വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൈയെഴുത്തുപ്രതികൾ

കൈയെഴുത്തുപ്രതികൾ

ചില പുരാതനരേഖകളുടെ, കൈകൊണ്ട്‌ എഴുതിയുണ്ടാക്കിയ പകർപ്പുകളെയാണു മിക്കപ്പോഴും കൈയെഴുത്തുപ്രതികൾ എന്നു വിളിക്കുന്നത്‌. ബൈബിൾപുസ്‌തകങ്ങളുടെയും മറ്റും പകർപ്പുകൾ ഇത്തരത്തിൽ എഴുതിത്തയ്യാറാക്കിയിരുന്നു.

പണ്ടു കൈയെഴുത്തുപ്രതികൾ ഉണ്ടാക്കാൻ ചർമപത്രങ്ങളോ പപ്പൈറസോ ആണ്‌ കൂടുതലും ഉപയോഗിച്ചിരുന്നത്‌. ചർമപത്രങ്ങൾ രണ്ടു തരം ഉണ്ടായിരുന്നു. അവയിൽ ഒന്ന്‌, പശുവിന്റെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ തോലുകൊണ്ട്‌ ഉണ്ടാക്കുന്നവയായിരുന്നു. മറ്റേതാകട്ടെ മൃഗക്കുട്ടികളുടെ തോലുകൊണ്ടും. ഇനി, പപ്പൈറസ്‌ എന്നു പറയുന്നതു കടലാസിന്റെ ഒരു ആദ്യകാലരൂപമാണ്‌. പപ്പൈറസ്‌ ചെടികൊണ്ട്‌, പ്രത്യേകിച്ച്‌ അതിന്റെ അകക്കാമ്പുകൊണ്ട്‌, ആണ്‌ അതു നിർമിച്ചിരുന്നത്‌.

ബൈബിളെഴുത്തുകാർ ആദ്യം എഴുതിയുണ്ടാക്കിയ കൈയെഴുത്തുപ്രതികളൊക്കെ വളരെ പണ്ടേ അപ്രത്യക്ഷമായെങ്കിലും ബൈബിളിന്റെ പഴക്കമേറിയ ചില കൈയെഴുത്തുപ്രതികൾ ഇന്നും ലഭ്യമാണ്‌. അവയിൽ ഏറ്റവും ശ്രദ്ധേയമായത്‌ എബ്രായതിരുവെഴുത്തുകളിലെ പുസ്‌തകങ്ങൾ അടങ്ങിയ ചാവുകടൽ ചുരുളുകളാണ്‌. ഇത്തരം ചില ചുരുളുകൾക്കു (ചിലതു ശകലങ്ങൾ മാത്രമാണ്‌.) ബി.സി. മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്‌. ലോകത്തെ പല ഗ്രന്ഥശാലകളിലായി എബ്രായതിരുവെഴുത്തുകളുടെ 6,000-ത്തോളം കൈയെഴുത്തുപ്രതികൾ പൂർണരൂപത്തിലോ അല്ലാതെയോ ഇന്നും ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇനി, ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ കൈയെഴുത്തുപ്രതികളും ഇന്നു ലഭ്യമാണ്‌. ഗ്രീക്കിലും (5,300-ഓളം പ്രതികൾ) ലത്തീനിലും (10,000-ത്തോളം പ്രതികൾ) മറ്റ്‌ അനേകം ഭാഷകളിലും ആയി അവയുടെ ഒട്ടനേകം കൈയെഴുത്തുപ്രതികൾ ഇന്നുമുണ്ട്‌.