ചിന്തോദ്ദീപകമായ ചോദ്യങ്ങൾ
കേൾവിക്കാരനിൽനിന്ന് ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ളതല്ല ഇത്തരം ചോദ്യങ്ങൾ. ഒരാളുടെ ചിന്തയെ ഉണർത്താനോ ഒരു കാര്യത്തിന് ഊന്നൽ നൽകാനോ പ്രധാനപ്പെട്ട ഒരു ആശയം അവതരിപ്പിക്കാനോ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിച്ച് നിഗമനത്തിലെത്താനോ സഹായിക്കുന്ന ചോദ്യങ്ങളാണ് ഇവ.
ആളുകളെ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ശക്തമായ ഒരു ഉപാധിയാണ് ഇത്തരം ചോദ്യങ്ങൾ. ബൈബിളിൽ പലയിടത്തും ഇവ കാണാം. പുരാതനനാളിൽ യഹോവ തന്റെ ജനത്തെ തിരുത്തിയപ്പോൾ ഇത്തരം ചോദ്യങ്ങൾ ഉപയോഗിച്ചു. (യശ 40:18, 21, 25; യിര 18:14) സുപ്രധാനസത്യങ്ങൾക്ക് ഊന്നൽ നൽകാൻ യേശുവും ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിച്ചു. (ലൂക്ക 11:11-13) ഇനി, ആളുകളെ ചിന്തിപ്പിക്കാനും യേശു അവ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ യേശു ഇത്തരം ചോദ്യങ്ങൾ ഒന്നിനു പുറകേ ഒന്നായി ചോദിച്ചു. (മത്ത 11:7-9) അപ്പോസ്‌തലനായ പൗലോസും ചിന്തോദ്ദീപകമായ ചോദ്യങ്ങൾ നന്നായി ഉപയോഗിച്ചു.—റോമ 8:31-34; 1കൊ 1:13; 11:22.
ബൈബിൾ വായിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ കാണുന്നെങ്കിൽ, ഒരു നിമിഷം വായന നിറുത്തി, ആ ചോദ്യംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്നു ചിന്തിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന്, “മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ” എന്ന യേശുവിന്റെ ചോദ്യത്തിനു പ്രതീക്ഷിക്കുന്ന ഉത്തരം, “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു അപ്പനു ചിന്തിക്കാനേ കഴിയില്ല” എന്നാണ്.—മത്ത 7:9-ന്റെ പഠനക്കുറിപ്പു കാണുക.