വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിലെ ഗ്രീക്ക്‌

ബൈബിളിലെ ഗ്രീക്ക്‌

ഗ്രീക്കുതിരുവെഴുത്തുകൾ എഴുതാൻ ഉപയോഗിച്ച ഭാഷ. പ്രധാനമായും അതിനായി ഉപയോഗിച്ചതു കൊയ്‌നി ഗ്രീക്ക്‌ അഥവാ സാധാരണ ഗ്രീക്ക്‌ ആയിരുന്നെങ്കിലും ഗ്രീക്കു സാഹിത്യഭാഷയിലെ ചില പ്രയോഗങ്ങളും ഗ്രീക്കുതിരുവെഴുത്തുകളിൽ കാണാം. മത്തായിയുടെ സുവിശേഷം ആദ്യം എബ്രായയിൽ എഴുതിയിട്ട്‌ പിന്നീട്‌ കൊയ്‌നി ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതാണെന്നു കരുതപ്പെടുന്നു.

മഹാനായ അലക്‌സാണ്ടറുടെ ജൈത്രയാത്രയെ തുടർന്ന്‌ മെഡിറ്ററേനിയനു കിഴക്കുള്ള ദേശങ്ങളിൽ ഏതാണ്ട്‌ ബി.സി. 300-നും എ.ഡി. 500-നും ഇടയ്‌ക്കുള്ള കാലത്ത്‌ കൊയ്‌നി ഗ്രീക്ക്‌ പ്രാമുഖ്യത നേടി. ബി.സി. 3-ാം നൂറ്റാണ്ടിൽ ചില ജൂതപണ്ഡിതന്മാർ എബ്രായതിരുവെഴുത്തുകൾ കൊയ്‌നി ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങിയെന്നു പാരമ്പര്യരേഖകൾ പറയുന്നു. ആ പരിഭാഷയാണു സെപ്‌റ്റുവജിന്റ്‌ എന്ന്‌ അറിയപ്പെടുന്നത്‌. സ്വാഭാവികമായും സെപ്‌റ്റുവജിന്റിലും ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുഭാഷയെ എബ്രായതിരുവെഴുത്തുകളിലെ പദപ്രയോഗങ്ങളും രചനാശൈലിയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

മറ്റു ഭാഷകളെ അപേക്ഷിച്ച്‌ കൊയ്‌നി ഗ്രീക്കിനുള്ള മേന്മ അത്‌ അക്കാലത്ത്‌ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നതാണ്‌. ഗ്രീക്കുഭാഷയുടെ വിവിധ പ്രാദേശികരൂപങ്ങളുടെ ഒരു മിശ്രണമായിരുന്നു കൊയ്‌നി ഗ്രീക്ക്‌. അതിൽ ഏറ്റവും സ്വാധീനം ചെലുത്തിയത്‌ ആറ്റിക്ക്‌ ഗ്രീക്ക്‌ ആയിരുന്നെങ്കിലും അതിന്റെ വ്യാകരണത്തിന്റെ ലളിതമായ രൂപമാണു കൊയ്‌നി ഗ്രീക്ക്‌ സ്വീകരിച്ചത്‌. എങ്കിലും ഒരേ ആശയം വൈവിധ്യമാർന്ന രീതികളിൽ അവതരിപ്പിക്കാനും സങ്കീർണമായ ആശയങ്ങളുടെ വ്യത്യസ്‌തമായ അർഥതലങ്ങൾപോലും വ്യക്തമാക്കാനും പര്യാപ്‌തമായ ഭാഷയായിരുന്നു അത്‌.