അനിർദിഷ്ടകാലം
ബൈബിൾ എഴുതാൻ ഉപയോഗിച്ച ഗ്രീക്കുഭാഷയിലെ ഈ ക്രിയാരൂപം ഒരു കാലമായി (tense) കണക്കാക്കാറുണ്ടെങ്കിലും ഇതു പലപ്പോഴും സൂചിപ്പിക്കുന്നത് ഒരു പ്രവൃത്തി നടക്കുന്ന സമയത്തെയല്ല പകരം ആ പ്രവൃത്തി നടക്കുന്ന വിധത്തെയാണ്. അനിർദിഷ്ടകാലത്തിലുള്ള (aorist tense) ക്രിയകളെ സന്ദർഭമനുസരിച്ച് വ്യത്യസ്‌തരീതിയിൽ പരിഭാഷപ്പെടുത്താം. ഇത്തരം ഒരു ക്രിയ കുറിക്കുന്നത്, ഒരു കാര്യം ചെയ്‌തുകൊണ്ടിരിക്കുന്നതിനെയോ പതിവായി ഒരു കാര്യം ചെയ്യുന്നതിനെയോ അല്ല മറിച്ച് ഒരൊറ്റ തവണയോ ക്ഷണികമായോ ചെയ്യുന്ന പ്രവൃത്തികളെയാണ്.
1 യോഹന്നാൻ 2:1-ൽ “പാപം ചെയ്യുക” എന്ന ഗ്രീക്കുക്രിയയുടെ അനിർദിഷ്ടകാലരൂപം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഒരു പാപം ചെയ്യുക’ എന്നാണ്. അവിടെ ആ ക്രിയാരൂപം സൂചിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രവൃത്തിയെയല്ല, പകരം ഒരൊറ്റ പാപപ്രവൃത്തിയെയാണ്. എന്നാൽ ഒരു ഗ്രീക്കുക്രിയയുടെ വർത്തമാനകാലരൂപം മിക്കപ്പോഴും തുടർച്ചയായ ഒരു പ്രവൃത്തിയെയാണു കുറിക്കുന്നത്. ഉദാഹരണത്തിന്, 1 യോഹന്നാൻ 3:6-ൽ മേൽപ്പറഞ്ഞ ഗ്രീക്കുക്രിയയുടെ വർത്തമാനകാലരൂപം, ‘പാപം ചെയ്യുന്ന ശീലം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇനി തെളിവനുസരിച്ച്, മത്തായി 4:9-ൽ കാണുന്ന ക്രിയയുടെ അനിർദിഷ്ടകാലരൂപം സൂചിപ്പിക്കുന്നതു സാത്താൻ യേശുവിനോട് ആവശ്യപ്പെട്ടതു തന്നെ തുടർച്ചയായി ആരാധിക്കാനല്ല, മറിച്ച് ‘ഒന്ന് ആരാധിക്കാൻ’ ആയിരുന്നെന്നാണ്.
ആജ്ഞയ്‌ക്കും അനിർദിഷ്ടകാലരൂപം വരാം. മിക്കപ്പോഴും വർത്തമാനകാലരൂപത്തിലുള്ള ഒരു വിലക്ക് അഥവാ ആജ്ഞ, ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിറുത്താനാണ് ആവശ്യപ്പെടുന്നതെങ്കിൽ (ലൂക്ക 5:10; 23:28; യോഹ 2:16) അതിന്റെ അനിർദിഷ്ടകാലരൂപം അക്കാര്യം ഒരു സമയത്തും ചെയ്യാതിരിക്കുന്നതിനെയാണു സൂചിപ്പിക്കുന്നത്. “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്” എന്നു പറയുന്ന മത്തായി 6:34 അതിന് ഉദാഹരണമാണ്. ഈ വാക്യത്തിലെ അനിർദിഷ്ടകാലരൂപം നൽകുന്ന സൂചന, ഒരു സമയത്തും ഉത്‌കണ്‌ഠപ്പെടരുത് എന്നാണ്.