വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഖുംറാൻ

ഖുംറാൻ

ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു നീർച്ചാലിന്റെ പേര്‌. ജൂതന്മാരുടെ ഒരു പഴയ അധിവാസമേഖലയുടെ നാശാവശിഷ്ടങ്ങൾ അതിനു സമീപത്തുണ്ട്‌. ഈ അധിവാസമേഖലയിൽനിന്ന്‌ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തതോടെയാണ്‌ ഇവിടം പ്രശസ്‌തമായിത്തീർന്നത്‌.

ആ സ്ഥലം ഇന്ന്‌ അറിയപ്പെടുന്നതു ഖിർബത്ത്‌ ഖുംറാൻ എന്നാണ്‌. യരീഹൊയ്‌ക്ക്‌ 13 കി.മീ. തെക്ക്‌ മാറിയാണ്‌ അതിന്റെ സ്ഥാനം. 1947-ൽ ആദ്യമായി ആ പ്രദേശത്തെ ഗുഹകളിൽനിന്ന്‌ ചാവുകടൽ ചുരുളുകളുടെ പ്രതി കണ്ടെടുത്തു. ഒന്നാം നൂറ്റാണ്ടിൽ ഖുംറാനിൽ താമസിച്ചിരുന്നവരാണ്‌ അത്‌ അവിടെ വെച്ചതെന്നു കരുതപ്പെടുന്നു. ജൂതന്മാരിലെ എസ്സീന്യർ എന്ന വിഭാഗക്കാരായിരുന്നു അവരെന്നാണു പല പണ്ഡിതന്മാരുടെയും അഭിപ്രായം. എ.ഡി. 68-ലെ റോമൻ അധിനിവേശത്തിന്റെ സമയത്ത്‌ അവിടെനിന്ന്‌ പലായനം ചെയ്യുന്നതിനു മുമ്പ്‌ ഇവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ അവിടത്തെ ഗുഹകളിൽ ഒളിപ്പിച്ചുവെച്ചു. അവരുടെ അധിവാസമേഖല നശിപ്പിച്ച റോമാക്കാർ സാധ്യതയനുസരിച്ച്‌ അവിടെ ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. ഏകദേശം എ.ഡി. 73 വരെ അത്‌ അവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.