രൂപകം
രണ്ടു വ്യത്യസ്‌തവസ്‌തുക്കളുടെ സമാനത എടുത്തുകാട്ടാൻ, അവ രണ്ടും ഒന്നാണെന്നു പറയുന്ന ഒരു അലങ്കാരപ്രയോഗം.
മറ്റു വാങ്‌മയചിത്രങ്ങളുടെ കാര്യത്തിലെന്നപോലെ രൂപകാലങ്കാരത്തെ മനസ്സിലാക്കാനും അതിന്റെ മൂന്നു ഘടകങ്ങൾ തിരിച്ചറിഞ്ഞാൽ മതി: എന്തിനെക്കുറിച്ചാണോ പറഞ്ഞുവരുന്നത് അതാണ് ഉപമേയം. ഉപമേയത്തെ എന്തിനോടാണോ താരതമ്യപ്പെടുത്തുന്നത് അത് ഉപമാനം. ഇനി, താരതമ്യം ചെയ്യുന്ന രണ്ടു വസ്‌തുക്കളുടെ സമാനതയാണു മൂന്നാമത്തെ ഘടകം.
ബൈബിളിൽ ധാരാളം രൂപകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ യേശു ഒരു രൂപകാലങ്കാരം ഉപയോഗിക്കുകയായിരുന്നു. (മത്ത 5:13) ഈ വാങ്‌മയചിത്രത്തിലെ ഉപമേയം “നിങ്ങൾ,” അഥവാ യേശുവിന്റെ അനുഗാമികൾ, ആണ്. ‘ഉപ്പ്’ ആണ് ഉപമാനം. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള ഉപ്പിന്റെ കഴിവാണ് ഇവിടുത്തെ സമാനത. പാഠമോ? ഭക്ഷണസാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഉപ്പിനു കഴിവുള്ളതുപോലെ, യേശു കല്‌പിച്ച കാര്യങ്ങൾ ആളുകളെ പഠിപ്പിച്ചുകൊണ്ട് അവരുടെ ധാർമികശുദ്ധി കാത്തുസൂക്ഷിക്കാൻ യേശുവിന്റെ ശിഷ്യന്മാർക്കാകുമായിരുന്നു. (മത്ത 5:13-ന്റെ പഠനക്കുറിപ്പു കാണുക.) ബൈബിളിലെ മറ്റു ചില രൂപകാലങ്കാരപ്രയോഗങ്ങൾ സങ്ക 18:2; 84:11; യോഹ 10:7; 15:1 എന്നിവിടങ്ങളിൽ കാണാം.
ഇതിനോടു ബന്ധമുള്ള മറ്റൊരു അലങ്കാരപ്രയോഗമാണ് ഉപമ. ഒരു വസ്‌തു മറ്റൊരു വസ്‌തുവിനെ പോലെയാണ് എന്ന് അതു പറയുന്നു. ഉൽ 22:17; സങ്ക 1:3; 10:9 എന്നീ വാക്യങ്ങളിൽ ഉപമയുടെ ഉദാഹരണങ്ങൾ കാണാം. എന്നാൽ ഉപമയെക്കാൾ ശക്തിയേറിയ അലങ്കാരപ്രയോഗമാണു രൂപകം.