വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ഒരു സന്തുഷ്ടഭാവി ആസ്വദിക്കാൻ കഴിയും!

നിങ്ങൾക്ക്‌ ഒരു സന്തുഷ്ടഭാവി ആസ്വദിക്കാൻ കഴിയും!

അധ്യായം 1

നിങ്ങൾക്ക്‌ ഒരു സന്തുഷ്ട​ഭാ​വി ആസ്വദി​ക്കാൻ കഴിയും!

1, 2. നിങ്ങളു​ടെ സ്രഷ്ടാവു നിങ്ങൾക്കു​വേണ്ടി എന്ത്‌ ആഗ്രഹി​ക്കു​ന്നു?

 നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ഒരാളു​ടെ ഊഷ്‌മ​ള​മായ ആശ്ലേഷം. പ്രിയ സുഹൃ​ത്തു​ക്ക​ളോ​ടൊത്ത്‌ ഒരു നല്ല ഭക്ഷണം കഴിക്കു​മ്പോ​ഴത്തെ ഹൃദ്യ​മായ പൊട്ടി​ച്ചി​രി. നിങ്ങളു​ടെ കുട്ടികൾ ഉല്ലാസ​ഭ​രി​ത​രാ​യി കളിക്കു​ന്നതു കാണു​ന്ന​തി​ന്റെ ആഹ്ലാദം. ഇങ്ങനെ​യു​ളള സന്ദർഭങ്ങൾ ജീവി​ത​ത്തി​ലെ സന്തുഷ്ട നിമി​ഷ​ങ്ങ​ളാണ്‌. എന്നിരു​ന്നാ​ലും, അനേകരെ സംബന്ധി​ച്ച​ട​ത്തോ​ളം, ജീവിതം ഒന്നിനു​പി​റകേ മറെറാ​ന്നാ​യി ഗൗരവാ​വ​ഹ​മായ പ്രശ്‌ന​ങ്ങ​ളു​ടെ പരമ്പര​യാ​യി തോന്നു​ന്നു. നിങ്ങളു​ടെ അനുഭവം അതായി​രി​ക്കു​ന്നു​വെ​ങ്കിൽ, ധൈര്യ​പ്പെ​ടുക.

2 വിസ്‌മ​യാ​വ​ഹ​മായ ചുററു​പാ​ടു​ക​ളിൽ അത്യു​ത്ത​മ​മായ അവസ്ഥക​ളിൻകീ​ഴിൽ നിങ്ങൾ നിലനിൽക്കുന്ന സന്തുഷ്ടി ആസ്വദി​ക്ക​ണ​മെ​ന്നു​ള​ളതു ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌. ഇതു കേവലം സ്വപ്‌നമല്ല, എന്തെന്നാൽ അത്തര​മൊ​രു സന്തുഷ്ട ഭാവി​യു​ടെ താക്കോൽ യഥാർഥ​ത്തിൽ ദൈവം നിങ്ങൾക്കു നീട്ടി​ത്ത​രു​ക​യാണ്‌. ആ താക്കോൽ പരിജ്ഞാ​ന​മാണ്‌.

3. ഏതു പരിജ്ഞാ​ന​മാ​ണു സന്തുഷ്ടി​യു​ടെ താക്കോൽ, ദൈവ​ത്തിന്‌ ആ പരിജ്ഞാ​നം നൽകാൻ കഴിയു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

3 മനുഷ്യ ജ്ഞാന​ത്തെ​ക്കാൾ വളരെ മഹത്തര​മായ ഒരു പ്രത്യേക തരം പരിജ്ഞാ​ന​ത്തെ​ക്കു​റി​ച്ചാ​ണു ഞങ്ങൾ സംസാ​രി​ക്കു​ന്നത്‌. അതു “ദൈവ​പ​രി​ജ്ഞാ​നം”തന്നെയാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:5) “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ” എന്ന്‌ ഏതാണ്ടു 2,000 വർഷം മുമ്പ്‌ ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ പറയു​ക​യു​ണ്ടാ​യി. (എബ്രായർ 3:4) സകലത്തി​ന്റെ​യും നിർമാ​താ​വിന്‌ ഉണ്ടായി​രി​ക്കേണ്ട പരിജ്ഞാ​ന​ത്തെ​ക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക! ദൈവം സകല നക്ഷത്ര​ങ്ങ​ളെ​യും എണ്ണുന്നു​വെ​ന്നും അവയ്‌ക്കു പേരി​ടു​ന്നു​വെ​ന്നും ബൈബിൾ പറയുന്നു. എന്തൊരു അമ്പരപ്പി​ക്കുന്ന ആശയം, എന്തെന്നാൽ നാം വസിക്കുന്ന താരാ​പം​ക്തി​യിൽ സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു നക്ഷത്രങ്ങൾ ഉണ്ട്‌, ഏതാണ്ടു പതിനാ​യി​രം കോടി താരാ​പം​ക്തി​കൾ വേറെ​യും ഉണ്ടെന്നു വാനശാ​സ്‌ത്രജ്ഞർ പറയുന്നു! (സങ്കീർത്തനം 147:4) ദൈവ​ത്തി​നു നമ്മെക്കു​റി​ച്ചും സകലവും അറിയാം, അതു​കൊ​ണ്ടു ജീവി​തത്തെ സംബന്ധിച്ച പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കു മെച്ചപ്പെട്ട ഉത്തരങ്ങൾ നൽകാൻ വേറെ ആർക്കാണു കഴിയുക?—മത്തായി 10:30.

4. നമ്മെ നയിക്കു​ന്ന​തി​നു ദൈവം നിർദേ​ശങ്ങൾ നൽകാൻ നാം പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, ഏതു പുസ്‌തകം ഈ ആവശ്യം നിറ​വേ​റ​റു​ന്നു?

4 രണ്ടു പേർ തങ്ങളുടെ കാറുകൾ നന്നാക്കാൻ ശ്രമി​ക്കു​ന്നു​വെന്നു സങ്കൽപ്പി​ക്കുക. ഒരാൾ മടുത്തു തന്റെ പണി ഇട്ടെറി​ഞ്ഞി​ട്ടു പോകു​ന്നു. മറേറ​യാൾ ശാന്തമാ​യി പ്രശ്‌നം പരിഹ​രി​ക്കു​ന്നു, താക്കോൽ തിരിച്ച്‌ എൻജിൻ സ്‌ററാർട്ടാ​ക്കു​ന്നു, അതു സുഗമ​മാ​യി പ്രവർത്തി​ക്കു​മ്പോൾ അയാൾ പുഞ്ചിരി തൂകുന്നു. നിർമാ​താ​വിൽനി​ന്നു​ളള നിർദേ​ശ​മ​ട​ങ്ങിയ ഒരു പുസ്‌തകം ഉണ്ടായി​രു​ന്നത്‌ ഈ രണ്ടു പേരിൽ ആർക്കാ​യി​രു​ന്നു​വെന്ന്‌ ഊഹി​ക്കാൻ നിങ്ങൾക്കു പ്രയാ​സ​മു​ണ്ടാ​യി​രി​ക്ക​യില്ല. ജീവി​ത​ത്തിൽ നമ്മെ നയിക്കു​ന്ന​തി​നു ദൈവം നിർദേ​ശങ്ങൾ നൽകു​മെ​ന്നതു ന്യായ​യു​ക്ത​മല്ലേ? ഒരുപക്ഷേ, നിങ്ങൾക്ക​റി​യാ​വു​ന്ന​തു​പോ​ലെ, ബൈബിൾ അതുത​ന്നെ​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു—ദൈവ​പ​രി​ജ്ഞാ​നം പ്രദാ​നം​ചെ​യ്യാ​നു​ളള ഉദ്ദേശ്യ​ത്തിൽ നമ്മുടെ സ്രഷ്ടാ​വിൽനി​ന്നു​ളള പ്രബോ​ധ​ന​വും മാർഗ​നിർദേ​ശ​വു​മ​ട​ങ്ങിയ ഒരു പുസ്‌തകം.—2 തിമൊ​ഥെ​യൊസ്‌ 3:16.

5. ബൈബി​ളി​ല​ട​ങ്ങി​യി​രി​ക്കുന്ന പരിജ്ഞാ​നം എത്ര മൂല്യ​വ​ത്താണ്‌?

5 ബൈബി​ളി​ന്റെ അവകാ​ശ​വാ​ദം സത്യമാ​ണെ​ങ്കിൽ, ആ പുസ്‌ത​ക​ത്തിൽ പരിജ്ഞാ​ന​ത്തി​ന്റെ എന്തെന്തു നിക്ഷേ​പ​ങ്ങ​ളാ​യി​രി​ക്കണം അടങ്ങി​യി​രി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക! ജ്ഞാനം അന്വേ​ഷി​ക്കാൻ, മറഞ്ഞി​രി​ക്കുന്ന ഒരു നിക്ഷേ​പ​ത്തി​നാ​യി കുഴി​ക്കു​ന്ന​തു​പോ​ലെ അതിനു​വേണ്ടി കുഴി​ച്ചി​റ​ങ്ങാൻ, സദൃശ​വാ​ക്യ​ങ്ങൾ 2:1-5-ൽ അതു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു—മനുഷ്യ​ചി​ന്ത​യു​ടെ മണ്ണിലല്ല, പിന്നെ​യോ ദൈവ​ത്തി​ന്റെ സ്വന്തം വചനത്തിൽ. അവിടെ തിരയു​ന്നു​വെ​ങ്കിൽ നാം “ദൈവ​പ​രി​ജ്ഞാ​നം കണ്ടെ”ത്തും. നമ്മുടെ പരിമി​തി​ക​ളും ആവശ്യ​ങ്ങ​ളും ദൈവ​ത്തി​നു മനസ്സി​ലാ​കു​ന്ന​തി​നാൽ, സമാധാ​ന​പൂർണ​മായ സന്തുഷ്ട​ജീ​വി​തം നയിക്കാൻ നമ്മെ സഹായി​ക്കുന്ന പ്രബോ​ധനം അവൻ നൽകുന്നു. (സങ്കീർത്തനം 103:14; യെശയ്യാ​വു 48:17) കൂടാതെ, ദൈവ​പ​രി​ജ്ഞാ​നം ആവേശം​പ​ക​രുന്ന സുവാർത്ത നമുക്കു പ്രദാ​നം​ചെ​യ്യു​ന്നു.

നിത്യ​ജീ​വൻ!

6. ദൈവ​പ​രി​ജ്ഞാ​നം സംബന്ധി​ച്ചു യേശു​ക്രി​സ്‌തു എന്ത്‌ ഉറപ്പു​നൽകി?

6 സുപ്ര​സിദ്ധ ചരി​ത്ര​പു​രു​ഷ​നായ യേശു​ക്രി​സ്‌തു ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ ഈ സവി​ശേഷത വ്യക്തമാ​യി വർണിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (യോഹ​ന്നാൻ 17:3) ചിന്തി​ച്ചു​നോ​ക്കൂ—നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം!

7. നാം മരിക്ക​ണ​മെന്നു ദൈവം ഉദ്ദേശി​ച്ചി​ല്ലെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

7 നിത്യ​ജീ​വനെ വെറു​മൊ​രു സ്വപ്‌ന​മെ​ന്ന​പോ​ലെ പെട്ടെന്നു തളളി​ക്ക​ള​യ​രുത്‌. പകരം, മനുഷ്യ​ശ​രീ​രം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിധം നോക്കുക. രുചി​ക്കാ​നും കേൾക്കാ​നും മണക്കാ​നും കാണാ​നും സ്‌പർശി​ക്കാ​നും അതു വിശി​ഷ്ട​മാ​യി രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നു. നമ്മുടെ ഇന്ദ്രി​യ​ങ്ങൾക്ക്‌ ഉല്ലാസം പകരുന്ന വളരെ​യ​ധി​കം കാര്യങ്ങൾ ഭൂമി​യി​ലുണ്ട്‌—രുചി​ക​ര​മായ ഭക്ഷണം, ഇമ്പമായ കിളി​പ്പാട്ട്‌, പരിമളം പരത്തുന്ന പുഷ്‌പങ്ങൾ, മനോ​ഹ​ര​മായ പ്രകൃ​തി​ദൃ​ശ്യ​ങ്ങൾ, ഉല്ലാസ​പ്ര​ദ​മായ സഖിത്വം! നമ്മുടെ വിസ്‌മ​യാ​വ​ഹ​മായ തലച്ചോറ്‌ ഒരു സൂപ്പർ കമ്പ്യൂ​ട്ട​റി​നെ​ക്കാൾ വളരെ കവിഞ്ഞ​താണ്‌, കാരണം ഈവക​യെ​ല്ലാം വിലമ​തി​ക്കാ​നും ആസ്വദി​ക്കാ​നും അതു നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. നാം മരിക്കാ​നും ഇതെല്ലാം നമുക്കു നഷ്ടപ്പെ​ടാ​നും നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു​വെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ? നാം സന്തുഷ്ട​രാ​യി ജീവി​ക്കാ​നും ജീവിതം എന്നേക്കും ആസ്വദി​ക്കാ​നും അവൻ ആഗ്രഹി​ക്കു​ന്നു​വെന്നു നിഗമ​നം​ചെ​യ്യു​ന്നതു കൂടുതൽ ന്യായ​യു​ക്ത​മാ​യി​രി​ക്ക​യി​ല്ലേ? അതേ, അതാണു ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു നിങ്ങൾക്കു​വേണ്ടി കൈവ​രു​ത്താൻ കഴിയു​ന്നത്‌.

പറുദീ​സ​യി​ലെ ജീവിതം

8. മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​യെ​ക്കു​റി​ച്ചു ബൈബിൾ എന്തു പറയുന്നു?

8 ഭൂമി​യു​ടെ​യും മനുഷ്യ​വർഗ​ത്തി​ന്റെ​യും ഭാവി​യെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്ന​ത​ത്ര​യും ഒററ വാക്കിൽ സംഗ്ര​ഹി​ക്കാൻ കഴിയും—പറുദീസ! മരിച്ചു​കൊ​ണ്ടി​രുന്ന ഒരു മനുഷ്യ​നോ​ടു “നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും” എന്നു യേശു​ക്രി​സ്‌തു പറഞ്ഞ​പ്പോൾ അതി​നെ​ക്കു​റി​ച്ചു പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 23:43, NW) പറുദീ​സ​യെ​ക്കു​റി​ച്ചു​ളള പ്രസ്‌താ​വം നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളാ​യി​രുന്ന ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തുഷ്ടാ​വ​സ്ഥയെ ആ മമനു​ഷ്യ​ന്റെ മനസ്സി​ലേക്കു വരുത്തി​യെ​ന്ന​തി​നു സംശയ​മില്ല. ദൈവം അവരെ സൃഷ്ടി​ച്ച​പ്പോൾ അവർ പൂർണ​രാ​യി​രു​ന്നു; സ്രഷ്ടാവു സംവി​ധാ​നം​ചെ​യ്‌തു നട്ടുണ്ടാ​ക്കിയ ഉദ്യാ​ന​തു​ല്യ​മായ ഒരു ഉപവന​ത്തിൽ അവർ ജീവിച്ചു. അതിനെ ഏദെൻതോ​ട്ടം എന്നു വിളി​ച്ചതു സമുചി​ത​മാ​യി​രു​ന്നു, കാരണം ആ പേർ ഉല്ലാസത്തെ സൂചി​പ്പി​ക്കു​ന്നു.

9. ആദ്യ പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യാ​യി​രു​ന്നു?

9 ആ ഉദ്യാനം എത്ര ഉല്ലാസ​പ്ര​ദ​മാ​യി​രു​ന്നു! അത്‌ ഒരു യഥാർഥ പറുദീസ ആയിരു​ന്നു. അതിലെ മനോഹര വൃക്ഷങ്ങ​ളു​ടെ കൂട്ടത്തിൽ രുചി​ക​ര​മായ ഫലം കായ്‌ക്കു​ന്നവ ഉണ്ടായി​രു​ന്നു. ആദാമും ഹവ്വായും അവരുടെ പ്രദേശം പര്യ​വേ​ഷണം ചെയ്‌തും അതിലെ സ്വച്ഛ ജലം കുടി​ച്ചും അതിലെ വൃക്ഷങ്ങ​ളിൽനി​ന്നു ഫലം ശേഖരി​ച്ചും പോന്ന​പ്പോ​ഴൊ​ന്നും അവർക്ക്‌ ഉത്‌ക​ണ്‌ഠാ​കു​ല​രോ ഭയമു​ള​ള​വ​രോ ആയിരി​ക്കാൻ കാരണ​മി​ല്ലാ​യി​രു​ന്നു. മൃഗങ്ങൾ പോലും ഭീഷണി ഉയർത്തി​യില്ല, കാരണം അവയു​ടെ​മേ​ലെ​ല്ലാ​മു​ളള സ്‌നേ​ഹ​പൂർവ​ക​മായ ഭരണാ​വ​കാ​ശ​ത്തോ​ടെ​യാ​ണു ദൈവം മനുഷ്യ​നെ​യും അവന്റെ ഭാര്യ​യെ​യും ആക്കി​വെ​ച്ചി​രു​ന്നത്‌. പോ​രെ​ങ്കിൽ, ആദ്യ മനുഷ്യ​ജോ​ടിക്ക്‌ ഓജസ്സു​ററ ആരോ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. അവർ ദൈവ​ത്തോട്‌ അനുസ​ര​ണ​മു​ള​ള​വ​രാ​യി നിലനി​ന്ന​ട​ത്തോ​ളം കാലം അവരുടെ മുമ്പാകെ നിത്യ​മായ ഒരു സന്തുഷ്ട​ഭാ​വി സ്ഥിതി​ചെ​യ്‌തി​രു​ന്നു. വിശി​ഷ്ട​മായ പറുദീ​സാ​ഭ​വ​നത്തെ പരിര​ക്ഷി​ക്കുന്ന സംതൃ​പ്‌തി​ക​ര​മായ വേല അവർക്കു നൽകി​യി​രു​ന്നു. കൂടാതെ, ‘ഭൂമി​യിൽ നിറഞ്ഞു അതിനെ അടക്കാ​നുള്ള’ അനുശാ​സനം ദൈവം ആദാമി​നും ഹവ്വായ്‌ക്കും കൊടു​ത്തു. അവരും സന്തതി​ക​ളും, നമ്മുടെ ഭൂഗ്രഹം മുഴുവൻ അഴകി​ന്റെ​യും ആനന്ദത്തി​ന്റെ​യും ഒരു സ്ഥലമാ​യി​ത്തീ​രു​ന്ന​തു​വരെ പറുദീ​സ​യു​ടെ അതിർത്തി​കൾ വിപു​ല​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു.—ഉല്‌പത്തി 1:28.

10. യേശു പറുദീ​സ​യെ​ക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ, അവന്റെ മനസ്സിൽ എന്താണു​ണ്ടാ​യി​രു​ന്നത്‌?

10 എന്നിരു​ന്നാ​ലും, യേശു പറുദീ​സ​യെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ അവൻ വിദൂര ഭൂതകാ​ല​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ മരിച്ചു​കൊ​ണ്ടി​രുന്ന മനുഷ്യ​നോട്‌ ആവശ്യ​പ്പെ​ടു​ക​യ​ല്ലാ​യി​രു​ന്നു. അല്ല, യേശു ഭാവി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു! നമ്മുടെ മുഴു ഭൗമി​ക​ഭ​വ​ന​വും ഒരു പറുദീസ ആയിത്തീ​രു​മെന്ന്‌ അവൻ അറിഞ്ഞി​രു​ന്നു. അങ്ങനെ ദൈവം മനുഷ്യ​വർഗ​ത്തെ​യും നമ്മുടെ ഭൂമി​യെ​യും സംബന്ധിച്ച തന്റെ ആദി​മോ​ദ്ദേ​ശ്യം നിവർത്തി​ക്കും. (യെശയ്യാ​വു 55:10, 11) അതേ, പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും! അത്‌ എങ്ങനെ​യുള്ള ഒന്നായി​രി​ക്കും? ദൈവ​വ​ച​ന​മായ വിശുദ്ധ ബൈബിൾ ഉത്തരം പറയട്ടെ.

പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന പറുദീ​സ​യി​ലെ ജീവിതം

11. പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന പറുദീ​സ​യിൽ രോഗ​ത്തി​നും വാർധ​ക്യ​ത്തി​നും മരണത്തി​നും എന്തു സംഭവി​ക്കും?

11 രോഗ​വും വാർധ​ക്യ​വും മരണവും മേലാൽ ഉണ്ടായി​രി​ക്ക​യില്ല. “അന്നു കുരു​ടൻമാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ടൻമാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല. അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും.” (യെശയ്യാ​വു 35:5, 6) “ദൈവം താൻ അവരുടെ ദൈവ​മാ​യി [മനുഷ്യ​വർഗ​ത്തോ​ടു​കൂ​ടെ] ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3, 4.

12. ഭാവി​യി​ലെ പറുദീ​സ​യിൽ കുററ​കൃ​ത്യ​മോ അക്രമ​മോ ദുഷ്ടത​യോ ഉണ്ടായി​രി​ക്ക​യി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

12 കുററ​കൃ​ത്യ​വും അക്രമ​വും ദുഷ്ടത​യും എന്നേക്കു​മാ​യി നീങ്ങി​പ്പോ​കും. “ദുഷ്‌പ്ര​വൃ​ത്തി​ക്കാർ ഛേദി​ക്ക​പ്പെ​ടും . . . കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല; . . . അവനെ കാണു​ക​യില്ല. എന്നാൽ സൌമ്യ​ത​യു​ള​ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും.” (സങ്കീർത്തനം 37:9-11) “ദുഷ്ടൻമാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.”—സദൃശ​വാ​ക്യ​ങ്ങൾ 2:22.

13. ദൈവം എങ്ങനെ സമാധാ​നം കൈവ​രു​ത്തും?

13 ഭൂവ്യാ​പ​ക​മാ​യി സമാധാ​നം പ്രബല​പ്പെ​ടും. “അവൻ [ദൈവം] ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു; അവൻ വില്ലൊ​ടി​ച്ചു കുന്തം മുറിച്ചു . . . കളയുന്നു.” (സങ്കീർത്തനം 46:9) “നീതി​മാൻമാർ തഴെക്കട്ടെ; ചന്ദ്രനു​ളേ​ള​ട​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി ഉണ്ടാകട്ടെ.”—സങ്കീർത്തനം 72:7.

14, 15. പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന പറുദീ​സ​യി​ലെ പാർപ്പി​ട​ത്തെ​ക്കു​റി​ച്ചും വേല​യെ​ക്കു​റി​ച്ചും ആഹാര​ത്തെ​ക്കു​റി​ച്ചും ബൈബിൾ എന്തു പറയുന്നു?

14 പാർപ്പി​ടം സുരക്ഷി​ത​മാ​യി​രി​ക്കും; വേല സംതൃ​പ്‌തി​ദാ​യ​ക​വും. “അവർ വീടു​കളെ പണിതു പാർക്കും . . . അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ ആകും; എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും. അവർ വൃഥാ അദ്ധ്വാ​നി​ക്ക​യില്ല; ആപത്തി​ന്നാ​യി​ട്ടു പ്രസവി​ക്ക​യു​മില്ല.”—യെശയ്യാ​വു 65:21-23.

15 ആരോ​ഗ്യ​പ്ര​ദ​മായ ആഹാരം സമൃദ്ധ​മാ​യി ലഭ്യമാ​യി​രി​ക്കും. “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.” (സങ്കീർത്തനം 72:16) “ഭൂമി അതിന്റെ അനുഭവം തന്നിരി​ക്കു​ന്നു [“തീർച്ച​യാ​യും തരും,” NW]; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനു​ഗ്ര​ഹി​ക്കും.”—സങ്കീർത്തനം 67:6.

16. പറുദീ​സ​യി​ലെ ജീവിതം ഉല്ലാസ​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വി​തം ഉല്ലാസ​പ്ര​ദ​മാ​യി​രി​ക്കും. “നീതി​മാൻമാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) “മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കും; നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കും.”—യെശയ്യാ​വു 35:1.

പരിജ്ഞാ​ന​വും നിങ്ങളു​ടെ ഭാവി​യും

17. (എ) പറുദീ​സ​യി​ലെ ജീവിതം നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ടു​ന്നു​വെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം? (ബി) ദൈവം ഭൂമി​യിൽ വലിയ മാററങ്ങൾ വരുത്തു​മെന്നു നാം എങ്ങനെ അറിയു​ന്നു?

17 പറുദീ​സ​യി​ലെ ജീവിതം നിങ്ങൾക്കി​ഷ്ട​പ്പെ​ടു​ന്നു​വെ​ങ്കിൽ, ദൈവ​പ​രി​ജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌. അവൻ മനുഷ്യ​വർഗത്തെ സ്‌നേ​ഹി​ക്കു​ന്നു; ഭൂമിയെ ഒരു പറുദീസ ആക്കാനാ​വ​ശ്യ​മായ മാററങ്ങൾ അവൻ വരുത്തു​ക​യും ചെയ്യും. ഏതായാ​ലും, ഇന്നു ലോക​ത്തിൽ വളരെ വ്യാപ​ക​മാ​യു​ളള ദുരി​ത​വും അനീതി​യും അവസാ​നി​പ്പി​ക്കാ​നു​ളള ശക്തി നിങ്ങൾക്കു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, നിങ്ങൾ അങ്ങനെ ചെയ്യു​ക​യി​ല്ലേ? ദൈവം അതിൽ കുറഞ്ഞതു ചെയ്യാ​നാ​ണോ നാം പ്രതീ​ക്ഷി​ക്കുക? യഥാർഥ​ത്തിൽ, ദൈവം ഈ കലാപ​ക​ലു​ഷി​ത​മായ വ്യവസ്ഥി​തി​യെ നീക്കം​ചെ​യ്‌തു പൂർണ​ത​യും നീതി​യു​മു​ളള ഒരു ഭരണം അതിനു പകരം കൊണ്ടു​വ​രുന്ന ഒരു കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ ഭംഗ്യ​ന്ത​രേണ വർണി​ക്കു​ന്നു. (ദാനീ​യേൽ 2:44) എന്നാൽ ബൈബിൾ ഇതി​നെ​ക്കു​റി​ച്ചെ​ല്ലാം നമ്മോടു പറയു​ന്ന​തി​നെ​ക്കാൾ വളരെ​യ​ധി​കം ചെയ്യുന്നു. ദൈവ​ത്തി​ന്റെ പുതിയ വാഗ്‌ദ​ത്ത​ലോ​ക​ത്തി​ലേക്കു നമുക്ക്‌ എങ്ങനെ അതിജീ​വി​ക്കാൻ കഴിയു​മെന്ന്‌ അതു കാണി​ച്ചു​ത​രു​ന്നു.—2 പത്രൊസ്‌ 3:13; 1 യോഹ​ന്നാൻ 2:17.

18. ഇപ്പോൾ നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യാൻ ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു കഴിയും?

18 ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ ഇപ്പോൾത്തന്നെ നിങ്ങൾക്കു പ്രയോ​ജനം ചെയ്യാൻ കഴിയും. ജീവി​ത​ത്തി​ലെ അത്യഗാ​ധ​വും അങ്ങേയറ്റം അസഹ്യ​പ്പെ​ടു​ത്തു​ന്ന​തു​മായ ചോദ്യ​ങ്ങൾക്ക്‌ ബൈബി​ളിൽ ഉത്തരം നൽകുന്നു. അതിന്റെ മാർഗ​നിർദേശം സ്വീക​രി​ക്കു​ന്നതു ദൈവ​വു​മാ​യി സൗഹൃദം വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും. എത്ര മഹത്തായ പദവി! ഇതു ദൈവ​ത്തി​നു മാത്രം നൽകാൻ കഴിയുന്ന സമാധാ​നം ആസ്വദി​ക്കു​ന്ന​തി​നു നിങ്ങളെ പ്രാപ്‌ത​രാ​ക്കും. (റോമർ 15:13, 33) മർമ​പ്ര​ധാ​ന​മായ ഈ പരിജ്ഞാ​നം സമ്പാദി​ച്ചു​തു​ട​ങ്ങു​മ്പോൾ നിങ്ങൾ ജീവി​ത​ത്തി​ലെ പരമ​പ്ര​ധാ​ന​വും പ്രതി​ഫ​ല​ദാ​യ​ക​വു​മായ സംരം​ഭ​ത്തി​നു തുടക്ക​മി​ടു​ക​യാണ്‌. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന ദൈവ​പ​രി​ജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിൽ നിങ്ങൾ ഒരിക്ക​ലും ഖേദി​ക്കു​ക​യില്ല.

19. അടുത്ത അധ്യാ​യ​ത്തിൽ നാം ഏതു ചോദ്യം പരിചി​ന്തി​ക്കും?

19 ബൈബി​ളി​നെ ദൈവ​പ​രി​ജ്ഞാ​നം അടങ്ങിയ പുസ്‌ത​ക​മാ​യി നമ്മൾ പരാമർശി​ക്കു​ക​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും, അതു മനുഷ്യ​ജ്ഞാ​ന​മ​ട​ങ്ങിയ ഒരു പുസ്‌ത​കമല്ല, മറിച്ച്‌, അതിലും വളരെ മഹത്തര​മായ ഒന്നാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം? നമ്മൾ അടുത്ത അധ്യാ​യ​ത്തിൽ ഈ ചോദ്യം പരിചി​ന്തി​ക്കും.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

ദൈവപരിജ്ഞാനത്തിനു നിങ്ങളെ നിത്യ​സ​ന്തു​ഷ്ടി​യി​ലേക്കു നയിക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

വരാനിരിക്കുന്ന ഭൗമി​ക​പ​റു​ദീ​സ​യി​ലെ ജീവിതം എങ്ങനെ​യുള്ള ഒന്നായി​രി​ക്കും?

ഇപ്പോൾ ദൈവ​പ​രി​ജ്ഞാ​നം ഉൾക്കൊ​ള​ളു​ന്ന​തിൽനി​ന്നു നിങ്ങൾക്കു പ്രയോ​ജനം കിട്ടു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]