വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂതമതതീവ്രവാദികൾ

ജൂതമതതീവ്രവാദികൾ

സെലോറ്റേസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഉത്സാഹി; തീക്ഷ്‌ണതയുള്ളവൻ” എന്നൊക്കെയാണ്‌. പിൽക്കാലത്ത്‌ ഈ പദം, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പ്രബലമായിരുന്ന ഒരു ജൂതമതതീവ്രവാദ വിഭാഗത്തിൽപ്പെട്ടവരെ കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. തങ്ങളുടെ മാതൃദേശം പിടിച്ചടക്കിയ റോമാക്കാർക്കെതിരെ പോരാടുന്നവരായിരുന്നു അവർ.

യഹൂദ്യയുടെ മേൽ റോമാക്കാർ അധികാരം സ്ഥാപിച്ചതോടെ, മതപരവും രാഷ്‌ട്രീയവും ആയ അനേകം പ്രശ്‌നങ്ങൾ നീറിപ്പുകയാൻതുടങ്ങി. പ്രക്ഷുബ്ധമായ ആ കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങളുടെ മുഖ്യസ്രോതസ്സായ ജോസീഫസ്‌, അക്കാലത്ത്‌ മുളച്ചുപൊങ്ങിയ അനേകം ജൂതവിമോചനപ്രസ്ഥാനങ്ങളെക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. അതിലൊരു കൂട്ടം സമൂഹത്തിൽ അടിമുടി മാറ്റം കൊണ്ടുവരാൻ അക്രമത്തിന്റെ പാത സ്വീകരിച്ചു. റോമൻ അധികാരികളുമായുള്ള സമാധാനം ആഗ്രഹിച്ച സഹജൂതന്മാരെപ്പോലും ഇവർക്കു വെറുപ്പായിരുന്നു. അവരുടെ വിപ്ലവം പക്ഷേ, സ്വാതന്ത്ര്യത്തിനു വഴിവെക്കുന്നതിനു പകരം ഒരു ദേശീയദുരന്തത്തിലാണു കലാശിച്ചത്‌—എ.ഡി. 70-ൽ റോമാക്കാർ യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചു. അതോടെ ആ തീവ്രവാദികളിൽ ചിലർ അവിടെനിന്ന്‌ പലായനം ചെയ്‌തു. സിക്കാരി (കഠാരക്കാർ) എന്ന്‌ അറിയപ്പെട്ടിരുന്ന വിഭാഗത്തിന്റെ കൈകളിലായിരുന്ന മസാദയിലെ മലമുകളിലുള്ള ഒരു കോട്ടയിൽ അവർ അഭയംതേടി. ഒടുവിൽ, തങ്ങൾക്കെതിരായുള്ള രണ്ടു വർഷം നീണ്ട ഉപരോധത്തെത്തുടർന്ന്‌ എ.ഡി. 73-ൽ അവർ കൂട്ടത്തോടെ ആത്മഹത്യ ചെയ്‌തു. എതിരാളികൾക്കു കീഴടങ്ങാൻ അവർ അപ്പോഴും തയ്യാറല്ലായിരുന്നു.