സത്യദൈവം ആരാണ്?
അധ്യായം 3
സത്യദൈവം ആരാണ്?
1. അനേകർ ബൈബിളിലെ പ്രാരംഭവാക്കുകളോടു യോജിക്കുന്നത് എന്തുകൊണ്ട്?
തെളിവുളള ഒരു രാത്രിയിൽ ആകാശത്തിലേക്കു നോക്കുമ്പോൾ കാണുന്ന അനവധിയായ നക്ഷത്രങ്ങൾ നിങ്ങളെ വിസ്മയിപ്പിക്കുന്നില്ലേ? അവ സ്ഥിതിചെയ്യുന്നതിന്റെ കാരണം നിങ്ങൾ വിശദീകരിക്കുന്നത് എങ്ങനെയാണ്? വർണപ്പകിട്ടുളള പുഷ്പങ്ങൾ, ഇമ്പഗാനമുതിർക്കുന്ന പക്ഷികൾ, സമുദ്രത്തിൽ കുതിച്ചുചാടുന്ന കരുത്തുററ തിമിംഗലങ്ങൾ എന്നിങ്ങനെ ഭൂമിയിലെ ജീവജാലങ്ങളെ സംബന്ധിച്ചെന്ത്? ഈ പട്ടിക അനന്തമായി നീളുകയാണ്. ഇവയൊക്കെ യാദൃച്ഛികമായി ഉത്ഭവിച്ചിരിക്കാനിടയില്ല. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന ബൈബിളിലെ പ്രാരംഭവാക്കുകളോട് അനേകർ യോജിക്കുന്നത് അതിശയമല്ല!—ഉല്പത്തി 1:1.
2. ബൈബിൾ ദൈവത്തെക്കുറിച്ച് എന്തു പറയുന്നു, എന്തു ചെയ്യാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു?
2 ദൈവം എന്ന വിഷയത്തിൽ മനുഷ്യവർഗം അതിയായി വിഭജിതമാണ്. ദൈവം ഒരു അമൂർത്തശക്തിയാണെന്നു ചിലർ വിചാരിക്കുന്നു. ദൈവം സമീപിക്കാൻ കഴിയാത്തവിധം അത്ര അകലത്തിലാണെന്നു വിചാരിച്ചുകൊണ്ടു ദശലക്ഷങ്ങൾ മരിച്ച പൂർവികരെ ആരാധിക്കുന്നു. എന്നാൽ വ്യക്തികളായ നമ്മിൽ ഊഷ്മള താത്പര്യം കാണിക്കുന്ന ഒരു യഥാർഥ ആളാണു സത്യദൈവമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നു പറഞ്ഞുകൊണ്ട്, “അവനെ അന്വേഷി”ക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.—പ്രവൃത്തികൾ 17:27.
3. ദൈവത്തിന്റെ ഒരു പ്രതിമ ഉണ്ടാക്കുന്നത് അസാധ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 ദൈവം എന്തുപോലിരിക്കുന്നു? അവന്റെ ചുരുക്കം ചില ദാസൻമാർ അവന്റെ തേജസ്സാർന്ന സന്നിധാനത്തിന്റെ ദർശനങ്ങൾ കണ്ടിട്ടുണ്ട്. ഇവയിൽ അവൻ ഒരു സിംഹാസനത്തിൽ ഇരിക്കുന്നതായും അവനിൽനിന്നു വലിയ തേജസ്സ് പ്രസരിക്കുന്നതായും അവൻ തന്നേത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ ദർശനങ്ങൾ കണ്ടവർ വ്യക്തമായ ഒരു മുഖത്തെ ഒരിക്കലും വർണിച്ചിട്ടില്ല. (ദാനീയേൽ 7:9, 10; വെളിപ്പാടു 4:2, 3) കാരണം “ദൈവം ആത്മാവു ആകുന്നു”; അവന് ഒരു ഭൗതികശരീരം ഇല്ല. (യോഹന്നാൻ 4:24) യഥാർഥത്തിൽ, നമ്മുടെ സ്രഷ്ടാവിന്റെ കൃത്യതയുളള ഒരു കായപ്രതിമ ഉണ്ടാക്കുക അസാധ്യമാണ്, എന്തെന്നാൽ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹന്നാൻ 1:18; പുറപ്പാടു 33:20) എന്നിരുന്നാലും, ബൈബിൾ ദൈവത്തെക്കുറിച്ചു നമ്മെ വളരെയധികം പഠിപ്പിക്കുന്നു.
സത്യദൈവത്തിന് ഒരു നാമമുണ്ട്
4. ബൈബിളിൽ ദൈവത്തിനു പ്രയോഗിച്ചിരിക്കുന്ന ചില അർഥവത്തായ സ്ഥാനപ്പേരുകൾ ഏവ?
4 “സർവ്വശക്തിയുളള ദൈവം,” ‘അത്യുന്നതൻ,’ ‘മഹാസ്രഷ്ടാവ്,’ ‘മഹോപദേഷ്ടാവ്,’ ‘പരമാധികാരിയായ കർത്താവ്,’ ‘നിത്യരാജാവ്’ എന്നിങ്ങനെയുളള പദപ്രയോഗങ്ങൾകൊണ്ടു ബൈബിളിൽ സത്യദൈവത്തെ വർണിക്കുന്നു. (ഉല്പത്തി 17:1; സങ്കീർത്തനം 50:14; സഭാപ്രസംഗി 12:1, NW; യെശയ്യാവ് 30:20, NW; പ്രവൃത്തികൾ 4:24, NW; 1 തിമൊഥെയൊസ് 1:17) അങ്ങനെയുളള സ്ഥാനപ്പേരുകളെക്കുറിച്ചുളള ധ്യാനത്തിനു ദൈവപരിജ്ഞാനത്തിൽ വളരുന്നതിനു നമ്മെ സഹായിക്കാൻ കഴിയും.
5. ദൈവത്തിന്റെ നാമം എന്താണ്, എബ്രായ തിരുവെഴുത്തുകളിൽ അത് എത്ര കൂടെക്കൂടെ കാണപ്പെടുന്നു?
5 എന്നിരുന്നാലും എബ്രായ തിരുവെഴുത്തുകളിൽത്തന്നെ ഏതാണ്ട് 7,000 പ്രാവശ്യം—ദൈവത്തിന്റെ സ്ഥാനപ്പേരുകളിൽ ഏതിനെക്കാളും അധികം പ്രാവശ്യം—കാണുന്ന ഒരു അനുപമമായ നാമം അവനുണ്ട്. ഏതാണ്ട് 1,900 വർഷം മുമ്പു യഹൂദൻമാർ അന്ധവിശ്വാസത്തോടെ ദിവ്യനാമം ഉച്ചരിക്കുന്നതു നിർത്തി. സ്വരാക്ഷരങ്ങൾകൂടാതെയാണു ബൈബിളിൽ എബ്രായഭാഷ എഴുതപ്പെട്ടത്. അതുകൊണ്ട്, മോശയോ ദാവീദോ പുരാതനകാലത്തെ മററുളളവരോ ദിവ്യനാമത്തിന്റെ ലിഖിതരൂപമായ നാലു വ്യഞ്ജനാക്ഷരങ്ങൾ (יהוה) ഉച്ചരിച്ചത് എങ്ങനെയെന്നു കൃത്യതയോടെ നിശ്ചയിക്കാൻ നിർവാഹമില്ല. ദൈവനാമം “യാഹ്വേ” എന്ന് ഉച്ചരിച്ചിരിക്കാമെന്നു ചില പണ്ഡിതൻമാർ സൂചിപ്പിക്കുന്നു, എന്നാൽ അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നില്ല. “ജഹോവ” എന്ന ഇംഗ്ലീഷ് ഉച്ചാരണം നൂററാണ്ടുകളായി ഉപയോഗത്തിലുണ്ടായിരുന്നു, അനേകം ഭാഷകളിലെ തത്തുല്യ ഉച്ചാരണവും പരക്കെ അംഗീകരിക്കപ്പെടുന്നു.—പുറപ്പാടു 6:3-ഉം യെശയ്യാവു 26:4-ഉം കാണുക.
നിങ്ങൾ ദൈവനാമം ഉപയോഗിക്കേണ്ടതിന്റെ കാരണം
6. യഹോവയെ സംബന്ധിച്ചു സങ്കീർത്തനം 83:18 എന്തു പറയുന്നു, നാം അവന്റെ നാമം ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
6 യഹോവയെന്ന അതുല്യമായ ദൈവനാമം അവനെ മറെറല്ലാ ദൈവങ്ങളിൽനിന്നും വേർതിരിച്ചു മനസ്സിലാക്കാൻ ഉതകുന്നു. അതുകൊണ്ടാണ് ആ നാമം ബൈബിളിൽ, വിശേഷാൽ അതിന്റെ എബ്രായ പാഠത്തിൽ, ഒട്ടുമിക്കപ്പോഴും കാണുന്നത്. അനേകം വിവർത്തകർ ദിവ്യനാമം ഉപയോഗിക്കുന്നില്ല, എന്നാൽ സങ്കീർത്തനം 83:18 വ്യക്തമായി പറയുന്നു: “യഹോവ എന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” അതുകൊണ്ടു ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോൾ നാം അവന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നത് ഉചിതമാണ്.
7. യഹോവയെന്ന നാമത്തിന്റെ അർഥം ദൈവത്തെ സംബന്ധിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
7 യഹോവ എന്ന നാമം “ആയിത്തീരുക” എന്നർഥമുളള ഒരു എബ്രായ ക്രിയാരൂപമാണ്. അതുകൊണ്ടു ദൈവനാമത്തിന്റെ അർഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തദ്വാരാ യഹോവ വലിയ ഉദ്ദേശ്യമുളളവനായി തന്നേത്തന്നെ തിരിച്ചറിയിക്കുന്നു. അവൻ എല്ലായ്പോഴും തന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കാനിടയാക്കുന്നു. സത്യദൈവത്തിനു മാത്രമേ ഉചിതമായി ഈ നാമം വഹിക്കാൻ കഴികയുളളു, എന്തെന്നാൽ മനുഷ്യർക്കു തങ്ങളുടെ പദ്ധതികൾ വിജയിക്കുമെന്ന് ഒരിക്കലും ഉറപ്പാക്കാൻ കഴിയില്ല. (യാക്കോബ് 4:13, 14) ‘അങ്ങനെതന്നെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനവും ആകും. . . . ഞാൻ അതിനെ അയച്ച കാര്യത്തിൽ അതു നിശ്ചയമായ ജയം കൈവരിക്കും’ എന്നു യഹോവക്കു മാത്രമേ പറയാൻ കഴിയൂ.—യെശയ്യാവ് 55:11, NW.
8. മോശമുഖാന്തരം യഹോവ എന്ത് ഉദ്ദേശ്യം പ്രഖ്യാപിച്ചു?
8 എബ്രായ ഗോത്രപിതാക്കൻമാരായ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരിൽ ഓരോരുത്തരും “യഹോവയുടെ നാമത്തെ വിളിച്ച് അപേക്ഷിച്ചു,” എന്നാൽ അവർക്കു ദിവ്യനാമത്തിന്റെ പൂർണ പ്രാധാന്യം അറിയില്ലായിരുന്നു. (ഉൽപ്പത്തി 21:33, NW; 26:25; 32:9; പുറപ്പാടു 6:3) അവരുടെ സന്തതികളായ ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിടുവിക്കാനും അവർക്കു “പാലും തേനും ഒഴുകുന്ന ദേശം” കൊടുക്കാനുമുളള തന്റെ ഉദ്ദേശ്യം പിന്നീടു വെളിപ്പെടുത്തിയപ്പോൾ അത് അസാധ്യകാര്യമാണെന്നു തോന്നിയിരിക്കാം. (പുറപ്പാടു 3:17) എന്നിരുന്നാലും, “അബ്രാഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു” എന്നു തന്റെ പ്രവാചകനായ മോശയോടു പറഞ്ഞുകൊണ്ടു ദൈവം തന്റെ നാമത്തിന്റെ നിത്യപ്രാധാന്യത്തെ ദൃഢീകരിച്ചു.—പുറപ്പാടു 3:15.
9. ഫറവോൻ യഹോവയെ എങ്ങനെ വീക്ഷിച്ചു?
9 മരുഭൂമിയിൽ യഹോവയെ ആരാധിക്കുന്നതിനു പോകാൻ ഇസ്രായേല്യരെ വിട്ടയയ്ക്കണമെന്നു മോശ ഈജിപ്തിലെ രാജാവായ ഫറവോനോട് അപേക്ഷിച്ചു. എന്നാൽ ഒരു ദൈവമായി വീക്ഷിക്കപ്പെട്ടിരുന്നവനും ഈജിപ്തിലെ മററു ദൈവങ്ങളെ ആരാധിച്ചവനുമായ ഫറവോൻ ഇങ്ങനെ മറുപടി പറഞ്ഞു: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല.”—പുറപ്പാടു 5:1, 2.
10. പുരാതന ഈജിപ്തിൽ, ഇസ്രായേല്യർ ഉൾപ്പെടുന്ന തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനു യഹോവ എന്തു നടപടി സ്വീകരിച്ചു?
10 അനന്തരം യഹോവ തന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയായി പ്രവർത്തിച്ചുകൊണ്ടു തന്റെ ഉദ്ദേശ്യം നിറവേററുന്നതിനു ക്രമാനുഗതമായ നടപടി സ്വീകരിച്ചു. അവൻ പുരാതന ഈജിപ്തുകാരുടെമേൽ പത്തു ബാധകൾ വരുത്തി. അവസാനത്തെ ബാധ അഹങ്കാരിയായ ഫറവോന്റെ പുത്രൻ ഉൾപ്പെടെ ഈജിപ്തിലെ സകല ആദ്യജാതരെയും സംഹരിച്ചു. അപ്പോൾ ഇസ്രായേല്യർ എത്രയും വേഗം പോയിരുന്നെങ്കിൽ എന്ന് ഈജിപ്തുകാർ ആശിച്ചു. ഏതായാലും, ചില ഈജിപ്തുകാർക്കു യഹോവയുടെ ശക്തിയിൽ വളരെ മതിപ്പുളവാകയാൽ അവർ ഈജിപ്തു വിട്ടുപോകുന്നതിൽ ഇസ്രായേല്യരോടു ചേർന്നു.—പുറപ്പാടു 12:35-38.
11. ചെങ്കടലിങ്കൽ യഹോവ എന്ത് അത്ഭുതം ചെയ്തു, അവന്റെ ശത്രുക്കൾ എന്തു സമ്മതിക്കാൻ നിർബന്ധിതരായി?
11 ശാഠ്യക്കാരനായ ഫറവോനും 600 യുദ്ധരഥങ്ങളോടു കൂടിയ അവന്റെ സൈന്യവും അവന്റെ അടിമകളെ തിരിച്ചു പിടിക്കാൻ പുറപ്പെട്ടു. ഈജിപ്തുകാർ അടുത്തെത്തവേ ഇസ്രായേല്യർക്ക് ഉണങ്ങിയ നിലത്തുകൂടെ കടക്കാൻ കഴിയത്തക്കവണ്ണം ദൈവം അത്ഭുതകരമായി ചെങ്കടലിനെ വിഭജിച്ചു. പിന്തുടർന്നുവന്നവർ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പ്രവേശിച്ചപ്പോൾ യഹോവ “അവരുടെ രഥചക്രങ്ങളെ തെററിച്ചു ഓട്ടം പ്രയാസമാക്കി.” “നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധംചെയ്യുന്നു” എന്ന് ഈജിപ്തുകാരായ പടയാളികൾ നിലവിളിച്ചു. എന്നാൽ വളരെ വൈകിപ്പോയിരുന്നു. വലിയ ജലഭിത്തികൾ തകർന്നുവീണു “രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു.” (പുറപ്പാടു 14:22-25, 28) അങ്ങനെ യഹോവ തനിക്കുവേണ്ടി ഒരു വലിയ പേരുണ്ടാക്കി, ആ സംഭവം ഇന്നോളം വിസ്മരിക്കപ്പെട്ടിട്ടില്ല.—യോശുവ 2:9-11.
12, 13. (എ) ദൈവനാമത്തിന് ഇന്നു നമുക്കുവേണ്ടി എന്തർഥമുണ്ട്? (ബി) ആളുകൾ അടിയന്തിരമായി എന്തു പഠിക്കേണ്ടതുണ്ട്, എന്തുകൊണ്ട്?
12 ദൈവം തനിക്കുവേണ്ടി ഉണ്ടാക്കിയ പേരിന് ഇന്നു നമുക്കു വലിയ അർഥമുണ്ട്. യഹോവ എന്ന അവന്റെ നാമം അവൻ ഉദ്ദേശിച്ചിരിക്കുന്നതെല്ലാം നിവർത്തിക്കുമെന്നുളളതിന്റെ ഉറപ്പായി നിലകൊളളുന്നു. അതിൽ നമ്മുടെ ഭൂമി ഒരു പറുദീസ ആയിത്തീരണമെന്നുളള അവന്റെ ആദിമ ഉദ്ദേശ്യം സാധിക്കുന്നതും ഉൾപ്പെടുന്നു. (ഉല്പത്തി 1:28; 2:8) ആ ലക്ഷ്യം മുൻനിർത്തി ദൈവം ഇന്ന് തന്റെ പരമാധികാരത്തെ എതിർക്കുന്ന എല്ലാവരെയും നീക്കംചെയ്യും, കാരണം “ഞാൻ യഹോവ എന്നു അവർ അറിയുകയും ചെയ്യും [“അറിയേണ്ടിവരും,” NW]” എന്ന് അവൻ പ്രസ്താവിച്ചിരിക്കുന്നു. (യെഹെസ്കേൽ 38:23) അന്നു തന്റെ ആരാധകരെ നീതിയുളള ഒരു പുതിയ ലോകത്തിലേക്കു വിടുവിക്കുമെന്നുളള തന്റെ വാഗ്ദത്തം ദൈവം നിറവേറ്റും.—2 പത്രൊസ് 3:13.
13 ദൈവത്തിന്റെ പ്രീതി ആഗ്രഹിക്കുന്ന എല്ലാവരും അവന്റെ നാമത്തെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്. “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നു ബൈബിൾ വാഗ്ദത്തംചെയ്യുന്നു. (റോമർ 10:13) അതേ, യഹോവ എന്ന നാമം വളരെ അർഥസമ്പുഷ്ടമാണ്. നിങ്ങളുടെ ദൈവവും വിമോചകനുമെന്ന നിലയിൽ യഹോവയെ വിളിച്ചപേക്ഷിക്കുന്ന പക്ഷം, ആ നടപടിക്കു നിങ്ങളെ അനന്ത സന്തുഷ്ടിയിലേക്കു നയിക്കാൻ കഴിയും.
സത്യദൈവത്തിന്റെ ഗുണങ്ങൾ
14. ദൈവത്തിന്റെ ഏത് അടിസ്ഥാനഗുണങ്ങൾ ബൈബിൾ ഊന്നിപ്പറയുന്നു?
14 ഈജിപ്തിൽനിന്നുളള ഇസ്രായേലിന്റെ വിടുതലിനെക്കുറിച്ചുളള പഠനം ദൈവം സമ്പൂർണസമനിലയിൽ കാക്കുന്ന തന്റെ നാല് അടിസ്ഥാനഗുണങ്ങളെ ദീപ്തിമത്താക്കുന്നു. ഫറവോനോടുളള അവന്റെ ഇടപെടലുകൾ അവന്റെ ഭയാവഹമായ ശക്തിയെ വെളിപ്പെടുത്തി. (പുറപ്പാടു 9:16) ആ സങ്കീർണ സാഹചര്യത്തെ ദൈവം കൈകാര്യംചെയ്ത വിദഗ്ധ രീതി അവന്റെ കിടയററ ജ്ഞാനത്തെ പ്രകടമാക്കി. (റോമർ 11:33) ശാഠ്യക്കാരായ എതിരാളികൾക്കും തന്റെ ജനത്തിന്റെ പീഡകർക്കും ശിക്ഷ കൊടുത്തതിൽ അവൻ തന്റെ നീതി വെളിപ്പെടുത്തി. (ആവർത്തനപുസ്തകം 32:4) ദൈവത്തിന്റെ ഒരു അതിശ്രേഷ്ഠ ഗുണം സ്നേഹം ആണ്. അബ്രഹാമിന്റെ വംശജരെ സംബന്ധിച്ച തന്റെ വാഗ്ദത്തം നിറവേററിക്കൊണ്ടു യഹോവ മികവാർന്ന സ്നേഹം പ്രകടമാക്കി. (ആവർത്തനപുസ്തകം 7:8) വ്യാജദൈവങ്ങളെ ഉപേക്ഷിച്ച് ഏക സത്യദൈവത്തിനുവേണ്ടി നിലകൊണ്ടുകൊണ്ട് അതിയായി പ്രയോജനം നേടാൻ ചില ഈജിപ്തുകാരെ അനുവദിച്ചതിലൂടെയും അവൻ സ്നേഹം കാണിച്ചു.
15, 16. ദൈവം ഏതു വിധങ്ങളിൽ സ്നേഹം പ്രകടമാക്കിയിരിക്കുന്നു?
15 ബൈബിൾ വായിക്കുമ്പോൾ ദൈവത്തിന്റെ മുഖ്യ ഗുണം സ്നേഹമാണെന്നും അവൻ അതു പല വിധങ്ങളിൽ പ്രകടിപ്പിക്കുന്നുവെന്നും നിങ്ങൾ കാണും. ഉദാഹരണത്തിന്, അവൻ ഒരു സ്രഷ്ടാവായിത്തീരുകയും ആദ്യമായി ജീവന്റെ സന്തോഷം ആത്മജീവികൾക്കു പങ്കുവെക്കുകയും ചെയ്തതു സ്നേഹത്തിൽനിന്നായിരുന്നു. ആ സഹസ്രലക്ഷക്കണക്കിനു ദൂതൻമാർ ദൈവത്തെ സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. (ഇയ്യോബ് 38:4, 7; ദാനീയേൽ 7:10) കൂടാതെ, ഭൂമിയെ സൃഷ്ടിച്ചതിലും സന്തുഷ്ട മനുഷ്യ ജീവിതത്തിനായി അതിനെ ഒരുക്കിയതിലും ദൈവം സ്നേഹം കാണിച്ചു.—ഉല്പത്തി 1:1, 26-28; സങ്കീർത്തനം 115:16.
16 പറഞ്ഞുതീർക്കാൻ കഴിയാത്ത അനവധി വിധങ്ങളിൽ ദൈവസ്നേഹത്തിൽനിന്നു നാം പ്രയോജനമനുഭവിക്കുന്നു. ഒരു സംഗതി പറഞ്ഞാൽ, നമുക്കു ജീവിതം ആസ്വദിക്കാൻ കഴിയത്തക്കവണ്ണം വളരെ അത്ഭുതകരമായ വിധത്തിൽ ദൈവം സ്നേഹപൂർവം നമ്മുടെ ശരീരങ്ങൾ നിർമിച്ചിരിക്കുന്നു. (സങ്കീർത്തനം 139:14) അവൻ “ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുളള കാലങ്ങളും . . . തരികയും ആഹാരവും സന്തോഷവും നല്കി [നമ്മളെ] തൃപ്തരാക്കുകയും” ചെയ്യുന്നതിൽ അവന്റെ സ്നേഹം പ്രദർശിപ്പിക്കുന്നു. (പ്രവൃത്തികൾ 14:17) ദൈവം “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെ മേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും” പോലും ചെയ്യുന്നു. (മത്തായി 5:45) ദൈവപരിജ്ഞാനം നേടാനും അവന്റെ ആരാധകരായി സന്തോഷപൂർവം അവനെ സേവിക്കാനും നമ്മെ സഹായിക്കാനുംകൂടെ സ്നേഹം നമ്മുടെ സ്രഷ്ടാവിനെ പ്രേരിപ്പിക്കുന്നു. തീർച്ചയായും, “ദൈവം സ്നേഹം തന്നേ.” (1 യോഹന്നാൻ 4:8) എന്നാൽ അവന്റെ വ്യക്തിത്വത്തിന് ഇതിലേറെ സവിശേഷതകളുണ്ട്.
‘കരുണയും കൃപയുമുളള ഒരു ദൈവം’
17. പുറപ്പാടു 34:6, 7-ൽ ദൈവത്തെക്കുറിച്ചു നാം എന്തു പഠിക്കുന്നു?
17 ചെങ്കടൽ കുറുകെ കടന്ന ശേഷവും ഇസ്രായേല്യർ ദൈവത്തെ മെച്ചമായി അറിയേണ്ടതുണ്ടായിരുന്നു. മോശക്ക് ഈ ആവശ്യം അനുഭവപ്പെട്ടു, അവൻ ഇങ്ങനെ പ്രാർഥിച്ചു: “ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ.” (പുറപ്പാടു 33:13) “യഹോവ, യഹോവയായ ദൈവം കരുണയും കൃപയുമുളളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുളളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുളളവനെ വെറുതെ വിടാതെ”യിരിക്കുന്നവൻ എന്ന ദൈവത്തിന്റെ സ്വന്തം പ്രഖ്യാപനം കേട്ടപ്പോൾ മോശ ദൈവത്തെ മെച്ചമായി അറിയാനിടയായി. (പുറപ്പാടു 34:6, 7) ദൈവം തന്റെ നീതിയാൽ സ്നേഹത്തെ സമീകരിക്കുന്നു, മനഃപൂർവ പാപികളെ അവരുടെ ദുഷ്പ്രവൃത്തിയുടെ പരിണതഫലങ്ങളിൽനിന്നു സംരക്ഷിക്കാതെതന്നെ.
18. യഹോവ കരുണയുളളവനാണെന്ന് എങ്ങനെ തെളിഞ്ഞിരിക്കുന്നു?
18 മോശ മനസ്സിലാക്കിയതുപോലെ, യഹോവ കരുണ കാണിക്കുന്നു. കരുണയുളള ഒരാൾക്കു കഷ്ടപ്പാടനുഭവിക്കുന്നവരോടു സഹതാപമുണ്ട്, അവർക്ക് ആശ്വാസം കൈവരുത്താൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ കഷ്ടപ്പാട്, രോഗം, മരണം എന്നിവയിൽനിന്നു സ്ഥിരമായ ആശ്വാസത്തിനുവേണ്ടിയുളള കരുതൽ ചെയ്തുകൊണ്ടു ദൈവം മനുഷ്യവർഗത്തോട് അനുകമ്പ കാണിച്ചിരിക്കുന്നു. (വെളിപ്പാടു 21:3-5) ഈ ദുഷ്ടലോകത്തിലെ അവസ്ഥകൾ നിമിത്തം ദൈവാരാധകർക്ക് അനർഥങ്ങൾ അനുഭവപ്പെട്ടേക്കാം, അല്ലെങ്കിൽ അവർ ബുദ്ധിശൂന്യമായി പ്രവർത്തിച്ചിട്ടു കുഴപ്പത്തിലകപ്പെട്ടേക്കാം. എന്നാൽ അവർ താഴ്മയോടെ സഹായത്തിനായി യഹോവയിലേക്കു തിരിഞ്ഞാൽ അവൻ അവരെ ആശ്വസിപ്പിക്കും, സഹായിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ തന്റെ ആരാധകരോടു കരുണാപൂർവം സ്നേഹനിർഭരമായ കരുതൽ പ്രകടമാക്കുന്നു.—സങ്കീർത്തനം 86:15; 1 പത്രൊസ് 5:6, 7.
19. ദൈവം കൃപാലുവാണെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
19 അധികാരത്തിലിരിക്കുന്ന അനേകർ മററുളളവരോടു പരുഷമായി പെരുമാറുന്നു. ഇതിൽനിന്നു വ്യത്യസ്തമായി, യഹോവ തന്റെ താഴ്മയുളള ദാസരോട് എത്ര കൃപാലുവാണ്! അവൻ അഖിലാണ്ഡത്തിലെ അത്യുന്നത അധികാരി ആണെങ്കിലും അവൻ സകല മനുഷ്യവർഗത്തോടും പൊതുവായ ഒരു വിധത്തിൽ വലിയ ദയ പ്രകടമാക്കുന്നു. (സങ്കീർത്തനം 8:3, 4; ലൂക്കൊസ് 6:35) തീർച്ചയായും, യഹോവ അനുഗ്രഹത്തിനുവേണ്ടിയുളള വ്യക്തികളുടെ പ്രത്യേക അഭ്യർഥനകൾക്ക് ഉത്തരം കൊടുത്തുകൊണ്ട് അവരോടും കൃപാലുവായിരിക്കുന്നു. (പുറപ്പാടു 22:26, 27; ലൂക്കൊസ് 18:13, 14) തീർച്ചയായും, ആരോടും പ്രീതിയോ കരുണയോ കാട്ടാൻ ദൈവത്തിനു കടപ്പാടില്ല. (പുറപ്പാടു 33:19) അതുകൊണ്ട്, നാം ദൈവത്തിന്റെ കരുണയോടും കൃപയോടും അഗാധമായ വിലമതിപ്പു പ്രകടമാക്കേണ്ടതുണ്ട്.—സങ്കീർത്തനം 145:1, 8.
കോപത്തിനു താമസമുളളവൻ, പക്ഷപാതം ഇല്ലാത്തവൻ, നീതിമാൻ
20. യഹോവ കോപത്തിനു താമസമുളളവനും പക്ഷപാതമില്ലാത്തവനുമാണെന്ന് എന്തു പ്രകടമാക്കുന്നു?
20 യഹോവ കോപത്തിനു താമസമുളളവനാണ്. എന്നിരുന്നാലും, അവൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇതിന് അർഥമില്ല, എന്തെന്നാൽ ശാഠ്യക്കാരനായ ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ നശിപ്പിച്ചുകൊണ്ട് അവൻ നടപടി സ്വീകരിച്ചു. യഹോവ പക്ഷപാതമില്ലാത്തവനുമാണ്. അതുകൊണ്ട്, അവന്റെ പ്രീതിയുണ്ടായിരുന്ന ജനം, ഇസ്രായേല്യർ, തങ്ങളുടെ സ്ഥിരമായ ദുഷ്പ്രവൃത്തി നിമിത്തം ഒടുവിൽ അവന്റെ പ്രീതി നഷ്ടപ്പെടുത്തി. സകല ജനതകളിൽനിന്നുമുളള ആളുകളെ ദൈവം തന്റെ ആരാധകരായി സ്വീകരിക്കുന്നു, എന്നാൽ അവന്റെ നീതിയുളള വഴികളോട് അനുരൂപപ്പെടുന്നവരെ മാത്രം.—പ്രവൃത്തികൾ 10:34, 35.
21. (എ) വെളിപ്പാടു 15:2-4 ദൈവത്തെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) ദൈവം ശരിയെന്നു പറയുന്നതു ചെയ്യാൻ നമുക്ക് ഏറെ എളുപ്പമാക്കിത്തീർക്കുന്നത് എന്ത്?
21 വെളിപാട് എന്ന ബൈബിൾപുസ്തകം ദൈവത്തിന്റെ ‘നീതിയുള്ള വിധികളെ’ക്കുറിച്ചു പഠിക്കുന്നതിന്റെ മൂല്യം ഊന്നിപ്പറയുന്നു. സ്വർഗീയ ജീവികൾ ഇങ്ങനെ പാടുന്നതായി അതു നമ്മോടു പറയുന്നു: “സർവ്വശക്തിയുളള ദൈവമായ കർത്താവേ, [“യഹോവേ,” NW] നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വ ജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുളളവ. കർത്താവേ [“യഹോവേ,” NW] ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക പരിശുദ്ധൻ; നിന്റെ ന്യായവിധികൾ [“നീതിയുള്ള വിധികൾ,” NW] വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുമുമ്പിൽ നമസ്കരിക്കും.” (വെളിപ്പാടു 15:2-4) അവൻ ശരിയെന്നു പറയുന്നതിനോട് അനുരൂപപ്പെട്ടുകൊണ്ടു നാം ആരോഗ്യാവഹമായ യഹോവാഭയം അല്ലെങ്കിൽ അവനോടുളള ഭയഭക്തി പ്രകടമാക്കുന്നു. ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും ഓർമയിലേക്കു വരുത്തുന്നതിനാൽ ഇത് ഏറെ എളുപ്പമായിത്തീരുന്നു. അവന്റെ സകല കല്പനകളും നമ്മുടെ നൻമക്കുവേണ്ടിയാണ്.—യെശയ്യാവു 48:17, 18.
‘നമ്മുടെ ദൈവമായ യഹോവ ഏകൻ ആകുന്നു’
22. ബൈബിളിനെ അംഗീകരിക്കുന്നവർ ഒരു ത്രിത്വത്തെ ആരാധിക്കാത്തത് എന്തുകൊണ്ട്?
22 പുരാതന ഈജിപ്തുകാർ ഒട്ടേറെ ദൈവങ്ങളെ ആരാധിച്ചു, എന്നാൽ യഹോവ “സമ്പൂർണഭക്തി കർശനമായി നിഷ്കർഷിക്കുന്ന ഒരു ദൈവം” ആകുന്നു. (പുറപ്പാട് 20:5, NW) “നമ്മുടെ ദൈവമായ യഹോവ ഏക യഹോവ ആകുന്നു” എന്നു മോശ ഇസ്രായേല്യരെ ഓർമിപ്പിച്ചു. (ആവർത്തനപുസ്തകം 6:4, NW) യേശുക്രിസ്തു ആ വാക്കുകൾ ആവർത്തിച്ചു. (മർക്കൊസ് 12:28, 29) അതുകൊണ്ടു ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുന്നവർ ഒന്നിൽ മൂന്ന് ആളുകൾ അല്ലെങ്കിൽ ദൈവങ്ങൾ അടങ്ങിയ ഒരു ത്രിത്വത്തെ ആരാധിക്കുന്നില്ല. യഥാർഥത്തിൽ, “ത്രിത്വം” എന്ന പദം ബൈബിളിൽ കാണുന്നുപോലുമില്ല. സത്യദൈവം യേശുക്രിസ്തുവിൽനിന്നു വേറിട്ട ഒരു ആൾ ആണ്. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 15:28) ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു ആൾ അല്ല. അതു യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണ്, തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ സർവശക്തൻ ഉപയോഗിക്കുന്ന ശക്തി തന്നെ.—ഉല്പത്തി 1:2; പ്രവൃത്തികൾ 2:1-4, 32, 33; 2 പത്രൊസ് 1:20, 21.
23. (എ) നിങ്ങളുടെ ദൈവസ്നേഹം എങ്ങനെ വളരും? (ബി) ദൈവത്തെ സ്നേഹിക്കുന്നതു സംബന്ധിച്ച് യേശു എന്തു പറഞ്ഞു, നാം ക്രിസ്തുവിനെക്കുറിച്ച് എന്തു പഠിക്കേണ്ടതുണ്ട്?
23 യഹോവ എത്ര അത്ഭുതവാനാണെന്നു പരിചിന്തിക്കുമ്പോൾ അവൻ നിങ്ങളുടെ ആരാധന അർഹിക്കുന്നുവെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? അവന്റെ വചനമായ ബൈബിൾ പഠിക്കുമ്പോൾ നിങ്ങൾ അവനെ മെച്ചമായി അറിയാൻ ഇടയാകും, നിങ്ങളുടെ നിത്യക്ഷേമത്തിനും സന്തുഷ്ടിക്കും നിങ്ങളിൽനിന്ന് അവൻ എന്താവശ്യപ്പെടുന്നുവെന്നു മനസ്സിലാക്കുകയും ചെയ്യും. (മത്തായി 5:3, 6) അതിനുപുറമേ, നിങ്ങളുടെ ദൈവസ്നേഹം വളരും. അത് ഉചിതമാണ്, കാരണം യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കേണ്ടതാണ്.” (മർക്കോസ് 12:30, NW) യേശുവിനു ദൈവത്തോട് അത്തരം സ്നേഹമുണ്ടായിരുന്നു എന്നു വ്യക്തമാണ്. എന്നാൽ ബൈബിൾ യേശുക്രിസ്തുവിനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? യഹോവയുടെ ഉദ്ദേശ്യത്തിൽ അവന്റെ പങ്കെന്താണ്?
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ദൈവത്തിന്റെ നാമം എന്താണ്, അത് എബ്രായ തിരുവെഴുത്തുകളിൽ എത്ര കൂടെക്കൂടെ ഉപയോഗിക്കുന്നു?
നിങ്ങൾ ദൈവനാമം ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയാം ദൈവത്തിന്റെ ഏതു ഗുണങ്ങൾ നിങ്ങൾ വിശേഷാൽ ഇഷ്ടപ്പെടുന്നു?
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചിത്രം]
സകലത്തിന്റെയും സ്രഷ്ടാവിനെ നിങ്ങൾക്ക് എത്ര നന്നായി അറിയാം?