വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൾഗേറ്റ്‌

വൾഗേറ്റ്‌

ഏതാണ്ട്‌ എ.ഡി. 405-ൽ പൂർത്തിയായ ബൈബിളിന്റെ ഒരു ലത്തീൻ പരിഭാഷയാണു വൾഗേറ്റ്‌. ജെറോം എന്നു പൊതുവേ അറിയപ്പെടുന്ന, യൂസേബിയസ്‌ ഹൈറോനിമസ്‌ എന്ന ബൈബിൾപണ്ഡിതനാണ്‌ ഇതു പരിഭാഷ ചെയ്‌തത്‌.

ജെറോമിന്റെ കാലത്ത്‌, പഴയ ലത്തീൻ എന്ന്‌ അറിയപ്പെട്ടിരുന്ന ഭാഷയിൽ ബൈബിളിന്റെ പല പരിഭാഷകളും പ്രചാരത്തിലുണ്ടായിരുന്നെങ്കിലും അവയ്‌ക്കു ഗുണനിലവാരം കുറവായിരുന്നു. അതുകൊണ്ട്‌ ആ പ്രശ്‌നം പരിഹരിക്കുന്നതിനു ഗുണനിലവാരമുള്ള ഒരു ലത്തീൻ പരിഭാഷ തയ്യാറാക്കാൻ ജെറോമിനോട്‌ ആവശ്യപ്പെട്ടു. ആദ്യം അദ്ദേഹം, സുവിശേഷങ്ങൾ പരിഭാഷ ചെയ്‌തു. അന്നു ലഭ്യമായ ഏറ്റവും മികച്ച ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളാണ്‌ അതിനായി ഉപയോഗിച്ചത്‌. തുടർന്ന്‌ സങ്കീർത്തനങ്ങളിലേക്കു കടന്ന അദ്ദേഹം എബ്രായതിരുവെഴുത്തുകളുടെ പരിഭാഷ ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സെപ്‌റ്റുവജിന്റിൽനിന്നാണ്‌ അതു പരിഭാഷ ചെയ്‌തിരുന്നതെങ്കിലും പിന്നീടു നേരിട്ട്‌ എബ്രായയിൽനിന്ന്‌ തർജമ ചെയ്യാൻതുടങ്ങി. (വൾഗേറ്റിലെ ചില ഭാഗങ്ങൾ തർജമ ചെയ്‌തതു മറ്റു ചിലരാകാം.) ജെറോമിനു ദൈവത്തിന്റെ പേര്‌ അറിയാമായിരുന്നെങ്കിലും അദ്ദേഹം അതു തന്റെ പരിഭാഷയിൽ ഉപയോഗിച്ചില്ല. ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്‌തകങ്ങളുടെ അവതാരികയിൽ അദ്ദേഹം ഇങ്ങനെ എഴുതി: “പുരാതന എബ്രായാക്ഷരങ്ങൾ ഉപയോഗിച്ച്‌ (יהוה എന്ന ചതുരക്ഷരി.) എഴുതിയ ദൈവനാമം ചില ഗ്രീക്കുവാല്യങ്ങളിൽ ഇന്നും കാണാം.”

തുടക്കത്തിൽ ജെറോമിന്റെ പരിഭാഷ ആളുകൾ അത്ര സ്വീകരിച്ചില്ല. പക്ഷേ പിന്നീട്‌ അതു വ്യാപകമായി പ്രചാരം നേടി. പിൽക്കാലത്ത്‌ ഈ പരിഭാഷ വൾഗേറ്റ്‌ എന്ന്‌ അറിയപ്പെടാൻതുടങ്ങി. “പ്രചാരം നേടിയ,” “ജനപ്രീതിയാർജിച്ച” എന്നൊക്കെ അർഥമുള്ള ഒരു ലത്തീൻപദത്തിൽനിന്നാണ്‌ ആ പേരിന്റെ ഉത്ഭവം. ഈ പരിഭാഷ പലവട്ടം പരിഷ്‌കരിച്ചു. 1592-ൽ പുറത്തിറങ്ങിയ പതിപ്പാകട്ടെ (സിക്‌സ്റ്റൈൻ ക്ലെമന്റൈൻ പതിപ്പ്‌) റോമൻ കത്തോലിക്കാസഭയുടെ ഔദ്യോഗികപരിഭാഷയായി അംഗീകരിക്കപ്പെട്ടു. വൾഗേറ്റിന്റെ ആയിരക്കണക്കിനു കൈയെഴുത്തുപ്രതികൾ ഇന്നും നിലവിലുണ്ട്‌.