“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
1-4. (എ) നമ്മുടെ കവർ ചിത്രത്തിലെ ഏതു സവിശേഷതകളിൽ പങ്കുപററുന്നത് നിങ്ങൾ ആസ്വദിക്കും? (ബി) ഇവിടെ നിങ്ങൾക്ക് മഹത്തായ എന്തു പ്രതീക്ഷ വെച്ചു നീട്ടപ്പെടുന്നു? (സി) അത്തരമൊരു പ്രത്യാശയെ പിന്താങ്ങുന്ന ചില ബൈബിൾ വാക്യങ്ങളേവ?
ഈ ലഘുപത്രികയുടെ കവറിലെ സന്തോഷമുളള ജനത്തെ കാണുക. അവരിലൊരാളായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? ‘ഉവ്വ്,’ എന്നു നിങ്ങൾ പറയുന്നു. എന്തുകൊണ്ടെന്നാൽ സകല മനുഷ്യവർഗ്ഗവും ആഗ്രഹിക്കുന്ന സമാധാനവും യോജിപ്പും ഇവിടെയുണ്ട്. സകല വർഗ്ഗങ്ങളിലെയും ആളുകൾ—കറുത്തവരും വെളുത്തവരും മഞ്ഞ നിറക്കാരും—ഒരു കുടുംബംപോലെ ഒന്നായിച്ചേരുന്നു. എന്ത് സന്തോഷം! എന്ത് ഐക്യം! ഈ ആളുകൾ ന്യൂക്ലിയർ പ്രസരത്തെയോ ഭീകര പ്രവർത്തനത്തിന്റെ ഭീഷണിയെയോ ഭയപ്പെടുന്നില്ലെന്നു സ്പഷ്ടം. ഈ മനോഹരമായ ഉദ്യാനത്തിൻമീതെയുളള പ്രശാന്തമായ ആകാശത്തെ യുദ്ധ ജററ് വിമാനങ്ങൾ അസ്വസ്ഥമാക്കുന്നില്ല. പടയാളികളില്ല, ററാങ്കുകളില്ല, തോക്കുകളുമില്ല ക്രമപരിപാലനത്തിന് ഒരു പോലീസ് ബാററൻ വടിപോലും ആവശ്യമില്ല. ഭവനങ്ങൾക്കും കുറവില്ല, എന്തുകൊണ്ടെന്നാൽ ഓരോരുത്തർക്കും സ്വന്തമായി മനോഹരമായ ഭവനമുണ്ട്.
2 ആ കുട്ടികളെ നോക്കുക! അവരുടെ കളി കാണുന്നത് സന്തോഷപ്രദമാണ്. കളിക്കുന്നതിന് കൂട്ടായിട്ട് ഏതെല്ലാം മൃഗങ്ങളാണുളളത്! മൃഗങ്ങളെല്ലാം തമ്മിൽ തമ്മിലും മനുഷ്യവർഗ്ഗവുമായും സമാധാനത്തിലിരിക്കുന്നതിനാൽ ഈ ഉദ്യാനത്തിൽ ഇരുമ്പുവേലികളാവശ്യമില്ല. സിംഹവും കുഞ്ഞാടും പോലും സുഹൃത്തുക്കളായിക്കഴിഞ്ഞിരിക്കുന്നു. വർണ്ണശോഭയുളള പക്ഷികൾ അങ്ങുമിങ്ങും പറന്നു കളിക്കുന്നതു കാണുകയും അവയുടെ ഇമ്പമുളള പാട്ടുകൾ കുട്ടികളുടെ ചിരിയോട് ചേർന്ന് അന്തരീക്ഷത്തെ മുഖരിതമാക്കുന്നത് കേൾക്കുകയും ചെയ്യുക. അവയ്ക്കു കൂടുകളില്ലയോ? ഇല്ല, എന്തെന്നാൽ ഈ പ്രദേശത്ത് സർവ്വത്ര സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടാത്ത സന്തോഷവുമാണ്. ആ പുഷ്പങ്ങളുടെ വാസന ആസ്വദിക്കുക. നീരൊഴുക്കുകളുടെ കല്ലോലം കേൾക്കുകയും സൂര്യന്റെ സുഖദമായ ചൂട് അനുഭവിക്കുകയും ചെയ്യുക. ഹാ, ആ കുട്ടയിലെ പഴത്തിന്റെ സ്വാദ്! എന്തുകൊണ്ടെന്നാൽ മഹത്തായ ഉദ്യാനതുല്യമായ ഈ ഉപവനത്തിൽ കാണാവുന്നതും അനുഭവിക്കാവുന്നതുമായ എല്ലാററിനെയും പോലെ, അത് ഭൂമിക്ക് ഉല്പാദിപ്പിക്കാൻ കഴിയുന്നതിലേക്കും അത്യുത്തമമായതാണ്.
3 ‘എന്നാൽ നിർത്ത്, വയസ്സുചെന്നവർ എവിടെ? ഈ സന്തോഷമുളള ജനസമുദായത്തിന്റെ ആസ്വാദനത്തിൽ അവർക്കും പങ്കുവേണ്ടേ? എന്ന് ഒരാൾ ചോദിക്കുന്നു. യഥാർത്ഥത്തിൽ വയസ്സുചെന്നവർ അവിടെത്തന്നെയുണ്ട്, എന്നാൽ അവർ വീണ്ടും യൗവനത്തിലേക്ക് വളരുകയാണ്. ഈ ഉദ്യാനത്തിൽ ആരും വാർദ്ധക്യം മൂലം മരിക്കുന്നില്ല. ചെറുപ്പക്കാർ ഇപ്പോൾ പൂർണ്ണ മനുഷ്യത്വത്തിലേക്കു വളരുന്നുവെങ്കിലും വാർദ്ധക്യം പ്രാപിക്കുന്നില്ല. പ്രായം 20 വയസ്സോ 200 വയസ്സോ ആയാലും ഈ ഉദ്യാനത്തിൽ പാർക്കുന്ന ദശലക്ഷങ്ങളിൽ ഓരോരുത്തരും യൗവനയുക്തമായ രസത്തിലും പൂർണ്ണാരോഗ്യത്തിലും ജീവിതം നയിക്കുന്നു. ദശലക്ഷങ്ങളെന്നോ പറയുന്നത്? അതേ, ദശലക്ഷങ്ങൾ, എന്തെന്നാൽ ഈ ഉദ്യാനം എല്ലാ ദേശങ്ങളിലേക്കും വികസിപ്പിക്കപ്പെടുന്നു. ഫ്യൂജി മുതൽ ആൻഡീസ് വരെയും ഹോംഗ്കോംഗ് മുതൽ മെഡിറററേനിയൻ വരെയും ഭൂമിയുടെ അറുതികളോളംതന്നെ ജീവനും സമാധാനവും മനോഹാരിതയും സമൃദ്ധമായിരിക്കും. എന്തുകൊണ്ടെന്നാൽ മുഴുഭൂമിയും ഒരു ഉദ്യാനപരദീസയായി രൂപാന്തരപ്പെടുന്നു. അത് ഭൂവ്യാപകമായി പുനഃസ്ഥിതീകരിക്കപ്പെടുന്ന പരദീസായായിരിക്കും.
4 ‘അവിശ്വസനീയം’ എന്നു നിങ്ങൾ പറഞ്ഞോ? ആദ്യം തന്നെ തെളിവിലേക്കുളള വസ്തുതകൾ പരിചിന്തിക്കുക. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇപ്പോഴത്തെ കുഴപ്പം നിറഞ്ഞ വ്യവസ്ഥിതിയുടെ തീരോഭാവത്തെ അതിജീവിച്ച് നമ്മുടെ കവറിൽ പ്രതിനിധാനം ചെയ്തിരിക്കുന്ന പരദീസയിൽ പ്രവേശിക്കുക സാദ്ധ്യമാണ്. a
പരദീസയെ വിശദീകരിക്കുന്ന പുസ്തകം
5. (എ) ഈ കാര്യങ്ങളെ വിശദമാക്കുന്നത് ഏതു പുസ്തകമാണ്? (ബി) ഏതു വിധങ്ങളിലാണ് ഇത് ഒരു മുന്തിയ പുസ്തകമായിരിക്കുന്നത്?
5 മഹത്തായ ഈ സകല കാര്യങ്ങളും അവയുടെ സുനിശ്ചിതത്വവും എഴുതപ്പെട്ടിട്ടുളളതിലേക്കും അത്യന്തം വിശിഷ്ടമായ ഒരു പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതു ബൈബിൾ എന്നു വിളിക്കപ്പെടുന്നു. അതു വളരെ പുരാതനമായ ഒരു പുസ്തകമാണ്, അതിന്റെ ഭാഗങ്ങൾ ഏതാണ്ട് 3500 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ടു. അതേസമയം അത് ആധുനിക കാലത്തെ ജീവിതത്തിന് സാരവത്തും പ്രായോഗികവുമായ ഉപദേശം സമർപ്പിക്കുന്ന അത്യന്തം ആധുനികമായ പുസ്തകമാകുന്നു. അതിന്റെ പ്രവചനങ്ങൾ ഭാവിയെ സംബന്ധിച്ച് ശോഭനമായ പ്രത്യാശയെ ഉദ്ദീപിപ്പിക്കുന്നു. അത് ചരിത്രത്തിലെല്ലാം ഏററവുമധികം വില്പനയുളള പുസ്തകമാണ്. മുഴു ബൈബിളിന്റെയോ അതിന്റെ വലിയ ഭാഗങ്ങളുടെയോ 200,00,00,000 യിൽ പരം പ്രതികൾ ഏതാണ്ട് 1810 ഭാഷകളിൽ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.
6. വിശുദ്ധമെന്നു പരിഗണിക്കപ്പെടുന്ന മററ് എഴുത്തുകളിൽനിന്ന് ബൈബിളിനെ വ്യത്യസ്തമാക്കുന്നതെന്ത്?
6 മററു യാതൊരു വിശുദ്ധഗ്രന്ഥത്തിനും ഇത്ര സാർവ്വദേശീയമായ വിതരണം ലഭിച്ചിട്ടില്ല. അവയിൽ മിക്കതിനും ഇതിനോട് അടുത്ത പഴക്കവുമില്ല. ഇസ്ലാമിന്റെ ഖുറാന് 1400 വർഷത്തിൽ കുറഞ്ഞ പഴക്കമേയുളളു. ബുദ്ധനും കൺഫ്യൂഷ്യസും ജീവിച്ചിരുന്നത് ഏതാണ്ട് 2500 വർഷം മുമ്പാണ്, അവരുടെ എഴുത്തുകൾക്ക് അന്നു മുതലുളള പഴക്കമേയുളളു. ഷിന്റോയുടെ ധർമ്മശാസ്ത്രങ്ങൾ ഇപ്പോഴത്തെ രൂപത്തിൽ സമാഹരിക്കപ്പെട്ടിട്ട് 1200 സംവത്സരത്തിലധികമായിട്ടില്ല. മോർമന്റെ പുസ്തകത്തിന് 160 വർഷത്തെ പഴക്കമേയുളളു. ഈ വിശുദ്ധപുസ്തകങ്ങൾക്കൊന്നിനും ബൈബിളിനെപ്പോലെ പിമ്പോട്ട് 6000 വർഷത്തെ മനുഷ്യചരിത്രം കൃത്യമായി രേഖപ്പെടുത്താൻ കഴികയില്ല. അതുകൊണ്ട് മൂലമതത്തെ മനസ്സിലാക്കേണ്ടതിന് നാം ബൈബിളിലേക്ക് പോകേണ്ടതാണ്. സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുളള ഒരു സാർവ്വദേശീയ ദൂത് നൽകുന്ന പുസ്തകം അതു മാത്രമാണ്.
7. ബൈബിളിനെ സംബന്ധിച്ച് ചിന്തകൻമാർ എന്തു പറഞ്ഞിട്ടുണ്ട്?
7 ബൈബിൾദൂതിന്റെ ജ്ഞാനവും സൗന്ദര്യവും എല്ലാ ജനതകളിലും എല്ലാ ജീവിതതുറകളിലും പെട്ട ചിന്തകരാൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞനും ഗുരുത്വാകർഷണനിയമം കണ്ടുപിടിച്ചയാളുമായ സർ ഐസക്ക് ന്യൂട്ടൻ ഇങ്ങനെ പറയുകയുണ്ടായി: ”ബൈബിളിനെക്കാൾ മെച്ചമായി സാക്ഷ്യപ്പെടുത്തപ്പെട്ട ശാസ്ത്രങ്ങളില്ല.” “എനിക്കു സ്വാതന്ത്ര്യം നൽകുക, അല്ലെങ്കിൽ എനിക്കു മരണം നൽകുക” എന്ന വാക്കുകൾക്ക് വിഖ്യാതനായിത്തീർന്ന അമേരിക്കൻ വിപ്ലവ നേതാവായ പാട്രിക്ക് ഹെൻട്രിയും ഇങ്ങനെ പ്രഖ്യാപിച്ചു: “അച്ചടിക്കപ്പെട്ടിട്ടുളള മററു സകല പുസ്തകങ്ങളുടെയും വില വരുന്നതാണ് ബൈബിൾ.” വലിയ ഹിന്ദു യോഗിയായിരുന്ന മോഹൻദാസ് കെ. ഗാന്ധിപോലും ഇൻഡ്യയിലെ ബ്രിട്ടീഷ് വൈസ്രോയിയോട് ഒരിക്കൽ പറഞ്ഞു: “ഈ ഗിരിപ്രഭാഷണത്തിൽ ക്രിസ്തുവെച്ച ഉപദേശങ്ങളിൽ നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും ഒത്തുചേരുമ്പോൾ നമ്മുടെ രാജ്യങ്ങളിലേതു മാത്രമല്ല, മുഴു ലോകത്തിലെയും പ്രശ്നങ്ങൾ നാം പരിഹരിച്ചിരിക്കും.” ഗാന്ധി ബൈബിളിലെ മത്തായി 5 മുതൽ 7 വരെയുളള അദ്ധ്യായങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു. നിങ്ങൾതന്നെ ഈ അദ്ധ്യായങ്ങൾ വായിച്ചുനോക്കിയിട്ട് അവയിലെ ശക്തമായ ദൂതിനാൽ നിങ്ങൾ പുളകിതനാകുന്നില്ലേയെന്നു കാണുക.
ബൈബിൾ ഒരു പൗരസ്ത്യ ഗ്രന്ഥം
8, 9. (എ) ബൈബിളിനെ ഒരു പാശ്ചാത്യ പുസ്തകമെന്ന് വിളിക്കുന്നത് തെററായിരിക്കുന്നതെന്തുകൊണ്ട്? (ബ) ബൈബിൾ എഴുതപ്പെട്ടതെങ്ങനെ, ഏതു കാലഘട്ടംകൊണ്ട്? (സി) ബൈബിളിനെ ഒരു ഗ്രന്ഥസമാഹാരം എന്നു വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ഡി) ബൈബിൾ എഴുതുന്നതിന് എത്ര മനുഷ്യർ ഉപയോഗിക്കപ്പെട്ടു? (ഈ) ഈ മനുഷ്യരിൽ ചിലർ ബൈബിളിന്റെ ഉറവിനെ സംബന്ധിച്ച് എന്തു സാക്ഷ്യം നൽകി?
8 പൊതുജന വിശ്വാസത്തിനു വിപരീതമായി ബൈബിൾ പാശ്ചാത്യനാഗരികതയുടെ ഒരു കൃതിയല്ല, അത് ആ നാഗരികതയെ മഹത്വീകരിക്കുന്നുമില്ല. മിക്കവാറും മുഴു ബൈബിളും പൗരസ്ത്യരാജ്യങ്ങളിൽ വച്ചാണ് എഴുതപ്പെട്ടത്. അത് എഴുതിയ എല്ലാ മനുഷ്യരും പൗരസ്ത്യരായിരുന്നു. ബുദ്ധന് ആയിരം വർഷം മുമ്പ് ക്രി. മു. 1513-ൽ ഉല്പത്തി എന്നു വിളിക്കപ്പെട്ട ബൈബിളിലെ ഒന്നാമത്തെ പുസ്തകം എഴുതുന്നതിന് മദ്ധ്യപൂർവ്വദേശത്ത് ജീവിച്ചിരുന്ന മോശെ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു. ഈ തുടക്കം മുതൽ ബൈബിൾ അതിന്റെ അവസാനപുസ്തകമായ വെളിപ്പാടുവരെ ഉടനീളം യോജിപ്പുളള ഒരേ പ്രതിപാദ്യമാണ് തുടരുന്നത്. ബുദ്ധനുശേഷം ഏതാണ്ട് 600 വർഷം കഴിഞ്ഞ് ക്രി. വ. 98-ൽ ബൈബിൾ പൂർത്തീകരിക്കപ്പെട്ടു. ബൈബിൾ 66 വ്യത്യസ്ത പുസ്തകങ്ങൾ ചേർന്ന് ഉണ്ടായിട്ടുളളതാണെന്ന് നിങ്ങൾക്കറിയാമോ? അതെ, ബൈബിൾ അതിൽത്തന്നെ ഒരു ഗ്രന്ഥസമാഹാരമാണ്!
9 അങ്ങനെ, മോശെയുടെ കാലം മുതലുളള 1600 വർഷത്തെ ഒരു കാലഘട്ടത്തിൽ ബൈബിളിന്റെ യോജിപ്പുളള രേഖ എഴുതുന്നതിൽ ഏതാണ്ട് 40 പുരുഷൻമാർ പങ്കെടുത്തു. അവരുടെ എഴുത്തുകൾ മരണമുളള മനുഷ്യനെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയാൽ നിശ്വസ്തമാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനപ്രദവുമാകുന്നു.” b (2 തിമൊഥെയോസ് 3:16) അപ്പോസ്തലനായ പത്രോസ് ഇങ്ങനെ വിശദീകരിച്ചു: “തിരുവെഴുത്തിലെ യാതൊരു പ്രവചനവും ഏതെങ്കിലും സ്വകാര്യവ്യാഖ്യാനത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. എന്തെന്നാൽ പ്രവചനം ഒരു കാലത്തും മമനുഷ്യന്റെ ഇഷ്ടത്താൽ വരുത്തപ്പെട്ടിട്ടില്ല, എന്നാൽ മനുഷ്യർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടവേ ദൈവത്തിൽനിന്ന് അവർ സംസാരിക്കുകയായിരുന്നു.”—2 പത്രോസ് 1:20, 21; 2 ശമുവേൽ 23:2; ലൂക്കോസ് 1:70.
10. (എ) ബൈബിൾ നമ്മുടെ കാലത്തോളം വന്നുചേർന്നത് എങ്ങനെ? (ബി) നമുക്ക് ഇപ്പോഴും മൂല നിശ്വസ്ത ബൈബിൾ പാഠം ഉണ്ടെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 ബൈബിൾ ഇന്നോളം കടന്നുവന്നിരിക്കുന്ന വിധവും അത്യന്തം ശ്രദ്ധേയമാണ്. ഏതാണ്ട് 500 വർഷം മുമ്പ് അച്ചടി കണ്ടുപിടിക്കുന്നതുവരെയുളള ആയിരക്കണക്കിനു വർഷങ്ങളിൽ ബൈബിളിന്റെ പ്രതികൾ കൈകൊണ്ട് നിർമ്മിക്കണമായിരുന്നു. പുരാതനകാലങ്ങളിലെ മററു യാതൊരു സാഹിത്യകൃതിയും ഇത്ര ഉത്സാഹപൂർവ്വം പകർത്തിയെഴുതുകയും വീണ്ടും പകർത്തിയെഴുതുകയും ചെയ്തിട്ടില്ല. അതു വീണ്ടും വീണ്ടും പകർത്തിയെഴുതി, എന്നാൽ എല്ലായ്പ്പോഴും വളരെ ശ്രദ്ധയോടെ ആയിരുന്നു. പകർപ്പെഴുത്തുകാർ ചുരുക്കം ചില നിസ്സാരതെററുകളേ വരുത്തിയിട്ടുളളു, ഇവയുടെ ഒരു ഒത്തുനോട്ടം ദൈവനിശ്വസ്തമായ മൂല പാഠത്തെ സ്ഥിരീകരിച്ചിരിക്കുന്നു. ബൈബിൾ കൈയെഴുത്തുപ്രതികളുടെ ഒരു പ്രമുഖ പ്രാമാണികനായ സർ ഫ്രെഡറിക്ക് കെനിയൻ ഇങ്ങനെ പറയുന്നു: “ബൈബിൾ എഴുതപ്പെട്ട പ്രകാരംതന്നെ നല്ല നിലയിൽ നമുക്ക് കൈവന്നിരിക്കുന്നതിൽ സംശയിക്കാനുളള അവസാനത്തെ അടിസ്ഥാനവും ഇപ്പോൾ നീക്കപ്പെട്ടിരിക്കുന്നു.” ഇന്ന്, ബൈബിളിന്റെയോ അതിന്റെ ഭാഗങ്ങളുടെയോ 16,000ത്തോളം കൈയെഴുത്തുപ്രതികൾ ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്, ചിലത് ക്രിസ്തുവിനു മുൻപ് രണ്ടാം നൂററാണ്ടു മുതൽപോലും നിലനിന്നുപോരുന്നവയാണ്. മാത്രവുമല്ല, ബൈബിൾ ആദ്യം എഴുതപ്പെട്ട എബ്രായ, അരാമ്യ, ഗ്രീക്ക് ഭാഷകളിൽ നിന്ന് ഭൂമിയിലെ മിക്കവാറുമെല്ലാ ഭാഷകളിലേക്കും കൃത്യമായ വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
11. ഏത് ആധുനിക കണ്ടുപിടുത്തങ്ങൾ ബൈബിൾ രേഖയോടു യോജിക്കുന്നു?
11 ബൈബിൾ കൃത്യതയുളളതല്ല എന്നു പറഞ്ഞുകൊണ്ട് ചിലർ അതിനെ അവിശ്വാസ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത കാലത്ത് പുരാവസ്തു ശാസ്ത്രജ്ഞൻമാർ ബൈബിൾ നാടുകളിലെ പുരാതന നഗരങ്ങളുടെ ശൂന്യശിഷ്ടങ്ങളെ ഖനനം ചെയ്യുകയും ഏററവും പഴക്കമുളള ബൈബിൾ രേഖകളിൽ പോലും പറഞ്ഞിട്ടുളള ആളുകളും സ്ഥലങ്ങളും യഥാർത്ഥത്തിൽ സ്ഥിതിചെയ്തിരുന്നുവെന്നു തെളിയിക്കുന്ന ശിലാ ലിഖിതങ്ങളും മററു തെളിവും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരു ആഗോള പ്രളയത്തിലേക്കു വിരൽ ചൂണ്ടുന്ന ധാരാളം തെളിവുകൾ അവർ ഭൂമിയിൽനിന്ന് കുഴിച്ചെടുത്തിട്ടുണ്ട്, 4000—ത്തിൽ പരം വർഷം മുമ്പ് നോഹയുടെ നാളിൽ പ്രളയമുണ്ടായതായി ബൈബിൾ പറയുന്നു. ഒരു സുപ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രിൻസ് മികാസാ ഈ സംഗതി സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “യഥാർത്ഥത്തിൽ ഒരു പ്രളയം ഉണ്ടായിട്ടുണ്ടോ? . . . പ്രളയം യഥാർത്ഥമായി സംഭവിച്ചുവെന്ന വസ്തുത ബോദ്ധ്യം വരത്തക്കവണ്ണം തെളിയിക്കപ്പെട്ടിരിക്കുന്നു.” c
ബൈബിളിലെ ദൈവം
12. (എ) ചില പരിഹാസികൾ ദൈവത്തെക്കുറിച്ച് എന്തു പറയുന്നു? (ബി) ബൈബിൾ ദൈവത്തെ ഒരു പിതാവെന്നു പരാമർശിക്കുന്നതെന്തുകൊണ്ട്? (സി) ദൈവത്തിന്റെ നാമം എന്താണെന്നു ബൈബിൾ പ്രകടമാക്കുന്നു?
12 ബൈബിളിനെ സംബന്ധിച്ചു ചിലയാളുകൾ പരിഹസിച്ചിട്ടുളളതുപോലെ ഒരു സർവ്വശക്തനായ ദൈവം ഉണ്ടെന്നുളളതിനെയും മററു ചിലർ പരിഹാസ്യമാക്കുന്നു. (2 പത്രോസ് 3:3-7) അവർ പറയുന്നു, ‘എനിക്ക് ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് എനിക്ക് അവനിൽ എങ്ങനെ വിശ്വസിക്കാൻ കഴിയും? മനുഷ്യനെക്കാൾ ഉയർന്ന ഒരു അദൃശ്യ സ്രഷ്ടാവ് യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവെന്ന് തെളിവുണ്ടോ? ദൈവം എല്ലാററിലും വസിക്കുന്നില്ലേ?’ “ദൈവം ഇല്ല, ബുദ്ധനും ഇല്ല” എന്നു മററു ചിലർ പറയുന്നു. എന്നിരുന്നാലും, നമുക്കെല്ലാം ഒരു ഭൗമിക പിതാവിലൂടെ ജീവൻ ലഭിച്ചതുപോലെ, നമ്മുടെ ആദിമപൂർവ്വ പിതാക്കൾക്ക് യഹോവയെന്നു വ്യക്തിപരമായ നാമമുളള ഒരു സ്വർഗ്ഗീയ പിതാവിൽനിന്ന് അഥവാ സ്രഷ്ടാവിൽനിന്ന് ജീവൻ കിട്ടിയെന്നു ബൈബിൾ പ്രകടമാക്കുന്നു.—സങ്കീർത്തനം 83:18; 100:3; യെശയ്യാവ് 12:2; 26:4.
13. ഏതു രണ്ടു വിധങ്ങളിൽ യഹോവ തന്നേത്തന്നെ മനുഷ്യവർഗ്ഗത്തിനു വെളിപ്പെടുത്തിയിരിക്കുന്നു?
13 രണ്ടു പ്രമുഖ വിധങ്ങളിൽ യഹോവ തന്നെത്തന്നെ മനുഷ്യവർഗ്ഗത്തിനു വെളിപ്പെടുത്തിയിരിക്കുന്നു. മുഖ്യവിധം ബൈബിളാണ്, അത് അവന്റെ സത്യത്തെയും നിത്യോദ്ദേശ്യങ്ങളെയും അറിയിക്കുന്നു. (യോഹന്നാൻ 17:17; 1 പത്രോസ് 1:24, 25) മറേറ വിധം അവന്റെ സൃഷ്ടിയാണ്. തങ്ങളുടെ ചുററുമുളള അത്ഭുതവസ്തുക്കളെ നിരീക്ഷിച്ചതിനാൽ ഒരു സ്രഷ്ടാവായ ദൈവം ഉണ്ടായിരിക്കണമെന്ന് അനേകർ ഗ്രഹിക്കാനിടയായിരിക്കുന്നു, അവന്റെ മഹത്തായ വ്യക്തിത്വം അവന്റെ പ്രവൃത്തികളിൽ പ്രതിഫലിച്ചിരിക്കുന്നു.—വെളിപ്പാട് 15:3, 4.
14. ബൈബിൾ യഹോവയെക്കുറിച്ച് നമ്മോട് എന്തു പറയുന്നു?
14 യഹോവയാം ദൈവമാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവ്. അവൻ സകല നിത്യതയിലും സ്ഥിതിചെയ്യുന്ന വലിയ ആത്മാവാകുന്നു. (യോഹന്നാൻ 4:24; സങ്കീർത്തനം 90:1, 2) “യഹോവ” എന്ന അവന്റെ നാമം അവന്റെ സൃഷ്ടികളെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ദുഷ്ടൻമാരെ നശിപ്പിക്കുന്നതിനാലും തന്നെ സ്നേഹിക്കുന്നവരെ, ഒരു പരദീസാ ഭൂമിയിൽ ജീവിക്കാൻ കഴിയത്തക്കവണ്ണം രക്ഷിക്കുന്നതിനാലും ആ വലിയ നാമത്തെ സംസ്ഥാപിക്കുകയെന്നതാണ് അവന്റെ ഉദ്ദേശ്യം. (പുറപ്പാട് 6:2-8; യെശയ്യാവ് 35:1, 2) സർവ്വശക്തനായ ദൈവമാകയാൽ ഇതു ചെയ്യുന്നതിനുളള ശക്തി അവനുണ്ട്. സർവ്വ അഖിലാണ്ഡത്തിന്റെയും സ്രഷ്ടാവെന്ന നിലയിൽ അവൻ സാധാരണ ദേശീയ ദൈവങ്ങൾക്കും വിഗ്രഹങ്ങൾക്കും വളരെ മീതെയാണ്.—യെശയ്യാവ് 42:5, 8; സങ്കീർത്തനം 115:1, 4-8.
15. ബുദ്ധിശാലികളായ മനുഷ്യർ സൃഷ്ടിയെക്കുറിച്ചു നടത്തിയ പഠനങ്ങൾ ഏതു നിഗമനങ്ങളിലേക്കു നയിച്ചിരിക്കുന്നു?
15 ഇക്കഴിഞ്ഞ നൂററാണ്ടുകളിൽ ശാസ്ത്രകാരൻമാർ സൃഷ്ടിക്രിയകളെക്കുറിച്ചു പഠിക്കുന്നതിന് വളരെയധികം സമയം ചെലവഴിച്ചിട്ടുണ്ട്. അവർ എന്തു നിഗമനം ചെയ്തിരിക്കുന്നു? വിദ്യുച്ഛക്തിയുടെ മണ്ഡലത്തിലെ മുന്നോടികളിലൊരാളും സുപ്രസിദ്ധ ബ്രിട്ടീഷ് ഊർജ്ജതന്ത്രജ്ഞനുമായ ലോർഡ് കെൽവിൻ ഇങ്ങനെ പ്രഖ്യാപിച്ചു: “എത്രയധികമായി സയൻസ് പഠിക്കുന്നുവോ അത്രയധികമായി അത് നമ്മെ നിരീശ്വരവാദത്തോട് തുലനം ചെയ്യാവുന്ന എന്തിൽനിന്നും അകററും.” ഒരു നിരീശ്വരനെന്നു പ്രസിദ്ധനെങ്കിലും യൂറോപ്പിൽ ജനിച്ച ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്ററീൻ ഇങ്ങനെ ഏററു പറഞ്ഞു: “നമുക്ക് മങ്ങലോടെ ഗ്രഹിക്കാൻ കഴിയുന്ന അഖിലാണ്ഡത്തിന്റെ അത്ഭുതകരമായ ഘടനയെക്കുറിച്ച് വിചിന്തനം ചെയ്യുന്നതും പ്രകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന ബുദ്ധിശക്തിയുടെ അതിസൂക്ഷ്മ ഭാഗത്തെയെങ്കിലും വിനയപൂർവ്വം മനസ്സിലാക്കാൻ ശ്രമിക്കുന്നതും . . . എനിക്കു മതി.” അമേരിക്കൻ ശാസ്ത്രജ്ഞനും നോബൽ സമ്മാനം നേടിയ ആളുമായ ആർതർ ഹൊളളി കോംപ്ററൻ ഇങ്ങനെ പറഞ്ഞു: “ക്രമാനുസൃതമായി അനാവരണം ചെയ്യപ്പെടുന്ന ഒരു അഖിലാണ്ഡം ‘ആദിയിൽ ദൈവം’ എന്ന ഉച്ചരിക്കപ്പെട്ടിട്ടുളളതിലേക്കും അത്യന്തം ഉജ്ജ്വലമായ പ്രസ്താവനയുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു.” അദ്ദേഹം ബൈബിളിലെ ആദ്യവാക്കുകൾ ഉദ്ധരിക്കുകയായിരുന്നു.
16. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിപരമായ ജ്ഞാനത്തെയും ശക്തിയെയും മഹിമപ്പെടുത്തുന്നതെങ്ങനെ?
16 ശക്തമായ രാഷ്ട്രങ്ങളിലെ ഭരണാധിപൻമാർ തങ്ങളുടെ ബുദ്ധിശക്തിയെയും ബാഹ്യാകാശത്തിന്റെ കീഴടക്കലിലെ ശാസ്ത്രീയനേട്ടങ്ങളെയും കുറിച്ച് വീമ്പിളക്കിയേക്കാം. എന്നാൽ ഭൂമിയെ ചുററുന്ന ചന്ദ്രനോടോ സൂര്യനെ ചുററുന്ന ഗ്രഹങ്ങളോടോ താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ശൂന്യാകാശ ഉപഗ്രഹങ്ങൾ എത്ര നിസ്സാരം! യഹോവ ശതകോടിക്കണക്കിന് ആകാശതാരാപംക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. ഓരോന്നിലും നമ്മുടെ സ്വന്തം സൂര്യനെപ്പോലെയുളള ശതകോടിക്കണക്കിനു സൂര്യൻമാരുണ്ട്. ഇവയുടെ സൃഷ്ടിപ്പിനോടും അവയെ അവൻ കൂട്ടങ്ങളായിതിരിച്ച് അളവില്ലാത്ത കാലത്തോളം ശൂന്യാകാശത്തിൽ സ്ഥാപിച്ചതിനോടും താരതമ്യപ്പെടുത്തുമ്പോൾ മർത്ത്യരായ മനുഷ്യരുടെ നേട്ടങ്ങൾ എത്ര നിസ്സാരം! (സങ്കീർത്തനം 19:1, 2; ഇയ്യോബ് 26:7, 14) യഹോവ മനുഷ്യരെ വെറും വിട്ടിലുകളെപ്പോലെയും ശക്തമായ രാഷ്ട്രങ്ങളെ “നാസ്തിയായും” കരുതുന്നത് അത്ഭുതമല്ല.—യെശയ്യാവ് 40:13-18, 22.
17. ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നത് ന്യായയുക്തമായിരിക്കുന്നതെന്തുകൊണ്ട്?
17 നിങ്ങൾ ഒരു വീട്ടിൽ പാർക്കുന്നുവോ? ഒരു പക്ഷേ ആ വീട് നിങ്ങൾതന്നെ പണിയിച്ചതല്ലായിരിക്കാം. പണിയിച്ചതാരെന്ന് അറിയാനും പാടില്ലായിരിക്കാം. എന്നിരുന്നാലും, നിർമ്മാതാവിനെ നിങ്ങൾക്കറിയാൻപാടില്ലെന്നുളള വസ്തുത, ബുദ്ധിയുളള ഏതോ വ്യക്തി പണിയിച്ചതാണ് അത് എന്ന സത്യം അംഗീകരിക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നില്ല. വീട് അതിനെത്തന്നെ പണിതു എന്നു ന്യായവാദം ചെയ്യുന്നത് വളരെ വിഡ്ഢിത്തമായിരിക്കും! ബൃഹത്തായ അഖിലാണ്ഡത്തിന്റെയും അതിലെ സകലത്തിന്റെയും നിർമ്മാണത്തിന് അതിരററവിധം മഹത്തരമായ ബുദ്ധിശക്തി ആവശ്യമായതിനാൽ ബുദ്ധിശക്തിയുളള ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണമെന്ന് നിഗമനം ചെയ്യുന്നത് ന്യായയുക്തമല്ലയോ? സത്യമായി, മൂഢൻ മാത്രമേ തന്റെ ഹൃദയത്തിൽ “യഹോവ ഇല്ല” എന്നു പറയുകയുളളു.—സങ്കീർത്തനം 14:1; എബ്രായർ 3:4.
18. ദൈവം ഒരു ആൾ ആണെന്നും സ്തുതിക്കു യോഗ്യനാണെന്നും എന്തു പ്രകടമാക്കുന്നു?
18 നമുക്ക് ചുററുമുളള മഹത്തായ അത്ഭുതങ്ങൾ—പുഷ്പങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യൻ, എന്നുവിളിക്കപ്പെടുന്ന അത്ഭുതസൃഷ്ടി, ജീവന്റെയും ജനനത്തിന്റെയും അത്ഭുതങ്ങൾ—ഇവയെല്ലാം അവയെ ഉളവാക്കിയ അദൃശ്യമായ മഹാബുദ്ധിയെ സാക്ഷ്യപ്പെടുത്തുന്നു. (റോമർ 1:20) ബുദ്ധി ഉളളടത്ത് മനസ്സ് ഉണ്ട്. മനസ്സ് ഉളളടത്ത് ഒരു ആൾ ഉണ്ട്. പരമോന്നത ബുദ്ധി സകല ജീവികളുടെയും സ്രഷ്ടാവായ, ജീവന്റെ ഉറവുതന്നെ ആയ, പരമോന്നതനായ ആളിന്റേതാണ്. (സങ്കീർത്തനം 36:9) സ്രഷ്ടാവ് തീർച്ചയായും സകല സ്തുതിക്കും ആരാധനയ്ക്കും യോഗ്യനാണ്.—സങ്കീർത്തനം 104:24; വെളിപ്പാട് 4:11.
19. (എ) ഇന്നു യാതൊരു രാഷ്ട്രത്തിനും യുദ്ധത്തിൽ ദൈവദത്തമായ വിജയം അവകാശപ്പെടാൻ കഴിയാത്തതെന്തുകൊണ്ട്? (ബി) ദൈവത്തിന് രാഷ്ട്രങ്ങളുടെ യുദ്ധത്തിൽ പങ്കില്ലാത്തതെന്തുകൊണ്ട്?
19 രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ പ്രയാസകരമായ അനുഭവങ്ങളാൽ ദൈവത്തിലുളള വിശ്വാസത്തിന് ഇളക്കം തട്ടിയ ചിലരുണ്ട്. കത്തോലിക്കാ മതത്തിലോ പ്രോട്ടസ്ററൻറ് മതങ്ങളിലോ പൗരസ്ത്യ മതങ്ങളിലോ പെട്ടതായാലും, ആ കാലത്ത് ഓരോ രാജ്യവും അതിന്റെ “ദൈവ”ത്തെ വിളിച്ചപേക്ഷിച്ചു. ഈ ജനതകളിൽ ചിലതിന് ദൈവം ജയം നൽകിയെന്നും മററുളളവ തോൽക്കാൻ അനുവദിച്ചുവെന്നും പറയാൻ കഴിയുമോ? ഈ ജനതകളിലൊന്നും സത്യദൈവത്തെ വിളിച്ചപേക്ഷിക്കുകയായിരുന്നില്ലെന്ന് ബൈബിൾ പ്രകടമാക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയാം ദൈവം ജനതകളുടെ ഇടയിലെ കുഴപ്പത്തിനും യുദ്ധങ്ങൾക്കും ഉത്തരവാദിയല്ല. (1 കൊരിന്ത്യർ 14:33) അവന്റെ ചിന്തകൾ ഈ ഭൂമിയിലെ രാഷ്ട്രീയ, സൈനിക, ജനതകളുടെ ചിന്തകളെക്കാൾ വളരെ ഉന്നതമാണ്. (യെശയ്യാവ് 55:8, 9) അതുപോലെതന്നെ സത്യമതത്തിനും യഹോവയുടെ ആരാധനയ്ക്കും രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കില്ല. യഹോവ ദേശീയത്വ ദൈവങ്ങളെക്കാൾ വളരെ ഉയർന്നവനാണ്. അവൻ എല്ലാ രാഷ്ട്രങ്ങളിലും പെട്ട സമാധാന പ്രേമികളായ സ്ത്രീ പുരുഷൻമാരുടെ ദൈവമായിരിക്കുന്നതിൽ അനുപമനാണ്. ബൈബിൾ പറയുന്ന പ്രകാരം: “ദൈവം പക്ഷപാതിത്വമുളളവനല്ല, എന്നാൽ എല്ലാ ജനതകളിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്.” (പ്രവൃത്തികൾ 10:34, 35) എല്ലാ ജനതകളിലും നീതിപ്രകൃതമുളള ആളുകൾ ഇപ്പോൾ ബൈബിൾ പഠിക്കുകയും “സമാധാനം നൽകുന്ന” സത്യ“ദൈവ”ത്തിന്റെ, സകല മനുഷ്യവർഗ്ഗത്തിന്റെയും സ്രഷ്ടാവിന്റെ, ആരാധന സ്വീകരിക്കുകയും ചെയ്യുന്നു.—റോമർ 16:20; പ്രവൃത്തികൾ 17:24-27.
20. ക്രൈസ്തവലോകം ക്രിസ്തീയമല്ലെന്നും ദൈവവിരുദ്ധമാണെന്നും എന്തു പ്രകടമാക്കുന്നു?
20 ചിലയാളുകൾ ബൈബിളനുസരിക്കുന്നുവെന്നവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലെ മതങ്ങളിൽ കാണുന്ന ഭിന്നതകളിലേക്കും കപടഭക്തിയിലേക്കും വിരൽചൂണ്ടുന്നു. ‘ബൈബിൾ കൈവശമുളള ജനതകൾ ന്യൂക്ലിയർ ആയുധങ്ങൾ കൂനകൂട്ടുന്നതിൽ ശുഷ്ക്കാന്തി കാട്ടുന്നവരിൽ ഉൾപ്പെടുമ്പോൾ എനിക്ക് ബൈബിളിലെ ദൈവത്തെ എങ്ങനെ വിശ്വസിക്കാൻ കഴിയും?’ എന്നും അവർ ചോദിക്കുന്നു. ബൈബിൾ എല്ലായ്പ്പോഴും സത്യമായി നിലനിൽക്കുന്നുവെന്നിരിക്കെ, ഉത്തരധ്രുവം ദക്ഷിണ ധ്രുവത്തിൽനിന്ന് അകന്നിരിക്കുന്നതുപോലെ ക്രൈസ്തവലോകത്തിലെ ജനതകൾ ബൈബിൾക്രിസ്ത്യാനിത്വത്തിൽനിന്ന് അകന്നുപോയിരിക്കുന്നു. അവർ ക്രിസ്ത്യാനിത്വം അവകാശപ്പെടുന്നത് കപടഭക്തിയാണ്. അവർക്ക് ബൈബിൾ കൈവശമുണ്ട്, എന്നാൽ അതിലെ ഉപദേശങ്ങൾ അനുസരിക്കുന്നില്ല. ഒന്നാമത്തെ ആററംബോംബ് ഹിറോഷിമായിൽ ഇടാൻ ഉത്തരവിട്ട അമേരിക്കൻ പ്രസിഡണ്ട് ഈ ലോക പ്രതിസന്ധിയിൽ മനുഷ്യരെ നയിക്കാൻ “ഹാ, ഒരു യെശയ്യാവോ ഒരു വിശുദ്ധ പൗലോസോ ഉണ്ടായിരുന്നെങ്കിൽ!” എന്ന് ഒരിക്കൽ ഉദ്ഘോഷിക്കുകയുണ്ടായി. അദ്ദേഹം ബൈബിളിലെ യെശയ്യാവിനോട് യോജിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഒരു ആററംബോംബ് ഇടുവിക്കുകയില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ യെശയ്യാവ് ശുപാർശ ചെയ്തത് ‘വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കാനായിരുന്നു.’ മാത്രവുമല്ല, “നാം ജഡപ്രകാരം യുദ്ധം ചെയ്യുന്നില്ല. നമ്മുടെ യുദ്ധത്തിന്റെ ആയുധങ്ങൾ ജഡികമല്ല” എന്ന് പ്രഖ്യാപിച്ചത് ബൈബിളിലെ പൗലോസായിരുന്നു. (യെശയ്യാവ് 2:4; 2 കൊരിന്ത്യർ 10:3, 4) എന്നിരുന്നാലും, ക്രൈസ്തവലോകത്തിലെ രാഷ്ട്രങ്ങൾ ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനു പകരം ആത്മഹത്യാപരമായ ഒരു ആയുധപ്പന്തയത്തിൽ കുരുങ്ങിയിരിക്കുന്നു. തങ്ങൾ ബൈബിളനുസരിക്കുന്ന ക്രിസ്ത്യാനികളാണെന്നുളള അവരുടെ ഏത് അവകാശവാദങ്ങളും വ്യാജമാണ്. അവർ ദൈവേഷ്ടം ചെയ്യാതിരിക്കുകയാൽ ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിക്കേണ്ടതാണ്.—മത്തായി 7:18-23; സെഫന്യാവ് 1:17, 18.
യഹോവയുടെ സൃഷ്ടികളും അത്ഭുതങ്ങളും
21. ദൈവത്തിന്റെ അത്ഭുതങ്ങളെ സംശയിക്കാതിരിക്കുന്നത് ന്യായയുക്തമായിരിക്കുന്നതെന്തുകൊണ്ട്?
21 യഹോവ സൃഷ്ടിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. വെളളം രക്തമാക്കി മാററിയതും ചെങ്കടലിനെ വിഭാഗിച്ചതും യേശുവിന്റെ കന്യകാജനനവും ബൈബിളിലെ മററത്ഭുതങ്ങളും സംബന്ധിച്ച് നിങ്ങൾ എന്നെങ്കിലും സംശയിച്ചിട്ടുണ്ടോ? മമനുഷ്യന്റെ ബുദ്ധിശക്തി പരിമിതമാകയാൽ ഈ അത്ഭുതങ്ങളിൽ ചിലതു സംഭവിച്ചത് എങ്ങനെയാണെന്ന് ഒരു പക്ഷേ ഒരിക്കലും അവന് മനസ്സിലാകുകയില്ല, ഓരോ ദിവസവും സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതിലെ അത്ഭുതം അവന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തതുപോലെതന്നെ. മമനുഷ്യന്റെ സൃഷ്ടിപ്പ് ഒരു അത്ഭുതമായിരുന്നു. ആധുനിക മനുഷ്യൻ ആ അത്ഭുതം കണ്ടില്ല, എന്നാൽ അതു സംഭവിച്ചുവെന്ന് അവനറിയാം, എന്തുകൊണ്ടെന്നാൽ അതു തെളിയിക്കുന്നതിന് അവൻ ഇന്നു ജീവിച്ചിരിക്കുന്നു. തീർച്ചയായും, സകല ജീവജാലവും അഖിലാണ്ഡം മുഴുവൻ തന്നെയും ശാശ്വതമായ ഒരു അത്ഭുതമാകുന്നു. അതുകൊണ്ട് ദൈവം പ്രത്യേക അത്ഭുതങ്ങൾ പ്രത്യേക കാലങ്ങളിൽ ചെയ്തുവെന്നു ബൈബിൾ പറയുമ്പോൾ, അതേ അത്ഭുതങ്ങൾക്ക് ഇന്ന് ആവശ്യമില്ലെങ്കിൽപോലും, നാം സംശയിക്കേണമോ?
22. ദൈവത്തിന്റെ ആദ്യസൃഷ്ടിയെ വർണ്ണിക്കുക.
22 യഹോവയുടെ സൃഷ്ടിയെല്ലാം അത്ഭുതകരവും അതിശയകരവുമാണ്! എന്നിരുന്നാലും, അവന്റെ ആദ്യ സൃഷ്ടിതന്നെയായിരുന്നു എല്ലാററിലും വച്ച് ഏററവും അത്ഭുതകരം. അത് ഒരു ആത്മപുത്രന്റെ, തന്റെ “ആദ്യജാത”ന്റെ, സൃഷ്ടിയായിരുന്നു. (കൊലോസ്യർ 1:15) ഈ സ്വർഗ്ഗീയ പുത്രൻ “വചനം” എന്നു പേർവിളിക്കപ്പെട്ടിരുന്നു. അവന്റെ സൃഷ്ടിക്കുശേഷം എണ്ണമററ യുഗങ്ങൾക്കുശേഷം അവൻ ഈ ഭൂമിയിലേക്കു വരികയും “മനുഷ്യനായ ക്രിസ്തുയേശു” എന്നു വിളിക്കപ്പെടുകയും ചെയ്തു. (1 തിമൊഥെയോസ് 2:5) അപ്പോൾ അവനെ സംബന്ധിച്ച് ഇങ്ങനെ പറയപ്പെട്ടു: “അങ്ങനെ വചനം ജഡമായിത്തീരുകയും നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തു, നമുക്ക് അവന്റെ മഹത്വത്തിന്റെ ഒരു വീക്ഷണം ലഭിച്ചിരുന്നു, ഒരു പിതാവിൽനിന്നുളള ഏകജാതപുത്രന്റേതായ ഒരു മഹത്വം തന്നെ; അവനിൽ അനർഹദയയും സത്യവും നിറഞ്ഞിരുന്നു.”—യോഹന്നാൻ 1:14.
23. (എ) ദൈവവും പുത്രനും തമ്മിലുളള ബന്ധത്തെ എങ്ങനെ വിശദമാക്കാം? (ബി) യഹോവ തന്റെ പുത്രൻ മുഖേന എന്തു സൃഷ്ടിച്ചു?
23 യഹോവയും അവന്റെ പുത്രനും തമ്മിലുളള ബന്ധത്തെ ഒരു വർക്ക് ഷോപ്പിന്റെ ഉടമസ്ഥനായ മാനേജരും അയാളുടെ പുത്രനും തമ്മിലുളള ബന്ധത്തോട് ഉപമിക്കാവുന്നതാണ്, അവിടെ പുത്രൻ തന്റെ പിതാവ് രൂപകല്പന ചെയ്യുന്ന സാധനങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു. തന്റെ ആദ്യജാതപുത്രനും സഹപ്രവർത്തകനുമായവൻ മുഖേന യഹോവ മററനേകം ആത്മപുത്രൻമാരെ, ദൈവപുത്രൻമാരെ, സൃഷ്ടിച്ചു. പിന്നീട്, യഹോവയുടെ പുത്രനായ തന്റെ വിദഗ്ദ്ധശില്പി ഭൗതികാകാശങ്ങളെയും നാം പാർക്കുന്ന ഭൂമിയെയും ഉളവാക്കുന്നതു കണ്ട് അവർ സന്തോഷിച്ചു. ഇവ സൃഷ്ടിക്കപ്പെട്ടവയാണോയെന്ന് നിങ്ങൾ സംശയിക്കുന്നുവോ? ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം യഹോവ ഒരു വിശ്വസ്ത മനുഷ്യനോട് ചോദിച്ചു: “ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ എവിടെയായിരുന്നു? നീ വിവേകം അറിയുകതന്നെ ചെയ്യുന്നുവെങ്കിൽ എന്നോടു പറയുക. പ്രഭാത നക്ഷത്രങ്ങൾ സന്തോഷപൂർവ്വം ഒന്നിച്ച് ആർപ്പിടുകയും ദൈവപുത്രൻമാരെല്ലാം പുകഴ്ത്തി ആർക്കുകയും ചെയ്തപ്പോൾതന്നെ?”—ഇയ്യോബ് 38:4, 7; യോഹന്നാൻ 1:3.
24. (എ) യഹോവയുടെ ഏതു ഭൗമിക സൃഷ്ടി മുന്തിനിൽക്കുന്നു, ഏതു വിധങ്ങളിൽ? (ബി) മനുഷ്യൻ മൃഗങ്ങളിൽ നിന്ന് മേലോട്ട് പരിണമിച്ചുവെന്നു പറയുന്നത് ന്യായരഹിതമായിരിക്കുന്നതെന്തുകൊണ്ട്?
24 കാലക്രമത്തിൽ, യഹോവ ഈ ഭൂമിയിൽ ജീവനുളള ഭൗതിക അസ്തിത്വങ്ങളെ—ചെടികളെയും വൃക്ഷങ്ങളെയും പുഷ്പങ്ങളെയും മൽസ്യത്തെയും പക്ഷികളെയും മൃഗങ്ങളെയും—സൃഷ്ടിച്ചു. (ഉല്പത്തി 1:11-13, 20-25) അനന്തരം ദൈവം തന്റെ വിദഗ്ദ്ധശില്പിയോട് ഇങ്ങനെ പറഞ്ഞു: “നമുക്ക് നമ്മുടെ പ്രതിച്ഛായയിൽ, നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കാം . . . ദൈവം മനുഷ്യനെ തന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കാൻ തുടങ്ങി, ദൈവത്തിന്റെ പ്രതിച്ഛായയിൽ അവൻ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവൻ അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26, 27) ദൈവത്തിന്റെ വലിയ ഗുണവിശേഷങ്ങളായ സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവയോടെ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാൽ ആദ്യ മനുഷ്യൻ മൃഗങ്ങളെക്കാൾ വളരെ ശ്രേഷ്ഠൻ ആയിരുന്നു. മനുഷ്യന് ന്യായവാദം ചെയ്യാൻ പ്രാപ്തിയുളളതിനാലും, അവന് ഭാവിക്കുവേണ്ടി ആസൂത്രണം ചെയ്യാൻ കഴിയുന്നതിനാലും അവന് ദൈവത്തെ ആരാധിക്കാനുളള കഴിവുളളതിനാലും അവൻ മൃഗങ്ങളിൽനിന്ന് വേർപെട്ട ഒരു വർഗ്ഗമാകുന്നു. മൃഗങ്ങൾക്ക് ന്യായവാദം ചെയ്യുന്നതിനുളള ബുദ്ധിയില്ല, എന്നാൽ അവ സഹജജ്ഞാനത്താൽ ജീവിക്കുന്നു. സ്രഷ്ടാവ് ഇല്ലെന്നും സമൃദ്ധമായ പ്രാപ്തികളോടുകൂടിയ ബുദ്ധിജീവിയായ മനുഷ്യൻ ബുദ്ധിയില്ലാത്ത താണ മൃഗങ്ങളിൽ നിന്ന് മേലോട്ട് പരിണമിച്ചുവെന്നും പറയുന്നത് എത്ര ന്യായരഹിതം!—സങ്കീർത്തനം 92:6, 7; 139:14.
25, 26. (എ) മമനുഷ്യന്റെ മുമ്പാകെ ഏതു മഹത്തായ പ്രതീക്ഷ വെക്കപ്പെട്ടിരുന്നു? (ബി) ഭൂമിയിൽ അമിതമായ ജനസംഖ്യാ വർദ്ധനവിന്റെ പ്രശ്നം ഉണ്ടാകുകയില്ലാത്തതെന്തുകൊണ്ട്?
25 ദൈവം മനുഷ്യനെ “കിഴക്ക് ഏദനിൽ ഒരു തോട്ട”ത്തിൽ ആക്കി. അത് നമ്മുടെ കവർപേജിലെ തോട്ടത്തെപ്പോലെ ആനന്ദപ്രദമായ ഒരു തോട്ടമായിരുന്നു; എങ്കിലും അപ്പോഴും രണ്ടു മനുഷ്യർ മാത്രമേ അവിടെ ഉണ്ടായിരുന്നുളളു, ആദാമും അവന്റെ ഭാര്യയും. ഈ ആദ്യത്തെ പരദീസ മേലാൽ സ്ഥിതിചെയ്യുന്നില്ല. നോഹയുടെ നാളിലെ പ്രളയത്തിൽ അതു നശിപ്പിക്കപ്പെട്ടു. എന്നാൽ മദ്ധ്യപൂർവ്വദേശത്തെ അതിന്റെ ഏകദേശ സ്ഥാനം അറിയപ്പെടുന്നുണ്ട്, എന്തുകൊണ്ടെന്നാൽ അതിലൂടെ ഒഴുകിയിരുന്നതായി ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന ചില നദികൾ ഇന്നും സ്ഥിതിചെയ്യുന്നു. (ഉല്പത്തി 2:7-14) ഈ തോട്ടത്തെ ഒരു കേന്ദ്രമായി ഉപയോഗിച്ചുകൊണ്ട് പുറത്തേക്കു വ്യാപിക്കുന്നതിനും ഭൂമി മുഴുവൻ കൃഷിചെയ്ത് അതിനെ ഒരു ആഗോള പരദീസാ ആക്കുന്നതിനുമുളള മഹത്തായ അവസരം മനുഷ്യനുണ്ടായിരുന്നു.—യെശയ്യാവ് 45:12, 18.
26 ദൈവവും പുത്രനും പ്രവർത്തിക്കുന്നവരാകയാൽ, അങ്ങനെതന്നെ ദൈവം മനുഷ്യന് ഇവിടെ ഭൂമിയിൽ ചെയ്യാൻ വേല കൊടുത്തു. (യോഹന്നാൻ 5:17) ഒന്നാമത്തെ മനുഷ്യനും സ്ത്രീയുമായിരുന്ന ആദാമിനോടും ഹവ്വായോടും അവൻ പറഞ്ഞു: “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും സമുദ്രത്തിലെ മൽസ്യത്തെയും ആകാശങ്ങളിലെ പറവജാതിയെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളെയും അധീനതയിൽ നിർത്തുകയും ചെയ്യുക.” (ഉല്പത്തി 1:28) മനുഷ്യൻ പെരുകുകയും ഭൂമിയെ നിറയ്ക്കുകയും പിന്നെയും ഭൂമിയിൽ നിറഞ്ഞു കവിയുന്നതുവരെ പെരുകിക്കൊണ്ടിരിക്കുകയും വേണമെന്ന് ഇതിനർത്ഥമുണ്ടോ? ഇല്ല. ഒരു കപ്പിൽ ചായ നിറയ്ക്കാൻ ആരെങ്കിലും നിങ്ങളോട് പറയുമ്പോൾ കപ്പു നിറഞ്ഞു കവിഞ്ഞ് മേശമേലെല്ലാം ഒഴുകുന്നതുവരെ നിങ്ങൾ ഒഴിച്ചുകൊണ്ടിരിക്കുന്നില്ല. നിങ്ങൾ കപ്പു നിറച്ചശേഷം നിർത്തുന്നു. അതേവിധത്തിൽ “ഭൂമിയെ നിറയ്ക്കുക” എന്ന മനുഷ്യനോടുളള യഹോവയുടെ കല്പന മനുഷ്യനെക്കൊണ്ടു ഭൂമിയെ സുഖപ്രദമായി നിറയ്ക്കാനുളള അവന്റെ ഉദ്ദേശ്യത്തെ സൂചിപ്പിച്ചു. അനന്തരം ഇവിടെ ഭൂമിയിലെ മനുഷ്യവർഗ്ഗത്തിന്റെ പുനരുല്പാദനം നിലയ്ക്കുമായിരുന്നു. പൂർണ്ണതയുളള ഒരു മനുഷ്യസമുദായത്തിൽ ഇത് പ്രശ്നം സൃഷ്ടിക്കുമായിരുന്നില്ല. അപൂർണ്ണമനുഷ്യവർഗ്ഗത്തിന്റെ ഇന്നത്തെ ലോകത്തിൽ മാത്രമാണ് അമിത ജനസംഖ്യപ്രശ്നം സൃഷ്ടിക്കുന്നത്.
ദുഷ്ട കാര്യങ്ങൾ—ദൈവം അവ അനുവദിക്കുന്നതെന്തുകൊണ്ട്?
27. ഇപ്പോൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്?
27 ഒരു പരദീസാ കെട്ടിപ്പടുക്കണമെന്നുളളതാണ് ദൈവത്തിന്റെ ഉദ്ദേശ്യമെങ്കിൽ ഇന്ന് ഭൂമിയിൽ ദുഷ്ടതയും കഷ്ടപ്പാടും സങ്കടവും ഇത്രയധികം നിറഞ്ഞിരിക്കുന്നതെങ്ങനെ? ദൈവം സർവ്വശക്തനാണെങ്കിൽ അവൻ ഈ അവസ്ഥകൾ ഇത്ര ദീർഘമായി അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? നമ്മുടെ കുഴപ്പങ്ങൾക്കെല്ലാം അറുതിവരുമെന്നുളള പ്രത്യാശയുണ്ടോ? ബൈബിൾ എന്തു പറയുന്നു?
28. മത്സരം പരദീസാതോട്ടത്തിൽ പ്രവേശിച്ചതെങ്ങനെ?
28 ദൈവത്തിന്റെ ആത്മപുത്രൻമാരിലൊരുവൻ യഹോവയുടെ പരമാധികാരത്തോട് അല്ലെങ്കിൽ ആധിപത്യത്തോട് മത്സരിച്ചപ്പോഴാണ് മനുഷ്യവർഗ്ഗത്തിന്റെ കുഴപ്പങ്ങൾ തുടങ്ങിയതെന്ന് ബൈബിൾ പ്രകടമാക്കുന്നു. (റോമർ 1:20; സങ്കീർത്തനം 103:22, പു. ലോ. ഭാ. സംശോ. ബൈ. അടിക്കുറിപ്പ്.) ഈ ദൂതൻ മമനുഷ്യന്റെ സൃഷ്ടിപ്പു കണ്ടപ്പോൾ സന്തോഷിച്ചിരുന്നവരിൽപെട്ടവനായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ പിന്നീട് അവന്റെ ഹൃദയത്തിൽ അത്യാഗ്രഹവും അഹങ്കാരവും വേരുപിടിച്ചു. ആദാമും ഹവ്വായും തങ്ങളുടെ സ്രഷ്ടാവായ യഹോവയെ ആരാധിക്കുന്നതിനു പകരം തന്നെ ആരാധിക്കണമെന്നുളള ആഗ്രഹത്താൽ അവൻ വശീകരിക്കപ്പെട്ടു. ഒരു ഗാരുഡവിദ്യക്കാരൻ ഒരു പാവയിലൂടെ സംസാരിക്കുന്നതുപോലെ ഒരു സർപ്പത്തിലൂടെ സംസാരിച്ചുകൊണ്ട് ഈ ദൂതൻ സർവ്വശക്തനായ ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ഹവ്വായെ പ്രേരിപ്പിച്ചു. അനന്തരം അവളുടെ ഭർത്താവായ ആദാം അനുസരണക്കേടിലേക്ക് അവളെ പിന്തുടർന്നു.—ഉല്പത്തി 2:15-17; 3:1-6; യാക്കോബ് 1:14, 15.
29. (എ) ഏതു പ്രശ്നങ്ങൾ തീരുമാനിക്കപ്പെടേണ്ടതിന് പൊന്തിവന്നു? (ബി) ദൈവം വെല്ലുവിളിയെ എങ്ങനെ നേരിട്ടിരിക്കുന്നു? (സി) സാത്താന്റെ പരിഹാസത്തിന് ഒരു ഉത്തരം കൊടുക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ പങ്കുപററാവുന്നതാണ്?
29 ആ മത്സരിയായ ദൂതൻ “ആദ്യപാമ്പ്” എന്നറിയപ്പെടാനിടയായി. (വെളിപ്പാട് 12:9; 2 കൊരിന്ത്യർ 11:3) അവൻ “എതിരാളി” എന്നർത്ഥമുളള സാത്താൻ എന്നും “ദൂഷകൻ” എന്നർത്ഥമുളള പിശാച് എന്നും കൂടെ വിളിക്കപ്പെടുന്നു. അവൻ ഭൂമിയുടെമേലുളള യഹോവയുടെ ഭരണാധിപത്യത്തിന്റെ ഔചിത്യത്തെയും നീതിയെയും ചോദ്യംചെയ്തു. ഇപ്പോൾ തനിക്ക് സകല മനുഷ്യവർഗ്ഗത്തെയും സത്യാരാധനയിൽനിന്ന് അകററാൻ കഴിയുമെന്ന് അവൻ ദൈവത്തെ വെല്ലുവിളിക്കുകയും ചെയ്തു. യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം സകല നിത്യതയിലേക്കുമായി തീരുമാനിക്കപ്പെടേണ്ടതിന് തന്റെ വെല്ലുവിളി തെളിയിക്കാൻ ശ്രമിക്കുന്നതിന് ദൈവം സാത്താന് ഏതാണ്ട് 6000 വർഷം അനുവദിച്ചിരിക്കുന്നു. ദൈവത്തെ വിട്ടുളള മനുഷ്യഭരണം പരിതാപകരമായി പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ വിശ്വാസമുളള സ്ത്രീപുരുഷൻമാർ യഹോവയെ സംസ്ഥാപിച്ചുകൊണ്ടും സാത്താൻ അസത്യവാദിയാണെന്ന് തെളിയിച്ചുകൊണ്ടും കഠിനമായ പീഡാനുഭവങ്ങളിൽ ദൈവത്തോട് നിർമ്മലതപാലിച്ചിരിക്കുന്നു. അവരിൽ മുന്തിനിൽക്കുന്ന ദൃഷ്ടാന്തം യേശുവാണ്. (ലൂക്കോസ് 4:1-13; ഇയ്യോബ് 1:7-12; 2:1-6; 27:5) നിങ്ങൾക്കും ഒരു നിർമ്മലതാപാലകനായിരിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 27:11) എന്നാൽ നമ്മെ പീഡിപ്പിക്കുന്ന ശത്രു സാത്താൻ മാത്രമല്ല. വേറെ ഏതു ശത്രു ഉണ്ട്?
ആ ശത്രു—മരണം
30. അനുസരണക്കേടു നിമിത്തം മനുഷ്യന് കിട്ടിയ ശിക്ഷയെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു?
30 അനുസരണക്കേടിനുളള ശിക്ഷ മരണമാണെന്നു ദൈവം പ്രസ്താവിച്ചിരുന്നു. ഒന്നാമത്തെ സ്ത്രീയുടെമേൽ ശിക്ഷാവിധി ഉച്ചരിച്ചപ്പോൾ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ഗർഭധാരണത്തിന്റെ വേദനയെ അതിയായി വർദ്ധിപ്പിക്കും; പ്രസവവേദനകളോടെ നീ മക്കളെ പ്രസവിക്കും. നിന്റെ മോഹം നിന്റെ ഭർത്താവിനോടായിരിക്കും, അവൻ നിന്നെ ഭരിക്കും.” പുരുഷനായ ആദാമിനോട് അവൻ പറഞ്ഞു: “നീ നിലത്തേക്ക് തിരികെ പോകുന്നതുവരെ നിന്റെ മുഖത്തെ വിയർപ്പോടെ നീ അപ്പം ഭക്ഷിക്കും, എന്തുകൊണ്ടെന്നാൽ അതിൽനിന്ന് നീ എടുക്കപ്പെട്ടു. എന്തുകൊണ്ടെന്നാൽ നീ പൊടിയാകുന്നു, നീ പൊടിയിലേക്കു തിരികെ പോകും.” (ഉല്പത്തി 3:16-19) അനുസരണംകെട്ട ഇണകൾ സന്തോഷത്തിന്റെ പരദീസയിൽനിന്ന് കൃഷിചെയ്യപ്പെടാത്ത ഭൂമിയിലേക്ക് പുറന്തളളപ്പെട്ടു. കാലാന്തരത്തിൽ അവർ മരിച്ചു.—ഉല്പത്തി 5:5.
31. പാപം എന്താണ്, അത് മനുഷ്യവർഗ്ഗത്തിന് വരുത്തിയ ഫലമെന്ത്?
31 ആദാമും ഹവ്വായും പൂർണ്ണതയുടെ സ്ഥാനത്തുനിന്ന് വീണുപോയശേഷം മാത്രമാണ് മക്കളെ ജനിപ്പിക്കാൻ തുടങ്ങിയത്. ഇന്നുളള സകല മനുഷ്യരും അപൂർണ്ണതയിലായ അവരുടെ സന്താനങ്ങളാണ്. തന്നിമിത്തം എല്ലാവരും മരിക്കുന്നു. ഒരു ബൈബിളെഴുത്തുകാരൻ ഈ വാക്കുകളിൽ അതു വിശദീകരിക്കുന്നു: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, അങ്ങനെ സകല മനുഷ്യരും പാപം ചെയ്തിരുന്നതിനാൽ മരണം അവരിലേക്കെല്ലാം പരന്നു.” ഈ “പാപം” എന്നാൽ എന്താണ്? അത് പൂർണ്ണതയുടെയോ തികവിന്റെയോ ലക്ഷ്യത്തിൽ കുറവുളളവരായിത്തീരുന്നതാണ്. യഹോവയാം ദൈവം അപൂർണ്ണമായ യാതൊന്നിനെയും അംഗീകരിക്കുകയോ ജീവനിൽ നിലനിർത്തുകയോ ചെയ്യുന്നില്ല. സകല മനുഷ്യരും ഒന്നാം മനുഷ്യനായ ആദാമിൽനിന്ന് പാപവും അപൂർണ്ണതയും അവകാശപ്പെടുത്തിയിരിക്കുന്നതുകൊണ്ട് മരണം അവരുടെമേൽ “രാജാവായി ഭരിച്ചിരിക്കുന്നു.” (റോമർ 5:12, 14) വീണുപോയ മനുഷ്യൻ മൃഗങ്ങൾ മരിക്കുന്നതുപോലെതന്നെ മരിക്കുന്നു.—സഭാപ്രസംഗി 3:19-21.
32. നാം അവകാശപ്പെടുത്തിയിരിക്കുന്ന മരണത്തെ ബൈബിൾ വർണ്ണിക്കുന്നതെങ്ങനെ?
32 ഈ “മരണം” എന്നാൽ എന്ത്? മരണം ജീവന്റെ വിപരീതം ആകുന്നു. മനുഷ്യൻ അനുസരിച്ചിരുന്നുവെങ്കിൽ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ദൈവം അവന്റെ മുമ്പാകെ വെച്ചിരുന്നു. എന്നിരുന്നാലും അവൻ അനുസരണക്കേട് കാണിച്ചു. ശിക്ഷ മരണം, അബോധാവസ്ഥ, ആസ്തിക്യമില്ലായ്മ, ആയിരുന്നു. മനുഷ്യൻ അനുസരണക്കേടു കാണിക്കുകയും മരിക്കുകയും ചെയ്താൽ അവന്റെ ജീവനെ ഒരു ആത്മമണ്ഡലത്തിലേക്കോ ഒരു അഗ്നി“നരക”ത്തിലേക്കോ മാററുന്നതിനെക്കുറിച്ച് ദൈവം യാതൊന്നും പറഞ്ഞിരുന്നില്ല. “നീ തീർച്ചയായും മരിക്കും” എന്നു ദൈവം മനുഷ്യനു മുന്നറിയിപ്പുകൊടുത്തിരുന്നു. “നിങ്ങൾ തീർച്ചയായും മരിക്കുകയില്ല” എന്നു പറഞ്ഞതിൽ വ്യാജം പറഞ്ഞിരുന്നത് മനുഷ്യഘാതകനായ പിശാചായിരുന്നു. (ഉല്പത്തി 2:17; 3:4; യോഹന്നാൻ 8:44) സകല മനുഷ്യരും ആദാമിൽ നിന്ന് അവകാശപ്പെടുത്തിയിരിക്കുന്നത് പൊടിക്കു തുല്യമായ മരണമാണ്.—സഭാപ്രസംഗി 9:5, 10; സങ്കീർത്തനം 115:17; 146:4.
33. (എ) മനുഷ്യവർഗ്ഗത്തിനും ഈ ഭൂമിക്കും എന്തു മഹത്വകരമായ ഭാവിയാണ് കാത്തിരിക്കുന്നത്? (ബി) യഹോവ തന്റെ പുത്രനിലൂടെ ഏതു മൂന്നു പ്രധാനകാര്യങ്ങൾ നിർവ്വഹിക്കുന്നു?
33 ആ സ്ഥിതിക്ക് മരിക്കുന്ന മനുഷ്യന് ഭാവിയില്ലയോ? അത്ഭുതകരമായ ഒരു ഭാവിയുണ്ട്! ഇപ്പോൾ മരിച്ചിരിക്കുന്നവരും ഉൾപ്പെടെ സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുളള ഒരു പരദീസാ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം ഒരിക്കലും പരാജയപ്പെടുകയില്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. യഹോവ പറയുന്നു: “സ്വർഗ്ഗങ്ങൾ എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു.” “ഞാൻ എന്റെ പാദസ്ഥാനത്തെത്തന്നെ മഹത്വീകരിക്കും.” (യെശയ്യാവ് 66:1; 60:13) യഹോവ തന്റെ സ്നേഹസമൃദ്ധിയിൽനിന്ന് തന്റെ പുത്രനെ, വചനത്തെ, അവനിലൂടെ മനുഷ്യവർഗ്ഗലോകം ജീവൻ പ്രാപിക്കേണ്ടതിന് ഈ ഭൂമിയിലേക്കയച്ചു. (യോഹന്നാൻ 3:16; 1 യോഹന്നാൻ 4:9) നാം ഇപ്പോൾ ചർച്ച ചെയ്യേണ്ടതും യഹോവ തന്റെ പുത്രൻ മുഖേന നിർവ്വഹിക്കുന്നതുമായ മൂന്നു പ്രധാന കാര്യങ്ങളുണ്ട്, അതായത് (1) മരണത്തിന്റെ ശക്തിയിൽനിന്നുളള ഒരു വിടുതൽ ഏർപ്പെടുത്തൽ; (2) മരിച്ചവരെ ജീവനിലേക്ക് യഥാർത്ഥമായി പുനഃസ്ഥിതീകരിക്കൽ; (3) സകല മനുഷ്യവർഗ്ഗത്തിൻമേലും ഒരു പൂർണ്ണതയുളള ഗവൺമെൻറ് സ്ഥാപിക്കൽ.
മരണത്തിൽ നിന്നുളള വിടുതൽ
34, 35. (എ) മനുഷ്യന് മരണത്തിൽ നിന്ന് എങ്ങനെ മാത്രമേ വീണ്ടെടുക്കപ്പെടാൻ കഴിയൂ? (ബി) മോചനദ്രവ്യം എന്നാലെന്ത്?
34 പുരാതനകാലങ്ങൾ മുതൽ ദൈവത്തിന്റെ പ്രവാചകൻമാർ മമനുഷ്യന്റെ അമർത്ത്യതയിലല്ല, പിന്നെയോ ദൈവം മരണത്തിൽനിന്ന് “അവരെ വിടുവിക്കു”മെന്നുളള പ്രത്യാശയിലുളള വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്. (ഹോശെയാ 13:14) എന്നാൽ മനുഷ്യന് മരണത്തിന്റെ ബന്ധനങ്ങളിൽനിന്ന് എങ്ങനെ വിടുവിക്കപ്പെടാൻ കഴിയും? യഹോവയുടെ പൂർണ്ണതയുളള നീതി ‘ദേഹിക്കു പകരം ദേഹിയും കണ്ണിനുപകരം കണ്ണും പല്ലിനു പകരം പല്ലും’ ആവശ്യപ്പെട്ടു. (ആവർത്തനം 19:21) അതിനാൽ, മനഃപൂർവ്വം ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ടും അങ്ങനെ മനുഷ്യജീവന്റെ പൂർണ്ണത നഷ്ടപ്പെടുത്തിക്കൊണ്ടും ആദാം സകല മനുഷ്യവർഗ്ഗത്തിലേക്കും അവകാശപ്പെടുത്തപ്പെട്ട മരണം വരുത്തിയതുകൊണ്ടും, ആദാം നഷ്ടപ്പെടുത്തിയതിനെ തിരികെ വാങ്ങാൻ ആദാമിനു പകരം മറെറാരു മനുഷ്യൻ തന്റെ പൂർണ്ണതയുളള ജീവൻ കൊടുക്കാൻ വരണമായിരുന്നു.
35 ‘തുല്യത്തിനു തുല്യം’ കൊടുക്കുന്ന നീതിനിഷ്ഠമായ തത്വം ചരിത്രത്തിലുടനീളം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൊതുവെ ഉപയോഗിക്കപ്പെടുന്ന പദപ്രയോഗം “മോചനദ്രവ്യം കൊടുക്കുക” എന്നതാണ്. മോചനദ്രവ്യം എന്നാൽ എന്താണ്? “അത് ഒരു വ്യക്തിയേയോ വസ്തുവിനെയോ അടിമത്തത്തിൽ പിടിച്ചുവെച്ചിരിക്കുന്ന ആളിൽനിന്ന് ആ വ്യക്തിയേയോ വസ്തുവിനെയോ വീണ്ടെടുക്കുവാൻ കൊടുക്കപ്പെടുന്ന വിലയാണ്. അതുകൊണ്ട് യുദ്ധത്തടവുകാരെയോ അടിമകളെയോ ഒരു വിലകൊടുത്ത് മോചിപ്പിക്കുമ്പോൾ അവർ മോചനദ്രവ്യത്താൽ വീണ്ടെടുക്കപ്പെടുന്നതായി പറയപ്പെടുന്നു . . . കക്ഷിക്കുവേണ്ടി ബദലായി കൊടുക്കപ്പെടുന്ന അഥവാ പകരമായി കൈമാററം ചെയ്യപ്പെടുന്ന എന്തും അയാളുടെ മോചനദ്രവ്യമാണ്.” d ആദാമിന്റെ പാപം മുതൽ സകല മനുഷ്യവർഗ്ഗവും യുദ്ധത്തടവുകാരെപ്പോലെയോ അടിമകളെപ്പോലെയോ ആണ്, അപൂർണ്ണതയാലും മരണത്താലും ബന്ധിതർതന്നെ. അവരെ വിടുവിക്കാൻ മോചനദ്രവ്യം കൊടുക്കപ്പെടണമായിരുന്നു. മോചന വിലയുടെ ഔചിത്യം സംബന്ധിച്ച് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകാവുന്ന ഏതു വിവാദത്തെയും ഒഴിവാക്കുന്നതിന് ഒരു പൂർണ്ണമനുഷ്യജീവൻ, അതായത് ആദാമിനോട് തികച്ചും തുല്യമായത് ബലിചെയ്യേണ്ടത് ആവശ്യമായിരിക്കുമായിരുന്നു.
36. യഹോവ മോചനദ്രവ്യമായി ഒരു പൂർണ്ണമനുഷ്യജീവൻ പ്രദാനം ചെയ്തതെങ്ങനെ?
36 എന്നിരുന്നാലും, അങ്ങനെ പൂർണ്ണതയുളള ഒരു മനുഷ്യജീവൻ എവിടെ കണ്ടെത്താൻ സാധിക്കും? മനുഷ്യർ എല്ലാവരും അപൂർണ്ണനായ ആദാമിന്റെ സന്തതികളെന്ന നിലയിൽ അപൂർണ്ണരായിട്ടാണു ജനിച്ചത്. “അവരിൽ ഒരുവനുപോലും ഏതെങ്കിലും പ്രകാരത്തിൽ ഒരു സഹോദരനെപോലും വീണ്ടെടുക്കാനോ അവനുവേണ്ടി ദൈവത്തിന് മോചനദ്രവ്യം കൊടുക്കാനോ കഴികയില്ല.” (സങ്കീർത്തനം 49:7) ഈ ആവശ്യം നിറവേററാൻ യഹോവ മനുഷ്യവർഗ്ഗത്തോടുളള തന്റെ ആഴമായ സ്നേഹത്താൽ പ്രേരിതനായി യഥാർത്ഥത്തിൽ തന്റെ വിലയേറിയ “ഏകജാത”പുത്രനെ നൽകി. അവൻ ഈ ആത്മപുത്രനായ വചനത്തിന്റെ പൂർണ്ണതയുളള ജീവനെ ഒരു യഹൂദകന്യകയായിരുന്ന മറിയയുടെ ഗർഭാശയത്തിലേക്കു മാററി. ആ യുവതി ഗർഭിണിയാകുകയും തക്കസമയത്ത് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവന് “യേശു” എന്നു പേർ വിളിക്കപ്പെട്ടു. (മത്തായി 1:18-25) യുക്തിയാനുസൃതം ജീവന്റെ സ്രഷ്ടാവ് അത്തരമൊരു അതിശയകരമായ അത്ഭുതം ചെയ്യാൻ പ്രാപ്തനായിരിക്കും.
37. യേശു ജീവൻ ആഗ്രഹിക്കുന്ന സകല മനുഷ്യരോടും സ്നേഹം പ്രകടമാക്കിയതെങ്ങനെ?
37 യേശു പുരുഷത്വത്തിലേക്കു വളരുകയും തന്നേത്തന്നെ യഹോവയ്ക്ക് ഏൽപ്പിച്ചുകൊടുക്കുകയും സ്നാനമേൽക്കുകയും ചെയ്തു. അപ്പോൾ തന്റെ ഇഷ്ടം ചെയ്യാൻ ദൈവം അവനെ നിയോഗിച്ചു. (മത്തായി 3:13, 16, 17) യേശുവിന്റെ ഭൗമിക ജീവൻ സ്വർഗ്ഗത്തിൽ നിന്നു വന്നതിനാലും അവൻ പൂർണ്ണനായിരുന്നതിനാലും പൂർണ്ണതയുളള ആ മനുഷ്യജീവൻ ബലിചെയ്യാനും മനുഷ്യവർഗ്ഗത്തെ മരണത്തിൽനിന്ന് വിടുവിക്കാൻ അതുപയോഗിക്കാനും അവനു കഴിയുമായിരുന്നു. (റോമർ 6:23; 5:18, 19) അവൻ പറഞ്ഞ പ്രകാരം: “അവർക്ക് ജീവൻ ഉണ്ടാകേണ്ടതിനും അതു സമൃദ്ധമായി ഉണ്ടാകേണ്ടതിനുമാണ് ഞാൻ വന്നിരിക്കുന്നത്.” “തന്റെ സ്നേഹിതർക്കുവേണ്ടി തന്റെ ദേഹിയെ ആരെങ്കിലും വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹം ആർക്കുമില്ല.” (യോഹന്നാൻ 10:10; 15:13) സാത്താൻ യേശുവിനെ ഒരു ദണ്ഡനസ്തംഭത്തിൽ കൊല്ലിച്ചപ്പോൾ, യേശു ഈ ക്രൂരമരണത്തിന് വഴങ്ങി, വിശ്വാസം പ്രകടമാക്കുന്ന മനുഷ്യർ ഈ മോചനദ്രവ്യത്തിന്റെ കരുതലിനാൽ ജീവൻ നേടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ.—മത്തായി 20:28; 1 തിമൊഥെയോസ് 2:5, 6.
ജീവനിലേക്കുളള പുനഃസ്ഥിതീകരണം
38. ദൈവപുത്രൻ ജീവനിലേക്ക് പുനഃസ്ഥിതീകരിക്കപ്പെട്ടതെങ്ങനെ, ഇതിനെ തെളിയിക്കുന്നതെന്ത്?
38 ദൈവപുത്രന്റെ ശത്രുക്കൾ അവനെ കൊന്നുവെങ്കിലും പൂർണ്ണ മനുഷ്യജീവനുളള അവന്റെ അവകാശം ഒരിക്കലും അവനു നഷ്ടപ്പെട്ടില്ല, എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തോട് നിർമ്മലത പാലിച്ചു. എന്നാൽ മരിച്ച് ശവക്കുഴിയിലായിരുന്നതിനാൽ യേശുവിന് മനുഷ്യവർഗ്ഗത്തിനുവേണ്ടി ഈ വിലയേറിയ വസ്തു, മനുഷ്യജീവനുളള അവകാശം, എങ്ങനെ ഉപയോഗിക്കാൻ കഴിയുമായിരുന്നു? ഇവിടെയാണ് യഹോവ അത്തരത്തിൽ ഒന്നാമത്തേതായ മറെറാരു അത്ഭുതം പ്രവർത്തിച്ചത്. യേശു ശവക്കുഴിയിലായിരുന്ന മൂന്നാം ദിവസം യഹോവ അവനെ അമർത്ത്യനായ ഒരു ആത്മസൃഷ്ടിയായി മരണത്തിൽനിന്ന് ഉയർപ്പിച്ചു. (റോമർ 6:9; 1 പത്രോസ് 3:18) പുനരുത്ഥാനത്തിലുളള വിശ്വാസം സ്ഥാപിക്കുന്നതിന് യേശു വ്യത്യസ്ത സന്ദർഭങ്ങളിൽ മനുഷ്യശരീരങ്ങൾ ധരിക്കുകയും തന്റെ ശിഷ്യൻമാർക്കു പ്രത്യക്ഷമാകുകയും ചെയ്തു, ഒരിക്കൽ 500-ഉം അധികവും പേർക്കുതന്നെ. അവന്റെ പുനരുത്ഥാനത്തിന്റെ അത്ഭുതത്തെ സംശയിക്കാൻ ഇവരിൽ ആർക്കെങ്കിലുമോ, മഹത്വീകരിക്കപ്പെട്ട യേശുവിന്റെ പ്രത്യക്ഷതയാൽ പിന്നീട് അന്ധതപിടിപെട്ട അപ്പോസ്തലനായ പൗലോസിനോ യാതൊരു ന്യായവും ഉണ്ടായിരുന്നില്ല.—1 കൊരിന്ത്യർ 15:3-8; പ്രവൃത്തികൾ 9:1-9.
39. (എ) യേശു തന്റെ ബലിയുടെ മൂല്യം ഉപയോഗിക്കുന്നതെങ്ങനെ, ആദ്യം ആർക്കുവേണ്ടി? (ബ) വേറെ ഏത് വലിയ അത്ഭുതത്തെ സംബന്ധിച്ച് യേശു പറഞ്ഞു?
39 പുനരുത്ഥാനം പ്രാപിച്ച യേശു നാല്പതു ദിവസം കഴിഞ്ഞ് സ്വർഗ്ഗങ്ങളിൽ ദൈവത്തിന്റെ സ്വന്തം സന്നിധിയിൽ മനുഷ്യവർഗ്ഗത്തിന് ഒരു വിടുതലെന്ന നിലയിൽ തന്റെ പൂർണ്ണ മനുഷ്യബലിയുടെ മൂല്യം സമർപ്പിക്കാൻ അവിടേക്ക് ആരോഹണം ചെയ്തു. “എന്നാൽ ഈ മനുഷ്യൻ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഏകയാഗം കഴിക്കുകയും ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു, തന്റെ ശത്രുക്കൾ തന്റെ പാദങ്ങൾക്ക് ഒരു പീഠമെന്നപോലെ വെക്കപ്പെടുന്നതുവരെ അന്നു മുതൽ കാത്തിരുന്നുകൊണ്ടുതന്നെ.” (എബ്രായർ 10:12, 13) ഈ മോചനദ്രവ്യത്താൽ ആദ്യം വിടുതൽ ലഭിക്കുന്നവർ “ക്രിസ്തുവിനുളളവർ” ആയ വിശ്വസ്ത ക്രിസ്ത്യാനികളുടെ ഒരു “ചെറിയ ആട്ടിൻകൂട്ട”മാണ്. (ലൂക്കോസ് 12:32; 1 കൊരിന്ത്യർ 15:22, 23) ഇവർ “മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ നിന്ന് വിലയ്ക്കു വാങ്ങ”പ്പെടുന്നു. തന്നിമിത്തം പുനരുത്ഥാനത്തിൽ അവർ സ്വർഗ്ഗങ്ങളിൽ ക്രിസ്തുവിന്റെ ആത്മസഹകാരികളായിത്തീരുന്നു. (വെളിപ്പാട് 14:1-5) എന്നുവരികിലും, ഇപ്പോൾ ശവക്കുഴികളിൽ മരിച്ചു കിടക്കുന്ന വലിയ മനുഷ്യവർഗ്ഗസമൂഹങ്ങളെ സംബന്ധിച്ചെന്ത്? യേശു ഭൂമിയിലായിരുന്നപ്പോൾ ന്യായവിധിനടത്തുന്നതിനും ജീവൻ പ്രദാനം ചെയ്യുന്നതിനുമുളള അധികാരം പിതാവു തനിക്കു നൽകിയിട്ടുണ്ടെന്ന് അവൻ പറയുകയുണ്ടായി. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴികവരുന്നു, . . . ഒരു പുനരുത്ഥാനത്തിലേക്ക്.” (യോഹന്നാൻ 5:26-29) അവൻ അവരെ പരദീസാ ഭൂമിയിലെ ജീവനിൽ പുനഃസ്ഥിതീകരിക്കും.
40, 41. “പുനരുത്ഥാന”ത്താൽ കൃത്യമായി എന്തർത്ഥമാക്കപ്പെടുന്നുവെന്ന് വിശദീകരിക്കുക. (ബി) ദൈവത്തിന്റെ പുനരുത്ഥാന വാഗ്ദത്തത്തിൽ നമുക്ക് വിശ്വസിക്കാവുന്നതെന്തുകൊണ്ട്?
40 “ഇതിങ്കൽ ആശ്ചര്യപ്പെടരുത്” എന്ന യേശുവിന്റെ വാക്കുകൾ ഗൗനിക്കുക. അങ്ങനെയെങ്കിൽത്തന്നെ, ദീർഘകാലം മരിച്ചിരുന്ന ഒരുവനെ മരണത്തിൽനിന്ന് വിടുവിച്ച് ജീവനിലേക്ക് തിരികെ വരുത്താൻ എങ്ങനെ കഴിയും? അയാളുടെ ശരീരം പൊടിയിലേക്കു തിരികെ ചേർന്നില്ലയോ? ആ ശരീരത്തിന്റെ ഭാഗമായിരുന്ന അണുക്കളിൽ ചിലത് ചെടികളും മൃഗങ്ങളും പോലെയുളള മററു ജീവ വസ്തുക്കളിലേക്ക് അലിഞ്ഞുചേർന്നിരിക്കാം. എന്നുവരികിലും, പുനരുത്ഥാനം അതേ രാസമൂലകങ്ങളെ ഒരുമിച്ചു ചേർക്കുന്നതിനെ അർത്ഥമാക്കുന്നില്ല. പുനരുത്ഥാനത്തിന്റെ അർത്ഥം അതേ ആളിനെ, അതേ വ്യക്തിത്വത്തെ, ദൈവം വീണ്ടും സൃഷ്ടിക്കുന്നുവെന്നാണ്. അവൻ ഭൗമിക മൂലകങ്ങളിൽ നിന്ന് ഒരു പുതിയ ശരീരത്തെ ഉളവാക്കുന്നു. ആ ശരീരത്തിൽ വ്യക്തി തന്റെ മരണ സമയംവരെ വളർത്തിയ അതേ സ്വഭാവവിശേഷതകളും, അതേ വ്യതിരിക്ത ഗുണങ്ങളും, അതേ ഓർമ്മയും അതേ ജീവിതമാതൃകയും ദൈവം വെക്കുന്നു.
41 നിങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നിങ്ങളുടെ വീട് കത്തിപ്പോയ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിരുന്നിരിക്കാം. എന്നുവരികിലും, നിങ്ങൾക്ക് അനായാസം അതേ വീട് വീണ്ടും പണിയിക്കാം, എന്തുകൊണ്ടെന്നാൽ അതിന്റെ പ്രിയങ്കരമായ സകല വിശദാംശങ്ങളുടെയും രൂപമാതൃക നിങ്ങളുടെ മനസ്സിൽ വളരെ വ്യക്തമായി നിൽക്കുന്നു. തീർച്ചയായും അപ്പോൾ ഓർമ്മയെത്തന്നെ ഉളവാക്കിയവനായ ദൈവത്തിന് താൻ സ്നേഹിക്കുക നിമിത്തം തന്റെ ഓർമ്മയിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യരെ പുനർസൃഷ്ടിക്കാൻ കഴിയും. (യെശയ്യാവ് 64:8) അതുകൊണ്ടാണ് ബൈബിൾ “സ്മാരകക്കല്ലറകൾ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു വരുത്തുന്നതിനുളള ദൈവത്തിന്റെ സമയം വരുമ്പോൾ, അവൻ ആ അത്ഭുതം പ്രവർത്തിക്കും, ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ ഒരു അത്ഭുതം പ്രവർത്തിച്ചതുപോലെതന്നെ. ഈ പ്രാവശ്യം അവൻ അതു അനേകം പ്രാവശ്യം ചെയ്യുമെന്നു മാത്രം.—ഉല്പത്തി 2:7; പ്രവൃത്തികൾ 24:15.
42. ഭൂമിയിലെ നിത്യജീവൻ സാദ്ധ്യവും സുനിശ്ചിതവുമായിരിക്കുന്നതെന്തുകൊണ്ട്?
42 ദൈവം മനുഷ്യവർഗ്ഗത്തെ ജീവനിലേക്കു തിരികെ വരുത്തുന്നത് വീണ്ടും ഒരിക്കലും ഭൂമിയിൽ നിന്നു മരിച്ചു പോകാതിരിക്കുന്നതിനുളള പ്രതീക്തയോടെയാണ്. എന്നാൽ ഭൂമിയിൽ നിത്യജീവൻ സാദ്ധ്യമാകുന്നതെങ്ങനെ? അത് ദിവ്യേഷ്ടവും ഉദ്ദേശ്യവുമാകയാൽ അതു സാദ്ധ്യമാണ്, സുനിശ്ചിതവുമാണ്. (യോഹന്നാൻ 6:37-40; മത്തായി 6:10) ഇന്ന് മനുഷ്യൻ ഭൂമിയിൽനിന്നു മരിച്ചുപോകുന്നതിന്റെ ഏകകാരണം അവൻ ആദാമിൽനിന്ന് മരണം അവകാശപ്പെടുത്തി എന്നതാണ്. എന്നിരുന്നാലും, ഭൂമിയിൽ മനുഷ്യന് അനുഭവിക്കാനുളള ഉദ്ദേശ്യത്തിൽ അതിരററ വൈവിധ്യത്തോടെ ഉണ്ടാക്കിയിരുന്ന അത്ഭുത വസ്തുക്കളെക്കുറിച്ച് നാം പരിചിന്തിക്കുമ്പോൾ നൂറു വർഷത്തിൽ കുറഞ്ഞ ഹ്രസ്വമായ ആയുസ്സ് തീർത്തും കുറവാണ്! ഈ ഭൂമിയെ മനുഷ്യമക്കൾക്കു കൊടുത്തപ്പോൾ, ഒരു നൂറുവർഷം മാത്രമല്ല, ഒരു ആയിരം വർഷവുമല്ല, പിന്നെയോ എന്നേക്കും മനുഷ്യൻ തന്റെ സൃഷ്ടിയുടെ മഹിമകൾ ആസ്വദിക്കാൻ ജീവിച്ചിരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നു!—സങ്കീർത്തനം 115:16; 133:3.
പൂർണ്ണതയുളള സമാധാന ഗവൺമെൻറ്
43. (എ) ഒരു പൂർണ്ണതയുളള ഗവൺമെൻറിന്റെ ആവശ്യമുളളതെന്തുകൊണ്ട്? (ബി) ഈ കാര്യത്തിൽ യഹോവ എന്ത് ഉദ്ദേശിക്കുന്നു?
43 നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവനിയമത്തെ തളളിക്കളഞ്ഞതുകൊണ്ട് മാനുഷ ഗവൺമെൻറ് സാത്താന്റെ നിയന്ത്രണത്തിലായി. ഉചിതമായി ബൈബിൾ സാത്താനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നു വിളിക്കുന്നു. (2 കൊരിന്ത്യർ 4:4) യുദ്ധങ്ങൾ, ക്രൂരതകൾ, അഴിമതി, മനുഷ്യഭരണകൂടങ്ങളുടെ അസ്ഥിരത എന്നിവ ഈ വസ്തുതയെ തെളിയിക്കുന്നു. കുഴപ്പത്തിൽനിന്ന് സമാധാനം കൈവരുത്തുന്നതിൽ സർവ്വരാജ്യസഖ്യവും ഐക്യരാഷ്ട്രങ്ങളും പരാജയപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗം ഒരു സമാധാന ഭരണത്തിനുവേണ്ടി മുറവിളികൂട്ടുകയാണ്. ഈ ഭൂമിയിൽ പരദീസാ പുനഃസ്ഥിതീകരിക്കാൻ ഉദ്ദേശിക്കുന്ന സ്രഷ്ടാവ് ആ പരദീസക്കുവേണ്ടി പൂർണ്ണതയുളള ഒരു ഗവൺമെൻറും പ്രദാനം ചെയ്യുമെന്നുളളത് ന്യായയുക്തമല്ലയോ? അതുതന്നെയാണ് യഹോവ ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. ഈ ഗവൺമെൻറിൽ അവനെ പ്രതിനിധാനം ചെയ്യുന്ന രാജാവ് ക്രിസ്തുയേശുവാകുന്ന തന്റെ “സമാധാനപ്രഭു” ആകുന്നു. “രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കുകയുമില്ല.”—യെശയ്യാവ് 9:6, 7.
44. (എ) ഈ ഗവൺമെൻറ് എവിടെയായിരിക്കും? (ബി) അത് എങ്ങനെ രൂപവൽക്കരിക്കപ്പെടും?
44 ആ പൂർണ്ണതയുളള ഗവൺമെൻറ് സ്വർഗ്ഗത്തിലായിരിക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. ഈ അനുകൂല സ്ഥാനത്ത് നിന്ന് രാജാവായ ക്രിസ്തുയേശു സർവ്വഭൂമിയെയും ഫലപ്രദമായി ഭരിക്കുന്നതായിരിക്കും. മാത്രവുമല്ല, ആ അദൃശ്യ സ്വർഗ്ഗീയ ഗവൺമെൻറിൽ അവന് സഹഭരണാധികാരികൾ ഉണ്ടായിരിക്കും. ഇവർ തെരഞ്ഞെടുക്കപ്പെടുന്നത് പീഡാനുഭവങ്ങളിൽ യേശുവിനോട് പററിനിന്ന അവന്റെ അനുഗാമികളായ വിശ്വസ്ത മനുഷ്യരിൽനിന്നാണ്. അവരോട് അവൻ പറയുന്നു: “എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ, ഞാൻ നിങ്ങളോട് ഒരു രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടി ചെയ്യുന്നു.” (ലൂക്കോസ് 22:28, 29) മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ നിന്ന് ചുരുക്കം പേർ മാത്രമാണ് ക്രിസ്തുയേശുവിനോടുകൂടെ ഭരിക്കാൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത്. അതു ഡയററിലോ പാർലമെൻറിലോ ഭരിക്കാൻ ചുരുക്കം ചിലർ മാത്രം തെരഞ്ഞെടുക്കപ്പെടുന്ന ഇന്നത്തെ രാഷ്ട്രങ്ങളോട് സമാനമാണ്. യേശുക്രിസ്തുവിന് 144,000 സഹഭരണാധികാരികൾ മാത്രം ഉണ്ടായിരിക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ രാജ്യം അഥവാ സ്വർഗ്ഗീയ ഗവൺമെൻറ് ക്രിസ്തുയേശുവും ഭൂമിയിൽനിന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന 144,000 ആളുകളും ചേർന്നുണ്ടാകുന്നതാണ്. (വെളിപ്പാട് 14:1-4; 5:9, 10) ഭൂമിയെ സംബന്ധിച്ചെന്ത്? രാജാവ് “സർവ്വഭൂമിയിലും പ്രഭുക്കൻമാരെ” നിയമിക്കുമെന്ന് സങ്കീർത്തനം 45:16 പറയുന്നു. മാനുഷ “പ്രഭുക്കൻമാർ” അഥവാ ഭരണസംബന്ധമായ മേൽവിചാരകൻമാർ, നീതി പ്രമാണങ്ങളോടുളള ആഴമായ ഭക്തിനിമിത്തം സ്വർഗ്ഗത്തിൽ നിന്ന് നിയമിക്കപ്പെടും.—യെശയ്യാവ് 32:1 താരതമ്യപ്പെടുത്തുക.
45, 46. (എ) യേശുവിന്റെ ഭൂമിയിലെ പ്രസംഗത്തിന്റെ മുഖ്യ വിഷയം എന്തായിരുന്നു? (ബി) പൂർണ്ണതയുളള ഗവൺമെൻറ് ഉടനെ സ്ഥാപിക്കപ്പെടാഞ്ഞതെന്തുകൊണ്ട്? (സി) ക്രി.വ. 1914 പ്രവചനത്തിലും ലോകസംഭവങ്ങളിലും ഒരു പ്രമുഖ വർഷമായിരുന്നതെങ്ങനെ?
45 എപ്പോൾ, എങ്ങനെ പൂർണ്ണതയുളള ഗവൺമെൻറ് സ്ഥാപിക്കപ്പെടും? യേശു ഭൂമിയിലായിരുന്നപ്പോൾ അവന്റെ പ്രസംഗത്തിന്റെ മുഖ്യവിഷയം ഈ രാജ്യമായിരുന്നു. (മത്തായി 4:17; ലൂക്കോസ് 8:1) എന്നിരുന്നാലും, അവൻ ആ സമയത്തോ തന്റെ പുനരുത്ഥാനത്തിങ്കലോ രാജ്യം സ്ഥാപിച്ചില്ല. (പ്രവൃത്തികൾ 1:6-8) അവൻ സ്വർഗ്ഗാരോഹണം ചെയ്തശേഷംപോലും യഹോവയുടെ നിയമിതസമയത്തിനുവേണ്ടി അവൻ പിന്നെയും കാത്തിരിക്കണമായിരുന്നു. (സങ്കീർത്തനം 110:1, 2; എബ്രായർ 1:13) നിയമിതസമയം ക്രി. വ. 1914-ൽ വന്നുവെന്ന് ബൈബിൾ പ്രവചനം പ്രകടമാക്കുന്നു. എന്നിരുന്നാലും, ‘പൂർണ്ണതയുളള ഗവൺമെൻറിനു പകരം 1914 വർദ്ധിച്ച ലോകാരിഷ്ടതകളുടെ തുടക്കം കുറിച്ചില്ലേ?’ എന്നു ആരെങ്കിലും ചോദിച്ചേക്കാം. കൃത്യമായി അതുതന്നെയാണ് ആശയം! നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ, ദൈവരാജ്യത്തിന്റെ വരവും സമീപവർഷങ്ങളിലെ വിപത്ക്കരമായ സംഭവങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ട്.
46 ആയിരത്തിത്തൊളളായിരത്തിപ്പതിനാലിന് ഏതാണ്ട് 35 വർഷം മുമ്പു മുതൽ വീക്ഷാഗോപുരം (ഇപ്പോൾ ഭൂമിയിൽ ഏററവും വിപുലമായി വിതരണം ചെയ്യപ്പെടുന്ന മതമാസിക) ബൈബിൾ പ്രവചനത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വർഷമെന്ന നിലയിൽ 1914-ലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ടിരുന്നു. ഈ പ്രവചനങ്ങൾക്ക് 1914 മുതൽ ശ്രദ്ധേയമായ നിവൃത്തി ഉണ്ടാകാൻ തുടങ്ങി. ഇവയിലൊന്ന് 1900 വർഷം മുമ്പ് ഉച്ചരിക്കപ്പെട്ട, യേശുവിന്റെ സ്വന്ത പ്രവചനമായിരുന്നു. അത് വ്യവസ്ഥിതിയുടെ അന്ത്യത്തിൽ കാണപ്പെടുന്നതും താൻ രാജ്യാധികാരത്തോടെ അദൃശ്യമായി സന്നിഹിതനായിരിക്കുന്നുവെന്ന് തെളിയിക്കുന്നതുമായ “അടയാള”ത്തെ സംബന്ധിക്കുന്നതായിരുന്നു. ഈ “അടയാള”ത്തെ സംബന്ധിച്ച ശിഷ്യൻമാരുടെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു: “ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും അവിടവിടെ ഉണ്ടായിരിക്കും. ഇവയെല്ലാം കൊടുംവിപത്തിന്റെ വേദനകളുടെ ആരംഭമാകുന്നു.” (മത്തായി 24:3, 7, 8) ശ്രദ്ധേയമായ നിവൃത്തിയിൽ ലോകയുദ്ധങ്ങളിൽ ആദ്യത്തേത് 1914-ൽ തുടങ്ങി. അത് പിമ്പോട്ട് 2500 വർഷങ്ങളിൽ നടന്ന 900 യുദ്ധങ്ങളിലുണ്ടായ നാശത്തിന്റെ ഏഴു മടങ്ങ് വലിയ നാശം വരുത്തി! അതിന്റെ ശേഷം എക്കാലവും കൊടുംവിപത്തിന്റെ വേദനകൾ തുടർന്നിരിക്കുന്നു. 1914 മുതൽ ഭൂമിയെ ബാധിച്ചിട്ടുളള യുദ്ധക്കെടുതിയോ ഭക്ഷ്യക്ഷാമങ്ങളോ വലിയ ഭൂകമ്പങ്ങളിലേതെങ്കിലുമോ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്തിന്റെ “അടയാള”ത്തിന്റെ ഒരു ദൃക്ക്സാക്ഷിയായിരിക്കുന്നു.—ദാനിയേൽ 12:4.
47. “അടയാള”ത്തെ നിവർത്തിക്കുന്ന സംഭവങ്ങൾ സമീപ വർഷങ്ങളിൽ ശക്തിമത്തായിത്തീർന്നതെങ്ങനെ?
47 “കൊടുംവിപത്തിന്റെ വേദനകൾ” ഒന്നാം ലോകമഹായുദ്ധത്തെക്കാൾ നാലിരട്ടി വിനാശകമായിരുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ അത്യുച്ചം പ്രാപിച്ച് ന്യൂക്ലിയർ യുഗത്തിലേക്കു കടക്കുകയും യേശുവിന്റെ തുടർന്നുളള പ്രവചനത്തെ നിവർത്തിക്കുകയും ചെയ്തു: “ഭൂമിയിൽ പോംവഴി അറിയാത്ത ജനതകളുടെ അതിവേദന . . . അതേസമയം നിവസിത ഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുളള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുന്നു.” (ലൂക്കോസ് 21:25, 26) കുററകൃത്യങ്ങളിലും ദുഷ്ടതയിലും കുട്ടികളുടെ ഇടയിലെ അനുസരണക്കേടിലും ദുഷ്പ്രവൃത്തികളിലുമുളള വർദ്ധനവും അഭക്തിയുടെയും അധാർമ്മികതയുടെയും വളർച്ചയും—ഈ ഭയജനകമായ വികാസങ്ങളും ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകളെ” കുറിക്കുന്നതായി മുൻകൂട്ടിപ്പറയപ്പെട്ടു.—2 തിമൊഥെയോസ് 3:1-5; മത്തായി 24:12.
48. ഭൂമിയിലെ കഷ്ടാവസ്ഥകൾക്ക് ഉത്തരവാദി ആർ? 1914 മുതൽ അവ വർദ്ധിച്ചിരിക്കുന്നതെന്തുകൊണ്ട്?
48 എന്നിരുന്നാലും, 1914-ൽ സ്വർഗ്ഗീയഗവൺമെൻറ് സ്ഥാപിക്കപ്പെട്ടെങ്കിൽ ഭൂമിയിൽ ഈ കൊടുംവിപത്തെല്ലാം എന്തുകൊണ്ട്? പിശാചായ സാത്താനാണ് ഉത്തരവാദിയായിരിക്കുന്നത്. ക്രിസ്തുവിന് രാജ്യാധികാരം ലഭിച്ചപ്പോൾ അവന്റെ ആദ്യപ്രവൃത്തി അദൃശ്യ സ്വർഗ്ഗങ്ങളിൽ സാത്താനുമായി യുദ്ധം ചെയ്യുകയെന്നതായിരുന്നു. തൽഫലമായി, “മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുന്ന” സാത്താൻ അവന്റെ ദൂതൻമാരോടുകൂടെ ഭൂമിയുടെ പരിസരത്തിലേക്ക് ചുഴററിയെറിയപ്പെട്ടു. തന്റെ നാശം അടുത്തിരിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് അവൻ ഭൂമിയിൽ വലിയ കുഴപ്പം ഇളക്കിവിടുകയാണ്. “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ തനിക്ക് അല്പകാലഘട്ടമാണുളളതെന്നറിഞ്ഞുകൊണ്ട് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാട് 12:7-9, 12.
49. (എ) “ഭൂമിയെ നശിപ്പിക്കുന്നവർ”ക്ക് എന്തു സംഭവിക്കും? (ബി) യഹോവ ജനതകളുടെമേൽ തന്റെ “ന്യായത്തീർപ്പ്” എങ്ങനെ നടപ്പിലാക്കും?
49 ഈ ദുരിതങ്ങൾക്ക് ഒരു അവസാനമുണ്ടാകുമോ? ഉവ്വ്! സർവ്വശക്തനായ ദൈവത്തിന്റെ രാജ്യമായ സ്വർഗ്ഗീയ ഗവൺമെൻറുതന്നെ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാൻ നടപടി സ്വീകരിക്കുമ്പോൾ. (വെളിപ്പാട് 11:18; ദാനിയേൽ 2:44) തങ്ങളുടെ ന്യൂക്ലിയർ ആയുധങ്ങൾകൊണ്ട് ദൈവത്തിന്റെ കൈവേലയായ ഭൂമിയെ നശിപ്പിക്കാൻ അവൻ രാഷ്ട്രീയശക്തികളെയോ കളളക്രിസ്ത്യാനികളെയോ മററാരെയെങ്കിലുമോ ഒരിക്കലും അനുവദിക്കുകയില്ല. പകരം അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ ഭീഷണി, എന്റെ മുഴു ഉഗ്രകോപവും, ചൊരിയേണ്ടതിന് ജനതകളെ കൂട്ടിച്ചേർക്കാൻ, രാജ്യങ്ങളെ ഒരുമിച്ചു കൂട്ടാൻ ആകുന്നു എന്റെ ന്യായത്തീർപ്പ്.” (സെഫന്യാവ് 3:8) ഭൂമിയിൽ സാത്താനെ അനുസരിക്കുന്ന എല്ലാവർക്കും അപ്രതിരോധ്യമായ നാശം വരുത്താൻ യഹോവ താൻ പ്രപഞ്ചത്തിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വലിയ ശക്തികളെ തന്റെ ക്രിസ്തു മുഖേന ഉപയോഗിക്കുന്നതായിരിക്കും. ഇത് നോഹയുടെ നാളിലെ പ്രളയത്തെപ്പോലെ വിപുലവും ആഗോളമായ തോതിലുമായിരിക്കും.—യിരെമ്യാവ് 25:31-34; 2 പത്രോസ് 3:5-7, 10.
50. (എ) “അർമ്മഗെദ്ദോൻ” എന്താണ്? (ബി) ആർ മാത്രമേ അർമ്മഗെദ്ദോനെ അതിജീവിക്കുകയുളളു?
50 ബൈബിളിൽ ദുഷ്ടജനതകളുടെ ഈ നാശം ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധം എന്നു വിളിക്കപ്പെടുന്നു. (വെളിപ്പാട് 16:14-16) സൗമ്യതയുളളവർ, യഹോവയേയും നീതിയെയും സ്നേഹിക്കുന്നവർ, മാത്രമേ അർമ്മഗെദ്ദോനെ അതിജീവിച്ച് ദൈവത്തിന്റെ സമാധാനപൂർണ്ണമായ പുതിയ വ്യവസ്ഥിതിയിലേക്കു കടക്കുകയുളളു. (സെഫന്യാവ് 2:3; യെശയ്യാവ് 26:20, 21) ഇവരെ സംബന്ധിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “എന്നാൽ സൗമ്യതയുളളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ തീർച്ചയായും സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” (സങ്കീർത്തനം 37:11) ഭൂമിയിൽ പരദീസാ പുനഃസ്ഥാപിക്കുന്ന മഹത്തായ വേല അന്ന് ആരംഭിക്കും!
പരദീസയിൽ പ്രവേശിക്കുന്നതിനുളള വിദ്യാഭ്യാസം
51. നിങ്ങൾ ഇപ്പോൾ നടപടി സ്വീകരിക്കേണ്ടതെന്തുകൊണ്ട്?
51 നിങ്ങൾ പരദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നുവോ? നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കിൽ, ഇന്നത്തെ അസ്വസ്ഥ വ്യവസ്ഥിതിയെക്കുറിച്ചും അതിന്റെ ആസന്നമായ നാശത്തിന്റെ “അടയാളത്തെ”ക്കുറിച്ചും യേശു പ്രസ്താവിച്ചപ്പോൾ “ഇവയെല്ലാം സംഭവിക്കുന്നതുവരെ യാതൊരു പ്രകാരത്തിലും ഈ തലമുറ നീങ്ങിപ്പോകുകയില്ല” എന്നുംകൂടെ അവൻ കൂട്ടിച്ചേർത്തുവെന്നറിയുമ്പോൾ നിങ്ങൾ രോമാഞ്ചമണിയും. 1914-ൽ “കൊടുംവിപത്തിന്റെ വേദനകളുടെ ആരംഭം” കണ്ട തലമുറയിലെ കുറെ പേരെങ്കിലും ഭൂമിയിൽ പുനഃസ്ഥിതീകരിക്കപ്പെടുന്ന പരദീസാ കാണാൻ ജീവിച്ചിരിക്കും. (മത്തായി 24:3-8, 34) എന്നിരുന്നാലും, ഇന്നത്തെ മിക്കയാളുകളും നാശത്തിലേക്കു നയിക്കുന്ന വിശാലമായ വഴിയിലാണെന്നുളളത് ഒരു ദുഃഖസത്യമാണ്. (മത്തായി 7:13, 14) അവർക്ക് മാററംവരുത്താൻ അധികം സമയമൊന്നും ശേഷിച്ചിട്ടില്ല. യഹോവ തക്കസമയത്തു മുന്നറിയിപ്പുനൽകിയിരിക്കുന്നതിൽ നിങ്ങൾക്ക് എത്ര നന്ദിയുളളവരായിരിക്കാൻ കഴിയും! നിങ്ങൾക്ക് ജീവൻ ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ട് ശരിയായ നടപടികൾ സ്വീകരിക്കാൻ അവൻ നിങ്ങളെ സഹായിക്കും.—2 പത്രോസ് 3:9; യെഹെസ്ക്കേൽ 18:23.
52. മതം സംബന്ധിച്ച് ജ്ഞാനപൂർവ്വകമായ ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിന് നിങ്ങൾക്ക് എന്താവശ്യമാണ്?
52 ഇപ്പോൾ നിങ്ങൾക്ക് അടിയന്തിരമായി ആവശ്യമായിരിക്കുന്നത് സൂക്ഷ്മപരിജ്ഞാനമാണ്. (1 തിമൊഥെയോസ് 2:4; യോഹന്നാൻ 17:3) നിങ്ങൾക്ക് ഇത് എവിടെനിന്ന് ലഭിക്കും? ഏതു മതത്തിലും ഇത് കണ്ടെത്താൻ കഴിയുമോ? ഒരു പർവ്വതത്തിലെ എല്ലാ വഴികളും പർവ്വത ശൃംഗത്തിലേക്കു നയിക്കുന്നതുപോലെ എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്നുവെന്ന് ചിലർ പറയുന്നു. അവർ എത്ര തെററിപ്പോയിരിക്കുന്നു! ശരിയായ വഴി കണ്ടെത്തുന്നതിന് പർവ്വതാരോഹകർ ഭൂപടങ്ങൾ ഉപയോഗിക്കുന്നു, അവർ വഴികാട്ടികളെ കൂലിക്കു വിളിക്കുകയും ചെയ്യുന്നു. അതുപോലെ, നിത്യജീവനിലേക്കു നയിക്കുന്ന ഒരു സത്യമതമേയുളളു. അതു കണ്ടെത്തുന്നതിന് മാർഗ്ഗനിർദ്ദേശം ആവശ്യമാണ്.—പ്രവൃത്തികൾ 8:26-31.
53. (എ) നിത്യജീവൻ നേടുന്നതിന്, നിങ്ങൾ എന്തു തുടർന്നു ചേയ്യേണ്ടതാണ്? (ബി) നിങ്ങൾ സാത്താനിൽനിന്നുളള ഏതു പ്രലോഭനങ്ങളെ തരണം ചെയ്യേണ്ട ആവശ്യമുണ്ടായിരിക്കാം?
53 നിങ്ങളെ സഹായിക്കാനാണ് യഹോവയുടെ സാക്ഷികൾ ഈ ലഘുപത്രിക പ്രദാനം ചെയ്തിരിക്കുന്നത്. ഇപ്പോൾത്തന്നെ ചില അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കാൻ ഇതു നിങ്ങളെ സഹായിച്ചിരിക്കുന്നു, ഇല്ലേ? ഓരോ ആശയവും ദൈവത്തിന്റെ നിശ്വസ്തവചനത്തിൽ അധിഷ്ഠിതമാണെന്ന് നിങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നുളളതിനു സംശയമില്ല. ഇപ്പോൾ നിങ്ങളുടെ ലക്ഷ്യത്തിലേക്കു പുരോഗമിക്കുന്നതിന് നിങ്ങൾ തുടർന്ന് പഠിക്കേണ്ടതാണ്. ഒരുവനെ സമുദായത്തിലെ ദൈനംദിന ജീവിതത്തിന് യോഗ്യനാക്കുന്നതിന് ശരിയായ ലൗകിക വിദ്യാഭ്യാസം ആവശ്യമായിരിക്കുന്നതുപോലെ, പരദീസാഭൂമിയിൽ ജീവിക്കാൻ അതിജീവിക്കുന്ന സമുദായത്തിൽ ചേരാൻ ഒരുവനെ സജ്ജനാക്കുന്നതിന് ശരിയായ ബൈബിൾ വിദ്യാഭ്യാസം ആവശ്യമാണ്. (2 തിമൊഥെയോസ് 3:16, 17) ഉററ ചങ്ങാതിമാർ നിങ്ങളെ എതിർക്കാൻ ഇടയാക്കുന്നതിനാലോ സ്വാർത്ഥ ഭൗതിക വഴികൾ അഥവാ അധാർമ്മികവഴികൾ സ്വീകരിക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നതിനാലോ നിങ്ങളെ വ്യതിചലിപ്പിക്കാൻ സാത്താൻ ശ്രമിച്ചേക്കാം. സാത്താന് കീഴ്പ്പെടരുത്. നിങ്ങളുടെ സുരക്ഷയും നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മുഴുഭാവിയും ആശ്രയിച്ചിരിക്കുന്നത് നിങ്ങൾ കൂടുതലായി ബൈബിൾ പഠിക്കുന്നതിനെയാണ്.—മത്തായി 10:36; 1 യോഹന്നാൻ 2:15-17.
54. നിങ്ങളുടെ അയൽ പ്രദേശത്ത് വിദ്യാഭ്യാസത്തിനുവേണ്ടി ഏതു കൂടുതലായ കരുതൽ യഹോവ ചെയ്തിട്ടുണ്ട്?
54 നിങ്ങളുടെ ഇപ്പോഴത്തെ ബൈബിളദ്ധ്യയനം തുടരുന്നതിനുപുറമേ, മറെറാരു വിധത്തിലും പഠിക്കാവുന്നതാണ്. ബൈബിൾ വിദ്യാഭ്യാസത്തിൽ തത്പരരായ നിങ്ങളുടെ അയൽക്കാർ സ്ഥലത്തെ രാജ്യഹാളിലെ മീററിംഗുകൾക്ക് ക്രമമായി ഹാജരാകുന്നുണ്ട്. ഹാജരാകുന്നവരെല്ലാം ബൈബിളിൽനിന്ന് പ്രബോധനം സ്വീകരിക്കുന്നതിനാണ് അവിടെ വരുന്നത്. അവർ മെച്ചപ്പെട്ട ആളുകളായിത്തീരാൻ ആത്മാർത്ഥശ്രമവും ചെയ്യുന്നു. “ജനങ്ങളേ വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക് [അവന്റെ ആരാധനാസ്ഥലം] കയറിപ്പോകാം . . . അവൻ തന്റെ വഴികളെക്കുറിച്ചു നമ്മെ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് അവർ നവാഗതരെ സത്വരം സ്വാഗതം ചെയ്യുന്നു. (യെശയ്യാവ് 2:3) ബൈബിൾ മീററിംഗുകൾക്ക് ഹാജരാകേണ്ടതിന്റെ നല്ല കാരണങ്ങൾ എബ്രായർ 10:24, 25-ൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതിങ്ങനെ വായിക്കപ്പെടുന്നു: “ചിലരുടെ പതിവുപോലെ നമ്മുടെ കൂടിവരവു ഉപേക്ഷിക്കാതെ അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം, നാൾ സമീപിക്കുന്നതായി നിങ്ങൾ കാണുമ്പോൾ പൂർവ്വാധികം അങ്ങനെ ചെയ്യാം.”
55. (എ) യഹോവയുടെ സ്ഥാപനം ഏതു വിധങ്ങളിൽ മററുളളവയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നു? (ബി) മററുളളവരിൽ നിന്ന് വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ ഏകീകൃതരായിരിക്കുന്നതെങ്ങനെ?
55 നിങ്ങൾ യഹോവയുടെ സ്ഥാപനത്തോടു സഹവസിക്കുമ്പോൾ, അവിടത്തെ അന്തരീക്ഷം ക്ഷേത്രങ്ങളിലെയും പളളികളിലെയും അന്തരീക്ഷത്തിൽനിന്ന് വളരെ വ്യത്യസ്തമാണെന്ന് നിങ്ങൾ കണ്ടെത്തും. പണത്തിനായുളള അഭ്യർത്ഥനയില്ല, അപവാദപ്രചരണമോ ശണ്ഠയോ ഇല്ല, കുടുംബപശ്ചാത്തലമോ സാമ്പത്തികനിലയോ നിമിത്തമുളള വിവേചനമില്ല. യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഏററം മുന്തിനിൽക്കുന്ന ഗുണം സ്നേഹമാണ്. ഒന്നാമതായി അവർ യഹോവയെ സ്നേഹിക്കുന്നു, രണ്ടാമതായി അവർ മററുളള ആളുകളെ സ്നേഹിക്കുന്നു, ഇവ സത്യക്രിസ്ത്യാനികളുടെ ലക്ഷണങ്ങളാണ്. (മത്തായി 22:37-39; യോഹന്നാൻ 13:35) നിങ്ങൾ അവരുടെ മീററിംഗുകൾക്കു ഹാജരായി സ്വയം ഇത് ഉറപ്പുവരുത്തേണ്ടതാണ്. അവരുടെ ഐക്യത്തിൽ നിങ്ങൾക്ക് മതിപ്പുതോന്നുമെന്നുളളതിന് സംശയമില്ല. ലോകവ്യാപകമായി 200-ൽ പരം രാജ്യങ്ങളിൽ മുപ്പതു ലക്ഷത്തിലധികം സാക്ഷികളുണ്ട്. എന്നിരുന്നാലും, ഭൂമിയിലെങ്ങുമുളള സാക്ഷികൾ തങ്ങളുടെ യോഗങ്ങളിൽ ഒരേ പരിപാടിയാണ് നടത്തുന്നത്. അനേകം ഭാഷകളിൽ ഒരേ സമയത്തുളള അച്ചടി നിമിത്തം ലോകത്തെമ്പാടുമുളള യഹോവയുടെ സാക്ഷികളിൽ മിക്കവരും തങ്ങളുടെ പ്രതിവാരയോഗങ്ങളിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ തിരുവെഴുത്തുവിഷയങ്ങളാണ് പഠിക്കുന്നത്. ഈ ഭിന്നിച്ച ലോകത്തിൽ യഹോവയുടെ സ്ഥാപനത്തിന്റെ ഐക്യം ഒരു ആധുനിക അത്ഭുതമാണ്.
56. (എ) യഹോവയുടെ സ്ഥാപനത്തോടുളള സഹവാസത്തിൽ നിന്ന് നിങ്ങൾക്ക് എന്തു പ്രയോജനങ്ങൾ ലഭിക്കാവുന്നതാണ്? (ബി) പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കണം? (സി) നിങ്ങളുടെ ജീവിതത്തെ യഹോവയ്ക്കു സമർപ്പിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
56 നിങ്ങൾ യഹോവയുടെ ജനത്തോടു ക്രമമായി സഹവസിക്കുമ്പോൾ, നിങ്ങൾ “പുതിയ വ്യക്തിത്വം” ധരിക്കുകയും ആത്മാവിന്റെ ഫലമായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ നട്ടുവളർത്തുകയും ചെയ്യേണ്ടതാവശ്യമായിവരും. (കൊലോസ്യർ 3:10, 12-14; ഗലാത്യർ 5:22, 23) ഇതു നിങ്ങൾക്ക് ആഴമായ സംതൃപ്തി കൈവരുത്തും. നിങ്ങൾ ഒരു ദുഷിച്ച ലോകത്തിൽ ജീവിക്കുന്നതുകൊണ്ടും നിങ്ങളുടെ സ്വന്തം അപൂർണ്ണതകൾ നിമിത്തവും കാലാകാലങ്ങളിൽ നിങ്ങൾ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടിവന്നേക്കാം. എന്നാൽ യഹോവ നിങ്ങളെ സഹായിക്കും. തന്നെ പ്രസാദിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർക്ക് അവന്റെ വചനം ഇങ്ങനെ ഉറപ്പുനൽകുന്നു: “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാററിലും നന്ദിപ്രകടനത്തോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക, സകല ചിന്തയെക്കാളും മികച്ചുനിൽക്കുന്ന ദൈവസമാധാനം ക്രിസ്തുയേശു മുഖേന നിങ്ങളുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാക്കും.” (ഫിലിപ്യർ 4:6, 7) നിങ്ങൾ യഹോവയുടെ സ്നേഹത്താൽ ആകർഷിക്കപ്പെടും, തന്നിമിത്തം നിങ്ങൾ അവനെ സേവിക്കാനാഗ്രഹിക്കും. ഈ സ്നേഹവാനായ ദൈവത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ സമർപ്പിക്കാൻ കഴിയുമെന്നും അവന്റെ അനുഗൃഹീത സാക്ഷികളിലൊരാളായിത്തീരാൻ എങ്ങനെ കഴിയുമെന്നും നിങ്ങളെ കാണിച്ചുതരാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ടായിരിക്കും. (സങ്കീർത്തനം 104:33; ലൂക്കോസ് 9:23) അതെ, അത് ഒരു പദവിയാണ്. ചിന്തിക്കുക! യഹോവയുടെ ഒരു ആരാധകനെന്ന നിലയിൽ നിങ്ങൾക്ക് ഇവിടെ ഭൂമിയിലെ ഒരു പരദീസയിലെ നിത്യജീവൻ എന്ന ലാക്ക് എത്തിപ്പിടിക്കാൻ കഴിയും.—സെഫന്യാവ് 2:3; യെശയ്യാവ് 25:6, 8.
57. (എ) പുതിയ വ്യവസ്ഥിതിയിൽ ദൈവവും മനുഷ്യവർഗ്ഗവും തമ്മിൽ ഏത് ഉററബന്ധം ഉണ്ടായിരിക്കും? (ബി) നിങ്ങൾക്ക് അന്ന് ആസ്വദിക്കാവുന്ന ചില അനുഗ്രഹങ്ങളേവ?
57 ആ സ്ഥിതിക്ക്, പഠിക്കുന്നതിലും, യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും നീതിനിഷ്ഠമായ സ്വർഗ്ഗീയഗവൺമെൻറിനെയും കുറിച്ചുളള വിലമതിപ്പിലും സ്നേഹത്തിലും വളരുന്നതിലും, തുടരുക. ദൈവത്തിന്റെ ഗവൺമെൻറിനെയും അത് മനുഷ്യവർഗ്ഗത്തിൻമേൽ വർഷിക്കുന്ന അനുഗ്രഹങ്ങളെയും വർണ്ണിക്കുമ്പോൾ ബൈബിൾ പ്രവചനം ഇങ്ങനെ പറയുന്നു: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ ആകുന്നു, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഇരിക്കും.” ഇന്നത്തെ വിനാശക സ്വാർത്ഥ മനുഷ്യഭരണത്തിനു വളരെ മീതെ ഉയർന്നിരിക്കുന്ന “ദൈവംതന്നെ” ആ പുതിയ വ്യവസ്ഥിതിയിൽ തന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവരോടും, ഒരു ദയാലുവായ പിതാവെന്ന നിലയിൽ, വളരെ അടുത്തിരിക്കും. തീർച്ചയായും, യഹോവയാം ദൈവത്തിന്റെ സത്യാരാധനയായ ഏക മതമേ ഉണ്ടായിരിക്കുകയുളളു. അവന്റെ ആരാധകർ മക്കൾക്കു പിതാവിനോടുളള ഉററബന്ധം ആസ്വദിക്കുന്നതായിരിക്കും. താൻ എന്തോരു സ്നേഹനിധിയായ പിതാവാണെന്ന് അവൻ തെളിയിക്കും! “അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:3, 4.
58. യഹോവ ‘സകലവും പുതുതാക്കു’മെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
58 അങ്ങനെ പൂർണ്ണതയുളള ഒരു സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ ഒരു പരദീസാഭൂമി സ്ഥാപിക്കുകയെന്ന മഹത്തായ അത്ഭുതം നിറവേറും. സൂര്യൻ നാളെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമെന്ന വസ്തുതപോലെ അതു തീർച്ചയാണ്. എന്തുകൊണ്ടെന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എന്നും “വിശ്വസ്തവും സത്യവു”മാകുന്നു. അവനാണ് സ്വർഗ്ഗത്തിലെ തന്റെ സിംഹാസനത്തിൽനിന്ന് “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന് പ്രഖ്യാപിക്കുന്നത്.—വെളിപ്പാട് 21:5.
ഈ ലഘുപത്രിക പുനരവലോകനം ചെയ്യുമ്പോൾ, ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
ബൈബിൾ ഏതു വിധങ്ങളിൽ മുന്തിനിൽക്കുന്നു?
നിങ്ങൾ ദൈവത്തെക്കുറിച്ച് എന്തു പഠിച്ചു?
ക്രിസ്തുയേശു ആരാണ്?
പിശാചായ സാത്താൻ ആരാണ്?
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
മനുഷ്യൻ മരിക്കുന്നതെന്തുകൊണ്ട്?
മരിച്ചവരുടെ അവസ്ഥ എന്ത്?
മോചനദ്രവ്യം എന്നാൽ എന്ത്?
പുനരുത്ഥാനം എവിടെ, എങ്ങനെ, നടക്കുന്നു?
രാജ്യം എന്നാൽ എന്ത്, അത് എന്തു സാധിക്കും?
“വ്യവസ്ഥിതിയുടെ സമാപനത്തിന്റെ” “അടയാളം” എന്ത്?
നിങ്ങൾക്ക് പരദീസയിലെ നിത്യജീവനുവേണ്ടി എങ്ങനെ ഒരുങ്ങാൻ കഴിയും?
[അടിക്കുറിപ്പുകൾ]
a മററുപ്രകാരത്തിൽ സൂചിപ്പിക്കാതിരുന്നാൽ ഈ പ്രസിദ്ധീകരണത്തിലെ തിരുവെഴുത്തുദ്ധരണികൾ ആധുനികഭാഷയിലുളള വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം, 1984-ലെ പതിപ്പിൽ നിന്നാണ്.
b മുകളിലത്തെ ഖണ്ഡികകളെ പിന്താങ്ങുന്ന ബൈബിൾ പരാമർശങ്ങൾ: (1) പ്രവൃത്തികൾ 17:26; സങ്കീർത്തനം 46:9; മീഖാ 4:3, 4; യെശയ്യാവ് 65:21-23; (2) യെശയ്യാവ് 65:25; 11:6-9; 55:12, 13; സങ്കീർത്തനം 67:6, 7; (3) ഇയ്യോബ് 33:25; യെശയ്യാവ് 35:5, 6; 33:24; സങ്കീർത്തനം 104:24; (4) യെശയ്യാവ് 55:11.
c രാജാക്കൻമാരും കല്ലറകളും ജനങ്ങളും—പൂർവ്വദിക്കിന്റെ അരുണോദയം, പേജ് 25.
d ജെ. മക്ലിന്റോക്കിന്റെയും ജെ. സ്ത്രോംഗിന്റെയും ബൈബിൾപരവും ദൈവശാസ്ത്രപരവും സഭാപരവുമായ സാഹിത്യ വിജ്ഞാനകോശം, വാള്യം 8, പേജ് 908.
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രങ്ങൾ]
സൃഷ്ടിയിൽ, മനുഷ്യൻ മൃഗങ്ങളെക്കാൾ ഉയർന്നവനാണ്
[18-ാം പേജിലെ ചിത്രങ്ങൾ]
യേശു പൂർണ്ണ മനുഷ്യനായ ആദാമിന് തുല്യനായിരുന്നു