വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജസ്റ്റിൻ മാർട്ടയർ (രക്തസാക്ഷിയായ ജസ്റ്റിൻ)

ജസ്റ്റിൻ മാർട്ടയർ (രക്തസാക്ഷിയായ ജസ്റ്റിൻ)

(ഏ. എ.ഡി. 100-ഏ. 165) ക്രിസ്‌ത്യാനികൾക്കുവേണ്ടി വാദിക്കുകയും അവരെ അനുകൂലിച്ച്‌ ലേഖനങ്ങൾ എഴുതുകയും ചെയ്‌ത ഗ്രീക്ക്‌ തത്ത്വചിന്തകനും ദൈവശാസ്‌ത്രജ്ഞനും ആയിരുന്നു ഇദ്ദേഹം. ഫ്‌ളേവ്യ നേയാപ്പോളിസിൽ (ഇപ്പോഴത്തെ നാബ്ലസ്‌) ജനിച്ച ജസ്റ്റിൻ ഏതാണ്ട്‌ എ.ഡി. 132-ൽ സാധ്യതയനുസരിച്ച്‌ എഫെസൊസിൽവെച്ചാണു ക്രിസ്‌ത്യാനിത്വം സ്വീകരിക്കുന്നത്‌. റോമിൽവെച്ച്‌ ശിരച്ഛേദം ചെയ്യപ്പെട്ട ഇദ്ദേഹം അങ്ങനെ ഒരു രക്തസാക്ഷിയായിത്തീർന്നു.

ജസ്റ്റിന്റെ കൃതികളിൽ ഇന്ന്‌ അവശേഷിക്കുന്നതു പക്ഷവാദം (ഇംഗ്ലീഷ്‌), ട്രൈഫോയുമായുള്ള സംഭാഷണങ്ങൾ (ഇംഗ്ലീഷ്‌) (ട്രൈഫോ ഒരു ജൂതനായിരുന്നു.) എന്നിവ മാത്രമാണ്‌. പക്ഷവാദം എന്ന തന്റെ ഗ്രന്ഥത്തിൽ, ക്രിസ്‌ത്യാനികളോടു വിദ്വേഷം പുലർത്തിയ റോമൻ ഗവൺമെന്റിന്‌ എതിരെ ജസ്റ്റിൻ നിലപാടെടുക്കുകയും ക്രിസ്‌ത്യാനികളെ അനുകൂലിച്ച്‌ സംസാരിക്കുകയും ചെയ്‌തു. അവർ നിരീശ്വരവാദികളാണെന്ന ആരോപണത്തിനും അദ്ദേഹം ആ ഗ്രന്ഥത്തിലൂടെ മറുപടി കൊടുത്തു. തിരുവെഴുത്തുകളും ഗ്രീക്ക്‌ തത്ത്വചിന്തയും തമ്മിൽ കൂട്ടിക്കലർത്തിയ അദ്ദേഹം തന്റെ ആ വിശ്വാസങ്ങൾ ആളുകളിലേക്ക്‌ എത്തിക്കാൻ ശ്രമിച്ചു. ദൈവത്തിനു വ്യക്തിപരമായ ഒരു പേരില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഒന്ന്‌. സംഭാഷണങ്ങൾ എന്ന പുസ്‌തകത്തിൽ, യേശുവാണു മിശിഹ എന്നും ജൂതമതത്തിനു മേലാൽ പ്രസക്തിയില്ലെന്നും അദ്ദേഹം വാദിച്ചു.

ക്രിസ്‌ത്യാനിത്വത്തെ തത്ത്വചിന്തയുമായി കൂട്ടിക്കുഴച്ച ജസ്റ്റിൻ, എഴുതിയിരിക്കുന്നതിനോടു പറ്റിനിൽക്കാനുള്ള ദൈവപ്രചോദിതമായ കല്‌പന വാസ്‌തവത്തിൽ അവഗണിക്കുകയായിരുന്നു. (1കൊ 4:6) സഭാപിതാക്കന്മാർ എന്ന്‌ അറിയപ്പെട്ടിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം അതിവേഗം പടർന്നുപിടിക്കാൻ അതു വഴിവെച്ചു. (മത്ത 13:38, 39; 2പത്ര 2:1) എങ്കിലും ജസ്റ്റിൻ ജീവിച്ചിരുന്നത്‌, അപ്പോസ്‌തലന്മാർ മരിച്ച്‌ അധികം വൈകാതെയായതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്കു ചരിത്രപരമായ മൂല്യമുണ്ട്‌. ഉദാഹരണത്തിന്‌, ജൂതന്മാർ തിരുവെഴുത്തുകളുടെ ഭാഗമായി അംഗീകരിച്ചിരുന്ന പുസ്‌തകങ്ങളെ (കാനോൻ) അദ്ദേഹം അംഗീകരിച്ചിരുന്നെന്നും അതിൽപ്പെടാത്ത അപ്പോക്രീഫാ പുസ്‌തകങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞെന്നും അവ സൂചിപ്പിക്കുന്നു.