മനുഷ്യവർഗത്തെ രക്ഷിക്കാൻ ദൈവം ചെയ്തിരിക്കുന്നത്
അധ്യായം 7
മനുഷ്യവർഗത്തെ രക്ഷിക്കാൻ ദൈവം ചെയ്തിരിക്കുന്നത്
1, 2. (എ) ദൈവപുത്രൻ ആരാണെന്നുളളത് ഒരു റോമൻ ശതാധിപൻ വിലമതിക്കാനിടയായത് എങ്ങനെ? (ബി) യേശു മരിക്കാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
ഏകദേശം 2,000 വർഷം മുമ്പ് ഒരു വസന്തദിനത്തിൽ ഉച്ചതിരിഞ്ഞ നേരം മൂന്നു പേർ അതിവേദനയോടെ ഇഞ്ചിഞ്ചായി മരിക്കുന്നത് ഒരു റോമൻ ശതാധിപൻ നിരീക്ഷിച്ചു. ആ പടയാളി അവരിൽ ഒരാളെ വിശേഷാൽ ശ്രദ്ധിച്ചു—യേശുക്രിസ്തുവിനെ. യേശുവിനെ ഒരു മരസ്തംഭത്തിൽ തറച്ചിരുന്നു. അവന്റെ മരണനിമിഷം സമീപിച്ചപ്പോൾ മധ്യാഹ്നസൂര്യൻ ഇരുണ്ടു. അവൻ മരിച്ചപ്പോൾ ഭൂമി ഉഗ്രമായി കുലുങ്ങി, “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്ന് ആ പടയാളി ഉദ്ഘോഷിച്ചു.—മർക്കൊസ് 15:39.
2 ദൈവപുത്രൻ! ആ പടയാളി പറഞ്ഞതു സത്യമായിരുന്നു. ഭൂമിയിൽ നടന്നിട്ടുളളതിൽവെച്ച് ഏററം പ്രധാനപ്പെട്ട സംഭവത്തിന് അയാൾ അപ്പോൾ സാക്ഷ്യംവഹിച്ചിരുന്നു. മുൻ സന്ദർഭങ്ങളിൽ ദൈവംതന്നെ യേശുവിനെ തന്റെ പ്രിയ പുത്രൻ എന്നു വിളിച്ചിരുന്നു. (മത്തായി 3:17; 17:5) തന്റെ പുത്രൻ മരിക്കാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ ഇതു മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനുളള ദൈവത്തിന്റെ മാർഗമായിരുന്നു.
ഒരു പ്രത്യേക ഉദ്ദേശ്യത്തിനു തിരഞ്ഞെടുക്കപ്പെട്ടു
3. മനുഷ്യവർഗത്തെ സംബന്ധിച്ച ഒരു പ്രത്യേക ഉദ്ദേശ്യത്തിനു ദൈവത്തിന്റെ ഏകജാതനായ പുത്രൻ തിരഞ്ഞെടുക്കപ്പെടുന്നത് ഉചിതമായിരുന്നത് എന്തുകൊണ്ട്?
3 നാം ഈ പുസ്തകത്തിൽ നേരത്തെ പഠിച്ചതുപോലെ, യേശുവിനു മനുഷ്യനാകുന്നതിനു മുമ്പ് ഒരു അസ്തിത്വമുണ്ടായിരുന്നു. യഹോവ അവനെ നേരിട്ടു സൃഷ്ടിച്ചതുകൊണ്ട് അവൻ ദൈവത്തിന്റെ ‘ഏകജാതനായ പുത്രൻ’ എന്നു വിളിക്കപ്പെടുന്നു. മററു സകലവും ഉളവാക്കുന്നതിനു പിന്നീടു ദൈവം യേശുവിനെ ഉപയോഗിച്ചു. (യോഹന്നാൻ 3:18; കൊലൊസ്സ്യർ 1:16) യേശുവിനു മനുഷ്യവർഗത്തോടു വിശേഷാൽ പ്രിയമുണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31) മനുഷ്യവർഗം മരണശിക്ഷാവിധിയിലായപ്പോൾ ഒരു പ്രത്യേക ഉദ്ദേശ്യം സാധിക്കാൻ യഹോവ തന്റെ ഏകജാതനായ പുത്രനെ തിരഞ്ഞെടുത്തത് അതിശയമല്ല!
4, 5. യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പ്, മിശിഹൈക സന്തതിയെക്കുറിച്ചു ബൈബിൾ എന്തു വെളിപ്പെടുത്തി?
4 ഏദെൻതോട്ടത്തിൽവച്ച് ആദാം, ഹവ്വാ, സാത്താൻ എന്നിവരുടെമേൽ വിധി ഉച്ചരിച്ചപ്പോൾ ദൈവം ഭാവി വിമോചകനെക്കുറിച്ച് ഒരു “സന്തതി” എന്നു പറഞ്ഞു. ഈ സന്തതി അഥവാ സന്താനം ‘ആദ്യ പാമ്പ്’ ആയ പിശാചായ സാത്താൻ വരുത്തിക്കൂട്ടിയിരുന്ന ഭയങ്കര വിനകൾ നീക്കംചെയ്യുന്നതിനായിരിക്കും വരുന്നത്. യഥാർഥത്തിൽ വാഗ്ദത്ത സന്തതി സാത്താനെയും അവനെ അനുഗമിച്ച സകലരെയും തകർക്കും.—ഉല്പത്തി 3:15; 1 യോഹന്നാൻ 3:8; വെളിപ്പാടു 12:9.
5 മിശിഹാ എന്നും വിളിക്കപ്പെട്ട സന്തതിയെക്കുറിച്ചു ദൈവം പിന്നീടുളള നൂററാണ്ടുകളിൽ ക്രമേണ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. 37-ാം പേജിലെ ചാർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ, ഒട്ടേറെ പ്രവചനങ്ങൾ ഭൂമിയിലെ അവന്റെ ജീവിതത്തിന്റെ അനേകം വശങ്ങളുടെ വിശദാംശങ്ങൾ നൽകി. ഉദാഹരണത്തിന്, ദൈവോദ്ദേശ്യത്തിൽ അവന്റെ പങ്കു നിറവേററുന്നതിന് അവൻ ഭയങ്കര ദ്രോഹം സഹിക്കണമായിരുന്നു.—യെശയ്യാവു 53:3-5.
മിശിഹാ മരിക്കേണ്ടതിന്റെ കാരണം
6. ദാനീയേൽ 9:24-26 അനുസരിച്ചു മിശിഹാ എന്തു സാധിക്കും, എങ്ങനെ?
6 മിശിഹാ—ദൈവത്തിന്റെ അഭിഷിക്തൻ—ഒരു വലിയ ഉദ്ദേശ്യം നിറവേററുമെന്നു ദാനീയേൽ 9:24-26-ൽ രേഖപ്പെടുത്തിയിരുന്ന ഒരു പ്രവചനം മുൻകൂട്ടി പറഞ്ഞു. അവൻ എന്നേക്കുമായി “അതിക്രമത്തെ തടസ്ഥംചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും” ഭൂമിയിലേക്കു വരുമായിരുന്നു. മിശിഹാ വിശ്വസ്ത മനുഷ്യവർഗത്തിൽനിന്നു മരണശിക്ഷാവിധി നീക്കംചെയ്യും. എന്നാൽ അവൻ ഇത് എങ്ങനെയാണു ചെയ്യുക? അവൻ ‘ഛേദിക്കപ്പെടുമെന്ന്’ അഥവാ വധിക്കപ്പെടുമെന്നു പ്രവചനം വിശദീകരിക്കുന്നു.
7. യഹൂദൻമാർ മൃഗയാഗങ്ങൾ അർപ്പിച്ചത് എന്തുകൊണ്ട്, ഇവ എന്തിനെ മുൻനിഴലാക്കി?
7 അകൃത്യത്തിനു പരിഹാരം വരുത്തുകയെന്ന ആശയം പുരാതന ഇസ്രായേല്യർക്കു പരിചിതമായിരുന്നു. മോശമുഖാന്തരം ദൈവം അവർക്കു കൊടുത്ത ന്യായപ്രമാണത്തിൻകീഴിലെ അവരുടെ ആരാധനയിൽ അവർ ക്രമമായി മൃഗയാഗങ്ങൾ അർപ്പിച്ചിരുന്നു. ഇവ മനുഷ്യർക്കു തങ്ങളുടെ പാപങ്ങൾക്കു പരിഹാരം വരുത്താൻ അഥവാ പാപങ്ങൾ മറെക്കുന്നതിനു ചിലത് ആവശ്യമാണെന്ന് ഇസ്രായേൽ ജനത്തെ അനുസ്മരിപ്പിച്ചു. അപ്പോസ്തലനായ പൗലോസ് ഈ വിധത്തിൽ ഈ തത്ത്വം സംഗ്രഹിച്ചുപറഞ്ഞു: “രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബ്രായർ 9:22) ക്രിസ്ത്യാനികൾ യാഗങ്ങൾപോലെയുളള വ്യവസ്ഥകളോടുകൂടിയ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. (റോമർ 10:4; കൊലൊസ്സ്യർ 2:16, 17) മൃഗയാഗങ്ങൾക്കു സ്ഥിരവും പൂർണവുമായ പാപമോചനം നൽകുക സാധ്യമല്ലെന്നും അവർക്കറിയാം. പകരം, ഈ യാഗാർപ്പണങ്ങൾ വളരെയേറെ മൂല്യവത്തായ ഒരു യാഗത്തെ—മിശിഹായുടെ അഥവാ ക്രിസ്തുവിന്റെ യാഗത്തെ—മുൻനിഴലാക്കി. (എബ്രായർ 10:4, 10; ഗലാത്യർ 3:24 താരതമ്യം ചെയ്യുക.) എന്നാൽ, ‘മിശിഹാ യഥാർഥത്തിൽ മരിക്കേണ്ടതാവശ്യമായിരുന്നോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം.
8, 9. ആദാമും ഹവ്വായും ഏതു വിലയേറിയ കാര്യങ്ങൾ നഷ്ടപ്പെടുത്തി, അവരുടെ നടപടികൾ അവരുടെ സന്തതികളെ ബാധിച്ചത് എങ്ങനെ?
8 ഉവ്വ്, മനുഷ്യവർഗം രക്ഷിക്കപ്പെടണമെങ്കിൽ മിശിഹാ മരിക്കണമായിരുന്നു. എന്തുകൊണ്ടെന്നു മനസ്സിലാക്കുന്നതിനു നാം ഏദെൻതോട്ടത്തെക്കുറിച്ച് ഓർക്കുകയും ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ അവർക്കു ഭവിച്ച നഷ്ടത്തിന്റെ വൈപുല്യം ഗ്രഹിക്കാൻ ശ്രമിക്കുകയും വേണം. അവരുടെ മുമ്പാകെ നിത്യജീവൻ വെക്കപ്പെട്ടിരുന്നു! ദൈവത്തിന്റെ മക്കൾ എന്നനിലയിൽ അവർ അവനോടു നേരിട്ടുളള ഒരു ബന്ധവും ആസ്വദിച്ചിരുന്നു. എന്നാൽ അവർ യഹോവയുടെ ഭരണാധിപത്യത്തെ തളളിക്കളഞ്ഞപ്പോൾ അതെല്ലാം നഷ്ടപ്പെടുത്തുകയും മനുഷ്യവർഗത്തിൻമേൽ പാപവും മരണവും വരുത്തിക്കൂട്ടുകയും ചെയ്തു.—റോമർ 5:12.
9 അതു നമ്മുടെ ആദ്യ മാതാപിതാക്കൾ തങ്ങളേത്തന്നെ കടത്തിൽ മുക്കിക്കൊണ്ട് ഒരു വലിയ സ്വത്തു ധൂർത്തടിച്ചതുപോലെയായിരുന്നു. ആദാമും ഹവ്വായും ആ കടം അവരുടെ സന്തതികളിലേക്കു കൈമാറി. നാം പൂർണരും പാപരഹിതരുമായി ജനിക്കാഞ്ഞതുകൊണ്ടു നമ്മിൽ ഓരോരുത്തരും പാപികളായി മരിക്കുന്നു. നാം രോഗികളാവുകയോ നമുക്കു തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുപോകുന്ന ഹാനികരമായ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ നാം അവകാശപ്പെടുത്തിയ കടത്തിന്റെ ഫലങ്ങൾ—മനുഷ്യാപൂർണത—നമുക്ക് അനുഭവപ്പെടുകയാണ്. (റോമർ 7:21-25) നമ്മുടെ ഏക പ്രത്യാശ ആദാം നഷ്ടപ്പെടുത്തിയതു വീണ്ടും നേടുന്നതിലാണു സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും, നമുക്കു പൂർണ മനുഷ്യജീവൻ നേടിയെടുക്കുക സാധ്യമല്ല. അപൂർണമനുഷ്യരെല്ലാം പാപംചെയ്യുന്നതുകൊണ്ടു നമ്മളെല്ലാം സമ്പാദിക്കുന്നതു മരണമാണ്, ജീവനല്ല.—റോമർ 6:23.
10. ആദാം നഷ്ടപ്പെടുത്തിയതു തിരികെ വാങ്ങാൻ ആവശ്യമായിരുന്നത് എന്ത്?
10 എന്നിരുന്നാലും, ആദാം നഷ്ടപ്പെടുത്തിയ ജീവനു പകരമായി എന്തെങ്കിലും അർപ്പിക്കാൻ കഴിയുമോ? “ജീവന്നു പകരം ജീവൻ” എന്നവിധം ദൈവത്തിന്റെ നീതിപ്രമാണം സമതുലനം ആവശ്യപ്പെടുന്നു. (പുറപ്പാടു 21:23) അതുകൊണ്ടു നഷ്ടപ്പെട്ട ജീവന്റെ വില ഒടുക്കുന്നതിന് ഒരു ജീവൻ അർപ്പിക്കണമായിരുന്നു. ഏതെങ്കിലും ജീവൻ മതിയാകയില്ലായിരുന്നു. അപൂർണ മനുഷ്യരെക്കുറിച്ചു സങ്കീർത്തനം 49:8, 9 ഇങ്ങനെ പറയുന്നു: “അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു.” അതുകൊണ്ടു സാഹചര്യം ആശയററതാണോ? തീർച്ചയായും അല്ല.
11. (എ) എബ്രായയിൽ “മറുവില” എന്ന പദം എന്തിനെ അർഥമാക്കുന്നു? (ബി) മനുഷ്യവർഗത്തെ ആർക്കുമാത്രമേ വീണ്ടെടുക്കാൻ കഴിയുമായിരുന്നുളളു, എന്തുകൊണ്ട്?
11 എബ്രായ ഭാഷയിൽ “മറുവില” എന്ന പദം ഒരു ബന്ദിയെ വീണ്ടെടുക്കുന്നതിനു കൊടുക്കുന്ന തുകയെ അർഥമാക്കുന്നു, തുല്യതയെയും അതു സൂചിപ്പിക്കുന്നു. ആദാം നഷ്ടപ്പെടുത്തിയതിനു തുല്യമായത് അർപ്പിക്കാൻ പൂർണ മനുഷ്യജീവൻ ഉളള ഒരു മനുഷ്യനു മാത്രമേ കഴിയുമായിരുന്നുളളു. ആദാമിനുശേഷം ഭൂമിയിൽ ജനിച്ച ഏക പൂർണ മനുഷ്യൻ യേശുക്രിസ്തു ആയിരുന്നു. അതുകൊണ്ടു ബൈബിൾ യേശുവിനെ “ഒടുക്കത്തെ ആദാം” എന്നു വിളിക്കുകയും ക്രിസ്തു “എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടു”ത്തുവെന്നു നമുക്ക് ഉറപ്പുനൽകുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:45; 1 തിമൊഥെയൊസ് 2:5, 6) ആദാം തന്റെ മക്കളിലേക്കു മരണം കൈമാറിയപ്പോൾ, യേശു കൈമാറിത്തരുന്നത് നിത്യജീവനാണ്. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്ന് 1 കൊരിന്ത്യർ 15:22 വിശദീകരിക്കുന്നു. അപ്പോൾ യേശുക്രിസ്തു “നിത്യപിതാവ്” എന്ന് ഉചിതമായി വിളിക്കപ്പെടുന്നു.—യെശയ്യാവു 9:6, 7.
മറുവില കൊടുത്ത വിധം
12. യേശു എപ്പോൾ മിശിഹാ ആയിത്തീർന്നു, അവൻ അതിനുശേഷം ഏതു ജീവിതഗതി പിന്തുടർന്നു?
12 പൊ.യു. 29-ലെ ശരത്കാലത്തു സ്നാപനമേൽക്കാനും അങ്ങനെ ദൈവേഷ്ടം നിറവേററാൻ തന്നേത്തന്നെ ഏല്പിച്ചുകൊടുക്കാനുമായി യേശു തന്റെ ബന്ധുവായ യോഹന്നാന്റെ അടുക്കലേക്കു പോയി. ആ അവസരത്തിൽ യഹോവ യേശുവിനെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്തു. അങ്ങനെ യേശു ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ മിശിഹായോ ക്രിസ്തുവോ ആയിത്തീർന്നു. (മത്തായി 3:16, 17) പിന്നീടു യേശു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തുടങ്ങി. അവൻ തന്റെ സ്വദേശത്തുടനീളം സഞ്ചരിച്ചു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും വിശ്വസ്തരായ അനുഗാമികളെ കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നിരുന്നാലും മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, അവനോടുളള എതിർപ്പു പെട്ടെന്നു വർധിക്കുകയുണ്ടായി.—സങ്കീർത്തനം 118:22; പ്രവൃത്തികൾ 4:8-11.
13. ഏതു സംഭവങ്ങൾ ഒരു നിർമലതാപാലകനായുളള യേശുവിന്റെ മരണത്തിലേക്കു നയിച്ചു?
13 യേശു സധൈര്യം മതനേതാക്കൻമാരുടെ കപടഭക്തി തുറന്നുകാട്ടി. അവർ അവനെ വകവരുത്താൻ ശ്രമിച്ചു. അവർ ഒടുവിൽ ഒററിക്കൊടുക്കലും അനുചിതമായ അറസ്ററും നിയമരഹിതമായ വിസ്താരവും രാജദ്രോഹത്തിന്റെ ഒരു വ്യാജാരോപണവും ഉൾപ്പെട്ടിരുന്ന ഒരു ഹീനമായ തന്ത്രം മെനഞ്ഞെടുത്തു. യേശുവിനെ അടിക്കുകയും തുപ്പുകയും പരിഹസിക്കുകയും അവന്റെ മാംസം പറിഞ്ഞുപോകുന്ന വിധം ചാട്ടകൊണ്ടു പ്രഹരിക്കുകയും ചെയ്തു. പിന്നീട് റോമൻ ഗവർണറായ പൊന്തിയോസ് പീലാത്തോസ് അവനെ ദണ്ഡനസ്തംഭത്തിലെ മരണത്തിനു വിധിച്ചു. അവനെ ഒരു മരസ്തംഭത്തിൽ തറയ്ക്കുകയും അവിടെ ലംബമായി തൂക്കുകയും ചെയ്തു. ഓരോ ശ്വാസോച്ഛ്വാസവും വേദനാജനകമായിരുന്നു; അവൻ മരിക്കുന്നതിനു മണിക്കൂറുകൾ എടുത്തു. ആ യാതനാസമയത്തെല്ലാം യേശു ദൈവത്തോടു പൂർണമായ നിർമലത പാലിച്ചു.
14. തന്റെ പുത്രൻ കഷ്ടപ്പെടാനും മരിക്കാനും ദൈവം അനുവദിച്ചത് എന്തുകൊണ്ട്?
14 അങ്ങനെ, പൊ.യു. 33-ലെ നീസാൻ 14-ാം തീയതിയായിരുന്നു യേശു “അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി” കൊടുത്തത്. (മർക്കൊസ് 10:45; 1 തിമൊഥെയൊസ് 2:5, 6) തന്റെ പ്രിയപുത്രൻ കഷ്ടപ്പെടുന്നതും മരിക്കുന്നതും യഹോവക്കു സ്വർഗത്തിൽനിന്നു കാണാൻ കഴിയുമായിരുന്നു. അത്തരമൊരു ഭയങ്കരസംഗതി സംഭവിക്കാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടായിരുന്നു? അവൻ മനുഷ്യവർഗത്തെ സ്നേഹിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്. യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) യഹോവ പൂർണനീതിയുളള ഒരു ദൈവമാണെന്നും യേശുവിന്റെ മരണം നമ്മെ പഠിപ്പിക്കുന്നു. (ആവർത്തനപുസ്തകം 32:4) ജീവനു പകരം ജീവൻ ആവശ്യപ്പെട്ട തന്റെ നീതിയുടെ പ്രമാണം ദൈവം വിട്ടുകളകയും ആദാമിന്റെ പാപഗതിയുടെ വിലയെ അവഗണിക്കുകയും ചെയ്യാഞ്ഞത് എന്തുകൊണ്ടെന്നു ചിലർ അതിശയിച്ചേക്കാം. അതിന്റെ കാരണം യഹോവ എല്ലായ്പോഴും തന്റെ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും തനിക്കുതന്നെ വലിയ നഷ്ടം വന്നാൽപ്പോലും അവയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നതാണ്.
15. യേശുവിന്റെ അസ്തിത്വം സ്ഥിരമായി അവസാനിക്കുന്നത് അനീതി ആയിരിക്കുമായിരുന്നതുകൊണ്ട്, യഹോവ എന്തു ചെയ്തു?
15 യേശുവിന്റെ മരണത്തിന് ഒരു സന്തുഷ്ടഫലം ഉണ്ടാകണമെന്നും യഹോവയുടെ നീതി ആവശ്യപ്പെട്ടു. ഏതായാലും, വിശ്വസ്തനായ യേശു എന്നേക്കും മരണനിദ്രയിലിരിക്കുന്നതിൽ നീതി ഉണ്ടായിരിക്കുമോ? തീർച്ചയായും ഇല്ല! ദൈവത്തിന്റെ വിശ്വസ്തൻ ശവക്കുഴിയിൽ തുടരുകയില്ലെന്ന് എബ്രായ തിരുവെഴുത്തുകൾ പ്രവചിച്ചിരുന്നു. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 13:35) അവൻ മൂന്നു ദിവസങ്ങളുടെ ഭാഗങ്ങളിൽ മരണത്തിൽ നിദ്രകൊണ്ടു; പിന്നെ യഹോവയാം ദൈവം അവനെ ശക്തനായ ഒരു ആത്മജീവി എന്നനിലയിലുളള ജീവിതത്തിലേക്കു പുനരുത്ഥാനപ്പെടുത്തി.—1 പത്രൊസ് 3:18.
16. സ്വർഗത്തിലേക്കു മടങ്ങിപ്പോയപ്പോൾ യേശു എന്തു ചെയ്തു?
16 യേശു മരണത്തിങ്കൽ തന്റെ മനുഷ്യ ജീവനെ എന്നേക്കുമായി വെച്ചുകൊടുത്തു. സ്വർഗത്തിലെ ജീവിതത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടപ്പോൾ അവൻ ജീവദാതാവായ ഒരു ആത്മാവായിത്തീർന്നു. മാത്രവുമല്ല, യേശു അഖിലാണ്ഡത്തിലെ അതിപരിശുദ്ധ സ്ഥലത്തേക്ക് ആരോഹണംചെയ്തപ്പോൾ, അവൻ തന്റെ പ്രിയ പിതാവിനോടു വീണ്ടും ചേരുകയും ഔപചാരികമായി തന്റെ പൂർണ മാനുഷജീവന്റെ മൂല്യം അവന് കാഴ്ചവെക്കുകയും ചെയ്തു. (എബ്രായർ 9:23-28) അപ്പോൾ ആ വിലയേറിയ ജീവന്റെ മൂല്യം അനുസരണമുളള മനുഷ്യവർഗത്തിനുവേണ്ടി പ്രയോഗിക്കാൻ കഴിയുമായിരുന്നു. അതു നിങ്ങളെ സംബന്ധിച്ച് എന്തർഥമാക്കുന്നു?
ക്രിസ്തുവിന്റെ മറുവിലയും നിങ്ങളും
17. നമുക്കു ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ പാപമോചനം നേടാം?
17 ക്രിസ്തുവിന്റെ മറുവിലയാഗം ഇപ്പോൾപ്പോലും നിങ്ങൾക്കു പ്രയോജനംചെയ്യുന്ന മൂന്നു വിധങ്ങൾ പരിചിന്തിക്കുക. ഒന്നാമത്, അതു പാപങ്ങളുടെ മോചനം കൈവരുത്തുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുളള വിശ്വാസത്താൽ നമുക്കു “വീണ്ടെടുപ്പു” ഉണ്ട്, അതേ ‘അതിക്രമങ്ങളുടെ മോചനം’ ഉണ്ട്. (എഫെസ്യർ 1:7) അതുകൊണ്ടു നാം ഗൗരവമായ ഒരു പാപം ചെയ്തിരിക്കുന്നുവെങ്കിൽപ്പോലും യേശുവിന്റെ നാമത്തിൽ നമുക്കു ദൈവത്തോടു ക്ഷമക്കായി യാചിക്കാൻ കഴിയും. നാം യഥാർഥത്തിൽ അനുതാപമുളളവരാണെങ്കിൽ, യഹോവ തന്റെ പുത്രന്റെ മറുവിലയാഗത്തിന്റെ മൂല്യം നമുക്കു പകർന്നുതരുന്നു. നാം പാപംചെയ്തുകൊണ്ടു വരുത്തിക്കൂട്ടുന്ന മരണമാകുന്ന പിഴ നിർബന്ധമായി ആവശ്യപ്പെടുന്നതിനു പകരം ഒരു നല്ല മനഃസാക്ഷിയുടെ അനുഗ്രഹം നമുക്കു നൽകിക്കൊണ്ടു ദൈവം നമ്മോടു ക്ഷമിക്കുന്നു.—പ്രവൃത്തികൾ 3:19; 1 പത്രൊസ് 3:21.
18. യേശുവിന്റെ യാഗം ഏതു വിധത്തിൽ നമുക്കു പ്രത്യാശ നൽകുന്നു?
18 രണ്ടാമത്, ക്രിസ്തുവിന്റെ മറുവിലയാഗം നമ്മുടെ ഭാവിക്കുവേണ്ടിയുളള പ്രത്യാശയുടെ അടിസ്ഥാനം നൽകുന്നു. ദർശനത്തിൽ, അപ്പോസ്തലനായ യോഹന്നാൻ “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” ഈ വ്യവസ്ഥിതിയുടെ വിപത്കരമായ അന്തത്തെ അതിജീവിക്കുമെന്നു കണ്ടു. മററനേകരെ ദൈവം നശിപ്പിക്കുമ്പോൾ അവർ അതിജീവിക്കുന്നത് എന്തുകൊണ്ട്? ഈ മഹാപുരുഷാരം യേശുക്രിസ്തുവാകുന്ന “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു” എന്ന് ഒരു ദൂതൻ യോഹന്നാനോടു പറഞ്ഞു. (വെളിപ്പാടു 7:9, 14) നാം യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിക്കുകയും ദിവ്യ വ്യവസ്ഥകൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നടത്തോളം കാലം നാം ദൈവദൃഷ്ടിയിൽ ശുദ്ധരായിരിക്കും, നിത്യജീവന്റെ പ്രത്യാശയും ഉളളവരായിരിക്കും.
19. ക്രിസ്തുവും അവന്റെ പിതാവും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് അവന്റെ ബലി എങ്ങനെ തെളിയിക്കുന്നു?
19 മൂന്നാമതായി, മറുവിലയാഗം യഹോവയുടെ സ്നേഹത്തിന്റെ ആത്യന്തികമായ തെളിവ് ആണ്. ക്രിസ്തുവിന്റെ മരണം അഖിലാണ്ഡ ചരിത്രത്തിലെ ഏററവും വലിയ രണ്ടു സ്നേഹപ്രകടനങ്ങളുടെ മൂർത്തരൂപമായിരുന്നു: (1) നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ അയച്ചതിലുളള ദൈവസ്നേഹം; (2) ഒരു മറുവിലയായി തന്നേത്തന്നെ മനസ്സോടെ അർപ്പിച്ചതിലുളള യേശുവിന്റെ സ്നേഹം. (യോഹന്നാൻ 15:13; റോമർ 5:8) നാം സത്യമായി വിശ്വാസം പ്രകടമാക്കുകയാണെങ്കിൽ, ഈ സ്നേഹം നമ്മിൽ ഓരോരുത്തർക്കും ബാധകമാകുന്നു. ‘ദൈവപുത്രൻ എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്തു’ എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു.—ഗലാത്യർ 2:20; എബ്രായർ 2:9; 1 യോഹന്നാൻ 4:9, 10.
20. നാം യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കേണ്ടത് എന്തുകൊണ്ട്?
20 അതുകൊണ്ട്, ദൈവവും ക്രിസ്തുവും പ്രദർശിപ്പിച്ച സ്നേഹത്തോട്, യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു നമുക്കു നന്ദി പ്രകടമാക്കാം. അങ്ങനെ ചെയ്യുന്നതു നിത്യജീവനിലേക്കു നയിക്കുന്നു. (യോഹന്നാൻ 3:36) എന്നിരുന്നാലും യേശുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെയും മരണത്തിന്റെയും ഏററവും പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യം നമ്മുടെ രക്ഷയല്ല. അല്ല, അവന്റെ മുഖ്യ താത്പര്യം അതിലും വലിയ ഒരു വാദവിഷയമായിരുന്നു, സാർവത്രികമായ ഒന്നുതന്നെ. നാം അടുത്ത അധ്യായത്തിൽ കാണാൻ പോകുന്നതുപോലെ, ആ വാദവിഷയം നമുക്കെല്ലാം ബാധകമാണ്, എന്തുകൊണ്ടെന്നാൽ ദൈവം ഈ ലോകത്തിൽ ഇത്രകാലം ദുഷ്ടതയും കഷ്ടപ്പാടും നീണ്ടുനിൽക്കാൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അതു വ്യക്തമാക്കുന്നു.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
മനുഷ്യവർഗത്തെ രക്ഷിക്കാൻ യേശു മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
മറുവില കൊടുക്കപ്പെട്ടത് എങ്ങനെയായിരുന്നു?
നിങ്ങൾക്ക് ഏതു വിധങ്ങളിൽ മറുവിലയിൽനിന്നു പ്രയോജനം കിട്ടുന്നു?
[അധ്യയന ചോദ്യങ്ങൾ]
[67-ാം പേജ് നിറയെയുള്ള ചിത്രം]