വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിശ്ചായക ഉപപദം

നിശ്ചായക ഉപപദം

ചില ഭാഷകളിൽ വാചകവിഭാഗത്തിന്റെ (part of speech) ഭാഗമായി കണക്കാക്കുന്ന വ്യാകരണസംബന്ധിയായ പദം. ഓരോ ഭാഷയിലും ഇതിന്റെ ഉപയോഗം ഓരോ രീതിയിലാണ്‌. ഇംഗ്ലീഷ്‌ ഭാഷയിൽ “the” എന്ന നിശ്ചായക ഉപപദം (definite article) ഉപയോഗിക്കുന്നത്‌ ഒരു നാമത്തിന്റെ അർഥവ്യാപ്‌തിക്കു പരിധി വെക്കാനാണ്‌. ഉദാഹരണത്തിന്‌, ഒരു പ്രത്യേക വ്യക്തിയെയോ വസ്‌തുവിനെയോ സൂചിപ്പിക്കാനോ, ഒരു വ്യക്തിയെയോ വസ്‌തുവിനെയോ കുറിച്ച്‌ മുമ്പ്‌ പരാമർശിച്ചിട്ടുണ്ടെന്നു കാണിക്കാനോ, വളരെ അറിയപ്പെടുന്ന വ്യക്തികളെയോ വസ്‌തുക്കളെയോ കുറിച്ച്‌ പരാമർശിക്കുമ്പോഴോ ഇത്‌ ഉപയോഗിക്കാറുണ്ട്‌. ഊന്നലിനായിപ്പോലും ഇത്‌ ഉപയോഗിക്കുന്നു.

കൊയ്‌നി ഗ്രീക്കിലും നിശ്ചായക ഉപപദം (ഹോ) ഉണ്ട്‌. അത്‌ ഏറെക്കുറെ ഇംഗ്ലീഷിലെ നിശ്ചായക ഉപപദത്തോടു സമാനമാണ്‌. ഒരു പ്രത്യേക വ്യക്തിയെയോ വസ്‌തുവിനെയോ സൂചിപ്പിക്കാനായി ഒരു നാമത്തിന്റെ അർഥവ്യാപ്‌തിക്കു പരിധി വെക്കാൻ ഗ്രീക്കിലെ നിശ്ചായക ഉപപദത്തിനാകും. ഉദാഹരണത്തിന്‌, “പരദൂഷണക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഡിയാബൊലൊസ്‌ എന്ന ഗ്രീക്കുപദത്തിന്റെ കാര്യമെടുക്കുക. മിക്കപ്പോഴും ഈ പദത്തോടൊപ്പം നിശ്ചായക ഉപപദം (ഹോ ഡിയാബൊലൊസ്‌) ഉപയോഗിച്ചിട്ടുണ്ട്‌. അത്തരം സന്ദർഭങ്ങളിലെല്ലാം അതു കുറിക്കുന്നത്‌ ഏതെങ്കിലും ഒരു പരദൂഷണക്കാരനെയല്ല പകരം പിശാചിനെയാണ്‌. ചില സന്ദർഭങ്ങളിൽ “ക്രിസ്‌തു” എന്ന സ്ഥാനപ്പേരിനൊപ്പവും നിശ്ചായക ഉപപദം (ഹോ ക്രിസ്‌തോസ്‌) ഉപയോഗിച്ചിട്ടുണ്ട്‌. സാധ്യതയനുസരിച്ച്‌ ഈ പ്രയോഗരീതി മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിനാണ്‌ ഊന്നൽ നൽകുന്നത്‌. ലിംഗം, സംഖ്യ, വിഭക്തി എന്നിവയ്‌ക്കനുസരിച്ച്‌ ഗ്രീക്ക്‌ നിശ്ചായക ഉപപദത്തിന്റെ രൂപവും മാറും. ചിലപ്പോഴൊക്കെ, ഒരു നാമം കർത്താവാണോ കർമമാണോ എന്നും ഒരു പേര്‌ പുരുഷന്റെയാണോ സ്‌ത്രീയുടെയാണോ എന്നും മറ്റും ഉള്ള സൂചനയും അതു നൽകാറുണ്ട്‌. ഗ്രീക്ക്‌ നിശ്ചായക ഉപപദത്തിന്റെ ചില രൂപങ്ങൾ മലയാളത്തിലേക്കും മറ്റു ചില ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുമ്പോൾ “ന്റെ, ഉടെ” എന്നോ “ക്ക്‌, ന്‌” എന്നോ ഉള്ള പ്രത്യയങ്ങൾ ചേർക്കാറുണ്ട്‌.

എന്നാൽ കൊയ്‌നി ഗ്രീക്കിൽ ഒരു നാമത്തോടൊപ്പം ഉപപദങ്ങളൊന്നും (article) കാണുന്നില്ലെങ്കിൽ സന്ദർഭമനുസരിച്ച്‌ ആ നാമത്തോടൊപ്പം, അനിശ്ചായക ഉപപദം (indefinite article) കൂട്ടിച്ചേർക്കുകയോ അതിനെ ഒരു നാമവിശേഷണമായി തർജമ ചെയ്യുകയോ ചെയ്യാറുണ്ട്‌. ഉദാഹരണത്തിന്‌, ഡിയാബൊലൊസ്‌ എന്ന പദത്തോടൊപ്പം ഗ്രീക്കിൽ ഉപപദങ്ങളൊന്നും കാണുന്നില്ലെങ്കിൽ അതിനെ “ഒരു പരദൂഷണക്കാരൻ” എന്നോ “പരദൂഷണക്കാരനായ” എന്നോ പരിഭാഷപ്പെടുത്താം. (യോഹ 6:70; 1തിമ 3:11; തീത്ത 2:3)​—ഗ്രീക്ക്‌ നിശ്ചായക ഉപപദത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരം, അനുബന്ധം 7ബി “ബൈബിളിലെ ഗ്രീക്കിന്റെ സവിശേഷതകൾ​—ഉപപദം” കാണുക.