വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൈസര്യയിലെ യൂസേബിയസ്‌

കൈസര്യയിലെ യൂസേബിയസ്‌

(ഏ. എ.ഡി. 260-ഏ. 340) സാധ്യതയനുസരിച്ച്‌ ഇസ്രായേലിലെ കൈസര്യയിൽ ജനിച്ച യൂസേബിയസ്‌, ഒരു ചരിത്രകാരനും പണ്ഡിതനും ദൈവശാസ്‌ത്രജ്ഞനും ആയിരുന്നു. പിൽക്കാലത്ത്‌ അദ്ദേഹം സഭാചരിത്രത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെട്ടു.

കൈസര്യയിലെ യൂസേബിയസ്‌ എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‌ യൂസേബിയസ്‌ പാംഫിലി എന്നൊരു പേരുമുണ്ടായിരുന്നു. കൈസര്യയിലെ ഒരു സഭാധ്യക്ഷനായിരുന്ന പാംഫിലസിന്റെ പേരിൽനിന്നാണ്‌ അദ്ദേഹത്തിന്‌ ആ പേര്‌ ലഭിച്ചത്‌. ഏതാണ്ട്‌ എ.ഡി. 313-ൽ അദ്ദേഹം കൈസര്യയിലെ മെത്രാനായി വാഴിക്കപ്പെട്ടു.

ബൈബിളിലെ ചില സ്ഥലങ്ങളുടെ കൃത്യസ്ഥാനവും ചില ബൈബിൾപുസ്‌തകങ്ങളുടെ പശ്ചാത്തലവിവരങ്ങളും മനസ്സിലാക്കാൻ യൂസേബിയസിന്റെ ലേഖനങ്ങൾ സഹായിക്കുന്നതുകൊണ്ട്‌ ബൈബിൾവിദ്യാർഥികൾക്ക്‌ അവയോട്‌ ഒരു പ്രത്യേകതാത്‌പര്യമുണ്ട്‌. മധ്യയുഗത്തിനു മുമ്പുള്ള സഭാചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയായി കരുതപ്പെടുന്ന സഭാചരിത്രം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം യൂസേബിയസിന്റേതാണ്‌. ഏതാണ്ട്‌ എ.ഡി. 324-ലാണ്‌ അതു പുറത്തിറക്കിയത്‌. ഈ വിഖ്യാതകൃതിയിൽ അപ്പോസ്‌തലന്മാരുടെ കാലംമുതൽ യൂസേബിയസിന്റെ കാലംവരെയുള്ള ആദ്യകാല ക്രിസ്‌തീയചരിത്രം കാലാനുക്രമത്തിൽ വിവരിച്ചിട്ടുണ്ട്‌. എ.ഡി. 70-ലെ യരുശലേമിന്റെ നാശത്തിനു മുമ്പ്‌ ക്രിസ്‌ത്യാനികൾ ആ നഗരവും യഹൂദ്യദേശവും വിട്ട്‌ പെരിയയിലെ (യോർദാന്റെ മറുകരയിലുള്ള സ്ഥലം.) ഒരു നഗരമായ പെല്ലയിലേക്ക്‌ ഓടിപ്പോയതായി സഭാചരിത്രത്തിൽ (III, V, 3) യൂസേബിയസ്‌ രേഖപ്പെടുത്തിയിരിക്കുന്നു. റോമൻസൈന്യം യരുശലേമിനെ വളയുന്നതു കണ്ടപ്പോൾ ക്രിസ്‌ത്യാനികൾ യേശുവിന്റെ മുന്നറിയിപ്പ്‌ അനുസരിച്ച്‌ ഓടിപ്പോയെന്ന കാര്യം അദ്ദേഹത്തിന്റെ ഈ വിവരണം സ്ഥിരീകരിക്കുന്നുണ്ട്‌.​—ലൂക്ക 21:20-22.

ക്രിസ്‌തു പിതാവിനു തുല്യനല്ലെന്ന കാഴ്‌ചപ്പാടു വെച്ചുപുലർത്തിയതിനു യൂസേബിയസിനു സഭ ഭ്രഷ്ട്‌ കല്‌പിച്ചു. എന്നാൽ എ.ഡി. 325-ലെ നിഖ്യാ സുന്നഹദോസിൽവെച്ച്‌ അദ്ദേഹം എതിർപക്ഷത്തിന്റെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അവിടെ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിയുടെ ദൈവശാസ്‌ത്ര ഉപദേഷ്ടാവായി സേവിച്ച അദ്ദേഹം ക്രിസ്‌തീയ സിദ്ധാന്തങ്ങളെ ഏകീകരിക്കാനുള്ള കോൺസ്റ്റന്റൈന്റെ ശ്രമങ്ങളെ വാനോളം പുകഴ്‌ത്തി. ചക്രവർത്തിയുടെ മരണശേഷം യൂസേബിയസ്‌ അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്‌ജലിയായി കോൺസ്റ്റന്റൈന്റെ ജീവിതം (ഇംഗ്ലീഷ്‌) എന്നൊരു ഗ്രന്ഥം രചിക്കുകയും ചെയ്‌തു.

യൂസേബിയസ്‌ നിഖ്യായിൽവെച്ച്‌ തന്റെ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്‌തെന്ന കാര്യം സൂചിപ്പിക്കുന്നത്‌ അദ്ദേഹം ബൈബിൾസത്യങ്ങളെക്കാൾ പ്രാധാന്യം കല്‌പിച്ചതു സ്വന്തം സ്ഥാനമാനങ്ങൾക്കായിരുന്നു എന്നാണ്‌.