതൊ​ന്നും സംഭവി​ച്ചില്ല. എന്നിരു​ന്നാ​ലും, ദാനി​യേ​ലി​ന്റെ പ്രവച​ന​ത്തിന്‌ “ഒരു ദിവസ​ത്തി​ന്നു ഒരു സംവത്സരം” ബാധക​മാ​ക്കു​ന്ന​തി​ലൂ​ടെ​യും പൊ.യു.മു. 607 മുതൽ 2,520 വർഷം എണ്ണുക വഴിയും നാം പൊ.യു. 1914 എന്ന വർഷത്തിൽ വന്നെത്തു​ന്നു.—സംഖ്യാ​പു​സ്‌തകം 14:34; യെഹെ​സ്‌കേൽ 4:6.

18. രാജ്യാ​ധി​കാ​രം കിട്ടി​യ​ശേഷം താമസി​യാ​തെ യേശു എന്തു ചെയ്‌തു, ഇതു ഭൂമിയെ എങ്ങനെ ബാധിച്ചു?

18 യേശു ആ സമയത്തു സ്വർഗ​ത്തിൽ വാഴ്‌ച ആരംഭി​ച്ചോ? ആരംഭി​ച്ചു​വെന്നു പറയാ​നു​ളള തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ അടുത്ത അധ്യാ​യ​ത്തിൽ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും. തീർച്ച​യാ​യും, യേശു​വി​ന്റെ ഭരണത്തി​ന്റെ തുടക്കം ഭൂമി​യിൽ പെട്ടെന്നു സമാധാ​നം കൈവ​രു​ത്തു​ക​യില്ല. രാജ്യം ലഭിച്ച​ശേഷം ഉടനെ യേശു സാത്താ​നെ​യും ഭൂതദൂ​തൻമാ​രെ​യും സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്കു​മെന്നു വെളി​പ്പാ​ടു 12:7-12 കാണി​ക്കു​ന്നു. ഇതു ഭൂമിക്കു കഷ്ടത വരുത്തും, എന്നാൽ പിശാ​ചി​നു “അല്‌പ​കാ​ലമേ” ശേഷി​ച്ചി​ട്ടു​ളളു എന്നു വായി​ക്കു​ന്നതു സന്തോ​ഷ​പ്ര​ദ​മാണ്‌. താമസി​യാ​തെ, ദൈവ​രാ​ജ്യം ഭരിക്കു​ന്ന​തു​കൊ​ണ്ടു മാത്രമല്ല, അതു ഭൂമി​ക്കും അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തി​നും അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​മെ​ന്നു​ള​ള​തു​കൊ​ണ്ടും നമുക്കു സന്തോ​ഷി​ക്കാൻ കഴിയും. (സങ്കീർത്തനം 72:7, 8) ഇതു പെട്ടെന്നു സംഭവി​ക്കു​മെന്നു നമുക്ക്‌ എങ്ങനെ അറിയാം?

[അടിക്കു​റിപ്പ്‌]

a ശീലോ എന്ന പേരിന്റെ അർഥം “അതിന്‌ അവകാ​ശ​മു​ള​ളവൻ; അത്‌ ആരു​ടേ​തോ അവൻ” എന്നാണ്‌. കാല​ക്ര​മ​ത്തിൽ, “ശീലോ” “യഹൂദാ​ഗോ​ത്ര​ത്തി​ലെ സിംഹ”മായ യേശു​ക്രി​സ്‌തു ആണെന്നു തെളിഞ്ഞു. (വെളി​പ്പാ​ടു 5:5) തർഗും എന്ന യഹൂദ ഭാഷാ​ന്ത​ര​ങ്ങ​ളിൽ ചിലതു “ശീലോ” എന്ന പദത്തിനു പകരം കേവലം “മിശിഹാ” അല്ലെങ്കിൽ “മിശി​ഹാ​രാ​ജാവ്‌” എന്നു വെച്ചു.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

ദെവരാജ്യം എന്താണ്‌, അത്‌ എവി​ടെ​നി​ന്നു ഭരണം നടത്തുന്നു?

രാജ്യത്തിൽ ആർ ഭരണം നടത്തുന്നു, അതിന്റെ പ്രജകൾ ആർ?

തന്റെ രാജ്യം ഒരു യാഥാർഥ്യ​മാ​ണെന്നു യഹോവ നമുക്ക്‌ ഉറപ്പു​നൽകി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

“ജനതക​ളു​ടെ നിയമിത കാലങ്ങൾ” എപ്പോൾ തുടങ്ങി, എപ്പോൾ അവസാ​നി​ച്ചു?

[അധ്യയന ചോദ്യ​ങ്ങൾ]

[94-ാം പേജിലെ ചതുരം]

ദൈവരാജ്യത്തോടു ബന്ധപ്പെട്ട ചില പ്രധാന സംഭവങ്ങൾ

• സർപ്പത്തി​ന്റെ, പിശാ​ചായ സാത്താന്റെ, തല തകർക്കുന്ന ഒരു “സന്തതി”യെ ഉളവാ​ക്കാ​നു​ളള തന്റെ ഉദ്ദേശ്യം യഹോവ പ്രഖ്യാ​പി​ക്കു​ന്നു.—ഉല്‌പത്തി 3:15.

• പൊ.യു.മു. 1943-ൽ, ഈ സന്തതി അബ്രഹാ​മി​ന്റെ ഒരു മനുഷ്യ​സ​ന്ത​തി​യാ​യി​രി​ക്കു​മെന്നു യഹോവ സൂചി​പ്പി​ക്കു​ന്നു.—ഉല്‌പത്തി 12:1-3, 7; 22:18.

• പൊ.യു.മു. 1513-ൽ ഇസ്രാ​യേ​ലി​നു കൊടുത്ത ന്യായ​പ്ര​മാണ ഉടമ്പടി ‘വരുവാ​നു​ളള നൻമക​ളു​ടെ ഒരു നിഴൽ’ പ്രദാ​നം​ചെ​യ്യു​ന്നു.—പുറപ്പാ​ടു 24:6-8; എബ്രായർ 10:1.

• ഇസ്രാ​യേ​ലി​ന്റെ ഭൗമി​ക​രാ​ജ്യം പൊ.യു.മു. 1117-ൽ തുടങ്ങു​ന്നു, അതു പിന്നീടു ദാവീ​ദി​ന്റെ വംശത്തിൽ തുടരു​ന്നു.—1 ശമൂവേൽ 11:15; 2 ശമൂവേൽ 7:8, 16.

• യെരു​ശ​ലേം പൊ.യു.മു. 607-ൽ നശിപ്പി​ക്ക​പ്പെ​ടു​ന്നു, “ജനതക​ളു​ടെ നിയമിത കാലങ്ങൾ” തുടങ്ങു​ന്നു.—2 രാജാ​ക്കൻമാർ 25:8-10, 25, 26; ലൂക്കൊസ്‌ 21:24.

• പൊ.യു. 29-ൽ യേശു നിയുക്ത രാജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്നു, അവന്റെ ഭൗമി​ക​ശു​ശ്രൂഷ തുടങ്ങു​ന്നു.—മത്തായി 3:16, 17; 4:17; 21:9-11.

• പൊ.യു. 33-ൽ യേശു സ്വർഗാ​രോ​ഹണം ചെയ്യുന്നു, അവിടെ തന്റെ ഭരണം തുടങ്ങു​ന്ന​തു​വരെ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്തു കാത്തി​രി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 5:30, 31; എബ്രായർ 10:12, 13.

• പൊ.യു. 1914-ൽ “ജനതക​ളു​ടെ നിയമിത കാലങ്ങൾ” അവസാ​നി​ക്കു​മ്പോൾ യേശു സ്വർഗീ​യ​രാ​ജ്യ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ടു​ന്നു.—വെളി​പ്പാ​ടു 11:15.

• സാത്താ​നും ഭൂതങ്ങ​ളും ഭൂമി​യു​ടെ പരിസ​ര​ത്തേക്ക്‌ എറിയ​പ്പെ​ടു​ന്നു, അവർ മനുഷ്യ​വർഗ​ത്തിന്‌ ഏറിയ കഷ്ടത വരുത്തു​ന്നു.—വെളി​പ്പാ​ടു 12:9-12.

• യേശു ദൈവ​രാ​ജ്യ​സു​വാർത്ത​യു​ടെ ലോക​വ്യാ​പക പ്രസം​ഗ​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കു​ന്നു.—മത്തായി 24:14; 28:19, 20.